പാവം ശ്രോതാക്കളെ വെറുതെ വിടുക!

ഏറെ മൂല്യമുള്ളതാണ് സമയം. പ്രത്യേകിച്ച് സങ്കീര്‍ണതകളുടെ ആധുനിക ലോകത്ത്. നൂറുകൂട്ടം പ്രശ്നങ്ങള്‍ക്കിടയിലാണ് മനുഷ്യജീവിതം. രോഗവും ചികിത്സയും ടെസ്റ്റുകളും മറ്റുമായി ഏറെ സമയം ആവശ്യമായി വരുന്നു. ജീവിത വ്യവഹാരത്തിനുള്ള ജോലികള്‍ ഉപേക്ഷിക്കാനാവില്ല. കുടുംബ ബാധ്യതകള്‍ വേറെയും. കടവും വായ്പ്പകളും സൃഷ്ടിക്കുന്ന പെടാപാട് തീരാറില്ല. വിദ്യാഭ്യാസ സംബന്ധിയായും മറ്റും ജീവിതത്തിന്‍റെ നല്ലൊരു ഭാഗം ചെലവഴിക്കേണ്ടി വരുന്നു. ഇതിനിടയിലും സമൂഹത്തിലെ മഹാഭൂരിപക്ഷം ദീനീകാര്യങ്ങളില്‍ താല്‍പര്യം കാണിക്കുന്നത് ചെറിയ കാര്യമാണോ. അവര്‍ ദിക്ര്‍ ഹല്‍ഖകളിലും പ്രഭാഷണ വേദികളിലും ക്ലാസുകളിലുമൊക്കെ സജീവമായി പങ്കെടുക്കുകയും പരമാവധി ദീനി സംരംഭങ്ങള്‍ പൂര്‍ണതയിലെത്തിക്കാന്‍ കഠിനമായധ്വാനിക്കുകയും ചെയ്യാന്നു. ഇവരാണ് വലിയ പ്രതിഫലാര്‍ഹര്‍. നൂറു രക്തസാക്ഷികളുടെ പുണ്യം ലഭിക്കുമെന്ന് റസൂല്‍(സ്വ) പഠിപ്പിച്ച ഭാഗ്യവാന്‍മാര്‍.

പക്ഷേ, മറ്റു ചിലരെ കുറിച്ചോര്‍ക്കുമ്പോള്‍ ഈ സന്തോഷം അസ്തമിക്കുന്നതാണനുഭവം. സമയത്തിന് ഒരു മൂല്യവും കാണിക്കാതെയുള്ള പരിപാടികള്‍ ഇവരൊക്കെ ഏതു ലോകത്താണെന്നു സംശയിപ്പിക്കുന്ന തരത്തിലാണ്. മലപ്പുറം ജില്ലയില്‍ ആശുപത്രികളുടെ പട്ടണമെന്നറിയപ്പെടുന്ന ഒരു സ്ഥലമുണ്ട്. ടൗണില്‍ കാണുന്നവരിലും പള്ളിയിലെത്തുന്നവരിലും ഭൂരിപക്ഷവും ആശുപത്രിയിലെ രോഗികളോ കൂട്ടിരിപ്പുകാരോ സന്ദര്‍ശകരോ ഒക്കെ ആയിരിക്കും. ഓപറേഷന്‍ തിയേറ്ററുകളില്‍ പ്രവേശിപ്പിച്ച ബന്ധുവിനെ കുറിച്ചോര്‍ത്ത് തപിക്കുന്ന ഹൃദയവുമായി അവിടെയുള്ള ചില പള്ളികളില്‍ ജുമുഅക്കെത്തിയാല്‍ മൂസാനബിയുടെയും ഫിര്‍ഔനിന്‍റെയും കഥ മണിക്കൂറുകള്‍ സഹിക്കേണ്ടിവരും. നബി(സ്വ) മിഅ്റാജിനിടയില്‍ 50 വഖ്ത് നിസ്കാരം 5 ആകുന്നതുവരെ ഒമ്പതു പ്രാവശ്യം കയറി ഇറങ്ങിയത് ഇവര്‍ വിശദീകരിച്ച് കഴിയുമ്പോഴേക്ക് സമയം ഒന്നര ആയിട്ടുണ്ടാവും. ഇതാണ് തനി ‘തറ’പ്രസംഗം. ശരിക്കും പീഡനമല്ലേ ഇത്?

