പരലോക ശിപാർശകളുടെ നായകൻ

പരലോകത്ത് അഞ്ചു ശഫാഅത്തു(ശിപാർശ)കളാണുണ്ടാവുക. ഇതിൽ നാലെണ്ണവും മുഹമ്മദ് നബി(സ്വ)ക്ക് മാത്രം പ്രത്യേകമാണ്. ഏറ്റവും പ്രധാനപ്പെട്ടത് ശഫാഅത്തുൽ ഉള്മയാണ്. ആദ്യത്തെ ശഫാഅത്തിൽ എല്ലാ മനുഷ്യരും ഉൾപ്പെടുമെങ്കിലും ബാക്കിയുള്ള നാലു ശഫാഅത്തും മുസ്‌ലിമായി മരണപ്പെട്ടവർക്ക് മാത്രമേ ലഭിക്കൂ. ഖുർആൻ കൊണ്ടും ഹദീസുകൾ കൊണ്ടും ഇജ്മാഅ് കൊണ്ടും സ്ഥിരപ്പെട്ട ഇക്കാര്യം വിശ്വസിക്കൽ മുസ്‌ലിമായ ഏതൊരാൾക്കും നിർബന്ധമാണ്.

എന്താണ് ശഫാഅത്ത്?

ജീവിച്ചിരിക്കുന്ന ഒരു വ്യക്തി ജീവിച്ചിരിക്കുന്നവരോ മരണപ്പെട്ടവരോ ആയ മറ്റൊരു വ്യക്തിയുടെ നന്മക്കുവേണ്ടി അപേക്ഷിക്കലാണ് ശഫാഅത്ത് എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. അല്ലാഹുവിനാണ് മുഴുവൻ ശിപാർശകളുമെന്നു ഖുർആനിൽ(39:44) പറഞ്ഞതുകൊണ്ടുള്ള ഉദ്ദേശ്യം ശഫാഅത്തുകൾ ചെയ്യാനുള്ള സമ്മതം അല്ലാഹുവിൽ നിക്ഷിപ്തമാണെന്നാണ്. അതുകൊണ്ടുതന്നെ അവൻ സമ്മതം നൽകിയവർക്കേ ശഫാഅത്തിനുള്ള അധികാരം ലഭിക്കൂ(2:255). ആർക്കുവേണ്ടിയാണ് ചെയ്യാൻ പറ്റുകയെന്ന് തീരുമാനിക്കാനുള്ള അവകാശവും അല്ലാഹുവിൽ നിക്ഷിപ്തമാണ്.

ശഫാഅത്തുൽ ഉള്മ

ശഫാഅത്തുകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണിത്. നബി(സ്വ)ക്ക് മാത്രമാണ് അല്ലാഹു ഈ സ്തുത്യർഹമായ സ്ഥാനം നൽകിയിട്ടുള്ളത്. ഇസ്‌റാഫീൽ(അ) സൂർ കാഹളത്തിൽ രണ്ടാമതായി ഊതുമ്പോൾ പുനർജീവിപ്പിക്കപ്പെടുന്ന മനുഷ്യർ ചുട്ടുപൊള്ളുന്ന മഹ്ശറയിൽ നഗ്‌നരായാണ് സംഗമിക്കുക. ആരും സഹായിക്കാനോ തിരിഞ്ഞുനോക്കാനോ ഇല്ലാത്ത സമയം. ഓരോരുത്തരും തന്റെ അവസ്ഥ എന്തായിരിക്കുമെന്ന് ഭയന്നുവിറക്കും. തലക്കു തൊട്ടുമുകളിൽ ജ്വലിച്ചുനിൽക്കുന്ന സൂര്യന്റെ അതിശക്തമായ ചൂടേറ്റ് വിയർപ്പിൽ മുങ്ങിയ ഭീതിതമായ അവസ്ഥയിൽ നിന്ന് രക്ഷപ്പെടുത്താൻ അല്ലാഹുവിനോട് ശിപാർശ ചെയ്യാൻ അഭ്യർത്ഥിച്ച് ജനങ്ങളെല്ലാവരും ആദ്യം പോവുക ആദം നബി(അ)യുടെ അടുത്തേക്കായിരിക്കും. പിന്നീട് നൂഹ്(അ)ന്റെയും ഇബ്‌റാഹീം നബി(അ)ന്റെയും സമീപത്തേക്കും തുടർന്ന് മൂസാ(അ), ഈസാ(അ)യും സവിധത്തിലെത്തും. അവരെല്ലാം വിവിധ കാരണങ്ങൾ പറഞ്ഞൊഴിയുമ്പോൾ അവസാനം മുഹമ്മദ് നബി(സ്വ)യുടെ അടുത്തേക്ക് വരും. അപ്പോൾ ‘ഞാനതിന് അർഹനാണ്’ എന്നു പറഞ്ഞ് എല്ലാ സൃഷ്ടിജാലങ്ങൾക്കും വേണ്ടി അവിടന്ന് ശിപാർശ ചെയ്യും.
ആദ്യം തന്നെ ഞങ്ങളെ രക്ഷിക്കണേ എന്നു പറഞ്ഞ് റബ്ബിനോട് ശിപാർശ ചെയ്യുന്നതിനു പകരം പ്രകീർത്തിച്ചും സ്തുതികളർപ്പിച്ചും അല്ലാഹുവിനു വേണ്ടി അർശിനു താഴെ സുജൂദ് ചെയ്യും. ദീർഘനേരം നീണ്ടുനിൽക്കുന്ന ഈ സുജൂദിൽ നിന്ന് തല ഉയർത്താനും അങ്ങേക്ക് ആവശ്യമുള്ളതെല്ലാം ചോദിക്കാനും അല്ലാഹു നിർദേശിക്കുമ്പോഴാണ് അവിടന്ന് ശഫാഅത്ത് ചെയ്യുക. ശഫാഅത്തുൽ ഉള്മ എന്ന ഈ സ്തുത്യർഹമായ സ്ഥാനം ഈ രൂപത്തിൽ കാണിച്ചുകൊടുക്കുന്നതിലൂടെ അവിടന്ന് എല്ലാ പ്രവാചകന്മാരെക്കാളും ശ്രേഷ്ഠരാണെന്ന് ജനങ്ങൾക്ക് ബോധ്യപ്പെടുത്തി കൊടുക്കുകയാണ് അല്ലാഹു.

