പുതുജന്മം പ്രാപിക്കുക

വിശുദ്ധിയുടെ ഒരു മഹാ പ്രവാഹം കൂടി വിടപറയുകയാണ്. ശരിയായ രീതിയില്‍ ഈ സൗഭാഗ്യം വിനിയോഗിച്ചുവോ എന്ന വിചിന്തനത്തിനു ഇനിയും അവസരമുണ്ട്. ചിലര്‍ക്കിത് ആത്മഹര്‍ഷത്തിന്റെ വരപ്രസാദം. മറ്റു ചിലര്‍ക്കോ, പതിവിമ്പടിയുള്ള ഏതാനും ദിനരാത്രങ്ങള്‍നാം ആരുടെ പക്ഷത്തെന്ന് ആലോചിച്ചു നോക്കിയോ?

ആത്മാവിന്റെ വിമലീകരണമാണ് മതത്തിന്റെ ലക്ഷ്യം. പ്രവാചകന്മാരുടെ നിരന്തരാഗമനം അതിനുവേണ്ടിയായിരുന്നു. മനുഷ്യനെന്നാല്‍ ശരിയായ അര്‍ത്ഥത്തില്‍ ആത്മാവു തന്നെയാണല്ലോ. അത് വിശുദ്ധമാവുമ്പോഴാണ് യഥാര്‍ത്ഥ മനുഷ്യന്‍ ജനിക്കുന്നത്. ആരാധനകള്‍, നിരന്തരമായ ദൈവചിന്ത, പരലോകത്തെക്കുറിച്ചുള്ള വിചാരപ്പെടലുകള്‍ ഒക്കെ വിശുദ്ധ മാനസം സൃഷ്ടിക്കും. നോന്പുകാലം അതിനുള്ളതാണ്. റമളാന്‍ വിടപറയുമ്പോള്‍ നാം ഓരോരുത്തരും പുതുജന്മം പ്രാപിച്ചിരിക്കണം; ശിശുസമാനം നിര്‍ദോഷികളായിരിക്കണം.

റമളാനിലെ ആരാധനാരവങ്ങള്‍ അവിടെ തന്നെ ഉപേക്ഷിക്കുകയും ഇനിയൊരു നോന്പുകാലത്തിനവസരം ഒത്തുകിട്ടിയാല്‍ വീണ്ടും പൊടിതട്ടിയെടുക്കുകയും ചെയ്യുന്ന വ്യാപക പ്രവണതയുണ്ട്. അത് അനര്‍ത്ഥമാണ്. നോമ്പിന്റെ കര്‍മചൈതന്യവും അതുവഴിയുണ്ടാവുന്ന ആത്മീയാഭിവൃദ്ധിയും അനുനിമിഷം മനുഷ്യനെ വലയം ചെയ്തിരിക്കണം. തറാവീഹ് നിസ്കാരമെന്ന റമളാന്‍ സ്പ്യെല്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ഇതര കര്‍മങ്ങളെല്ലാം മറ്റവസരങ്ങളിലും സാധുവാണെന്നിരിക്കെ അലസതയും ഭൗതികാര്‍ത്തികളും അവയ്ക്ക് ലോപം വരുത്തരുതല്ലോ. നന്മയുടെ വാഹകരാവാന്‍ നിത്യമായി അധ്വാനിക്കുകയാണ് വിജയമാര്‍ഗം. വിടപറയുന്ന വിശുദ്ധ മാസം അതിനു പ്രചോദനമേകട്ടെ എന്നു പ്രാര്‍ത്ഥിക്കാം.

Exit mobile version