പൊന്നാനിയുടെ ചരിത്രം; പള്ളി ദര്‍സുകളുടെയും

08നൂറ്റാണ്ടുകളുടെ പ്രതാപ്വൈര്യങ്ങള്‍ക്ക് സാക്ഷിയായ ദേശമാണ് പൊന്നാനി. ഇന്ന് കാര്യമാത്ര പ്രസക്തമല്ലെങ്കിലും ഈ നാടിന്റെ ഇന്നലെകള്‍ ഭാസുരമായിരുന്നു, സന്പുഷ്ടമായിരുന്നു. ഇവിടുത്തെ നവോത്ഥാന സുഗന്ധം നിരവധി നാടുകളെ ധന്യമാക്കിയിട്ടുണ്ട്. അധിനിവേശ വിരുദ്ധ പോരാട്ടത്തില്‍ നാല് നൂറ്റാണ്ടിലധികം പാരമ്പര്യം ഈ ദേശത്തിനുണ്ട്. ശതാബ്ദങ്ങളുടെ എ്വെര്യശോഭയും സാംസ്കാരിക സൗരഭ്യവും വ്യാവസായിക മുന്നേറ്റവും പ്രസരിച്ചുനിന്ന ഈ പൗരാണിക പട്ടണം ഒരുകാലത്ത് വന്‍ ശക്തികളെ ആകര്‍ഷിച്ചു. പോര്‍ച്ചുഗീസുകാരും ബ്രിട്ടീഷുകാരും തദ്ദേശീയരുമായി പലവട്ടം ഉഗ്രയുദ്ധങ്ങള്‍ തന്നെ നടത്തി. കൊല്ലം, കൊടുങ്ങല്ലൂര്‍, കോഴിക്കോട് തുറമുഖ നഗരങ്ങളോളം വ്യാവസായിക, വാണിജ്യ രംഗത്തും ഇതര മേഖലകളിലും ഈ പ്രദേശം മികച്ചുനിന്നു. കൊച്ചിക്കും കോഴിക്കോടിനും മധ്യേ സ്ഥിതിചെയ്യുന്ന പൊന്നാനി തുറമുഖത്തോട് വള്ളുവകോനാതിരിക്കും സാമൂതിരിക്കും കൊച്ചി രാജാവിനും എല്ലായ്പ്പോഴും ഒരു കണ്ണുണ്ടായിരുന്നു. സാമൂതിരി ഭരണത്തിന്റെ പ്രതാപകാലത്ത് സുപ്രധാന നയ രൂപീകരണങ്ങള്‍ക്കും സൈനിക മുന്നേറ്റങ്ങള്‍ക്കും ഈ ദേശം പലപ്പോഴും വേദിയായിട്ടുണ്ട്.
കലാ ലക്ഷണമൊത്ത പള്ളികള്‍, ചുറ്റുമുള്ള ശ്മശാനങ്ങളിലെ നിരനിരയായുള്ള മീസാന്‍(നിശാന്‍) കല്ലുകള്‍, മഖ്ബറകള്‍, ജാറങ്ങള്‍, തലമുറകളുടെ സാക്ഷിയായി നൂറ്റാണ്ടു പിന്നിട്ട വീടുകള്‍, ഒരേ സമയം ഉയരുന്ന ഭക്തിമയവും കര്‍ണാനന്ദകരവുമായ വാങ്ക്വിളികള്‍, സുബഹിക്കും മഗ്രിബിനും മസ്ജിദുകളുടെ അകത്തളങ്ങളില്‍ നിന്നുയരുന്ന തസ്ബീഹ്, തഹ്ലീല്, സ്വലാത്ത്, തിലാവത്തുകളുടെ ശബ്ദവീചികള്‍ നെഞ്ചകം നിര്‍വൃതികൊള്ളിക്കും. നിശയുടെ അന്ത്യയാമങ്ങളില്‍ പ്രത്യേക വാങ്കും റംസാനിലെ വലിയപള്ളിയുടെ പൊലിവും പ്രാധാന്യവും ആകര്‍ഷണീയതയും തുടങ്ങി പല ആചാരാനുഷ്ഠാനങ്ങളാല്‍ സമ്പന്നമാണ് പൊന്നാനി.
