നോമ്പിന്റെ കർമശാസ്ത്രം

വിശുദ്ധ റമളാനിലെ അതിശ്രേഷ്ഠമായ നിർബന്ധാരാധനയാണ് നോമ്പ്. മനസ്സും ശരീരവും സംശുദ്ധമാക്കലാണ് നോമ്പിന്റെ ലക്ഷ്യം. ത്യാഗത്തിന്റെയും ശാരീരിക സുഖങ്ങൾ ഉപേക്ഷിക്കുന്നതിന്റെയും നല്ലൊരു രൂപമാണ് വ്രതാനുഷ്ഠാനം. അതു പൂർണാർഥത്തിൽ ഉപകാരപ്പെടണമെങ്കിൽ നോമ്പിന്റെ വിധിവിലക്കുകൾ പാലിച്ചിരിക്കണം.

നോമ്പ് നിർബന്ധമാകുന്നത്

ശഅ്ബാൻ 30 പൂർത്തിയാവുകയോ ഇരുപത്തൊമ്പതിന്റെ അസ്തമയ ശേഷം മാസപ്പിറവി കണ്ടെന്ന് വിശ്വസ്തനായ ഒരാൾ ഖാളിയോട് സാക്ഷ്യപ്പെടുത്തുകയോ ചെയ്താൽ റമളാൻ വ്രതം നിർബന്ധമാകുന്നതാണ്. ‘ഉറപ്പായും ഞാൻ മാസപ്പിറവി കണ്ടുവെന്ന് സാക്ഷ്യപ്പെടുത്തുന്നു’ എന്നോ ‘തീർച്ചയായും മാസപ്പിറവിയുണ്ടായിട്ടുണ്ട്’ എന്നോ കണ്ടവൻ പറയണം. ‘നാളെ റമളാനാണെന്ന് ഞാൻ സാക്ഷ്യപ്പെടുത്തുന്നു’ എന്ന് പറഞ്ഞാൽ മതിയാവില്ല. റമളാൻ മാസപ്പിറവി കണ്ടത് നീതിമാനായ ഒരാളുടെ സാക്ഷ്യം കൊണ്ട് ഖാളിക്ക് ബോധ്യപ്പെടുകയും അത് തനിക്കു ബോധ്യപ്പെട്ടിട്ടുണ്ടെന്ന് ഖാളി പ്രഖ്യാപിക്കുകയും ചെയ്യുന്നതോടെ നാട്ടുകാർക്ക് മുഴുവനും വ്രതം നിർബന്ധമാകും. ദുർനടപ്പുകാരനെപ്പോലോത്തവർ മാസം കണ്ടുവെന്ന് പറയുകയോ ഉദയസമയം വ്യത്യാസമില്ലാത്ത ഒരു സ്ഥലത്ത് മാസപ്പിറവി കണ്ടിട്ടുണ്ടെന്ന് പറയുകയോ ഉദയസമയം വ്യത്യാസമില്ലാത്ത ഒരു സ്ഥലത്ത് മാസപ്പിറവി കണ്ടിട്ടുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് പറയുകയോ ചെയ്താൽ അത് സത്യമാണെന്ന് വിശ്വസിക്കുന്നവർക്ക് അതനുസരിച്ച് പ്രവർത്തിക്കൽ നിർബന്ധമാണ് (ഫത്ഹുൽ മുഈൻ 186,187).
ഇമാം ഇബ്‌നു ഹജർ(റ) പറയുന്നതു കാണുക: ഒരാൾ തിരുനബി(സ്വ)യെ സ്വപ്നത്തിൽ കാണുകയും നാളെ റമളാനാണെന്ന് അവിടന്ന് പറയുകയും ചെയ്താൽ അതടിസ്ഥാനമാക്കി ആർക്കും നോമ്പ് നിർബന്ധമാകുന്നില്ല. കണ്ടതിൽ സംശയമുണ്ടായിട്ടല്ല, കണ്ടയാളുടെ കൃത്യത വിദൂരമാണെന്നതാണതിന് കാരണം (തുഹ്ഫ 3/373,374). മാസപ്പിറവി ദർശിച്ചാൽ വ്രതമനുഷ്ഠിക്കണമെന്നും മേഘം മൂടിയാൽ ശഅ്ബാൻ 30 പൂർത്തിയാക്കുകയാണ് വേണ്ടതെന്നും റസൂൽ(സ്വ) ഉണർച്ചയിൽ പറഞ്ഞതാണ്. അതിനാൽ ഉണർച്ചയിലെ വാക്കിനാണ് ഉറക്കത്തിലെ സ്വപ്നത്തേക്കാൾ മുൻഗണന നൽകേണ്ടത്.

