പ്രവാചക കാലത്തെ ഹദീസ് രേഖകൾ

വിശുദ്ധ ഖുർആനും ഹദീസും ഇസ്‌ലാമിക ശരീഅത്തിന്റെ അടിസ്ഥാന ശിലകളാണ്. ഖുർആനിലെ ഒരോ വചനവും ഇസ്‌ലാം മത വ്യാപനത്തിന്റെ പ്രഥമ ഘട്ടത്തിൽ തന്നെ കൃത്യമായി രേഖപ്പെടുത്തുകയും അനിഷേധ്യമാം വിധം കൈമാറ്റം നടത്തപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാൽ പ്രവാചക വചനങ്ങൾ രണ്ട് നൂറ്റാണ്ടുകൾക്ക് ശേഷമാണ് ക്രോഡീകരിക്കപ്പെട്ടത് എന്നത് ഓറിയന്റലിസ്റ്റുകൾ മുതൽ കേരളത്തിലെ നവനാസ്തികർ വരെ ഉയർത്തുന്ന ആരോപണമാണ്. ഹദീസ് ക്രോഡീകരണത്തിന്റെ ആധികാരികത ചോദ്യം ചെയ്യുക വഴി ഖുർആൻ നിഷേധവും ഇസ്‌ലാമിക ശരീഅത്തിന്റെ ആധികാരികതയുടെ നിഷേധവും നിഷ്പ്രയാസം സാധിക്കുമെന്ന ചിന്തയിൽ നിന്നാണ് ഈ ആരോപണം ഉത്ഭവിക്കുന്നത്.
ഹദീസുകളോട് മുസ്‌ലിംലോകത്തിന്റെ സമീപനം എന്തായിരുന്നുവെന്നറിയണമെങ്കിൽ ആദ്യം പ്രവാചകരോടുള്ള അവരുടെ സമീപന രീതി മനസ്സിലാക്കേണ്ടതുണ്ട്. പ്രവാചകരെക്കാൾ അനുയായികളെ സ്വാധീനിക്കാൻ കഴിഞ്ഞ മറ്റൊരു നേതാവിനെയും ചരിത്രത്തിൽ വായിക്കാൻ സാധ്യമല്ല. ഈ സ്വാധീനത്തിന്റെ ആഴം സമകാലികരായ ശത്രുക്കൾ പോലും സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഹുദൈബിയ്യ സന്ധിയുടെ സന്ദർഭത്തിൽ ഉർവതുബ്‌നു മസ്ഊദ് അസ്സഖഫിയുടെ വാചകം ഇങ്ങനെ വായിക്കാം: ‘റോമിലെയും പേർഷ്യയിലെയും എത്യോപ്യയിലെയുമടക്കം ധാരാളം രാജാക്കാന്മാരെ ഞാൻ സന്ദർശിച്ചിട്ടുണ്ട്. എന്നാൽ മുഹമ്മദ് നബിയുടെ അനുയായികൾ അദ്ദേഹത്തെ ആദരിക്കുന്നത് പോലെ ഒരു രാജാവിനെയും സ്വന്തം അനുയായികൾ ആദരിക്കുന്നത് ഞാൻ കണ്ടിട്ടില്ല’ (സ്വഹീഹുൽ ബുഖാരി: 2731).
ആ കാലഘട്ടത്തിൽ ആയുധബലം കൊണ്ടും അധികാരഗരിമ കൊണ്ടും ജ്വലിച്ചു നിൽക്കുന്ന രാജാക്കാന്മാരെയും അവരുടെ അനുയായികളെയും സസൂക്ഷ്മം നിരീക്ഷിച്ച ഉർവ്വ എന്ന ബുദ്ധിമാനായ ശത്രുവിന്റെ സാക്ഷ്യമാണിത്. മുഹമ്മദ് നബി(സ്വ)യെ തന്റെ അനുയായികൾ വാക്കിലും നോക്കിലും അനക്കത്തിലും അടക്കത്തിലും ഇമവെട്ടാതെ നിരീക്ഷിച്ചിരുന്നുവെന്നാണ് ചരിത്രസാക്ഷ്യം.
