പ്രവാചക വിവാഹങ്ങളിലെ ക്രൈസ്തവാരോപണങ്ങൾ

ആധുനിക ജൂത ക്രൈസ്തവർ നബി(സ്വ)യുടെ വ്യക്തിത്വത്തെ വിമർശിക്കുമ്പോൾ ആയുധമാക്കാറുള്ള വിഷയമാണ് പ്രവാചകരുടെ വിവാഹങ്ങൾ. സാധാരണ ഒരു മുസ്‌ലിമിന് ഒരേ സമയം നാല് ഭാര്യമാരെ മാത്രമേ സ്വീകരിക്കാവൂ എന്ന നിയമം നിലനിൽക്കുകയും അതേസമയം മുഹമ്മദ് നബി(സ്വ) നാലിലധികം ഭാര്യമാരെ സ്വീകരിക്കുകയും ചെയ്തത് മഹാ അപരാധമാണെന്നാണ് വിമർശകരുടെ വാദം. ഇസ്‌ലാമിലെ വൈവാഹിക നിയമങ്ങളെക്കുറിച്ചും നബി(സ്വ)യുടെ വിവാഹങ്ങളെക്കുറിച്ചും വസ്തുനിഷ്ഠമായി പഠിക്കുന്ന ഏതൊരാൾക്കും ഈ വിമർശനം തീർത്തും ബാലിശമാണെന്നു മനസ്സിലാക്കാനാവും.

ഇസ്‌ലാമിനു മുമ്പ് യഥേഷ്ടം പെണ്ണ് കെട്ടുകയും തോന്നിയതുപോലെ പിരിച്ചയക്കുകയും ഭാര്യമാർക്കിടയിൽ നീതി പുലർത്താതിരിക്കുകയും ചെയ്തിരുന്ന സമ്പ്രദായം ഇസ്‌ലാം നിയന്ത്രിക്കുകയാണ് ചെയ്തത്. പരമാവധി നാലു മാത്രമെന്ന നിയമം ഇതിന്റെ ഭാഗമായുണ്ടായതാണ്.

ഖുർആൻ പറയുന്നു: ‘അനാഥകളുടെ കാര്യത്തിൽ നീതി പാലിക്കാനാവില്ലെന്നു നിങ്ങൾ ഭയപ്പെടുകയാണെങ്കിൽ മറ്റു സ്ത്രീകളിൽ നിന്ന് നിങ്ങളിഷ്ടപ്പെടുന്ന രണ്ടോ മൂന്നോ നാലോ പേരെ വിവാഹം ചെയ്യുക. എന്നാൽ അവർക്കിടയിൽ നീതി പുലർത്താനാവില്ലെന്ന് പേടിയുണ്ടെങ്കിൽ ഒരുവളെ മാത്രം വിവാഹം കഴിക്കുക’ (സൂറ: അന്നിസാഅ്: 3) ഈ വചനം അവതരിക്കുന്ന സമയത്ത് പ്രവാചകർ(സ്വ)യടക്കം പലർക്കും നാലിലധികം ഭാര്യമാരുണ്ടായിരുന്നു. ഇങ്ങനെയുള്ളവർ നാലു പേരെ

നിലനിർത്തി ബാക്കിയുള്ളവരെ വിവാഹമോചനം നടത്തി. എന്നാൽ, നബി(സ്വ) അപ്രകാരം നാലു പേരെ ഭാര്യയായി നിലനിർത്തുകയും ബാക്കിയുള്ളവരെ വിവാഹമോചനം നടത്തുകയും ചെയ്താൽ ഒഴിവാക്കപ്പെടുന്നവർക്ക് മറ്റൊരാളുമായി വൈവാഹിക ബന്ധത്തിലേർപ്പെടാൻ സാധിക്കുമായിരുന്നില്ല. കാരണം, തിരുനബി(സ്വ)യുടെ പത്‌നിമാരെ വിശ്വാസികളുടെ ആത്മീയ മാതാക്കളായാണ് ഖുർആൻ പഠിപ്പിക്കുന്നത്. ഉമ്മമാരെ മക്കൾക്ക് വിവാഹത്തിനു പറ്റില്ലല്ലോ?

അല്ലാഹു പറഞ്ഞു: ‘സത്യവിശ്വാസികൾക്ക് അവരുടെ ദേഹത്തെക്കാളും ബന്ധപ്പെട്ട ആളാണ് നബി. അവിടുത്തെ ഭാര്യമാർ അവരുടെ  മാതാക്കളുമാകുന്നു.'(സൂറത്തുൽ അഹ്‌സാബ്: 6).

നബി(സ്വ) നാലിലധികം വരുന്ന ഭാര്യമാരെ വിവാഹമോചനം നടത്തിയിരുന്നെങ്കിൽ അവർ നിത്യവൈധവ്യം അനുഭവിക്കേണ്ടി വരുമായിരുന്നു.

