ന്യൂ ഇയർ: ആഘോഷമല്ല ആലോചനയാണ് വേണ്ടത്

ഭൗതിക സംവിധാനങ്ങൾക്ക് നാം പൊതുവെ ആശ്രയിക്കുന്ന ക്രിസ്താബ്ദമനുസരിച്ച് പുതുവർഷത്തിലേക്ക് പാദമൂന്നുകയാണ് ലോകം. ന്യൂ ഇയർ പലർക്കും ആഘോഷാവസരമാണ്. പുലരും വരെ സംഗീതവും നൃത്തവും വിരുന്നുമുള്ള ആഘോഷം. ഫൗണ്ടൻ ഷോ, അനിമേഷൻ ഷോ, കാർണിവൽ, ലൈറ്റ് ഷോ, ലേസർ ഷോ, കരിമരുന്ന് പ്രയോഗം, വാദ്യമേളങ്ങൾ തുടങ്ങി കരയും കടലും ആകാശവും വർണങ്ങളിൽ ആറാടിക്കുന്ന വിനോദം. ലഹരി വസ്തുക്കൾ വ്യാപകമായി ഉപയോഗിക്കുന്ന ആഘോഷമാക്കി മാറ്റുന്നു ചിലർ.
വിശ്വാസിയുടെ ന്യൂ ഇയർ മുഹർറമിലാണ്. ഹിജ്‌റ കലണ്ടർ പ്രകാരമുള്ള വർഷാരംഭം മുഹർറമാണല്ലോ. അതേസമയം, മുഹർറം ഒന്നിന് പുതുവർഷം ആഘോഷിക്കാൻ മതം ആവശ്യപ്പെടുന്നുമില്ല. സാംസ്‌കാരികമായി ഇസ്‌ലാമിനെ ആവാഹിച്ച് ജീവിതനിഷ്ഠയിൽ കാതലായ മാറ്റങ്ങൾ വരുത്തി മതപരമായ മുന്നേറ്റം സാധ്യമാക്കാൻ ഓർമിപ്പിക്കുക മാത്രമാണ് പുതുവർഷം ചെയ്യുന്നത്. ആധുനികതക്കും ആഗോളവൽക്കരണത്തിനുമിടയിൽ ജീവിക്കുന്ന വിശ്വാസിക്ക് ഇസ്‌ലാമിക സംസ്‌കാരത്തെ പൂർണമായും ഉൾകൊള്ളാനുള്ള ഓർമപ്പെടുത്തൽ ഗുണകരവുമാണ്.
ഇന്ന് ലോകവ്യാപകമായി ഉപയോഗിക്കുന്ന ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഡിസംബറോടെ ഒരു വർഷം പൂർത്തിയാവുകയാണ്. ആഹ്ലാദാരവങ്ങൾ കൊണ്ട് പുതുവർഷത്തെ വരവേൽക്കുന്നതിനു പകരം ഗതകാല ജീവിതത്തിലേക്കൊരു എത്തിനോട്ടം നടത്തി പോരായ്മകൾ പരിഹരിച്ച് വിജയം വരിക്കാൻ ശ്രമിക്കുകയാണ് എല്ലാവരും ചെയ്യേണ്ടത്. കോവിഡ് വൈറസിനെ പ്രതിരോധിക്കാൻ സോപ്പിട്ട് കൈ കഴുകുന്നതുപോലെ പഴയ കാലത്തെ അനിഷ്ട ചിന്തകൾ മാറ്റിയും അസ്വസ്ഥതയുണ്ടാക്കുന്ന ഓർമകൾ മായ്ച്ചുകളഞ്ഞും പുതുജീവിതം കെട്ടിപ്പടുക്കണം.
ഓരോ ദിവസം മാറിവരുന്നതിലും രാപ്പകലുകളുടെ വ്യതിയാനത്തിലും സ്രഷ്ടാവിനെ ഓർമിക്കുകയാണ് സൃഷ്ടികൾ. ദിനരാത്രങ്ങളുടെ ആഗമനത്തിൽ വിശ്വാസികൾക്ക് ചിന്തക്കു വകയുണ്ടെന്ന് ഖുർആൻ. നിശ്ചയം ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിപ്പിലും രാപ്പകലുകൾ മാറിവരുന്നതിലും സദ്ബുദ്ധിയുള്ളവർക്ക് പല ദൃഷ്ടാന്തങ്ങളുണ്ട് (3/190). രാപ്പകലുകൾ മാറിമാറി വരുന്നതാക്കിയത് അവൻ തന്നെയാണ്. ആലോചിച്ച് മനസ്സിലാക്കാനുദ്ദേശിക്കുകയോ നന്ദി കാണിക്കാനുദ്ദേശിക്കുദ്ദേശിക്കുകയോ ചെയ്യുന്നവർക്ക് (ദൃഷ്ടാന്തമാണത്) (25/62).
