നിസ്വാര്‍ത്ഥരാവുക

സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് ആ മലയാള വാരിക കണ്ടത്. അകത്തെ താളില്‍ ഒരു വ്യക്തിയുടെ ഫോട്ടോക്ക് താഴെ “ആശ്വാസത്തിന്റെ കണക്കുകള്‍’’ എന്നൊരു റിപ്പോര്‍ട്ട്. കൗതുകത്തോടെ വായിച്ചപ്പോഴാണറിയുന്നത് ആ ബിസിനസ്സുകാരന്‍ തന്റെ ലാഭത്തിന്റെ അമ്പത് ശതമാനത്തിലേറെ നിര്‍ധനരായ രോഗികളുടെ ചികിത്സക്കായി നല്‍കിയ സംഖ്യയുടെ കണക്കാണതെന്ന്!
കേരളത്തിലെ ഏതാണ്ടെല്ലാ എംഎല്‍എമാരും എംപിമാരും ശിപാര്‍ശ ചെയ്തതനുസരിച്ച് അഞ്ചു കോടിയിലധികം രൂപ അദ്ദേഹം ഇത്തരത്തില്‍ ചെലവഴിച്ചുവത്രെ. സംസ്ഥാനത്തെ 669 ആശുപത്രികള്‍ വഴി 77,000ല്‍ അധികം രോഗികള്‍ക്ക് അതിന്റെ ഗുണം ലഭിച്ചു. ഇത്രയും ഉദാരമനസ്സുള്ള ഒരു വ്യക്തി എക്കാലവും സമൂഹത്തിന് മാതൃകയാണെന്ന് കരുതാം.
നല്‍കുന്ന ദാനധര്‍മങ്ങളുടെ കണക്കെടുത്ത് പത്രങ്ങളിലൂടെയോ മറ്റു മീഡിയകളിലൂടെയോ പരസ്യപ്പെടുത്താത്ത, വലതുകൈ കൊണ്ട് നല്‍കുന്നത് ഇടതുകൈ അറിയരുതെന്ന നിര്‍ബന്ധ ബുദ്ധിയുള്ള അസംഖ്യം ഉദാരമതികളും സമൂഹത്തിലുണ്ട്. സംഭാവനകള്‍ പരസ്യപ്പെടുത്തുന്നത് നല്ലതല്ലെങ്കിലും മറ്റുള്ള സമ്പന്നര്‍ക്ക് പ്രചോദനമേകാന്‍ ദാനധര്‍മങ്ങള്‍ പരസ്യപ്പെടുത്തുന്നത് മോശമല്ല.
മുകളില്‍ പറഞ്ഞയാള്‍ നിര്‍ധന രോഗികളുടെ കണ്ണീരൊപ്പാനാണ് മുന്നിട്ടിറങ്ങിയതെങ്കില്‍, സമൂഹത്തില്‍ ഇനിയുമെത്രയോ സഹായം ആവശ്യമുള്ളവര്‍ ഉണ്ടെന്നത് മറക്കാവതല്ല. സ്ത്രീധനത്തിന്റെ പേരില്‍ കഷ്ടതയനുഭവിക്കുന്ന എത്രയോ സാധു കുടുംബങ്ങള്‍ നമുക്കു ചുറ്റുമുണ്ട്. അന്തിയുറങ്ങാന്‍ ഇടമില്ലാതെ തെരുവോരങ്ങളില്‍ കഴിയുന്ന അനേകരുമുണ്ട്. അവര്‍ക്കൊക്കെ ആലംബം നല്‍കേണ്ടത് അത്യന്താപേക്ഷിതമാണ്; ഏറെ പുണ്യകരവും.
എന്നാല്‍ തൊഴിലെടുക്കാനാവതുണ്ടായിട്ടും യാചന ഉപജീവനമാക്കിയിട്ടുള്ള വലിയൊരു വിഭാഗത്തെ കാണാം നഗര പ്രാന്തങ്ങളിലും മറ്റും. കണ്ണും കാതുമില്ലാത്ത, കൈകാലുകള്‍ നഷ്ടപ്പെട്ട, ജീവിതത്തിന്റെ സകല സൗഭാഗ്യങ്ങളും കൈമോശം വന്ന, ദയനീയത മുറ്റുന്ന വിഭാഗങ്ങള്‍ക്കിടയിലാണ് നല്ല ആരോഗ്യവും കൗശലവുമുള്ള വ്യാജ യാചകന്മാര്‍ ഇടംപിടിക്കുന്നത്. മിക്കവരും മദ്യപാനത്തിനും ലഹരിക്കും അടിമകളും. ലഭിക്കുന്ന പണം നല്ലതിനല്ല അവര്‍ ചെലവഴിക്കുന്നതും. ഇത്തരം വ്യാജന്മാരെ തിരിച്ചറിയുകയും അര്‍ഹരെ സഹായിക്കുകയും ചെയ്യേണ്ടത് നമ്മള്‍ കൂടിയാണ്. തെരുവുയാചകരിലെ ബൗല്യകൗമാരക്കാര്‍ക്ക് വിദ്യാഭ്യാസത്തിന്റെ മധുനുകരാന്‍ അവസരമൊരുക്കുകയും വേണം.
ധനം സര്‍വശക്തനായ അല്ലാഹുവിന്റെ ദാനമാണ്. പല വഴികളിലൂടെയും പണം നമ്മിലെത്തിയെന്നിരിക്കും. കൈവന്ന വലിയ സന്പാദ്യം കെട്ടിപ്പൂട്ടിവെച്ച് തന്റെ ചുറ്റുവട്ടത്തുമുള്ള അവശരുടെ കഥകളൊന്നുമറിയാത്ത മട്ടില്‍ ജീവിക്കുന്നവര്‍ നിന്ദ്യരാണ്. സുലഭമായ സമ്പത്തില്‍ നിന്ന് സ്വന്തത്തിനുവേണ്ടി ധൂര്‍ത്തായി ചെലവഴിക്കുകയും അന്യന് വേണ്ടി ഒന്നും മുടക്കാതിരിക്കുകയും ചെയ്യുന്നത് സ്വാര്‍ത്ഥതയാണ്. തലമുറകള്‍ അനുഭവിച്ചാലും തീരാത്തത്ര സമ്പത്ത് കുന്നുകൂട്ടിയും ബാങ്കിലിട്ടു പലിശ വാങ്ങിയും ജീവിക്കുന്നവര്‍ പരലോകത്തു മഹാ പരാജിതരായിരിക്കും.
ജീവിതത്തിന്റെ നശ്വരതയും സുഖാഢംബരത്തിന്റെ പരിണതിയും പരിമിതിയും ഓര്‍ത്താല്‍ തന്നെ സാമ്പത്തിക സദുദ്യമങ്ങള്‍ക്കായി നമുക്ക് രംഗത്തിറങ്ങാനാകും. പ്രവാചകര്‍(സ്വ)യുടെ വചനം നോക്കുക: “ഒരാള്‍ തന്റെ സഹോദരന്റെ ഇഹലോകത്തെ ഒരു വിഷമമകറ്റിയാല്‍ അവന്റെ പരലോകത്തെ വിഷമം അല്ലാഹു അകറ്റുന്നതാണ്.’’ സാമൂഹ്യമായി ചിന്തിക്കുകയും സ്വാര്‍ത്ഥത വെടിയുകയും ചെയ്ത് നിസ്വാര്‍ത്ഥരാവാന്‍ ഉത്സാഹിക്കണം നാം.

ബഷീര്‍ അബ്ദുല്‍കരീം സഖാഫി വാണിയമ്പലം

 

Exit mobile version