അനുധാവനത്തിന്റെ അനുഭൂതി കേവലം വാചകങ്ങളിൽ ഒതുക്കിയിരുന്നില്ല അവർ. പ്രവാചകരുടെ ഒരു കേശം ലഭിക്കുന്നത് പോലും പ്രപഞ്ചത്തിലെ സർവ വസ്തുക്കളും തനിക്ക് ലഭിക്കുന്നതിനെക്കാൾ പ്രിയപ്പെട്ടതാണെന്നു പറഞ്ഞ ഉബൈദത്തു നാജീ(റ) പോലെയുള്ള പരശ്ശതം സ്വഹാബികളെ ചരിത്രത്തിൽ നമുക്ക് വായിച്ചെടുക്കാൻ കഴിയും. നബി(സ്വ)യുടെ പ്രബോധനം വലിയ രൂപത്തിൽ ആ സമൂഹത്തെ സ്വാധീനിച്ചു എന്നത് അനിഷേധ്യമായ യാഥാർഥ്യമാണ്.

ഹദീസ് പഠനത്തിലെ
സ്വഹാബീ ധാരകൾ

രണ്ട് രൂപത്തിൽ ഹദീസ് പഠനത്തിൽ ഏർപ്പെട്ടവരായിരുന്നു സ്വഹാബികൾ. ഒരു വിഭാഗം നിശ്ചിത സന്ദർഭങ്ങളിൽ തിരുനബി(സ്വ)യുടെ സാന്നിധ്യത്തിൽ നിന്ന് പഠനം നടത്തുന്നവർ. മറ്റു സമയങ്ങളിൽ കച്ചവടങ്ങളിലും കൃഷിയിലും ഇതര ജീവിത മാർഗങ്ങളിലും ഏർപ്പെടുന്നവരായിരുന്നു ഈ വിഭാഗം. ഉമർ ബ്‌നു ഖത്താബ്(റ) പറയുന്നു: ‘മദീനയുടെ ഉയർന്ന പ്രദേശത്തുള്ള ബനൂ ഉമയ്യത്ത് ഗോത്രത്തിലായിരുന്നു ഞാനും എന്റെ അയൽവാസിയായ അൻസ്വാരിയും (ഇത്ബാനു ബ്‌നു മാലിക്) താമസിച്ചിരുന്നത്. ഞങ്ങൾ നബി(സ്വ) തങ്ങളിലേക്ക് ഊഴം നിശ്ചയിച്ച് പോകുമായിരുന്നു. ഒരു ദിവസം അദ്ദേഹം, അടുത്ത ദിവസം ഞാൻ. ഞാൻ പോകുന്ന ദിവസം ലഭിച്ച വഹ്‌യിന്റെ സന്ദേശങ്ങളും മറ്റും അദ്ദേഹത്തിന് കൈമാറും. അദ്ദേഹം പോവുന്ന ദിവസത്തിൽ അദ്ദേഹവും ഇപ്രകാരം ചെയ്യും.’
സദാസമയവും റസൂൽ(സ്വ)യുടെ കൂടെ പഠനസപര്യയിൽ ഏർപ്പെട്ടവരായിരുന്നു മറ്റൊരു വിഭാഗം. അഹ്‌ലുസ്സുഫ്ഫ എന്ന പേരിലാണ് ഇവർ അറിയപ്പെട്ടത്. സ്വഹാബികളിലെ ധനികർ ഈ വിഭാഗത്തിന്റെ ജീവിത ചെലവുകൾ ഏറ്റെടുത്തത് കാരണം ഏകാഗ്രചിത്തതയോടെ വിശുദ്ധ ഖുർആനിന്റെയും തിരുവചനങ്ങളുടെയും പഠനത്തിൽ ഏർപ്പെടാൻ ഇവർക്ക് സാധിച്ചു. അഹ്‌ലുസ്സുഫ്ഫയുടെ നേതാവായിരുന്നു അബൂഹുറൈറ(റ). വിജ്ഞാന വഴികളിൽ തനിക്കുണ്ടായ തീക്ഷ്ണമായ അനുഭവങ്ങൾ അദ്ദേഹം വിവരിക്കുന്നുണ്ട്: ‘വിശപ്പിന്റെ കാഠിന്യം കാരണം ഞാൻ ബോധരഹിതനായി നിലത്തു വീഴാറുണ്ട്’ (തുർമുദി: 2477).
മറ്റൊരിക്കൽ പറഞ്ഞു: ‘വിശപ്പ് കാരണം നബിയുടെ മിമ്പറിനും ആഇശ(റ)യുടെ വീടിനുമിടയിൽ ഞാൻ ബോധരഹിതനായി വീഴാറുണ്ട്.’ അപ്പോൾ ജനങ്ങൾ പറഞ്ഞു ‘ഭ്രാന്തൻ.’ ഭ്രാന്തല്ലിത്, മറിച്ച് കഠിന വിശപ്പാണ്’ (തുർമുദി: 2376).