വെളിച്ചമുള്ള പകലും വിശ്രമത്തിനുള്ള രാത്രിയും സ്രഷ്ടാവിന്റെ അനുഗ്രഹമാണെന്നും അതിനെ കുറിച്ചാലോചിന്തിക്കുന്നവർ ലക്ഷ്യത്തിലെത്തിച്ചേരുമെന്നും ഖുർആൻ വ്യക്തമാക്കുന്നുണ്ട്. അല്ലാഹുവാണ് നിങ്ങൾക്ക് രാത്രിയെ ശാന്തമായി വസിക്കാൻ സാധ്യമാക്കിയതും പകലിനെ വെളിച്ചമുള്ളതാക്കിയതും. തീർച്ചയായും അല്ലാഹു ജനങ്ങളോട് ഔദാര്യമുള്ളവനാണ്. പക്ഷേ മനുഷ്യരിൽ അധികപേരും നന്ദി കാണിക്കുന്നില്ല (40/61). നിന്നും ഇരുന്നും കിടന്നും അല്ലാഹുവിനെ ഓർമിക്കുകയും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിപ്പിനെ കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുന്നവരുമാണവർ. (അവർ പറയും) ഞങ്ങളുടെ രക്ഷിതാവേ, നീ നിരർത്ഥകമായി സൃഷ്ടിച്ചതല്ല ഇത്. നീ എത്രയോ വിശുദ്ധൻ. അതിനാൽ നരക ശിക്ഷയിൽ നിന്ന് ഞങ്ങളെ നീ കാത്തുരക്ഷിക്കേണമേ (3/191).
ദിവസങ്ങളും ആഴ്ചകളും മാസങ്ങളും കഴിഞ്ഞുപോകുന്നത് മനുഷ്യായുസ്സിന്റെയും ഇഹലോക ജീവിതത്തിന്റെയും വിരാമത്തിന്റെ കൂടി അടയാളമാണെന്ന തിരിച്ചറിവാണ് പ്രധാനമായി വിശ്വാസിക്ക് വേണ്ടത്. ജീവിതത്തിലെ വിലയേറിയ നിമിഷങ്ങൾ സദ്പ്രവർത്തനങ്ങൾക്കുവേണ്ടി മാത്രം നീക്കിവെച്ച മഹാരഥന്മാരുടെ ജീവചരിതങ്ങൾ നമുക്ക് പാഠമാകണം. മഹാനായ ഇബ്‌നു മസ്ഊദ്(റ)വിന്റെ പ്രസ്താവന ശ്രദ്ധേയമാണ്. ഒരു ദിവസം അവസാനിക്കുകയും അതുമൂലം എന്റെ വയസ്സ് കുറയുകയും എന്റെ കർമങ്ങൾ വർധിക്കാതിരിക്കുകയും ചെയ്യുന്ന വിഷയത്തിൽ ഞാൻ ഖേദിച്ചതിനേക്കാൾ കൂടുതൽ മറ്റൊരു വിഷയത്തിലും എനിക്ക് ഖേദം തോന്നിയിട്ടില്ല. മുഫ്‌ളഉ ബിൻ യൂനുസ്(റ) പറയുന്നു: ഒരു ദിവസം ഞാൻ മുഹമ്മദ് ബിൻ നള്ർ(റ)വിനെ അതീവ ദുഃഖിതനായി കാണുകയുണ്ടായി. ഞാൻ ചോദിച്ചു: താങ്കൾക്ക് എന്തുപറ്റി? അപ്പോൾ അദ്ദേഹം പറഞ്ഞു: എന്റെ ആയുസ്സിൽ നിന്ന് ഒരു രാത്രി കൂടി കഴിഞ്ഞുപോയി. എനിക്ക് വേണ്ടി ഞാൻ സദ്കർമമൊന്നും സമ്പാദിച്ചിട്ടില്ല. ഈ പകലും ഇനി കഴിഞ്ഞുപോകും. ഞാൻ കാര്യമായി വല്ലതും ഈ പകലിലും സമ്പാദിക്കുമെന്ന് എനിക്ക് തോന്നുന്നില്ല (ഇബ്‌നു അബിദ്ദുൻയാ).
