പ്രവാചക വര്‍ണനയുടെ വ്യത്യസ്ത ചിത്രങ്ങള്‍

വിശുദ്ധ ഖുര്‍ആന്‍ പ്രവാചക പ്രമുഖരില്‍ പരിചയപ്പെടുത്തിയ ദാവൂദ് നബി(അ)നെ കുറിച്ചും ഏറെ വൃത്തികെട്ട ആരോപണങ്ങളാണ് ബൈബിള്‍ ഉന്നയിച്ചിട്ടുള്ളത്. ഊരിയാവിന്റെ സുന്ദരിയായ ഭാര്യ ബത്ശേബ കുളിക്കുന്നത് കണ്ട് ആകൃഷ്ടനായ ദാവീദ് അവളെ ആളയച്ചുവരുത്തി ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയും അതുവഴി അവള്‍ ഗര്‍ഭിണിയാവുകയും ചെയ്തുവത്രെ. ബത്ശേബയെ സ്വന്തമാക്കാന്‍ വേണ്ടി ദാവീദ് ഊരിയാവിനെ ചതിപ്രയോഗത്തിലൂടെ കൊന്നുകളയുകയും ചെയ്തു (2 ശാമുവേല്‍ 11 അധ്യായം കാണുക).

ഇത് ഒരു ശരാശരി മനുഷ്യനു ഉള്‍ക്കൊള്ളാനാവാത്ത മഹാപാതകമാണ്. ദാവീദിനെപ്പോലുള്ള ഒരു വിശുദ്ധനില്‍ നിന്ന് ഇത്തരം മ്ലേച്ഛതകള്‍ സംഭവിക്കുന്നതോ? ഇവിടെയും ഖുര്‍ആന്‍ വ്യത്യസ്തമാവുന്നു. അതു പരിചയപ്പെടുത്തുന്ന ദാവൂദ്(അ) അതിവിശുദ്ധനാണ്; പ്രവാചകന്‍മാരില്‍ പ്രമുഖനാണ്; സബൂര്‍ വേദ ഗ്രന്ഥം നല്‍കി പടച്ചവന്‍ ആദരിച്ച മഹാത്മാവാണ് (ഖുര്‍ആന്‍ 38/1720, 34/10,11).

ദാവീദ് പ്രവാചകനായിരുന്നില്ല; കേവലം ഒരു രാജാവ് മാത്രമായിരുന്നുവെന്ന് ക്രൈസ്തവ മറുപടി കാണാറുണ്ട്. അങ്ങനെയൊരാളില്‍ നിന്ന് ഉപരിസൂചിത അധമത്തം സംഭവിക്കാമല്ലോ എന്നു വിശദീകരണവും. അത് മറ്റൊരു ചര്‍ച്ചയാണ്. ഇവിടെ വിലയിരുത്തുന്നത് ബൈബിള്‍ പുസ്തകങ്ങളില്‍ നിന്നു പകര്‍ത്തിയെടുത്തതാണ് വിശുദ്ധ വേദഗ്രന്ഥമെന്ന ക്രൈസ്തവ ആരോപണത്തെയാണല്ലോ. ഈ ആരോപണം വസ്തുതയെക്കുറിച്ച് യാതൊന്നുമറിയാത്ത ഇസ്‌ലാം വിരുദ്ധരുടെ ഭാവനാവിലാസം മാത്രമാണെന്നതിന് വ്യക്തമായ പ്രമാണമാണ് ദാവീദിനെക്കുറിച്ചുള്ള ബൈബിളിലെ അധമ വിശദീകരണങ്ങള്‍. പകര്‍പ്പെടുക്കുമ്പോള്‍ ബൈബിളിലെ ദാവീദ് തന്നെ ഖുര്‍ആനിലും വന്നു ചേരുമായിരുന്നു. എന്നാല്‍, മുമ്പ് സൂചിപ്പിച്ചുപോലെ തികച്ചും വ്യത്യസ്തരായ രണ്ടാളുകളാണ് ഇരു ഗ്രന്ഥങ്ങളും പരിചയപ്പെടുത്തുന്നത്. ക്രൈസ്തവരുടെ മേല്‍പറഞ്ഞ മറുപടി പോലും ഈ വാദത്തെ സാധൂകരിക്കുകയാണ് ചെയ്യുന്നത്. ബൈബിളില്‍ ദാവീദ് ഒരു രാജാവു മാത്രം. ഖുര്‍ആനിലോ ഉന്നതനായ പ്രവാചകന്‍! പകര്‍പ്പിനിടെ ഈ മൗലിക വ്യത്യാസം എങ്ങനെ സംഭവിച്ചു?