ത്യാഗപൂർണമായ ജീവിതത്തിലൂടെ പ്രവാചക സന്നിധിയിൽ നിന്ന് വൈജ്ഞാനിക സമ്പത്ത് സ്വായത്തമാക്കിയവരാണ് സ്വഹാബികൾ. അബൂഹുറൈറ(റ)വിനെ പോലെ നിരവധി സ്വഹാബികൾ ചരിത്രത്തിൽ ഇടം പിടിച്ചിട്ടുണ്ട്. പത്ത് വർഷം സേവകനായി കൂടെ നിന്ന അനസ് ബ്‌ന് മാലികും നബി(സ്വ)യുടെ ചെരിപ്പ് ചുമന്നുനടന്ന് അവിടത്തെ കുടുംബാംഗമാണോ എന്ന് സംശയിക്കുമാറ് കൂടെയുണ്ടായിരുന്ന അബ്ദുല്ലാഹി ബ്‌നു മസ്ഊദും(റ) ചില ഉദാഹരണങ്ങൾ മാത്രം.
സദാസമയവും കൂടെയുണ്ടായിരുന്ന ഈ വിഭാഗം നേരിട്ട് കേൾക്കാത്ത മറ്റു സ്വഹാബികൾക്ക് ഹദീസ് പകർന്നു നൽകുന്നതിൽ ബന്ധശ്രദ്ധ പുലർത്തുന്നവരായിരുന്നു. ഹദീസ് ശേഖരിക്കുന്നതിന് ദീർഘയാത്രകൾ പോലും അവർ നടത്തി. ഇബ്‌നു അഖീലിൽ നിന്ന് നിവേദനം: ഒരു സ്വഹാബിയുടെ അടുത്തുള്ള ഹദീസിനെ സംബന്ധിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്ന് ജാബിർ ബ്‌ന് അബ്ദുല്ല(റ) ഇബ്‌നു അഖീൽ(റ)നോട് പറഞ്ഞു. ജാബിർ ബ്‌നു അബ്ദുല്ല(റ) പറയുന്നു: ഒരു മാസം ഒട്ടകപ്പുറത്ത് യാത്ര ചെയ്ത് ഞാൻ ശാമിലെത്തി. അവിടെ ചെന്നപ്പോൾ അബ്ദുല്ലാഹി ബ്‌നു ഉനൈസ് ആയിരുന്നു ആ വ്യക്തി. ജാബിർ വാതിലിനരികിലുണ്ടെന്ന് ഒരു ദൂതനെ വിട്ട് അദ്ദേഹത്തെ അറിയിച്ചു. അദ്ദേഹം ചോദിച്ചു: ജാബിർ ബ്‌നു അബ്ദുല്ലയോ!?
അതേ എന്ന് ഞാൻ മറുപടി നൽകി. അപ്പോൾ അദ്ദേഹം പുറത്തേക്ക് വന്ന് എന്നെ ആലിംഗനം ചെയ്തു. ഞാൻ പറഞ്ഞു: എനിക്ക് ലഭിച്ചിട്ടില്ലാത്ത ഒരു ഹദീസ് താങ്കളുടെ അടുത്തുണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ട്. ഞാനോ താങ്കളോ മരണപ്പെടുന്നത് ഞാൻ ഭയപ്പെടുന്നു (മരണപ്പെട്ടാൽ ഹദീസ് നഷ്ടപ്പെടുമല്ലോ എന്നതാണ് ഭയത്തിന്റെ കാരണം)
(ഇമാം ബുഖാരി/ അൽഅദബുൽ മുഫ്‌റദ് :970).
നബി(സ്വ)യിൽ നിന്ന് കേട്ട ഒരു വാചകത്തിൽ വന്ന സംശയം കൃത്യപ്പെടുത്താൻ മദീനയിൽ നിന്ന് മിസ്വ്ർ വരെ യാത്ര ചെയ്ത് ഉഖ്ബതു ബ്‌നു ആമിറിനെ കണ്ട അബൂഅയ്യൂബിൽ അൻസ്വാരി(റ)യുടെ ചരിത്രം ഇമാം അഹ്‌മദ് മുസ്‌നദ് 4/153ൽ ഉദ്ധരിക്കുന്നുണ്ട്. ഹദീസ് ശേഖരിക്കുന്നതിലും അവ ഹൃദിസ്ഥമാക്കുന്നതിലും സ്വഹാബികൾ എത്രയേറെ തൽപരരായിരുന്നുവെന്ന് ഈ ചരിത്രങ്ങളിൽ നിന്നെല്ലാം വ്യക്തമാണ്.