സമയത്തെ കുറിച്ചുള്ള ബോധം ജീവിതത്തെ സംബന്ധിച്ചുള്ള ജാഗ്രതയാണെന്ന തിരിച്ചറിവും ജീവിതം വിജയപ്രദമാക്കുന്നതിന് സമയത്തെ വേണ്ടതുപോലെ വിനിയോഗിക്കണമെന്ന ബോധവുമാണ് വിശ്വാസികൾക്ക് ആവശ്യം.
ഭൗതിക ജീവിതത്തിൽ വഞ്ചിതരാവരുതെന്നും പാരത്രിക ലോകത്തെ വിചാരണക്കു വേണ്ടി തയ്യാറാവണമെന്നും ഇസ്‌ലാം ഉണർത്തുന്നു. മനുഷ്യരേ, അല്ലാഹുവിന്റെ വാഗ്ദാനം സത്യമാണ്. തീർച്ച, ഐഹിക ജീവിതം നിങ്ങളെ വഞ്ചിതരാക്കാതിരിക്കട്ടെ. വഞ്ചകനായ പിശാചും അല്ലാഹുവിന്റെ കാര്യത്തിൽ നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ (35/5).
സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക. ഓരോ വ്യക്തിയും താൻ നാളേക്കു വേണ്ടി എന്ത് മുന്നൊരുക്കമാണ് ചെയ്തുവെച്ചിട്ടുള്ളതെന്ന് ആലോചിച്ചു കൊള്ളട്ടെ. നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക. തീർച്ചയായും അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നതിനെ കുറിച്ച് സൂക്ഷ്മമായി അറിയുന്നവനാണ് (59/18). ഉമർ(റ) പറയുന്നു: നിങ്ങൾ വിചാരണ ചെയ്യപ്പെടുന്നതിന് മുമ്പ് നിങ്ങൾ സ്വയം വിചാരണ ചെയ്യുക. നിങ്ങൾ (കർമങ്ങൾ) തൂക്കപ്പെടുന്നതിന് മുമ്പ് നിങ്ങൾ സ്വയം തൂക്കിനോക്കുക. ഇന്ന് നിങ്ങൾ സ്വയം ചെയ്യുന്ന വിചാരണ നാളെ നടക്കുന്ന നിങ്ങളുടെ വിചാരണയെ എളുപ്പമാക്കും. വലിയ (കർമങ്ങളുടെ) പ്രദർശനത്തിന് വേണ്ടി നിങ്ങൾ തയ്യാറാവുക. അന്നേ ദിവസം നിങ്ങൾ പ്രദർശിപ്പിക്കപ്പെടുന്നതാണ്. യാതൊരു അദൃശ്യ കാര്യവും നിങ്ങളിൽ നിന്ന് മറഞ്ഞുപോകുന്നതല്ല (69/18).
ലഭ്യമായ ജീവിത കാലയളവിൽ സുകൃതങ്ങൾ ചെയ്യുന്നവർക്ക് സ്വർഗവും ദുഷ്‌കർമങ്ങൾ ചെയ്യുന്നവർക്ക് നരകവും അല്ലാഹു സംവിധാനിച്ചിട്ടുണ്ടെന്ന് വിശുദ്ധ ഖുർആൻ പലയിടങ്ങളിൽ സൂചിപ്പിച്ചിട്ടുണ്ട്. ആര് അതിക്രമം കാണിക്കുകയും ഇഹലോക ജീവിതത്തിന് കൂടുതൽ പ്രാധാന്യം നൽകുകയും ചെയ്യുന്നുവോ (അവന്) കത്തിജ്ജ്വലിക്കുന്ന നരകം തന്നെയാണ് സങ്കേതം. ഏതൊരാൾ രക്ഷിതാവിനെ ഭയക്കുകയും ശരീരേച്ഛകളിൽ നിന്ന് മനസ്സിനെ വിലക്കി നിർത്തുകയും ചെയ്യുന്നുവോ അവർക്ക് സ്വർഗം തന്നെ സങ്കേതം (79/37-41). വല്ലവനും തന്റെ രക്ഷിതാവിനെ കണ്ടുമുട്ടണമെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ അവൻ സൽകർമം പ്രവർത്തിക്കുകയും തന്റെ രക്ഷിതാവിനുള്ള ആരാധനയിൽ യാതൊന്നിനെയും പങ്ക് ചേർക്കാതിരിക്കുകയും ചെയ്തുകൊള്ളട്ടെ (18/110).
