നോവൽ രചനയും വായനയും

?പുരുഷന് വെള്ളിമോതിരം ധരിക്കൽ സുന്നത്താണല്ലോ. എന്നാൽ ഒന്നിൽ കൂടുതൽ വെള്ളി മോതിരം ധരിക്കുന്നതിന്റെ വിധി എന്താണ്, ചെറിയ വിരലിൽ തന്നെ ധരിക്കണമെന്നുണ്ടോ? വെള്ളിയും സ്വർണവുമല്ലാത്ത പ്ലാറ്റിനം പോലുള്ള ലോഹങ്ങൾ കൊണ്ടും പ്ലാസ്റ്റിക് പോലുള്ളവ കൊണ്ടുമുള്ള ഒന്നോ അതിലധികമോ മോതിരങ്ങൾ പുരുഷനു ധരിക്കാമോ?

ഹംസ പാലത്തിങ്ങൽ

പുരുഷൻ വലതുകൈയിന്റെ ചെറുവിരലിലോ ഇടതുകൈയിന്റെ ചെറുവിരലിലോ വെള്ളി മോതിരം ധരിക്കൽ സുന്നത്താകുന്നു. വലതു കൈയിലാണ് ഏറെ ശ്രേഷ്ഠം. ഒന്നിലേറെ മോതിരം ധരിക്കൽ അനുവദനീയമല്ല (ഫത്ഹുൽ മുഈൻ/166). ചെറുവിരലല്ലാത്ത മറ്റു വിരലുകളിൽ ധരിക്കൽ കറാഹത്താണെന്നാണ് പ്രബലം (തുഹ്ഫ 3/276).

സ്വർണവും വെള്ളിയുമല്ലാത്ത മോതിരം ധരിക്കൽ ഹറാമോ കറാഹത്തോ ഇല്ലെന്നും അനുവദനീയമാണെന്നും കറാഹത്താണെന്ന് പ്രബലമല്ലാത്ത അഭിപ്രായമുണ്ടെന്നും അസ്‌നൽ മത്വാലിബ് 1/278, അൽഗുററുൽ ബഹിയ്യ 2/47, ഹാശിയതുൽ ജമൽ 2/256 തുടങ്ങിയ ഫിഖ്ഹ് ഗ്രന്ഥങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്. അത് ഉപേക്ഷിക്കലാണ് ഉത്തമമെന്ന് ഇമാം ഇബ്‌നുഹജർ(റ) ശറഹു ബാ ഫള്ൽ 2/83-ൽ പറഞ്ഞിരിക്കുന്നു.

 

? നോവൽ രചിക്കുന്നതിനും വായിക്കുന്നതിനും വിരോധമുണ്ടോ? പഠനത്തിന്റെ ഭാഗമായി ഇത് കൂടാതെ കഴിയാത്ത സ്ഥിതിയാണ്?

അബ്ദുറശീദ് പാങ്ങ്

സദ്ഗുണങ്ങൾ വളർത്തുന്നതും നന്മകൾക്ക് പ്രേരണ നൽകുന്നതും ഗുണപാഠങ്ങൾ ഉൾക്കൊള്ളുന്നതുമായ കൽപിത കഥകളും നോവലുകളും രചിക്കുന്നതും വായിക്കുന്നതും അനുവദനീയമാണെന്ന് പ്രമുഖ കർമശാസ്ത്ര ഗ്രന്ഥമായ തുഹ്ഫതുൽ മുഹ്താജ് 9/398-ൽ നിന്ന് മനസ്സിലാകുന്നു.

 

? വെള്ളിയുടെ മോതിരം ഒന്നിൽ കൂടുതൽ ഉണ്ടാക്കിവെച്ച് വെവ്വേറെ ദിവസങ്ങളിൽ മാറിമാറി ധരിക്കുന്നതിന് വിരോധമുണ്ടോ?

