പഴുത്തില വീഴുമ്പോൾ…

ഏറെ കാലം കൂടെയുണ്ടായിരുന്ന ഒരു ഉപകരണം പഴക്കമേറി കൊള്ളരുതാത്തതായാൽ എന്ത് ചെയ്യും? ഉദാഹരണത്തിന്, ദിവസവും സമയം നോക്കുന്ന വാച്ച് ചാർജ് കഴിഞ്ഞ് ചലനമറ്റ് കിടക്കുന്നു. അല്ലെങ്കിൽ പാടത്തും പറമ്പത്തും മേഞ്ഞും ഉഴുതും കൊണ്ടു നടന്നിരുന്ന കാള മെലിഞ്ഞ് എല്ലുന്തിയിരിക്കുന്നു. എന്തായിരിക്കും നിങ്ങളുടെ പ്രതികരണം. മതിപ്പു കുറയില്ലേ… പുച്ഛഭാവം തോന്നില്ലേ… പിന്നെ പുതിയതൊന്ന് വാങ്ങി പ്രശ്‌നം പരിഹരിക്കാൻ ശ്രമിക്കും. എന്നാൽ ആ ഉപകരണം നമ്മൾ തന്നെയാണെങ്കിലോ?

നിങ്ങൾക്ക് പ്രായമേറുന്നു. കരുതിയതൊന്നും പഴയ പോലെ നടക്കുന്നില്ല. നിങ്ങൾക്ക് മാത്രമല്ല, കൂടെയുള്ളവർക്കും ഇതൊക്കെ നന്നായി അറിയാം. അവർക്കറിയാമെന്ന് നിങ്ങൾക്കുമറിയാം. എങ്കിൽ നിങ്ങൾക്ക് എന്തനഭുവപ്പെടും? വല്ലാത്തൊരു സങ്കടം, അടക്കിപ്പിടിക്കാൻ കഴിയാത്ത നൊമ്പരം! അങ്ങനെയൊന്നുമില്ലെന്നറിയിക്കാൻ നിങ്ങളെന്തു നാടകം കളിച്ചാലും അതെല്ലാം മുഴച്ചുതന്നെ കാണും.

വാർധക്യത്തിന്റെ അടയാളമായി ഖുർആൻ പരാമർശിച്ച നേർത്ത നരകൾ കിളിർക്കുന്നു. പിന്നെ സന്ധികൾ പതിയെ തളരുന്നു. ചർമങ്ങൾ ചുളിഞ്ഞു മടങ്ങുന്നു. എല്ല് ആവരണം ചെയ്ത മാംസകവചങ്ങളുടെയും പേശികളുടെയും ദൃഢത നേർത്ത് വരുന്നു. മാംസത്തെ പൊതിഞ്ഞ് വലിഞ്ഞു നിന്നിരുന്ന തൊലി ചുളിഞ്ഞ് തൂങ്ങുന്നു. മനസ്സിന്റെ വേഗതക്കൊത്ത് കുതിച്ചിരുന്ന ശരീരം ഒപ്പമെത്താതെ കിതക്കുന്നു. ഇതാണ് യഥാർത്ഥത്തിൽ മനുഷ്യ ജീവിതം. ഇത്രയേയുള്ളൂ മനുഷ്യന്റെ കരുത്ത്. ബാല്യവും കൗമാരവും യൗവനവുമെല്ലാം ഈ ()േകാലത്തെ വരവേൽക്കാനുള്ള മുന്നൊരുക്കങ്ങളായിരുന്നു.

