പ്രസംഗം ആകര്‍ഷകമാക്കാന്‍

പ്രഭാഷണ കലയുടെ സ്വാധീനവും ശക്തിയും സുവിദിതമാണ്. പ്രസംഗം എങ്ങനെയെല്ലാം ആകര്‍ഷകമാക്കാമെന്ന് നോക്കാം.
പ്രഭാഷകന്‍ ലക്ഷ്യം വെച്ച കാര്യങ്ങള്‍ ശ്രോതാക്കള്‍ ഉള്‍ക്കൊള്ളാനും ആവശ്യമായ സമയം അവരെ പിടിച്ചിരുത്താനും പ്രസംഗം ആകര്‍ഷകമായിരിക്കണം. ഇരുപത് മിനിറ്റിലേറെ ഒരു കാര്യത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കാന്‍ സാധാരണ കഴിയില്ലെന്നാണ് മനഃശാസ്ത്രപക്ഷം. അതിനാല്‍ പ്രഭാഷണം ഭംഗിയാക്കി ശ്രോതാക്കളെ ആകര്‍ഷിക്കാന്‍ കഴിയണം.
പ്രഭാഷകന്റെ വേഷം, ശബ്ദം, മുഖഭാവം, നോട്ടം, ആംഗ്യങ്ങള്‍, ഭാഷ, അക്ഷരസ്ഫുടത, അവതരണശൈലി തുടങ്ങിയവയെല്ലാം പ്രഭാഷണം ഹൃദ്യമാക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നു. ഇവയെല്ലാം ശ്രദ്ധാപൂര്‍വം ക്രമീകരിക്കുമ്പോഴാണ് പ്രഭാഷണം ആകര്‍ഷകമാവുക. അത്തരമൊരു ആശയവിനിമയം എത്ര സമയം ആസ്വദിക്കാനും ശ്രോതാക്കള്‍ തയ്യാറാവും. പ്രസംഗം ആകര്‍ഷകമാക്കാന്‍ ശ്രദ്ധിക്കേണ്ട മറ്റു ചില കാര്യങ്ങള്‍ ഇവയാണ്.
ശബ്ദക്രമീകരണം
ശക്തിയേറിയ ലൗഡ്സ്പീക്കര്‍ ഉപയോഗിച്ചാണല്ലോ ഇന്നത്തെ പ്രസംഗം. ഇതു വിസ്മരിച്ച് അമിത ശബ്ദമുണ്ടാക്കുന്ന പ്രഭാഷകര്‍ സ്വശരീരത്തെയും മറ്റുള്ളവരെയും ഒരേസമയം ശല്യപ്പെടുത്തുകയാണ്. പ്രഭാഷകന്റെ ഹാര്‍ട്ടും തൊണ്ടയും തകരുന്നതോടൊപ്പം ശ്രോതാക്കളുടെ ശ്രവണപുടവും തകരാറിലാവും. ഘോരശബ്ദത്തില്‍ ചിലര്‍ തരിച്ചിരിക്കുമെന്നല്ലാതെ പ്രഭാഷകന്റെ ആശയങ്ങള്‍ അവര്‍ ഗ്രഹിക്കാന്‍ സാധ്യത കുറവാണ്.
ലുഖ്മാനുല്‍ ഹകീം(റ) തന്റെ മകനോടു പറഞ്ഞു: “നിന്റെ നടത്തം മിതമായ വേഗതയിലാക്കണം, ശബ്ദം അമിതമാകരുത്. ശബ്ദങ്ങളില്‍ ഏറ്റവും അരോചകം കഴുതരാഗമാണ്” (സൂറതു ലുഖ്മാന്‍/19).
ഒട്ടും ശബ്ദമുയര്‍ത്തരുതെന്ന് ഇതിനര്‍ത്ഥമില്ല. വിഷയത്തിന്റെ ഗൗരവത്തിനനുസരിച്ച് ശബ്ദം ക്രമീകരിക്കണം. കാരണം, ദജ്ജാലിന്റെ ഫിത്ന പരിചയപ്പെടുത്തുമ്പോള്‍ നബി(സ്വ) ശബ്ദം വ്യതിയാനം വരുത്തിയത് ഹദീസില്‍ കാണാം.