മറ്റു ശഫാഅത്തുകൾ

ശഫാഅത്തുൽ ഉള്മക്ക് ശേഷം മഹ്ശറയിൽ ഒരുമിച്ചുകൂട്ടപ്പെട്ടവരിൽ നിന്നും വിചാരണയോ ഏടുകൾ സ്വീകരിക്കലോ മീസാനോ ഇല്ലാതെ ഒരു വിഭാഗം മുസ്‌ലിം വിശ്വാസികളെ സ്വർഗത്തിൽ പ്രവേശിപ്പിക്കാനായി നടത്തുന്ന ശഫാഅത്താണ് രണ്ടാമത്തേത്. ഇതും നബി(സ്വ)ക്ക് പ്രത്യേകമായതാണ്. ഈ ശഫാഅത്ത് ലഭിക്കാനാണ് അഞ്ചു നേരത്തെ വാങ്കുകൾക്ക് ശേഷം ‘നീ വാഗ്ദത്തം ലംഘിക്കുന്നവനല്ല, അന്ത്യനാളിലെ ഹബീബിന്റെ ശഫാഅത്തിൽ ഞങ്ങളെ ഉൾപ്പെടുത്തണേ’ എന്ന് അഹ്‌ലുസ്സുന്നത്തിന്റെ ആശയം മുറുകെ പിടിക്കുന്ന വിശ്വാസികൾ പ്രാർത്ഥിക്കുന്നത്.

സൽകർമങ്ങളെക്കാൾ തിന്മകൾ ചെയ്തുപോയ വിശ്വാസികളെ നരകത്തിൽ പ്രവേശിപ്പിക്കാതെ തെറ്റുകളെല്ലാം പൊറുത്ത് സ്വർഗത്തിൽ പ്രവേശിപ്പിക്കാൻ വേണ്ടി നടത്തുന്ന ശഫാഅത്താണ് മൂന്നാമത്തേത്. ഭൂരിഭാഗം പണ്ഡിതരുടെയും അഭിപ്രായം ഇതും റസൂൽ(സ്വ)ക്ക് മാത്രമുള്ളതാണെന്നാണ്.

സ്വർഗത്തിൽ പ്രവേശിക്കുന്നവരുടെ സ്ഥാനത്തിലും വ്യത്യാസമുണ്ട്. കൂടുതൽ സൽക്കർമങ്ങൾ ചെയ്തവർക്ക് ഉയർന്ന സ്ഥാനമായിരിക്കും. നന്മകൾക്കനുസരിച്ചാണ് സ്ഥാനം നിർണയിക്കപ്പെടുക. അതുകൊണ്ടു തന്നെ ഒരേ കുടുംബത്തിൽപെട്ടവർ വ്യത്യസ്ത സ്ഥാനങ്ങളിലായിരിക്കാം. അപ്പോൾ ഉയർന്ന സ്ഥാനത്തുള്ളവർ താഴ്ന്ന സ്ഥാനക്കാരെ ഉയർന്ന സ്ഥാനത്താക്കാൻ വേണ്ടി തിരുദൂതരോട് അപേക്ഷിക്കുമ്പോൾ അവിടന്ന് അല്ലാഹുവിനോട് നടത്തുന്ന ശഫാഅത്താണ് നാലാമത്തേത്. ഇതും നബി(സ്വ)ക്ക് മാത്രമുള്ളതാണെന്നാണ് ഭൂരിപക്ഷം പണ്ഡിതരുടെയും അഭിപ്രായം.