പക്ഷേ, ഈ യാഥാർഥ്യം പലരും വിസ്മരിക്കാൻ ശ്രമിക്കുകയാണ്. ഇതെല്ലാം നമുക്കും വരുമെന്നറിഞ്ഞിട്ടും ഞെട്ടറ്റു വീഴുന്ന പഴുത്തിലയെ നോക്കി കൊഞ്ഞനം കുത്തുന്നവരെത്ര? നമ്മെ കണ്ടാണ് നമ്മുടെ മക്കൾ വളരുന്നതെന്ന സത്യം അറിയാത്ത ഭാവത്തോടെ കണ്ണിറുക്കി ചിമ്മി പലരും ഇത്തരം ക്രൂരതകൾക്ക് വളം വെച്ചുകൊടുക്കുന്നു. സ്വന്തം മാതാപിതാക്കൾക്ക് ഗുണം ചെയ്യൂ. എങ്കിൽ നിങ്ങൾക്ക് നിങ്ങളുടെ മക്കളും ഗുണം ചെയ്യുമെന്ന നബിപാഠം പാടെ അവഗണിക്കുന്നവർ ഇത്തരം സന്ദർഭങ്ങളിൽ വരും വരായ്കകളെ കുറിച്ച് തീരെ ചിന്തിക്കാറില്ല. ആദ്യം വിദ്യ അഭ്യസിക്കുന്നത് മാതാപിതാക്കളിൽ നിന്നാണെന്ന് ചെറുപ്പം മുതലേ കേട്ടു വളർന്നവരാണ് നാം. നമ്മളെ കണ്ടാണ് അടുത്ത തലമുറ വളരുന്നത്. കുട്ടിയെ പെറ്റ്, പോറ്റി വളർത്താൻ വാടക ഗർഭപാത്രം പോലെയുള്ള എല്ലാ അത്യാധുനിക സജ്ജീകരണങ്ങളുണ്ടായിട്ടും യാതനയും വേദനയും സഹിച്ച് പരിപാലിച്ചിട്ടു പോലും അവരൊന്ന് തിരിഞ്ഞു നോക്കുന്നില്ല എന്ന പരിഭവം നിങ്ങളെ സമീപ ഭാവിയിൽ തന്നെ വേട്ടയാടാൻ സാധ്യതയുണ്ട്.

ഭ്രാന്താലയമെന്നതും വിട്ട് കേരളമിപ്പോൾ സാത്താന്മാരുടെ നാടായി മാറിയിരിക്കുകയാണല്ലോ. വിദ്യാ സമ്പന്നരത്രെ നാം. വെറും ഭൗതിക വിദ്യ ലഭിച്ചാൽ എല്ലാമായി എന്നാണു ധാരണ. മനുഷ്യനെ ആദരിക്കാനും ബഹുമാനിക്കാനും അനുസരിക്കാനും അറിയാത്ത ഉത്പന്നങ്ങൾകൊണ്ട് ഒരു കാര്യവുമില്ലെന്നറിയുക.

സ്വന്തം പിതാവിന്റെയും മാതാവിന്റെയും ചോരയൂറ്റിക്കുടിക്കാൻ അറപ്പില്ലാത്ത ഒരു പറ്റത്തെ കാണേണ്ടി വരുന്നത് അതുകൊണ്ടാണല്ലോ. നന്മയുടെ വാതായനങ്ങൾ തുറന്നു വെച്ച വിശ്വാസികളെയും ഇത്തരം ചെയ്തികൾ ഗ്രസിച്ചുതുടങ്ങിയിട്ടുണ്ട്. ദിനേനെ ഈ ചെകുത്താന്മാരുടെ തോത് വർധിച്ചു വരുന്നതു കാണുമ്പോൾ അതിൽ മുസ്‌ലിംകളും ഉൾപ്പെടുന്നു.

