പരിസ്ഥിതി സംരക്ഷണം പ്രവാചകരീതി

മനുഷ്യനിണങ്ങിയ ആവാസവ്യവസ്ഥ പ്രപഞ്ചനാഥന്റെ ക്രമീകരണമാണ്. മനുഷ്യന്റെയും അവനു വേണ്ടിയുള്ളതിന്റെയും സൃഷ്ടിപ്പിന്റെ ലക്ഷ്യം സാക്ഷാത്കരിക്കപ്പെടുന്നതിനുള്ള സാഹചര്യം പ്രപഞ്ചസംവിധാനത്തില്‍ പ്രകടമായിക്കാണുന്നതാണ്. മാന്യനായ ഒരു ഉപഭോക്താവിന്റെ റോളാണ് പ്രപഞ്ചത്തില്‍ മനുഷ്യന്‍ നിര്‍വഹിക്കേണ്ടത്. നാശകാരിയും ചൂഷകനുമായിത്തീരുന്നത് സ്വന്തം അസ്തിത്വത്തെ തന്നെ നിരാകരിക്കലാണ്. പ്രപഞ്ചസംവിധാനത്തോടുള്ള മനുഷ്യന്റെ ബന്ധത്തെ സ്രഷ്ടാവിനോടുള്ള ബന്ധത്തിന്റെ പരിധിയിലും പരിക്രമത്തിലും പെടുത്തിയിട്ടുണ്ട് വിശുദ്ധ ഇസ്‌ലാം. പ്രപഞ്ചത്തോടും അതിലെ നിവാസികളോടും മറ്റും പ്രതിലോമപരമോ സംഹാരാത്മകമോ ആയ സമീപനം നിലനിര്‍ത്തിക്കൊണ്ട് പ്രപഞ്ചനാഥനോടുള്ള ബന്ധം ഊഷ്മളമാക്കാന്‍ സാധ്യമല്ല. സ്രഷ്ടാവിനോടെന്നപോലെ സൃഷ്ടികളോടും മനുഷ്യന്റെ ബന്ധം മാന്യവും ഗുണകരവുമായിരിക്കണം.
ഇസ്‌ലാമിലെ വിധിവിലക്കുകളും ധാര്‍മിക വ്യവസ്ഥയും മനുഷ്യന്റെ നിയോഗത്തെ സാക്ഷാത്കരിക്കുന്നതിനുള്ള മാര്‍ഗമാണ്. കാരണം മനുഷ്യന്‍ ഭൂമിയില്‍ അല്ലാഹുവിന്റെ ഖലീഫ (പ്രതിനിധി)യാണ്. ഖിലാഫത്തിന്റെ അനുഷ്ഠാനവും പ്രയോഗ രീതിയും അല്ലാഹു തന്നെ നിര്‍ണയിക്കുകയും ചെയ്തിരിക്കുന്നു. ലംഘിക്കപ്പെടരുതെന്ന് കണിശതയുള്ള നിര്‍ദേശങ്ങളും നിരോധനങ്ങളും നിയമപരമായ ഒരു തലത്തെമാത്രം ലക്ഷ്യമിട്ടുള്ളതല്ല. ജീവിത സുസ്ഥിതിയെയും സുരക്ഷിതത്വത്തെയും ബാധിക്കുന്നതാണ്. ചില നിര്‍ദേശങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും പ്രാപഞ്ചിക വ്യവസ്ഥയുമായി നേരിട്ടുതന്നെ ബന്ധമുണ്ട്. അവ ലംഘിക്കപ്പെടുന്നത് പ്രത്യാഘാതങ്ങളുണ്ടാക്കും.
മനുഷ്യന്റെ ആവാസ വ്യവസ്ഥയുടെയും അതിന്റെ ആനുകൂല്യങ്ങളുടെയും സുരക്ഷിതത്വം പ്രധാനമാണ്. കാരണം മനുഷ്യന്‍ തന്റെ ഖിലാഫത്തിന്റെ നിര്‍വഹണം നടത്തേണ്ടത് അവന്‍ അധിവസിക്കുന്ന ഭൂമിയിലാണ്. ഭൂമിയില്‍ അവന്റെയും അവനുവേണ്ട എല്ലാത്തിന്റെയും നില സുരക്ഷിതമായെങ്കിലേ ബാധ്യത നിര്‍വഹിക്കാനാവുകയുള്ളൂ. അതോടൊപ്പം തന്റെ പരിസരത്തിന്റെ സംരക്ഷണവും അവന്റെ ബാധ്യതയില്‍ പെട്ടതാണ്. നിര്‍മിക്കാനും നശിപ്പിക്കാനും സാധിക്കുന്ന സൃഷ്ടി എന്ന നിലയില്‍ മനുഷ്യന്‍ സ്വന്തം പരിസരത്തെ വ്യവസ്ഥാപിതമായും ഗുണപരമായും മാത്രമാണ് സമീപിക്കേണ്ടത്.
ചേതനവും നിശ്ചേതനവുമായ എല്ലാ സൃഷ്ടികളും അവയുടെ സൃഷ്ടിലക്ഷ്യത്തിന് വിധേയപ്പെടുന്നവയാണ്. ക്രമനിബദ്ധവും സമതുലിതവുമായി അവ ഉപയോഗപ്പെടുത്താന്‍ മനുഷ്യന് അല്ലാഹു അവസരം നല്‍കിയിട്ടുമുണ്ട്. ഭൂമിയില്‍ അല്ലാഹുവിന്റെ ഖലീഫയായതിനാല്‍ തനിക്ക് ലഭിച്ചിട്ടുള്ള ആദരണീയതയെ അതിനിണങ്ങാത്ത ഒരു പ്രവര്‍ത്തനം കൊണ്ട് ന്യൂനമോ മലിനമോ ആക്കരുത്. ജീവിക്കാനാവശ്യമായ വിഭവങ്ങളന്വേഷിച്ചും അതില്‍ അതിമോഹിച്ചും നാശഹേതുകമായ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൂടാ. വിഹിതമായതേ നേടാവൂ.