ശരീരഭാഷ
വാക്കുകളെ പോലെത്തന്നെ ആശയം പ്രതിഫലിപ്പിക്കുന്നതില്‍ ശരീരഭാഷക്ക് വലിയ പങ്കുണ്ട്. കൈ, കണ്ണ്, മുഖഭാവം ഇവയുടെ ചലനങ്ങളാണ് ശരീരഭാഷയില്‍ പ്രധാനം. പറയുന്ന വിഷയത്തോട് യോജിച്ച രീതിയിലാവണം ആംഗ്യം. ഉദാഹരണത്തിന്, വലിയ വസ്തു എന്നു പറയുകയും കൈകൊണ്ട് സൂചിപ്പിക്കുന്നത് ചെറിയ വസ്തു ആകുകയും ചെയ്യുന്നത് അരോചകമാണ്. ചില പ്രഭാഷകര്‍ അസ്ഥാനത്തായിരിക്കും വിരല്‍ ചൂണ്ടുന്നത്. മറ്റു ചിലര്‍ സന്ദര്‍ഭോചിതമല്ലാതെ കൈകള്‍ കൊണ്ട് കസര്‍ത്ത് കാണിക്കും. പ്രഭാഷണം ഗ്രഹിക്കുന്നതിനു പകരം ഈ ചേഷ്ഠകള്‍ മാത്രം ശ്രദ്ധിക്കാന്‍ കാരണമാകും ഇതെല്ലാം. ചുരുക്കത്തില്‍ അംഗവിക്ഷേപങ്ങള്‍ സൃഷ്ടിക്കേണ്ട ഒന്നല്ല, വാക്കിനും ആശയത്തിനുമനുസരിച്ച് സ്വാഭാവികമായി ഉണ്ടാകുന്നതാണ്.
സമയക്രമീകരണം
ഇത് പ്രസംഗ വിജയത്തിന് ഏറെ പ്രധാനമാണ്. പത്തുമിനിറ്റ് പ്രസംഗിക്കാന്‍ ഒരു മണിക്കൂര്‍ ഒരുങ്ങണം. എന്നാല്‍ ഒരു മണിക്കൂര്‍ പ്രഭാഷണം നടത്താന്‍ പത്തുമിനിറ്റ് നേരത്തെ മുന്നൊരുക്കം മതി. ഉദ്ദേശിച്ച പോയിന്‍റുകള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ പറഞ്ഞു ഫലിപ്പിക്കണമെങ്കില്‍ നന്നായി ചിട്ടപ്പെടുത്തേണ്ടതുകൊണ്ടാണിത്. രണ്ടു മണിക്കൂറെങ്കിലുമില്ലാതെ എന്തെങ്കിലും പറഞ്ഞു തീര്‍ക്കാന്‍ കഴിയില്ലെന്നു ചിലര്‍ പറയാറുണ്ട്. അര മണിക്കൂറോളം ആമുഖം നീട്ടുന്നവരും സമയം ബാക്കിയാവുമോ എന്നു കരുതി വിഷയത്തില്‍ നിന്ന് വ്യതിചലിച്ച് കാടുകയറുന്നവരും സത്യത്തില്‍ ശ്രോതാക്കളുടെ ക്ഷമ പരിശോധിക്കുകയാണ്.
വിഷയാധിഷ്ഠിതമാവുക
ശ്രോതാക്കളുടെ വിശപ്പടങ്ങണമെങ്കില്‍ പ്രഭാഷണം വിഷയാധിഷ്ഠിതമാവണം. വിഷയം നേരത്തേ പരസ്യപ്പെടുത്തിയതാണെങ്കില്‍ അതുതന്നെ കൈകാര്യം ചെയ്യണം. പ്രഭാഷകന്‍ സ്ഥലത്ത് എത്തിക്കഴിഞ്ഞാല്‍ പലരും വന്ന് പ്രസംഗത്തില്‍ പരാമര്‍ശിക്കേണ്ട വിഷയങ്ങള്‍ സൂചിപ്പിക്കും. ചിലത് അവരുടെ കുടുംബ പ്രശ്നമായിരിക്കും, മറ്റു ചിലത് അവരുടെ എതിരാളികളെ ലക്ഷ്യം വെച്ചായിരിക്കും. പ്രഭാഷകന്‍ ഒരിക്കലും ഇത്തരക്കാര്‍ക്കു വേണ്ടി നേരത്തെ നിശ്ചയിച്ച വിഷയത്തില്‍ നിന്നും മാറി സംസാരിക്കരുത്. ഗുണത്തിലേറെ ദോഷമേ അതു വരുത്തിവെക്കൂ.
നല്ല ഭാഷ
ഉച്ചാരണ ശുദ്ധി, കുറിക്കു കൊള്ളുന്ന പ്രയോഗങ്ങള്‍, എല്ലാവര്‍ക്കും ഗ്രാഹ്യമായ പദങ്ങള്‍ എന്നിവയുണ്ടായാല്‍ നല്ല ഭാഷയായി. ചിരപരിചിതമല്ലാത്ത പദങ്ങള്‍ പ്രയോഗിച്ചാല്‍ ഉടനെ എല്ലാവര്‍ക്കും ഉള്‍ക്കൊള്ളാവുന്ന പര്യായപദവും പറയണം. അപരിചിത പദങ്ങളും പ്രയോഗങ്ങളും തെരഞ്ഞുപിടിച്ച് പ്രയോഗിക്കുന്നത് ശ്രോതാക്കളെ കുഴക്കാന്‍ മാത്രമേ ഉപകരിക്കൂ.
