ഭൂലോകത്ത് ചിരിക്കാന്‍ കഴിവുള്ള ഏക ജീവിയാണ് മനുഷ്യന്‍. മുഖത്ത് പ്രകടമാകുന്ന ചിരിയിലെ ഭാവവൈവിധ്യങ്ങളിലൂടെ സംബോധിതന്റെ മാനസികനില മാറ്റിമറിക്കാന്‍ മനുഷ്യന് സാധിക്കുന്നു. കൊഞ്ഞനം കുത്തുമ്പോഴും വികൃതഹാസം പ്രകടിപ്പിക്കുമ്പോഴും അന്യന് ദേഷ്യം വരുന്നതതുകൊണ്ടാണ്. വാനരന്മാരെപ്പോലെ ഇളിക്കുന്നതിലല്ല, വ്യക്തിപ്രഭാവം പകര്‍ന്നു നല്‍കുന്ന ഹൃദ്യമായ മന്ദസ്മിതമാണ് മനുഷ്യനെ വ്യത്യസ്തനാക്കുന്നത്. സന്മനസ്സുള്ളവര്‍ക്കേ പ്രസന്നവദനരാകാന്‍ സാധിക്കുകയുള്ളൂ. തിരുനബിയുടെ പാഠം നിറപുഞ്ചിരി ധര്‍മമാണെന്നാണല്ലോ.
വരദാനമായി ലഭിച്ച ഈ ചിരിയെ മസിലുപിടിച്ച് മറച്ചുപിടിക്കുന്നവരാണ് പലരും. ഒന്നു ചിരിച്ചാല്‍ തന്റെ ഗൗരവം നഷ്ടപ്പെടുമെന്ന ആധിയാണിതിന് പ്രേരകം. മറ്റുള്ളവര്‍ ചിരിച്ചാല്‍ ഒരു മറുചിരി നല്‍കാന്‍ പോലും ലുബ്ധത കാണിക്കുന്നവരുണ്ട്. ഒരു പുഞ്ചിരിയിലൊതുങ്ങുന്ന നിരവധി പ്രശ്നങ്ങളാണ് “ഈഗോ’യുടെ പേരില്‍ ആളിക്കത്തുക. ചിലര്‍ക്ക് ദുരഭിമാനമാണ് പുഞ്ചിരിക്ക് വിലങ്ങുതടിയാകുന്നത്. ഒരാള്‍ സ്വയം ചെറുതാകുമ്പോള്‍ അല്ലാഹു അദ്ദേഹത്തെ വലുതാക്കും. തനിക്കുള്ളതുപോലെ അന്യനും വ്യക്തിത്വവും മഹത്ത്വവുമുണ്ടെന്ന തിരിച്ചറിവുണ്ടാകുന്നവര്‍ വിനയാന്വിതരാവുന്നു. തന്മൂലം മറ്റുള്ളവരെ ഉള്‍ക്കൊള്ളാനവര്‍ തയ്യാറാകും. മറ്റുള്ളവരെ ഉള്‍ക്കൊള്ളുമ്പോഴാണ് മുഖത്ത് നിഷ്കപടമായ പുഞ്ചിരി പ്രകടമാവുക. ഹൃദയാന്തരങ്ങളില്‍ കുടികൊള്ളുന്ന അഹങ്കാരമാണ് ചിലരുടെയെങ്കിലും ചിരിയില്ലായ്മക്ക് കാരണം.