ഇബ്‌നു ഉമർ(റ) പറയുന്നു: വൈകുന്നേരമായാൽ നിങ്ങൾ പ്രഭാതത്തെ പ്രതീക്ഷിച്ചിരിക്കരുത്. പ്രഭാതമായാൽ നിങ്ങൾ പ്രദോഷത്തെയും കാത്തിരിക്കരുത്. ആരോഗ്യ കാലത്ത് രോഗകാലത്തേക്കും ജീവിതകാലത്ത് മരണത്തിനും വേണ്ടി നിങ്ങൾ തയ്യാറായിക്കൊള്ളുക (സ്വഹീഹുൽ ബുഖാരി).
ഗതകാല തെറ്റുകൾ തിരുത്തി ഭാവി ഭാസുരമാക്കാൻ ശ്രമിക്കുകയാണ് ബുദ്ധിമാന്മാർ ചെയ്യേണ്ടത്. ഒരു വിശ്വാസിയെ ഒരു മാളത്തിൽ നിന്ന് രണ്ട് തവണ പാമ്പ് കടിക്കുകയില്ല എന്ന ഹദീസ് വിശ്രുതമാണ്. ജീവിതത്തിലുണ്ടായ തോൽവിയെ അഭിമുഖീകരിക്കാൻ പഠിക്കുന്നത് ഏറെ പ്രധാനമാണ്. ജീവിത പരാജയങ്ങൾ മാത്രം നോക്കി എന്റെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചു എന്ന് വിചാരിക്കുന്നവർ എക്കാലത്തും വിഷാദത്തിലേക്ക് വഴുതിവീഴുകയാണുണ്ടാവുക. ജീവിതത്തിലെവിടെയെങ്കിലും തോൽക്കുമ്പോഴല്ല, വീണ്ടും വിജയത്തിന് ശ്രമിക്കാതിരിക്കുമ്പോഴാണ് ഒരാൾ പരാജയപ്പെടുന്നതെന്ന ചിന്ത നമ്മെ മുന്നോട്ട് നയിക്കണം. തോൽവിയിൽ തളരാതെ തെറ്റുകൾ കണ്ടെത്തി അത് തിരുത്തി മുന്നേറുമ്പോൾ മാത്രമേ ഒരാൾക്ക് ലക്ഷ്യത്തിലെത്താൻ കഴിയൂ. വിജയത്തിൽ മതിമറക്കാതെയും പരാജയത്തിൽ തളരാതെയും ജീവിത നൗക തുഴയുമ്പോഴാണ് പരിശ്രമം വേണ്ടത്.
ആകുലതയും വ്യാകുലതയും പറഞ്ഞ് സമയം കളയുന്നതിനു പകരം ലഭിച്ച ഓരോ നിമിഷത്തെയും നിർമാണാത്മകമായി ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്. ചെയ്തുതീർക്കാനുള്ള കാര്യങ്ങൾ കൃത്യസമയത്ത് തന്നെ നടപ്പിലാക്കുക. കാര്യങ്ങളൊന്നും നീട്ടിവെക്കാതിരിക്കുക. ഓരോ ദിവസവും ഉറങ്ങുന്നതിനു മുമ്പ് അന്ന് ചെലവഴിച്ച സമയത്തെ ഓർക്കുന്നതും നല്ല കാര്യങ്ങൾ ചെയ്യാൻ എത്ര സമയം വിനിയോഗിച്ചു, അനാവശ്യമായി എത്ര സമയം കളഞ്ഞു തുടങ്ങിയ കാര്യങ്ങളെല്ലാം വിലയിരുത്തുക. അത് അടുത്ത ദിവസം അനാവശ്യമായി സമയം കളയാതെ അവ ഉപയോഗിക്കുക.
