നാളേക്കുവേണ്ടി പാകപ്പെടുക

വിശ്വാസ-കര്‍മങ്ങളുടെ സാകല്യമാണ് മതം. ഓരോന്നിനും അവയുടേതായ പ്രാധാന്യങ്ങളുണ്ടെങ്കിലും വിശ്വാസമാണ് മുഖ്യം. മനുഷ്യനെ നിഷേധിയാക്കാതിരിക്കുന്നത് അതാണ്. ഈമാന്‍ കാര്യങ്ങളെന്ന് പ്രസിദ്ധമായ ഷഠ്ദര്‍ശനങ്ങളാണ് ഇതില്‍ തന്നെ കൂടുതല്‍ പ്രധാനം. വിശ്വാസം മനസ്സ്കേന്ദ്രീകരിക്കുമ്പോള്‍ അതിന്റെ പ്രകടിതാടയാളങ്ങളാണ് കര്‍മങ്ങള്‍. പഞ്ച സാധനകള്‍ നിര്‍ബന്ധമായും അനുഷ്ഠിക്കേണ്ടവയാണ്. ആരാധനയുടെ മാസമായ റമളാനില്‍ ഇസ്ലാം കാര്യങ്ങളെ കുറിച്ചുള്ള ദാര്‍ശനിക-മാനവിക ചിന്തകള്‍ ഏറെപ്രസക്തിയര്‍ഹിക്കുന്നു. ഈ രംഗത്തുള്ള ലളിത ശ്രമങ്ങളാണ് നിങ്ങളുടെ കൈകളിലുള്ളത്.
റമളാന്‍ വിശുദ്ധിയുടേതാണല്ലോ. കര്‍മത്തിലും വിശ്വാസത്തിലും സ്വഭാവത്തിലുമൊക്കെയും അതുകാണണം. മനസ്സറിഞ്ഞ് ഉള്‍കൊള്ളണം. പുണ്യങ്ങള്‍ സംഘടിപ്പിക്കാന്‍ ഇതിലേറെ നല്ലൊരു അവസരമില്ല. നോക്കി നില്‍ക്കാനോ ചിന്തിച്ചു മാറ്റിനിര്‍ത്താനോ സമയമില്ല. ആരാധനയുടെ പോര്‍ക്കളത്തില്‍ സക്രിയമാവുക. ഇനിയൊരു റമളാന്‍ നമുക്ക് എത്തിച്ചേരുമെന്ന് ഒരുറപ്പുമില്ലല്ലോ. നാളേക്കുവേണ്ടി പാകപ്പെട്ട മനസ്സും ശരീരവുമായി നമുക്ക് മാറാം.

Exit mobile version