വദനമെന്ന ജാലകത്തിലൂടെ സ്ഫുരിക്കുന്ന പ്രഭയാണ് മന്ദഹാസം. നാം ജീവിച്ചിരിപ്പുണ്ടെന്നതിന്റെ കൊട്ടിഘോഷമാണ് പുഞ്ചിരി. വീര്‍പ്പിച്ച മുഖമേന്തി നടക്കുന്നവര്‍ മാറാല കെട്ടിക്കിടക്കുന്ന ദുര്‍ഗന്ധപ്പുരകള്‍ക്ക് തുല്യമാണ്. അങ്ങോട്ടടുക്കാന്‍ പോലും ആരും താല്‍പര്യപ്പെടുകയില്ല. ചിരിയൊരു കുറച്ചിലാണെന്നാണ് ചിലരുടെ തെറ്റിദ്ധാരണ. “പൂക്കള്‍ക്ക് സൂര്യപ്രകാശമേല്‍ക്കുംപോലെയാണ് മനുഷ്യരാശിക്ക് ചിരി’യെന്നാണ് പ്രസിദ്ധ ചിന്തകന്‍ ജോസഫ് ആഡിസണ്‍ പറഞ്ഞത്. എന്തെങ്കിലും ആവശ്യങ്ങളുന്നയിച്ച് നമുക്കരികില്‍ കടന്നുവരുന്നവര്‍ക്ക് നല്‍കാനൊന്നുമില്ലെങ്കിലും ഹൃദ്യമായൊരു പുഞ്ചിരി മതിയാകുമവര്‍ക്ക് സ്വാന്തനമേകാന്‍. ദന്തങ്ങളിലെ ധവളിമയോ നുണക്കുഴിയുടെ ആഴമോ അധരങ്ങളുടെ ചുകപ്പോ മാത്രമല്ല പുഞ്ചിരിയെ വശ്യമാക്കുന്നത്, അതിനെക്കാള്‍ അതിന്റെ ഹൃദ്യതയാണ്. ഹൃദയസ്പര്‍ശിയായി തൂകുന്ന പുഞ്ചിരിയാണെങ്കില്‍ ചിരിക്കുന്നവന്‍ കറുത്തവനോ വെളത്തവനോ എന്നത് നോട്ടമേയില്ല. അത് പകര്‍ന്നു തരുന്ന സന്തോഷത്തിലാണ് കാര്യം.
നിഷ്കളങ്കവും നിഷ്കപടവുമായ പുഞ്ചിരി ഏറെ സ്വാധീനമുണ്ടാക്കും. പുഞ്ചിരി സമ്മാനിക്കാന്‍ നാട്യങ്ങളില്ലാത്തവരാണ് കുഞ്ഞുങ്ങള്‍. അവരുടെ പുഞ്ചിരിക്കുമുന്നില്‍ അന്യരില്ല. എല്ലാവരോടും അവര്‍ മന്ദഹസിക്കും. അവരെപ്പോലെ ജാഢകളില്ലാതെ പുഞ്ചിരിക്കാന്‍ സാധിക്കുന്നവരാണ് വിജയികള്‍. മലപോലെ വന്ന സങ്കീര്‍ണമായ അസ്വാരസ്യങ്ങള്‍ നിറപുഞ്ചിരി തൂകി മഞ്ഞുപോലെയാക്കാന്‍ നമുക്കാവും. ഹൃദയസ്പര്‍ശിയായ മന്ദഹാസം ഒരാളുടെ പൂര്‍ണ മാനസികാരോഗ്യത്തെയും ആത്മീയ സമാധാനത്തെയും കുറിക്കുന്നു. ജനങ്ങളുടെ സമീപനങ്ങളോട് അതേ നാണയത്തില്‍ പ്രതികരിക്കുക നിഷ്പ്രായസം. കുപിതരോട് കോപിക്കാനും പ്രസന്നവദനരോട് പുഞ്ചിരിതൂകാനും ആര്‍ക്കും സാധിക്കും. പക്ഷേ വൈവിധ്യമനസ്കരോട് വ്യത്യാസങ്ങളില്ലാതെ പ്രതികരിക്കാന്‍ വിശാലഹൃദയര്‍ക്കേ സാധിക്കൂ. ഹൃദ്യമായൊരു പുഞ്ചിരിയെ അവഗണിക്കാന്‍ വ്യക്തിത്വമുള്ളവര്‍ക്കൊന്നും സാധ്യമല്ല. ജീവിത സൗഖ്യമാണ് പുഞ്ചിരി നമുക്ക് സമ്മാനിക്കുന്നത്. അത് ഹൃദയത്തെ ഭാരമുക്തമാക്കുന്നുവെന്നാണ് സൈക്കോളജിസ്റ്റുകള്‍ പറയുന്നത്.
