പരലോക വിശ്വാസം: യുക്തി പറയുന്നത്

മരണാനന്തര ജീവിതത്തെ കുറിച്ച് മതം കൃത്യമായി പറയുന്നുണ്ട്. ഭൗതിക ജീവിതം നശ്വരവും പരലോകം ശാശ്വതവുമാണെന്ന് ഖുർആൻ: നശ്വരമായ ഇഹലോകത്തേക്കാൾ ഉത്തമം ശാശ്വതമായ പരലോകമാണ് (92/3).
തീർച്ചയായും വിശ്വസിക്കുകയും സൽകർമങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരാരോ അവർ തന്നെയാകുന്നു സൃഷ്ടികളിൽ ഉത്തമർ. അവർക്ക് അവരുടെ രക്ഷിതാവിങ്കലുള്ള പ്രതിഫലം താഴ്ഭാഗത്തു കൂടി അരുവികളൊഴുകുന്ന, സ്ഥിരവാസത്തിനുള്ള സ്വർഗത്തോപ്പുകളാകുന്നു. അവരതിൽ നിത്യവാസികളായിരിക്കും (98/ 7,8).
പരലോകത്തെ കുറിച്ച് ഹദീസുകളിലും ധാരാളം കാണാം: മരണാനന്തര ജീവിതത്തിലേക്ക് തയ്യാറാകുന്നവനാണ് ബുദ്ധിമാൻ (തുർമുദി 2459). മരണവും ശേഷമുള്ള ജീവിതവും വിശ്വസിക്കൽ ഈമാനിന്റെ ഭാഗമാണ് (മുസ്‌നദ് അഹ്‌മദ് 2/107). മരണം ചെരിപ്പിന്റെ വാറിനേക്കാൾ അടുത്തതാണ് (ബുഖാരി 1889).
യുക്തിപരമായി ചിന്തിച്ചാലും പര ലോകത്തിന്റെ പ്രസക്തി നമുക്ക് ബോധ്യപ്പെടും. മനുഷ്യരുടെ കർമങ്ങൾക്ക് പൂർണമായ രക്ഷയും ശിക്ഷയും ലഭിക്കുന്ന ഒരു നിയമ വ്യവസ്ഥയോ നിയമ സംവിധാനമോ ഈ ലോകത്തില്ലെന്നത് തീർച്ചയാണ്. എന്നാൽ മനുഷ്യന്റെ സൽകർമങ്ങൾക്ക് പൂർണമായ പ്രതിഫലം ലഭിക്കണമെന്നത് ഏതൊരു മനസ്സും വിളിച്ചു പറയുന്ന ഒന്നാണ്. ഈ ലോകത്ത് ശാന്തിയും സമാധാനവും സ്ഥാപിക്കാനും മനുഷ്യസമൂഹത്തെ നന്മയിലേക്ക് നയിക്കാനും അഹോരാത്രം പരിശ്രമിക്കുകയും പ്രതിസന്ധി ഘട്ടങ്ങൾ തരണംചെയ്ത് ആ രംഗത്ത് ഉറച്ചുനിൽക്കുകയും ചെയ്ത, ലോകം കണ്ട മഹാന്മാർക്ക് അവർ ചെയ്ത പുണ്യകർമങ്ങളുടെ പൂർണമായ പ്രതിഫലം ഈ ലോകത്തുവെച്ച് ലഭിച്ചുവോ? ഒരിക്കലുമില്ല. പ്രത്യുത സമൂഹത്തിൽ നിന്ന് അവർക്ക് ഏറ്റുവാങ്ങേണ്ടി വന്നത് കൂക്കുവിളിയും കല്ലേറുകളും പരിഹാസവുമായിരുന്നില്ലേ? അവർ ചെയ്ത സൽകർമങ്ങൾക്ക് തക്ക പ്രതിഫലം അവർക്കു ലഭിക്കേണ്ടതില്ലേ? അതേ! ലക്ഷക്കണക്കായ മനുഷ്യരെ അകാരണമായി കൊന്നൊടുക്കിയ, ലോകം കണ്ട കൊടുംഭീകരന്മാർക്ക് അവർ ചെയ്ത കുറ്റകൃത്യങ്ങളുടെ പൂർണമായ ശിക്ഷ ഈ ലോകത്തുവെച്ച് ലഭിച്ചുവോ? ഇല്ലെന്നത് തീർച്ചയാണ്. കാരണം ഇവിടെയുള്ള നിയമ സംവിധാനങ്ങൾക്കോ നീതിപീഠത്തിനോ മനുഷ്യകർമങ്ങൾക്ക് പൂർണമായ രക്ഷയോ ശിക്ഷയോ നൽകാൻ സാധ്യമല്ല. അതിനാൽ, മനുഷ്യന്റെ നീതിബോധം പൂർണാർത്ഥത്തിൽ നീതി സാധ്യമാവുന്ന ലോകം വേണമെന്ന് ആഗ്രഹിക്കുന്നു.
