പ്രവാചക നയനങ്ങള്‍ ഈറനണിഞ്ഞ നിമിഷങ്ങള്‍

മുഹമ്മദ് നബി(സ്വ) കണ്ണു നീര്‍ വാര്‍ത്ത നിരവധി സന്ദര്‍ഭങ്ങളുണ്ട്. ഉമ്മത്തിന്റെ ഔന്നിത്യത്തില്‍ സന്തോഷിച്ചും അവര്‍ക്ക് ഇഹത്തിലും പരത്തിലും വന്നേക്കാവുന്ന നാശങ്ങളോര്‍ത്തും പരലോകത്തെ ഭീകരാവസ്ഥകള്‍ ചിന്തിച്ചും അവിടുന്ന് കരഞ്ഞത് ചരിത്രത്തില്‍ കാണാം. അവയില്‍ ഏതാനും ഏടുകള്‍ നിവര്‍ത്തുകയാണിവിടെ.

ഇബ്നു മസ്ഊദ്(റ)ല്‍ നിന്ന് ബുഖാരി, മുസ്‌ലിം നിവേദനം. നബി (സ്വ) ഇബ്നു മസ്ഊദ് (റ)നോട് പറഞ്ഞു: നീ എനിക്ക് ഖുര്‍ആന്‍ ഓതിക്കേള്‍പ്പിച്ച് തരിക, അദ്ദേഹം ചോദിച്ചു; ഖുര്‍ആന്‍ താങ്കള്‍ക്ക് അവതരിക്കപ്പെട്ടതായിരിക്കെ ഞാന്‍ ഓതി തരുകയോ? നബി(സ്വ) പറഞ്ഞു: അതേ, മറ്റൊരാളില്‍ നിന്ന് അത് കേള്‍ക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. ഇബ്നു മസ്ഊദ് (റ) നിസാഅ് സൂറത്ത് ഓതാന്‍ തുടങ്ങി. 41ാം ആയത്തായി.

ഓരോ സമുദായത്തില്‍ നിന്ന് ഓരോ സാക്ഷിയെ കൊണ്ട് വരികയും ഇവരുടെ (നബിയുടെ സമുദായം) മേല്‍ സാക്ഷിയായി അങ്ങയെ നാം കൊണ്ട് വരികയും ചെയ്താല്‍ എങ്ങനെയായിരിക്കും? ( നിസാഅ്/41) എന്ന ആയത്ത് എത്തിയപ്പോള്‍ നബി(സ്വ) പറഞ്ഞു; മതി, ഇബ്നു മസ്ഊദ് പാരായണം നിര്‍ത്തുക! ഇബ്നു മസ്ഊദ്(റ) തിരിഞ്ഞു നോക്കുമ്പോള്‍ നബി(സ്വ) യുടെ ഇരു കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ ചാലിട്ട് ഒഴുകുകയായിരുന്നു.

വാത്സല്യത്തിന്റെ പേരില്‍

നബി(സ്വ) സമുദായത്തോട് ഏറെ കാരുണ്യവും സ്നേഹവും ഉള്ളവരായിരുന്നു. ഉമ്മത്തിന്റെ മേല്‍ ശിക്ഷ ഇറങ്ങുന്നത് ഭയപ്പെട്ടിരുന്നു. സൂര്യഗ്രഹണം ഉണ്ടാവുന്ന സമയത്ത് നബി(സ്വ) ഗ്രഹണ നിസ്കാരം നിര്‍വഹിക്കുകയും അല്ലാഹുവില്‍ നിന്നുള്ള ശിക്ഷ ഭയപ്പെട്ടു കൊണ്ട് കരയുകയും ചെയ്യുമായിരുന്നു.

