നായ: ഇസ്‌ലാമിലും ശാസ്ത്രത്തിലും

ഇസ്‌ലാമിക കർമശാസ്ത്രം നായയെ കുറിച്ച് പ്രതിപാദിക്കുന്നത് മതവിമർശകർ വിവാദമാക്കാറുണ്ട്. ഒരു മുസ്‌ലിം അതിനെ എങ്ങനെ സമീപിക്കണമെന്ന മാർഗദർശനമാണ് മതം നൽകുന്നത്. ഇസ്‌ലാമിന്റെ വിരോധികൾക്ക് ഇതൊരു പ്രഹസനമായി തോന്നിയേക്കാമെങ്കിലും ശാസ്ത്രത്തിന് പോലും ഇന്ന് തള്ളിക്കളയാൻ പറ്റാത്ത വിധം ഇസ്‌ലാം ഉദ്‌ഘോഷിക്കുന്ന പലതും പുലരുകയും തെളിയിക്കപ്പെടുകയുമാണ്. പൂർവകാലങ്ങളിൽ കർഷക പാരമ്പര്യമുള്ള മുസ്‌ലിംകൾ ധാരാളം നായ്ക്കളെ കാവലിനും ആട്ടിൻപറ്റങ്ങളെ മേയ്ക്കുന്നതിനും വളർത്തിയിരുന്നുവെന്നത് വസ്തുതയാണ്. മൃഗങ്ങൾ ഓടിപ്പോകാതെ നോക്കിയിരുന്നതും മോഷ്ടാക്കളെ അകറ്റിയിരുന്നതും ഈ കാവൽ നായ്ക്കളായിരുന്നു. കൂടാതെ മൃഗവേട്ടക്കും നായകളെ അവരുപയോഗിച്ചിരുന്നു. മുസ്‌ലിംകൾ മാത്രമല്ല, പുരാതന ഈജിപ്തിൽ നിന്നും ഇറാഖിൽ നിന്നുമുള്ള ശിലാലിഖിതങ്ങളിൽ നായകളും മനുഷ്യരുമുള്ള ബന്ധം കൊത്തിവച്ചിട്ടുണ്ട്. മുസ്‌ലിംകളും ഇത്തരം ആവശ്യങ്ങൾക്ക് നായകളെ ഉപയോഗിച്ചുപോന്നു. നഗരങ്ങളിൽ സ്വത്ത് സംരക്ഷണത്തിനും നുഴഞ്ഞുകയറ്റക്കാർക്കെതിരെയും നായ്ക്കളെ ഉപയോഗിച്ചു. നഗര മാലിന്യങ്ങൾ ഭക്ഷിച്ച് വൃത്തിയാക്കുക കൂടി അവർ ലക്ഷ്യമിട്ടിരിക്കാം. ഏതായാലും ഈ ഇടപാടിൽ ചില വ്യവസ്ഥകളും അതിരുകളും അവകാശങ്ങളും നിശ്ചയിക്കുകയാണ് ജീവനുള്ള പ്രസ്ഥാനമെന്ന നിലയിൽ ഇസ്‌ലാം ചെയ്തത്.
ഡമസ്‌കസ്, ബാഗ്ദാദ്, കൈറോ, ഇസ്തംബൂൾ നഗരവീഥികൾ വൃത്തിയായി സൂക്ഷിക്കാൻ അധികാരികൾ പരിശീലനം നൽകിയ നായകളെ ഉപയോഗിച്ചിരുന്നു. എലികളെയും മറ്റും തുരത്താനും നായ്ക്കളെ വളർത്തി. ഇത്തരം നായകൾക്കെതിരെ അക്രമം നടത്തിയവർക്ക് ഭരണകൂടം ശിക്ഷ വിധിക്കുകയുമുണ്ടായി. മുസ്‌ലിം നഗരങ്ങൾ വൃത്തിയുള്ളതും മനോഹരവുമായി സംരക്ഷിച്ചത് നായകളെ ഉപയോഗപ്പെടുത്തിയായിരുന്നിട്ടും എന്തുകൊണ്ടാണ് ഇസ്‌ലാം അവയെ നിഷിദ്ധമാക്കിയത്? അന്വേഷണം സംഗതമാണ്.
മിക്ക പണ്ഡിതന്മാരുടെയും അഭിപ്രായത്തിൽ നായയുടെ ഉമിനീർ, രോമം ഉൾപ്പെടെയുള്ളവയെല്ലാം അശുദ്ധമാണ്. നായകൾ ഉള്ളിടത്ത് മലക്കുകൾ ഇറങ്ങാറില്ല എന്ന ആത്മീയതലം കൂടിയുള്ളതു കൊണ്ടാണ് നായയെ ഇസ്‌ലാം നിഷിദ്ധമാക്കിയത്. നായകളോട് ശത്രുതയല്ല, മനുഷ്യ സുരക്ഷക്കായുള്ള അകലം പാലിക്കലാണ് മതം നിർദേശിച്ചത്. നായകൾ രോഗം പരത്തുന്നുവെന്ന് മുമ്പേ കണ്ടെത്തിയിട്ടുള്ളതാണ്. ഏകദേശം ഇരുന്നൂറ് വർഷങ്ങൾക്ക് മുമ്പ് പല പകർച്ചവ്യാധികൾ പടർത്തുന്നതിലും നായകൾക്ക് പങ്കുണ്ടെന്ന് കണ്ടെത്തുകയും നഗര ശുചീകരണത്തിനുപയോഗിച്ചിരുന്ന നായകളെ നീക്കം ചെയ്യുകയുമുണ്ടായി.