‘ആദം സന്തതികളെ നാം ആദരിച്ചിരിക്കുന്നു. നല്ല വിഭവങ്ങള്‍ അവര്‍ക്ക് നാം നല്‍കുകയും അവരെ കടലിലും കരയിലും നാം വഹിപ്പിക്കുകയും ചെയ്തു’ (ഇസ്റാഅ്/70).
ഉത്തമ വിഭവ ലഭ്യതയും സൗകര്യപ്രദമായ സഞ്ചാര സൗകര്യവും മറ്റും മനുഷ്യന് നല്‍കപ്പെട്ട അനുഗ്രഹങ്ങളാണ്. ജീവിതവിഭവമന്വേഷിക്കുന്നതിന് സ്വീകരിക്കുന്ന മാര്‍ഗങ്ങളും നല്ലതായിരിക്കണം. അവിടെ അതിരുകടന്ന സ്വാര്‍ത്ഥതയോ അപരന്റെ അവകാശ നിഷേധമോ അവസര നിഷേധമോ അരുത്.
മനുഷ്യനല്ലാത്തവയും അല്ലാഹുവിന്റെ സൃഷ്ടികളാണെന്നിരിക്കെ അവയില്‍ നമ്മുടെ അധികാരാവകാശങ്ങളുടെ പരിധി അവന്‍ തന്നെയാണ് നിശ്ചയിക്കേണ്ടത്. മനുഷ്യന്റെ പരിസരവും ആവാസകേന്ദ്രവും ഒരു കാലത്തേക്കോ, അക്കാലത്തുള്ളവര്‍ക്കു മാത്രമോ ഉള്ളതല്ല. അവയുടെ അവകാശികളായി ഇനിയും ഏറെപ്പേര്‍ വരാനുണ്ട്. ഓരോ കാലത്തെ മനുഷ്യരും ഇവിടെ ഗുണഭോക്താക്കളാണ്. നാം നമ്മുടെ ജീവിത സമൃദ്ധി പരിഗണിക്കുന്ന പോലെ, തനിക്ക് ശേഷവും നിലനില്‍ക്കുകയും ഉപയുക്തമാവുകയും ചെയ്യേണ്ട തന്റെ പരിസരത്തോടും ഗുണപരമായ സമീപനം സ്വീകരിക്കണം.
അല്ലാഹുവിന്റെ ഖലീഫ എന്ന നിലയില്‍ സ്വീകരിക്കേണ്ട രീതിയുടെ പരിധിയില്‍ അവന്‍ നിശ്ചയിച്ച ഒരു ക്രമത്തെ ലംഘിക്കരുത്. അതോടൊപ്പം മനുഷ്യന്‍ ഇന്നിന്റെ മാത്രം സൃഷ്ടിയോ പ്രതിനിധിയോ അല്ല. അതിനാല്‍ താല്‍ക്കാലിക ലക്ഷ്യത്തിനപ്പുറം ദീര്‍ഘകാലത്തേക്കു നീക്കിയിരിപ്പു വേണം.
അല്ലാഹു പറയുന്നു: ‘നിങ്ങള്‍ പ്രതിനിധികളായി നിശ്ചയിക്കപ്പെട്ടവയില്‍ നിന്ന് നിങ്ങള്‍ ചെലവഴിക്കുക’ (ഹദീദ്/7). ‘അവനാണു നിങ്ങളെ ഭൂമിയിലെ ഖലീഫമാരാക്കിയത്’ (അന്‍ആം/165).
ഭൂമിയില്‍ മാറിമാറി വസിക്കുകയാണ് ഓരോ തലമുറയും. മുന്‍കാല തലമുറകളില്‍ നിന്നും നാം ഏറ്റെടുത്ത ഭൂമിതന്നെയാണിന്നും ഉള്ളത്. ഇനി നമ്മുടെ പിന്‍ഗാമികള്‍ ലഭിക്കാനുമുള്ളതും അതുതന്നെ. പക്ഷേ, ഭൂമിയില്‍ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ പ്രകടമായിക്കാണുമെന്നു മാത്രം. അതിനാല്‍ നമുക്കും നമ്മുടെ പിന്‍തലമുറക്കും ഗുണമായി ഭവിക്കുന്നതേ നാം ചെയ്യാവൂ. ആവാസ വ്യവസ്ഥ ദുര്‍ബലമോ ജീവയോഗ്യമല്ലാത്ത വിധത്തിലോ ആയിത്തീരുന്ന ഒന്നും ഇസ്‌ലാമിക ദൃഷ്ട്യാ അനുവദനീയമല്ല. പരിസരത്തില്‍ പരിരക്ഷിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ ഇസ്‌ലാമിക നിയമത്തില്‍ വേറിട്ട് കാണാനാവും.