നബി(സ്വ)യുടെ വഫാത്തിന് ശേഷം ജനങ്ങൾക്ക് ഹദീസുകൾ പകർന്നു നൽകാൻ സ്വഹാബികൾ വിജ്ഞാന സദസ്സുകളൊരുക്കി. മദീനയിൽ അബൂഹുറൈറ(റ)വിന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച പ്രത്യേകമായ ഹദീസ് ദർസ് നടന്നിരുന്നുവെന്ന് അൽമുസ്തദ്‌റക് 1/108ൽ വായിക്കാം. മദീനയിൽ ഹദീസ് പ്രചാരണത്തിന് നേതൃത്വം നൽകിയവരിൽ മറ്റൊരു പ്രധാനിയായിരുന്നു നബിപത്‌നി ആഇശ(റ). സിദ്ദീഖ്(റ), ഉമർ(റ) അടക്കമുള്ള പ്രമുഖ സ്വഹാബികൾ ബീവിയിൽ നിന്ന് ഹദീസ് പഠിച്ചിട്ടുണ്ട്.
അബുദ്ദർദാ(റ)യുടെ നേതൃത്വത്തിൽ ദിമശ്ഖിലും അബ്ദുല്ലാഹിബ്‌നു മസ്ഊദി(റ)ന്റെ നേതൃത്വത്തിൽ കൂഫയിലും ഇംറാനു ബ്‌നു ഹുസൈൻ(റ) നേതൃത്വത്തിൽ ബസ്വറയിലും ഹദീസ് പഠന ക്ലാസുകൾ നടക്കുകയുണ്ടായി.
ഉപര്യുക്ത വിശദീകരണത്തിൽ നിന്ന് ഹദീസ് പഠനം തിരുനബി(സ്വ)യുടെയും സ്വഹാബത്തിന്റെയും കാലത്ത് തന്നെ ഒരു വിജ്ഞാന ശാഖയായി രൂപപ്പെട്ടിട്ടുണ്ടെന്ന് ഗ്രഹിക്കാം.

ഹദീസ് ക്രോഡീകരണം
ലിഖിത രൂപത്തിലും

നബി(സ്വ)യുടെ കാലത്ത് തന്നെ ഹദീസ് ക്രോഡീകരണം ലിഖിത രൂപത്തിൽ ആരംഭിച്ചിട്ടുണ്ട്. രണ്ട് നൂറ്റാണ്ടുകൾക്കിപ്പുറമാണ് ഹദീസുകൾ ലിഖിത രൂപത്തിൽ ക്രോഡീകരിക്കപ്പെട്ടതെന്ന വാദം ചരിത്ര യാഥാർഥ്യങ്ങളെ നിരാകരിക്കുന്നതാണ്. റസൂൽ(സ്വ)യുടെ കത്തിടപാടുകളും അഭയപത്രങ്ങളും സന്ധികളും അടക്കമുള്ള ചില വചനങ്ങൾ മാത്രമായിരുന്നു അന്ന് ലിഖിതമായി ഉണ്ടായിരുന്നതെന്ന് പറയുന്ന ചിലരും ചരിത്രത്തിന്റെ ഇന്നലെകളിൽ കടന്നുപോയിട്ടുണ്ട്. പ്രവാചക കാലത്ത് ലിഖിത രൂപത്തിൽ ക്രോഡീകരിക്കപ്പെട്ട ഹദീസുകളുണ്ടെങ്കിലും അവകൾ തൂലോം കുറവായിരുന്നു എന്നതാണ് ഈ വാദത്തിന്റെ മർമം. തിരുദൂതരുടെ ജീവിതകാലത്ത് തന്നെ പതിനായിരക്കണക്കിന് ഹദീസുകൾ എഴുതപ്പെട്ടിട്ടുണ്ട് എന്നത് തെളിവുകളുടെ പിൻബലമുള്ള വാദമാണ്. നമുക്ക് പരിശോധിക്കാം.
