പ്രശ്‌നങ്ങളും പ്രതിവിധികളും

ഓരോ വ്യക്തിയും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ പലതായിരിക്കും. ആരോഗ്യരംഗത്ത് നേരിടുന്ന വെല്ലുവിളികളാണ് ഇതിൽ പ്രധാനമായും പരിഗണിക്കുന്നത്. സാമ്പത്തിക പരാധീനതകൊണ്ട് ജീവിതത്തിൽ മാനസിക പ്രയാസമനുഭവിക്കുന്നവർ നമുക്കിടയിലുണ്ട്. ഇത്തരം പ്രശ്‌നങ്ങളിൽ യഥാർത്ഥ പരിഹാരത്തിന് ശ്രമിക്കാതെ ചൂഷണങ്ങളിലെത്തിപ്പെട്ട് അവർ നിരാശരാകുന്നതും നാം കണ്ടുകൊണ്ടിരിക്കുന്നു. ഇവിടെയാണ് സുതാര്യവും ലളിതവുമായ മാർഗത്തിലൂടെ പരിഹാരമാവശ്യമാകുന്നത്.
പ്രശ്‌ന പരിഹാരങ്ങൾ പലവിധത്തിലാണ്.
1. പ്രാർത്ഥന
രക്ഷിതാവായ അല്ലാഹുവോടടുത്ത് പരിഹാരം കാണലാണ് പ്രശ്‌നങ്ങൾക്കുള്ള യഥാർത്ഥ പ്രതിവിധി. അലി(റ) റിപ്പോർട്ട് ചെയ്യുന്ന ഹദീസ്. നബി(സ്വ) പറയുന്നു: പ്രാർത്ഥന വിശ്വാസിയുടെ (എന്തും നേടിയെടുക്കാനുള്ള) ഉപകരണവും മതത്തിന്റെ സ്തൂപവും ആകാശ ഭൂമിയുടെ പ്രകാശവുമാണ് (അൽമുസ്തദ്‌റക് 1812).
മുആദ്(റ)വിൽ നിന്നു റിപ്പോർട്ട്. നബി(സ്വ) പറഞ്ഞു: ഭീതി അല്ലാഹുവിന്റെ ഖദ്‌റിനെ പ്രതിരോധിക്കുകയില്ല. എന്നാൽ പ്രാർത്ഥന എല്ലാ കാര്യങ്ങൾക്കും പരിഹാരമാണ്. അതിനാൽ അല്ലാഹുവിന് വിധേയപ്പെട്ട് ജീവിക്കുന്നവരേ, നിങ്ങൾ പ്രാർത്ഥിക്കുവിൻ (അൽമുഅ്ജമുൽ കബീർ 201).
പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുമ്പോൾ പരീക്ഷണങ്ങളിൽ പതറി വികാരത്തിന് വിധേയപ്പെടുന്നതിനു പകരം വിവേകം കൈകൊണ്ട് വിശ്വാസികൾ രക്ഷിതാവിൽ അഭയം പ്രാപിക്കുക, ഫലം നിശ്ചയം.
ഏകാന്തതയിൽ ദുഃഖിതനായി ഇരിക്കുന്ന അബൂഉമാമ(റ)വിനോട് തിരുനബി(സ്വ) കാര്യമന്വേഷിച്ചപ്പോൾ മഹാൻ പറഞ്ഞു: നബിയേ, കടബാധ്യതയും മന:പ്രയാസങ്ങളുമാണ്. അപ്പോൾ, എട്ട് കാര്യങ്ങളെ തൊട്ട് കാവൽ ചോദിക്കാൻ നബി(സ്വ) നിർദേശിച്ചു. അലസത (ഭാവിയെ കുറിച്ചോർത്ത്), ആകുലത (നഷ്ടപ്പെട്ടതിനെയോർത്ത്), ദുഃഖം, ഭീതി, പിശുക്ക്, കടം, കയ്യേറ്റം എന്നിവയാണവ (അബൂദാവൂദ് 1555).
ഉദ്ദേശ്യശുദ്ധിയോടെ സദ്ഫലം പ്രതീക്ഷിച്ച് റബ്ബിൽ അഭയം തേടുന്നതിനു പകരം ചില ചൂഷണ കേന്ദ്രങ്ങളിലും അന്ധവിശ്വാസത്തിലേക്ക് നയിക്കുന്ന വ്യക്തികളുടെ അടുക്കലും എത്തുമ്പോൾ കൂടുതൽ പ്രയാസത്തിലകപ്പെടാൻ അത് കാരണമാകും.
വീട്ടുവളപ്പിലെ ദോഷങ്ങൾ മാറാനും വീട്ടിലെ പ്രയാസങ്ങൾ നീങ്ങിക്കിട്ടാനും ചില മുസ്‌ലിംകൾ തന്നെ ഇതര കേന്ദ്രങ്ങളിലേക്ക് പറഞ്ഞയക്കുന്ന പ്രവണതയുണ്ട്. എല്ലാ പ്രശ്‌നങ്ങൾക്കുമുള്ള പരിഹാരം നമ്മുടെ ദർശനത്തിൽ തന്നെയുള്ളത് സർവാംഗീകൃതമാണെന്ന തത്ത്വം ഇത്തരക്കാർ ഉൾക്കൊള്ളേണ്ടിയിരിക്കുന്നു. അതിനാൽ അല്ലാഹുവിലേക്ക് ഗമിക്കുക (ഖുർആൻ 51: 50).

