പുണ്യങ്ങളിലെ സമത്വം

equality- Malayalam

‘തിരുദൂതരേ, ഒന്ന് ചോദിച്ചോട്ടേ. പുണ്യങ്ങളൊക്കെ പുരുഷന്മാർക്കാണെന്ന് തോന്നുന്നു. ഞങ്ങൾ പാവം പെണ്ണുങ്ങൾക്ക് യാതൊന്നുമില്ലേ.’

കഅ്ബിന്റെ മകൾ നസീബ(റ)യുടേതായിരുന്നു ചോദ്യം. അൻസ്വാരി മഹിളയാണ് നസീബ(റ). അൻസ്വാരി മങ്കകളെ തിരുനബി(സ്വ) നന്നായി വാഴ്ത്താറുണ്ട്. സ്വന്തം മതകാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കുന്നതിന് അവർക്ക് ഒട്ടും മടിയില്ലെന്നതാണ് കാരണം. വാഹനപ്പുറമേറിയ വനിതകളിൽ മഹത്ത്വമുറ്റവർ അൻസാരി തരുണികളാണെന്നൊരു ചൊല്ല്തന്നെ തിരുനബി(സ്വ)യിൽ നിന്നു പ്രശസ്തമായിട്ടുണ്ട്.

നസീബ ബീവി(റ) ചോദിച്ചതിൽ തെറ്റില്ല. പാരത്രിക തൽപരരായ സഹോദരിമാർ പൊതുവെ മനസ്സിൽ കൊണ്ടുനടന്നിരുന്ന ചോദ്യം തന്നെയായിരുന്നു ഇത്. നസീബയുടെ ചോദ്യത്തിന് പ്രതികരിച്ചത് പരിശുദ്ധ ഖുർആനായിരുന്നു. ഒറ്റ വാക്കിൽ നിർത്താതെ വിശദമായി തന്നെ ഖുർആൻ മറുപടി പറഞ്ഞു. എന്നെന്നും മുസ്‌ലിം തരുണികൾക്ക് സന്തോഷം പകരുന്നതാണ് ഖുർആനിന്റെ പ്രതികരണം. സ്ത്രീയും പുരുഷനും തമ്മിൽ അന്തരമുണ്ട്. പ്രകൃത്യാ നിലനിൽക്കുന്ന അസമത്വത്തിനനുസൃതമായി തന്നെയാണ് ഇസ്‌ലാമിന്റെ വിധി നിയമങ്ങളും. ഇസ്‌ലാമിന് അങ്ങനെയേ പറ്റൂ. കാരണം ഇസ്‌ലാം അല്ലാഹുവിന്റെ മതമാണ്. മാനുഷിക പ്രകൃതിയെ പുരസ്‌കരിക്കുന്ന പ്രത്യയശാസ്ത്രം. പക്ഷേ ആണും പെണ്ണും പുണ്യങ്ങൾ വാരിക്കൂട്ടുന്നതിൽ പലയിടത്തും ഒന്നിക്കുന്നു. ആ അർത്ഥത്തിൽ ഒട്ടേറെ സമത്വങ്ങൾ സ്ത്രീ-പുരുഷന്മാർ തമ്മിലുണ്ട്.