ഇബ്നു ഉമര്‍(റ) ല്‍ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: നബി(സ്വ)യുടെ കാലത്ത് ഒരിക്കല്‍ സൂര്യ ഗ്രഹണം ഉണ്ടായി. അവിടുന്ന് നിസ്കാരത്തിന് നിന്നു. സുദീര്‍ഘമായ റുകൂഉം സുജൂദും ഇഅ്തിദാലും ചെയ്തു കൊണ്ടായിരുന്നു നിസ്കാരം. അവസാനത്തെ സുജൂദില്‍ അവിടുന്ന് പ്രാര്‍ത്ഥിച്ചു: ഞാന്‍ ഈ സമൂഹത്തിലുണ്ടായിരിക്കെ അവരെ ശിക്ഷിക്കില്ല എന്ന് നീ എന്നോട് വാഗ്ദത്തം ചെയ്തിട്ടില്ലേ? അവര്‍ ഇസ്തിഗ്ഫാര്‍ (പാപമോചനം) തേടിക്കൊണ്ടിരിക്കെ അവരെ ശിക്ഷിക്കുകയില്ലെന്ന് നീ പറഞ്ഞിരിക്കുന്നല്ലോ. നബി(സ്വ) നിസ്കാരത്തില്‍ നിന്നും വിരമിക്കുമ്പോഴേക്കും ഗ്രഹണം പൂര്‍ണ്ണമായും തെളിഞ്ഞിരുന്നു.

കുടുംബത്തിലെ മരണം

നബി(സ്വ) ഏറെ കരുണയും സ്നേഹവും ഉള്ളവരായിരുന്നു. അതു കൊണ്ടു തന്നെ തന്റെ കുടുംബത്തില്‍ നിന്നും സ്നേഹ ജനങ്ങളില്‍ നിന്നും അടുത്തവര്‍ മരണപ്പെടുന്ന സമയത്ത് പ്രവാചകന്‍(സ്വ) കരയാറുണ്ടായിരുന്നു. പക്ഷേ നബി(സ്വ)യുടെ കരച്ചില്‍ ദുഃഖ പ്രകടനവും കണ്ണുനീര്‍ വാര്‍ക്കലും മാത്രമായിരുന്നു. ശബ്ദമോ അട്ടഹാസമോ അക്ഷമ പ്രകടിപ്പിക്കലോ ഉണ്ടായിരുന്നില്ല. അത് വിലക്കുകയും ചെയ്തു. അനസ്(റ) പറയുന്നു: ഞങ്ങള്‍ നബി(സ്വ)യോട് കൂടെ അവിടുത്തെ പുത്രന്‍ ഇബ്റാഹീമിന്റെ മുലകുടി ബന്ധത്തിലുള്ള പിതാവ് അബൂ സൈഫിന്റെയടുത്തേക്ക് ചെന്നു. നബി(സ്വ) ഇബ്റാഹീമിനെ എടുത്ത് ഓമനിച്ചു. വീണ്ടും ഞങ്ങള്‍ കുട്ടിയുടെ അടുത്ത് പ്രവേശിച്ചു. കുട്ടി മരണാസന്നാവസ്ഥയിലായിരുന്നു. അപ്പോള്‍ നബി(സ്വ) കണ്ണുകളില്‍ നിന്നു കണ്ണുനീര്‍ ഒഴുകുന്നുണ്ടായിരുന്നു. അബ്ദുറഹ്മാന്ബ്നു ഔഫ്(റ) ചോദിച്ചു; അങ്ങ് കരയുകയോ നബിയേ? നബി(സ്വ) പറഞ്ഞു: ഇബ്നു ഔഫ്, അത് കാരുണ്യമാണ്. നിശ്ചയം നയനം കണ്ണുനീര്‍ പൊഴിക്കുകയും ഹൃദയം ദുഃഖിക്കുകയും ചെയ്യും. നമ്മുടെ രക്ഷിതാവിന് ഇഷ്ടമുള്ളതല്ലാതെ നാം പറയുകയില്ല. മോനേ ഇബ്റാഹീം! നാം നിന്റെ വേര്‍പാടിന്റെ മേല്‍ ദുഃഖിതനാണ് (ബുഖാരി/1303).