2. ഖുർആൻ
എല്ലാ പ്രശ്‌നങ്ങൾക്കും പ്രയാസങ്ങൾക്കുമുള്ള പരിഹാരം ഖുർആനിലുണ്ട്. വിശുദ്ധ ഖുർആൻ 17: 82 സൂക്തം വിശദീകരിച്ച് ഇമാം റാസി(റ) എഴുതി: നിശ്ചയം ഖുർആൻ ആത്മീയ പ്രയാസങ്ങൾക്കും ശാരീരിക രോഗങ്ങൾക്കും പരിഹാരമാണ് (തഫ്‌സീറുൽ കബീർ 21/20).
ഇബ്‌നുൽ ഖയ്യിം വിശദീകരിക്കുന്നത് കാണുക: ഖുർആൻ മാനസികവും ശാരീരികവുമായ എല്ലാ രോഗങ്ങൾക്കും പരിപൂർണ ശിഫയാണ്. ദുൻയാവിന്റെയും ആഖിറത്തിന്റെയും പ്രയാസങ്ങൾക്കുള്ള മരുന്നുമാണ്. എന്നാൽ അതുകൊണ്ട് ശിഫ നേടാൻ എല്ലാവർക്കും കഴിഞ്ഞുകൊള്ളണമെന്നില്ല. ആത്മാർത്ഥമായി, കളങ്കരഹിതമായി, വിശ്വാസത്തോടെ രോഗങ്ങൾക്കുള്ള പ്രതിവിധിയായി ഇതിനെ ഉപയോഗപ്പെടുത്തിയാൽ തീർച്ചയായും ഫലപ്പെടും (സാദുൽ മആദ് 4:352).
അലി(റ)ൽ നിന്നു നിവേദനം. നബി(സ്വ) അരുളി: നിങ്ങൾ വിശുദ്ധ ഖുർആനിന്റെ ഒരു വിഹിതം നിങ്ങളുടെ വീടുകൾക്ക് വേണ്ടി സൂക്ഷിച്ചുവെക്കുക. കാരണം ഖുർആൻ പാരായണത്തിലൂടെ വീട്ടുകാർക്ക് സന്തോഷവും അഭിവൃദ്ധിയും കൈവരിക്കാൻ കഴിയും. അതോടു കൂടി വിശ്വാസികളായ ജിന്നുകളുടെ സാമീപ്യം കരസ്ഥമാക്കാം. ഖുർആൻ പാരായണം ചെയ്യാത്ത വീടാകട്ടെ അന്തേവാസികൾക്ക് അരോചക സാഹചര്യവും പൈശാചിക സാന്നിധ്യവുമുണ്ടാകാൻ കാരണമായേക്കും (ജാമിഉൽ അഹാദീസ് 964).
അബൂഉമാമ(റ)യിൽ നിന്ന് ഇമാം മുസ്‌ലിം(റ) റിപ്പോർട്ട്. നബി(സ്വ) പറയുന്നതായി ഞാൻ കേട്ടു: നിങ്ങൾ സൂറത്തുൽ ബഖറ പാരായണം ചെയ്യുക. അത് അനുഗ്രഹവും ഉപേക്ഷിക്കുന്നത് പരാജയവുമാണ്. ആഭിചാരക്കാർക്ക് അതിനെ പരാജയപ്പെടുത്താനാവില്ല (മുസ്‌ലിം 804).
ഖുർആൻ പാരായണത്തിലൂടെ പ്രശ്‌നങ്ങൾക്കുള്ള പരിഹാരവും പ്രയാസങ്ങളിൽ നിന്ന് മോചനവും കഷ്ടപ്പാടിൽ നിന്ന് വിമുക്തിയും നേടാൻ കഴിയുന്നതോടൊപ്പം ഐശ്വര്യവും പ്രതാപവും സന്തോഷവും കരസ്ഥമാവുകയും ചെയ്യും. എന്നാൽ പ്രസ്തുത ഫലലബ്ധിക്ക് സ്വീകരിക്കേണ്ട ചില ചിട്ടകളും മര്യാദകളുമുണ്ട്. ഉദ്ദേശ്യശുദ്ധിയും ആത്മാർത്ഥതയും ഉണ്ടാകുന്നതിനോടൊപ്പം മര്യാദകൾ പാലിച്ചുകൊണ്ടായിരിക്കണം ഖുർആൻ പാരായണം നിർവഹിക്കേണ്ടത് (ഇമാം നവവി(റ)ന്റെ അത്തിബ്‌യാൻ കാണുക).