ചെറിയ ചിന്തകൊണ്ടുതന്നെ പരലോകത്തിന് യുക്തമായ തെളിവുകൾ നമുക്ക് കാണാൻ കഴിയും. മനുഷ്യനെ വിലയിരുത്തുമ്പോൾ അവന് രണ്ട് പ്രധാന കഴിവുകളുണ്ടെന്ന് മനസ്സിലാക്കാം. 1. കാര്യത്തിൽ നിന്ന് കാരണം കണ്ടെത്താനുള്ള കഴിവ്. ഉദാ: മേശ കണ്ടാൽ അത് നിർമിച്ച ഒരു ആശാരി ഉണ്ടെന്ന് മനസ്സിലാക്കാം. നയന മനോഹരമായ ശിൽപഭംഗി ആസ്വദിക്കുമ്പോൾ അതിനു പിന്നിലെ ശിൽപിയെ കണ്ടെത്താം. പരകോടി സൃഷ്ടികളെ കാണുമ്പോൾ അവയുടെ സ്രഷ്ടാവിന്റെ ഉണ്മ ഗ്രഹിക്കാം. വളരെ ലളിതമായ യുക്തിയാണിത്.
2. ലക്ഷണങ്ങളിൽ നിന്ന് ഫലം കണ്ടെത്തുക. ഉദാ: ആകാശത്ത് കാർമേഘം കറുത്തിരുണ്ട് കണ്ടാൽ ഭൂമിയിൽ മഴ വർഷിക്കാനുള്ള സാധ്യത നാം മനസ്സിലാക്കുന്നു. ഇങ്ങനെ വിശകലനം ചെയ്യുമ്പോൾ ഈ ലോകത്തിന് ശേഷം മറ്റൊരു ജീവിതം അനിവാര്യമാണെന്ന് ബോധ്യപ്പെടും.
മനുഷ്യ ജീവിതത്തെ മൂന്ന് ഘട്ടങ്ങളായി തിരിക്കാം. മാതാവിന്റെ ഗർഭാശയത്തിലുള്ള ഘട്ടം, അതിനേക്കാൾ ദൈർഘ്യമേറിയ കർമലോകത്തെ ജീവിതഘട്ടം, ശാശ്വതമായ കർമഫലം അനുഭവിക്കുന്ന പരലോകഘട്ടം.
ഇതിൽ ഒന്നാം ഘട്ടമായ ഗർഭകാലം പരിശോധിച്ചാൽ രണ്ടാം ഘട്ടത്തിലേക്കുള്ള തെളിവുകൾ കാണാം. സൃഷ്ടിപ്പിന്റെ ലക്ഷ്യം പൂർത്തീകരിക്കപ്പെടണമെങ്കിൽ മറ്റൊരു ഘട്ടം ഉണ്ടായേ പറ്റൂ. ഉദാഹരണമായി, കണ്ണുകൾ സൃഷ്ടിക്കപ്പെട്ടത് കാണുന്നതിനാണ്. മാതാവിന്റെ വയറ്റിൽ വെച്ച് കുഞ്ഞിന് കാണാൻ കഴിയില്ല. അതു സാധ്യമാവാൻ വയറിന് പുറത്തുള്ള ലോകത്തേക്ക് വരണം. കാലുകൾ, കൈകൾ തുടങ്ങി ഓരോ അവയവത്തെ കുറിച്ചും ചിന്തിച്ചാൽ അവയുടെ ഉദ്ദേശ്യം പൂർത്തീകരിക്കപ്പെടാൻ വയറിന് പുറത്തു വരണമെന്ന് ബോധ്യമാകും. ജനനത്തോടെ മനുഷ്യശരീരത്തിന്റെ സൃഷ്ടിപ്പിന്റെ ഉദ്ദേശ്യം പൂർത്തീകരിക്കപ്പെടുന്ന ഒരു ലോകത്തേക്ക് എത്തിച്ചേരുകയാണ്.