സ്വന്തം മാതാപിതാക്കളെ അന്യരായി കാണാൻ നമുക്കെങ്ങനെ സാധിച്ചു! പെൻഷനും ശമ്പളവുമുള്ള വൃദ്ധ മാതാപിതാക്കളെ കുറിച്ചല്ല ഈ പറഞ്ഞത്. അവർ മക്കളോടൊപ്പം ‘സുഖ’ വാസത്തിലാണ്. സമ്പത്തിൽ കണ്ണു നട്ടിരിക്കുന്ന മക്കൾ തന്റെ ഘാതകരാകുമോ എന്ന ഭീതി അവരെയും അലട്ടാതില്ല. കറവ വറ്റിയ പശുക്കളാണെന്ന് ബോധ്യപ്പെട്ടാൽ അവർക്കും വൃദ്ധ സദനമോ വിറകുപുരയോ ഇരുൾ മുറ്റിയ വീടകങ്ങളോ ആണ് ശരണം. എന്നാൽ മകന്റെ കുത്തു വാക്കിൽ നിന്നെങ്കിലും രക്ഷപ്പെടാമല്ലോ. സമ്പന്നരായി നാട്ടിൽ വാണിരുന്ന എത്രയോ പ്രമാണിമാർ തെരുവിലിറങ്ങിയത് നാം കാണുന്നു. 90 വയസ്സുകാരൻ വിവാഹം കഴിക്കാൻ താൽപര്യപ്പെടുന്നു എന്ന് പരസ്യം ചെയ്തത്, മക്കൾക്ക് തന്നോടല്ല പ്രിയം തന്റെ സമ്പത്തിനോടാണെന്ന് മനസ്സിലായപ്പോഴാണ്. സർക്കാർ ജോലിയുണ്ടായിരുന്നവർക്ക് പെൻഷൻ കൊണ്ടെങ്കിലും ജീവിതോപാധി കണ്ടെത്താം. അല്ലാത്തവരോ? മക്കളിൽ പോലും വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണെന്ന് സാരം. വാടക കെട്ടിടങ്ങളും ലോഡ്ജുകളും പണിത് ഭാവി ഭാസുരമാക്കാനുള്ള തിരക്കിലേർപ്പെട്ടവരിൽ മിക്കവരും  ഇത്തരം ഊരാ കുടുക്ക് മുന്നിൽ കണ്ടാണിത് ചെയ്യുന്നത്.

മാതാപിതാക്കളോട് മാന്യമായി പെരുമാറണമെന്നാണ് ഖുർആനിന്റെ കർശന നിർദേശം. അവരോട് വെറുപ്പിന്റെ വാചകങ്ങളുരുവിടരുതെന്നും ഖുർആൻ പറഞ്ഞു. കാരുണ്യത്തിന്റെ ചിറകവർക്ക് വിടർത്തിക്കൊടുത്ത് പ്രാർത്ഥനയിലവരെ ഉൾപ്പെടുത്താനും ഖുർആൻ പ്രത്യേകം ഓർമപ്പെടുത്തുന്നു (അൽ ഇസ്‌റാഅ്/24). നിസ്‌കാരം, വ്രതം, ഹജ്ജ്, ഉംറ, നാഥന്റെ മാർഗത്തിലുള്ള ജിഹാദ് എന്നിവയേക്കാൾ ഉത്തമം മാതാപിതാക്കളെ പരിപാലിക്കുന്നതിനാണെന്ന് തിരുഹദീസിലുണ്ട് (ഇഹ്‌യാ ഉലൂമിദ്ദീൻ, റൂഹുൽ ബയാൻ 5/147).

ഒരു നോക്ക് കാണാൻ വന്ന ഉമ്മയെ പരിഗണിക്കാത്ത ബനൂ ഇസ്‌റാഈൽ ഗോത്രത്തിലെ ജുറൈജ്(റ)നെ സമൂഹം ഒരു വേശ്യയുമായി ബന്ധം പുലർത്തി എന്നാരോപിച്ച് അപമാനിച്ചു (അർരിസാല, 357). ഉമ്മ വന്ന സന്ദർഭത്തിൽ മഹാൻ നിസ്‌കരിക്കുകയായിരുന്നിട്ടു പോലും. ആ പാവത്തിന്റെ വിളിക്ക് ഉത്തരം കൊടുക്കാത്തതിന് റബ്ബ് പരീക്ഷിച്ച തായിരുന്നു. ഒരു സ്വഹാബി യോദ്ധാവാകുന്നതിൽ താൽപര്യം പ്രകടിപ്പിക്കുകയും അതിന് അശക്തനാണെന്ന് വ്യക്തമാക്കുകയും ചെയ്തപ്പോൾ തിരുനബി(സ്വ) ചോദിച്ചു; നിന്റെ മാതാപിതാക്കളിൽ ആരെങ്കിലും ജീവിച്ചിരിപ്പുണ്ടോ എന്ന്. സ്വഹാബിയുടെ പ്രതികരണം ഉമ്മയുണ്ട് എന്നായിരുന്നു. നീ നാഥന്റെ പ്രീതിക്ക് അവരെ പരിപാലിക്കുക. എങ്കിൽ നീ ഹജ്ജും ഉംറയും ജിഹാദും ചെയ്തവനാകുമെന്ന് റസൂൽ(സ്വ) അരുളി (ത്വബ്‌റാനി). മറ്റൊരു സ്വഹാബിയും ഇതേ ആവശ്യമുന്നയിച്ച് വന്നപ്പോൾ നബി(സ്വ) പറഞ്ഞത്, നിന്റെ ഉമ്മ ജീവിച്ചിരിപ്പുണ്ടെങ്കിൽ അവരുടെ പ്രീതി കരഗതമാക്കുക, അവിടെയാണ് സ്വർഗമെന്നായിരുന്നു. ഉമ്മയുടെ പ്രാർത്ഥനക്ക് ഉടനെ ഉത്തരം ലഭിക്കുമെന്ന് പറഞ്ഞ പ്രവാചകർ(സ്വ)യോട് കാരണം ചോദിച്ചപ്പോൾ പറഞ്ഞത് ഉപ്പയേക്കാൾ കൃപയുള്ളത് ഉമ്മക്കാണെന്നും അവരുടെ പ്രാർത്ഥന പാഴാവുകയില്ലയെന്നുമാണ് (ഇഹ്‌യാ ഉലൂമുദ്ദീൻ).