അല്ലാഹു പഠിപ്പിച്ച ദാവൂദ്(അ)നെ ഖുര്‍ആനില്‍ കാണാനാവുമ്പോള്‍ ബൈബിളെഴുത്തുകാര്‍ ആരോപിച്ച അപരാധങ്ങളാല്‍ അധിക്ഷേപിതനായ ദാവീദിനെ പഴയ നിയമത്തില്‍ വായിക്കാനാവുന്നു. ഇത് മനസ്സിലാക്കാന്‍ ത്യാഗപൂര്‍ണമായൊരു ഗവേഷണത്തിന്റെ ആവശ്യമൊന്നുമില്ല.

സുലൈമാന്‍ (അ)

ദാവീദിന്റെ പുത്രനായ സോളമന്‍ (സുലൈമാന്‍ നബിഅ) നെ സ്ത്രീ ലമ്പടനും വിഗ്രഹാരാധകനുമായാണ് ബൈബിള്‍ പരിചയപ്പെടുത്തുന്നത്:

“ശലമോന്‍ രാജാവ് ഫറവോന്റെ മകളെ കൂടാതെ മോവാസ്യര്‍, അമ്മോഹ്യര്‍, എദോമ്യര്‍, സിദോന്യര്‍, ഹിത്യര്‍ എന്നീ അന്യജാതികളില്‍ നിന്ന് അനേകം സ്ത്രീകളെ സ്നേഹിച്ചു. നിങ്ങള്‍ അവരുമായോ അവര്‍ നിങ്ങളുമായോ കൂടിക്കലരരുത്. അവര്‍ നിങ്ങളുടെ ഹൃദയങ്ങളെ തങ്ങളുടെ ദേവന്മാരിലേക്ക് വശീകരിച്ചു കളയും എന്ന് യഹോവ യിസ്രയേല്‍ മക്കളോട് അരുളി ചെയ്ത ഇതര ജനതകളില്‍ നിന്നുള്ളവരോടായിരുന്നു ശലമോന്‍ സ്നേഹത്താല്‍ പറ്റിച്ചേര്‍ന്നിരുന്നത്. അവന് 700 രാജ്ഞിമാരും 300 വെപ്പാട്ടികളും ഉണ്ടായിരുന്നു. അവന്റെ ഭാര്യമാര്‍ അവന്റെ ഹൃദയത്തെ വശീകരിച്ചുകളഞ്ഞു. ശലമോന്‍ വയോധികനായപ്പോള്‍ ഭാര്യമാര്‍ അവന്റെ ഹൃദയത്തെ അന്യദേവന്മാരിലേക്ക് വശീകരിച്ചു. അവന്റെ ഹൃദയം അവന്റെ പിതാവായ ദാവീദിന്റെ ഹൃദയം പോലെ തന്റെ ദൈവമായ യഹോവയില്‍ ഏകാഗ്രമായിരുന്നില്ല. ശലമോന്‍ സീദോന്യ ദേവിയായ അസ്തോരത്തിനെയും അമ്മോന്യരുടെ മ്ലേഛവിഗ്രഹമായ വില്‍ക്കോവിനെയും ആരാധിച്ചു. തന്റെ പിതാവായ ദാവീദിനെ പോലെ യഹോവയെ പൂര്‍ണമായി അനുസരിക്കാതെ ശലമോന്‍ യഹോവയുടെ ദൃഷ്ടിയില്‍ തിന്മയായതു പ്രവര്‍ത്തിച്ചു. അന്നു ശലമോന്‍ യെരുശലേമിനു എതിരെയുള്ള മലയില്‍ മോവാബ്യരുടെ മ്ലേഛവിഗ്രഹമായ കെമോശിനും അമ്മോന്യരുടെ മ്ലേഛവിഗ്രഹമായ മോലേക്കിനും ഓരോ പൂജാഗിരി പണിതു. തങ്ങളുടെ ദേവന്മാര്‍ക്കു ധൂപം കാട്ടുകയും ബലി അര്‍പ്പിക്കുകയും ചെയ്തിരുന്ന അന്യ ജാതിക്കാരികളായ സകല ഭാര്യമാര്‍ക്കും വേണ്ടി അവന്‍ അങ്ങനെ ചെയ്തു. യഹോവ ശലോമോനോടു കോപിച്ചു; എന്തെന്നാല്‍ അവനു രണ്ടു പ്രാവശ്യം പ്രത്യക്ഷനായ യിസ്രായേലിന്റെ ദൈവമായ യഹോവയില്‍ നിന്ന് അവന്‍ തന്റെ ഹൃദയം തിരിച്ചു. അന്യ ദേവന്മാരെ ആരാധിക്കരുതെന്ന കാര്യത്തെക്കുറിച്ച് അവനോടു കല്‍പിച്ചിരുന്നിട്ടും യഹോവ കല്‍പിച്ചത് അവന്‍ അനുസരിച്ചില്ല. യഹോവ ശലമോനോട് അരുളി ചെയ്തത്: എന്റെ ഉടമ്പടിയും ഞാന്‍ നിന്നോട് കല്‍പിച്ച കല്‍പനകളും നീ അനുസരിക്കാതിരുന്നതു കൊണ്ട് ഞാന്‍ രാജത്വം നിന്നില്‍ നിന്ന് നിശ്ചയമായും പറിച്ചുനീക്കി നിന്റെ ദാസനു കൊടുക്കും” (1 രാജാക്കന്മാര്‍ 11/111).