പരിസ്ഥിതി എന്ന പദവും അതുസംബന്ധമായ വിജ്ഞാനവും പേരിട്ട് പ്രചാരം നേടുന്നത് പില്‍ക്കാലത്താണ്. എന്നാല്‍ പരിസ്ഥിതി എന്ന അര്‍ത്ഥത്തില്‍ പ്രയോഗിക്കുന്ന ‘ബീഅത്ത്’ എന്ന പദത്തിനോട് നിഷ്പത്തി യോജിപ്പുള്ള പദവും അതിന്റെ ആശയവും ഖുര്‍ആനില്‍ നിന്നും ഹദീസില്‍ നിന്നും ഗ്രഹിക്കാവുന്നതാണ്. ആശയപരമായി പരിസ്ഥിതിയുമായി ബന്ധപ്പെട്ട ധാരാളം ആയത്തുകളും ഹദീസുകളുമുണ്ട്. ആകാശ ഭൂമിയും അതിനിടയില്‍ മനുഷ്യനുമായി ബന്ധപ്പെട്ട് കിടക്കുന്നതുമായ എല്ലാറ്റിനെക്കുറിച്ചും പ്രത്യക്ഷമോ പരോക്ഷമോ ആയി അതു രണ്ടും പരാമര്‍ശിക്കുന്നുണ്ട്.
മനുഷ്യന് സംവിധാനിച്ചവ ഗുണകരമാവുകയും ദോഷകരമാകാതിരിക്കുകയും വേണ്ടതുണ്ട്. മനുഷ്യന്‍ പ്രപഞ്ചത്തെ ഉപജീവിക്കുകയും പരിചരിച്ച് ഗുണലഭ്യത ഉറപ്പുവരുത്തുകയുമാണാവശ്യം. അതിരുകവിയുന്നു എന്നതാണ് പല പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്കും അടിസ്ഥാന കാരണം. തനിക്കുപകാരപ്പെടാത്ത വിധം സജ്ജീകരിക്കപ്പെട്ട ഒന്നിനെ കീഴ്പ്പെടുത്താനുള്ള ശ്രമം ന്യായീകരിച്ചാല്‍ തന്നെ, അതിരുവിട്ട സമീപനം ആശ്വാസ്യമല്ലല്ലോ. അല്ലാഹു പ്രപഞ്ചത്തിന് നിശ്ചയിച്ച ക്രമത്തോടുള്ള അതിക്രമമായിരിക്കും അത്.
അല്ലാഹുവിന്റെ ക്രമീകരണത്തില്‍ ഭേദഗതിയും മാറ്റവും വരുത്താനാവില്ല എന്നും വരുത്തിക്കൂടെന്നും ഖുര്‍ആനും ഹദീസും വ്യക്തമാക്കുന്നുണ്ട്. അതു തനിക്കുപകാരപ്പെടും വിധം പാകപ്പെടുത്തിയും അവസ്ഥാന്തരപ്പെടുത്തിയും ഉപയോഗിക്കുന്നതില്‍ വിരോധമുണ്ടെന്നതിനര്‍ത്ഥമില്ല. അത്തരത്തില്‍ നടക്കുന്ന ലംഘനങ്ങള്‍ക്ക് ചില സ്വാഭാവിക ദുരന്തങ്ങളുണ്ടാവും. അതിനെ മാറ്റിമറിക്കാനും പ്രതിരോധിക്കാനും മനുഷ്യന് കഴിയില്ല എന്നുകൂടി മനസ്സിലാക്കേണ്ടതാണ്.
പ്രപഞ്ച നിര്‍മാണവും പരിപാലനവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളും നിരോധങ്ങളും പാലിക്കപ്പെട്ടാലും ഇല്ലെങ്കിലും ഉണ്ടായിത്തീരുന്ന ഗുണദോഷങ്ങള്‍ അല്ലാഹു നിശ്ചയിച്ച ക്രമീകരണത്തിന്റെ ഭാഗമാണ്. ഖുര്‍ആന്‍ മനുഷ്യനിണങ്ങാത്തതും പ്രകൃതിയോട് പൊരുത്തപ്പെടാത്തതുമായ എല്ലാ കാര്യങ്ങളെയും മൊത്തത്തില്‍ തന്നെ നിരോധിച്ചിരിക്കുന്നു. അല്ലാഹു പറയുന്നു: ‘ഭൂമിയെ അല്ലാഹു നന്നാക്കിയിരിക്കെ അതില്‍ നിങ്ങള്‍ ഫസാദ് ഉണ്ടാക്കരുത്’ (അല്‍അഅ്റാഫ്/56). ‘ഭൂമിയില്‍ നിങ്ങള്‍ കുഴപ്പമുണ്ടാക്കുന്നവരായി കഴിയരുത്’ (അഅ്റാഫ്/77). ‘ഭൂമിയില്‍ കുഴപ്പത്തെ ആഗ്രഹിക്കരുത് നിശ്ചയം അല്ലാഹു കുഴപ്പക്കാരെ ഇഷ്ടപ്പെടുന്നതല്ല’ (അല്‍ഖസ്വസ്/77).
ഈ മൂന്ന് സൂക്തങ്ങളും ഭൂമിയില്‍ കുഴപ്പമുണ്ടാക്കുന്നതിനെതിരെയുള്ളതാണ്. കുഴപ്പമുണ്ടാക്കരുത്, കുഴപ്പക്കാരാവരുത്, കുഴപ്പമാഗ്രഹിക്കരുത്. ഫസാദുമായി ബന്ധപ്പെടുന്ന സ്ഥിതിയെ പൂര്‍ണാര്‍ത്ഥത്തില്‍ നിരാകരിക്കുകയാണിവിടെ.
ഫസാദ് എന്നാല്‍ ക്രമഭംഗം എന്നാണര്‍ത്ഥം. നിശ്ചിതവും നിര്‍ദിഷ്ടവുമായ ക്രമത്തിനെതിരാവുക. മനുഷ്യനുമായി ബന്ധപ്പെട്ട വിധിവിലക്കുകളുടെ അടിസ്ഥാനമായ പഞ്ചകാര്യ പരിരക്ഷകളില്‍ എല്ലാം ഈ ഫസാദ് നിരോധനം ബാധകമാണ്.