ജനനത്തോടെ കർമലോകത്ത് എത്തുന്ന മനുഷ്യന് രണ്ട് രൂപത്തിലുള്ള കർമങ്ങളാണ് ചെയ്യാൻ സാധിക്കുക. നല്ലതും ചീത്തയും. സൽകർമിക്ക് രക്ഷയും ദുഷ്‌കർമിക്ക് ശിക്ഷയും നിരപരാധിക്ക് നീതിയുമാണ് ലഭിക്കേണ്ടത് എന്നത് മനുഷ്യന്റെ നീതിബോധത്തിന്റെ സ്വാഭാവിക തേട്ടമാണ്. അതിനായി മനുഷ്യൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. ജുഡീഷ്യറിയും മറ്റു നീതിന്യായ സംവിധാനങ്ങളും അതിന്റെ ഭാഗമാണ്. പക്ഷേ അതൊന്നും ലക്ഷ്യം പൂർണാർത്ഥത്തിൽ നിർവഹിക്കാൻ പര്യാപ്തമല്ല എന്നത് അവിതർക്കിതം.
ഒരു ഉദാഹരണം പറയാം, അർധരാത്രി ഒരു വീടിന് തീ പിടിക്കുന്നു. ഉറക്കിലായ വീട്ടുകാർ അതിൽ പെട്ടുപോവുന്നു. ഇതു കണ്ട് ഒരാൾ അവരെ രക്ഷിക്കാൻ ശ്രമിക്കുമ്പോൾ അദ്ദേഹവും പൊള്ളലേറ്റ് മരണപ്പെടുന്നു. അതേസമയം മറ്റൊരു വീട്ടിൽ മോഷണത്തിനായി കള്ളൻ കയറുന്നു. ഉണർന്ന ഗ്രഹനാഥനെ അയാൾ അടിച്ചുകൊന്നു. ബഹളം കേട്ട് ഉണർന്ന വീട്ടിലെ മറ്റംഗങ്ങളെയും ക്രൂരമായി വധിച്ചു. ഭാര്യയെ ബലാത്സംഘം ചെയ്ത ശേഷം അവളെയും കൊന്നു. പിന്നീട് എടുക്കാവുന്നത്ര സമ്പത്തും മോഷ്ടിച്ച് ഓടി രക്ഷപ്പെടുമ്പോൾ ഒരു കിണറ്റിൽ വീണ് അവനും മരണപ്പെടുന്നു. ഇവിടെ ഒന്നാമൻ ചെയ്തത് ഭൗതികമായി ചിന്തിച്ചാൽ ഒരു പാഴ്‌വേലയാണെങ്കിലും ധാർമിക വീക്ഷണത്തിൽ ഒരു സൽകർമമാണ്. സൽകർമത്തിന് പ്രതിഫലം ലഭിക്കണം. ഈ ലോകത്തുവെച്ച് അവന് പ്രതിഫലം നൽകാൻ ഏത് സംവിധാനത്തിന് സാധിക്കും? പരമാവധി ചെയ്യാൻ കഴിയുക അദ്ദേഹത്തിന് മരണാനന്തര ബഹുമതി നൽകുക എന്നതാണ്. മരണപ്പെട്ട വ്യക്തിക്ക് ബഹുമതി നൽകിയിട്ട് എന്ത് കാര്യം?
