പുണ്യമന്ദിരം അടയാളപ്പെടുത്തുന്നത്

പൂര്‍വിക പ്രവാചകരും പുണ്യാത്മാക്കളും ജീവിച്ച പുണ്യഭൂമി. നബി(സ്വ)യുടെ ജന്മനാട്. അവിടെയാണ് ഭൂമുഖത്ത് ആദ്യം സ്ഥാപിതമായ ആരാധനാലയം.
ആ സദ്ഭവനത്തിലേക്ക് നാം തീര്‍ത്ഥയാത്ര നടത്തേണ്ടത് അനിവാര്യത മാത്രം. പുണ്യറസൂലിന്റെ നിയോഗത്തിന് നിമിത്തമായ ഒരു പ്രാര്‍ത്ഥനയുടെ പശ്ചാത്തലമൊരുങ്ങിയത് ആ പുണ്യ ഗേഹത്തിലായിരുന്നു. എല്ലാം പ്രപഞ്ചനാഥനില്‍ അര്‍പ്പണം ചെയ്തു കത്തിക്കാളുന്ന സൂര്യനു താഴെ ത്യാഗത്തിന്റെ ഇതിഹാസം രചിച്ചു പുണ്യ കഅ്ബ പടുത്തുയര്‍ത്തിയ ഇബ്റാഹിം നബി(അ) എന്ന പിതാവും പുത്രന്‍ ഇസ്മാഈല്‍ നബി(അ)യും തികഞ്ഞ പ്രതീക്ഷയും നിറഞ്ഞ മനസ്സുമായി മനമുരുകി ഇരന്നു.
‘നാഥാ, ഞങ്ങളെ നിന്നെ അനുസരിക്കുന്നവരാക്കണം, ഞങ്ങളുടെ സന്തതികളില്‍ നിന്ന് നിന്നെ അനുസരിക്കുന്ന ഒരു ജനസഞ്ചയത്തെ നീ ഉയര്‍ത്തെഴുന്നേല്‍പ്പിക്കുകയും ചെയ്യണം. ഞങ്ങളുടെ നാഥാ, അവരില്‍ നിന്നുതന്നെ നിന്റെ ദൃഷ്ടാന്തം ഓതിക്കേള്‍പ്പിക്കുകയും വേദവും തത്ത്വജ്ഞാനവും പഠിപ്പിക്കുകയും ചെയ്യുന്ന ഒരു പ്രവാചകനെ നീ നിയോഗിക്കേണമേ’ (അല്‍ബഖറ/128,129).
അന്ത്യദൂതന്റെ നിയോഗത്തോടെ ആ പ്രാര്‍ത്ഥന സഫലമാവുകയായിരുന്നു.
ഏതു സമൂഹത്തിനും അവരുടെ ചരിത്രം വിലയേറിയതാണ്. അവയുമായി ബന്ധിതമായ അനവധി സാമൂഹിക സാംസ്കാരിക ആചാരാനുഷ്ഠാന മുറകളും സ്വാഭാവികം. മുസ്‌ലിം ജനകോടികള്‍ മുഴുവന്‍ കഅ്ബയുമായി ബന്ധിതരാണ്.
ലോകത്തെങ്ങും നിര്‍മിക്കപ്പെടുന്ന ചെറുതും വലുതുമായ എല്ലാ പള്ളികളും (നിസ്കാരപ്പള്ളി മുതല്‍ ജുമുഅ മസ്ജിദ് വരെ) നിര്‍മാണം അംഗീകൃതമാവണമെങ്കില്‍ കേന്ദ്രദിശയായ കഅ്ബക്ക് അഭിമുഖമായേ പറ്റൂ. അല്ലാത്തവ നിസ്കാരത്തിന് യോഗ്യമല്ലാതായിത്തീരുന്നു. ഈ ഏകദിശാക്രമം ലോകത്ത് മറ്റാര്‍ക്കും അവകാശപ്പെടാനാവില്ല.
മനസ്സ് നിറയെ ദൈവിക സ്മരണയുമായി ഏകമന്ത്രം ഉറക്കെ പ്രഖ്യാപിച്ചതുവഴി പീഡനവും തീകുണ്ഠം തന്നെയും തരണം ചെയ്യേണ്ടിവന്ന ഒരു പുണ്യാത്മാവ് തൗഹീദിന്റെ ശിഖയുമായി രാജാവിനോടും പരിവാരത്തോടും ഏറ്റുമുട്ടി. നാഥന്റെ ഏകത്വത്തിലേക്ക് തികഞ്ഞ പ്രതീക്ഷയോടെ തേര് തെളിച്ചു. ശത്രുക്കളുമായി യുക്തിപൂര്‍വം സംവദിച്ചു. എവിടെയും തൗഹീദിന്റെ മണിനാദം ശക്തമായി അലയടിച്ചു. ഉമ്മുല്‍ഖുറ എന്ന വിജനപ്രദേശത്തെത്തി തൗഹീദിന്റെ കരുത്തുറ്റ കോട്ട സ്വകരങ്ങളാല്‍ നിര്‍മിച്ചു.