പ്രഭാതത്തിൽ ഇഖ്‌ലാസും മുഅവ്വിദതൈനിയും മൂന്ന് പ്രാവശ്യം പാരായണം ചെയ്യുന്നത് എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരമാണെന്ന് തിരുനബി(സ്വ) മുആദ്(റ)നോട് പറഞ്ഞത് ഇമാം തുർമുദി(റ) റിപ്പോർട്ട് ചെയ്തിട്ടുണ്ട് (തുർമുദി 3575).
മൈഗ്രേൻ തലവേദന വന്നാൽ കന്നിമൂലയിലെ കട്ടിംഗിന്റെയും ഗൾഫിലെ ജോലി നഷ്ടം വീടളവിന്റെയും സാമ്പത്തിക പ്രയാസങ്ങൾ വരാൻ കാരണം സെപ്റ്റിക് ടാങ്കിന്റെയും പ്രശ്‌നങ്ങളാണെന്ന കണ്ടെത്തൽ നടത്തി അന്ധവിശ്വാസം പ്രചരിപ്പിക്കുന്നവരുമുണ്ട്. വിധിവിശ്വാസത്തിലടിയുറച്ച് ഇത്തരം മൂഢധാരണകളെ പിഴുതെറിഞ്ഞ് റബ്ബിൽ തവക്കുലാക്കി ഖുർആനോത്ത് പതിവാക്കിയാൽ പരിഹരിക്കാവുന്നതേയുള്ളൂ ഒട്ടുമിക്ക പ്രശ്‌നങ്ങളും.
ഈ ന്യൂമറിക്കൽ ആസ്‌ട്രോളജി (സംഖ്യാ ജ്യോതിഷം) പരിഗണിക്കാതെ നിർമിച്ച കോടിക്കണക്കിന് കെട്ടിടങ്ങളുണ്ട്. പള്ളികളും വീടുകളും കാലിത്തൊഴുത്തുകളും കോഴിക്കൂടുകളും ഇത്തരം കണക്കുകൾ തീരെ ഗൗനിക്കാതെ നിർമിക്കാറുണ്ട്. അവയ്‌ക്കൊന്നും അതു കാരണം പ്രത്യേക പ്രശ്‌നങ്ങളൊന്നും ഉണ്ടാവാറില്ല. ഈ വിഷയം പിന്നീട് വിശദമായി ചർച്ച ചെയ്യാം.
പ്രശ്‌നങ്ങൾ പരിഹരിക്കും മുമ്പ് പ്രയാസങ്ങളുടെ കാരണം കണ്ടെത്തുകയാണ് വേണ്ടത്. ചില ‘ആത്മീയ ചികിത്സ’കരുടെ അടുത്തുപോയാൽ എന്ത് പ്രശ്‌നമാണെങ്കിലും സിഹ്‌റിനെയാണ് കുറ്റപ്പെടുത്തുക. കണക്ക് നോക്കി സിഹ്‌റാണെന്ന തീരുമാനത്തിലെത്താൻ ഇന്ന് ഒരാൾക്കും കഴിയണമെന്നില്ല. വിലായത്ത് നൽകപ്പെട്ട മഹത്തുക്കൾ അദൃശ്യം പ്രവചിക്കുന്നതിനെയോ ചില അടയാളങ്ങൾ അടിസ്ഥാനമാക്കി സാധ്യത പറയുന്നതിനെയോ ഇവിടെ ആരും എതിർക്കാറില്ല. മറിച്ച്, ഉറച്ച തീരുമാനത്തിലെത്തി കുടുംബബന്ധം തകർക്കുകയും ബന്ധുക്കൾക്കിടയിൽ വിള്ളലുണ്ടാക്കുകയും ചെയ്യുന്ന സമൂഹത്തിലെ അപകടകാരികളായ ചിലരുണ്ട്, അവരെയാണ് നമ്മൾ ഒറ്റപ്പെടുത്തേണ്ടത്.
ഒരാൾക്ക് സിഹ്‌റു പറ്റിയെന്ന് ഉറപ്പിക്കണമെങ്കിൽ സിഹ്‌റ് ചെയ്തവന്റെ ഇഖ്‌റാർ (സമ്മതം) അനിവാര്യമാണെന്നും അല്ലാതെ മറ്റൊരാളുടെ ആരോപണമോ വാദമോ പരിഗണിക്കുകയില്ലെന്നും ഇമാം നവവി(റ) റൗളയിൽ (9/116) വിശദീകരിച്ചിട്ടുണ്ട്.

 

അബ്ദുറശീദ് സഖാഫി ഏലംകുളം

Exit mobile version