ഏക സത്യദൈവത്തിലേക്ക് ജനങ്ങളെ ക്ഷണിക്കാന്‍ വേണ്ടി സ്രഷ്ടാവായ ദൈവം നിയോഗിച്ച ഉല്‍കൃഷ്ട പ്രവാചകന്മാരില്‍ പ്രമുഖനായ സോളമന്‍ (ശലമോന്‍) തന്റെ കാമം പൂര്‍ത്തീകരിക്കുന്നതിനു വേണ്ടി ദൈവം നിഷിദ്ധമാക്കിയ അന്യജാതികളിലെ ധാരാളം സ്ത്രീകളെ വിവാഹം ചെയ്യുകയും അവരെ തൃപ്തിപ്പെടുത്താന്‍ വേണ്ടി അന്യ ദേവതകളുടെ വിഗ്രഹങ്ങളുണ്ടാക്കുകയും അവയെ പൂജിക്കുകയും ചെയ്ത് മതപരിത്യാഗിയാവുന്ന രീതിയാണ് ബൈബിള്‍ രചയിതാക്കള്‍ എഴുതിപ്പിടിച്ചിരിക്കുന്നത്. അന്യ ദേവതകളുടെയും ദേവന്മാരുടെയും വിഗ്രഹങ്ങള്‍ നിര്‍മിക്കുന്നതിനെയും അവയ്ക്ക് പൂജ അര്‍പ്പിക്കുന്നതിനെയും ബൈബിള്‍ കര്‍ശനമായി വിലക്കുന്നതായും നമുക്ക് കാണാവുന്നത്:

“ഞാന്‍ അല്ലാതെ അന്യ ദൈവങ്ങള്‍ നിനക്ക് ഉണ്ടാകരുത്. യാതൊരു വിഗ്രഹവും ഉണ്ടാക്കരുത്. മീതെ സ്വര്‍ഗത്തിലോ താഴെ ഭൂമിയിലോ ഭൂമിക്കു കീഴെ വെള്ളത്തിലോ ഉള്ള യാതൊന്നിന്റെയും പ്രതിമ അരുത്. അവയെ നമസ്കരിക്കുകയോ ആരാധിക്കുകയോ ചെയ്യരുത്. നിന്റെ ദൈവമായ യഹോവയായ ഞാന്‍ തീക്ഷ്ണതയുള്ള ദൈവം ആകുന്നു” (പുറപ്പാട് 20/35).