തനിക്കുശേഷം സത്യസാക്ഷ്യം വഹിക്കാനും അവ സംരക്ഷിക്കാനും അതിനു സജ്ജമായ ഒരു സമൂഹത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പിനുമായി ഈറനണിഞ്ഞ മിഴികളോടെ അദ്ദേഹം നാഥനോട് ഉള്ളുരുകി കേണു. ആ പ്രാര്‍ത്ഥനയുടെ സാക്ഷാത്കാരമായി ഈ ഉത്തമ ഉമ്മത്ത് സ്വ പിതാവിന്‍ കരങ്ങളാല്‍ സ്ഥാപിതമായ പുണ്യഗേഹം സന്ദര്‍ശിക്കുന്നു, പ്രദക്ഷിണം വെക്കുന്നു. പിതാവിന്റെ വിളിയാളം ലക്ഷോപലക്ഷം കാതുകളില്‍ മാറ്റൊലി കൊണ്ട് ദിക്ക് ഭേദങ്ങളില്ലാതെ മനുഷ്യ പാരാവാരം അങ്ങോട്ടൊഴുകുന്നു.
കൂടെ കരുതിയ ഭക്ഷണവും വെള്ളവും തീര്‍ന്നപ്പോള്‍ ഉമ്മു ഇസ്മാഈല്‍ ഉല്‍കണ്ഠാകുലയായി. ഓമല്‍ സന്താനം അപകടപ്പെടുമോ? പരിഭ്രാന്തിയുടെ സംഭീത നിമിഷങ്ങളില്‍ അവര്‍ സ്വഫാമര്‍വാ മൊട്ടക്കുന്നുകള്‍ക്കിടയില്‍ ഓടിയലഞ്ഞു. വരണ്ട തൊണ്ടയുമായി പിഞ്ചുമോന്‍ കൈകാലുകളിട്ടടിച്ച സമയം സംസം അവര്‍ക്ക് മുമ്പില്‍ ഉറവ സൃഷ്ടിച്ചു. മതിവരുവോളം അവരന്നു ദാഹം തീര്‍ത്തു. ജനതതികള്‍ പില്‍ക്കാലത്തും.
നാഥന്റെ അഭീഷ്ടത്തിനൊത്തു വിജനമായ മരുഭൂമിയില്‍ അവരെ പാര്‍പ്പിച്ചു ഭര്‍ത്താവ് പടിയിറങ്ങി. മരുഭൂമിയിലെ വന്യമായ ഏകാന്തത മാത്രമുണ്ട് കൂട്ടിന്. നമ്മുടെ പാതം പതറുന്നു. കണ്ഠമിടറുന്നു. പക്ഷേ, ഉമ്മുഇസ്മാഈലിന്റെ അകതാരില്‍ തവക്കുല്‍ മാത്രം. ഭരമേല്‍പ്പിക്കുന്നതിന്റെ സദ്ഫലങ്ങള്‍ നമ്മെ എപ്പോഴെങ്കിലും മഥിക്കുമോ?
വിജനപ്രദേശത്ത് സ്വകുടുംബത്തെ ഉപേക്ഷിച്ചു കന്‍ആനിലേക്ക് തിരിക്കവെ ജന്മശത്രു പിശാച് ഉപദേശകനായി ചമഞ്ഞുവന്നു. കുടുംബത്തെ വഴിയാധാരമാക്കിയുള്ള ഈ പോക്ക് തികച്ചും അനീതിയും ആത്മവഞ്ചനയുമല്ലേ എന്നായി അവന്‍. കല്ലെടുത്ത് ദുര്‍ബോധകനെതിരില്‍ തിരിഞ്ഞു. ഹജ്ജ് കര്‍മത്തിലെ ജംറകളിലേക്കുള്ള കല്ലേറിന്റെ പശ്ചാത്തലമൊരുക്കി ആ രംഗം. അകതാരില്‍ വഴിമുടക്കുന്ന പിശാചിനെതിരെയുള്ള കല്ലേറ് വിശ്വാസിയുടെ ധര്‍മമായി.