മറ്റു പ്രവാചകന്മാരെക്കാൾ ധാരാളം പ്രത്യേകതകൾ അല്ലാഹു തിരുനബി(സ്വ)ക്ക് നൽകിയിട്ടുണ്ട്. പ്രവാചകത്വ ശൃംഖല അവസാനിക്കൽ, നബി(സ്വ)യുടെ ശരീഅത്ത് അന്ത്യനാൾ വരെ നിലനിൽക്കൽ, ലോക ജനതക്ക് മുഴുവൻ പ്രവാചകനാവുക തുടങ്ങിയവ അതിൽ പെട്ടതാണ്. അനുചരന്മാർക്ക് നിർബന്ധമില്ലാത്ത തഹജ്ജുദ് നിസ്‌കാരം, വിത്‌റ് നിസ്‌കാരം തുടങ്ങിയവ റസൂൽ(സ്വ)ക്ക് നിർബന്ധമായിരുന്നു. അനുചരന്മാർക്ക് നിഷിദ്ധമല്ലാത്ത ഗ്രന്ഥരചന, കവിത രചന, സകാത്ത് വാങ്ങൽ തുടങ്ങിയവ നബി(സ്വ)ക്ക് പാടില്ല. അനുചരന്മാർക്ക് അനുവദനീയമല്ലാത്ത നാലിലധികം ഭാര്യമാരെ സ്വീകരിക്കുക എന്നതും ഇപ്രകാരം തന്നെയായിരുന്നു.

കുടുംബ ജീവിതം, ദാമ്പത്യം, സന്താന പരിചരണം പോലുള്ള രംഗങ്ങളിലെ നിരവധി മത നിയമങ്ങൾ ലോകത്തിനു പഠിപ്പിക്കാനും ഹദീസുകൾ നിവേദനം ചെയ്യുന്നതിനും സ്വിദ്ദീഖ്(റ), ഉമർ(റ) പോലുള്ള മഹാത്മാക്കളുമായുള്ള ദൃഢബന്ധം ഊട്ടിയുറപ്പിക്കാനുമൊക്കെ നബി(സ്വ)യുടെ വിവാഹങ്ങൾ സഹായകമായി. പരസ്പരം രക്തം ചിന്തിയിരുന്ന ഗോത്രങ്ങളെ സമാധാനത്തിന്റെ വഴിയിൽ ഒരുമിച്ചുകൂട്ടാൻ പോലും ഇവ കാരണങ്ങളായിട്ടുണ്ട്.

 

ഖദീജാ ബിൻത് ഖുവൈലിദ്(റ)

നബി(സ്വ) ആദ്യമായി വിവാഹം ചെയ്തത് തന്റെ ഇരുപത്തിയഞ്ചാം വയസ്സിലായിരുന്നു. യുവത്വത്തിന്റെ രക്തത്തിളപ്പുള്ള പ്രായം. പക്ഷേ, നാൽപത് വയസ്സുള്ള, മുമ്പ് രണ്ട് വിവാഹങ്ങൾ കഴിച്ചവരുമായ ഖദീജാ ബീവി(റ)യെയാണ് തന്റെ ആദ്യ പത്‌നിയായി പ്രവാചകർ തിരഞ്ഞെടുത്തത്. ഉന്നത കുടുംബമായ അസദ് ഗോത്രത്തിലെ ഖുവൈലിദിന്റെ മകളും സമ്പന്നയും കുലീനയുമായ പ്രമുഖ കച്ചവടക്കാരിയുമായിരുന്നു ഖദീജ(റ). സ്ത്രീകളിൽ ആദ്യമായി ഇസ്‌ലാം സ്വീകരിച്ചതും മഹതി തന്നെ. പ്രവാചകരുടെ അമ്പതാം വയസ്സിൽ ഖദീജാ ബീവി മരണപ്പെടുന്നതു വരെ അവിടുന്ന് മറ്റൊരു വിവാഹം കഴിച്ചിരുന്നില്ല. സൗന്ദര്യവതികളായ കന്യകമാരെ വിവാഹം കഴിക്കാൻ അവസരമുണ്ടായിട്ടും, ശത്രുക്കൾ ഇക്കാര്യം പറഞ്ഞു പലപ്പോഴും പ്രലോഭിപ്പിച്ചിട്ടും വിധവയായിരുന്ന ഖദീജാ ബീവിയുമായി മാത്രം ദാമ്പത്യ ജീവിതം പങ്കിട്ട മുഹമ്മദ് നബി(സ്വ) എങ്ങനെയാണ് സ്ത്രീ മോഹിയാകുന്നത്?