മാതാപിതാക്കളെ അവഗണിക്കുന്നതിനെതിരെ ഇത്ര ശക്തമായ താക്കീതിന്റെ സ്വരം പ്രയോഗിച്ച, അവരെ പരിചരിക്കൽ നിർബന്ധ കർമമായി പ്രഖ്യാപിച്ച ഒരു മതാനുയായികൾക്കെങ്ങനെ അവർക്കെതിരെയുള്ള ക്രൂരതകളിൽ പങ്കാളിയാവാൻ സാധിക്കും?

യുക്തി പരമായി ചിന്തിച്ചാലും ഈ ചെയ്തിയെ ന്യായീകരിക്കാൻ സാധിക്കില്ല. നമ്മുടെ കാര്യം തന്നെ എടുത്തു നോക്കിയാൽ മതി. ജീവിതത്തിലേക്ക് ക്ഷണിക്കാതെ കടന്നു വരുന്ന അതിഥിയായ വാർധക്യത്തിന് മുമ്പിൽ നാം പകയ്ക്കാറില്ലേ. ജനനമൃതിക്കിടയിൽ ദേഹവും ദേഹിയും ചേർന്നുള്ള ഈ ജീവിത യാത്രയിൽ നമുക്ക് വിവിധ വേഷങ്ങളണിയേണ്ടിവന്നു. ഇനി പലതും കാത്തിരിക്കുന്നുമുണ്ട്. ശൈശവവും ബാല്യവും കൗമാരവും യൗവനവും പിന്നിട്ട് മധ്യവയസ്സിലെത്തുമ്പോൾ കൊഴിഞ്ഞു പോയ ജീവിതഘട്ടങ്ങൾക്കിടയിൽ രാജാധികാരത്തിന്റെ വ്യത്യസ്ത ഭാവങ്ങളെതിരേറ്റിരുന്നു. അധികാരം കൈപിടിയിലൊതുക്കാനും രാജ്യത്തിന്റെ വിസ്തൃതി വർധിപ്പിക്കാനും ശ്രമിക്കുന്ന രാജാവിനെ ഒന്ന് ഓർത്ത് നോക്കൂ. സമ്പത്ത് സമാഹരിച്ചും ശത്രുവിനെ കീഴ്‌പ്പെടുത്തിയും തുടർന്ന ജൈത്ര യാത്രക്കിടയിൽ പെട്ടെന്നു കാണാം കോട്ടകൾ പണിത് ഉള്ളത് സംരക്ഷിച്ചു നിർത്തുക എന്ന പ്രതിരോധത്തിലേക്ക് ചുവടുമാറ്റുന്നത്. ശത്രുവിനെ അങ്ങോട്ട് ചെന്ന് ആക്രമിച്ചവനായിരുന്നു മുമ്പ് അദ്ദേഹം. കൊലവിളിച്ച് യുദ്ധക്കളത്തിൽ മുന്നേറിയവനായിരുന്നു. പക്ഷേ എന്തു ചെയ്യാൻ, ഏതോ ഒരു നിമിഷത്തിലദ്ദേഹത്തിന്റെ താൽപര്യങ്ങൾ തകിടം മറിഞ്ഞു. ഊർജസ്വലതയും അക്രമവും കൈവിട്ട് പ്രതിരോധത്തിലേക്ക് കൂപ്പുകുത്തി.