അഞ്ചാമത്തെ ശഫാഅത്തിന് നബി(സ്വ)ക്ക് പുറമേ മറ്റു അമ്പിയാക്കൾക്കും മലക്കുകൾക്കും സ്വഹാബത്തിനും സ്വാലിഹീങ്ങൾക്കുമെല്ലാം അവസരമുണ്ട്. തിന്മ കൂടുതലായതിന്റെ പേരിൽ നരകശിക്ഷ അനുഭവിക്കുന്ന വിശ്വാസികൾക്ക് അതിൽ നിന്ന് മോചനം ലഭിച്ച് സ്വർഗത്തിൽ പ്രവേശിക്കാൻ വേണ്ടി അല്ലാഹുവിനോട് നടത്തുന്ന ശഫാഅത്താണിത്. ഈ ശഫാഅത്ത് മുഖേന തന്റെ കുടുംബത്തെയും സുഹൃത്തുകളെയും മറ്റും സ്വർഗത്തിൽ പ്രവേശിപ്പിക്കാൻ വിശ്വാസികൾക്ക് കഴിയും.

ശഫാഅത്ത് വിശ്വസിക്കൽ

നബി(സ്വ)ക്കുള്ള അഞ്ച് ശഫാഅത്തും മറ്റുള്ളവർക്കുള്ള അഞ്ചാമത്തെ ശഫാഅത്തും കൊണ്ട് വിശ്വസിക്കൽ നിർബന്ധമാണ്. എങ്കിലേ വിശ്വാസം പൂർണമാകൂ. ശിപാർശ സ്വീകരിച്ച് നരകത്തിലാണോ സ്വർഗത്തിലാണോ എന്ന് തീരുമാനിക്കുന്നത് അല്ലാഹുവാണെന്നും വിശ്വാസിക്ക് തിരുനബി(സ്വ)യോട് ശിപാർശക്കായി അഭ്യർത്ഥിക്കാമെന്നുമാണ് അഹ്‌ലുസ്സുന്നയുടെ നിലപാട്. തിരുദൂതരുടെ പത്തു വർഷത്തെ സേവകനായ അനസ്(റ) മഹ്ശറയിൽ വെച്ച് തനിക്ക് ശഫാഅത്ത് ചെയ്യണേ എന്ന് സഹായാർത്ഥന നടത്തിയപ്പോൾ റസൂൽ(സ്വ) പ്രതികരിച്ചു: അല്ലാഹു തൗഫീഖ് ചെയ്താൽ താങ്കൾക്കു വേണ്ടി ഞാൻ ശഫാഅത്ത് ചെയ്യും (തുർമുദി). ഇപ്രകാരം പരലോകത്തുവെച്ച് ശഫാഅത്തിനായി നബി(സ്വ)യോട് വേറെയും സ്വഹാബികൾ നേരിട്ട് അഭ്യർത്ഥിച്ചതായി ഹദീസുകളിൽ വന്നിട്ടുണ്ട്.
വൻദോഷങ്ങൾ ചെയ്ത് തൗബ നടത്തുന്നതിനു മുമ്പ് മരണപ്പെട്ടവർക്കു വേണ്ടി മുഹമ്മദ്(സ്വ) ശഫാഅത്ത് ചെയ്യില്ല എന്നാണ് പുത്തൻവാദികളായ മുഅ്തസിലത്തുകാരുടെ വാദം. എന്നാൽ നബി(സ്വ) അവർക്ക് വേണ്ടിയും ശഫാഅത്ത് നടത്തുകയും അതു മുഖേന അവരുടെ തെറ്റുകൾ പൊറുക്കപ്പെടുകയും ചെയ്യുമെന്ന് അഹ്‌ലുസ്സുന്ന വിശ്വസിക്കുന്നു. പ്രവാചകർ(സ്വ) പറഞ്ഞു: എന്റെ ഉമ്മത്തിലെ വൻദോഷം ചെയ്തുപോയവർക്കാണ് എന്റെ ശഫാഅത്ത് (തുർമുദി). ഇത് വിശ്വസിക്കൽ നിർബന്ധം. അപ്പോഴേ ഈമാൻ പൂർണമാകൂ.

സയ്യിദ് സൽമാൻ അദനി കരിപ്പൂർ

 

Exit mobile version