പാരമ്പര്യമാണ് ആത്മാവ്

ഹാജിമാർ പോകുന്നത് അങ്ങോട്ടാണ്. മക്കയിലേക്ക്. പരിശുദ്ധ കഅ്ബയാണ് അവരുടെ ലക്ഷ്യം. മക്കയിലെ ആ ചതുഷ്‌കോണ കെട്ടിടമാണ് വിശുദ്ധ കഅ്ബയെന്ന് ഖുർആൻ അടിസ്ഥാനമാക്കി തെളിയിക്കാൻ കഴിയുമോ? ഇല്ല.
കഅ്ബയുടെ മാത്രം അവസ്ഥയല്ല ഇത്. മക്ക, മദീന, സ്വഫ, മർവ, അറഫ, മിനാ, മുസ്ദലിഫ തുടങ്ങിയ മർമപ്രധാന കേന്ദ്രങ്ങൾ അവ തന്നെയാണെന്ന് ഖുർആൻ കൊണ്ടോ തിരുസുന്നത്തു കൊണ്ടോ തെളിയിക്കാൻ ഒരു വഴിയുമില്ല. പിന്നെ എന്തടിസ്ഥാനത്തിലാണ് അതെല്ലാം വിശ്വസിക്കുന്നതും ആചരിക്കുന്നതും? പാരമ്പര്യം തന്നെ. എന്തിനേറെ, നമ്മുടെ കൈവശമുള്ള ഖുർആനിന്റെ കോപ്പി തന്നെയാണ് യഥാർഥ ഖുർആനെന്നതിന് വിശ്വാസികൾക്ക് ഒരേയൊരു തെളിവ് മാത്രമേയുള്ളൂ. അത് പാരമ്പര്യമാണ്. പരിശുദ്ധ കഅ്ബയും വിശുദ്ധ ഹജ്ജ് കർമവും ഉച്ചൈസ്തരം വിളംബരപ്പെടുത്തുന്നത് ഇസ്‌ലാമിക പാരമ്പര്യത്തിന്റെ അനിവാര്യതയും സ്വീകാര്യതയുമാണ്.

മക്കയിലേക്കോ കഅ്ബയിലേക്കോ അല്ല ഹജ്ജിന് പോകേണ്ടത്, ബൈത്തുൽ മുഖദ്ദസിലേക്കാണ് എന്ന് വാദിച്ചുകൊണ്ട് മുസ്‌ലിം സമുദായത്തിൽ ചില ‘നവോത്ഥാനവാദികൾ’ രംഗത്ത് വന്നിരുന്നു. ഖവാരിജുകളുടെ പിന്മുറക്കായ ഇസ്മാഈലിയ്യത്തുകാർ (സീറതുൽ ഹലബിയ്യ, തഫ്‌സീർ റൂഹുൽ ബയാൻ-സൂറത്തുൽ ഫീൽ, ബയാനുൽ ബിദഇ ബിൽ ഉസൂൽ-ഇമാം അഹ്‌മദ് അസ്സുഹൈമി). ഈ വഴിവിട്ട നവോത്ഥാന തിട്ടൂരങ്ങളെ മുസ്‌ലിം സമുദായം തരണം ചെയ്തത് പാരമ്പര്യത്തിന്റെ ആത്മബലം കൊണ്ടായിരുന്നു. തൗഹീദിലും മറ്റു വിശ്വാസ, കർമ, ആചാരങ്ങളിലുമെല്ലാം അടിസ്ഥാനപരമായി ഇസ്‌ലാമിക പാരമ്പര്യം പരിരക്ഷിക്കപ്പടേണ്ടതുണ്ട്. പാരമ്പര്യത്തിൽ നിന്ന് വ്യതിചലിച്ചാൽ ഇസ്‌ലാം അപകടപ്പെടും. പരിശുദ്ധ ഖുർആന്റെ വ്യക്തമായ പാഠമാണിത്.