മരണം ആസന്നമാകുമ്പോൾ അൽപകാലം കൂടി ജീവിക്കാൻ അവസരം ലഭിച്ചെങ്കിൽ എന്നത് മനുഷ്യന്റെ വ്യാമോഹം മാത്രമാണെന്ന് അല്ലാഹു പറയുന്നുണ്ട്: നിങ്ങൾ ഓരോരുത്തർക്കും മരണം വരുന്നതിന് മുമ്പായി നാം നൽകിയതിൽ നിന്ന് നിങ്ങൾ ചെലവഴിക്കുക. മരണസമയം അവൻ ഇങ്ങനെ പറഞ്ഞേക്കാം; എന്റെ രക്ഷിതാവേ, അടുത്ത ഒരവധി വരെ നീ എനിക്ക് എന്തുകൊണ്ട് നീട്ടിത്തരുന്നില്ല? എങ്കിൽ ഞാൻ ദാനം നൽകുകയും സജ്ജനങ്ങളുടെ കൂട്ടത്തിലാവുകയും ചെയ്യുന്നതാണ്. ഒരാൾക്കും അയാളുടെ അവധിയെത്തിയാൽ അല്ലാഹു നീട്ടിക്കൊടുക്കുകയില്ല. അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു (63/10,11).
സമയവും ആരോഗ്യവും രണ്ട് പ്രധാനപ്പെട്ട അനുഗ്രഹങ്ങളാണ്. സമയം തികഞ്ഞില്ല എന്ന് പരാതി പറയുന്നതിന് പകരം ഓരോ കാര്യവും മുൻകൂട്ടി ചിന്തിച്ച് കാര്യക്ഷമതയോടെ ചെയ്തുതീർക്കാൻ ശ്രമിക്കണം. അലസമായ ജീവിതരീതി മാറ്റി സമയത്തെ നല്ല കാര്യങ്ങൾക്കു വേണ്ടി വിനിയോഗിച്ച് ആത്മീയ ഉയരങ്ങൾ കീഴടക്കാൻ നിരന്തരമായി പരിശ്രമിക്കുകയും വേണം.
സ്വതാൽപര്യങ്ങൾ സംരക്ഷിക്കുന്നതു പോലെ അപരരെ സഹായിക്കാനും സേവിക്കാനും സമയം കണ്ടെത്തണം. പാവപ്പെട്ടവരെ സഹായിക്കാനും രോഗികളെ പരിചരിക്കാനും സന്നദ്ധരാവണം. ഓരോ പുതിയ പ്രഭാതം പൊട്ടിവിടരുമ്പോഴും, ഓരോ പകൽ അസ്തമിക്കുമ്പോഴും ആയുസ്സിൽ നിന്ന് ഒരു ദിനമാണ് ചുരുങ്ങുന്നതെന്ന ബോധം വേണം. ഹസൻ ബസ്വരി(റ) പറയുന്നു: മനുഷ്യാ, നീ ഏതാനും ദിവസങ്ങളാണ്, ഓരോ ദിവസം കഴിയുമ്പോഴും നിന്റെ അൽപഭാഗമാണ് നഷ്ടപ്പെടുന്നത്.
ഭൗതികതയുടെ പ്രമത്തതയിൽ അഭിരമിച്ച് സമയം പാഴാക്കുകയും തിന്മകളുടെ കവാടങ്ങൾ മുന്നിൽ തുറക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ അനന്തമായ നരകശിക്ഷയുടെ പ്രത്യാഘാതങ്ങൾ ഓർമിക്കാനും സത്യത്തിന്റെ പക്ഷത്ത് നിലയുറപ്പിക്കാനും സർവ നൃശംസതകളോടും രാജിയാകാനും വിശ്വാസിക്ക് കഴിയണം. ഭൗതിക ലോകത്തെ താൽക്കാലിക ആശ്വാസങ്ങളിൽ വ്യാപൃതരായാൽ പാരത്രിക ലോകത്ത് നിന്ദ്യരും നിസ്സഹായരുമാകുമെന്ന ഖുർആനിക പാഠം ജീവിതത്തെ മുന്നോട്ട് നയിക്കണം. നിങ്ങൾ ക്ഷണികമായ ജീവിതത്തെ ഇഷ്ടപ്പെടുന്നു. പരലോകത്തെ നിങ്ങൾ ഒഴിവാക്കുന്നു. ചില മുഖങ്ങൾ അന്ന് പ്രസന്നതയുള്ളതും അവരുടെ റബ്ബിലേക്ക് നോക്കുന്നതുമായിരിക്കും. ചില മുഖങ്ങൾ അന്ന് കരുവാളിച്ചതാകും (ഖുർആൻ 20-25).