ഖുർആനിന്റെ പ്രതികരണമിങ്ങനെ: മുസ്‌ലിമായ പുരുഷന്മാരും മുസ്‌ലിമായ സ്ത്രീകളും വിശ്വസിച്ച പുരുഷന്മാരും വിശ്വസിച്ച സ്ത്രീകളും ആരാധനാ നിമഗ്നരാകുന്ന പുരുഷന്മാരും ആരാധനാ നിമഗ്നകളാകുന്ന സ്ത്രീകളും സത്യസന്ധരായ പുരുഷന്മാരും സത്യസന്ധരായ സ്ത്രീകളും സഹനശീലരായ പുരുഷന്മാരും സഹനശീലരായ സ്ത്രീകളും ഭക്തരായ പുരുഷന്മാരും ഭക്തകളായ സ്ത്രീകളും ദാനശീലരായ പുരുഷന്മാരും ദാനശീലകളായ സ്ത്രീകളും നോമ്പനുഷ്ഠിക്കുന്ന പുരുഷന്മാരും നോമ്പനുഷ്ഠിക്കുന്ന സ്ത്രീകളും ചാരിത്ര്യം സംരക്ഷിക്കുന്ന പുരുഷന്മാരും സംരക്ഷിക്കുന്ന സ്ത്രീകളും ധാരാളമായി ദിക്ർ ചൊല്ലുന്ന പുരുഷന്മാരും ദിക് ർ ചൊല്ലുന്ന സ്ത്രീകളും അല്ലാഹു ഇവർക്കൊക്കെയും മാപ്പും മഹത്തായ പ്രതിഫലവും സജ്ജമാക്കിവച്ചിരിക്കുന്നു (അൽഅഹ്‌സാബ് 35).

ഇവിടെ കുറെ പുണ്യകർമങ്ങൾ ഖുർആൻ എടുത്തുവെക്കുന്നു. എല്ലാറ്റിലും ആണിനും പെണ്ണിനും പങ്കാളിത്തം വിധിക്കുന്നു. തുല്യ അളവിൽ തന്നെ കൂലിയും വാഗ്ദാനം ചെയ്യുന്നു.

മാപ്പും മഹത്തായ പ്രതിഫലവും

നസീബക്കിത് മതിയായിരുന്നു. താനും തന്നെപ്പോലെ മദീനത്തെ ഓരോ സ്വഹാബിവനിതയും കേൾക്കാൻ കൊതിച്ചത് തിരുനബി(സ്വ) ഈ വിശുദ്ധ വാക്യം ഓതിക്കേൾപ്പിച്ചതും നസീബ മനംനിറഞ്ഞ് സന്തോഷിച്ചു. ആ സന്തോഷത്തിൽ മദീനാമങ്കകൾ ഒന്നിച്ചുചേർന്നു. പുരുഷന്മാർക്കും ആഹ്ലാദിക്കാതിരിക്കാനായില്ല.

നസീബ(റ)യുടെ മാതാവ് റബാബ് ആണ്. അബ്ദുല്ലാഹിബ്ൻ ഹബീബിന്റെ പ്രിയ പുത്രി. പിതാവും മാതാവും ഖസ്‌റജി ഗോത്രക്കാർ. അൻസ്വാരികളിൽ പ്രമുഖരാണല്ലോ ഖസ്‌റജികൾ. ഉമ്മു ഉമാറ എന്നും നസീബ ചരിത്രത്തിൽ അറിയപ്പെടുന്നുണ്ട്. ബീവിയുടെ സഹോദരന്മാർ, അബ്ദുല്ലായും അബ്ദുറഹിമാനും പ്രസിദ്ധരാണ്. അബ്ദുല്ലയെ അബ്ദുൽ ഹാരിസ് എന്നും അബൂയഹ്‌യാ എന്നും വിളിക്കപ്പെട്ടു. തിരുനബി(സ്വ)ക്കൊപ്പം ബദ്‌റിലും മറ്റ് നിരവധി പോരാട്ടങ്ങളിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. ഹിജ്‌റ മുപ്പതിൽ മദീനത്തായിരുന്നു വിയോഗം. ഉസ്മാനുബ്‌നു അഫ്ഫാനാണ് മയ്യിത്ത് നിസ്‌കാരത്തിന് നേതൃത്വം നൽകിയത്.

അബ്ദുറഹിമാൻ അബൂലൈലാ എന്നറിയപ്പെട്ടു. ഉഹ്ദിലും അനന്തരമുള്ള സമരങ്ങളിലും നിറസാന്നിധ്യമായിരുന്നു. വല്ലാത്ത ദൈവഭയമായിരുന്നു അബ്ദുറഹിമാന്. ഒറ്റക്കിരുന്ന് പരലോകമോർത്ത് കുറെ കരയും. ഉമർ(റ)ന്റെ ഖിലാഫത്തിന്റെ അവസാന ദശയിലാണ് പരലോകം പുൽകുന്നത്. ബിഅ്ർ മഊനയിൽ വധിക്കപ്പെട്ട ഖാലിദ് എന്ന ഒരു സഹോദരനും ബീവിക്കുണ്ടായിരുന്നു. ഹാരിസ് എന്ന പേരിൽ ഒരു സഹോദരൻ കൂടി ഉണ്ടായിരുന്നതായി ചില ചരിത്രകാരന്മാർ കുറിക്കുന്നുണ്ട്.

