പുര കത്തുമ്പോള്‍ വെള്ളമൊഴിച്ചാല്‍ തല്ലിക്കൊല്ലാമോ?

‘ആരെയും തടഞ്ഞുവെക്കാം, ഏറ്റുമുട്ടലിലെന്നു പറഞ്ഞു കൊല്ലാം. കാരണമൊന്നുമതി, പേരുമാത്രം.’ സച്ചിദാനന്ദന്‍റെ ഒരു കവിതയിലേതാണ് ഈ വരികള്‍. ഇന്ത്യയുടെ സമകാലാവസ്ഥയുടെ വളച്ചുകെട്ടില്ലാത്ത വിവരണമാണ് കവി നടത്തുന്നത്. ഉത്തര്‍ പ്രദേശുകാരന്‍ മുഹമ്മദ് അഖ്ലാഖ് എന്ന വൃദ്ധനെ കൊന്നുതള്ളിയത് ബീഫ് തിന്നുവെന്നാരോപിച്ചായിരുന്നു. അദ്ദേഹത്തെ അപായപ്പെടുത്തണമെന്ന് അമ്പലത്തില്‍ നിന്ന് ഉച്ചഭാഷിണിയിലൂടെയുള്ള ആഹ്വാനം മുഴങ്ങിയപ്പോള്‍ തടിച്ചുകൂടിയ തീവ്രവാദികള്‍ കൊലക്കുള്ള ആയുധം മാത്രമല്ല കരുതിയിരുന്നത്. പല കവറുകളില്‍ പശു ഇറച്ചി കൂടിയായിരുന്നു. അവര്‍ നടത്തുന്ന നിരവധി മാംസ സംസ്കരണ യൂണിറ്റുകളില്‍ കശാപ്പു ചെയ്യപ്പെടുന്ന ഗോമാതാവിന്‍റെ അല്‍പഭാഗം കയ്യില്‍ കരുതുക പ്രയാസമേ അല്ലല്ലോ. ഇത് കൊണ്ടുപോയിട്ട് തല്ലിക്കൊല്ലുക തന്നെ.

ഇതെഴുതുന്നതിന്‍റെ തലേനാള്‍ സമാനമായ മറ്റൊരു വധം കൂടി നടന്നു. പശുക്കളുമായി ലോറിയില്‍ സഞ്ചരിച്ചതായിരുന്നു കാരണം. പോലീസും തീവ്രവാദികളും ഒന്നിച്ച് കിലോമീറ്ററുകളോളം ഓടിച്ചിട്ട് പിടിച്ചാണ് നുഅ്മാന്‍ എന്ന യുവാവിനെയും മറ്റു മൂന്നുപേരെയും മാരകമായി അക്രമിക്കുന്നത്. പോലീസ് പിടിച്ചുവെക്കുമ്പോള്‍ തല്ലിക്കൊല്ലാന്‍ എന്തു രസമായിരിക്കുമല്ലേ! ഈ നാടിന്‍റെ ഒരു ദുര്‍ഗതി.