ആർക്കെല്ലാം

പ്രായപൂർത്തിയും ബുദ്ധിയുമുള്ള, മതപരമായും ശാരീരികമായും വ്രതമനുഷ്ഠിക്കാൻ കഴിയുന്ന എല്ലാ മുസ്‌ലിമിനും നോമ്പ് നിർബന്ധമാണ്. കുട്ടി, ഭ്രാന്തൻ എന്നിവർക്കും ശമനം പ്രതീക്ഷയില്ലാത്ത രോഗം, വാർധക്യം എന്നിവ മൂലം സാധിക്കാത്തവർക്കും വ്രതം നിർബന്ധമില്ല. മതദൃഷ്ട്യാ നോമ്പിന് കഴിയാത്തതു കൊണ്ട് ആർത്തവകാരിക്കും പ്രസവ രക്തം സ്രവിക്കുന്നവർക്കും നോമ്പ് നിർബന്ധമില്ല. പക്ഷേ ഇവർ പിന്നീട് ഖളാഅ് വീട്ടണം (ഫത്ഹുൽ മുഈൻ 188).
കുട്ടികൾക്ക് നോമ്പ് നിർബന്ധമില്ലെങ്കിലും ഏഴ് വയസ്സായാൽ അനുഷ്ഠിക്കാൻ കഴിയുമെങ്കിൽ വ്രതാനുഷ്ഠാനത്തിന് ആവശ്യപ്പെടണം. പത്ത് വയസ്സായിട്ടും ചെയ്യുന്നില്ലെങ്കിൽ അടിക്കണമെന്നാണ് നിയമം. പ്രായപൂർത്തിയാകുമ്പോൾ അവ ചെയ്യാനുള്ള പ്രചോദനമാകാനാണ് ഇങ്ങനെ പരിശീലിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ പ്രായപൂർത്തിയാകുന്നതിന് മുമ്പ് വ്രതമുപേക്ഷിച്ചതിന്റെ പേരിൽ കുട്ടികൾ കുറ്റക്കാരാകുന്നില്ല. ശാസിക്കാത്തതിന്റെ പേരിൽ രക്ഷിതാവ് ശിക്ഷക്ക് വിധേയനാകുന്നതാണ് (തുഹ്ഫ 3/427).