ഇത്തരമൊരു നിർണായക പരിണാമം വ്യക്തി ജീവിതത്തിൽ നമ്മളും അഭിമുഖീകരിക്കും. അതാണ് വാർധക്യം. നില നിന്നിരുന്ന സദാചാര-സാമൂഹിക സങ്കൽപ്പങ്ങളെയും യാഥാർത്ഥ്യങ്ങളെയും മുതിർന്നതലമുറയെയും വെല്ലുവിളിച്ചിരുന്ന കൗമാരക്കാർ ഈ പരിണാമ ഘട്ടത്തിൽ പത്തിമടക്കി പൊത്തിലൊളിക്കുന്നത് കാണാം. ബാല്യത്തിൽ നിന്ന് വളർന്ന് വലുതായവന്റെ ‘ബാല്യത്തിലേക്ക്’ തന്നെയുള്ള തിരിച്ചു പോക്ക്. മാതാപിതാക്കൾ എനിക്ക് ബാല്യകാലത്ത് കാരുണ്യം ചൊരിഞ്ഞപോലെ അവർക്കും നീ കരുണ നൽകണേ എന്ന് പ്രാർത്ഥിക്കാനാണ് വിശുദ്ധ ഖുർആൻ കൽപ്പിച്ചത്. വാർധക്യ കാലഘട്ടത്തിൽ മാതാപിതാക്കൾ ബാല്യകാലത്തെ അതേ മനോനിലയിലേക്കാണ് മടങ്ങുന്നത്. നമ്മെ ഏത് രീതിയിലാണോ പരിപാലിച്ചത് അതേ പരിപാലനം തന്നെയാണ് അവർക്ക് അന്നേരമാവശ്യം.

നാം കുട്ടിക്കാലത്ത് കിടക്കയിലും ഉമ്മാന്റെ മടിയിലും വിസർജിച്ചിരുന്നു. കാര്യ നിർവഹണത്തിന് ബാത്ത്‌റൂമിലേക്ക് പോകാൻ കഴിയാത്തതായിരിക്കാം കാരണം. അത്തരം സ്ഥലങ്ങളിലും സന്ദർഭങ്ങളിലും വിസർജിക്കുന്നത് ശരിയല്ലെന്ന് മനസ്സിലാക്കാനുള്ള വകതിരിവ് ഇല്ലാത്തുകൊണ്ടുമാവാം. എന്നാൽ, അവർ ഈ പ്രായത്തിൽ ഇതേ കർമങ്ങൾ വിരിപ്പിലും സിറ്റൗട്ടിലും നിർവഹിച്ചത് ചിലപ്പോൾ നടക്കാനുള്ള ശേഷി/വേഗത നഷ്ടപ്പെട്ടതിനാലായിരിക്കാം. ഓർമക്കുറവുകൊണ്ടുമാവാം. ചെറുപ്പത്തിൽ നാം ഉമ്മയോടും ഉപ്പയോടും ഒറ്റയിരിപ്പിന് പത്തിരുപത് സംശയങ്ങൾ ചോദിച്ചത് ഓർമയുണ്ടോ? അവരതിനെല്ലാം സന്തോഷത്തോടെ മറുപടിയും പറഞ്ഞു തന്നിരുന്നു. അന്ന് ഓരോന്നും അറിയാൻ വലിയ വ്യഗ്രതയായിരുന്നു നമുക്ക്. പക്ഷേ ഇന്ന് വാർധക്യത്തിന്റെ കയത്തിലുലയുന്ന അവർ കാഴ്ച്ചയും കേൾവിയും കുറഞ്ഞതിനാൽ അറിയാനുള്ള തിടുക്കത്തോടെ നൂറ് നൂറ് സംശയങ്ങൾ നിരത്തുമ്പോൾ പുച്ഛത്തോടെ കേട്ടില്ലെന്ന് നടിക്കരുത്.