തുടക്കം നന്നാക്കുക
ആദ്യത്തെ ഇരുപത് മിനിറ്റ് വളരെ പ്രധാനമാണ്. അത്രയും സമയം ആരും സഹിച്ചിരിക്കും. അതിനു ശേഷം സദസ്സിനെ പിടിച്ചിരുത്താന്‍ കഴിയണമെങ്കില്‍ തുടക്കം നന്നായിരിക്കണം. അതിന് ചില തന്ത്രങ്ങള്‍ സ്വീകരിക്കാം.
ഒന്ന്: ജിജ്ഞാസയുണ്ടാക്കുന്ന ഒരു ശീര്‍ഷകം മുന്നില്‍ വെച്ച് തുടങ്ങുക.
രണ്ട്: സദസ്സിനെ അലട്ടുന്ന ഒരു പ്രശ്നത്തിന്റെ പരിഹാരം തന്റെ പക്കലുണ്ടെന്ന് ധ്വനിപ്പിക്കുക.
മൂന്ന്: തൊട്ടുമുമ്പ് നടന്ന ഒരു പ്രതിഭാസത്തെ പരാമര്‍ശിച്ച് പ്രസംഗം ആരംഭിക്കുക.
നാല്: ആ പ്രദേശത്തിന്റെ പാരമ്പര്യമോ അടുത്തിടെ അവിടെ മരണപ്പെട്ട ഒരു പൊതു സമ്മതനെ അനുസ്മരിച്ചോ തുടങ്ങുക.
അഞ്ച്: തനിക്കുണ്ടായ വേദനാജനകമോ സന്തുഷ്ടകരമോ ആയ ഒരനുഭവം പരാമര്‍ശിച്ച് ആരംഭിക്കുക.
ആറ്: മുന്‍ പ്രസംഗകനെയോ സംഘാടകരെയോ പുകഴ്ത്തി സമയം കളയാതെ വിഷയത്തിലേക്ക് കടക്കുക.
ഉപമകള്‍ ഉപയോഗിക്കുക
കാര്യങ്ങള്‍ എളുപ്പത്തില്‍ ധരിപ്പിക്കാന്‍ ഉപമകള്‍ സഹായകമാണ്. വിശുദ്ധ ഖുര്‍ആന്‍ സ്വീകരിച്ച നല്ല മാതൃകയാണിത്. ശ്രോതാക്കളെ ചിന്തിപ്പിക്കാനും ഉണര്‍ത്താനും വേണ്ടിയുള്ളതാവണം ഉപമകള്‍, ചിരിപ്പിക്കാന്‍ മാത്രമാവരുത്. ഉപമകള്‍ മാന്യവുമാവണം. പ്രഭാഷകന്റെ നിലവാരമിടിക്കുന്ന പ്രയോഗങ്ങളാവരുത്. ആത്മീയ പ്രഭാഷണങ്ങളുടെ അവസാന ഭാഗം ചിരിപ്പിക്കുന്നതാവരുത്. ചിന്തിപ്പിക്കുന്നതും കരയിപ്പിക്കുന്നതുമാവണം.
വിഭവ സമൃദ്ധമാക്കുക
എല്ലാ ചേരുവകളും മേളിച്ചതാവുമ്പോഴാണ് പ്രഭാഷണം വിഭവസമൃദ്ധമാവുക. നിശ്ചിത വിഷയത്തില്‍ ഒതുങ്ങിനില്‍ക്കുന്നതോടൊപ്പം ഇടയില്‍ ചില മസ്അലകള്‍, ജീവിതാനുഭവം, കവിതകള്‍, ആവശ്യത്തിന് ഉപമകള്‍, ചരിത്രകഥകള്‍, സദസ്സിലെ എല്ലാ വിഭാഗങ്ങളെയും സ്പര്‍ശിക്കുന്ന അവതരണ രീതി എന്നിവയെല്ലാം പരിഗണിച്ചാല്‍ പ്രഭാഷണം ഹൃദ്യമായിരിക്കും, വിഭവസമൃദ്ധവും. മസ്അലകള്‍ മാത്രം പറയുന്നതും ചരിത്രത്തില്‍ നിന്നും ചരിത്രത്തിലേക്ക് എന്ന രീതിയും സദസ്സിനെ അലോസരപ്പെടുത്തും. ചരിത്ര കഥകള്‍ പറഞ്ഞാല്‍ വിഷയവുമായി അതിനെ ബന്ധിപ്പിക്കുകയും ഗുണപാഠമെന്താണെന്ന് പരാമര്‍ശിക്കുകയും വേണം. ഇതെല്ലാം പ്രഭാഷണം സുന്ദരവും ആകര്‍ഷകവുമാക്കാന്‍ സ്വീകരിക്കാവുന്ന കാര്യങ്ങളാണ്.
പ്രസംഗകല2/റഹ്മതുല്ലാഹ് സഖാഫി എളമരം

Exit mobile version