മുഹമ്മദ് മിർശാദ് പൊന്മള

ഒന്നിച്ചല്ലാതെ ഒരിക്കൽ ഒന്നും മറ്റൊരിക്കൽ മറ്റൊന്നും ധരിക്കാൻ വേണ്ടി ഒന്നിലേറെ വെള്ളി മോതിരം ഉണ്ടാക്കിവെക്കുന്നത് നിഷിദ്ധമല്ല (തുഹ്ഫ 3/276).

 

?ഇശാ-മഗ്‌രിബിനിടയിലുള്ള സുന്നത്ത് നിസ്‌കാരമാണല്ലോ അവ്വാബീൻ. ഇത് 20 റക്അത്തിൽ കുറച്ച് നിസ്‌കരിക്കാമോ, കുറഞ്ഞത് രണ്ടു റക്അത്ത് ആണെന്ന് കേട്ടത് ശരിയാണോ?

അബ്ദുസലീം ഓമാനൂർ

അവ്വാബീൻ നിസ്‌കാരം 20 റക്അത്താകുന്നു. എന്നാൽ ഇരുപതിൽ കുറച്ച് നിസ്‌കരിക്കാവുന്നതാണ്. കുറഞ്ഞത് രണ്ടു റക്അത്താണ് എന്നു കേട്ടത് ശരിയാണ് (ഫത്ഹുൽ മുഈൻ/109).

 

? ഫോട്ടോ, ശിൽപം ഉള്ള വീട്ടിൽ ബറകത്തിന്റെ മലക്കുകൾ വരികയില്ല എന്നാണല്ലോ. എങ്കിൽ പത്ര മാസികകളിലുള്ള ഫോട്ടോകൾക്ക് ഇത് ബാധകമാണോ?

നൂർജഹാൻ ടി കക്കാട്

ജീവൻ നിലനിൽക്കാൻ നിർബന്ധമുള്ള ബാഹ്യ അവയവങ്ങളെല്ലാം ഉൾക്കൊള്ളുന്ന വിധം ജീവികളുടെ രൂപമുണ്ടാക്കൽ ഹറാമും മഹാപാപവുമാണ്. ആദരിക്കപ്പെടുന്ന വിധത്തിലായാലും അനാദരിക്കപ്പെടുന്ന വിധത്തിലായാലും നിർമാണം നിഷിദ്ധമാണ്. എന്നാൽ അനാദരിക്കപ്പെടുകയും നിസ്സാരമാക്കപ്പെടുകയും ചെയ്യുന്ന വിധത്തിലുള്ള ചിത്രങ്ങളും ഫോട്ടോകളും നിർമിക്കൽ നിഷിദ്ധമാണെങ്കിലും അത് നശിപ്പിക്കാതെ ബാക്കിവെക്കുന്നതോ അതുള്ള സ്ഥലത്ത് ഹാജറാകുന്നതോ നിഷിദ്ധമല്ല. നാണയങ്ങളിലും ഭക്ഷണ മേശകളിലുമുള്ളവ ഈ വകുപ്പിൽ പെട്ടതാണ്. സാധാരണ പത്ര മാസികകളിലുള്ളവയും ഈ വകുപ്പിൽ ഉൾപ്പെടുത്താമെന്നാണ് മനസ്സിലാകുന്നത്. അത് നശിപ്പിക്കാതെ നിലനിർത്തുന്നത് നിഷിദ്ധമല്ല.