ക്രൂരതകളുടെ പരമ്പര ചെയ്തു മരണപ്പെട്ട രണ്ടാമന് അർഹമായ ശിക്ഷ നൽകാൻ കഴിയുന്ന സംവിധാനം ഈ ലോകത്തുണ്ടോ? അദ്ദേഹത്തിന്റെ ആക്രമണത്തിനിരയായി കൊല്ലപ്പെട്ട നിരപരാധികളായ വീട്ടുകാർക്ക് നീതി ലഭിക്കണം. ഈ ലോകത്ത് അതെങ്ങനെ സാധ്യമാകും?
സൽകർമിക്ക് പ്രതിഫലം നൽകുക, അപരാധിയെ ശിക്ഷിക്കുക, നിരപരാധികൾക്ക് നീതിയേകുക എന്നതു സാധ്യമാവാൻ മറ്റൊരു ലോകം വേണം. അത് സാധിക്കുന്ന ഇടമാണ് പരലോകം. ഇവിടെ കിണറ്റിൽ നിന്നു കള്ളന്റെ മൃതദേഹം പുറത്തെടുത്താൻ അതിനെ ശിക്ഷിക്കില്ല. കാരണം കള്ളൻ ചത്തുപോയി. അഥവാ അവന്റെ ‘സത്ത്’ പോയി. മനുഷ്യന്റെ സത്തിനെ (ആത്മാവിനെ) ശിക്ഷിക്കാനും രക്ഷിക്കാനും കഴിയുന്ന ഒരു ലോകം വേണമെന്നാണ് മനുഷ്യയുക്തി തേടുന്നത്. അതാണ് പരലോകം.
ഭൗതിക ലോകത്ത് സാധ്യമായ ശിക്ഷ തന്നെ നീതിപൂർവകമാവില്ല എന്നതാണ് മറ്റൊരു വസ്തുത. ഉദാഹരണം പറഞ്ഞാൽ, 1941-45 കാലഘട്ടങ്ങളിൽ അഡോൾഫ് ഹിറ്റ്‌ലറിന്റെ നേതൃത്വത്തിൽ നാസികൾ കൊന്നുതള്ളിയത് ആറ് മില്ല്യൻ മനുഷ്യരെയാണ്. നിരപരാധിയായ ഒരു വ്യക്തിയെ വധിച്ച കൊലയാളിയെയും ഹിറ്റ്‌ലറെയും ദൗതിക കോടതിക്കു മുന്നിലെത്തിച്ചാൽ രണ്ട് പേർക്കും പരമാവധി നൽകാനാവുന്നത് വധശിക്ഷയാണ്. ഇതെങ്ങനെ നീതിയാകും? മരണത്തിന്റെ കൈപ്പേറിയ വേദന ഹിറ്റ്‌ലർ ലക്ഷക്കണക്കിന് തവണ അനുഭവിക്കേണ്ടതില്ലേ? എന്നാൽ ഒന്നിലധികം തവണ മരണവേദന അനുഭവിക്കാൻ വകുപ്പില്ലാത്ത ഈ ലോകത്ത് സമ്പൂർണ നീതി അസാധ്യമാണെന്നത് സുവ്യക്തമല്ലേ?
അപ്പോൾ തിന്മയുടെ തോതനുസരിച്ച് ശിക്ഷയുടെ തോത് കൂടിയും കുറഞ്ഞുമിരിക്കണം. നന്മയുടെ തോതനുസരിച്ച് പ്രതിഫലത്തിന്റെ തോതും വ്യത്യാസപ്പെട്ടിരിക്കണം. അതെല്ലാം സാധ്യമാവുന്ന മറ്റൊരു ലോകം അനിവാര്യമാണെന്ന് യുക്തി വിളിച്ചുപറയും.
ഭൗതിക ലോകത്ത് അഭിപ്രായ വ്യത്യാസങ്ങൾ അസംഖ്യമാണ്. പ്രപഞ്ചത്തിന് സ്രഷ്ടാവുണ്ടെന്ന് ഉൾക്കൊള്ളുന്ന വിശ്വാസികളും സ്രഷ്ടാവിന്റെ അസ്തിത്വം നിഷേധിക്കുന്ന നിരീശ്വരവാദികളുമുണ്ട്. വിശ്വാസികൾക്കിടയിൽ തന്നെ അസംഖ്യം ഭിന്നതകളുണ്ട്.
കൂടാതെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മേഖലകളിൽ പ്രവർത്തിക്കുന്നവർക്കിടയിൽ അവസാനിക്കാത്ത അഭിപ്രായ ഭിന്നതകൾ കാണാം. ഇവക്കെല്ലാം ആത്യന്തികമായ പരിഹാരം ഈ ലോകത്ത് സാധ്യമല്ല എന്നത് സുനിശ്ചിതമാണ്. എന്നാൽ അഭിപ്രായ ഭിന്നതകൾ നീങ്ങി ഐക്യം നിലവിൽ വരണമെന്നത് എല്ലാ മനുഷ്യരും ഒരുപോലെ ആഗ്രഹിക്കുന്നു. അത്തരത്തിൽ എല്ലാവരെയും സത്യം ബോധ്യപ്പെടുത്തുന്ന ഒരു ലോകം വേണമെന്നാണ് യുക്തി പറയുന്നത്.

അവിശ്വാസം അരാജകത്വത്തിലേക്ക്

ഒരേ വീട്ടിലെ 25, 27 വയസ്സുള്ള രണ്ടുപേർ. ഒരാൾ അന്യസ്ത്രീകളെ ഉപദ്രവിക്കാതെ തന്റെ വൈകാരിക ചിന്തകളെല്ലാം അടക്കിപ്പിടിച്ച്, ധാർമിക മൂല്യങ്ങൾക്ക് വില കൽപിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോയി അവസാനം മരണപ്പെട്ടു. രണ്ടാമൻ തന്റെ വൈകാരിക ചിന്തകളും താൽപര്യങ്ങളും കയറൂരി വിട്ട് കണ്ണിൽ കണ്ട സ്ത്രീകളെയെല്ലാം ഉപദ്രവിച്ചു. ലൈംഗികദാഹം തീർക്കാനായി അവരെ ബലാൽക്കാരത്തിന് വിധേയരാക്കി. സാധ്യമായ രൂപത്തിലെല്ലാം മറ്റുള്ളവരെ ദ്രോഹിച്ചു. അന്യന്റെ സമ്പത്ത് കവർന്നു, ഒരു പക്കാ ക്രിമിനലായി ജീവിതം ആർമാദിച്ച് തീർത്തു. ഇയാളെ പോലെ ജീവിതം ആർമാദിച്ച് തുലക്കാൻ ഒന്നാമനും അവസരമുണ്ടായിരുന്നു. നന്മ തിന്മയനുസരിച്ച് ശിക്ഷ/രക്ഷ ഇല്ല എന്ന് വിശ്വസിക്കുന്ന ഭൗതികവാദിയെ സംബന്ധിച്ചിടത്തോളം ധാർമിക മൂലങ്ങൾ സൂക്ഷിച്ച് കളങ്കരഹിത ജീവിതം നയിച്ച ഒന്നാമൻ ഒരു പടു വിഡ്ഢിയാണ്. രണ്ടാമൻ തികഞ്ഞ ബുദ്ധിമാനും. മരണത്തോടെ എല്ലാം അവസാനിക്കുമെന്നുവന്നാൽ സൽകർമിയും ദുഷ്‌കർമിയും ഇഹലോക ജീവിതശേഷം തുല്യരാവും. എങ്കിൽ പിന്നെ എന്തിന് ധാർമികത പുലർത്തണമെന്ന് ജനങ്ങൾ ചിന്തിച്ചേക്കാം. പരമാവധി കുറ്റകൃത്യങ്ങൾ ചെയ്യാൻ അവന്റെ യുക്തിചിന്ത അവനെ പ്രേരിപ്പിക്കും. മറ്റുള്ളവരുടെ ധനം എത്ര അപഹരിക്കുന്നുവോ, എത്ര പെൺകുട്ടികളെ ബലാത്സംഗം ചെയ്യുന്നുവോ അത്രയും ലാഭമെന്ന് അവർ ചിന്തിക്കും. ലൈഫ് ഫോർ എൻജോയ്‌മെന്റ് എന്ന തത്ത്വത്തിലേക്ക് സമൂഹം എത്തിച്ചേരും. അവനവന്റെ ആസ്വാദനം മാത്രം ലക്ഷ്യമാവുമ്പോൾ സഹജീവികളോടുള്ള കരുണ, സഹവർത്തിത്വം, മനുഷ്യത്വം, കുലീനത, ധാർമികത തുടങ്ങിയ മൂല്യങ്ങൾക്ക് വിലയുണ്ടാവില്ല. മറ്റുള്ളവർ വേദനിച്ചാലും സ്വന്തം നേട്ടം കൊയ്യുക എന്ന സ്വാർത്ഥതയിലേക്ക് അവൻ ചുരുങ്ങും. കൊള്ള, കൊലപാതകം, ലൈംഗികാതിക്രമം എന്നിവ ജീവിതലക്ഷ്യമായി മാറും. തീരുമാനിച്ചതിലും കുറവ് അതിക്രമങ്ങൾക്ക് മാത്രം ഒരു ദിവസം സാധ്യമായാൽ ഇത്തരക്കാർക്ക് അത് വലിയ നിരാശയായിരിക്കും നൽകുക.
ഇഹലോകം നശ്വരമാണെന്നും പരലോകമാണ് ശാശ്വതമെന്നും ഉൾക്കൊള്ളുന്ന വിശ്വാസിയെ സംബന്ധിച്ചിടത്തോളം ജീവിതത്തിലുണ്ടാകുന്ന തിരിച്ചടികളെ നേരിടാൻ അവന് സാധിക്കും. ഇവിടന്ന് അനുഭവിക്കുന്ന വേദനകളെല്ലാം പരലോകത്ത് മധുരാനുഭവങ്ങളായി കാത്തിരിക്കുമെന്നത് അവനെ കൂടുതൽ ശക്തനാക്കും. ഇവിടെവെച്ച് കാലിലൊരു മുള്ള് തറച്ചാൽ പോലും പരലോകത്ത് ഉയർന്ന പ്രതിഫലം ലഭിക്കുമെന്ന് വിശ്വസിക്കുന്നവർക്ക് ഏത് പ്രതിസന്ധി ഘട്ടത്തിലും ആടാതെ, ഉലയാതെ പിടിച്ചുനിൽക്കാൻ സാധിക്കും. എന്നാൽ ഭൗതിക ജീവിതമാണ് ആത്യന്തികമെന്നും ഇവിടത്തെ ജയാപജയങ്ങൾ അന്തിമമാണെന്നും വിശ്വസിക്കുന്നവർക്ക് അത് സാധിക്കില്ല. ഇവിടെ അനുഭവിക്കുന്ന നഷ്ടങ്ങളും നേരിടേണ്ടിവരുന്ന ദുരന്തങ്ങളും അവനെ ദുർബലനാക്കിക്കൊണ്ടേയിരിക്കും. വ്യക്തിജീവിതത്തിലും സാമൂഹിക ജീവിതത്തിലും നേരിടുന്ന ഓരോ പ്രതിസന്ധിയും അവനെ നിരാശയുടെ ആഴക്കയത്തിലേക്ക് തള്ളിവിടും. അത്തരക്കാർ ജീവിതത്തിൽ നിന്ന് ഒളിച്ചോടി മരണം വരിക്കാനുള്ള വ്യഗ്രത കാണിക്കും. മതവിശ്വാസം വെച്ചുപുലർത്തുന്ന രാഷ്ട്രങ്ങളിൽ അല്ലാത്ത രാജ്യങ്ങളെക്കാൾ ആത്മഹത്യാ നിരക്ക് കുറവാണെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത് ഇതിനോട് ചേർത്ത് വായിക്കണം.

 

അസീസ് സഖാഫി വാളക്കുളം

Exit mobile version