ഇതരമതക്കാരുടെ ആരാധ്യവസ്തുക്കളെ അപഹസിക്കരുതെന്ന് അനുയായികളെ പഠിപ്പിച്ച ഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍. അത് ഹൃദയത്തിന്‍റെ താളമായി അംഗീകരിക്കുന്ന മുസ്ലിംകള്‍ക്ക് അന്യരുടെ ‘ദൈവ’ങ്ങളെ കൊന്നു തിന്നാന്‍ പറ്റുമോ? ഒരിക്കലുമില്ല. അത് മതവിരുദ്ധമാണാവുക. അതുകൊണ്ടു തന്നെ അമ്പലങ്ങളിലും മറ്റും മഞ്ഞള്‍ തേച്ച് വിവിധ ഭസ്മങ്ങളും മാലകളും ധരിപ്പിച്ച് ആരാധിച്ചുകൊണ്ടിരിക്കുന്ന ഗോക്കളെ അറവുനടത്താന്‍ പാടില്ല. അന്യ സംസ്ഥാനങ്ങളില്‍ യാചകര്‍ ചമല്‍ക്കരിച്ച് മുന്നില്‍ നിര്‍ത്തുന്ന ഗോവും ഇങ്ങനെത്തന്നെ. എന്നുവെച്ച് ഒരു പശുവിനെയും ഭക്ഷണമാക്കിക്കൂടെന്ന് പറയുന്നത് എങ്ങനെയാണ് നീതിയാവുക? ഒരാള്‍ എന്തു കഴിക്കണമെന്നതും തന്‍റെ ഉടമസ്ഥതയിലുള്ള പശുവടക്കമുള്ള സ്ഥാവര ജംഗമ സ്വത്തുക്കള്‍ എന്തു ചെയ്യണമെന്നതും തീരുമാനിക്കുന്നത് അയാള്‍ തന്നെയായിരിക്കണം. അതൊക്കെ മറ്റൊരു വിഭാഗത്തിന്‍റെ വിശ്വാസപ്രകാരമാകണമെന്ന ശാഠ്യം ശുദ്ധമായ ഭോഷ്ക് തന്നെയാണ്. പശുവിനെ പൂജിക്കാനുള്ള, ഗോമാതാവിന്‍റെ അകിടു ചോര്‍ത്താനുള്ള, നുകം കെട്ടി കൃഷിയിറക്കിയും വണ്ടി വലിപ്പിച്ചും പീഡിപ്പിക്കാനുള്ള സ്വാതന്ത്ര്യം പോലെ തന്നെ താല്‍പര്യമുള്ളവര്‍ക്ക് മറ്റുപയോഗങ്ങള്‍ക്കും അവകാശമുണ്ടാവണം.

ഇന്ദ്രന്‍ കഴിഞ്ഞാല്‍ ഋഗ്വേദത്തില്‍ ഏറ്റവും കൂടുതല്‍ പരാമര്‍ശിക്കപ്പെടുന്ന ദേവതയാണ് അഗ്ന-ഇരുനൂറിലധികം പ്രാവശ്യം. പ്രത്യേക കുണ്ഠമൊരുക്കി അഗ്നിയെ പൂജിക്കുന്നവര്‍ക്കതാകാം. പക്ഷേ, എല്ലാവരും അഗ്നിയെ ദൈവമായി കാണണമെന്ന് വാശിപിടിക്കുന്നത് ശരിയാണോ. പുരക്ക് തീപിടിച്ചാല്‍ അത് കെടുത്താന്‍ ശ്രമിക്കുന്നതുപോലും തെറ്റാണെന്നും അങ്ങനെ ചെയ്തവരെ തല്ലിക്കൊല്ലാമെന്നുമൊക്കെ അഗ്നിയാരാധകര്‍ക്ക് പ്രഖ്യാപിക്കാമല്ലോ. കത്തിയമരുന്ന അഗ്നിയെ കൈകൂപ്പി നമിച്ച് ആരാധനയോടെ വണങ്ങാന്‍ അഗ്നിയാരാധകരിലെ ഒരാളെയെങ്കിലും കിട്ടുമോ എന്നത് വേറെ കാര്യം.

പശു ആരാധനാമൂര്‍ത്തിയായി ഋഗ്വേദത്തിലോ ചതുര്‍വേദത്തിലെവിടെയെങ്കിലുമോ പരാമര്‍ശമില്ലാതിരിക്കുമ്പോഴാണ് നിരവധി തവണ അങ്ങനെ പരിചയപ്പെടുത്തപ്പെട്ട അഗ്നിയെ ഇവ്വിധം അനാദരിക്കുന്നത്. സൂര്യന്‍, ദ്യോവ്, അപ്പ് (ജലം), പ്രഥിവി (ഭൂമി) തുടങ്ങി മത്സ്യവും ആമയും പന്നിയും ഈ ദൈവ നിരയിലുണ്ട്. ഇവയൊക്കെ വിവേചനപൂര്‍വം കണക്കാക്കിയില്ലെങ്കില്‍ ജനജീവിതം തന്നെ-ഹൈന്ദവരുടേതടക്കം-ദുസ്സഹമാവുകയാവും ഫലം. വസ്തുതകളെ യാഥാര്‍ത്ഥ്യബോധത്തോടെ മനസ്സിലാക്കാന്‍ എല്ലാവരും ശ്രമിക്കുകതന്നെ വേണം.

 

 

Exit mobile version