ഭാരതപുഴ മുതല്‍ താലൂക്ക് ആശുപത്രി വരെയും കനാല്‍ മുതല്‍ കടപ്പുറം വരെയും ഏകദേശം അരകിലോമീറ്ററിലധികം വിസ്തീര്‍ണമുളള പൊന്നാനി നഗരം മുസ്ലിം സാംസ്കാരികത എടുത്തുകാണിക്കുന്നു. കേരളത്തിലെ മുസ്ലിം സംസ്കാരത്തിന്റെ തായ്വേരാണ്ടുകിടക്കുന്ന ഇവിടെനിന്നാണ് പൈതൃകത്തിന്റെ വേരുകള്‍ വിവിധ പ്രദേശങ്ങളിലേക്ക് വ്യാപിച്ചിട്ടുള്ളത്. പള്ളികളുടെ സംഗമഭൂമിയായ ഇവിടെ 9 ജുമുഅത്ത് പള്ളികള്‍ അടക്കം 26 പളളികളും മഊനത്തുല്‍ ഇസ്ലാം സഭയും മുസ്ലിം പൈതൃകത്തിന്റെ മികവുറ്റ ചിഹ്നങ്ങളുമുണ്ട്. ഇത്ര ചെറിയ സ്ഥലത്ത് ഇത്രയധികം മുസ്ലിം പളളികള്‍ കേരളത്തില്‍ മറ്റെവിടെയും ഇല്ലെന്നാണ് അറിവ്. പളളി പെരുമയാല്‍ പുരാതനകാലം മുതല്‍ ചെറിയ മക്ക, കൈരളിയുടെ മക്ക, പളളികളുടെ മഹാനഗരി എന്നീ പേരുകളില്‍ പ്രസിദ്ധമാണ്.
പഴയ പൊന്നാനി നഗരം ഒരുക്കാലത്ത് തെക്കെ മലബാറിലെ പ്രമുഖ വ്യവസായ കേന്ദ്രവും സര്‍വതല വൈജ്ഞാനിക സംഗമ സ്ഥാനവുമായിരുന്നു. ഇവിടത്തെ കിണര്‍ സ്റ്റോപ്പില്‍ നിന്ന് ആരംഭിക്കുന്ന, നിരവധി മഹാ രഥന്മാരുടെ പാദ സ്പര്‍ശനത്താല്‍ പുളകമണിഞ്ഞ ജെ എം റോഡ് മുസ്ലിം സംസ്കാരത്തിന്റെ ദീപശിഖകളായ വലിയ പള്ളിയിലേക്കും മഊനത്ത് സഭയിലേക്കും നമുക്ക് ദിശാബോധം നല്‍കും. ഒന്നാം മഖ്ദൂം 1485ല്‍ സ്ഥാപിച്ച മഖ്ദൂമിയ്യ അകത്തെ പള്ളി, പുരാതന മഖ്ദൂം ഭവനങ്ങള്‍ തുടങ്ങിയവ ഈ റോഡിനിരുവശവുമാണ്. കെ. ദാമോദരന്റെ നേതൃത്വത്തിലുള്ള 1939 ലെ ബീഡി തൊഴിലാളി സമരത്തിന് തുടക്കം കുറിച്ചതും ഇവിടെത്തന്നെ. ഒന്നാം മഖ്ദൂമിന്റെ ആഹ്വാനമനുസരിച്ച് സാമൂതിരി കുട്ടായ്മയാല്‍ കുഞ്ഞാലി മരക്കാര്‍ ഒന്നാമന്‍ ഭാരതത്തില്‍ ആദ്യമായി അധിനിവേശ വിരുദ്ധ പോരാട്ടത്തിനുള്ള സംയുക്ത സേനക്ക് രൂപം നല്‍കിയതും ഇവിടെ വെച്ചാണ്.