ഇളവുള്ളവർ

വ്രതാനുഷ്ഠാനം മൂലം വലിയ പ്രയാസമനുഭവപ്പെടുന്ന രോഗികൾക്ക് നോമ്പ് ഉപേക്ഷിക്കാവുന്നതാണ്. ഇടക്കിടെയുണ്ടാകുന്ന രോഗമാണെങ്കിൽ ഫജ്‌റിനു മുമ്പ് രോഗമുണ്ടെങ്കിൽ നോമ്പിന് വേണ്ടി നിയ്യത്ത് ചെയ്യേണ്ടതില്ല. ആ സമയത്ത് രോഗമില്ലെങ്കിൽ നിയ്യത്ത് ചെയ്യൽ നിർബന്ധവും പിന്നീട് രോഗമുണ്ടാവുകയാണെങ്കിൽ നോമ്പുപേക്ഷിക്കാവുന്നതുമാണ്. ശാരീരിക നാശം ഭയക്കുന്ന രോഗമാണെങ്കിൽ ഉപേക്ഷിക്കൽ നിർബന്ധമാവുകയും ചെയ്യും.
നോമ്പനുഷ്ഠാനം കൊണ്ട് അസഹ്യമായ പ്രയാസങ്ങളുണ്ടാവുകയും രാത്രികാലങ്ങളിൽ ജോലിചെയ്യാൻ സാധിക്കാതെ വരികയും ചെയ്യുന്ന കർഷകർ, കെട്ടിട നിർമാണ തൊഴിലാളികൾ പോലുള്ള കഠിന ജോലി ചെയ്യുന്നവർക്കും നോമ്പുപേക്ഷിക്കാവുന്നതാണ്. ഇമാം അദ്‌റഈ(റ) പറയുന്നു: ‘കർഷകർ റമളാനിന്റെ രാത്രികളിൽ പകലിലെ നോമ്പനുഷ്ഠാനത്തിനു നിയ്യത്ത് ചെയ്യേണ്ടതാണ്. പിന്നീട് നോമ്പു മൂലം അസഹ്യമായ പ്രയാസമനുഭവിക്കുന്നവർക്ക് ഉപേക്ഷിക്കാവുന്നതാണ്. അല്ലാത്തവർ നോമ്പനുഷ്ഠിക്കുക തന്നെ വേണം (ഫത്ഹുൽ മുഈൻ 195).
ജംഉം ഖസ്വ്‌റുമായി നിസ്‌കാരം അനുവദനീയമായ യാത്രക്കാരനും ആവശ്യമെങ്കിൽ നോമ്പുപേക്ഷിക്കാവുന്നതാണ്. എന്നാൽ ആദ്യം തന്നെ നോമ്പുപേക്ഷിക്കണമെങ്കിൽ ഫജ്ർ വെളിവാകുന്നതിന് മുമ്പ് താമസിക്കുന്ന നാടിന്റെ അതിർത്തി വിട്ടുകടന്നിരിക്കണമെന്ന നിബന്ധനയുണ്ട്. നോമ്പനുഷ്ഠിക്കുന്നതു മൂലം വിഷമമനുഭവിക്കുന്ന യാത്രക്കാരന് നോമ്പുപേക്ഷിക്കലും അല്ലാത്തവർക്ക് നോമ്പനുഷ്ഠിക്കലുമാണ് ശ്രേഷ്ഠം. നിസ്‌കാരം ഖസ്വ്‌റാക്കുന്നതിന് വേണ്ടി മാത്രം ദൈർഘ്യമുള്ള വഴിയിലൂടെ യാത്ര ചെയ്യുന്നവന് ഖസ്വ്ർ അനുവദനീയമല്ലാത്തതുപോലെ നോമ്പുപേക്ഷിക്കാനുള്ള ആനുകൂല്യത്തിന് വേണ്ടി മാത്രം യാത്ര പുറപ്പെടുന്നവനും നോമ്പുപേക്ഷിക്കൽ അനുവദനീയമല്ല (തുഹ്ഫ 3/430).
നോമ്പനുഷ്ഠിക്കുന്നവനായി നേരം പുലർന്ന യാത്രക്കാരൻ യാത്ര അവസാനിച്ച് താമസ സ്ഥലത്തെത്തുകയോ, അല്ലെങ്കിൽ ഇതേ പ്രകാരം രോഗിയുടെ രോഗം സുഖപ്പെടുകയോ ചെയ്താൽ പിന്നെ നോമ്പുപേക്ഷിക്കൽ നിഷിദ്ധമാണ്. ആനുകൂല്യത്തിനുള്ള കാരണമില്ല എന്നതാണ് നിദാനം. നോമ്പനുഷ്ഠാനത്തിന് ഇളവുള്ളവർ പ്രതിബന്ധം നീങ്ങിയാൽ നോമ്പ് ഖളാഅ് വീട്ടുകയും വേണം.