മറ്റൊരു റിപ്പോര്‍ട്ടില്‍ പറയുന്നു. നബി(സ്വ) കുട്ടിയെ തന്റെ മടിയില്‍ ഇരുത്തി. തിരു നബിയുടെ കണ്ണില്‍ നിന്നും കണ്ണുനീര്‍ ഒഴുകുന്നുണ്ടായിരുന്നു. അവിടുന്ന് പറഞ്ഞു: കുഞ്ഞു മോനേ, അല്ലാഹുവിന്റെ അലംഘനീയമായ വിധി തടുക്കാന്‍ എനിക്കാവില്ലല്ലോ. ഇതുകണ്ട് അബ്ദുറഹ്മാനുബ്നു ഔഫ്(റ) ചോദിച്ചു: അങ്ങ് കരയുകയോ..! കരയുന്നത് അല്ലാഹു വിലക്കിയിട്ടില്ലേ.?. നബി(സ്വ) പറഞ്ഞു: വിരോധിക്കപ്പെട്ടത് വിലാപമാണ്. അഥവാ ദുഷ്ടരുടെയും വിഡ്ഢികളുടെയും രണ്ട് ശബ്ദങ്ങളെ തൊട്ട്. ഒന്ന് പിശാചിന്റെ വീണ, കളി വിനോദങ്ങളോട് കൂടിയ രാഗത്തിന്റെ സമയത്തുള്ള ശബ്ദം. മറ്റൊന്ന് മാറുകീറുകയും മുഖത്തടിക്കുകയും ചെയ്ത് കൊണ്ട് വിപത്തിന്റെ സമയത്തുള്ള ശബ്ദം. നിശ്ചയം കരുണ കാണിക്കാത്തവന് അല്ലാഹുവിന്റെ ഭാഗത്തു നിന്ന് കരുണ ലഭിക്കുകയില്ല. (മുസ്നദു ബസ്സാര്‍)

മ്യൂസികും സംഗീതവും തെറ്റാണെന്നതിന് വ്യക്തമായ തെളിവാണീ ഹദീസ്. മറ്റു ധാരാളം ഹദീസുകളും ഇത് വ്യക്തമാക്കുന്നുണ്ട്. ഇമാം ബുഖാരി (റ) റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസില്‍ കാണാം ; മദ്യവും പട്ട് വസ്ത്രവും വാദ്യോപകരണങ്ങളും അനുവദനിയമാക്കുന്ന ഒരു കാലഘട്ടം എന്റെ സമുദായത്തിന്റെ മേല്‍ വരും. സ്വഹാബി വര്യന്‍ ഇബ്നു മസ്ഊദ് (റ) പറയുന്നത് കാണാം; വെള്ളം സസ്യങ്ങളെ മുളപ്പിക്കുന്നത് പോലെ സംഗീതം ഹൃദയത്തില്‍ കാപട്യം മുളപ്പിക്കും. പക്ഷേ സ്ത്രീ വര്‍ണനകളും അÇീലങ്ങളുമടങ്ങിയ തിന്മയിലേക്ക് നയിക്കുന്ന സംഗീതത്തിനെ കുറിച്ചാണീ പറഞ്ഞത്. അല്ലാഹുവിനെയോ പ്രവാചകരെയോ പുണ്യാത്മാക്കളെയോ വര്‍ണിക്കുന്നതും അവരോടുള്ള സ്നേഹം വളര്‍ത്തുന്നതുമായ ഗാനങ്ങള്‍ ഇതില്‍ പെടുകയില്ല. മറിച്ച് അവ സല്‍കര്‍മമായി മാറുമെന്ന് ഇമാം ഗസ്സാലിയും മറ്റും പറഞ്ഞിട്ടുണ്ട്.

അനസ്(റ) പറയുന്നു: നബി(സ്വ)യുടെ ഒരു പുത്രി(റുഖയ്യ ബീവി)യുടെ മയ്യിത്ത് മറമാടല്‍ കര്‍മത്തിന് ഞങ്ങള്‍ പങ്കെടുത്തു. തിരുനബി(സ്വ) ഖബറിന്നരികില്‍ ഇരിക്കുകയായിരുന്നു. ആ സമയത്ത് അവിടുത്തെ നയനങ്ങള്‍ ഒഴുകുന്നതായിട്ട് ഞാന്‍ ദര്‍ശിച്ചു. പിന്നീട് നബി(സ്വ) ചോദിച്ചു: നിങ്ങളുടെ കൂട്ടത്തില്‍ ഇന്നലെ രാത്രി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാത്ത ആരെങ്കിലും ഉണ്ടോ? അബൂ ത്വല്‍ഹ (റ) പ്രതികരിച്ചു: അതേ ഞാനുണ്ട്, എങ്കില്‍ ഖബറില്‍ ഇറങ്ങുക. അദ്ദേഹം ഖബറില്‍ ഇറങ്ങി. മഹതിയെ അടക്കം ചെയ്തു.