ചിലർ മാതാപിതാക്കളെ പരിപാലിക്കുന്നുണ്ടെങ്കിലും ജീവിതത്തിന്റെ പാതി വഴിയിൽ കൂടെ കൂടിയ ഭാര്യയുടെ നിർദേശങ്ങളും ഉപദേശങ്ങളുമാണവർക്ക് വേദ വാക്യം. ഉമ്മ പറഞ്ഞതൊന്നും മുഖവിലയ്‌ക്കെടുക്കില്ല. ഒരു സ്വഹാബിക്ക് മരണാസന്ന സമയത്ത് കലിമ ചൊല്ലാൻ സാധിക്കുന്നില്ലെന്ന് പരാതി പറഞ്ഞവരോട് നബി(സ്വ) ഉമ്മയും ആ സ്വഹാബിയും തമ്മിലുള്ള ബന്ധം എങ്ങനെയായിരുന്നു എന്നന്വേഷിക്കാൻ അരുളി. കിട്ടിയ വിവരങ്ങളിൽ നിന്ന് വ്യക്തമായത് സ്വഹാബി ഉമ്മയേക്കാൾ ഭാര്യക്ക് മുൻഗണന നൽകിയിരുന്നു എന്നാണ് (തൻബീഹുൽ ഗാഫിലീൻ/58,59). എന്നുവെച്ച് ഭാര്യയെ പാടെ അവഗണിക്കണമെന്നല്ല. ന്യായാന്യായങ്ങൾ മനസ്സിലാക്കി ഈ രണ്ടു കരയെയും ചേർത്തു വെക്കാനുള്ള പാലമാകണം കുടുംബനാഥനായ പുരുഷൻ.

മാതാപിതാക്കളെ പരിചരിക്കുമ്പോൾ പാലിക്കേണ്ട ചില കടമകൾ ഇമാം സമർഖന്ദി(റ) വ്യക്തമാക്കിയിട്ടുണ്ട്: അവർക്ക് ഭക്ഷണം നൽകുക, സാമ്പത്തികമനുസരിച്ചു നല്ല വസ്ത്രം വാങ്ങി കൊടുക്കുക, ആവശ്യങ്ങൾ നിറവേറ്റികൊടുക്കുക, അവരുടെ വിളിക്ക് പ്രത്യുത്തരം നൽകുക, നന്മ കൽപ്പിച്ചാൽ പൂർത്തീകരിക്കുക, അവരോട് മധുര സ്വരത്തിൽ സംസാരിക്കുക, അവരെ വിളിക്കുമ്പോൾ പേരുച്ചരിക്കാതിരിക്കുക, അവരുടെ മുന്നിലൂടെ നടക്കാതിരിക്കുക, നീ നിനക്ക് പ്രാർത്ഥിക്കുമ്പോഴെല്ലാം അവരെയും ഉൾപ്പെടുത്തുക (തൻബീഹുൽ ഗാഫിലീൻ/60).

ഈ കടമകളിൽ നാം എത്രയെണ്ണം നിർവഹിച്ചിട്ടുണ്ട്. നിർവഹിച്ചവയിൽ തന്നെ എത്രയെണ്ണം മനസ്സംതൃപ്തിയോടെ പൂർത്തീകരിച്ചിട്ടുണ്ടാകും. ഇല്ല എന്നാണ് മനസ്സ് മന്ത്രിക്കുന്നതെങ്കിൽ, ഇനിയും ഇത്തരം നീച കൃത്യങ്ങളെ കൂട്ട് പിടിക്കാനാണ് ഉദ്ദേശ്യമെങ്കിൽ ഇമാം ഗസ്സാലി(റ)യുടെ വാക്കുകൾ ഓർമിക്കുക: മകനേ, ഉപകാരപ്രദമല്ലാത്ത ജ്ഞാനം ഭ്രാന്താണ്. അറിവില്ലാതെ ഒരു കർമവും സ്വീകാര്യമാവുകയില്ല. ഇന്ന് നിന്നെ തെറ്റുകളിൽ നിന്ന് അകറ്റാത്തതും സൽകർമങ്ങൾക്ക് അവസരമൊരുക്കാത്തതുമായ ജ്ഞാനം നാളെ നിന്നെ നരക ശിക്ഷയിൽ നിന്ന് രക്ഷപ്പെടുത്തുകയില്ല (അയ്യുഹൽ വലദ്/8).

Exit mobile version