സുഖപ്പെടുമെന്ന് പ്രതീക്ഷയില്ലാത്ത രോഗം പോലുള്ള തടസ്സങ്ങളുള്ളവർക്ക് നഷ്ടപ്പെട്ട നോമ്പുകൾ ഖളാഅ് വീട്ടൽ ബാധ്യതയില്ല. ഓരോ ദിവസത്തിന് ഒരു മുദ്ദ് (800 മി.ലി) വീതം ദാനം (ഫിദ്‌യ) ചെയ്യുകയാണ് വേണ്ടത്. സ്വഹാബീ പ്രമുഖനായ അനസ്(റ) രോഗബാധിതനായി കിടന്ന സമയത്ത് നോമ്പ് ഫിദ്‌യ നൽകി പരിഹരിച്ചിരുന്നുവെന്ന് ഹദീസ് ഗ്രന്ഥങ്ങളിൽ കാണാം.
നോമ്പുപേക്ഷിക്കാൻ അർഹതയുള്ളവർ വിഷമങ്ങൾ സഹിച്ച് നോമ്പെടുത്താൽ ഫിദ്‌യയിൽ നിന്ന് ഒഴിവാകുന്നതാണ്. ഫിദ്‌യ നൽകാൻ ബാധ്യതയുള്ള ഒരാൾ പിന്നീട് നോമ്പനുഷ്ഠിക്കാൻ കഴിവുള്ള അവസ്ഥയിലേക്ക് തിരിച്ചുവന്നാലും അവർക്ക് നോമ്പനുഷ്ഠിക്കൽ നിർബന്ധമില്ല (തുഹ്ഫ 3/440).
ഗർഭിണിയും മുലയൂട്ടുന്നവളും കുഞ്ഞിന് വിഷമമുണ്ടാകുമെന്ന ഭയമുള്ളതുകൊണ്ട് നോമ്പുപേക്ഷിച്ചാൽ ഓരോ നോമ്പിനും ഓരോ മുദ്ദ് വീതം ദാനം ചെയ്യുന്നതോടൊപ്പം ഖളാഅ് വീട്ടലും നിർബന്ധമാകും. ഇനി അവർ സ്വശരീരത്തിനോ ശരീരത്തിനും കുഞ്ഞിനും കൂടിയോ വിഷമമുണ്ടാകുമെന്ന് ഭയന്നാണ് നേമ്പുപേക്ഷിച്ചതെങ്കിൽ ഖളാഅ് വീട്ടൽ മാത്രമാണ് നിർബന്ധം; മുദ്ദ് കൊടുക്കേണ്ടതില്ല (തുഹ്ഫ 3/441-442).
ഒരു റമളാനിൽ നഷ്ടപ്പെട്ട നോമ്പ് തൊട്ടടുത്ത റമളാനിനു മുമ്പ് തന്നെ ഖളാഅ് വീട്ടണം. സൗകര്യവും സമയവുമുണ്ടായിട്ടും ഖളാഅ് വീട്ടാത്തവർ ഫിദ്‌യ നൽകേണ്ടതാണ്. ഒരു നോമ്പ് ഒരുവർഷം പിന്തിച്ചതിന് ഒരു മുദ്ദ് വീതം നൽകലാണ് നിർബന്ധം. വർഷം കൂടുംതോറും മുദ്ദിന്റെ എണ്ണവും വർധിക്കുന്നതാണ്. ഖളാഅ് വീട്ടാൻ സൗകര്യമാവുന്ന വിധം തടസ്സങ്ങൾ ഒഴിവായുള്ള ദിവസങ്ങൾ ലഭിക്കാത്ത വ്യക്തിക്ക് ഖളാഅ് വൈകിച്ചതിനുള്ള പ്രായശ്ചിത്തം നിർബന്ധമില്ല. ഗർഭിണിയുടെയും മുലയൂട്ടുന്നവളുടെയും വിധി ഇതു തന്നെയാണ്. മതം അനുവദിച്ച കാരണങ്ങൾ കൊണ്ട് തൊട്ടടുത്ത റമളാൻ കഴിഞ്ഞാലും അവർക്ക് ഫിദ്‌യ ആവശ്യമില്ല. അകാരണമായല്ല അവർ നോമ്പുപേക്ഷിച്ചത് എന്നതാണ് കാരണം.
ഖളാഅ് വീട്ടാൻ സൗകര്യപ്പെട്ടിട്ടും ഒരു വ്യക്തി അകാരണമായി പിന്തിക്കുകയും അടുത്ത റമളാൻ ആഗതമാവുകയും ചെയ്ത ശേഷം നോമ്പ് ഖളാഅ് വീട്ടാത്ത നിലയിൽ മരണപ്പെട്ടാൽ അയാളുടെ അനന്തര സ്വത്തിൽ നിന്ന് ഒരു ദിവസത്തിന് ഈരണ്ട് മുദ്ദ് വീതം നൽകണം. ഒന്ന് നഷ്ടപ്പെട്ട നോമ്പിന് പകരമായും മറ്റേത് ഖളാഅ് പിന്തിപ്പിച്ചതിന് വേണ്ടിയും (ഫത്ഹുൽ മുഈൻ 197).