ബൈബിള്‍ രചയിതാക്കള്‍ കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ സുലൈമാന്‍ നബി(അ)ന്റെ പേരില്‍ ആരോപിച്ചുണ്ടാക്കിയ കെട്ടുകഥക്ക് മറുപടി പറയുകയാണ് ഖുര്‍ആന്‍ ചെയ്യുന്നത്. അന്യജാതിയില്‍ പെട്ട സ്ത്രീകളെ തൃപ്തിപ്പെടുത്താന്‍ വേണ്ടി അവരുടെ ദേവതകളുടെ വിഗ്രഹങ്ങള്‍ ഉണ്ടാക്കുന്നതിന് പകരം അന്യജാതിയില്‍ പെട്ട സ്ത്രീയെ (സാബായിലെ രാജ്ഞി ബില്‍ഖീസ്) യുക്തിപൂര്‍വം ഏക സത്യദൈവത്തിലേക്ക് ക്ഷണിച്ച് മുസ്ലിമാക്കുകയാണ് സുലൈമാന്‍ നബി(അ) ചെയ്തത് (ഖുര്‍ആന്‍ 27/1644). ഈ രണ്ടു വിവരണങ്ങള്‍ തമ്മില്‍ ഓടിയെത്താനാവാത്ത ദൂരമുണ്ട്. കോപ്പിയെടുക്കുമ്പോള്‍ തീര്‍ത്തും വിരുദ്ധമാകുന്നതിന്റെ രസതന്ത്രം എന്താണാവോ?

ഹാറൂന്‍(അ)

മൂസാ നബി(അ) ദൈവത്തില്‍ നിന്നും തോറ സ്വീകരിക്കാന്‍ വേണ്ടി സീനായ് പര്‍വതത്തിലേക്ക് പോയപ്പോള്‍ തന്റെ കൂട്ടാളിയും പ്രവാചകനുമായ അഹരോണ്‍ ഇസ്രായേല്യര്‍ക്ക് ആരാധന നടത്താന്‍ വേണ്ടി ഒരു പൊന്‍ കാളക്കുട്ടിയുടെ വിഗ്രഹമുണ്ടാക്കി കൊടുത്തു എന്നു ബൈബിള്‍ പറയുന്നു:

എന്നാല്‍ മോശെ പര്‍വതത്തില്‍ നിന്ന് ഇറങ്ങിവരുവാന്‍ താമസിക്കുന്നുവെന്ന് ജനം കണ്ടപ്പോള്‍ ജനം അഹരോന്റെ അടുക്കല്‍ വന്നുകൂടി അവനോട്: നീ എഴുന്നേറ്റ്, ഞങ്ങളുടെ മുമ്പേ പോകേണ്ടതിന് ഒരു ദൈവത്തെ ഉണ്ടാക്കിത്തരുക; ഞങ്ങളെ മിസ്രയീം ദേശത്തു നിന്നു വിടുവിച്ചു കൊണ്ടുവന്ന മോശെ എന്ന മനുഷ്യന് എന്തു സംഭവിച്ചുവെന്ന് ഞങ്ങള്‍ അറിയുന്നില്ലല്ലോ എന്നു പറഞ്ഞു. അഹരോന്‍ അവരോട്: നിങ്ങളുടെ ഭാര്യമാരുടെയും പുത്രന്മാരുടെയും പുത്രിമാരുടെയും കാതിലെ പൊന്‍കുണുക്കുകള്‍ പറിച്ചെടുത്ത് എന്റെ അടുക്കല്‍ കൊണ്ടുവരുവിന്‍ എന്നു പറഞ്ഞു. ജനമൊക്കെയും തങ്ങളുടെ കാതില്‍ നിന്നു പൊന്‍കുണുക്ക് പറിച്ചെടുത്ത് അഹരോന്റെ അടുക്കല്‍ കൊണ്ടുവന്നു. അവന്‍ അത് അവരുടെ കൈയില്‍ നിന്നു വാങ്ങി, ഒരു കാളക്കുട്ടിയെ വാര്‍ത്തുണ്ടാക്കി ഒരു കൊത്തുളി കൊണ്ട് അതിനെ മിനുസപ്പെടുത്തി. അപ്പോള്‍ അവര്‍: യിസ്രായേലേ, ഇതു നിന്നെ മിസ്രയീം ദേശത്തുനിന്നു കൊണ്ടുവന്ന നിന്റെ ദൈവം ആകുന്നു എന്നു പറഞ്ഞു. അഹരോന്‍ ഇതു കണ്ടപ്പോള്‍ ആ കാളക്കുട്ടിയുടെ മുമ്പില്‍ ഒരു യാഗപീഠം പണിത് “നാളെ യോഹവയ്ക്ക് ഒരു ഉത്സവം ആയിരിക്കും”എന്നു വിളിച്ചുപറഞ്ഞു. പിറ്റെന്നാള്‍ അതിരാവിലെ അവര്‍ എഴുന്നേറ്റ് ഹോമയാഗങ്ങളും സമാധാന യാഗങ്ങളും അര്‍പ്പിച്ചു; ജനം ഭക്ഷിക്കുവാനും കുടിക്കുവാനും ഇരുന്നു; കളിക്കുവാന്‍ എഴുന്നേറ്റു (പുറപ്പാട് 32/16).

എന്നാല്‍ പരിശുദ്ധ ഖുര്‍ആന്‍ പ്രവാചകന്മാരുടെ വിശുദ്ധി കാത്തുസൂക്ഷിച്ചു കൊണ്ട് ഈ ബൈബിള്‍ കഥയെ തിരുത്തുകയാണ് ചെയ്തത്. ഇസ്രയേല്യരില്‍ പെട്ട “സാമിരി”യാണ് കാളക്കുട്ടിയുടെ വിഗ്രഹമുണ്ടാക്കി ജനതയെ വഴിപിഴപ്പിച്ചതെന്ന് അത് വ്യക്തമാക്കി. അതിനെതിരെ നിലകൊള്ളുകയാണ് ഹാറൂന്‍(അ) ചെയ്തത്.

അല്ലാഹു പറയുന്നു: മുന്പു തന്നെ ഹാറൂന്‍(അ) അവരോട് പറഞ്ഞിട്ടുണ്ടായിരുന്നു. എന്റെ ജനങ്ങളേ, ഇത് (കാളക്കുട്ടി) മൂലം നിങ്ങള്‍ പരീക്ഷിക്കപ്പെടുക മാത്രമാണുണ്ടായത്. നിശ്ചയമായും നിങ്ങളുടെ രക്ഷിതാവ് കാരുണ്യവാനത്രെ. അതുകൊണ്ട് നിങ്ങളെന്നെ പിന്തുടരുകയും എന്റെ കല്‍പന അനുസരിക്കുകയും ചെയ്യുക. അവര്‍ പറഞ്ഞു: മൂസാ ഞങ്ങളുടെ അടുത്തേക്ക് മടങ്ങിവരുവോളം ഞങ്ങള്‍ ഇതിനുള്ള (പശുവിഗ്രഹം) ആരാധനയില്‍ മുഴുകിക്കൊണ്ടിരിക്കുന്നതാണ് (20/8598).

ഇവിടെയും രണ്ടു സമീപനങ്ങളാണ് ഇരു ഗ്രന്ഥങ്ങളിലും കാണാനാവുന്നത്. പകര്‍പ്പ് വാദത്തിന് ഇനി വല്ല പ്രസക്തിയുമുണ്ടോ?

ബൈബിള്‍ഖുര്‍ആന്‍/6 ജുനൈദ് ഖലീല്‍ സഖാഫി

Exit mobile version