നിസ്സാരമാക്കപ്പെടുന്ന വിധത്തിലുള്ള ഫോട്ടോകൾ അനുഗ്രഹത്തിന്റെ മലക്കുകളുടെ പ്രവേശനത്തിന് തടസ്സമല്ലെന്നാണ് ഇമാം ശിഹാബുറംലി(റ) ഫത്‌വ നൽകിയിട്ടുള്ളത്. ജീവികളുടെ രൂപങ്ങളുള്ള വീട്ടിൽ റഹ്മത്തിന്റെ മലക്കുകൾ പ്രവേശിക്കുകയില്ലെന്ന് പറയുന്ന ഹദീസിന്റെ വിവക്ഷ നശിപ്പിക്കാതെ നിലനിറുത്തൽ നിഷിദ്ധമായ രൂപങ്ങളാണെന്നും നിസ്സാരമാക്കപ്പെടുന്ന രൂപങ്ങൾ പ്രസ്തുത ഹദീസിന്റെ വ്യാപ്തിയിൽ ഉൾപ്പെടുകയില്ലെന്നുമാണ് അദ്ദേഹത്തിന്റെ വിശദീകരണം (ഹാശിയതുശ്ശർവാനി 7/433).

എന്നാൽ ഇമാം ഇബ്‌നുഹജർ(റ) വ്യക്തമാക്കിയിട്ടുള്ളത് നിസ്സാരപ്പെടുത്തുന്ന വിധത്തിലുള്ളതും നിലനിറുത്തൽ നിഷിദ്ധമല്ലാത്തതുമായ രൂപങ്ങളും പ്രസ്തുത ഹദീസിൽ ഉൾപ്പെടുമെന്നും അത്തരം രൂപങ്ങളുള്ള വീടുകളിലേക്കും റഹ്മത്തിന്റെ മലക്കുകൾ പ്രവേശിക്കുകയില്ലെന്നുമാണ് (തുഹ്ഫതുൽ മുഹ്താജ് 7/433, സവാജിർ 2/48).

 

? ഈമാൻ പൂർണമല്ലേ എന്ന് സംശയിക്കുകയും ശഹാദത്ത് കലിമ ആവർത്തിക്കുകയും ചെയ്യുന്നു. ഈ വസ്‌വാസ് മാറിക്കിട്ടാൻ എന്താണു വഴി, ഈ സംശയം പ്രശ്‌നമാണോ?

ഹാരിസ് ബീമാപള്ളി

ഒഴിവാക്കാൻ ശ്രമിച്ചിട്ടും ഒഴിവാകാതെ അനിയന്ത്രിതമായി വരുന്ന വസ്‌വാസ് ഈമാനിനെ ബാധിക്കുകയില്ല. അതിന് ശിക്ഷയുമില്ല (ഫത്ഹുൽ മുഈൻ/90). ശഹാദത്ത് കലിമ ആവർത്തിക്കുന്നത് തെറ്റല്ല. അത് പ്രതിഫലാർഹമായ ദിക്‌റാണല്ലോ. വസ്‌വാസിനെ കാര്യമാക്കാതെ അവഗണിക്കലും അതിനെ തൊട്ട് അല്ലാഹുവിനോട് കാവൽ തേടലുമാണ് അതിൽ നിന്ന് രക്ഷപ്പെടാനുള്ള പ്രധാന വഴി.

ഈമാനുമായി ബന്ധപ്പെട്ട വസ്‌വാസുകൾ മനസ്സിൽ വരുമ്പോൾ അതൊന്നും ശരിയല്ലെന്ന് തിരിച്ചറിയുന്നതും അവ വലിയ അപകടമായി കാണുകയും അവയെക്കുറിച്ച് ഭയപ്പെടുകയും ചെയ്യുന്നതും ഈമാനിന്റെ ലക്ഷണമാണെന്ന് റസൂൽകരീം(സ്വ) പറഞ്ഞിരിക്കുന്നു. അത്തരം വസ്‌വാസുകൾ സംഭവിക്കുന്നവർ അത് അവഗണിക്കുകയും അല്ലാഹുവിനോട് കാവൽ ചോദിക്കുകയും ‘ആമൻതു ബില്ലാഹി വറുസുലിഹി’ എന്ന് ചൊല്ലുകയും വേണമെന്നും റസൂൽ(സ്വ) നിർദേശിച്ചിട്ടുണ്ട് (സ്വഹീഹ് മുസ്‌ലിം).

Exit mobile version