 

സൗദ ബിൻത് സംഅ(റ)

ഖദീജാ(റ)വിന്റെ വഫാത്തിന് ശേഷം നബി(സ്വ) ആദ്യമായി വിവാഹം ചെയ്തത് സൗദ(റ)യെയാണ്. മക്കയിലെ ആമിർ ഗോത്രത്തിൽ പെട്ട സംഅയുടെ മകളാണ് ഇവർ. ഇസ്‌ലാം സ്വീകരിച്ചതിന്റെ പേരിൽ മക്കയിലെ മുസ്‌ലിംകൾക്ക് അവിശ്വാസികളിൽ നിന്നു നിരന്തരം പീഡനങ്ങൾ ഏൽക്കേണ്ടിവന്നപ്പോൾ വിശ്വാസികൾ അബ്‌സീനിയയിലേക്ക് പലായനം ചെയ്തു. അക്കൂട്ടത്തിൽ സക്‌റാനുബ്‌നു അംറ്(റ)യും അദ്ദേഹത്തിന്റെ പത്‌നി സൗദ(റ)യുമുണ്ടായിരുന്നു. ശത്രു പീഡനം അവസാനിച്ചുവെന്ന് ധരിച്ച് അവർ മക്കയിലേക്ക് തിരിച്ചുവന്നു. താമസിയാതെ സക്‌റാൻ മരണപ്പെട്ടു. സൗന്ദര്യം കുറഞ്ഞവളായ സൗദ തുണയില്ലാതെ വിധവയായി. പീഡനങ്ങൾ അവസാനിച്ചിട്ടുമില്ല. ഈ സാഹചര്യത്തിൽ മുഹമ്മദ് നബി(സ്വ) അവരെ സ്വപത്‌നിയായി സ്വീകരിച്ചു സംരക്ഷണം നൽകി.

 

ആഇശാ ബിൻത് അബൂബക്കർ(റ)

നബി(സ്വ)യുടെ ഭാര്യമാരിൽ ഏക കന്യകയായിരുന്നു ആഇശാ ബീവി(റ). പുരുഷന്മാരിൽ ആദ്യമായി ഇസ്‌ലാം സ്വീകരിക്കുകയും തിരുനബി(സ്വ) തങ്ങളുടെ അടുത്ത കൂട്ടുകാരനും വിശ്വസ്തനുമായിരുന്ന അബൂബക്കർ സിദ്ദീഖ്(റ)വിന്റെ മകൾ. ഇസ്‌ലാമിക പ്രബോധനത്തിന് വേണ്ടി ധാരാളം സമ്പത്ത് ചെലവഴിക്കുകയും മദീനയിലേക്ക് പലായനം ചെയ്യുമ്പോൾ നബി(സ്വ)യുടെ കൂടെയുണ്ടാവുകയും പ്രവാചകരുടെ വിയോഗത്തിന് ശേഷം ഇസ്‌ലാമിന്റെ ഒന്നാം ഖലീഫയായി മാറുകയും ചെയ്ത അബൂബക്കർ സിദ്ദീഖ്(റ)നുള്ള ഒരംഗീകാരമായിരുന്നു ആഇശാ ബീവിയുമായുള്ള നബി(സ്വ)യുടെ വിവാഹം.

വിവാഹ സമയത്തുള്ള ആഇശാ ബീവിയുടെ പ്രായത്തെ ഉയർത്തിപ്പിടിച്ചു കൊണ്ട് ആധുനിക ക്രൈസ്തവ മിഷനറിമാർ തിരുനബി(സ്വ)യെ വിമർശിക്കാറുണ്ട്. പക്ഷേ, മറ്റുപലകാരണങ്ങളാലും നബി(സ്വ)യെ വിമർശിച്ച സമകാലികരാരും ഇതൊരു പ്രശ്‌നമാക്കി ഉന്നയിച്ചിരുന്നില്ല എന്നത് എടുത്തു പറയേണ്ടതാണ്. ആഇശാ ബീവിയുടെ വിവാഹത്തെ അവർ വിമർശിക്കാതിരുന്നത് അക്കാലത്ത് അത്തരം വിവാഹങ്ങൾ സർവസാധാരണമായിരുന്നതുകൊണ്ടാണ്. പത്തൊമ്പതാം നൂറ്റാണ്ട് വരെയും പ്രായം കുറഞ്ഞ വിവാഹങ്ങൾ സാർവത്രികമായിരുന്നു. ആഇശ(റ) നബി(സ്വ)യിൽ നിന്നു രണ്ടായിരത്തി ഇരുന്നൂറ്റിപ്പത്ത് (2210) ഹദീസുകൾ ഉദ്ധരിച്ചിട്ടുണ്ട്. ആ ഹദീസുകളിലെവിടെയും റസൂൽ(സ്വ)യുമായുള്ള ദാമ്പത്യ ജീവിതത്തിൽ അസംതൃപ്തി പ്രകടിപ്പിച്ചതായി കാണാൻ സാധിക്കുകയില്ല. പ്രവാചക ചരിത്രം രേഖപ്പെടുത്തിയ ആരും തന്നെ അങ്ങനെയൊന്ന് സൂചിപ്പിച്ചിട്ടുമില്ല. ചെറുപ്രായത്തിൽ തന്റെ മകളെ വിവാഹം ചെയ്തുകൊടുത്ത അബൂബക്കർ സിദ്ദീഖ്(റ)നും ഈ വിവാഹത്തിൽ ആത്മാഭിമാനവും സന്തോഷവുമല്ലാതെ ഒരു തരത്തിലുള്ള പ്രയാസങ്ങളുമുണ്ടായിട്ടില്ല.