ജീവിത യാത്രയിൽ നന്മ പ്രവർത്തിക്കുന്നതിൽ അലസതയും ആരാധനകൾ ശരീരത്തിന് ഭാരമാകുന്ന സ്ഥിതിവിശേഷവും സംജാതമാകുമ്പോൾ സുഖലോക സ്വർഗത്തെക്കുറിച്ചുള്ള ആലോചനകൾ നമ്മെ സക്രിയരാക്കണം. സുകൃതങ്ങളാണ് സ്വർഗപ്രവേശത്തിന്റെ ഹേതുവെന്ന് മനസ്സിനെ ബോധ്യപ്പെടുത്തണം. തീർച്ചയായും പുണ്യവാന്മാർ (സ്വർഗത്തിൽ) ഒരു പാനപാത്രത്തിൽ നിന്ന് കുടിക്കുന്നതാണ്. കർപ്പൂരമായിരിക്കും അതിന്റെ ചേരുവ. അല്ലാഹുവിന്റെ അടിമകൾ കുടിക്കുന്ന ഒരു ഉറവു വെള്ളമാണത്. അവരത് ഒഴുക്കിക്കൊണ്ടിരിക്കും (76/5-6). അവർ ക്ഷമിച്ചതിനാൽ സ്വർഗത്തോപ്പുകളും പട്ടുവസ്ത്രങ്ങളും അവർക്ക് പ്രതിഫലമായി നൽകുന്നതാണ്. അവർ അവിടെ ചാരുകസേരകളിൽ ചാരിയിരിക്കും. വെയിലോ കൊടും തണുപ്പോ അവിടെയുണ്ടാവുകയില്ല. സ്വർഗത്തിലെ തണലുകൾ അവരുടെ അടുത്ത് നിൽക്കും. അതിലെ പഴങ്ങൾ പറിച്ചെടുക്കാൻ സൗകര്യമുള്ളതാക്കപ്പെട്ടതുമാണ്. വെള്ളിയുടെ പാത്രങ്ങളും സ്ഫടികം പോലെയുള്ള വെള്ളിക്കപ്പുകളുമായി അവർക്കിടയിൽ (സേവകർ) ചുറ്റിനടക്കുന്നതാണ് (76/12-15).
ഓരോ വർഷം കഴിയുമ്പോഴും നാം മരണത്തിലേക്ക് കൂടുതൽ അടുക്കുകയാണെന്ന ചിന്തയും പുതുവർഷം മനുഷ്യന് സമ്മാനിക്കുന്നു. സർവ സുഖങ്ങളെയും ഭേദിച്ചുകളയുന്ന മരണ സ്മരണ നിങ്ങൾ വർധിപ്പിക്കണമെന്നാണ് അല്ലാഹു ഓർമപ്പെടുത്തുന്നത്. നിങ്ങൾ എവിടെയാണെങ്കിലും മരണം നിങ്ങളെ പിടികൂടുക തന്നെ ചെയ്യും. നിങ്ങൾ ഭദ്രമായി കെട്ടിയുയർത്തിയ കോട്ടക്കകത്തായാലും മരണം നിങ്ങളെ പിടികൂടും (4/78) എന്ന ഖുർആനിക സൂക്തം നമ്മെ ഏറെ ചിന്തിപ്പിക്കണം. മരണം വാതിൽക്കലൊരുനാൾ, മഞ്ചലുമായ് വന്നുനിൽക്കുമ്പോൾ… എന്ന വയലാറിന്റെ വരികൾ പ്രസിദ്ധം.