സന്മാർഗ സന്ദേശം സ്പഷ്ടമായതിന് ശേഷം ആരെങ്കിലും സത്യദൂതരുടെ എതിർ ചേരിയിലാവുകയും സത്യവിശ്വാസികളുടെ പാരമ്പര്യമല്ലാത്തൊരു വഴി അനുഗമിക്കുകയും ചെയ്താൽ അവരെ നാം പോകുന്ന വഴിക്ക് വിടുന്നതാണ്. അത്തരക്കാരെ നാം നരകത്തിലെറിയുന്നതുമാണ്. അത് വളരെ നീച സങ്കേതമാണ് (സൂറത്തുന്നിസാഅ് 115). സൂറത്തുൽ ഹജ്ജിലെ പരാമർശം എത്രമേൽ ചിന്തോദ്ദീപകം: ‘അവർ ചിരപുരാതനമായ വിശുദ്ധ ഗേഹത്തെ പ്രദക്ഷിണം നടത്തുകയും ചെയ്യട്ടെ’ (സൂറത്തുൽ ഹജ്ജ് 29).
സ്ത്രീ-പുരുഷ സമത്വത്തിന്റെ പേരിൽ കാട് കയറുന്നവരെ അടുത്ത കാലത്തായി മുസ്‌ലിം സമുദായത്തിലും കാണാൻ തുടങ്ങിയിട്ടുണ്ട്. സ്ത്രീയും പുരുഷനും ശരീരത്തിലും മനസ്സിലും വിചാര വികാരങ്ങളിലും പെരുമാറ്റത്തിലും ഏറെ വ്യത്യസ്തരാണ്. ആ വ്യതിരിക്തതയുടെ അനിവാര്യമായ വൈവിധ്യം നിയമങ്ങളിലും ആത്മീയതയിലും മതം അംഗീകരിക്കുന്നുണ്ട്.
ഹജ്ജ് നിർവഹിക്കുന്ന സ്ത്രീയെയും പുരുഷനെയും നിരീക്ഷിച്ചാൽ വൈവിധ്യം പ്രകടം. പുരുഷന്റെ ശരീരത്തിൽ രണ്ട് വസ്ത്രങ്ങളാണുള്ളത്. സ്ത്രീയാകട്ടെ മുഖവും മുൻകൈകളുമല്ലാത്ത ശരീരഭാഗങ്ങൾ മുഴുവൻ മറയ്ക്കുന്ന വസ്ത്രങ്ങൾ അണിഞ്ഞിരിക്കുന്നു. ത്വവാഫിൽ പുരുഷൻ താളം പിടിച്ചു റംല് നടത്തം നിർവഹിക്കുമ്പോൾ സ്ത്രീ ശാന്തയായി പതിയെ നടക്കുന്നു. ഹജ്ജിലെ എല്ലാ ഇബാദത്തുകളിലും സ്ത്രീയും പുരുഷനും തമ്മിൽ വ്യക്തമായ മാറ്റങ്ങളുണ്ട്. ചിലത് നിർബന്ധമാണെങ്കിൽ മറ്റു ചിലത് സുന്നത്താണ്. മക്ക-മദീന ഹറമുകളിൽ പോലും സ്ത്രീകൾക്ക് നിസ്‌കരിക്കാൻ ഏറ്റവും ഉത്തമം പള്ളിയല്ല, അവരവരുടെ റൂമാണ്. അതാണ് ഇസ്‌ലാമിക പാരമ്പര്യവും. ഹജ്ജ് വേളയിൽ സ്വുബ്ഹ് നിസ്‌കാര സമയത്ത് തിരുനബി(സ്വ)യുടെ കൂടെ ഹറം പള്ളിയിൽ കഅ്ബയുടെ തൊട്ടടുത്തെത്തിയ ഉമ്മു സൽമ ബീവി(റ)യോട് നബി(സ്വ) നിർദേശിച്ചു: ‘ജമാഅത്ത് നിസ്‌കാരം തുടങ്ങിയാൽ നീ ജനങ്ങൾക്ക് പുറകിലൂടെ ത്വവാഫ് ചെയ്തു കൊള്ളുക’ (കിതാബുൽ ഹജ്ജ്-സ്വഹീഹുൽ ബുഖാരി 1619). ഏതെങ്കിലും ഒരു സ്ത്രീയോടോ പെൺകുട്ടിയോടോ നിസ്‌കരിക്കാൻ പള്ളിയിൽ പോകണമെന്ന് റസൂൽ(സ്വ) കൽപ്പിച്ചിട്ടില്ല എന്ന വസ്തുതയും വിശ്വാസികൾ മറന്നുപോകരുത്. ഇമാം ശാഫിഈ(റ) രേഖപ്പെടുത്തുന്നു: നബി(സ്വ)യുടെ കൂടെ അവിടത്തെ ഭാര്യമാർ, പെൺമക്കൾ, അടിമസ്ത്രീകൾ, മറ്റു തൊഴിലുകാർ തുടങ്ങി ഒട്ടേറെ സ്ത്രീകളുണ്ടായിരുന്നു. അവരാരും ഹറമിലെ പള്ളിയിലേക്കോ മസ്ജിദ് ഖുബാ പോലുള്ള മറ്റു പള്ളികളിലേക്കോ നിസ്‌കരിക്കാൻ പോയതായി എനിക്ക് അറിയാൻ കഴിഞ്ഞില്ല. സ്ത്രീകൾ നിസ്‌കരിക്കാൻ പള്ളിയിലേക്ക് പോകുന്നത് പുണ്യമായിരുന്നെങ്കിൽ പ്രവാചകർ അവരോടത് കൽപ്പിക്കുമായിരുന്നല്ലോ; സ്വദഖ ചെയ്യാനും മറ്റു സുകൃതങ്ങൾക്കും അവരോട് കൽപ്പിച്ചതുപോലെ (ഇഖ്തിലാഫുൽ ഹദീസ്). പള്ളിയിലേക്ക് നിസ്‌കരിക്കാൻ വന്ന സ്ത്രീകളോട് നിങ്ങൾ വീട്ടിൽ പോയി നിസ്‌കരിക്കൂ എന്ന് അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) കൽപ്പിക്കുകയുണ്ടായി (അൽമുഅ്ജമുൽ കബീർ- ഇമാം ത്വബ്‌റാനി). അബൂഖതാദ(റ) നിവേദനം. നബി(സ്വ) അരുളി: ധർമയുദ്ധമോ ജുമുഅ നിസ്‌കാരമോ മയ്യിത്തിന്റെ കൂടെ പോകുന്നതോ സ്ത്രീകൾക്കുള്ളതല്ല (അൽമുഅ്ജമുസ്വഗീർ-ഇമാം ത്വബ്‌റാനി).
ഉദ്ദേശ്യശുദ്ധികൊണ്ട് മാത്രം ഒരു കർമവും സ്വീകരിക്കപ്പെടില്ല, നിയമങ്ങൾ പാലിക്കുകയും വേണം. സ്ത്രീകൾ നിസ്‌കരിക്കാൻ വേണ്ടി പള്ളിയിലേക്ക് പോകുന്നത് വികൃതമായ ഭക്തിയാണ്. സ്ത്രീ-പുരുഷന്മാർക്കിടയിൽ നിയമങ്ങളിലും വ്യവഹാരങ്ങളിലും ആരോഗ്യകരമായ വൈവിധ്യങ്ങൾ ഇസ്‌ലാം അംഗീകരിക്കുന്നു. ‘പുരുഷൻ സ്ത്രീയെ പോലെയല്ല’ (സൂറത്ത് ആലുഇംറാൻ 36) എന്ന നിലപാട് ഹജ്ജ് അരക്കിട്ടുറപ്പിക്കുന്നു. സജ്ജനങ്ങളുടെ കൂടെ നിൽക്കുക, സുകൃതരിലൂടെ അല്ലാഹുവിന്റെ അനുഗ്രഹം കൈവരിക്കുക എന്ന മഹത്തായ ആദർശമാണ് മഖാമു ഇബ്‌റാഹീമും സംസമും ഹാജറ ബീവി(റ)യുടെ പാദമുദ്രകളിലൂടെയുള്ള സഅ്‌യ് കർമവും പ്രഖ്യാപിക്കുന്നത്. ശുദ്ധതൗഹീദും നിർമല സമർപ്പണവും ഹജ്ജ് ഉദ്‌ബോധിപ്പിക്കുന്നു.

സുലൈമാൻ മദനി ചുണ്ടേൽ

Exit mobile version