നബി(സ്വ)യുടെ ഓരോ വിവാഹത്തിന്റെയും സന്ദർഭവും സാഹചര്യവും സൂക്ഷ്മമായി പഠിച്ചാൽ അവ കേവലം ലൈംഗിക താൽപര്യത്തിന് വേണ്ടിയായിരുന്നില്ലെന്ന് സുതരാം വ്യക്തമാകുന്നതാണ്.

വധുവിനോ വരനോ വധുവിന്റെ പിതാവിനോ സമകാലിക സമൂഹത്തിനോ ഈ വിവാഹം ഒരു വിഷയമേ ആയിട്ടില്ലെങ്കിൽ പിന്നെ ആർക്കാണ് ഇതൊരു പ്രശ്‌നമാകുന്നത്?

ഇത്തരം ആരോപണമുന്നയിക്കുന്ന ക്രൈസ്തവ സഹോദരന്മാർ തങ്ങളുടെ ദൈവ മാതാവിന്റെ വിവാഹം നിശ്ചയിച്ചപ്പോഴുള്ള  പ്രായവും വരൻ ജോസേഫിന്റെ

പ്രായവുമൊക്കെ അന്വേഷിക്കുന്നത് നന്നായിരിക്കും. വേദപണ്ഡിതനായ ബാബുപോൾ ജോസഫിനെക്കുറിച്ച് വിവരിക്കുന്നത് നോക്കൂ: സ്വദേശം ബേത്‌ലഹേം, 40-ാം വയസ്സിൽ ആദ്യ വിവാഹം. 49 കൊല്ലം നീണ്ടു നിന്ന ആ ദാമ്പത്യത്തിൽ ആറ് മക്കൾ; നാലാണും രണ്ട് പെണ്ണും. യാക്കോബാണ് ഏറ്റവും ഇളയത്. പെൺകുട്ടികൾ വിവാഹിതർ. ആൺമക്കളിൽ രണ്ട് പേർക്ക് ആശാരിപ്പണി. യാക്കോബിന്റെ കൂടെ ആയിരുന്നു താമസം. മൂന്ന് വയസ്സ് മുതൽ ദേവാലയത്തിൽ വളർന്ന മർയം എന്ന കന്യകയ്ക്ക് അവളുടെ 12-ാം വയസ്സിൽ (14 എന്ന് ചിലർ) യഹൂദരിൽ നിന്ന് പുരോഹിതന്മാർ വരനെ തേടി. യഹൂദ്യയിലെല്ലാം വിളംബരം ഉണ്ടായി. ജോസഫ് തിരഞ്ഞെടുക്കപ്പെട്ടു (വേദ ശബ്ദ രത്‌നാകരം ബൈബിൾ നിഘണ്ടു, ഡി. ബാബുപോൾ പേ: 270).

ഉദ്ധൃത വിശദീകരണത്തിൽ നിന്ന് ചുരുങ്ങിയത് 89 വയസ്സെങ്കിലും പ്രായമുള്ള പടുവൃദ്ധനായ യോസേഫാണ് 12 വയസ്സുള്ള കന്യാമറിയത്തെ വിവാഹം കഴിച്ചതെന്ന് വ്യക്തമാകും.

അറേബ്യയിലെ അന്നത്തെ ഏറ്റവും ബുദ്ധിമതിയായിരുന്നു ആഇശാ(റ). സമൂഹത്തിന് ലഭിക്കേണ്ട വിജ്ഞാനങ്ങൾ കൃത്യമായി തന്നെ ലഭ്യമാകാനും നബി(സ്വ)യുടെ ദാമ്പത്യ ജീവിതവും മറ്റും നിവേദനം ചെയ്യാനും ഈ ബന്ധം ഏറെ സഹായിച്ചിട്ടുണ്ട്.

 

ഹഫ്‌സ ബിൻത് ഉമർ(റ)

ഇസ്‌ലാമിന്റെ രണ്ടാം ഖലീഫയായി മാറിയ ഉമർ(റ)യുടെ മകളാണ് ഹഫ്‌സ(റ). കുനൈസുബ്‌നു ഹുദാഫ(റ) ആയിരുന്നു ഹഫ്‌സ ബീവിയുടെ ആദ്യഭർത്താവ്. ബദ്ർ യുദ്ധത്തിലേറ്റ പരിക്കു മൂലം മദീനയിൽ വെച്ച് അദ്ദേഹം മരണപ്പെട്ടു. വിധവയായ തന്റെ മകളെ വിവാഹം ചെയ്യാൻ ഉമർ(റ) ആദ്യം ഉസ്മാൻ(റ)യെയും പിന്നീട് അബൂബക്കർ(റ)വിനെയും സമീപിച്ചിരുന്നു. പക്ഷേ, അവർ നിരസിച്ചു. ഇസ്‌ലാമിനു വേണ്ടി പടപൊരുതി ശഹീദായ ഒരാളുടെ ഭാര്യയെ പത്‌നിയായി സ്വീകരിച്ച് തിരുനബി(സ്വ) അഭയം നൽകുകയാണുണ്ടായത്. ഇത് ഉമർ(റ)നെ ഏറെ സന്തോഷിപ്പിക്കുകയും അദ്ദേഹത്തിനുള്ള ഒരംഗീകാരമാവുകയും ചെയ്തു. ഹഫ്‌സ ബീവിക്കായിരുന്നു വിശുദ്ധ ഖുർആനിന്റെ കയ്യെഴുത്തു പ്രതി സൂക്ഷിക്കാനുള്ള ഭാഗ്യം ലഭിച്ചത്.

 

സൈനബ ബിൻത് ഖുസൈമ

ഹിലാൽ ഗോത്രത്തിൽപ്പെട്ട ഖുസൈമയുടെ മകളാണ് സൈനബ. അബ്ദുല്ലാഹിബ്‌നു ജഹ്മ്(റ) ആയിരുന്നു മഹതിയുടെ ആദ്യഭർത്താവ്. ഉഹ്ദ് യുദ്ധത്തിൽ അദ്ദേഹം ശഹീദായി. വിധവയായ സൈനബ(റ)യെ വിവാഹം ചെയ്ത് നബി(സ്വ) തങ്ങൾ സംരക്ഷണം നൽകി.

 

സൈനബ ബിൻത് ജഹ്ശ്(റ)

നബി(സ്വ)യുടെ പിതൃസഹോദരിയുടെ പുത്രിയാണ് സൈനബ്(റ). തിരുനബി(സ്വ)യുടെ വളർത്തു മകനും മുൻ അടിമയുമായിരുന്ന സൈദുബ്‌നു ഹാരിസ(റ)യായിരുന്നു ആദ്യഭർത്താവ്. ഈ ബന്ധം മുൻനിർത്തി ക്രൈസ്തവ മിഷണറിമാർ നബി(സ്വ) മകന്റെ ഭാര്യയെ വിവാഹം കഴിച്ചുവെന്ന് വിമർശിക്കാറുണ്ട്. എന്നാൽ, നബി(സ്വ) സൈനബ ബീവിയെ കല്യാണം കഴിച്ച കാലഘട്ടത്തിലെ സംസ്‌കാരവും ആ വിവാഹത്തിന് പിന്നിലെ ലക്ഷ്യവും മനസ്സിലാക്കിയാൽ ഈ വിമർശനവും ബാലിശമാണെന്ന് ബോധ്യപ്പെടുന്നതാണ്. പരിശുദ്ധ ഖുർആൻ അക്കാലത്ത് നിലവിലുണ്ടായിരുന്ന രണ്ട് അനാചാരങ്ങളെ വിമർശിക്കുന്നതായി കാണാം. ‘നിങ്ങൾ ളിഹാർ ചെയ്യുന്ന നിങ്ങളുടെ ഭാര്യമാരെ അവൻ നിങ്ങളുടെ മാതാക്കളാക്കിയിട്ടില്ല. നിങ്ങളുടെ ദത്തുപുത്രന്മാരെ അവൻ നിങ്ങളുടെ (യഥാർത്ഥ) പുത്രന്മാരാക്കിയിട്ടുമില്ല. അതൊക്കെ നിങ്ങളുടെ വായ കൊണ്ടു പറയുന്ന വെറും വാക്കുകളാണ്. അല്ലാഹു യാഥാർത്ഥ്യം പറയുന്നു. അവൻ സന്മാർഗം കാട്ടിത്തരികയും ചെയ്യുന്നു (സൂറത്തുൽ അഹ്‌സാബ്: 4).

അറബികൾക്കിടയിൽ അന്ന് നിലവിലുണ്ടായിരുന്ന ഒരു അനാചാരമാണ് ളിഹാർ. ഒരാൾ തന്റെ ഭാര്യയോട് നീ എനിക്ക് എന്റെ മാതാവിന്റെ മുതുകുപോലെയാണ് എന്ന് പറയുന്നതിനെയാണ് ളിഹാറ് എന്ന് പറയുന്നത്. ഒരാൾ ഇപ്രകാരം തന്റെ ഭാര്യയോട് പറഞ്ഞാൽ അത് വിവാഹമോചനമായി കണക്കാക്കപ്പെടുകയും അന്ന് മുതൽ അവൾ അവന് നിഷിദ്ധമായി കരുതുകയും ചെയ്തിരുന്നു.