പ്രപഞ്ചത്തില്‍ കുഴപ്പമുണ്ടാക്കുന്ന എല്ലാ അവസ്ഥകളെയും ഇനങ്ങളെയും ഇത് നിരോധിക്കുന്നുണ്ട്. സര്‍വസ്വീകാര്യമായ അഞ്ചുകാര്യങ്ങളെയും ഇതുള്‍ക്കൊള്ളുന്നു. അഥവാ, മതം, ശരീരം, ബുദ്ധി, സന്താനം, സമ്പത്ത്. ചെറുതോ വലുതാ ആയ നന്മ നടന്ന ശേഷം കുറഞ്ഞോ കൂടിയോ അളവിലുള്ള ഏതു കുഴപ്പമുണ്ടാക്കലും ഇതിന്റെ പരിധിയില്‍ വരുന്നു. അതിനാല്‍ നിരോധനം പൊതുവായതാണ്. ഏതെങ്കിലും ഒന്നില്‍ ഇതിനെ പരിമിതപ്പെടുത്തേണ്ടതില്ല. ളഹ്ഹാക്(റ) പറയുന്നു: ‘നല്ല തെളിവെള്ളത്തെ നിങ്ങള്‍ വിഷമകരമാം വിധം മലിനമാക്കരുത്, ഫലവൃക്ഷങ്ങള്‍ മുറിച്ചുകളയരുത് എന്നാണ് ഇതിനര്‍ത്ഥം’ (അല്‍ മുഹര്‍ററുല്‍ വജീസ്).
ഇമാം ഖുര്‍തുബി(റ) ഈ സൂക്തത്തിന്റെ വിശദീകരണത്തില്‍ പറയുന്നതിങ്ങനെ: ‘ചെറുതായാലും വലുതായാലും നന്മ നടന്നാല്‍ ചെറുതോ വലുതോ ആയ ഒരു തരം ഫസാദും പാടില്ലെന്നാണിതിന്റെ സൂചന’ (ഖുര്‍തുബി).
ഉപരിസൂചിപ്പിച്ച അഞ്ച് കാര്യങ്ങളില്‍ മതസംരക്ഷണപരമായി മറ്റു നാലു കാര്യങ്ങളുടെയും സുരക്ഷ എല്ലാ മനുഷ്യര്‍ക്കും ഒരുപോലെ ആവശ്യമാണ്. അവയുടെ നാശത്തിനു കാരണമാവുന്നതെല്ലാം നിഷിദ്ധമായിത്തീരുന്നു. ഇവയുമായി ബന്ധപ്പെട്ട വിധിവിലക്കുകള്‍ മതപരമായ സുരക്ഷയുടെയും ഭാഗമായിരിക്കും. സ്വന്തത്തിലെന്ന പോലെ അപരന്റെ കാര്യത്തിലും ഈ സുരക്ഷാവിചാരവും സമീപനവും ഉണ്ടാവണം. അങ്ങനെയാവുമ്പോള്‍ തന്റെ താല്‍ക്കാലിക സൗകര്യവും ലാഭവും മാത്രം പ്രവര്‍ത്തിക്കാന്‍ പാടില്ല.
ബുദ്ധിമുട്ടിക്കുകയും അതിനു പ്രതികാരം ചെയ്യുകയുമരുത്. ഇസ്‌ലാമികമായ പൊതു തത്ത്വമാണിത്. മനുഷ്യന്റെ ജീവിതക്രമത്തെ മുഴുവനായി നിയന്ത്രിക്കാനുതകുന്ന ഒരു നിര്‍ദേശവുമാണിത്. പ്രപഞ്ച സംവിധാനത്തില്‍ ഭൂമിയില്‍ നമുക്കുള്ളത് താല്‍ക്കാലിക വാസമാണ് അതിനനുസരിച്ച് മാത്രമേ പ്രപഞ്ചത്തെ നമുക്കധീനപ്പെടുത്തി തന്നിട്ടുള്ളൂ. നല്‍കപ്പെട്ട ഇച്ഛാസ്വാതന്ത്ര്യവും പ്രവര്‍ത്തന സൗകര്യവും നിര്‍മാണ പ്രവര്‍ത്തനത്തിനായി വിനിയോഗിക്കാനുള്ളതാണ്. ഒരു വസ്തുവിന്റെ ഗുണത്തെ വ്യവസ്ഥാപിതമായി ഉപയോഗപ്പെടുത്തുമ്പോള്‍ അതിന്റെ പുനരുപയോഗ സാധ്യത നിലനില്‍ക്കുകയും പില്‍ക്കാലക്കാര്‍ക്ക് അത് ലഭ്യമാവുകയും ചെയ്യും.
അല്ലാഹു പറയുന്നു: ‘അവനാണ് നിങ്ങളെ ഭൂമിയില്‍ നിന്നും സൃഷ്ടിച്ചതും അതില്‍ വസിപ്പിക്കുകയും ചെയ്തത്’ (ഹൂദ്/61).
