പുണ്യങ്ങളല്ല; വിടപറഞ്ഞത് റമളാന്‍ മാത്രം

21ഭൗമലോകം മനുഷ്യന്റെ സ്ഥിരവാസ കേന്ദ്രമല്ല. കുറച്ചുകാലം ഇവിടെ താമസിക്കാനേ ആര്‍ക്കും അവസരമുള്ളൂ. അതിനിടയില്‍ മാന്യനാവാനും മത ദര്‍ശനങ്ങള്‍ക്കു അരികുചാരി നില്‍ക്കാനും കഠിനതപം ചെയ്യുന്നവര്‍ക്ക് സ്വര്‍ഗീയാരാമങ്ങളില്‍ നിത്യവാസം ലഭിക്കുന്നു. പറുദീസയുടെ രാജകുമാരന്‍മാരായി അവര്‍ മാറുന്നു. ഇതിനുള്ള സുതാര്യമാര്‍ഗം വിശദീകരിക്കുകയാണ് മതം.
മഴക്കാലമാണിത്. അതായത് കൃഷിക്കാലം. പാടവും പറന്പും എന്തിനധികം കെട്ടിടങ്ങളുടെ മട്ടുപ്പാവു പോലും കൃഷിയോഗ്യമാക്കുന്നതില്‍ ബദ്ധശ്രദ്ധരാണ് നാം. ഉപജീവനത്തിന് വായുവിനെയും വെള്ളത്തെയും പോലെ ഭക്ഷ്യപദാര്‍ത്ഥങ്ങളും അനിവാര്യമാണ്. കാര്‍ഷികവിളകള്‍ ആണ് ഈ ആവശ്യം പരിഹരിക്കുന്നത്. ജീവിതോപാധിയാകയാല്‍ ഭക്ഷ്യവസ്തുക്കള്‍ കൃഷി ചെയ്തോ കൃഷിക്കാരില്‍ നിന്നു സംഘടിപ്പിച്ചോ നാം സ്വരൂപിക്കുന്നു. ആവശ്യം തന്നെയാണിത്. എന്തുകൊണ്ട്? മാസങ്ങള്‍ക്കു ശേഷം മറ്റൊരു കാലം വരാനുണ്ട്. വറുതിയുടെയും കൊടുംചൂടിന്റെയും സമയം. ജലക്ഷാമം കൊണ്ട് പൊറുതിമുട്ടുന്ന സന്ദര്‍ഭം. ഇപ്പോള്‍ മഴക്കെടുതികള്‍ ആഘോഷമാക്കുന്ന മാധ്യമങ്ങള്‍ നേരെ വിരുദ്ധമായി വരള്‍ച്ചയെ വിപണനം ചെയ്യുന്ന ഘട്ടം. അപ്പോള്‍ കൃഷി നടക്കില്ല, ചെടികള്‍ പുഷ്പിക്കില്ല. അന്നേക്കു വേണ്ടി നാം സ്വന്തമോ, നമുക്കായി മാറ്റാരെങ്കിലുമോ ഇപ്പോള്‍ അധ്വാനിച്ചേ പറ്റൂ.
സമാനമാണ് ജീവിതത്തിന്റെ ആത്മവശവും. ഇത് അധ്വാനത്തിന്റെയും സംഭരണത്തിന്റെയും അവസരമാണ്. ഇനിയൊരുവേള കടന്നുവരാനുണ്ട്. അവിടെ ആരാധനകള്‍ നടക്കില്ല. പുണ്യം നേടാനുള്ള ഒരു വ്യവഹാരങ്ങള്‍ക്കും സൗകര്യങ്ങളില്ല. മുമ്പ് ഭൂമിയിലെ വാസക്കാലത്ത് അധ്വാനിച്ചതിന്റെ ഗുണഫലങ്ങള്‍ ആസ്വദിക്കുക മാത്രമാണ് മാര്‍ഗം. ഒന്നും തയ്യാറാക്കിയില്ലെങ്കില്‍ കൊടിയ ദാരിദ്ര്യമാണ് ഫലം. ആത്മാവ് നശിച്ച്, നിരാശ ബാധിതരായി, പരിഹാസ്യരായി അന്ന് നിലകൊള്ളേണ്ടി വരുന്നവര്‍ ഭാഗ്യദോഷികള്‍ മാത്രമല്ല, തനി മഠയര്‍ തന്നെയാണാവുക. കാരണം, ഇതെക്കുറിച്ച് കൃത്യമായ അറിവ് അവര്‍ക്ക് ലഭിച്ചിട്ടുണ്ടായിരുന്നു. ദുന്‍യാവ് ആഖിറത്തിലേക്കുള്ള കൃഷിയിടമാണ് എന്ന പ്രവാചക വചനം അവര്‍ക്കറിയാം. പൈശാചിക പ്രേരണകള്‍ക്ക് വശംവദരാവരുതെന്നും അവന്‍ നിങ്ങളുടെ വ്യക്തമായ ശത്രുവാണെന്നും പടച്ചതമ്പുരാന്‍ നല്‍കിയ മുന്നറിയിപ്പും ശ്രദ്ധിക്കാനായിരുന്നു. എന്നിട്ടും അവയത്രയും തിരസ്കരിച്ച് താന്തോന്നിയായി ജീവിച്ചതിന്റെ പ്രത്യാഘാതമാണിത്. ഇതിന് സ്വയം പാകപ്പെട്ടുവെന്നതിലാണ് അവന്റെ മഠയത്വം പൂര്‍ണമാവുന്നത്.