ബീവിയുടെ കുടുംബാന്തരീക്ഷം തീർത്തും ആത്മീയമായിരുന്നെന്ന് വ്യക്തം. ആണായാലും പെണ്ണായാലും ഒരു മനുഷ്യനെ രൂപപ്പെടുത്തുന്നതിൽ ഗൃഹസാഹചര്യത്തിന് നല്ല പങ്കുണ്ട്. മാതാപിതാക്കൾ നല്ലവരാകുന്നതിന് പുറമെ വീട്ടിലെ അംഗങ്ങളൊക്കെ നന്മ നിറഞ്ഞവരാകുന്നതിലൂടെ നന്മ മാത്രം നിറഞ്ഞാടുന്ന ജന്മങ്ങൾ രൂപപ്പെടുന്നു. നസീബാ ബീവിയിൽ കാണുന്നതതാണ്. വീട്ടിലെ അന്തരീക്ഷത്തിൽ നിന്ന്തന്നെ അവർക്ക് നന്മ നുകർന്നെടുക്കാനായി. സ്വന്തം സഹോദരങ്ങൾ കാണിച്ചിരുന്ന വീറും വാശിയും വരെ ബീവിയെ നന്നായി സ്വാധീനിച്ചു. ഇസ്‌ലാം ഒരു വികാരമായി എന്നെന്നും നിലനിൽക്കാനത് നിമിത്തമായി.

ബീവിയുടെ ദാമ്പത്യജീവിതത്തെപ്പറ്റി കൂടി പറയാം. ആദ്യമായി ബീവിയെ സ്വന്തമാക്കിയത് സൈദുബ്‌നു ആസ്വിമായിരുന്നു. ആ ദാമ്പത്യത്തിൽ അബ്ദുല്ല, ഹബീബ് എന്നീ ആൺമക്കൾ പിറന്നു. സൈദ് അബ്ദുൽ ഹസൻ എന്നുമറിയപ്പെട്ടിരുന്നു. അൽഅഖബ, ബദ്ർ, ഉഹ്ദ് എന്നീ രണാങ്കണങ്ങളിലൊക്കെ സൈദിന്റെ സാന്നിധ്യം ചരിത്രപരം. അദ്ദേഹത്തിന്റെ വിയോഗ ശേഷം ബീവിയെ വരിച്ചത് ശുബൈഹുബ്‌നു അംറാണ്. ഇവർക്ക് ഖൗല എന്ന കുഞ്ഞ് പിറന്നു. ഖൗല തിരുനബി(സ്വ)യെ കണ്ടിട്ടുണ്ട്. അദ്ദേഹം അൽഅഖബയിലും ഉഹ്ദിലും സാന്നിധ്യമറിയിച്ചു. ബീവിയുടെ മക്കളുടെ കൂട്ടത്തിൽ തമീമുബ്‌നു സൈദിനെയും ചരിത്രം രേഖപ്പെടുത്തുന്നതു കാണാം.

 

സഹയാത്രികർ

ഇസ്‌ലാമിക ചരിത്രത്തിലെ വഴിത്തിരിവായി നിലകൊള്ളുന്ന ഒന്നാണ് ബൈഅത്തുൽ അഖബ. തിരുനബി(സ്വ)യുമായി മദീനാ നിവാസികൾ ഉണ്ടാക്കിയ രഹസ്യ ഉടമ്പടിയായിരുന്നു അത്. പ്രസിദ്ധമായ ഈ ബൈഅത്തിനെ തുടർന്നാണ് മദീനക്കാർ ‘അൻസ്വാരികൾ’ എന്നറിയപ്പെട്ടത്. സഹായികൾ എന്ന് വിവക്ഷ. തിരുനബിയെയും ഇസ്‌ലാമിനെയും അനിവാര്യഘട്ടത്തിൽ എല്ലാം മറന്ന് സഹായിച്ചുവെന്നതിനാലാണ് അവർ ആ സ്ഥാനനാമത്തിന് അർഹരായത്.