നിയ്യത്ത് പ്രധാനം

നിയ്യത്ത് നോമ്പിന്റെ ഫർളാണ്. മനസ്സിലുണ്ടാവലാണ് നിർബന്ധം; ഉച്ചരിക്കൽ സുന്നത്തുണ്ട്. ഓരോ ദിവസത്തിനും പ്രത്യേകം നിയ്യത്തു വേണം. മാസം മുഴുവൻ നോമ്പനുഷ്ഠിക്കുമെന്ന് റമളാനിന്റെ ആദ്യരാത്രി നിയ്യത്തു ചെയ്താൽ അത് ആദ്യ ദിനത്തിലെ നോമ്പിന് മാത്രമേ പരിഗണിക്കുകയുള്ളൂ. എന്നാൽ ഏതെങ്കിലും ദിവസം നിയ്യത്ത് മറന്നാൽ ആ വ്രതം മാലികീ മദ്ഹബനുസരിച്ച് ലഭിക്കാൻ ഈ നിയ്യത്ത് ആവശ്യവുമാണ്. നിയ്യത്ത് മറന്ന ദിവസത്തെ നോമ്പ് ഹനഫീ മദ്ഹബനുസരിച്ച് ലഭിക്കാൻ രാവിലെ നിയ്യത്ത് ചെയ്യൽ സുന്നത്തുമാണ്. എന്നാൽ ആ മദ്ഹബുകൾ അനുകരിക്കുമ്പോൾ മാത്രമാണ് ഈ നിയ്യത്തുക്കൾ കൊണ്ട് നോമ്പ് ലഭിക്കുക.
ഫർള് നോമ്പിന്റെ നിയ്യത്ത് രാത്രി തന്നെയാവണമെന്ന് നിബന്ധനയുണ്ട്. വകതിരിവുള്ള കുട്ടിയുടെ നോമ്പിനും ഇതു ബാധകം തന്നെ. ഫജ്‌റിന് മുമ്പ് നിയ്യത്ത് മുറിച്ചാൽ വീണ്ടും നിയ്യത്ത് ചെയ്യൽ നിർബന്ധം. നിയ്യത്ത് ചെയ്ത ശേഷം പ്രഭാതത്തിനു മുമ്പായുള്ള സംയോഗം, ഭക്ഷണം എന്നിവ കൊണ്ട് നിയ്യത്ത് നഷ്ടമാവുന്നതല്ല. റമളാൻ, നേർച്ച നോമ്പ്, പ്രായശ്ചിത്ത നോമ്പ് എന്നിവയിൽ ഏതാണ് അനുഷ്ഠിക്കുന്നതെന്ന് നിയ്യത്തിൽ വ്യക്തമാക്കണം (ഫത്ഹുൽ മുഈൻ 189).
നിയ്യത്ത് രാത്രി വെക്കൽ നിർബന്ധമാകുന്നത് ഫർള് നോമ്പിൽ മാത്രമാണ്. സുന്നത്ത് നോമ്പുകൾക്ക് ഉച്ചക്ക് മുമ്പ് നിയ്യത്ത് ചെയ്താലും മതിയാകും. പക്ഷേ, അതുവരെ നോമ്പു മുറിയുന്ന കാര്യങ്ങൾ സംഭവിച്ചിരിക്കരുതെന്നുണ്ട്. ഏത് നോമ്പാണെന്ന് നിർണയിക്കലും സുന്നത്ത് നോമ്പിൽ നിർബന്ധമില്ല.