ഭൂമിയില്‍ നിന്നും സൃഷ്ടിച്ച് അതില്‍ അധിവസിപ്പിക്കുകയും ചെയ്തതിന്റെ പ്രത്യക്ഷ താല്‍പര്യം കൂടി വ്യക്തമാക്കുന്ന പദമാണിതില്‍ ഉപയോഗിച്ചിരിക്കുന്നത്. ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ഇത് വിവരിച്ചിട്ടുണ്ട്. ഇമാം ബൈളാവി(റ) വിവരിക്കുന്നു: ‘നിങ്ങളെ അതില്‍ അവന്‍ താമസിപ്പിച്ചു. നിങ്ങളുടെ നിശ്ചിത ആയുഷ്കാലം അതിലവശേഷിപ്പിക്കുന്നു. അതില്‍ നിര്‍മാണവും പരിചരണം നടത്താനവന്‍ നിങ്ങള്‍ക്ക് ശേഷി തന്നിരിക്കുന്നു. നിങ്ങള്‍ക്കവിടെ വീടു വെച്ച് താമസിക്കാനവന്‍ അവസരം തന്നു, നിങ്ങളുടെ ആയുസ്സ് തീരുമ്പോള്‍ പില്‍ക്കാലക്കാര്‍ അത് അനന്തരമെടുക്കുന്നു. നിങ്ങളുടെ ആയുഷ്കാലമത്രയും നിങ്ങള്‍ താമസിക്കുന്ന വീടുകള്‍ സജീവമാക്കി നിങ്ങള്‍ നിലനിര്‍ത്തുന്നു, പിന്നെ നിങ്ങളത് മറ്റുള്ളവര്‍ക്ക് ഒഴിഞ്ഞുകൊടുക്കുന്നു’ (ബൈളാവി).
സൈദുബ്നു അസ്ലം(റ) പറഞ്ഞു: വീടുകള്‍ നിര്‍മിക്കുക, മരങ്ങള്‍ നട്ടുപിടിപ്പിക്കുക തുടങ്ങി നിങ്ങള്‍ക്കാവശ്യമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ അവന്‍ നിങ്ങളോട് നിര്‍ദേശിച്ചിരിക്കുന്നു’ (ഖുര്‍തുബി).
പ്രകൃതിയിലും പ്രപഞ്ചത്തിലും യുക്തിരാഹിത്യവും അവിവേകവും ചെയ്യുന്നതിനെക്കുറിച്ച് ഹദീസുകള്‍ കാണാം. മനുഷ്യനുമായി ബന്ധപ്പെടുന്ന പാരിസ്ഥിതികമായ ഏതൊന്നുസംബന്ധിയായും നിരോധനങ്ങളും നിര്‍ദേശങ്ങളും അതില്‍ കാണാം. സ്വാര്‍ത്ഥവും ചൂഷണാധിഷ്ഠിതവും നാശകരവുമായ പ്രവര്‍ത്തനം നടത്തുന്നവരെ നബി(സ്വ) ഉപമിക്കുന്നതിങ്ങനെ:
‘അല്ലാഹുവിന്റെ നിയമങ്ങള്‍ പാലിക്കുന്നവന്റെയും പാലിക്കാത്തവന്റെ ഉപമ ഒരു സംഘം കപ്പല്‍ യാത്രക്കാരെ പോലെയാണ്. നറുക്കെടുപ്പ് നടത്തി ഒരു വിഭാഗത്തിന് മുകള്‍വശവും മറുവിഭാഗത്തിന് കപ്പലിന്റെ അടിവശവും ലഭിച്ചു. താഴെയുള്ളവര്‍ക്ക് (അവര്‍ വെള്ളത്തിനുള്ളിലാണെങ്കിലും) വെള്ളമാവശ്യമായാല്‍ മുകളില്‍ പോവണം. അങ്ങനെയിരിക്കെ താഴെയുള്ളവര്‍ പറഞ്ഞു. കപ്പലില്‍ നമ്മുടെ ഭാഗത്ത് ഒരു തുള ഉണ്ടാക്കിയാല്‍ മുകളിലുള്ളവരെ ആശ്രയിക്കാതെ നമുക്ക് വെള്ളം ഉപയോഗിക്കാമല്ലോ. ഇവരെ അങ്ങനെ സ്വതന്ത്രമായി തടയാതെ വിട്ടാല്‍ അവരുദ്ദേശിക്കുന്ന പോലെ ചെയ്താല്‍ എല്ലാവരും നശിക്കും. അവരെ തടഞ്ഞാലോ അവരും മറ്റുള്ളവരും രക്ഷപ്പെടും’ (ബുഖാരി).
ചില സൗകര്യങ്ങളും കുറുക്കുവഴികളും സ്വാര്‍ത്ഥതയും നമ്മെതന്നെ അപകടത്തിലാക്കിയേക്കും. പ്രകൃതിയോടും പരിസ്ഥിതിയോടും നടത്തുന്ന പരാക്രമം നാം തന്നെ ഏറ്റെടുക്കേണ്ടിവരും. ശാസ്ത്രീയവും സാങ്കേതികവുമായ പുരോഗതിയും വികസനവും ഉപയോഗിക്കുന്നതും ആര്‍ജിക്കുന്നതും തത്ത്വദീക്ഷയില്ലാതെ ആയിക്കൂടാ. പ്രപഞ്ചത്തില്‍ നമ്മുടെ ഇടവും അതിന്റെ പരിമിതിയും അതില്‍ നമ്മുടെ ബാധ്യതയും മനസ്സിലാക്കി അതിനനുസരിച്ച് ജീവിക്കാനാണ് നമുക്കനുമതിയുള്ളത്. അതിലൂടെ മാത്രമാണ് നമ്മുടെ സുരക്ഷയും നമ്മുടെ ആവാസ വ്യവസ്ഥയുടെ സുസ്ഥിതിയും ഉറപ്പാക്കാനാവൂ. പരിസ്ഥിതി മലിനപ്പെട്ടാലും അക്രമിക്കപ്പെട്ടാലും അതിന്റെ കെടുതി നമുക്ക് തന്നെയായിരിക്കും, പിന്‍തലമുറക്കും.