ചെറിയൊരു ലോകത്തിലെ എണ്ണി നിര്‍ണയിക്കാനാവുന്ന കാലത്തുള്ള ജീവിതം ആഘോഷ പൂര്‍ണമാക്കാന്‍ അവസാനമില്ലാത്ത പരലോകം നഷ്ടപ്പെടുത്തിയവനേക്കാള്‍ വിഡ്ഢിയാരുണ്ട്? നബി(സ്വ) പറഞ്ഞല്ലോ: ആത്മാവിനെ വഴിപ്പെടുത്താനാവുകയും നാളേക്കുവേണ്ടി അധ്വാനിക്കുകയും ചെയ്യുന്നവനാണ് ബുദ്ധിമാന്‍.
വിമോചന ചിന്തകളാല്‍ സമ്പന്നമായിരുന്നു നോമ്പുകാലം. പലരും ആരാധനാ കര്‍മങ്ങളില്‍ പുരോഗതിയും തിന്മയില്‍ നിന്ന് അകലവും സൃഷ്ടിച്ചെടുത്തു. നല്ലതുതന്നെ. പക്ഷേ, അത്ര തന്നെ മതിയോ? ഒരു റമളാന്‍ കൊണ്ടുതന്നെ സ്വര്‍ഗം നേടാനായേക്കാം. അല്ലാഹുവിന്റെ അനുഗ്രഹമുണ്ടെങ്കില്‍ ഒരു റമളാന്‍ പോലും തികച്ചു വേണ്ടതുമില്ല. എന്നാല്‍, നമ്മുടെ റമളാനുകളില്‍ എത്രയെണ്ണം സ്വീകാര്യയോഗ്യമായെന്നതില്‍ ആര്‍ക്കും ഒരുറപ്പുമില്ലാത്തതാണ് തുടര്‍സ്പന്ദനങ്ങള്‍ അനിവാര്യമാക്കുന്നത്.
ഒരു ശരാശരി മതസ്നേഹിയുടെ റമളാന്‍ ക്രമം ഇങ്ങനെയായിരിക്കും. ഒരു മാസത്തെ നോമ്പ്, ജമാഅത്ത് നിസ്കാരങ്ങള്‍, ഇരുപത് റക്അത്ത് തറാവീഹ് നിസ്കാരം, മൂന്നും അതിലധികവും വിത്ര്‍ നിസ്കാരം, ളുഹാ, തസ്ബീഹുകള്‍ പോലുള്ളവ വേറെയും, ഖുര്‍ആന്‍ പാരായണം തകൃതി, ദാനദര്‍മങ്ങള്‍ പതിവിലേറെ നിര്‍വഹിച്ചു, ദിക്റും സ്വലാത്തുമടക്കം മറ്റുപല സാധനകളും സജീവമാക്കി. ആരാധനകളുടെയത്രയോ ഒരുപക്ഷേ, അതിനേക്കാളോ പ്രാധാന്യമുള്ള തെറ്റുകളില്‍ നിന്നു മാറിനില്‍ക്കുന്നതിലും അതിനായി ലൈംഗികാവയവങ്ങളെയും നാവിനെയും അടക്കിനിറുത്തുന്നതിലും ഏറെക്കുറെ എല്ലാവരും വിജയം നേടുകയും ചെയ്തു. ഇങ്ങനെയുള്ള ആത്മ സംതൃപ്തിയുമായാണ് നാം പെരുന്നാളിനൊരുങ്ങുന്നത്. ഇത്രയും മനസ്സിലാക്കിയ, പരലോകമോക്ഷം കാംക്ഷിച്ച് ഉണര്‍ന്നിരിക്കുന്ന വായനക്കാരുടെ സത്വര ചിന്ത മറ്റുചില കാര്യങ്ങളിലേക്ക് അനിവാര്യമായും കേന്ദ്രീകരിക്കേണ്ടതുണ്ട്.
