പ്രസംഗ മാറ്റര്‍ തയ്യാറാക്കുമ്പോള്‍

പ്രഭാഷണത്തിനുള്ള മാറ്റര്‍ തയ്യാറാക്കുമ്പോള്‍ സദസ്സും നാടും സാഹചര്യങ്ങളും വിലയിരുത്തണം. ശ്രോതാക്കളുടെ മതം, രാഷ്ട്രീയം, വിദ്യാഭ്യാസ നിലവാരം, സാമ്പത്തികാവസ്ഥ എന്നിവയെക്കുറിച്ച് ധാരണ രൂപപ്പെടുത്തുകയും വേണം. മുസ്‌ലിംകള്‍ മാത്രമുള്ള പ്രദേശത്തെ പ്രഭാഷണവും ഇതര മതവിഭാഗങ്ങള്‍ കൂടി താമസിക്കുന്ന സ്ഥലത്തെ പ്രസംഗവും ഈ വ്യത്യാസം പരിഗണിച്ചാവണം. ചേരിതിരിവിനും വിദ്വേഷത്തിനും ഇടയാക്കുന്ന പ്രസംഗമാവരുത്.
ഇതുപോലെ സദസ്സില്‍ ഏതു പ്രായക്കാരാണ് കൂടുതലുള്ളത്, സ്ത്രീകളുടെയും കുട്ടികളുടെയും സാന്നിധ്യം എന്നിവയെല്ലാം ചോദിച്ചറിയണം. സമയക്രമത്തില്‍ പരിധിലംഘനം പാടില്ല. ചുരുക്കത്തില്‍ ഇത്തരം കാര്യങ്ങളെല്ലാം വിലയിരുത്തി വേണം മാറ്റര്‍ തയ്യാറാക്കാനും പ്രസംഗിക്കാനും.
വിശ്വ മാനവിക മനസ്സോടെയാവണം വിഷയാവതരണം. ശിലാഹൃദയനോ പക്ഷപാതിയോ ആവരുത്. പക്ഷികള്‍, മൃഗങ്ങള്‍, ഇഴജന്തുക്കള്‍ തുടങ്ങി മനുഷ്യേതര ജീവികള്‍ക്കും മനുഷ്യരിലെ എല്ലാ വിഭാഗങ്ങള്‍ക്കും നന്മ ലഭിക്കുന്നതാവണം നമ്മുടെ പ്രഭാഷണം. വികാരങ്ങള്‍ക്ക് അടിപ്പെടാതെയും സംഘാടകരുടെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങാതെയും അടിസ്ഥാന നിയമങ്ങള്‍ പാലിച്ചുകൊണ്ടും വേണം അവതരണം.
നബി(സ്വ) പ്രസംഗത്തിന്റെ ആമുഖമായി ചൊല്ലിയിരുന്ന ഹംദ്, സ്വലാത്ത് തുടങ്ങിയ ഉപചാരങ്ങള്‍ പരിഗണിക്കണം. സമയത്തിനനുസരിച്ച് നീട്ടുകയോ ചുരുക്കുകയോ ആവാം. വഅളിന്റെ തുടക്കത്തിലാണെങ്കില്‍ പോലും മൂന്നുമിനിറ്റിലേറെ ഇതു നീട്ടുന്നത് അനുചിതമാണ്.
ഉപചാരം കഴിഞ്ഞാല്‍ അവതരിപ്പിക്കാന്‍ പോകുന്ന വിഷയത്തിന്റെ ചൊറിയൊരാമുഖം പറയണം. ഇതില്‍ വിഷയം എന്താണെന്നും അതു പഠിക്കുന്നതിന്റെ നേട്ടങ്ങളും ഹ്രസ്വമായി പരാമര്‍ശിക്കണം. ചില പ്രഭാഷണങ്ങള്‍ അര മണിക്കൂര്‍ കഴിഞ്ഞാലും എന്താണ് ഇദ്ദേഹം പറയാന്‍ പോകുന്നത് എന്നു സദസ്സിന് പിടികിട്ടുകയില്ല. ചിലപ്പോള്‍ പ്രഭാഷകനും ഇതേയവസ്ഥയിലായിരിക്കും. അപ്പോഴാണ് ‘ഞാന്‍ പറഞ്ഞുവരുന്നത്’ എന്ന് ഇടക്കിടക്ക് പറയേണ്ടിവരിക.
