പറയത്തക്ക പ്രയാസങ്ങളൊന്നുമില്ലാതെ ഹജ്ജ് കര്‍മങ്ങള്‍ അവസാനിച്ചു. ഒട്ടുമിക്ക ഹാജിമാരും തിരിച്ചെത്തുകയും ചെയ്തു. ഹജ്ജ് കാലത്ത് പരലക്ഷങ്ങള്‍ ഒരുമിച്ചു കൂടുമ്പോള്‍ അനിഷ്ട സംഭവങ്ങള്‍ ഇല്ലാതെ കൈകാര്യം ചെയ്യാന്‍ സഊദി ഭരണകൂടം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്ലാഘനീയമാണ്. വിപുല സൗകര്യങ്ങള്‍ ഒരുക്കിയും ഉദ്യോഗസ്ഥരെ നിയോഗിച്ചും അവര്‍ ഹാജിമാരെ സേവിക്കുന്നു. ഒപ്പം സുന്നി സംഘകുടുംബത്തിന്റെ ഗള്‍ഫ് ഘടകങ്ങളായ ഐ സി എഫ്, ആര്‍ എസ് സി എന്നിവയുടെ സന്നദ്ധ വളണ്ടിയര്‍മാരുടെ സേവനവും പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു. നമ്മുടെ പ്രാര്‍ത്ഥനമാത്രമാണ് അവര്‍ കൊതിക്കുന്നത്. നാഥന്‍ എല്ലാവര്‍ക്കും അര്‍ഹമായ പ്രതിഫലം നല്‍കട്ടെ.
ദുല്‍ഹജ്ജിനു ശേഷം ഇസ്ലാമിക കലണ്ടറിലെ പുതുവര്‍ഷാരംഭമാണ്. ചില നല്ല പ്രതിജ്ഞകള്‍ ഓരോ പുതുവര്‍ഷത്തിലും ആവശ്യമാണ്. അവ പരമാവധി നിര്‍വഹിക്കാനാവുക കൂടി ചെയ്താല്‍ വിജയിച്ചു. നിത്യ പാരായണത്തിന് നിശ്ചിത ഖുര്‍ആന്‍ ഭാഗം, ദിനം പ്രതിയുള്ള സ്വലാത്ത്, മുടങ്ങാത്ത ഹദ്ദാദ്, സുന്നത്ത് നിസ്കാരങ്ങള്‍, പ്രത്യേക ദിക്റുകള്‍. അങ്ങനെയുള്ള ചില ദൃഢനിശ്ചയങ്ങള്‍ എടുക്കുക, പുതുക്കുക.
ശരിയായ ഹജ്ജ് വഴി പ്രസവസമയത്തുള്ള കുട്ടിയുടെ വിശുദ്ധി കൈവരുമെന്നാണ് ഹദീസ് പാഠം. ഹജ്ജ് സ്വീകാര്യമായതിന്റെ ഒരു ലക്ഷണം അനന്തര ജീവിതത്തിലെ ഭക്തിയും വിശുദ്ധിയുമാണെന്നു കാണാം. ഹാജിമാരും അല്ലാത്ത വരും ഇതോര്‍ക്കുക. വിശുദ്ധജീവിതത്തിനായി ബോധപൂര്‍വം ശ്രമിക്കുക.