പുഞ്ചിരിയുടെ ശാസ്ത്രം
ശാസ്ത്രീയമായി വിശകലനം ചെയ്താലും പുഞ്ചിരിയിലൂടെ നിരവധി നേട്ടങ്ങള്‍ കൊയ്യാനാകുമെന്ന് തെളിയുന്നു. പ്രിസ്ക്രിപ്ഷനില്ലാതെ നിരന്തരം ഉപയോഗിക്കാവുന്ന നല്ല മെഡിസിനായാണ് മന്ദഹാസത്തെ വൈദ്യശാസ്ത്രം കണക്കാക്കുന്നത്. ശരീരത്തിന് നിഷ്ക്ലേശകരമായ അവസ്ഥ പ്രദാനം ചെയ്യുന്ന രാസവസ്തുക്കളായ “എന്‍ഡോസര്‍ഫിനു’കള്‍ പുഞ്ചിരിയിലൂടെ വര്‍ധിക്കുമെന്നാണ് ശാസ്ത്രമൊഴികള്‍. തന്നെയുമല്ല, മാനസിക പിരിമുറുക്കത്തിന് ഹേതുവാകുന്ന “ഹെപ്പിനെഫ്രിന്‍, ഡോപ്പമൈന്‍’ പോലുള്ള ഹോര്‍മോണുകളുടെ അളവ് കുറക്കുകയും ചെയ്യുന്നു. പ്രതിരോധ കോശങ്ങളുടെ എണ്ണത്തിലും പ്രവര്‍ത്തനക്ഷമതയിലും വര്‍ധനവ് വരുത്തുവാന്‍ പുഞ്ചിരിക്ക് സാധിക്കും. ആന്തരാവയവങ്ങളുടെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുന്നതിലും ശരീരത്തിലെ വിവിധ പേശികള്‍ക്ക് ആരോഗ്യമേകുന്നതിലും പുഞ്ചിരി മുഖ്യമായ പങ്കുവഹിക്കുന്നു. രോഷം, അമര്‍ഷം, നൈരാശ്യം, ഉത്കണ്ഠ, ദുഷിച്ച ചിന്തകള്‍ എന്നിവയില്‍ നിന്നൊക്കെ നമ്മെ വഴിമാറ്റാനും മന്ദഹാസത്തിനാകുമെന്നതാണ് ശാസ്ത്രീയവശം. ഹൃദ്യമായൊന്ന് ചിരിക്കാന്‍ 22 പേശികള്‍ മാത്രമേ പ്രയോജനപ്പെടുത്തേണ്ടതുള്ളൂ. എന്നാല്‍ മുഖം വീര്‍പ്പിച്ചിരിക്കാന്‍ 43 പേശികള്‍ പ്രവര്‍ത്തനക്ഷമമായിരിക്കണമത്രെ. വദനപ്പകര്‍ച്ചകളിലെയും പ്രസന്നതയിലെയും ശാരീരിക നേട്ടങ്ങള്‍ തമ്മിലെത്ര അന്തരം!
ഇവിടെയാണ് നിന്റെ സഹോദരന്റെ നേര്‍ക്കുള്ള മന്ദഹാസം ധര്‍മമാണെന്ന നബിവചനം പ്രസക്തമാകുന്നത്. പുഞ്ചിരിയിലൂടെ സ്വശരീരത്തിനും സമൂഹത്തിനും നമുക്ക് ധര്‍മം ചെയ്യാനാകും. അന്യന്റെ സ്നേഹം കയ്യിലാക്കാനുള്ള കുറുക്കുവഴിയാണ് പുഞ്ചിരി. നന്മയില്‍ നിന്ന് ഒന്നും നീ നിസ്സാരമാക്കരുത്. അത് സുസ്മേര വദനനായി നിന്റെ സഹോദരനെ അഭിമുഖീകരിക്കുക എന്നതാണെങ്കിലും ശരി എന്ന് നബി(സ്വ) പഠിപ്പിച്ചു. അവിടുത്തെ ഈ പാഠങ്ങള്‍ മനഃശാസ്ത്ര തത്ത്വങ്ങളുമായി ചേര്‍ത്തുവായിക്കുമ്പോള്‍ പ്രകൃതിയുടെ മതത്തെയും പ്രവാചകനെയും ആരും പുണരും.