വളർത്തുമകനെ സ്വത്തവകാശം ഉൾപ്പെടെ എല്ലാ നിലക്കും സ്വന്തം മകനെപ്പോലെ കണക്കാക്കുന്നതായിരുന്നു രണ്ടാമത്തെ അനാചാരം. ഈ രണ്ട് അനാചാരങ്ങളും തിരുത്തുകയാണ് ഈ ഖുർആനിക വചനം.

വളർത്തുമകനെ സ്വന്തം മകനെപ്പോലെ കണക്കാക്കിയത് കൊണ്ട് വളർത്തു മകന്റെ ഭാര്യയെ വിവാഹം ചെയ്യുന്നതിനെ അറബികൾ വെറുത്തിരുന്നു. ഈ സമ്പ്രദായത്തെ തിരുത്തുക എന്നതായിരുന്നു വളർത്തുമകനായ സൈദ്(റ)ന്റെ ഭാര്യയായ സൈനബ ബീവിയെ വിവാഹം ചെയ്യുന്നതിലൂടെ നബി(സ്വ) ലക്ഷ്യമിട്ടത്.

തിരുനബി(സ്വ) തന്റെ വളർത്തുമകനു വേണ്ടി സൈനബ ബീവിയോടും കുടുംബത്തോടും വിവാഹാലോചന നടത്തിയപ്പോൾ സൗന്ദര്യം കുറഞ്ഞയാളും മുമ്പ് അടിമയുമായിരുന്ന സൈദ്(റ)വുമായുള്ള ഉന്നത തറവാട്ടുകാരിയും സൗന്ദര്യവതിയുമായ സൈനബ(റ)യുടെ വിവാഹത്തിന് അവർ വിസമ്മതിച്ചു. അപ്പോഴാണ് പരിശുദ്ധ ഖുർആനിലെ ഈ വചനം അവതരിച്ചത്: ‘അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യം തീരുമാനിച്ചുകഴിഞ്ഞാൽ, സത്യവിശ്വാസിയായ പുരുഷനോ സ്ത്രീക്കോ തങ്ങളുടെ കാര്യത്തിൽ മറ്റൊരഭിപ്രായമുണ്ടാകാൻ പാടുള്ളതല്ല. ആരെങ്കിലും അല്ലാഹുവിനെയും അവന്റെ റസൂലിനെയും ധിക്കരിക്കുകയാണെങ്കിൽ തീർച്ചയായും അവൻ വ്യക്തമായ ദുർമാർഗത്തിൽ അകപ്പെട്ടു കഴിഞ്ഞിരിക്കുന്നു’ (സൂറതുൽ അഹ്‌സാബ്: 36).

ഈ വചനം അവതരിച്ചപ്പോൾ സൈനബ ബീവി(റ) സൈദ്(റ)വുമായുള്ള വിവാഹത്തിന് സമ്മതിച്ചു. പക്ഷേ, ബീവിയുടെ സ്വഭാവവുമായി പൊരുത്തപ്പെടാതെ വന്നപ്പോൾ നബി(സ്വ)യോട് സൈദ്(റ) പരാതി പറഞ്ഞു. അപ്പോൾ നബി(സ്വ) അദ്ദേഹത്തോട് ക്ഷമിക്കാനും സൈനബ(റ)യെ ഭാര്യയായി നിലനിർത്താനും പലയാവർത്തി ഉപദേശിച്ചു. ഒരു നിലക്കും സൈനബ(റ)വുമായി പൊരുത്തപ്പെട്ട്

പോകാൻ സാധിക്കില്ലെന്നു ബോധ്യമായപ്പോൾ സൈദ്(റ) മഹതിയെ വിവാഹമോചനം ചെയ്തു. പിന്നീട് അല്ലാഹുവിന്റെ കൽപന പ്രകാരം മുഹമ്മദ് നബി(സ്വ) സൈനബ ബീവിയെ വിവാഹം ചെയ്തു. ഈ വിവാഹത്തിന്റെ ലക്ഷ്യമെന്താണെന്ന് അല്ലാഹു തന്നെ പരിശുദ്ധ ഖുർആനിലൂടെ പറയുന്നുണ്ട്.

അങ്ങനെ തന്റെ ദത്തുപുത്രനായ സൈദ്(റ)ന്റെ മുൻ ഭാര്യയെ വിവാഹം ചെയ്തതിലൂടെ മുഹമ്മദ് നബി(സ്വ) അറബികൾക്കിടയിലുള്ള ദുരാചാരത്തെ നിഷ്‌കാസനം ചെയ്തു.