സത്യത്തില്‍, മുമ്പുചേര്‍ത്ത റമളാന്‍ പുണ്യങ്ങളില്‍ പ്രത്യേക നിസ്കാരമായ തറാവീഹ് അല്ലാത്തതൊക്കെയും അതേ പേരുകളില്‍ തന്നെ പിന്നീടും നിലനില്‍ക്കുന്നുവെന്നതാണ് അതില്‍ പ്രധാനം. സുന്നത്തു നോമ്പുകള്‍ നിരവധിയുണ്ട്. തിങ്കള്‍, വ്യാഴം, അയ്യാമുല്‍ ബീള് തുടങ്ങിയവ ഉദാഹരണം. ഇവ നിര്‍വഹിച്ച് നോമ്പിന്റെ തുടര്‍ച്ച നമുക്ക് പിന്തുടരാനാവും.
ളുഹ്റിന് മുമ്പ് നാലുറക്അത്ത് നിസ്കരിച്ചവര്‍ക്ക് സ്വര്‍ഗം പ്രതിഫലം പറഞ്ഞത് തിരുനബി(സ്വ)യാണ്. അതും വിശ്വാസിക്ക് ഇനിയും നേടാന്‍ അവസരങ്ങളുണ്ട്. ഓരോ സന്ധികള്‍ക്കും സ്വദഖ ചെയ്യണമെന്ന് ഓര്‍മപ്പെടുത്തിയ പ്രവാചകര്‍(സ്വ) അതിനുപകരം വെക്കാനുള്ളതെന്ന് പരിചയപ്പെടുത്തിയതാണ് ളുഹാ നിസ്കാരം. അത് റമളാനിന്റെ പ്രത്യേകതയല്ല. വിശ്വാസിയുടെ ബാധ്യതയെന്നാണ് വിത്റിനെക്കുറിച്ച് അവിടുന്ന് പഠിപ്പിച്ചത്. അതിനും അവസരമുണ്ട്. ജമാഅത്ത് നിസ്കാരങ്ങള്‍ക്ക് കൃത്യമായി പങ്കെടുക്കാനാവുമെന്നും അതു കാരണമായി നമുക്ക് ഭൗതികമായി, ഉദ്യോഗത്തിലോ വ്യാപാരത്തിലോ ഒരു ക്ഷയവും സംഭവിക്കില്ലെന്നതിനും റമളാന്‍ സാക്ഷിയാണല്ലോ. മനസ്സുവെച്ചാല്‍ ഇനിയും അതിനാവും. ഇങ്ങനെ ചിന്തിച്ചാല്‍ റമളാന്‍ അവസാനിച്ചാല്‍ പോലും അതിന്റെ സക്രിയത അനന്തമാവുന്നത് നമുക്ക് ബോധ്യപ്പെടും.