സുന്നത്തായ കർമങ്ങൾ

വ്രതാനുഷ്ഠാനത്തിന് വേണ്ടി അത്താഴം കഴിക്കുന്നത് സുന്നത്താണ്. അത്താഴം പിന്തിപ്പിക്കലും സുന്നത്തുണ്ട്. എന്നാൽ പ്രഭാതമായോ എന്ന് സംശയം തോന്നും വിധം പിന്തിപ്പിക്കരുത് (മുഗ്‌നി 1/586). അർധരാത്രി മുതലാണ് അത്താഴ സമയം. ഒരിറക്കു വെള്ളം കൊണ്ടുപോലും അത്താഴത്തിന്റെ പുണ്യം ലഭിക്കും. വിശപ്പില്ലെങ്കിലും അത്താഴം കഴിക്കൽ സുന്നത്തുതന്നെ.
സൂര്യാസ്തമയം ഉറപ്പായാലുടൻ നോമ്പുതുറക്കലും അതു കാരക്ക കൊണ്ടാവലും സുന്നത്താണ്. ജമാഅത്തോ ഇമാമിനോടൊപ്പമുള്ള തക്ബീറതുൽ ഇഹ്‌റാമോ നഷ്ടപ്പെടുമെന്ന ഭയമില്ലെങ്കിൽ നിസ്‌കാരത്തിനു മുമ്പ് നോമ്പുതുറക്കലാണ് സുന്നത്ത്.
വെള്ളം കൊണ്ടാണെങ്കിൽ വേഗം നോമ്പു തുറക്കാൻ സാധിക്കുകയും കാരക്ക കൊണ്ടാണെങ്കിൽ വൈകുകയും ചെയ്യുന്ന സാഹചര്യത്തിൽ വെള്ളം കൊണ്ട് വേഗത്തിൽ നോമ്പ് തുറക്കുകയാണ് വേണ്ടത്. കാരക്കയിൽ ഹറാമിന്റെ കലർപ്പ് ശക്തവും വെള്ളത്തിൽ കുറവുമാണെങ്കിൽ വെള്ളം തന്നെയാണ് അഭികാമ്യം (ഫത്ഹുൽ മുഈൻ 198).
ജനാബത്ത് പോലെയുള്ള വലിയ അശുദ്ധിയുള്ളവർ ഫജ്‌റിന്റെ മുമ്പ് തന്നെ കുളിക്കൽ സുന്നത്താണ് (മുഗ്‌നി 1/586). ഹറാം കലർന്ന ഭക്ഷണങ്ങൾ വർജിക്കലും ആസ്വാദ്യകരമായ ദൃശ്യ-ശ്രാവ്യ കാര്യങ്ങളിൽ നിന്ന് അനുവദനീയമായവ പോലും ഒഴിവാക്കലും സുഗന്ധം പൂശുകയോ ആസ്വദിക്കുകയോ ചെയ്യാതിരിക്കലും സുന്നത്തുതന്നെ. സുഗന്ധമുപയോഗിക്കുന്ന കറാഹത്തും സുഗന്ധം നിരസിക്കുന്നതിലുള്ള കറാഹത്തും ഒന്നിച്ചുവരുന്നിടത്ത് സുഗന്ധം ഉപയോഗിക്കൽ ഒഴിവാക്കലാണ് നല്ലത്. കാരണം സുഗന്ധമുപയോഗിക്കുന്ന കറാഹത്ത് ആരാധനയുടെ ന്യൂനതക്ക് വഴിവെക്കും. നോമ്പുകാരന് സുറുമയിടലും ഉപേക്ഷിക്കലാണ് നല്ലത്.
ഉച്ചതിരിഞ്ഞ് സൂര്യാസ്തമയത്തിന് മുമ്പ് പല്ലുതേക്കൽ നോമ്പുകാരന് കറാഹത്താണെങ്കിലും ഉറക്കം കൊണ്ടോ മറ്റോ വായ വൃത്തികേടായാൽ പല്ലുതേക്കുന്നത് കറാഹത്തില്ലെന്ന് മാത്രമല്ല സുന്നത്ത് കൂടിയാണ് (ഫത്ഹുൽ മുഈൻ 199).
പരദൂഷണം, അസഭ്യം, കളവ് തുടങ്ങിയ നിഷിദ്ധ കാര്യങ്ങളിൽ നിന്ന് നാവിനെ സൂക്ഷിക്കൽ വളരെ പ്രധാനപ്പെട്ടതാണ്. ഇവ നോമ്പിന്റെ പ്രതിഫലം നഷ്ടപ്പെടുത്തുമെന്ന് പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. ദാനധർമങ്ങൾ വർധിപ്പിക്കലും ആശ്രിതർക്ക് കൂടുതൽ വിശാലത ചെയ്യലും ബന്ധുക്കൾക്കും അയൽവാസികൾക്കും നന്മചെയ്യലും റമളാനിലെ പ്രധാന സുന്നത്തുകളാണ്. സാധിക്കുമെങ്കിൽ ഭക്ഷണം തന്നെ നൽകിയും അല്ലെങ്കിൽ പാനീയം നൽകിയും അവരെ നോമ്പു തുറപ്പിക്കലും സുന്നത്തുണ്ട്.
ഇമാം നവവി(റ) എഴുതി: ദാനധർമങ്ങൾ ഏതവസരത്തിലും സുന്നത്താണ്. എന്നാൽ റമളാനിൽ ഇത് ഏറ്റവും വലിയ സുന്നത്തായാണ് പരിഗണിക്കപ്പെടുന്നത് (ശർഹുൽ മുഹദ്ദബ് 6/376). ഇബ്‌നു അബ്ബാസ്(റ) ഉദ്ധരിക്കുന്ന ഒരു ഹദീസ് കാണുക: ജനങ്ങളിൽ വെച്ചേറ്റവും ധർമിഷ്ഠനായിരുന്നു നബി(സ്വ). വിശുദ്ധ റമളാനിൽ അവിടന്ന് അങ്ങേയറ്റം ദാനശീലം പ്രകടിപ്പിച്ചിരുന്നു. ജിബ്‌രീൽ(അ)മുമായി അഭിമുഖീകരിക്കുന്ന സമയത്തായിരുന്നു അത്. അടിച്ചുവീശുന്ന കാറ്റിനെ വെല്ലുന്ന വിധത്തിലായിരുന്നു നബി(സ്വ)യുടെ ഉദാര സ്വഭാവം (സ്വഹീഹുൽ ബുഖാരി).
പ്രസ്തുത ഹദീസ് വിശകലനം ചെയ്ത് ഇബ്‌നു ഹജർ(റ) രേഖപ്പെടുത്തുന്നു: ഈ ഹദീസിലുള്ള പ്രഥമ സന്ദേശം റമളാനിൽ മറ്റു കാലത്തേക്കാൾ ദാനധർമത്തിനു പുണ്യമുണ്ടെന്നാണ്. അതുപോലെ സജ്ജനങ്ങളുമായി സന്ധിക്കുന്ന സമയത്തും ദാനം നടത്തൽ പുണ്യമാണ് (ഫത്ഹുൽ ബാരി 1/69). നവവി(റ) പറഞ്ഞു: റമളാൻ മാസത്തിൽ പൊതുവിലും അവസാന പത്തിൽ വിശേഷിച്ചും ദാനധർമങ്ങൾക്ക് ഏറെ ശ്രേഷ്ഠതയുണ്ട്. തിരുനബി(സ്വ)യുടെയും പൂർവസൂരികളുടെയും ചര്യയാണത് (ശർഹുൽ മുഹദ്ദബ് 6/377).
ഖുർആൻ പാരായണം വർധിപ്പിക്കലും നോമ്പുകാരന് സുന്നത്താണ്. ഖുർആൻ പാരായണത്തിന് ഏറ്റവും ശ്രേഷ്ഠമായ സമയം പകലിൽ സുബ്ഹിക്ക് ശേഷവും രാത്രിയിൽ അത്താഴ സമയവും പിന്നെ മഗ്‌രിബ്-ഇശാഇനിടയിലുള്ള സമയവുമാണ്. കൂടുതൽ പാരായണം ചെയ്യാൻ കഴിയില്ലെങ്കിൽ വർഷത്തിൽ രണ്ടു പ്രാവശ്യമെങ്കിലും ഖുർആൻ ഓതിത്തീർക്കണമെന്ന് ഇമാം അബുല്ലൈസ്(റ)വും വർഷത്തിൽ രണ്ട് തവണ ഓതിയവർ ഖുർആനിനോടുള്ള കടമ പൂർത്തീകരിച്ചുവെന്ന് ഇമാം അബൂഹനീഫ(റ)വും അഭിപ്രായപ്പെട്ടിട്ടുണ്ട്. അതേ സമയം ഖുർആൻ പൂർണമായി ഓതാൻ 40 ദിവസത്തിലധികം സമയമെടുക്കുന്നത് കറാഹത്താണെന്നാണ് ഇമാം അഹ്‌മദ്(റ)വിന്റെ പക്ഷം (ഫത്ഹുൽ മുഈൻ 200).