 

ഉമ്മുസലമ ബിൻത് അബീഉമയ്യ(റ)

മഖ്‌സൂം ഗോത്രത്തിൽ പെട്ട അബൂഉമയ്യയുടെ മകളാണ് ഉമ്മുസലമ(റ). സ്വഹാബിയായ അബൂസലമ(റ)യായിരുന്നു ബീവിയുടെ ആദ്യഭർത്താവ്. അബ്‌സീനിയയിലേക്കും മദീനയിലേക്കും ഹിജ്‌റ പോയ അദ്ദേഹം ബദ്ർ, ഉഹ്ദ് എന്നീ യുദ്ധങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. യുദ്ധത്തിൽ സംഭവിച്ച മുറിവുകൾ കാരണം ഉമ്മുസലമയെയും നാല് മക്കളെയും വിട്ട് അബൂസലമ ഇഹലോകം വെടിഞ്ഞു. വൃദ്ധയായ ഉമ്മസലമ(റ)യെ ഭാര്യയായി സ്വീകരിച്ച് തിരുനബി(സ്വ) ആ കുടുംബത്തിന്റെ സംരക്ഷണമേറ്റെടുത്തു.

 

ജുവൈരിയ്യ ബിൻത് ഹാരിസ്(റ)

ബനൂമുസ്തലഖ് ഗോത്രത്തലവനായ ഹാരിസിന്റെ മകളാണ് ജുവൈരിയ്യ. മസാഫിഅ് എന്നയാളായിരുന്നു അവരുടെ ഭർത്താവ്. ബനൂ മുസ്തലഖ് ഗോത്രക്കാരുമായുള്ള യുദ്ധത്തിൽ മസാഫിഅ് കൊല്ലപ്പെടുകയും ജുവൈരിയ്യ ബന്ദിയാക്കപ്പെടുകയും ചെയ്തു. സാബിത് ബ്‌നു ഖൈസ്(റ)ന്റെ ഓഹരിയായിരുന്നു ജുവൈരിയ്യ(റ). ഒമ്പത് ഊഖിയ സ്വർണം മോചനമൂല്യം നൽകിയാൽ വിട്ടയക്കാൻ അദ്ദേഹം തീരുമാനിച്ചു. മോചനമൂല്യം നൽകി തന്നെ സഹായിക്കണമെന്ന് ജുവൈരിയ്യ നബി(സ്വ) തങ്ങളോടഭ്യർത്ഥിച്ചു. റസൂൽ(സ്വ) മഹതിയെ സഹായിക്കുകയും ശേഷം വിവാഹം നടത്തുകയും ചെയ്തു. ഇതോടെ നബി(സ്വ)യുടെ കുടുംബത്തിൽ പെട്ടവരെ ബന്ദിയാക്കാൻ ഇഷ്ടപ്പെടാതിരുന്ന സ്വഹാബികൾ ബനീ മുസ്തലഖ് ഗോത്രത്തിൽ നിന്ന് ബന്ദിയാക്കിയവരെയെല്ലാം വിട്ടയച്ചു.

 

ഉമ്മുഹബീബ ബിൻത് അബീസുഫ്‌യാൻ(റ)

ആദ്യകാലത്ത് ഇസ്‌ലാമിന്റെ കൊടിയ ശത്രുവും പിന്നീട് സത്യമതത്തിലേക്ക് കടന്നുവരികയും ചെയ്ത അബൂസുഫ്‌യാന്റെ മകളാണ് ഉമ്മുഹബീബ. യഥാർത്ഥ പേര് റംല. ഉബൈദുല്ലാഹിബ്‌നു ജഹ്ഷായിരുന്നു ആദ്യഭർത്താവ്. രണ്ട് പേരും ഇസ്‌ലാം സ്വീകരിക്കുകയും അബ്‌സീനിയയിലേക്ക് പലായനം നടത്തുകയും ചെയ്തു. എന്നാൽ അവിടെ വെച്ച് ഉബൈദുല്ല ക്രിസ്ത്യാനിയാവുകയും മദ്യത്തിനടിമപ്പെടുകയും ചെയ്തു. ക്രിസ്ത്യാനിയായി തന്നെയാണ് അയാൾ മരണമടഞ്ഞത്. അവർക്ക് ഹബീബ എന്ന ഒരു കുട്ടിയുണ്ടായിരുന്നു. ഉമ്മുഹബീബ(റ)യെ വിവാഹം ചെയ്തുകൊണ്ട് ആ കുടുംബത്തിനും നബി(സ്വ) സംരക്ഷണം നൽകി.

