നോമ്പുതുറ ആഭാസമാവരുത്

jl1 (14)നോമ്പുതുറപ്പിക്കുന്നത് വളരെ പുണ്യമുള്ള കര്‍മമാണ്. ഒരാളെ നോമ്പ്തുറപ്പിച്ചാല്‍ അയാളുടെ പ്രതിഫലത്തില്‍ നിന്ന് ഒട്ടും കുറയാതെ തുറപ്പിച്ചവനും ലഭിക്കുന്നതാണ്. പ്രവാചകര്‍(സ്വ) ഇതു പറഞ്ഞപ്പോള്‍ സ്വഹാബികള്‍ പ്രതികരിച്ചു: പ്രവാചകരേ, നോമ്പുകാരനെ തുറപ്പിക്കാനുള്ള വിഭവം ഞങ്ങളുടെ അടുക്കല്‍ ഇല്ലല്ലോ. അപ്പോള്‍ അവിടുന്ന് പറഞ്ഞു: ഒരു കാരക്കയോ ഒരിറക്ക് വെള്ളമോ നല്‍കി തുറപ്പിച്ചവനും ഈ പ്രതിഫലം ലഭിക്കും.
നോമ്പുകാരന് വല്ല വ്യക്തിയും വിശപ്പടങ്ങുമാറ് ഭക്ഷണം കൊടുത്ത് തുറപ്പിക്കുമെങ്കില്‍ അല്ലാഹു അവന് എന്‍റെ ഹൗളില്‍ നിന്ന് കുടിപ്പിക്കും, സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതുവരെ പിന്നീടവന് ദാഹിക്കുന്നതല്ല (ബൈഹഖി). സല്‍മാന്‍(റ)യില്‍ നിന്നും നിവേദനം: ഹലാലായ ഭക്ഷണവും വെള്ളവും നല്‍കി ആരെയെങ്കിലും നോമ്പുതുറപ്പിച്ചാല്‍ റമളാനില്‍ മലക്കുകള്‍ അവനുവേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കും. ലൈലതുല്‍ ഖദ്റില്‍ ജിബ്രീല്‍(അ)യും അവനുവേണ്ടി പ്രാര്‍ത്ഥിക്കും (അല്‍മുഅ്ജമുല്‍ ഔസ്വാത്6039).
അതുകൊണ്ട് നോമ്പുതുറപ്പിക്കുന്നതില്‍ താല്‍പര്യപ്പെടുന്നതുപോലെ അവര്‍ക്ക് ഭക്ഷണം കൊടുത്ത് വിശപ്പടക്കുന്നതിനും നാം പ്രാമുഖ്യം നല്‍കുന്നു. അത് ആര്‍ഭാടമാക്കാനല്ല, മാതൃകാപരമാക്കാനാണ് ശ്രദ്ധയൂന്നേണ്ടത്. മാതാപിതാക്കള്‍, കുടുംബങ്ങള്‍, അയല്‍വാസികള്‍, സ്നേഹജനങ്ങള്‍, സദ്വൃത്തര്‍ തുടങ്ങിയവരെ നോമ്പ്തുറപ്പിക്കുന്നതിലൂടെ ബന്ധങ്ങള്‍ ദൃഢമാക്കാനും സ്നേഹാദരവുകള്‍ കൈമാറാനും സാധിക്കുന്നതോടൊപ്പം പുണ്യം നേടാനുമാവുന്നു. റമളാന്‍റെ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകര്‍ന്നുവെക്കാനും ഇതു നിദാനമാവും.
എന്നാല്‍ ചില നീക്കുപോക്കുകളുടെ അടിസ്ഥാനത്തില്‍ രാഷ്ട്രീയഭരണതലത്തില്‍ സംഘടിപ്പിക്കപ്പെടുന്ന ഇഫ്താറുകള്‍ ഈ ഗുണങ്ങള്‍ കൈമാറ്റം ചെയ്യുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മിക്കതും പുണ്യം കരുതിയല്ല, പേരിനും പ്രശസ്തിക്കും വേണ്ടിയാണ്. മാത്രമല്ല, നോമ്പിന്‍റെ മഹത്വത്തെ മൗനമായി അവഗണിക്കുന്നുമുണ്ട് ചിലയിടങ്ങളില്‍. നോമ്പുള്ളവരോ വിശ്വാസികളോ എന്ന മാനദണ്ഡമല്ല ഇഫ്താറിന്‍റെ മേല്‍വിലാസത്തില്‍ നടക്കുന്നത്. ഇല്ലാത്തവനെയല്ല, ധനാഢ്യരെയാണ് തീറ്റുന്നത്. റമളാനിന്‍റെ ചൈതന്യം നഷ്ടപ്പെടുത്തിയാണിതെല്ലാം നിലമൊരുക്കുന്നത്.
സ്ത്രീകളുടെ നിസ്കാരവും ആരാധനയും ഇഫ്താര്‍ കാരണം മുടങ്ങിപ്പോകുന്നതും ശ്രദ്ധിക്കണം. പുരുഷന്മാര്‍ നോമ്പുതുറന്ന് ഭക്ഷണം കഴിച്ചതിനുശേഷം സ്ത്രീകള്‍ ഭക്ഷണം കഴിക്കുകയും അടുക്കളപ്പണികള്‍ തീര്‍ത്തുവരുന്പോഴേക്ക് മിക്കവാറും ഇശാഅ് വാങ്ക് വിളിക്കാനാവും. ഇതു പാടില്ല. അത്താഴത്തിനുള്ള ഒരുക്കത്തിനിടെ റമളാനില്‍ മാത്രം സുന്നത്തായ തറാവീഹും നഷ്ടപ്പെടുത്തുന്നു.
ചുരുക്കത്തില്‍ നോമ്പുതുറകള്‍ സംഘടിപ്പിക്കുന്പോള്‍ അയല്‍വാസികളെയും മറ്റു പാവപ്പെട്ടവരെയും നോമ്പ്ഉള്ളവരെയുമാണ് പരിഗണിക്കേണ്ടത്. ഇഫ്താര്‍ മാതൃകാപരമാവുകയും വേണം. അതിനോടൊപ്പം സ്ത്രീകളുടെ നമസ്കാരം നഷ്ടപ്പെടുത്താതിരിക്കുകയും വേണം.

മുജീബ് സഖാഫി വെള്ളാട്ടുപറമ്പ്

Exit mobile version