പ്രവാചകരെ സഹായിക്കുന്നതിലും നബിയുമായി ബൈഅത്ത് ചെയ്യുന്നതിലും നസീബാ ബീവിയും മുന്നിൽതന്നെയുണ്ടായിരുന്നു. അതു മൂലം അൻസ്വാരികൾക്ക് ലഭിക്കുന്ന ആത്മീയ സ്ഥാനങ്ങളൊക്കെയും ബീവിയും പങ്കിട്ടെടുത്തു.

അല്ലാഹുവും റസൂലും അൻസ്വാരികളെ മഹത്ത്വപ്പെടുത്തുന്നുണ്ട്. നാഥന്റെ പ്രീതി സമ്പാദിച്ച് വിജയിച്ചവരെന്നാണ് ഖുർആൻ അൻസ്വാരികളെ പുകഴ്ത്തുന്നത്. മദീനത്തേക്ക് പലായനം ചെയ്‌തെത്തിയവരെ അവർ വല്ലാതെ ഇഷ്ടപ്പെട്ടു എന്നും ഖുർആൻ.

നബി(സ്വ) പറഞ്ഞു: ഹിജ്‌റ ഇല്ലായിരുന്നുവെങ്കിൽ ഞാനും ഒരു അൻസ്വാരിയാകുമായിരുന്നു (തിർമുദി).

അൻസ്വാരികളെ സ്‌നേഹിക്കാൻ യഥാർത്ഥ മുഅ്മിനിനല്ലാതെ കഴിയില്ല. അവരെ വെറുക്കാൻ തനികപടനല്ലാതെ സാധ്യമല്ല. അവരെ ഇഷ്ടപ്പെടുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു. അവരെ വെറുക്കുന്നവരെ അല്ലാഹുവും വെറുക്കുന്നു (ബുഖാരി, മുസ്‌ലിം, തിർമിദി).

മറ്റൊരിക്കൽ നബി(സ്വ) പറഞ്ഞത്, അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ആർക്കും തന്നെ അൻസ്വാരികളോട് അനിഷ്ടമുണ്ടാകില്ലെന്നാണ് (തിർമിദി).

അനസുബ്‌നു മാലിക്(റ) പറയുന്നു: ഒരു ദിവസം തിരുനബി(സ്വ)ക്കരികിലേക്കു ഒരു സ്ത്രീ വന്നു. അവർ അൻസാരിയായിരുന്നു. കൂടെ കൊച്ചുകുഞ്ഞുമുണ്ട്. പ്രവാചകരുമായി സംവദിക്കവെ അവിടുന്നിങ്ങനെ പറയുകയുണ്ടായി: എന്റെ നിയന്താവിനെതന്നെ സത്യം. ജനങ്ങളുടെ കൂട്ടത്തിൽ എനിക്കേറ്റവും പ്രിയപ്പെട്ടവർ അൻസ്വാരികളായ നിങ്ങൾതന്നെ (തിർമിദി)

അവർക്കായി തിരുനബി പ്രാർത്ഥിക്കുമായിരുന്നു: അല്ലാഹുവേ, നീ അൻസ്വാരികൾക്കു മാപ്പു നൽകണം. അൻസ്വാരികളുടെ മക്കൾക്കും മക്കളുടെ മക്കൾക്കുമൊക്കെ നീ പാപമുക്തി നൽകണം (ബുഖാരി, മുസ്‌ലിം). അൻസ്വാരികളിൽ നിന്ന് നല്ലവരെ നിങ്ങൾ സ്വീകരിക്കുക. മോശം ചെയ്യുന്നവരോട് മാപ്പാക്കുക (മുസ്‌ലിം).