പള്ളിയുടെ പടിപ്പുര കടന്നാല്‍ ആത്മീയ സാക്ഷാത്കാരത്തിന്റെ പ്രതീതി സദാ മനസ്സില്‍ അലയടിക്കും. രണ്ടാം സൈനുദ്ദീന്‍ മഖ്ദൂം ഒഴികെ, മഖ്ദും സ്ഥാനം അലങ്കരിച്ച 38 മഖ്ദൂമുമാര്‍ അന്ത്യവിശ്രമം കൊള്ളുന്ന മഖ്ദൂം മഖാം പൂമുഖ മുറ്റത്ത് കാണാം. ചെമ്പ് തകിടുകള്‍ പൊതിഞ്ഞിരുന്ന മഖ്ബറയുടെ മേല്‍ഭാഗം 1995 ല്‍ പുനര്‍ നിര്‍മിച്ചു. കിഴക്കും വടക്കും മഖ്ദൂം കുടുംബത്തിന്റെ ഖബറിടങ്ങള്‍. അല്‍പം വടക്ക് മാറി മുകളിലക്ക് കണ്ണോടിച്ചാല്‍ ഒരിക്കലും മറക്കാത്ത കരകൗശല ചാരുതയുടെ ദൃശ്യ രൂപം മനസ്സില്‍ പതിയും. അവിസ്മരണീയ ചരിത്ര മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷിയായ സൗന്ദര്യം നിറഞ്ഞ് നില്‍ക്കുന്ന പൂമുഖ മാളികയുടെ ചിത്രം. അകത്തേക്ക് പ്രവേശിക്കുമ്പോള്‍ അതിശയമുണര്‍ത്തുന്ന തിണ്ണയും വിശുദ്ധ വചനങ്ങള്‍ ആലേഖനം ചെയ്ത കവാടവും. പുറത്തെ പള്ളിയുടെ ചുമരിന്റെ മധ്യത്തില്‍ മുകള്‍ ഭാഗത്തായി മരത്തില്‍ കൊത്തിവെച്ച ദിവ്യ സൂക്തങ്ങളും തിരുവചനങ്ങളും ആപ്തവാക്യങ്ങളും.
വലത് ഓപ്പണ്‍ ഹൗളിന്‍ കരയും മുകള്‍തട്ടും. സാങ്കേതിക വിദ്യ വികസിക്കാത്ത കാലത്ത് ദീര്‍ഘ വീക്ഷണത്തോടെ പൂര്‍ണമായും കരിങ്കലില്‍ പണിത മഴവെള്ള ജല സംഭരണി.
മുന്നോട്ട് നടന്നാല്‍ 5400 സ്ക്വയര്‍ ഫീറ്റ് ഉള്‍ഭാഗം വിസ്തീര്‍ണമുള്ള അകത്തെ പള്ളി. അസാധാരണ കനത്തില്‍ കുമ്മായം പൊതിഞ്ഞ പിടിയിലൊതുങ്ങാത്ത കല്‍ത്തൂണുകളും ചുമരും. ആവശ്യാനുസരണം കിളിവാതിലുകള്‍, ചൈതന്യം തുളുന്പുന്ന അകത്തളം. മിക്കസമയത്തും നമസ്കാരവും ഖുര്‍ആന്‍ പാരായണവും. ജുമുഅക്കും രണ്ട് പെരുന്നാള്‍ നിസ്കാരത്തിനും 27ാം രാവിനും മാത്രമേ ഇമാം മിഹ്റാബില്‍ കയറി നമസ്ക്കരിത്തിന് നേതൃത്വം നല്‍കാറുള്ളു. പുകള്‍പ്പെറ്റ കൈരളി അറേബ്യന്‍ കരകൗശല ചാരുതയില്‍ പണിത മിമ്പര്‍, ജുമുഅ ദിനങ്ങളിലും റമളാന്‍ രാവുകളിലും ഏറെ ആത്മീയ ചൈതന്യം നിറഞ്ഞ് നില്‍ക്കുന്നതും മനശ്ശാന്തി പ്രദാനം ചെയുന്നതും ആത്മാവിനെ സാന്ത്വനിപ്പിക്കുന്നതുമായ ഇടമാണ് ഇവിടമെന്ന് ത്യാഗിവര്യന്മാരായ പൂര്‍വകാല സൂരികള്‍ അടയാളപ്പെടുത്തിയിട്ടുണ്ട്.