ഖബര്‍ സന്ദര്‍ശന സമയത്ത്

പരലോക സ്മരണക്കായും ഖബറാളികള്‍ക്ക് പ്രാര്‍ത്ഥിക്കാനും അവര്‍ക്ക് പൊറുക്കലിനെ തേടുന്നതിനുമെല്ലാം നബി(സ്വ) ഖബര്‍ സന്ദര്‍ശനം നടത്താറുണ്ടായിരുന്നു. വിവിധ സ്ഥലങ്ങളില്‍ ഖബര്‍ സന്ദര്‍ശന വേളയില്‍ അവിടുന്ന് കരഞ്ഞതായി കാണാം. ഒരു സംഭവം ഇങ്ങനെ: ബറാഉബ്നു ആസിബി(റ)ല്‍ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: ഞങ്ങള്‍ നബി(സ്വ)യുടെ കൂടെ നടക്കുമ്പോള്‍ ഒരു സംഘം ആളുകളെ കണ്ടു. റസൂല്‍(സ്വ) ചോദിച്ചു: എന്തിനാണവര്‍ ഒരുമിച്ച് കൂടിയിരിക്കുന്നത്. അവര്‍ ഖബര്‍ കുഴിച്ച് കൊണ്ടിരിക്കുകയാണെന്ന് മറുപടി ലഭിച്ചു. സ്വഹാബത്തിന്റെ ഇടയില്‍ നിന്ന് അതിവേഗം നടന്നു ആ ഖബറിന്റെ അരികില്‍ ചെന്നു. ബറാഅ്(റ) തുടരുന്നു: നബി(സ്വ) എന്താണ് ചെയ്യുന്നത് എന്ന് ഞാന്‍ ശ്രദ്ധിച്ചു. അവിടുന്ന് കരയുകയായിരുന്നു. കരഞ്ഞു കരഞ്ഞ് മണ്ണ് നനഞ്ഞു. പിന്നീട് ഞങ്ങളിലേക്ക് തിരിഞ്ഞു കൊണ്ട് പറഞ്ഞു. എന്റെ സഹോദരങ്ങളേ ഇത്തരത്തിലുള്ള ദിവസങ്ങള്‍ക്ക് വേണ്ടി നിങ്ങള്‍ തയ്യാറെടുക്കുക (ഇബ്നു മാജ/4195).

മരണത്തിന്റെ പേരില്‍

സാലിമുബ്നുന്നള്റ്(റ) ഉദ്ധരിക്കുന്നു: മരണപ്പെട്ട ഉസ്മാനുബ്നു മള്ഊന്‍(റ)ന്റെ അരികിലേക്ക് നബി(സ്വ) കടന്നുചെന്നു. മയ്യിത്തിനു ചുംബനമര്‍പ്പിച്ചു കൊണ്ട് ദീര്‍ഘനേരം നിന്നു. പിന്നെ മാറി നിന്നപ്പോള്‍ അവിടുന്നു കരയുന്നുണ്ടായിരുന്നു. തിരുനബി(സ്വ) കരച്ചില്‍ കണ്ട് വീട്ടുകാരും കരയാന്‍ തുടങ്ങി. അപ്പോള്‍ അവിടുന്ന് പറഞ്ഞു: അബുസ്സാഇബ് (ഉസ്മാനു ബ്നു മള്ഊന്‍റ ന്റെ ഓമനപ്പേര്) നിനക്കല്ലാഹു കരുണ ചെയ്യട്ടെ, സാഇബ് ബദ്റില്‍ പങ്കെടുത്ത വ്യക്തിയായിരുന്നു (ത്വബ്റാനി).