ഒരു ജുസ്അ് ഖുര്‍ആന്‍ പാരായണത്തിന് ഏറിയാല്‍ അരമണിക്കൂര്‍ വേണ്ടിവരും. അതായത് ഒരു ദിവസത്തിന്റെ കേവലം നാലു ശതമാനം. എല്ലാ ദിവസവും ഇത്ര സമയം ഖുര്‍ആന്‍ പാരായണത്തിന് വിനിയോഗിച്ചാല്‍ ഒരു വര്‍ഷത്തിന്റെ ചെറിയ ശതമാനം മാത്രമാണ് അതിനുവേണ്ടി വിനിയോഗിക്കപ്പെടുന്നതെന്ന് കാണാം. ഇതിന്റെ പതിന്മടങ്ങ് ദിനപത്ര പാരായണത്തിനും പുണ്യങ്ങളല്ലാത്ത മറ്റു കര്‍മങ്ങള്‍ക്കും നാം ചെലവഴിക്കുന്നുവെന്ന കാര്യം കൂടി ഓര്‍മിക്കുക. ശരാശരി 10 പേജ് ദിനപത്രം ദിനംപ്രതി വായിക്കുന്നവര്‍ ചുരുങ്ങിയത് 70 പേജ് (മൂന്നര ജുസ്അ്) ഖുര്‍ആന്‍ പാരായണത്തിന്റെയത്ര വായിച്ചുതീര്‍ക്കുന്നുവെന്നത് അവഗണിക്കേണ്ട കാര്യമാണോ? ദിനപത്രങ്ങളുടെയും നമുക്ക് ലഭ്യമായ ഖുര്‍ആന്‍ പ്രതികളിലെയും അക്ഷരങ്ങള്‍ തമ്മിലുള്ള, ഖുര്‍ആനിലെ ഒന്നിനു പകരം പത്രങ്ങളിലെ നാലെണ്ണം വരുന്ന വിധത്തിലുള്ള വലിപ്പവ്യത്യാസം തീരെ പരിഗണിക്കാതെയാണ് ഇതെന്നുകൂടി ഓര്‍ക്കുക. അല്ലെങ്കില്‍ 70നു പകരം 280 ഖുര്‍ആന്‍ പേജുകള്‍ (പതിനാല് ജുസ്അ്) തുല്യമായ വിധത്തില്‍ പത്തുപേജ് പത്രപാരായണമെത്തിച്ചേരും!
ഒട്ടുമിക്ക വാര്‍ത്തകളും യാതൊരു ഉപകാരവും നമുക്ക് നല്‍കാത്തവയാണ്. രാഷ്ട്രീയ നാടകങ്ങളും സ്പോര്‍ട്സ് വിവരങ്ങളുമൊക്കെ ഈ ഗണത്തില്‍ പെടുന്നു. പുറമെ, പത്രങ്ങളിലെ പല കാര്യങ്ങളും പരലോക പരാജയം ഉറപ്പാക്കുന്ന വിധത്തിലുള്ളതുമായിരിക്കും. എന്നിട്ടും, ഇതിനായി ജീവിതത്തിന്റെ നല്ലൊരു ഭാഗം ചെലവഴിക്കുന്ന മലയാളിക്ക് ഒരക്ഷരത്തിന് പത്തു പ്രതിഫലം തിരുനബി(സ്വ) വാഗ്ദാനം ചെയ്ത ഖുര്‍ആന്‍ പാരായണത്തിന് സമയം ലഭിക്കാതിരിക്കുന്നതിന്റെ പേരെന്താണ്? ഏറെ പ്രതിഫലങ്ങളുള്ള ദിക്ര്‍സ്വലാത്തുകളുടെ കാര്യവും ശ്രദ്ധിക്കണം.
ജന്മശത്രുവായ പിശാചുമായുള്ള പോരാട്ടത്തില്‍ പരാജയപ്പെടാതിരിക്കാന്‍ ഉണര്‍ന്നിരിക്കുകയാണ് വേണ്ടത്. അനുനിമിഷം നമ്മിലേക്ക് അടുത്തുവരുന്ന മരണത്തെ സ്വീകരിക്കാന്‍ തയ്യാറെടുക്കാന്‍ നാം ബാധ്യസ്ഥരാണ്. പ്രതീക്ഷകള്‍ പൂവണിയാന്‍ മോഹമുണ്ടാവുക സ്വാഭാവികം. അതോടൊപ്പം അത് അല്‍പംപോലും നമ്മുടെ നിയന്ത്രണത്തില്‍ അല്ലെന്നും എല്ലാ മോഹങ്ങള്‍ക്കും മുകളില്‍ മരണത്തിന്റെ സംഹാരമേറ്റേക്കാം എന്നുമോര്‍ക്കുക. ശേഷമുള്ള വിലാപങ്ങള്‍ ഫലരഹിതമാണെന്നു ബോധ്യമുണ്ടായിട്ടും ശാശ്വതവിജയത്തിന് തയ്യാറെടുക്കാത്തവരെക്കുറിച്ച് എന്തു പറയാനാണ്.

ഇബ്റാഹിം സഖാഫി പുഴക്കാട്ടിരി

Exit mobile version