കാടും മേടും കുന്നും മലയും വായുവും വെള്ളവും എല്ലാമുള്ളതാണ് പ്രപഞ്ചം. മനുഷ്യന്‍ ഇതെല്ലാമുള്ള ലോകത്തേക്കാണ് കടന്നുവരുന്നത്. ഒരു വിരുന്നുകാരനെ പോലെ മാത്രമെ നമുക്കിവിടെ അധികാരമുള്ളൂ.
നബി(സ്വ) പറയുന്നു: ‘നീ ഇഹത്തില്‍ ഒരു പരദേശിയെപ്പോലെയാവുക, അല്ലെങ്കില്‍ വഴിയാത്രികനെപ്പോലെ’ (ബുഖാരി). ഈ ഹദീസ് ആത്മീയ പ്രധാനമാണ്. ഭൗതിക ജീവിതത്തിന്റെ ക്ഷണികസ്ഥിതിയുടെ പാരത്രിക ജീവിതത്തിന്റെ അടിസ്ഥാനഭാവം വ്യക്തമാക്കുന്നതുമാണ്. ഈ നിര്‍ദേശത്തിന്റെ പരിധിയില്‍ ഒരു വിശ്വാസി ആയിത്തീരണമെങ്കില്‍ ഭൂമിയില്‍ അപരനോ അന്യദേശക്കാരനോ യാത്രക്കാരനായോ കഴിയണം. ഒരു തരത്തിലുള്ള പരമാധികാരവും തനിക്കില്ലെന്നും താന്‍ കാലിക ഗുണഭോക്താവ് മാത്രമാണെന്ന വിചാരത്തിലും ജീവിക്കണം. നിര്‍ദേശങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായി പ്രാപഞ്ചിക വസ്തുക്കളെ ഉപയോഗിക്കുക മാത്രം ചെയ്യാം.
ഒരു ഗുണഭോക്താവ് എന്നതോടൊപ്പം ഒരു ഗുണദാതാവും ആവാന്‍ വിശ്വാസി ശ്രമിക്കേണ്ടതുണ്ട്. തന്റെ ഉപഭോഗം അപരന് ഉപദ്രവം വരുത്തുന്നതാവരുത്. അതുപോലെ ഉപകാരപ്രദമല്ലാത്ത ഒന്നും ഉല്‍പാദിപ്പിക്കുകയോ അതിന് കാരണമാവുകയോ അരുത്. ഇത്തരം നിര്‍ദേശങ്ങളുടെ ലംഘനമാണ് യഥാര്‍ത്ഥത്തില്‍ പാരിസ്ഥിതിക ദുരന്തങ്ങളുണ്ടാകുന്നത്. ഗുണകരമായത് പകരം വെക്കാനാവാത്ത ഒരു കാര്യം ചെയ്യുമ്പോള്‍ അതുസംബന്ധമായ നിരോധന നിര്‍ദേശങ്ങള്‍ ഉണ്ടോ എന്നാലോചിക്കേണ്ടതുണ്ട്.
കൃഷിക്ക് പ്രോത്സാഹനം നല്‍കുന്ന ഹദീസുകള്‍ ഏറെയുണ്ട്. ഒറ്റത്തവണ ഫലം തരുന്ന സസ്യങ്ങളും ദീര്‍ഘകാലം ഫലം തരുന്നവയുമുണ്ട്. ധാന്യ, നാണ്യ, ഭക്ഷ്യവിളകള്‍ നമുക്ക് നേരിട്ടുപകാരപ്പെടുന്നതോടൊപ്പം പൊതുവായ ഗുണങ്ങളും പ്രദാനം ചെയ്യുന്നു. വൃക്ഷങ്ങളും ചെടികളും നട്ടുപിടിപ്പിക്കുന്നതിന് പ്രതിഫലമുണ്ട്. അതില്‍നിന്ന് കായ്കനികള്‍ മറ്റു ജീവികള്‍ കഴിച്ചാല്‍ അതിനുവേറെ പ്രതിഫലം ലഭിക്കുന്നു.
നബി(സ്വ) പറഞ്ഞു: ‘ഒരാള്‍ ഫലസസ്യം നടുകയും എന്നിട്ടത് വളര്‍ന്നുവലുതായി ഫലം ഉല്‍പാദിപ്പിച്ച് കഴിഞ്ഞാല്‍ അതില്‍നിന്ന് മനുഷ്യനോ പക്ഷിയോ ജന്തുക്കളോ മൃഗമോ ഭക്ഷിക്കുകയും ചെയ്താല്‍ അതവന് ദാനമായി പരിണമിക്കും’ (അഹ്മദ്).
തനിക്ക് ഫലം ലഭിക്കുക എന്നതു മാത്രമല്ല മറ്റേതു ജീവിക്കത് അന്നമായാലും പ്രതിഫലം ലഭിക്കുന്നു. ചില വൃക്ഷങ്ങളുടെ ഫലങ്ങള്‍ നമുക്ക് ലഭിക്കുന്നില്ല എന്ന കാരണത്താലോ മറ്റോ മാത്രം മുറിച്ചു കളയരുത്. തനിക്ക് ഉപകാരപ്പെടാത്ത ഫലമാണ് അതിന്‍റേതെങ്കിലും നശിപ്പിക്കരുത്. കാരണം നാമറിയുന്നതോ അല്ലാത്തതോ ആയ ജീവികള്‍ക്കത് ഉപകാരപ്പെട്ടേക്കാം. അത്തരം സസ്യങ്ങളും വൃക്ഷങ്ങളും നാം നട്ടുവളര്‍ത്തണമെന്നതിനും പ്രചോദനം നല്‍കുന്ന ഹദീസാണിത്.