ഇവ മൂലം നോമ്പ് മുറിയും

ബോധപൂർവവും നോമ്പു മുറിയുമെന്നറിഞ്ഞിട്ടും സ്വേഷ്ടപ്രകാരം ലൈംഗിക ബന്ധത്തിലേർപ്പെട്ടാൽ നോമ്പ് മുറിയുന്നതാണ്. സ്ഖലമുണ്ടായില്ലെങ്കിലും വ്രതം മുറിയുമെന്ന് തന്നെയാണ് നിയമം. നോമ്പിന്റെ കാര്യം മറന്നുകൊണ്ട് ലൈംഗിക ബന്ധം, ഭക്ഷണം കഴിക്കൽ പോലുള്ളവ പലതവണയുണ്ടായാലും നോമ്പ് മുറിയില്ല. ഉദ്ദേശ്യമോ ചിന്തയോ ആനന്ദമോ ഇല്ലാതെ ബലപ്രയോഗത്തിലൂടെ ലൈംഗിക ബന്ധത്തിനിരയായാൽ നോമ്പ് മുറിയില്ല. അതേസമയം സ്വന്തം കൈകൊണ്ടോ, ഭാര്യയുടെ കൈ കൊണ്ടോ, അല്ലെങ്കിൽ മറകൂടാതെ വുളൂഅ് മുറിയുന്ന സ്ഥലത്ത് സ്പർശിച്ചത് കൊണ്ടോ ശുക്ലം സ്ഖലിച്ചാൽ നോമ്പ് മുറിയുന്നതാണ്.
മറയോടെ ഭാര്യയെ ചുംബിക്കുകയോ ആലിംഗനം നടത്തുകയോ ചെയ്തതു മൂലം സ്ഖലനമുണ്ടായാൽ നോമ്പ് മുറിയുന്നതല്ല. സ്പർശനമുണ്ടായില്ല എന്നതാണ് കാരണം. സ്വപ്ന സ്ഖലനം കൊണ്ടോ നോട്ടം, ചിന്ത എന്നിവ കൊണ്ടോ ഉണ്ടാകുന്ന സ്ഖലനം മൂലവും നോമ്പ് മുറിയില്ല. വിവാഹബന്ധം നിഷിദ്ധമായ സ്ത്രീയുടെ ദേഹത്ത് സ്പർശിച്ചതിനാലോ, അല്ലാത്ത ഒരു സ്ത്രീയുടെ മുടിയിൽ സ്പർശിച്ചതിനാലോ സ്ഖലനമുണ്ടായാൽ നോമ്പ് മുറിയില്ല. ഇവ മൂലം വുളൂഅ് മുറിയില്ല എന്നതാണതിന് കാരണം (ഫത്ഹുൽ മുഈൻ 191).
മന:പൂർവം ഛർദിയുണ്ടാക്കിയാൽ നോമ്പ് മുറിയും. തല താഴ്ത്തിപ്പിടിച്ചതു നിമിത്തം ഉള്ളിലേക്ക് അതിന്റെ അവശിഷ്ടങ്ങളൊന്നും പ്രവേശിച്ചിട്ടില്ലെങ്കിലും നോമ്പ് നഷ്ടമാകുന്നതാണ്. ഉദ്ദേശ്യപ്രകാരമല്ലാതെ ഉള്ളിലേക്ക് അവശിഷ്ടം ഇറങ്ങിയാലും നോമ്പ് മുറിയും. അതേ സമയം അനിയന്ത്രിതമായി ഛർദിയുണ്ടാവുകയും പുറത്തേക്കുവന്ന അവശിഷ്ടങ്ങളോ ഛർദി മൂലം നജസായ തുപ്പുനീരോ ഉള്ളിലേക്ക് മടങ്ങാതിരിക്കുകയും ചെയ്താൽ നോമ്പ് മുറിയുന്നതുമല്ല.
അകത്തുനിന്ന് കഫം പുറത്തേക്കെടുക്കുന്നത് കൊണ്ട് നോമ്പ് മുറിയില്ല. തലച്ചോറിൽ നിന്ന് പുറത്തെടുത്താലും തഥൈവ. അവ തുപ്പിക്കളയണമെന്നു മാത്രം. എന്നാൽ വായയുടെ ബാഹ്യപരിധിയിലെത്തിയ ശേഷം തുപ്പാൻ കഴിഞ്ഞിട്ടും തുപ്പാതെ കഫം വിഴുങ്ങിയാൽ നോമ്പ് മുറിയും (മുഗ്‌നി 1/576).
ശുദ്ധമായ ഉമിനീർ വിഴുങ്ങുന്നത് കൊണ്ട് നോമ്പ് മുറിയില്ല. മോണപൊട്ടിയ രക്തം കൊണ്ടോ മറ്റോ നജസായ ഉമിനീർ ഉള്ളിലേക്കിറക്കിയാൽ അൽപമാണെങ്കിലും നോമ്പ് മുറിയും. അത് രക്താവശിഷ്ടങ്ങളൊന്നുമില്ലാത്ത തെളിഞ്ഞതാണെങ്കിലും വിധി ഇതുതന്നെ. എന്നാൽ ശ്രദ്ധിക്കാൻ കഴിയാത്ത വിധം മോണയിലെ രക്തം കൊണ്ട് വിഷമമനുഭവിക്കുന്നവന് ഇളവുണ്ട്.
പല്ലുകൾക്കിടയിൽ കുടുങ്ങിയ ഭക്ഷണാവശിഷ്ടങ്ങളിലൂടെ ബോധപൂർവമല്ലാതെ ഉമിനീർ സഞ്ചരിക്കുകയും അതു വേർതിരിച്ച് തുപ്പാനാവാതിരിക്കുകയും ചെയ്താൽ അതു വിഴുങ്ങുന്നത് നോമ്പ് മുറിയുന്നതിന് കാരണമാവുകയില്ല (മുഗ്‌നി 1/579). എന്നാൽ വേർതിരിക്കൽ പ്രയാസമില്ലാതിരിക്കുകയോ ബോധപൂർവം ഭക്ഷണാവശിഷ്ടവുമായി കലർത്തുകയോ ചെയ്താൽ നോമ്പ് മുറിയുമെന്നുറപ്പാണ്. അത്താഴത്തിന് ശേഷം പല്ലിട കുത്തലും നോമ്പുകാർക്ക് സുന്നത്താണ്.
വുളൂഇന്റെ സമയത്ത് വായിൽ വെള്ളം കൊപ്ലിച്ച ശേഷമുള്ള നനവ് തുപ്പുനീരിനൊപ്പം കലരുകയും അത് ഉള്ളിലേക്കിറക്കുകയും ചെയ്താൽ നോമ്പ് മുറിയുകയില്ല. അത് സൂക്ഷിക്കാൻ വിഷമമാണെന്നതാണ് കാരണം.