അഞ്ചു നേരത്തെ നിസ്കാരത്തിന് മാത്രമാണ് നടുവാതില്‍ തുറക്കുക. മറ്റു വാതിലുകള്‍ സദാസമയവും തുറന്നിട്ടിരിക്കും. കമനീയ കമാനങ്ങള്‍, കവാടങ്ങള്‍. പളളിയുടെ നടുവില്‍ ഒന്നാം മഖ്ദൂം സ്ഥാപിച്ച തൂക്ക് വിളക്കിന് താഴെ വിശ്വപ്രശസ്ത പണ്ഡിത ശ്രേഷ്ഠന്‍ ഇബ്നുഹജറുല്‍ ഹൈതമി(റ) പതിച്ചതെന്ന് രേഖപ്പെടുത്തപ്പെട്ട വൃത്താകൃതിയിലുളള കല്ല്. ഇതിന് ചുറ്റുമിരുന്ന് മഖ്ദൂമിയന്‍ സിലബസ്സനുസരിച്ച് ഓതിപ്പഠിച്ച് വിളക്കത്തിരിക്കല്‍ പദവി നേടിയ പണ്ഡിതന്മാരാണ് കേരളത്തിന് അകത്തും പുറത്തും പള്ളി ദര്‍സുകള്‍ക്ക് പ്രചുര പ്രചാരം ലഭിക്കാന്‍ ഹേതുവായത്. 19ാം നൂറ്റാണ്ടില്‍ നാനൂറോളം മറുനാടന്‍ വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിച്ചിരുന്നതായി വില്യം ലോഗന്‍ രേഖപ്പെടുത്തിയതു കാണാം.രണ്ട് വീതം പഠിതാക്കളുടെ സംരക്ഷണം തദ്ദേശീയരായ ഒരോ വീട്ടുകാരും ഏറ്റെടുത്തു. തല്‍ഫലമായി ഭക്ഷണത്തിനെത്തുന്ന മുതഅല്ലിമീങ്ങളില്‍ നിന്ന് ഓതി പഠിച്ച പണ്ഡിത മഹതികളും ഓരോ തറവാട്ടിലും ഉണ്ടായിരുന്നു. ഇത് മത വിജ്ഞാന പ്രസരണത്തിന് ഹേതുവായി.
അകത്തെ പള്ളിയില്‍ നിന്ന് പതിനേഴ് ചവിട്ട് പടികളുള്ള കോണി കയറിയാല്‍ വിശാലമായ ഒന്നാം നില. മരം കൊണ്ട് നിര്‍മിച്ച പൂര്‍ണ്ണമായും പുറത്തേക്ക് തള്ളിയ പൂമുഖ മാളികക്കൂട്. തുടര്‍ന്ന് രണ്ടാം നിലയും അരതട്ടും (രണ്ടരതട്ട്). ചരിത്രവും ഐതിഹ്യവും കൈകോര്‍ക്കുന്ന ഇവിടെ ഒരു കാലത്ത് അസമയങ്ങളില്‍ ജിന്നുകള്‍ വസിച്ചിരുന്നുവെന്നും പ്രഗത്ഭരായ മുന്‍കാല മഖ്ദൂമുകള്‍ ജിന്നുകള്‍ക്കായി ഇവിടെ ദര്‍സ് നടത്തിയിരുന്നുവെന്നുമാണ് വാമൊഴിയും വരമൊഴിയും. ചരിത്രം രേഖപ്പെടുത്തിയ കാലടയാളങ്ങളും ലിഖിതങ്ങളും ഇവിടെ കാണാം. മോന്തായത്തെ താഴികക്കുടങ്ങള്‍ പ്രൗഢി വിളിച്ചോതുന്നു.