ചില പ്രഭാഷകര്‍ ഈണത്തില്‍ ഒരു പാട്ട് ആലപിക്കുമ്പോഴേക്ക് 10 മിനുട്ട് കണക്ക്. താന്‍ പഠിച്ചുവന്ന ശബരിമല അയ്യപ്പന്‍റെ ഒരു മന്ത്രം  ചൊല്ലാനുള്ള അവസരം സൃഷ്ടിച്ചെടുത്ത് അത് അവതരിപ്പിക്കുമ്പോള്‍ വീണ്ടും പത്തു മിനിട്ട് പോയിക്കിട്ടി. പ്രഭാഷണം തുടങ്ങിക്കിട്ടാനുള്ള ബിസ്മിയും ഹംദും സ്വലാത്തും കൂടെ പതിനഞ്ചു മിനിട്ട്. പിന്നെ ചില അനുഭവവും കഥാവര്‍ണനയും ഏതാനും സിനിമപാട്ടും ബലാത്സംഗ വര്‍ണനകളും കൊഞ്ചിക്കുഴയലുമായാല്‍ വയളായി. എല്ലാംകൂടി കഴിയുമ്പോഴേക്ക് ശ്രോതാവിന് ഷീറ്റിട്ട കെട്ടിടത്തിനു മുകളില്‍ പെരും മഴ പെയ്ത പ്രതീതി മാത്രം- മനുഷ്യരെ ഇങ്ങനെ പറ്റിക്കാമോ എന്ന് ആലോചിച്ചു നോക്കുക.

സമയ നിഷ്ഠ പാലിച്ച് പരിപാടി ക്കെത്തിയവര്‍ തനിപ്പോഴത്തക്കാരാവുന്ന അനുഭവവുമുണ്ട്. സംഘാടകരെത്താന്‍ തന്നെയും പിന്നെയും അരമണിക്കൂര്‍ കഴിയും. പിന്നെ നാട്ടിലെ ഉസ്താദിന്‍റെ ആദം നബിയെ പടച്ചതു മുതല്‍ മുത്തുറസൂലിന്‍റെ സ്വര്‍ഗീയ തൃക്കല്യാണം വരെയുള്ള വിശദീകരണം. എല്ലാവരും ഉറക്ക് പിടിച്ചിരിക്കുന്ന ഘട്ടത്തില്‍ ഔദ്യോഗിക പ്രഭാഷകന്‍റെ എഴുന്നള്ളത്ത്. ആദ്യം വന്നയാളുടെ നാലഞ്ചു മണിക്കൂര്‍ അപ്പോഴേക്കും സ്വാഹ! ദിക്ര്‍-ദുആ വേദികളിലാണെങ്കില്‍ പിന്നെയും സഹിക്കാം. പ്രഭാഷണത്തിനെത്തിയവരെ ദീര്‍ഘദുആ കൊണ്ട് പരീക്ഷിക്കുന്നത് നല്ലതാണോ. എല്ലാം എണ്ണിപ്പറഞ്ഞ് തീരുമ്പോഴേക്ക് ആമീന്‍ പറയലുകാര്‍ ഒരു വഴിക്കായിട്ടുണ്ടാവും. ഈ ദുആ ഒന്ന് നിര്‍ത്തിത്തരേണമേ എന്നായിരിക്കും വാച്ചും നോക്കിയുള്ള അവരുടെ അപ്പോഴത്തെ മനസ്സറിഞ്ഞ പ്രാര്‍ത്ഥന. സമയത്തിന്‍റെ മൂല്യം പരിഗണിച്ചാവണം പ്രവര്‍ത്തനങ്ങളേതും. വിശുദ്ധ റമളാനില്‍ ഈ രീതി എല്ലാവരും ശീലിച്ചെടുക്കുക.

Exit mobile version