 

സ്വഫിയ്യ ബിൻത് ഹുയയ്യ് (റ)

മൂസാനബി(അ)ന്റെ സഹോദരൻ ഹാറൂൻ നബി(അ)ന്റെ സന്താന പരമ്പരയിൽ പെട്ട ഹുയയ്യ് ബ്‌നു അഖ്തഇന്റെ മകളാണ് സ്വഫിയ്യ(റ). ആദ്യഭർത്താവ് സല്ലാം ബ്‌നു വിക്ശമായിരുന്നു. അദ്ദേഹം വിവാഹമോചനം നടത്തിയ ശേഷം ബനൂന്നളീർ ഗോത്രത്തലവനായ കിനാനത്ബ്‌നു റബീഅ് അവരെ വിവാഹം ചെയ്തു. ഖൈബർ യുദ്ധവേളയിൽ കിനാന കൊല്ലപ്പെടുകയും സ്വഫിയ്യ ബന്ദിയാക്കപ്പെടുകയുമുണ്ടായി. പിന്നീട് മോചനം മഹറായി നിശ്ചയിച്ച് സ്വഫിയ്യാ ബീവിയെ വിവാഹം ചെയ്ത് നബി(സ്വ) സംരക്ഷണമേറ്റെടുത്തു. തത്ഫലമായി നളീർ ഗോത്രം സത്യമത്തിലേക്ക് കടന്നുവന്നു.

 

മൈമൂന ബിൻത് ഹാരിസ്(റ)

ഹിലാൽ ഗോത്രത്തിൽപെട്ട ഹാരിസ് ബ്‌നു ഹസനിന്റെ മകളാണ് മൈമൂന. ആദ്യഭർത്താവ് മസ്ഊദ് ബ്‌നു അംറായിരുന്നു. അദ്ദേഹം വിവാഹമോചനം നടത്തിയപ്പോൾ അബൂറുഹ്മ് വിവാഹം ചെയ്തു. അദ്ദേഹവും മരണപ്പെട്ടു. അങ്ങനെയാണ് 50 വയസ്സായ വിധവയായ മൈമൂന(റ)യെ പത്‌നിയായി സ്വീകരിച്ചു നബി(സ്വ) സംരക്ഷണം നൽകിയത്.

റസൂൽ(സ്വ)യുടെ 11 ഭാര്യമാരിൽ 9 പേർ മാത്രമേ പ്രവാചകരുടെ വഫാത്തിന്റെ സമയത്ത് ജീവിച്ചിരുന്നുള്ളൂ. ഖദീജാ ബീവിയും സൈനബ ബിൻത് ഖുസൈമ(റ)യും നബി(സ്വ)യുടെ ജീവിതകാലത്ത് തന്നെ വഫാത്തായവരാണ്.

തിരുനബി(സ്വ)യുടെ ഓരോ വിവാഹത്തെയും സൂക്ഷ്മമായി പരിശോധിച്ചുനോക്കിയാൽ നമുക്ക് മനസ്സിലാക്കാവുന്ന ചില യാഥാർത്ഥ്യങ്ങളുണ്ട്. അവിടുന്ന് ഒരു കന്യകയെ മാത്രമേ വിവാഹം ചെയ്തിട്ടുള്ളൂ. ബാക്കിയുള്ളവരെല്ലാം വിധവകളും ചിലർ വൃദ്ധകളുമായിരുന്നു. നിരാലംബരായ വിധവകൾക്ക് സംരക്ഷണം നൽകിയ തിരുനബി(സ്വ)യെ സ്ത്രീലമ്പടനായി ചിത്രീകരിക്കുന്നതിന്റെ വിരോധാഭാസം ഏവർക്കും ബോധ്യപ്പെടുന്നതാണ്.

പതിനൊന്ന് ഭാര്യമാരെ വിവാഹം ചെയ്ത നബി(സ്വ)യുടെ നടപടിയെ വിമർശിക്കുന്ന ക്രൈസ്തവ മിഷനറിക്കാർ ബൈബിൾ പഴയ നിയമം ഒരാവർത്തി വായിക്കുന്നത് നന്നാവും.

ദാവീദിന് ആറ് ഭാര്യമാരും ധാരാളം വെപ്പാട്ടികളുമുണ്ടായിരുന്നു (2 ശാവുവേൻ 5.13, 1 ദിനവൃത്താന്തം 3:1-9, 14:3) സോളമന് 700 ഭാര്യമാരും 300 വെപ്പാട്ടികളുമുണ്ടായിരുന്നു (2 ദിനവൃത്താന്തം 11:21).

സോളമന്റെ മകൻ രെഹബയാമിന് 18 ഭാര്യമാരും 60 വെപ്പാട്ടികളുമുണ്ടായിരുന്നു (2 ദിനവൃത്താന്തം 11:21).

വിവാഹക്കാര്യത്തിൽ മുഹമ്മദ് നബി(സ്വ)യെ വിമർശിക്കുന്ന ക്രൈസ്തവ സഹോദരന്മാർ ഈ വചനങ്ങൾ കണ്ടിട്ടും അന്ധത നടിക്കുകയാണോ?

Exit mobile version