അവതരണം ശ്രദ്ധേയമാകാന്‍ വിഷയത്തെ മൂന്നോ നാലോ ഭാഗമായി വിഭജിക്കുക. ഉദാഹരണത്തിന് സാമ്പത്തിക മാന്ദ്യം എന്ന വിഷയം തയ്യാറാക്കുമ്പോള്‍ ഇതിനെ നാലായെങ്കിലും വര്‍ഗീകരിക്കുക. സമ്പത്തിന്റെ പ്രാധാന്യം, സാമ്പത്തിക മാന്ദ്യത്തിന്റെ കാരണങ്ങള്‍, മാന്ദ്യം മറികടക്കാനുള്ള ഉപായങ്ങള്‍, സാമ്പത്തിക ശാസ്ത്രത്തിന്റെ ഇസ്‌ലാമിക ബദല്‍ എന്നിങ്ങനെ നാലു ഭാഗങ്ങളായാണ് ഞാന്‍ വിഷയാവതരണം നടത്തുന്നത് എന്ന് തുടക്കത്തില്‍ തന്നെ പറഞ്ഞാല്‍ ഓരോ ഭാഗവും കേള്‍ക്കണമെന്ന് സദസ്സ് ആഗ്രഹിക്കും. പ്രഭാഷകന് വിഷയവും സമയക്രമവും പാലിക്കാനുമാവും. ഏറ്റവും പ്രധാനപ്പെട്ട ഭാഗം അവസാനത്തേക്ക് മാറ്റിയാല്‍ ശ്രോതാക്കളില്‍ അവസാനം വരെ ആകാംക്ഷ നിലനിറുത്താന്‍ കഴിയും.
വിഷയങ്ങള്‍ പഠിച്ചായിരിക്കണം മാറ്റര്‍ തയ്യാറാക്കേണ്ടത്. മറ്റു പ്രസംഗങ്ങളെയോ പത്രവാര്‍ത്തകളെയോ അവലംബിച്ചാവരുത്. ദിനപത്രങ്ങളുടെ ആയുസ്സ് 24 മണിക്കൂറില്‍ താഴെയാണ്. പല വാര്‍ത്തകളും തിരക്കിട്ടു തയ്യാറാക്കുന്നതിനാല്‍ അസത്യമോ അര്‍ധസത്യമോ ആയിരിക്കും. വിഷയം പഠിക്കാന്‍ കുറേ കൂടി സമയം ലഭിക്കുന്നതിനാല്‍ ആനുകാലികങ്ങളില്‍ വരുന്നത് വസ്തുനിഷ്ഠമാവാന്‍ കൂടുതല്‍ സാധ്യതയുണ്ട്.
മസ്അലകള്‍ പറയുമ്പോള്‍ ആധികാരിക ഗ്രന്ഥങ്ങളില്‍ കണ്ടു ബോധ്യമായതു മാത്രം പറയുക. ആയത്തുകള്‍ക്ക് അംഗീകൃത തഫ്സീര്‍ ഗ്രന്ഥങ്ങളെ ആശ്രയിക്കുക. പൊതുകാര്യങ്ങള്‍ക്ക് ഇയര്‍ബുക്കുകള്‍, സര്‍ക്കാര്‍ രേഖകള്‍, നിയമസഭയിലെ ചോദ്യോത്തരങ്ങള്‍, പഞ്ചായത്തിന്റെ പ്രസിദ്ധീകരണങ്ങള്‍ തുടങ്ങിയവ അവലംബിക്കാം.