കഴിഞ്ഞ കാലത്തു നാം അനുഭവിച്ച പ്രയാസങ്ങളിൽ നിന്ന് പാഠമുൾക്കൊള്ളാനും പുതിയൊരു ജീവിതരീതി കാഴ്ചവെക്കാനും നമുക്ക് കഴിയണം. സന്തോഷമോ ഉന്മേഷമോ ഇല്ലാതെ, ആശങ്കകളും ദുഃഖങ്ങളും അനിശ്ചിതത്വങ്ങളും കൂടുതൽ സമ്മാനിച്ച കോവിഡ് കാലത്ത് വിശേഷിപ്പിച്ചും. കനത്ത സാമ്പത്തിക പ്രതിസന്ധിയും സാമൂഹിക പ്രശ്‌നങ്ങളും സൃഷ്ടിച്ച കൊറോണ മനുഷ്യരാശിക്ക് നൽകിയ പാഠങ്ങൾ നാം വിസ്മരിക്കരുത്. ഉള്ളതുകൊണ്ട് ഓണം പോലെ എന്ന് പറയുന്നതു പോലെ, ചുരുങ്ങിയ ചെലവിൽ ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്ന് കോവിഡ് ജനങ്ങളെ നന്നായി പഠിപ്പിച്ചിട്ടുണ്ട്. ചെലവ് നിയന്ത്രിക്കുന്നതിൽ പ്രധാനം കുടുംബ ബജറ്റിനായതുകൊണ്ട് തന്നെ അതു സംബന്ധമായ നല്ല ശ്രദ്ധ വേണം. അനാവശ്യ ചെലവുകൾ ഇല്ലാതാക്കിയും വരവ് ചെലവുകൾ കൃത്യമാക്കി സമ്പാദ്യത്തിന് പ്രാധാന്യം നൽകുന്ന ചിട്ടയൊത്ത ഒരു കുടുംബ ബജറ്റ് നിർമിക്കാനും പാലിക്കാനും നമുക്ക് സാധിക്കണം.
വരവറിയാതെ ചെലവഴിക്കുന്നതാണ് മിക്ക കുടുംബങ്ങളുടെയും പ്രധാന പ്രതിസന്ധി. വരവ് ചെലവുകൾ കൃത്യമായി എഴുതിവെക്കുന്ന ശീലമുണ്ടെങ്കിൽ പണം എവിടെയൊക്കെയാണ് ചോർന്നതെന്നും കൂടുതൽ നല്ല രീതിയിൽ എങ്ങനെ കൈകാര്യം ചെയ്യാമെന്നും അറിയാൻ കഴിയും. ഇതു വരവറിഞ്ഞ് ചെലവഴിക്കാനും നിശ്ചിത തുക സമ്പാദ്യമായി നീക്കിവെക്കാനും സഹായിക്കും. കൃത്യമായ ധാരണയില്ലാതെ തോന്നിയതുപോലെ സാധനങ്ങൾ വാങ്ങി പണം മുഴുവൻ തീർത്ത് വീട്ടിലേക്ക് വരുന്നതിന് പകരം എന്തെല്ലാം വേണം, അവ എത്ര ദിവസത്തിനുള്ളതാണ് തുടങ്ങിയ ചിന്ത ആവശ്യമാണ്. ആഴ്ചയിലേക്കോ മാസത്തിലേക്കോ ഉള്ള ഒരു ബജറ്റ് തയ്യാറാക്കി നോക്കുക. മികച്ച ഫലം അനുഭവിച്ചറിയാം.