ഒന്നാം നിലയില്‍ നിന്ന് ചെറിയ കോണി ഇറങ്ങിയാല്‍ ഹൗളിന്‍ കരയുടെ മുകള്‍ത്തട്ടാണ്. കേരളത്തിലെ ഇതര മുസ്ലിം പള്ളികള്‍ക്കില്ലാത്ത പല പ്രത്യേകതകളും ഈ പള്ളിക്കുണ്ട്. വിപുലീകരണത്തിന്റെ ഓരോ ദിശയിലും അമൂല്യമായ അനുഭവസമ്പത്തുള്ള പ്രതിഭാധനരായ തച്ചുശാസ്ത്രജ്ഞന്മാരുടെയും കല്ലാശാരിമാരുടെയും പൂര്‍വ പ്രതാപികളുടെ നിര്‍ലോഭ സഹായത്തിന്റെയും സംഗമമാണീ ഗേഹം. കിഴക്ക് വടക്ക് പടിഞ്ഞാറ് പടിപ്പുര മാളികകള്‍, പ്രൗഢിയുടെ മുഖമുദ്രയണിഞ്ഞ ചുറ്റുമതില്‍. പൗരാണികതയുടെ പ്രതീകമായി പള്ളിക്കുളം തുടങ്ങി കേരളത്തിലെ മറ്റു പള്ളികള്‍ക്കുമില്ലാത്ത അസാധാരണ ഗാംഭീര്യവും പ്രത്യേകതയും ഈ പള്ളിക്കുണ്ട്. പുരാതന പള്ളികളില്‍ ഉന്നതസ്ഥാനം നേടിയ ഈ പള്ളിക്ക് കര്‍ശന പരിപാലനം സ്വന്തമാണ്. ആധുനിക ആര്‍ക്കിടെക്ടുകള്‍ക്കും ഡിസൈനര്‍മാര്‍ക്കും പഠന വിഷയമാക്കാവുന്ന പലതും പൈതൃക തനിമയോടെ ഇവിടെ നില നില്‍ക്കുന്നു.
കേരളീയ ശില്‍പകലയുടെ മറുതല കണ്ട തച്ചുശാസ്ത്രജ്ഞനും മഖ്ദൂമിന്റെ ആത്മ മിത്രവുമായ ഹൈന്ദവ ആശാരിയാണ് പളളിയുടെ പ്രഥമ ശില്‍പി. ശതാബ്ദങ്ങളായിട്ടും അതിരുകള്‍ നിര്‍ണയിക്കപ്പെടാത്ത ശില്‍പിയുടെ അനുപമ വൈഭവം ഇന്നും അത്ഭുതമായി നിലകൊളളുന്നു. ഭയഭക്തിയിലും മാനവിക സംസ്കാരത്തിലും പൂര്‍ണമായും ഊന്നിയ രീതിയിലായിരുന്നു പൗരാണിക കാലം മുതല്‍ ദേവാലയങ്ങളുടെ നിര്‍മാണം. ദൈവ വിശ്വാസത്തിന്റെയും വിജ്ഞാനത്തിന്‍റയും നാഗരികതയുടെയും ഉറവിടങ്ങളായ പള്ളികളുടെ അടിസ്ഥാന ശില അതുതന്നെയാവണമെന്ന് പണ്ഡിതര്‍ക്ക് നിര്‍ബന്ധവുമുണ്ട്. ഈ ഒരു ചിന്ത മനസ്സില്‍ ധ്യാനിച്ചുകൊണ്ടാണ് പള്ളികളുടെ അടിക്കല്ല് പാകിയതും സ്ഥാപിച്ചതും, പൊന്നാനി വലിയപള്ളി ആദ്യാവസാനം ഇതിന് ഉത്തമമാതൃകയാണ്.