അബ്ദുല്ലാഹിബ്നു ഉമര്‍(റ)ല്‍ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: സഅ്ദുബ്നു ഉബാദ(റ)ന്റെ രോഗസന്ദര്‍ശനത്തിനായി നബി (സ്വ) ചെന്നു. അബ്ദുറഹ്മാനുബ്നു ഔഫ്, സഅ്ദുബ്നു അബീവഖാസ്, ഇബ്നു ഉമര്‍(റ) തുടങ്ങിയവര്‍ കൂടെയുണ്ട്. പ്രവാചകര്‍(സ്വ) ചോദിച്ചു: മരണം സംഭവിച്ചുവോ? അവര്‍ പറഞ്ഞു: “ഇല്ല നബിയേ.’ നബി(സ്വ)യുടെ നയനങ്ങള്‍ ഒഴുകി. അതു കണ്ട് മറ്റുള്ളവരും കരഞ്ഞു. അപ്പോള്‍ അവിടുന്ന് പറഞ്ഞു: കണ്ണു നീരു കൊണ്ടോ മാനസിക വ്യസനം കാരണമായുള്ള കരച്ചില്‍മൂലമോ അല്ലാഹു ശിക്ഷിക്കുകയില്ല, എങ്കിലും ഇത് കൊണ്ട് (നാവിലേക്ക് ചൂണ്ടി) വിലപിച്ചാല്‍ അല്ലാഹു ശിക്ഷിക്കുകയും ചെയ്യും (ബുഖാരി/1304).

മുഅ്തത്ത് യുദ്ധത്തില്‍ സൈന്യാധിപന്മാരായ മൂന്ന് പേരും മരണപ്പെട്ട സമയത്ത് തിരുനബി(സ്വ) കരഞ്ഞിട്ടുണ്ട്. അവിടുന്ന് പറഞ്ഞു: സൈദുബ്നു സാബിത്ത് പതാകയേന്തി, അദ്ദേഹം മരണപ്പെട്ടു. പിന്നീട് ജഅ്ഫറുബ്നു അബീ ത്വാലിബ് പതാകയേന്തി, ഒടുക്കം അദ്ദേഹവും മരണത്തിന് കീഴടങ്ങി. അപ്പോള്‍ നബി(സ്വ) ഇരു നയനങ്ങളില്‍ നിന്ന് അശ്രുകണങ്ങള്‍ ഒഴുകുന്നുണ്ടായിരുന്നു. പിന്നീട് ഖാലിദു ബ്നുവലീദ്(റ) പതാക ഏറ്റെടുത്തു. യുദ്ധത്തില്‍ വിജയം വരിക്കുകയും ചെയ്തു (ബുഖാരി/4262).

അലി(റ) പറയുന്നു: ഞങ്ങള്‍ പള്ളിയില്‍ ഇരിക്കുകയായിരുന്നു. അപ്പോള്‍ മുസ്അബുബ്നു ഉമൈര്‍(റ) അങ്ങോട്ടുവന്നു. അദ്ദേഹം വരയുള്ള ഒരു പുതപ്പാണ് ധരിച്ചിട്ടുള്ളത്. അദ്ദേഹത്തെ കണ്ടപ്പോള്‍ നബി(സ്വ) കരഞ്ഞു. മുസ്അബിനു(റ)മുമ്പുണ്ടായിരുന്ന സാമ്പത്തികാവസ്ഥയും ഇസ്‌ലാമില്‍ വന്നതിന് ശേഷമുള്ള ദരിദ്രാവസ്ഥയും ഓര്‍ത്തു കൊണ്ടായിരുന്നു നബി(സ്വ) കരഞ്ഞത്. പിന്നീട്, ഭാവിയില്‍ ഈ ഉമ്മത്തിനുണ്ടാകുന്ന സാമ്പത്തിക അഭിവൃദ്ധി മുന്നില്‍ കണ്ടുകൊണ്ട് റസൂല്‍(സ്വ) പറഞ്ഞു: സ്വഹാബികളേ, നിങ്ങള്‍ ഒരു ജോടി വസ്ത്രം ധരിച്ച് വൈകുന്നേരം തിരിച്ച് വരികയും, ഒരു ഭക്ഷണ തളിക ഉയര്‍ത്തപ്പെടുകയും മറ്റൊന്ന് വെക്കപ്പെടുകയും, കഅ്ബാ മന്ദിരം അലങ്കരിക്കുന്നത് പോലെ സ്വന്തം വീടുകള്‍ അലങ്കരിക്കപ്പെടുകയും ചെയ്താല്‍ നിങ്ങളുടെ അവസ്ഥ എന്തായിരിക്കും? സ്വഹാബത്ത് പറഞ്ഞു: തിരു ദൂതരേ, ഞങ്ങളിന്നുള്ളതിനേക്കാള്‍ ഉഷാറായിരിക്കും. ഞങ്ങള്‍ ഇബാദത്തിനായി ഒഴിഞ്ഞിരിക്കും. നബി(സ്വ) പറഞ്ഞു: ഇല്ല, നിങ്ങളിന്നുള്ളതിനേക്കാള്‍ അന്ന് ഉത്തമന്മാരാകുകയില്ല (തുര്‍മുദി/2476).