അണു കുടുംബങ്ങളും ത്വരിത ജീവിതങ്ങളും കൂടിയപ്പോൾ നഷ്ടപ്പെട്ട കുടുംബ ബന്ധങ്ങളിലെ ഊഷ്മളതയും സ്വകാര്യതയും ഒരളവോളം വീണ്ടെടുക്കാൻ കോവിഡ് നമുക്ക് അവസരം നൽകിയിട്ടുണ്ട്. സമ്പത്തിനു വേണ്ടിയുള്ള പരക്കം പാച്ചിലിനിടയിൽ, അത് മാത്രമല്ല ജീവിത സൗഭാഗ്യമെന്ന് മനുഷ്യർ തിരിച്ചറിഞ്ഞ നിമിഷം കൂടിയാണത്. പ്രധാന അവധികളിലെല്ലാം ബന്ധുവീടുകളിൽ പോവുകയും അവിടെ താമസിക്കുകയും ചെയ്തിരുന്നൊരു കാലം നമുക്കുണ്ടായിരുന്നല്ലോ. എന്നാൽ തിരക്കുകൾ കൂടിയപ്പോൾ അടുത്ത ബന്ധുക്കളുടെ പോലും വീടുകളിൽ പോകാതെ ഏതെങ്കിലും പൊതു ചടങ്ങുകളിൽ വെച്ച് മാത്രം കാണുന്ന തരത്തിലേക്ക് നമ്മുടെ കൂടിക്കാഴ്ചകൾ മാറി. സോഷ്യൽമീഡിയ വഴിയുള്ള പങ്കുവെക്കലുകൾ വർധിച്ചപ്പോൾ ബന്ധങ്ങളും യാന്ത്രികമായി. സമ്പത്ത് നേടാനുള്ള വ്യഗ്രതയിൽ സ്വന്തം വീട്ടിൽ സന്തുഷ്ടമായി കൂടുതൽ താമസിക്കാനോ മക്കളോടൊപ്പം സമയം ചെലവഴിക്കാനോ തീരെ കഴിയാതെയായി. ഇത്തരത്തിലുള്ള പല പ്രശ്‌നങ്ങൾക്കും ഒരളവോളം കോവിഡ് പരിഹാരമായിട്ടുണ്ട്. തുടർന്നുള്ള ജീവിതത്തിലും കുടുംബ ബന്ധത്തെ അണച്ചുകൂട്ടി മുന്നോട്ടു കൊണ്ടുപോകാൻ നമുക്ക് സാധിക്കണം.
വിവാഹം പോലുള്ള ചടങ്ങുകളിൽ നിലനിന്നിരുന്ന ധൂർത്തും ആർഭാടവും കൊറോണ ഉന്മൂലനം ചെയ്തിട്ടുണ്ട്. ആവശ്യാനുസരണം ചെലവഴിക്കുക എന്ന പ്രകൃതിയിലേക്ക് മനുഷ്യനെ പാകപ്പെടുത്തിയ പാൻഡമിക് കാലം ശേഷിക്കുന്ന ജീവിതത്തിലും നമുക്ക് മാതൃകയാവണം. നിശ്ചയം ധൂർത്തന്മാർ പിശാചിന്റെ സഹോദരങ്ങളാണ്. പിശാചോ തന്റെ നാഥനോട് നന്ദികെട്ടവനും (ഇസ്‌റാഅ് 27) എന്ന സൂക്തം നമ്മെ ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണ്. അമിതവ്യയത്തെ പൂർണമായി നിരുത്സാഹപ്പെടുത്തുന്നതും കണിശമായി നിരോധിക്കുന്നതുമാണ് ഇസ്‌ലാമിക ശൈലി. അറ്റമില്ലാതെ കിടക്കുന്ന സമുദ്രജലത്തിൽ നിന്ന് വുളൂഅ് ചെയ്യുകയാണെങ്കിലും മൂന്നിലേറെ തവണ അവയവങ്ങൾ കഴുകുന്നത് കറാഹത്താണെന്നാണ് ഇസ്‌ലാമിക കർമശാസ്ത്രം പഠിപ്പിക്കുന്നത്. ഏറ്റവും ലളിതവും പരിശുദ്ധവുമായി നടക്കേണ്ട വിവാഹം പോലും ധൂർത്തിന്റെ ഏറ്റവും വലിയ കേളീരംഗങ്ങളായി മാറിയ കാലത്താണ് കോവിഡ് ചില തിരുത്തലുകൾ വരുത്തിയത്. ഏറ്റവും അനുഗൃഹീത വിവാഹം ഏറ്റവും ചെലവ് കുറഞ്ഞ വിവാഹമാണെന്ന തിരുവചനത്തെ (ഹാകിം, അഹ്‌മദ്, ബൈഹഖി) സാക്ഷാൽകരിക്കാൻ കൊറോണ വേണ്ടിവന്നുവെന്നു പറയാം. ഇത്തരം ജീവിതാനുഭവങ്ങളിൽ നിന്ന് പാഠമുൾക്കൊണ്ടാവണം 2021-നെ പ്ലാൻ ചെയ്യാൻ.

സൈനിദ്ധീൻ ശാമിൽ ഇർഫാനി മാണൂർ

 

Exit mobile version