വിസർജനം രാത്രിയിലാക്കാം

ഉൾവശമെന്ന് പറയുന്നിടത്തേക്ക് എത്ര നിസ്സാരമായ വസ്തു പ്രവേശിച്ചാലും നോമ്പ് മുറിയുമെന്നാണ് മസ്അല. സ്ത്രീകൾ വിസർജനത്തിനിരിക്കുന്നതു പോലെ കുത്തിയിരിക്കുമ്പോൾ അവരുടെ സ്വകാര്യാവയവത്തിൽ നിന്നും പ്രത്യക്ഷമാകുന്ന സ്ഥലത്തിനപ്പുറത്തേക്ക് ശൗചവേളയിൽ വിരൽ പ്രവേശിച്ചാൽ നോമ്പു മുറിയും. മലദ്വാരത്തിൽ വിരലഗ്രം കടന്നാലും നോമ്പുമുറിയുന്നതാണ്. നോമ്പുകാലത്ത് മലവിസർജനം രാത്രിയാക്കലാണ് സൂക്ഷ്മതയെന്ന് ഖാളി ഹുസൈൻ(റ) പറഞ്ഞിട്ടുണ്ട്. രാത്രിയിലേക്ക് പിന്തിക്കൽ നിർബന്ധമല്ല. കാരണം ശരീരത്തിന് പ്രയാസമുണ്ടാക്കുന്ന ഒരു കാര്യം ചെയ്യാൻ ഒരാളോടും കൽപനയില്ല.
അർശസ്സ് രോഗിയുടെ ഗുദം പുറത്തേക്ക് വന്ന ശേഷം അകത്തേക്ക് മടങ്ങിയതു കൊണ്ട് നോമ്പു മുറിയില്ല. അതു വിരലുപയോഗിച്ച് അകത്തേക്കാക്കിയാലും കുഴപ്പമില്ല. കാരണം അതനിവാര്യമാണ്. എന്നാൽ അനിവാര്യതയില്ലാതിരുന്നിട്ടും വിരൽ പ്രവേശിപ്പിച്ചാൽ നോമ്പ് മുറിയും (ഫത്ഹുൽ മുഈൻ 192).

നോമ്പില്ലെങ്കിലും നോമ്പുകാരനെപ്പോലെ
അബദ്ധത്തിലോ രോഗം, യാത്ര തുടങ്ങിയ കാരണങ്ങളില്ലാതെയോ റമളാൻ നോമ്പ് മുറിച്ചവർക്ക് ബാക്കി സമയം നോമ്പുകാരനെപ്പോലെ തുടരൽ (ഇംസാക്) നിർബന്ധമാണ്. ആ നോമ്പ് പിന്നീട് ഖളാഅ് വീട്ടുകയും വേണം. നേർച്ചയാക്കിയതോ ഖളാഅ് വീട്ടുന്നതോ ആയ നോമ്പിന് ഇത് ബാധകമല്ല. റമളാനിലെ സമയത്തിന്റെ പവിത്രത മാനിക്കുന്നതിനു വേണ്ടിയാണിത്. നോമ്പുകാരനെപ്പോലെ തുടരുന്നവൻ ശറഇയ്യായ നോമ്പിലല്ലെങ്കിലും അതിനു പ്രതിഫലം ലഭിക്കുന്നതാണ്. ഈയവസ്ഥയിൽ ലൈംഗിക ബന്ധത്തിലേർപ്പെട്ടാൽ പ്രായശ്ചിത്തം (കഫ്ഫാറത്ത്) ഇല്ലെങ്കിലും അവൻ കുറ്റക്കാരനാകുന്നതാണ്. പകലിൽ രോഗം സുഖപ്പെട്ടവർക്കും യാത്ര കഴിഞ്ഞ് തിരിച്ചെത്തിയവർക്കും ആർത്തവം നീങ്ങി ശുദ്ധിയായവർക്കുമെല്ലാം ഇംസാക് സുന്നത്തുണ്ട്.

പ്രായശ്ചിത്തം

ലൈംഗിക ബന്ധം മൂലം റമളാനിലെ നോമ്പ് നശിപ്പിച്ചവൻ പ്രസ്തുത നോമ്പ് ഖളാഅ് വീട്ടുന്നതോടൊപ്പം പ്രായശ്ചിത്തം (കഫ്ഫാറത്ത്) കൂടി നൽകണം. നഷ്ടമാക്കിയ നോമ്പുകളുടെ എണ്ണത്തിനനുസരിച്ച് കഫ്ഫാറത്തും വർധിക്കും. വിശ്വാസിയായ ഒരടിമയെ മോചിപ്പിക്കുക, അതിനു കഴിയില്ലെങ്കിൽ രണ്ടുമാസം തുടർച്ചയായി നോമ്പനുഷ്ഠിക്കുക, രോഗമോ വാർധക്യമോ കാരണമായി നോമ്പനുഷ്ഠിക്കാനാവില്ലെങ്കിൽ അറുപത് സാധുക്കൾക്ക് ഒരു മുദ്ദ് വീതം ഭക്ഷണം നൽകുക എന്നതാണ് കഫ്ഫാറത്ത് (മഹല്ലി 2/ 70-71).

സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ

Exit mobile version