നിസ്കാരത്തിലെ കരച്ചില്‍

വളരെ ഭയഭക്തിയോടും താഴ്മയോടും കൂടിയായിരുന്നു നബി(സ്വ) നിസ്കാരത്തിനു നില്‍ക്കാറുള്ളത്. നിസ്കാരത്തിലെ പ്രവാചകരുടെ അവസ്ഥ ഹദീസില്‍ വിശദീകരിക്കുന്നതു കാണാം. അബ്ദുല്ലാഹിബിനു അശ്ശഖീര്‍(റ) പറയുന്നു: ഞാന്‍ നബി (സ്വ)യുടെ അടുത്ത് ചെന്നു. അവിടുന്ന് നിസ്കരിച്ച് കൊണ്ടിരിക്കുകയായിരുന്നു. നബി(സ)യുടെ അകതാരില്‍ നിന്ന് തിളച്ച് മറിയുന്ന കറിച്ചട്ടിയുടെ ശബ്ദം പോലെ കരച്ചിലിന്റെ തേങ്ങല്‍ ഞാന്‍ കേട്ടു.

കരയുന്നവര്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന

നബി(സ്വ) വളരെ ലോല ഹൃദയത്തിന്റെ ഉടമയായിരുന്നു. ഖുര്‍ആന്‍ സൂക്തം ശ്രവിച്ച് അവിടുന്ന് കരഞ്ഞിട്ടുണ്ട്. അല്ലാഹുവിനെ ഭയപ്പെട്ട് കരയുന്നവരെ കണ്ടും അവിടുന്ന് വിതുമ്പിയിരുന്നു. അബൂ ഹുറൈറ(റ)ല്‍ നിന്ന് നിവേദനം: ഈ വര്‍ത്തമാനം കേട്ട് നിങ്ങള്‍ അത്ഭുതപ്പെടുന്നോ? നിങ്ങള്‍ ചിരിക്കുകയാണോ? നിങ്ങളെന്തേ കരയാത്തത്? എന്ന് സാരമുള്ള നജ്മ് സൂറത്തിലെ 59,60 സൂക്തങ്ങള്‍ അവതരിച്ചപ്പോള്‍ സുഫ്ഫത്തിന്റെ അഹ്ലുകാരായ സ്വഹാബത്ത് കരയാന്‍ തുടങ്ങി. അവരുടെ കവിളുകളിലൂടെ കണ്ണുനീര്‍ ചാലിട്ടൊഴുകി. സ്വഹാബത്തിന്റെ കരച്ചില്‍ കേട്ടപ്പോള്‍ നബി(സ്വ)യും അവരോട് കൂടെ കരഞ്ഞു. അത് കണ്ട് മറ്റുള്ളവരും കരഞ്ഞു. തുടര്‍ന്ന് നബി(സ്വ) പറഞ്ഞു: അല്ലാഹുവിനെ ഭയപ്പെട്ട് കരഞ്ഞവര്‍ നരകത്തില്‍ പ്രവേശിക്കുകയില്ല. സ്ഥിരമായി തെറ്റു ചെയ്യുന്നവന്‍ സ്വര്‍ഗത്തിലും പ്രവേശിക്കുകയില്ല (അബൂ ദാവൂദ്/904).

അബ്ദുല്‍ഖാദിര്‍ ദാരിമി കല്‍ത്തറ

Exit mobile version