പാഠപുസ്തകങ്ങൾ കുട്ടികൾക്കുള്ളതാണെങ്കിലും അതുസംബന്ധമായി മുതിർന്നവരാണ് പലപ്പോഴും തർക്കവിതർക്കങ്ങൾ നടത്താറുള്ളത്. ആശയങ്ങളിലും ചരിത്ര വസ്തുതകളിലും ബോധപൂർവം വെള്ളം ചേർക്കൽ നടക്കുമ്പോൾ തർക്കം തെരുവിലെത്താറുമുണ്ട്. മോദിവാഴ്ചക്കു ശേഷം കേന്ദ്ര സർക്കാർ പാഠപുസ്തകത്തിലെ ചരിത്ര പൊളിച്ചെഴുത്തിന് കൊണ്ടുപിടിച്ച ശ്രമത്തിലാണെന്നാണ് മാധ്യമ റിപ്പോർട്ടുകൾ. ഇത്തരുണത്തിൽ എഴുപതുകളിൽ സംസ്ഥാനത്തുണ്ടായ പാഠപുസ്തക വിവാദത്തിലേക്കൊരു എത്തിനോട്ടം പ്രസക്തമാണ്.
ഇസ്‌ലാമിക സാമ്രാജ്യത്തിലെ രണ്ടാം ഖലീഫ ഉമർ(റ)ന്റെ ചിത്രം മൂന്നാം തരത്തിലെ ഒമ്പതാം പാഠത്തിൽ ചേർത്തതാണ് അക്കാലത്തു വിവാദമായത്. 1970 മെയ് 22-ലെ സുന്നി ടൈംസിന്റെ പത്രാധിപ കോളം ഇവ്വിഷയകമാണ്. അതിൽ നിന്ന്:
ഭക്ഷണത്തിനു വേണ്ടി വിലപിക്കുന്ന മൂന്നു പിഞ്ചോമനകളെ വെറും വെള്ളം അടുപ്പത്തു വെച്ചുകൊണ്ട് സമാശ്വസിപ്പിക്കുന്ന ഒരു മാതാവും തൊട്ടടുത്ത വാതിലിനരികെ നല്ലവണ്ണം ഷേവുചെയ്ത് കള്ളിമുണ്ടും തൊപ്പിയും ധരിച്ച് നിൽക്കുന്ന ഉമർ(റ)നെയുമാണ് ഫോട്ടോയിൽ ചിത്രീകരിച്ചിരിക്കുന്നത്.
ഈ ഫോട്ടോ അവിചാരിതമായി വന്നുപെട്ടതാണെന്ന് ആരു പറഞ്ഞാലും വിശ്വസിക്കാൻ നിവൃത്തിയില്ല. മുസ്‌ലിംകൾക്ക് ഇതിഷ്ടപ്പെടുകയില്ലെന്നും അതു മുസ്‌ലിം വികാരത്തെ വൃണപ്പെടുത്തുമെന്നും നന്നായി അറിയുന്ന ഒരു കരിങ്കൈ ഇതിൽ പ്രവർത്തിച്ചിട്ടുണ്ടെന്നു വേണം കരുതുവാൻ. വിവാദ വിഷയമായ ആ പാഠം ശ്രദ്ധിച്ചു വായിക്കുമ്പോൾ ഫാറൂഖ്(റ)ന്റെ വിശ്വപ്രസിദ്ധമായ ആ കഥ ശരിക്കും വസ്തുനിഷ്ഠമായി അതിൽ പ്രതിപാദിക്കുന്നുണ്ടോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. അതിലെ ചില പ്രയോഗങ്ങൾ ദുരൂഹമായിരിക്കുന്നു.
മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം പാഠപുസ്തകങ്ങളിൽ ശ്രദ്ധാപൂർവം വരുന്ന ഇത്തരം പാകപ്പിഴവുകൾ ഇന്ത്യയിൽ പുത്തരിയല്ല. ഇസ്‌ലാമിനെ സംബന്ധിച്ച് തെറ്റായ അറിവ് പിഞ്ചു കിടാങ്ങളിൽ കുത്തിച്ചെലുത്താനുള്ള ധാരാളം ഹീനശ്രമങ്ങൾ ഇതിനു മുമ്പും ഉണ്ടായിട്ടുണ്ട്. ബോധപൂർവം വരുന്ന അത്തരം പാകപ്പിഴവുകളെ മുസ്‌ലിം നേതാക്കളും പത്രങ്ങളും തക്കസമയത്ത് തന്നെ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തി പരിഹാരം കാണുകയാണ് പതിവ്.
ഈ വിഷയത്തിനു ശാശ്വതമായൊരു പരിഹാരമെന്ന നിലക്ക് 67 മാർച്ചിൽ സ്റ്റേറ്റ് സുന്നി യുവജന സംഘത്തിന്റെയും ജംഇയ്യത്തുൽ മുഅല്ലിമീന്റെയും സംയുക്താഭിമുഖ്യത്തിൽ ബഹു. വിദ്യാഭ്യാസ മന്ത്രി സിഎച്ച് മുഹമ്മദ് കോയക്കും അന്നത്തെ സാമൂഹ്യ വികസന മന്ത്രി മർഹൂം എംപിഎം അഹ്മദ് കുരിക്കൾക്കും സമർപ്പിച്ച മെമ്മോറാണ്ടത്തിൽ ഇങ്ങനെ പറഞ്ഞിരുന്നു:
നിലവിലുള്ള പാഠപുസ്തകങ്ങളിൽ ചിലതിൽ ഇസ്‌ലാമിക തത്ത്വസംഹിതക്കനുയോജ്യമല്ലാത്ത പാഠങ്ങൾ കടന്നുകൂടിയിട്ടുണ്ട്. ഇവ നീക്കേണ്ടതാണ്. ഇസ്‌ലാമിന് വിരുദ്ധമായ പ്രവണതകൾ പാഠപുസ്തകങ്ങളിൽ സ്ഥലം പിടിക്കുന്നതിനെ തടയാൻ ഗവൺമെന്റ് പാഠപുസ്തക കമ്മിറ്റിയിൽ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡിന്റെ ഒരു പ്രതിനിധിയെ ഉൾപ്പെടുത്തേണ്ടതാണ്.
പാകപ്പിഴവുകൾ ഇനിയെങ്കിലും വന്നുപെടാതിരിക്കാൻ മെമ്മോറാണ്ടത്തിൽ ഉന്നയിച്ച ആവശ്യം അധികൃതർ താമസംവിനാ അംഗീകരിക്കുമെന്നു ഞങ്ങളാശിക്കുന്നു.’
കുറിപ്പ് സമാപിക്കുന്നു. ഏതായാലും സമരത്തിനും പ്രതിഷേധത്തിനും ഫലമുണ്ടായി. ചിത്രം പിൻവലിച്ചുകൊണ്ട് സർക്കാർ വിജ്ഞാപനമിറക്കി. അതിനെക്കുറിച്ച് സുന്നിടൈംസ് എഴുതി: തക്ക സമയത്ത് തന്നെ അധികൃതർ വിഷയത്തിൽ ശ്രദ്ധിക്കുകയും ചിത്രം പിൻവലിക്കുകയും ചെയ്തത് ഉചിതമായിട്ടുണ്ട്.’
പാഠപുസ്തകങ്ങളിലെ പിഴ അതിൽ അവസാനിച്ചില്ലെന്നത് വസ്തുതയാണ്. ഒടുവിൽ ‘മതമില്ലാത്ത ജീവനി’ൽ വരെ വിവാദം കത്തിയത് നാം കണ്ടു. കക്ഷിഭേദമന്യേ മതവിശ്വാസികൾ പ്രതിഷേധിക്കേണ്ടി വന്നു. സർക്കാർ അതും പിൻവലിച്ചു. സ്‌കൂൾ സമയക്രമം മാറ്റാനുള്ള തീരുമാനവും പ്രതിഷേധത്തെ തുടർന്നു വേണ്ടെന്നുവെച്ചു. ജനങ്ങളുടെ ജാഗ്രതയാണ് പ്രധാനമെന്നാണ് ഈ സംഭവങ്ങളെല്ലാം തെളിയിക്കുന്നത്.