തിരുനബി(സ്വ) അൻസ്വാരികളോടുള്ള പ്രണയം തലമുറകളിലേക്ക് പകരുന്നു. അതിന് നിമിത്തമായത് അൻസ്വാരികളുടെ നബിസ്‌നേഹ മനസ്സും കരുതലുമായിരുന്നു. ഇതിൽ മുന്നിൽനിന്ന മഹിളാ രത്‌നമായിരുന്നു ഉമ്മു ഉമാറ എന്ന ബീവി നസീബ. നസീബ എന്നാൽ തന്നെ കുലീന എന്നാണർത്ഥം. ബീവി തന്റെ ചലന നിശ്ചലനങ്ങളിലൊക്കെ തികഞ്ഞ കുലീനത നിലനിർത്തി.

ഒരു പെൺകുട്ടി കാണിക്കേണ്ട ചാരുതയും അടക്കവും പൂർണ അളവിൽതന്നെ മഹതിയിൽ നിലീനമായിരുന്നു. അൻസ്വാരി തരുണികൾക്ക് പ്രകൃത്യാ ഉണ്ടായിരുന്ന ബഹിർമുഖ മനോഭാവത്തിന്റെ പ്രശംസനീയ മാതൃകയായിരുന്നു ബീവി. നല്ലതിന് നാണിക്കാതിരിക്കുക എന്നതാണല്ലോ പ്രശംസനീയമായ ബഹിർമുഖത്വം. എന്നാൽ അത്തന്നെ സ്ത്രീ സഹജമായ അന്തർമുഖത്വത്തിൽ ചാലിച്ചെടുത്തതായിരുന്നു. മാന്യയായ ലജ്ജാവതിയായാണ് ബീവി വളർന്നത്. നാണം ഈമാനിന്റെ ഭാഗമാണെന്ന് തിരുനബി(സ്വ). മിതത്വം നിറഞ്ഞ ലജ്ജ നന്മയല്ലാതെ വരുത്തില്ലെന്നും അവിടുന്ന് പറഞ്ഞിട്ടുണ്ട്.

നസീബ(റ)യിൽ നബി(സ്വ) പറഞ്ഞ അളവിൽതന്നെ നാണവും ഒതുക്കവും നിറഞ്ഞുനിന്നു. മനസ്സിൽ ഭക്തിയും ഭയവും കളിയാടി. ചപലതകളോട് പുറംതിരിയുന്നതിന് ഒരു അമാന്തവുമുണ്ടായില്ല. ആത്മാഭിമാനവും കുടുംബപാരമ്പര്യവും നിലനിർത്തുന്ന വിധത്തിൽ മാത്രം പെരുമാറി.

മദീനയുടേതായ നന്മകളെല്ലാം ബീവിയിൽ കളിയാടി. അൻസ്വാരിയാവുക എന്നത് ബീവിയെ സംബന്ധിച്ച് മറ്റു മദീനാ വനിതകളെപ്പോലെ പാരമ്പര്യത്തിന്റെയോ പ്രാമാണ്യത്തിന്റെയോ മാത്രം ഭാഗമായിരുന്നില്ല. സാങ്കേതിക സംജ്ഞയെ മറികടക്കുന്നവിധം അക്ഷരാർത്ഥത്തിൽ വസ്തുതാപരവും പ്രായോഗികവുമായിരുന്നു. അൻസ്വാരി സ്ത്രീകൾക്കിടയിൽ ബീവി വേറിട്ടുനിന്നു. ഗോഥയിലിറങ്ങിതന്നെ സഹായിച്ച് കൈതാങ്ങായി മാറി. ചുരുക്കം ചില സ്വഹാബി വനിതകൾക്കു മാത്രം കൈവന്ന സൗഭാഗ്യമായിരുന്നു ഇത്. പരോക്ഷമായി എല്ലാ വനിതകളും അൻസ്വാരികളായിരുന്നെങ്കിലും ബീവി പ്രത്യക്ഷമായിതന്നെ അൻസ്വാരിയായി.