നമുക്ക് വിളവെടുക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയില്ലാത്ത സ്ഥലത്താണെങ്കില്‍ പോലും വൃക്ഷം നട്ടുപിടിപ്പിക്കുന്നതും അതിനെ പരിചരിച്ച് വളര്‍ത്തുന്നതും പുണ്യമാണ്. ഇങ്ങനെയെല്ലാം വൃക്ഷലതാദികള്‍ നട്ടുപിടിപ്പിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുകയായിരുന്നു ഇസ്‌ലാം. സ്വഹാബികള്‍ നബി(സ്വയുടെ ഈ നിര്‍ദേശം സ്വീകരിച്ച് പ്രവര്‍ത്തിച്ചവരാണ്.
സ്വഹാബിവര്യന്‍ ഫന്നജ്(റ) പറയുന്നു: ‘യഅ്ല(റ) യമനില്‍ അമീറായി വന്നപ്പോള്‍ കൂടെ വേറെയും സ്വഹാബികളുണ്ടായിരുന്നു. ഒരു ദിവസം ഞാന്‍ ജോലിക്കായി തേട്ടത്തില്‍ പോവുമ്പോള്‍ അതിലൊരു സ്വഹാബി എന്റെ കൂടെവന്നു. ഞാന്‍ തോട്ടത്തില്‍ വെള്ളം തിരിച്ചുകൊണ്ടിരിക്കുകയായിരുന്നു. അദ്ദേഹം അവിടെയിരുന്നു കൈയിലുണ്ടായിരുന്ന ബദാം കായ്കള്‍ പൊട്ടിച്ചു തിന്നുകൊണ്ടിരുന്നു. അല്‍പം കഴിഞ്ഞ് അദ്ദേഹം എന്നെ വിളിച്ചു ചോദിച്ചു: ഇതിലൊരു ബദാം വിത്ത് ഇവിടെ കുഴിച്ചിട്ടാല്‍ അത് നീ വെള്ളം നനച്ച് വളര്‍ത്തുമോ? അപ്പോള്‍ ഞാന്‍ പറഞ്ഞു: അതെനിക്ക് ഒരുപകാരവും ചെയ്യില്ലല്ലോ (അന്യരുടെ തോട്ടത്തില്‍ ഒരു വൃക്ഷം നനച്ചു വളര്‍ത്തിയിട്ട് എനിക്കെന്താ കാര്യം എന്ന മട്ടിലായിരുന്നു പ്രതികരണം). അപ്പോള്‍ അദ്ദേഹം പറഞ്ഞു: ഞാനെന്റെ ഈ രണ്ടു ചെവി കൊണ്ടും നബി(സ്വ) പറയുന്നത് കേട്ടിട്ടുണ്ട്; ഒരാള്‍ ഒരു വൃക്ഷത്തൈ നട്ടു. എന്നിട്ട് അതു സംരക്ഷിക്കുന്നതില്‍ ക്ഷമ കൈക്കൊണ്ടു (ചില വൃക്ഷങ്ങള്‍ ഫലം തരാന്‍ കൂടുതല്‍ കാലമെടുക്കുമല്ലോ). സംരക്ഷിച്ചു വളര്‍ത്തി, അതു ഫലം നല്‍കിത്തുടങ്ങിയാല്‍ ആ പഴം ആര്‍ക്ക് ഉപകരിച്ചാലും നട്ടവന് അല്ലാഹുവിന്റെ അടുക്കല്‍ ദാനമായിരിക്കും. അപ്പോള്‍ ഞാന്‍ ചോദിച്ചു: നബി(സ്വ) ഇങ്ങനെ പറയുന്നതു താങ്കള്‍ കേട്ടിട്ടുണ്ടോ? അദ്ദേഹം പറഞ്ഞു: അതേ.’ എന്നാല്‍ ഞാന്‍ നോക്കിക്കോളാം’ ഞാന്‍ ഉറപ്പുകൊടുത്തു. ഈ ബദാം തൈയില്‍ നിന്നാണ് ദൈനബാദി ബദാം ഉണ്ടായിട്ടുള്ളത്’ (ബൈഹഖി, അഹ്മദ്).
സ്വന്‍ആഇലെ ആദ്യത്തെ ബദാം വൃക്ഷമായിരുന്നു ഇത്. ഇന്നും ഈ ഇനം ഇവിടെ ലഭ്യമാണ് (അസ്സുലൂക് ഫി ത്വബഖാതില്‍ ഉലമാഇ വല്‍ മുലൂക്).
തണല്‍വൃക്ഷം പോലും അത്യാവശ്യത്തിനു വേണ്ടിയല്ലാതെ മുറിക്കുന്നത് നബി(സ്വ) നിരോധിക്കുകയും അതിനെതിരെ താക്കീത് നല്‍കുകയും ചെയ്തിട്ടുണ്ട്. മരുഭൂമിയില്‍ കാണുന്ന ഒരു തരം ചെടിയാണ് സ്വിദ്റത്. അത് അകാരണമായി മുറിച്ചു കളയുന്നതിനെ കുറിച്ച് നബി(സ്വ) പറയുന്നു: ‘സ്വിദ്റത് വൃക്ഷം മുറിച്ചുകളഞ്ഞാല്‍ അവന്റെ തലയെ അല്ലാഹു നരകത്തിലിടുന്നതാണ്.’ ഇമാം അബൂദാവൂദ്(റ) ഈ ഹദീസിനെ ഇങ്ങനെ വിവരിക്കുന്നു: ‘യാത്രികനോ മൃഗങ്ങളോ തണല്‍ കൊള്ളുന്ന മരുപ്രദേശങ്ങളിലെ സ്വിദ്റത് തനിക്കൊരു ന്യായവും അവകാശവുമില്ലാതെ അക്രമമായോ വെറുതെയോ മുറിച്ചാല്‍ അല്ലാഹു ശിക്ഷിക്കുമെന്നാണ് ഇതിന്റെ താല്‍പര്യം.’