5374 ഹദീസുകൾ അബൂഹുറൈറ(റ)വിൽ നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടുണ്ടെന്ന് ഹദീസ് പണ്ഡിതന്മാർ പറയുന്നു (ദലീലുൽ ഫാലിഹീൻ: 1/72). ഈ ഹദീസുകളെല്ലാം അദ്ദേഹം ലിഖിത രൂപത്തിൽ ക്രോഡീകരിച്ചവയായിരുന്നു.
ഹസനുബ്‌നു അംറുബ്‌നു ഉമയ്യ(റ) പറയുന്നു: ഞാൻ അബൂഹുറൈറ(റ)യുടെ സന്നിധിയിൽ വെച്ച് ഒരു ഹദീസ് പറഞ്ഞു. ഉടനെ അദ്ദേഹം അതിനെ നിഷേധിച്ചു. അപ്പോൾ ഞാൻ പറഞ്ഞു: ഈ ഹദീസ് ഞാൻ താങ്കളിൽ നിന്ന് ശ്രവിച്ചിട്ടുണ്ട്. അബൂഹുറൈറ(റ) പ്രതികരിച്ചു: ‘എന്നിൽ നിന്ന് താങ്കൾ കേട്ടിട്ടുണ്ടെങ്കിൽ അതെന്റെ രേഖയിലുണ്ടാകും.’
ശേഷം എന്റെ കൈ പിടിച്ച് അദ്ദേഹത്തിന്റെ വീട്ടിലേക്ക് കൊണ്ടുപോയി ഹദീസുകൾ എഴുതപ്പെട്ട വലിയ ഗ്രന്ഥശേഖരം കാണിച്ചു. അങ്ങനെ ആ ഹദീസ് രേഖയിൽ നിന്ന് അദ്ദേഹം കണ്ടെത്തി. തദവസരത്തിൽ അബൂഹുറൈറ(റ) പറഞ്ഞു: ഞാൻ ഒരു ഹദീസ് താങ്കളോട് പറഞ്ഞിട്ടുണ്ടെങ്കിൽ അത് എന്റെ രേഖയിലുണ്ടാകുമെന്ന് ഞാൻ പറഞ്ഞില്ലേ!? (ഇബ്‌നു അബ്ദിൽ ബർറ്/ ജാമിഉ ബയാനിൽ ഇൽമ്: 1/324, ഫത്ഹുൽ ബാരി: 1/207). അഹ്‌ലുസ്സുഫ്ഫയുടെ നേതാവായ അബൂഹുറൈറ(റ)വിന്റെ പക്കൽ അദ്ദേഹത്തിന് ലഭിച്ച മുഴുവൻ ഹദീസുകളും എഴുതപ്പെട്ട നിലയിൽ തന്നെ ലഭ്യമായിരുന്നുവെന്ന് ഈ സംഭവത്തിൽ നിന്ന് വ്യക്തം. അതേസമയം, ഈ ഹദീസുകൾ അബൂഹുറൈറ(റ) നബി(സ്വ)യുടെ ജീവിതകാലത്ത് തന്നെയാണോ അതോ വഫാത്തിന് ശേഷമാണോ എഴുതിയതെന്ന് ചരിത്രത്തിൽ നിന്നു ഗ്രാഹ്യമല്ല.
പ്രസിദ്ധമായ മറ്റൊരു ഹദീസ് ഇതിനോട് ചേർത്തുവായിക്കേണ്ടതുണ്ട്. അബൂഹുറൈറ(റ) പറയുന്നു: നബി(സ്വ)യിൽ നിന്ന് എന്നേക്കാൾ ഹദീസ് ലഭിച്ച ഒരു സ്വഹാബിയുമില്ല, അബ്ദുല്ലാഹിബ്‌നു അംറ് ഒഴികെ. അദ്ദേഹം ഹദീസ് എഴുതിവെക്കുമായിരുന്നു. ഞാൻ എഴുതാറില്ലായിരുന്നു (തുർമുദി: 2668).
അബൂഹുറൈറ(റ)വിന് ലഭ്യമായ എല്ലാ ഹദീസുകളും എഴുതിയിരുന്നുവെന്ന ആദ്യ ഹദീസും ഞാൻ ഹദീസ് എഴുതാറില്ലായിരുന്നുവെന്ന ഹദീസും തമ്മിൽ വൈരുധ്യമില്ലേ!?
(തുടരും)

ബദ്‌റുദ്ദീൻ അഹ്‌സനി മുത്തനൂർ

Exit mobile version