ശുനകന്മാരെ വളർത്തുന്നതും അവയോട് അടുത്ത സഹവാസം പുലർത്തുന്നതും മനുഷ്യന്റെ ആരോഗ്യത്തിനും ജീവനും വരുത്തുന്ന അപകടങ്ങൾ അവഗണിക്കാവതല്ല. നായകളിൽ കാണപ്പെടുന്ന വിര (ടേപ്പ് വേം) മനുഷ്യ ശരീരത്തിൽ പ്രവേശിക്കുമ്പോൾ വിട്ടുമാറാത്ത രോഗാവസ്ഥക്ക് കാരണമാവുകയും ചിലപ്പോൾ മരണത്തിലേക്ക് നയിക്കുകയും ചെയ്യുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ഇത്തരം വിരകൾ മനുഷ്യരിലും കന്നുകാലികളിലും ഉണ്ടാകാമെങ്കിലും പൂർണ വളർച്ച പ്രാപിച്ച രൂപത്തിൽ നായകളിലും ചെന്നായകളിലും ചിലയിനം പൂച്ചകളിലുമാണ് കാണപ്പെടുന്നത്. നായ്ക്കളിലെ ഇത്തരം വിരകൾ മറ്റുള്ളവയിൽ നിന്നു വിഭിന്നമാണ്. അവ വളരെ സൂക്ഷ്മവും അപകടകാരികളുമാണ്. ഒരു പുഴു മൂലമുണ്ടാകുന്ന മുറിവിൽ കൂടുതൽ പുഴുക്കൾ നിറയാനിടയാകുന്നു. ഈ മുറിവ് മൃഗങ്ങളിൽ ഒരു ആപ്പിളിന്റെ വലിപ്പം പ്രാപിച്ചേക്കാം. മനുഷ്യരിൽ കുരുക്കൾ ഉണ്ടാക്കുകയാണ് പതിവ്. ഈ കുരുക്കളിൽ പത്ത് മുതൽ ഇരുപത് പൗണ്ട് വരെയുള്ള മഞ്ഞ ദ്രാവകം നിറഞ്ഞിരിക്കുന്നു. രോഗബാധിതനിൽ ശ്വാസകോശം, പേശികൾ, പ്ലീഹ, വൃക്കകൾ, മസ്തിഷ്‌കം എന്നിവയിൽ ഇത് വിവിധ അസുഖങ്ങൾ സൃഷ്ടിച്ചേക്കാം. നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻ പറയുന്നതനുസരിച്ച്, യുണൈറ്റഡ് സ്റ്റേറ്റ്‌സിൽ ഓരോ വർഷവും 4.5 ദശലക്ഷത്തിലധികം ആളുകൾക്ക് നായ്ക്കളുടെ കടിയേൽക്കുന്നുണ്ട്. അവിടെ പ്രതിവർഷം കടിയേൽക്കുന്ന കുട്ടികളുടെ എണ്ണം രണ്ടു ദശലക്ഷത്തിലധികമാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ആഗോള തലത്തിൽ രോഗം ബാധിച്ചുള്ള മരണങ്ങളിൽ 55000 മുതൽ 60000 വരെ പേവിഷബാധ മൂലമാണ്. ഇന്ത്യയിൽ പ്രതിവർഷം 18000-20000 എന്ന നിരക്കിലാണ് പേവിഷബാധ കൊണ്ടുള്ള മരണങ്ങൾ. ഇത് ആഗോള മരണത്തിന്റെ മൂന്നിലൊന്ന് വരും. കേരളത്തിലെ കണക്കുകൾ പ്രകാരം 2020ൽ അഞ്ച് മരണങ്ങളും 2021ൽ 11 മരണങ്ങളും സംഭവിച്ചു. കേരളത്തിൽ നായകൾ കടിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധനവുണ്ടായതായി സർക്കാർ കണക്കുകൾ സൂചിപ്പിക്കുന്നു. ഈ വർഷം ജൂൺ മാസം വരെ 1,47,287 പേരാണ് നായ്ക്കളുടെ കടിയേറ്റ് സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത്.
നായകളെ സ്പർശിക്കുന്നത് നബി(സ്വ) വിലക്കി. ആവശ്യമില്ലാതെ അവയെ വളർത്തുന്നത് തടഞ്ഞു. അഥവാ സ്പർശിച്ചാൽ വൃത്തിവരുത്തുന്നതിൽ പ്രവാചകർ(സ്വ) കണിശത പ്രകടിപ്പിച്ചു. അവിടന്ന് നായകളെ വെറുത്തിട്ടില്ലെന്നും സൂക്ഷ്മത പാലിക്കാനാണ് കൽപിച്ചതെന്നും വ്യക്തം. അനാവശ്യമായി മൃഗങ്ങളെ ഉപദ്രവിക്കുന്നവരെ താക്കീത് ചെയ്യുകയും മൃഗങ്ങളെ സഹായിക്കുന്നവരെ പ്രശംസിക്കുകയും ചെയ്തു. അത്തരം നിരവധി ഹദീസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 1400 വർഷങ്ങൾക്ക് മുമ്പ് റസൂൽ(സ്വ) പഠിപ്പിച്ച കാര്യങ്ങൾ ശാസ്ത്രത്തിന്റെ ഏറ്റവും പുതിയ ഗവേഷണങ്ങളുമായി യോജിക്കുന്നു. ഇത് എങ്ങനെ സാധിക്കുന്നുവെന്നതിന് ഖുർആൻ തന്നെ മറുപടി നൽകുന്നുണ്ട്: അദ്ദേഹം സ്വന്തമായല്ല സംസാരിക്കുന്നത്. തീർച്ചയായും അല്ലാഹു ഇറക്കിയ വെളിപാട് മാത്രമാണ് (അന്നജ്മ് 3-4).

 

അൽവാരിസ് മുഹമ്മദ് ആരിഫ്

Exit mobile version