പ്രഭാഷകന്റെ വായന
പരന്ന വായന പ്രഭാഷകന്റെ ഹോബിയായിരിക്കണം. ഭാഷയാണ് തന്റെ ആയുധമെന്ന് വിസ്മരിക്കരുത്. കാലത്തോടൊപ്പം വളരുകയും വികസിക്കുകയും ചെയ്യുന്ന ഒന്നാണ് ഭാഷ. വായിക്കാത്തവന്റെ ഭാഷ വളരുകയില്ല, പ്രഭാഷണം വിളവും തരില്ല. ‘സൃഷ്ടിച്ച നിന്റെ നാഥന്റെ നാമത്തില്‍ വായിക്കുക’ എന്ന ആഹ്വാനത്തിലൂടെ വായനാ വിപ്ലവത്തിനു തുടക്കമിട്ടത് വിശുദ്ധ ഖുര്‍ആനാണ്. കേരളീയ സമൂഹത്തില്‍ വായനയില്‍ മുസ്‌ലിംകള്‍ ഒട്ടും പിന്നിലുമല്ല. മലബാര്‍ കേന്ദ്രീകരിച്ച് മാത്രം നാല്‍പതോളം പ്രസിദ്ധീകരണങ്ങള്‍ മുസ്‌ലിംകളുടേതായി ഇറങ്ങുന്നുണ്ടെന്നോര്‍ക്കുക. ദിവസവും വായിക്കാത്തവന്‍ പിന്നോട്ട് തള്ളപ്പെടും. വായിക്കുന്നതിനു മുമ്പ് പ്രസിദ്ധീകരണം ആരുടേതാണെന്നു ശ്രദ്ധിക്കണം. വാര്‍ത്തകളിലും ലേഖനങ്ങളിലുമെല്ലാം പ്രസിദ്ധീകരിക്കുന്ന വിഭാഗത്തിന്റെ താല്‍പര്യങ്ങളുണ്ടാവും. അതിനാല്‍ വരികള്‍ക്കിടയിലൂടെ വായിക്കാന്‍ പഠിക്കണം.
വായിക്കുമ്പോള്‍ ആദ്യം തലവാചകങ്ങളും തുടര്‍ന്ന് പ്രാധാന്യമുള്ളവ പൂര്‍ണമായും വായിക്കുക. പ്രഭാഷണ വിഷയമാക്കാന്‍ പറ്റുന്നവ അണ്ടര്‍ലൈന്‍ ചെയ്ത് ഇത് ഏതു വിഷയത്തിലേക്ക് ചേര്‍ക്കാം എന്നുകൂടി കുറിച്ചുവെക്കുക. വാര്‍ത്താ കട്ടിംഗുകള്‍ ശേഖരിച്ചുവെക്കാന്‍ വിഷയം തിരിച്ചുള്ള ഫയലുകള്‍ സഹായിക്കും. വിശ്വാസം, കര്‍മശാസ്ത്രം, സ്വഭാവശാസ്ത്രം, ആരോഗ്യം, മനഃശാസ്ത്രം, രാഷ്ട്രീയം, കുടുംബം… ഓരോന്നിനും പ്രത്യേക ഫയലുകള്‍ ഉണ്ടാവണം. പുത്തന്‍വാദികളില്‍ ഓരോ വിഭാഗത്തെക്കുറിച്ചും പ്രത്യേകം ഫയലുകള്‍ സൂക്ഷിക്കുന്നതും നല്ലതാണ്.
വായിക്കുമ്പോള്‍ പുതിയ പദങ്ങളും പ്രയോഗങ്ങളും കണ്ടാല്‍ ശ്രദ്ധിക്കണം. അനുയോജ്യമായ സ്ഥലത്ത് അതുപയോഗിക്കാം. കാലത്തെ അറിഞ്ഞ ശൈലിയും ഭാഷയും ഉണ്ടാവാന്‍ വായന തന്നെയാണ് വഴി. ‘വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും, വായിച്ചു വളര്‍ന്നാല്‍ വിളയും, വായിക്കാതെ വളര്‍ന്നാല്‍ വളയും’ എന്ന കുഞ്ഞുണ്ണി മാഷുടെ വരികള്‍ ശ്രദ്ധേയം.
(അവസാനിച്ചു)

 

പ്രസംഗകല4/റഹ്മതുല്ലാഹ് സഖാഫി എളമരം

Exit mobile version