തിരുനബി പലപ്പോഴും പ്രകീർത്തിച്ച കുടുംബമാണ് ഖസ്‌റജികൾ. അനസുബ്‌നു മാലിക്(റ) പറയുന്നു: റസൂൽ(സ്വ) പറഞ്ഞു; അൻസ്വാരികളിലെ ഉത്തമവീട്ടുകാർ ബനുന്നജ്ജാറാകുന്നു. പിന്നെ ബനൂഅബ്ദിൽ അഷ്ഹൽ, പിന്നെ ബനൂഅബ്ദിൽ ഹാരിസുബ്‌നു ഖസ്‌റജ്, പിന്നെ ബനൂസാഇദ. എല്ലാ അൻസ്വാരി ഭവനങ്ങളിലും നന്മ വിളയുന്നതാണെന്നാണ് സത്യം (തിർമിദി).

നബി(സ്വ) വർണിച്ച ഉത്തമ ഭവനത്തിൽതന്നെ നസീബ(റ) ഉൾപ്പെട്ടു. പ്രവാചക കൽപനകളും ദീനീ ശാസനകളും പാലിക്കുന്നതിൽ എന്നും മുന്നിൽ നിന്നു. ആഇശാ ബീവി(റ) പറയുന്നു: ഖുറൈശി മങ്കകൾക്ക് മഹത്ത്വമുണ്ടെന്നത് ശരിതന്നെ. പക്ഷേ അൻസ്വാരി തരുണികളെക്കാൾ പ്രായോഗികമായ മഹത്ത്വം നിറഞ്ഞവരെ ഞാൻ കണ്ടിട്ടില്ല. അല്ലാഹുവിന്റെ കിതാബിനെ എത്ര ശക്തമായാണ് അവർ മുറുകെ പുണർന്നിരുന്നത്! ഖുർആനിൽ ഇറങ്ങുന്ന ആജ്ഞകളെ അനുനിമിഷം അവർ വാരിപ്പുണർന്നു. മേൽതട്ടങ്ങൾ മാറിനെ മറക്കുംവിധം മൂടുക എന്ന ഖുർആനിക കൽപന ഇറങ്ങിയ സന്ദർഭം. അൻസ്വാരി സഹോദരങ്ങൾ സ്വഭവനങ്ങളിൽ ചെന്ന് പ്രസ്തുത സൂക്തം ഓതിക്കേൾപ്പിച്ചു. നേരം വെളുത്തില്ല, അൻസ്വാരി തരുണികൾ പുതപ്പുകൾ കീറി നല്ല മക്കനയുണ്ടാക്കി മൂടിപ്പുതച്ചു മാത്രം പുറത്തിറങ്ങുന്ന സ്ഥിതിവന്നു.’

അവരെല്ലാം തികഞ്ഞ ശാലീനകളായിരുന്നു. ഗ്രാമീണ നിഷ്‌കളങ്കത കാത്തുസൂക്ഷിച്ചവർ. മതമൂല്യങ്ങളെ മാനിക്കുന്നതിന് ഒരുനിമിഷവും അമാന്തിച്ചില്ല. പുതപ്പുകൾ വെട്ടി തലയും നെഞ്ചും മുഖവും മൂടിയതിൽ നസീബ ബീവി(റ)യുമുണ്ടായിരുന്നു. എന്നല്ല, മറ്റ് മങ്കകൾക്കു മാതൃകയായി ഇതിലും ബീവി മുന്നിൽ നിന്നു. ഇത്‌കൊണ്ടൊക്കെ തന്നെയാകണം ഒരിക്കൽ റസൂൽ(സ്വ) അൻസ്വാരികളെയെല്ലാം വാഴ്ത്തിപ്പറഞ്ഞത്: ‘ആളുകൾ ആടുമാടുകളുമായി വീട്ടിലേക്ക് പോകുമ്പോൾ നിങ്ങൾ പോകുന്നത് അല്ലാഹുവിന്റെ ദൂതരെയുമായാണ്.’

Exit mobile version