ഭാരതത്തിലെ പ്രഥമ അധിനിവേശ വിരുദ്ധ പോരാട്ട നായകനും ആത്മീയാചാര്യനുമായ ശൈഖ് സൈനുദ്ദീന്‍ ഇബ്നു അലി(സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്‍ : 14671522) ഹിജ്റ 925(ക്രി.വ.1519)ലാണ് പള്ളി സ്ഥാപിച്ചത്. നിര്‍മാണത്തിന് ശേഷം ഏറ്റവും മുകളില്‍ കയറി പടിഞ്ഞാറോട്ടേക്ക് നോക്കിയപ്പോള്‍ കോഴി മുട്ടപ്പരിശില്‍ വിശുദ്ധ കഅ്ബയുടെ പ്രഭ ദര്‍ശിച്ചുവെന്നും തുടര്‍ന്ന് ആശാരി മുസ്ലിമായി ആശാരി തങ്ങളെന്ന് കേള്‍വിപ്പെട്ടെന്നും വെട്ടം രാജാവ് ദാനം നല്‍കിയ ഒറ്റ തേക്ക് മരം കൊണ്ടാണ് പള്ളി പണിതതെന്നും തുടങ്ങി മതമൈത്രിയിലൂന്നിയ പല കഥകളും പ്രചാരത്തിലുണ്ട്.
1550 ല്‍(ഹിജ്റ 957 ശവ്വാല്‍ 19 വ്യാഴാഴ്ച) നടന്ന പോര്‍ച്ചുഗീസ് ആക്രമണത്തില്‍ പള്ളിക്ക് ഗുരുതരമായ കേടുപാടുകള്‍ സംഭവിച്ചു. ആരംഭത്തില്‍ 90 അടി നീളവും അറുപത് അടി വീതിയുമുള്ള അകത്തെ പള്ളി മാത്രമേ ഉണ്ടായിരുന്നുള്ളൂ. പുറത്തെ പള്ളിയും മുറികളും ചരുവും മാളികയും മറ്റും പിന്നീട് നിര്‍മ്മിച്ചതാണ്. നാല് നിലകളുണ്ടായിരുന്നുവെന്ന് മലബാര്‍ മാന്വലിലുണ്ട്.
വിവിധ ഘട്ടങ്ങളില്‍ ആവശ്യമായ നിര്‍മാണ പരിഷ്കരണങ്ങള്‍ നടത്തിയിട്ടുണ്ട്. ആദ്യത്തെ വടക്കെ പടിപ്പുര മാളിക 169596 ല്‍ ചുള്ളിയില്‍ മുഹമ്മദും ആദ്യത്തെ പടിഞ്ഞാറെ പടിപ്പുര മാളിക 182627 ല്‍ കുഞ്ഞൂസയും നിലവിലുള്ള മിമ്പര്‍ 1911ല്‍ തരകന്‍കോജിനിയകത്ത് കുഞ്ഞാദുട്ടിയും നിലവിലുള്ള മേല്‍തട്ടുകള്‍ 193839 ല്‍ കോടമ്പിയകത്ത് സൈതുട്ടിയും പൂമുഖം ആക്ടിങ്ങ് മഖ്ദൂം കമ്മുകുട്ടി മുസ്ലിയാരും ചുറ്റുമതില്‍ കെട്ട് മണ്ടായപ്പുറത്ത് ആലി മൂപ്പനും പണിയിപ്പിച്ചതാണ്. മികച്ച പൈതൃക തനിമയും പരിപാലനവും മറ്റും ഇതിന് സ്വന്തം. 2007 ഒക്ടോബര്‍ 4 (ഹിജ്റ 1428 റമളാന്‍ 22)ന് നാല്‍പതാം സ്ഥാനിയായ സയ്യിദ് എം. പി. മുത്തുകോയ തങ്ങളാണ് ഇപ്പോഴത്തെ മഖ്ദൂം. ദീനീരംഗത്ത് ഏറെ സംഭാവനകളര്‍പ്പിച്ച പള്ളിദര്‍സുകളുടെ കേരളാമോഡല്‍ സമാരംഭിച്ചത് ഇവിടെയാണ്. അതുകൊണ്ട് പൊന്നാനിയുടെ ചരിത്രം ദര്‍സുകളുടേതു കൂടിയാവുന്നു.
ലേഖകന്‍ മുന്‍ അധ്യാപകനും ചരിത്രാന്വേഷകനുമാണ്. പൊന്നാനി സ്വദേശി.

ടിവി അബ്ദുറഹ്മാന്‍കുട്ടി

Exit mobile version