തൂമന്ദഹാസത്തിന്റെ ഇസ്‌ലാമിക വായനക്ക് നബി(സ്വ)യുടെ ജീവിതത്തെക്കുറിച്ചുള്ള ചെറിയൊരന്വേഷണം മതിയാകും. ഒരു ചെറുപുഞ്ചിരികൊണ്ട് അവിടുന്ന് വിപ്ലവം തീര്‍ത്തു. ജാരവൃത്തിക്ക് അനുമതി തേടി തിരുസവിധത്തിലെത്തിയ അപരിഷ്കൃതനെ മന്ദഹാസം തൂകി സ്വീകരിച്ച് ആലിംഗനം ചെയ്ത് സാരോപദേശം ചെയ്തപ്പോള്‍ അദ്ദേഹത്തിന് ഉണ്ടായ മാറ്റം മാത്രം മതി പുഞ്ചിരിയുടെ മാനസിക വിപ്ലവം മനസ്സിലാക്കാന്‍. റസൂല്‍(സ്വ) ക്രോധത്തോടെയാണ് പെരുമാറിയിരുന്നതെങ്കില്‍ കാര്യമെന്താകുമായിരുന്നു. ഇത്തരം സ്വഭാവ വൈശിഷ്ട്യങ്ങള്‍ മേളിച്ച അത്ഭുത വ്യക്തിത്വമായിരുന്നവിടുന്ന്. വിശുദ്ധഖുര്‍ആന്‍ വിശേഷിപ്പിക്കുന്നത് കാണാം: “താങ്കള്‍ പരുഷസ്വഭാവിയും കഠിനഹൃദയനുമായിരുന്നുവെങ്കില്‍ അവര്‍ തങ്ങളുടെ സവിധത്തില്‍ നിന്നും ഓടിയകലുമായിരുന്നു’ (ആലുഇംറാന്‍/159).
പ്രവാചകര്‍(സ്വ)ക്ക് മുഖപ്രസന്നതയില്ലാത്ത നേരമില്ലായിരുന്നു. ദീനിന്റെ കാര്യങ്ങള്‍ക്കുവേണ്ടി അവിടുത്തെ വദനം വിവര്‍ണമാകാറില്ലെന്ന് ഇപ്പറഞ്ഞതിനര്‍ത്ഥം വെക്കരുത്. ഒരിക്കല്‍ നബി(സ്വ)യുടെ മുഖം വിവര്‍ണമായിരിക്കെ തിരുസവിധത്തിലേക്ക് കടന്നു ചെന്ന അഅ്റാബിയെ തന്റെ ആവശ്യമുന്നയിക്കുന്നതില്‍ നിന്ന് സ്വഹാബത്ത് വിലക്കിയപ്പോള്‍ അവിടുന്ന് കാര്യമില്ലാതെ രോഷാകുലനാവുകയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പറഞ്ഞ പ്രകാരം തന്നെ അദ്ദേഹത്തിന്റെ ആവശ്യം ഗ്രഹിച്ചപ്പോള്‍ അവിടുന്ന് അണപ്പല്ലുകള്‍ വെളിവാകും വിധം പുഞ്ചിരിക്കുകയായിരുന്നു ചെയ്തത്.(ഇഹ്യ, ഇത്ഹാഫ് 8/230) അവിടുന്ന് പാല്‍പുഞ്ചിരി തൂകുമ്പോള്‍ ദന്തങ്ങള്‍ക്കിടയിലൂടെ പ്രകാശം പൊഴിയുമായിരുന്നുവെന്ന് ചരിത്രത്തില്‍ കാണാം. ചിപ്പിയിലടച്ച മുത്ത് കണക്കെയായിരുന്നവിടുത്തെ പുഞ്ചിരിയെന്ന് അനുരാഗികള്‍ കോര്‍ത്തുവെച്ച ശീലുകളില്‍ ദര്‍ശിക്കാനാകും. മുത്ത് സ്വതവേ അഴകുള്ളതാണ്. ചിപ്പിക്കകത്ത് ഭദ്രമാകുമ്പോഴാണത് സൗന്ദര്യത്തിന്റെ പരമകാഷ്ഠയിലെത്തുന്നത്. നബിയുടെ ദന്തനിര പുറത്ത് കാണുക അവിടുന്ന് മന്ദഹസിക്കുമ്പോഴായിരുന്നു.
ചിരിയുടെ കാര്യത്തിലും അവിടുത്തേക്ക് ചിട്ടയും ചട്ടങ്ങളുമുണ്ട്. ആവശ്യത്തിനല്ലാതെ റസൂല്‍(സ്വ)ചിരിക്കാറില്ലായിരുന്നു. ഒരിക്കലും പൊട്ടിച്ചിരിച്ചിരുന്നില്ല. വിശാല മനസ്കരാകാന്‍ നമ്മളും ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ഒരു പുഞ്ചിരികൊണ്ട് നഷ്ടപ്പെടാനൊന്നുമില്ല, ലാഭകരമായ കാര്യങ്ങള്‍ അനവധിയും.
ഇസ്സുദ്ദീന്‍ പൂക്കോട്ടുചോല