സൃഷ്ടിച്ചു പരിപാലിക്കുന്ന നാഥനോടും അവന്റെ മതത്തോടും ഭൂതവര്‍ത്തമാനങ്ങളോടുമുള്ള വൈകാരികാടുപ്പത്തിന്റെ പരിപോഷണമാണ് ഹജ്ജിന്റെ കര്‍മങ്ങള്‍. ഉദയത്തിന് മുമ്പ് തുടങ്ങി അസ്തമയ ശേഷവും ദൈവ പ്രകീര്‍ത്തനങ്ങളും എളിമയാര്‍ന്ന പ്രാര്‍ത്ഥനകളുമായി വിവേചനത്തിന്റെ മതില്‍കെട്ടുകള്‍ പൊട്ടിച്ചെറിഞ്ഞു വേഷവും ആശയവും മുദ്രാവാക്യവുമെല്ലാം ഒന്നാക്കി വിശാലമായ അറഫാ മരുഭൂമിയില്‍ അവര്‍ സംഗമിക്കുമ്പോള്‍ ഭൂഗോളത്തിന്റെ മറ്റു ഭാഗങ്ങളില്‍ സത്യസാക്ഷികള്‍ അവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു നോമ്പെടുക്കുന്നു. ഇതുവഴി സദ്-വിചാരം പുതുക്കുന്നു, ആത്മീയ നേട്ടം പ്രാപിക്കാനുമാവുന്നു.
ജീവനടക്കം തനിക്ക് പ്രിയപ്പെട്ടതെന്തും ഉന്നതനായ സ്രഷ്ടാവിനുവേണ്ടി ത്യജിക്കാനുള്ള സന്നദ്ധതയുടെ പ്രതീകമായ ബലിയുടെ ആന്തരാര്‍ത്ഥം നമ്മെ ഏശാത്തതെന്തേ? നിരര്‍ത്ഥകമായ ഒരു ഹിംസയല്ലയത്. പുത്രസ്നേഹത്തില്‍ കവിഞ്ഞ ദൈവസ്നേഹം ഇബ്റാഹിം നബി(അ)യില്‍ നിന്ന് അല്ലാഹു ആവശ്യപ്പെട്ടു. സകലാവേശത്തോടെയും അത് തെളിയിച്ചു ഖലീലുല്ലാഹി.
മാനവരഖിലം ഒരേ ദൈവദാസന്മാര്‍, ഒരേ മാതാപിതാക്കളുടെ സന്താനങ്ങള്‍! മാനവിക ഐക്യവും ഏകലോക സംസ്കാരവും കെട്ടിപ്പടുക്കാന്‍ ഇതില്‍പരം യോഗ്യമായ മുദ്രാവാക്യം മറ്റെന്തുണ്ട്?
ആലു ഇബ്റാഹീമിന്റെ ജീവിതശൈലി സമുജ്വലമായി സ്വാംശീകരിക്കുന്നതിന് നിമിത്തമൊരുക്കുകയാണ് ഹജ്ജും പെരുന്നാളും. അവരുടെ ത്യാഗധന്യമായ മഹല്‍ജീവിതം പിമ്പറ്റുന്നതിനു പകരം ഒരു കഥപോലെ എഴുതാനും വായിക്കാനും കേള്‍ക്കാനുമാണ് പലര്‍ക്കും ആവേശം. ഇബ്റാഹിം നബി(അ) ഞങ്ങളുടെ നേതാവാണെന്ന് ജൂതര്‍ അവകാശപ്പെടുന്നു. അല്ല, തങ്ങളുടെ നേതാവാണെന്ന് ക്രൈസ്തവരും. രണ്ടും ഖണ്ഡിച്ചു ഖുര്‍ആന്‍ വിളംബരപ്പെടുത്തു:
‘ഇബ്റാഹിം ജൂതനല്ല, ക്രൈസ്തവനുമല്ല,യഥാര്‍ത്ഥ മുസ്‌ലിമാണ്’ (3/67).
വിശുദ്ധ ഗേഹവും ആലു ഇബ്റാഹിമും അവരുടെ സമര്‍പ്പണ ബോധവും എന്നെന്നും നമ്മില്‍ പരിലസിക്കട്ടെ.
‘സ്വയം അവിവേകിയും വിഡ്ഢിയുമാക്കിയിട്ടല്ലാതെ ആര്‍ക്കാണ് ഇബ്റാഹീമി സരണിയെ വെറുക്കാനാവുക’ (ഖുര്‍ആന്‍ 2/130).

ടിടിഎ ഫൈസി പൊഴുതന

Exit mobile version