ഇസ്‌ലാമിക നാഗരികതയുടെ ഭാഗമായി ഹരിതവല്‍കരണം നടപ്പാക്കുന്നത് കേവല ധാരണകളുടെ അടിസ്ഥാനത്തിലല്ല. ഖുര്‍ആനും ഹദീസും നല്‍കുന്ന പാഠവും പ്രചോദനവും ഉള്‍ക്കൊണ്ടാണ്. സസ്യങ്ങള്‍ നേരിട്ടു നിര്‍വഹിക്കുന്ന ദൗത്യങ്ങള്‍ ഏറെയാണ്. മനുഷ്യരെയും ഇതര ജീവികളെയും സംബന്ധിച്ചിടത്തോളം പ്രധാനമാണ് അവ. ചില പ്രത്യേക തരം സസ്യങ്ങള്‍ അന്തരീക്ഷ വായുവിനെ ശുദ്ധീകരിക്കുന്നു. ഔഷധ വിക്ഷേപണ ദൗത്യം നിര്‍വഹിക്കുന്നുണ്ട്. വിറകിനും നിര്‍മാണ പ്രവൃത്തനങ്ങള്‍ക്കും പഴങ്ങള്‍ക്കം വേണ്ടി മാത്രമല്ല മരങ്ങള്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തശ്ജീര്‍ (മരം നട്ടുപിടിപ്പിക്കല്‍), തഹ്ളീര്‍ (ഹരിതവത്കരണം) എന്നിവ കേവല പ്രവൃത്തികളല്ല. പുണ്യകര്‍മമാണ്.
വൃക്ഷലതാദികള്‍ നട്ടുപിടിപ്പിക്കുന്നതിന്റെ പ്രാധാന്യം കുറിക്കുന്ന ഒരു നബിവചനം കാണുക: ‘അന്ത്യനാള്‍ സംഭവിക്കുകയാണെന്നരിക്കട്ടെ, അപ്പോള്‍ നിങ്ങളിലൊരാറുടെ കൈയില്‍ ഒരു തൈ ഉണ്ടെങ്കില്‍ നടാന്‍ സാധിക്കുമെങ്കില്‍ അവനത് നട്ടുകൊള്ളട്ടെ’ (അഹ്മദ്).
അന്ത്യദിനത്തിന്റെ ഭീകര സംഭവങ്ങള്‍ നടക്കുമ്പോള്‍ പോലും ചെടി നട്ടുപിടിപ്പിക്കുന്ന പുണ്യം നേടാനുള്ള ഈ നിര്‍ദേശത്തില്‍ പലിയ പാഠങ്ങളുണ്ട്. പ്രായമേറെ ചെന്ന് മരണം പ്രതീക്ഷിക്കുന്ന ഒരു വൃദ്ധനും സാധിക്കുമെങ്കില്‍ കൃഷി ഒഴിവാക്കരുത്. ഒരു മരം നിരന്തര പുണ്യത്തെയാണ് പ്രതിനിധാനം ചെയ്യുന്നതെന്ന് ചുരുക്കം.
ഉമാറതുബ്നു ഖുസൈമ(റ) പറയുന്നു: ‘എന്റെ പിതാവിന് പ്രായമേറെ ചെന്ന സന്ദര്‍ഭത്തില്‍ ഉമര്‍(റ) ചോദിച്ചു: നിങ്ങളെന്താ നിങ്ങളുടെ ഭൂമിയില്‍ കൃഷിയൊന്നും ചെയ്യാത്തത്? അപ്പോള്‍ പിതാവ് പറഞ്ഞു: ഞാന്‍ വൃദ്ധനായില്ലേ. നാളെ മരിക്കാനിരിക്കുകയല്ലേ. ഉമര്‍(റ) അദ്ദേഹത്തോടു പറഞ്ഞു: നിങ്ങള്‍ അവിടെ കൃഷി ചെയ്യണമെന്ന് ഞാന്‍ ഉറപ്പിച്ചു പറയുന്നു. പിന്നീട് ഉമര്‍(റ)വും എന്റെ പിതാവിനോടൊപ്പം ചേര്‍ന്ന് അവിടെ കൃഷിയിറക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്’ (ഇബ്നു ജരീര്‍).
നമ്മുടെ പൂര്‍വികരിലാരെങ്കിലും ചെയ്തുവെച്ച പുണ്യത്തെ നമ്മുടെ സ്വാര്‍ത്ഥതകള്‍ക്കുവേണ്ടി നാം നശിപ്പിക്കരുത്. ന്യായമായ ആവശ്യത്തിനു വേണ്ടിയല്ലാതെ. ഹരിതവല്‍ക്കരണത്തില്‍ മാത്രം ഒതുങ്ങുന്നതല്ല തിരുനബി(സ്വ)യുടെ പാരിസ്ഥിതിക പാഠങ്ങള്‍. ഇന്നത്തെ സമൂഹം വലിയ വിമുഖതയും നശീകരണ ത്വരയും പ്രകടിപ്പിക്കുന്ന മേഖല മാത്രം ഉദാഹരിച്ചതാണ്. വര്‍ത്തമാന കാലത്ത് ഏറെ ചര്‍ച്ചയായ പരിസ്ഥിതി സുരക്ഷാ ചര്‍ച്ചകളില്‍ തിരുനബി(സ്വ)യുടെ ചര്യയും ഇസ്‌ലാമിക പാഠങ്ങളും പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്നതാണ്.

 

അലവിക്കുട്ടി ഫൈസി എടക്കര

Exit mobile version