പർണശാലയിൽ പുതുവസന്തം വിടരുന്നു

മൂന്നുനാൾ മുമ്പ് വീണ്ടെടുപ്പിന്റെ അവസാന ശ്രമങ്ങൾക്കും എത്തിപ്പിടിക്കാനാവാതെ നിരാശയുടെ നീർക്കയത്തിൽ ആഴ്ന്നുപോയ തങ്ങളുടെ പ്രിയപ്പെട്ട ശൈഖ് ഇതാ കൺമുന്നിൽ! ടൈഗ്രീസിന്റെ തെളിനീരിൽ മുങ്ങിക്കുളിച്ച് ശഹാദത്ത് കലിമ ചൊല്ലിക്കൊണ്ട് നിൽക്കുന്ന അദ്ദേഹത്തെ കണ്ടപ്പോൾ അവർ സന്തോഷതുന്ദിലരായി. ശിഷ്യരുടെ അടുത്തേക്കു ചെന്ന് അദ്ദേഹം പറഞ്ഞു: എനിക്കൊരു വൃത്തിയുള്ള വസ്ത്രം തരൂ.’
ഈമാനിന്റെ നിലാതീരത്ത് വിശുദ്ധിയുടെ പുതുവസ്ത്രമണിഞ്ഞ് മഹാൻ നാഥനു സുജൂദിൽ വീണു. നിസ്‌കാരം പൂർത്തീകരിച്ച് അവിടെത്തന്നെ ഇരുന്നു. ശിഷ്യർക്ക് ആശ്വാസമായി. പല ചോദ്യങ്ങൾ അവരുടെ നാവിൻ തുമ്പിലുണ്ടായിരുന്നു. ഗുരുസവിധത്തിലേക്ക് നീങ്ങിനിന്ന് ജഗന്നിയന്താവിനെ സ്തുതിച്ച് അവർ പറഞ്ഞു: ‘കണ്ണിയറ്റ ബന്ധം വിളക്കിച്ചേർത്ത് അങ്ങയെ ഞങ്ങൾക്കു തിരിച്ചുതന്ന അല്ലാഹുവിന് സ്തുതി! എന്താണുണ്ടായതെന്ന് ഒന്നു പറയാമോ?
ജീവിതം ഒന്നാകെ ഉഴുതുമറിച്ച വിസ്മയ കഥകളുടെ ചുരുളഴിയുകയായിരുന്നു അവിടെ. പന്നിക്കൂട്ടങ്ങളെ മേച്ച് കുഫ്‌റിന്റെ മാലിന്യത്തെരുവുകളിൽ അലയുമ്പോഴും ബഗ്ദാദിലെ വസന്ത കാലത്ത് ഹൃദയ കോണുകളിൽ അണയാതെ സൂക്ഷിച്ചിരുന്ന ഇലാഹീ പ്രേമത്തിന്റെ ചെറുകനലുകൾ കൂരിരുട്ടിൽ മിന്നാമിനുങ്ങു പോലെ കെടാതെ കിടക്കുന്നുണ്ടായിരുന്നു. മൂന്നുനാൾ മുമ്പ് ആ ഇരുണ്ട ഗ്രാമത്തിൽ ശിഷ്യർ വിട്ടേച്ചുപോന്നപ്പോൾ കൈവിട്ടുപോയെന്നു കരുതിയ ആ പഴയകാല പ്രണയത്തെ മുൻനിർത്തി അദ്ദേഹം അവസാനമായി തന്റെ നാഥനോട് പറഞ്ഞു: ‘മൗലാ, അക്രമിയായ പാപിയാണ് ഞാൻ. നീ കനിഞ്ഞില്ലെങ്കിൽ എനിക്ക് മറ്റാരാണുള്ളത്? അതു സ്വീകരിച്ച് റബ്ബ് എനിക്ക് മാപ്പുതന്നു. കനിവിന്റെ കരിമ്പടത്താൽ അവനെന്നെ മൂടി.’
അവർ വീണ്ടും തിരക്കി: ‘അല്ലാഹു സാക്ഷി, അന്നാ പെൺകുട്ടിയെ സ്‌നേഹിക്കാൻ വല്ല കാരണവുമുണ്ടായിരുന്നോ?’
‘ഉണ്ട്. നമ്മൾ ആ ഗ്രാമത്തിലെത്തിയ അന്ന് നിങ്ങൾ വെള്ളമന്വേഷിച്ച് ആ ചർച്ചുകൾക്ക് ചുറ്റും നടന്നപ്പോൾ കുരിശാരാധകരായ അവിശ്വാസികളെ കണ്ട് ഞാൻ മനസ്സിലിങ്ങനെ പറഞ്ഞു: സത്യവിശ്വാസിയായ എന്നെ അപേക്ഷിച്ച് ഇവർക്കെന്തു സ്ഥാനം?! അന്നേരം എന്റെ അന്തരാത്മാവിൽ ഒരു വിളിയാളം മുഴങ്ങി: ഇതൊന്നും താങ്കളുടെ ചെയ്തിയല്ല. നാമത് ബോധ്യപ്പെടുത്തിത്തരാം. പിന്നീട് ഞാനൊരു കാഴ്ച കണ്ടു, എന്റെ ഹൃദയത്തിന്റെ ഭാഗത്തു നിന്നും ഒരു പക്ഷി പറന്നകലുന്നു. ശിഷ്യരേ, അതെന്റെ ഈമാനായിരുന്നു!’
ശൈഖിന്റെ വിവരണം കേട്ട് ശിഷ്യർ നടുങ്ങി. ഈമാൻ നഷ്ടപ്പെടാൻ വലിയ കാരണങ്ങളൊന്നും വേണ്ടതില്ല. ആർക്കും അതു സംഭവിക്കാം. തിരികെ കിട്ടുന്നവർ അപൂർവം.
ശൈഖ് മടങ്ങിയെത്തിയ ദിനം ബഗ്ദാദിനു മറക്കാനാവില്ല. കണക്കറ്റ ജനങ്ങൾ അന്നവിടെ തടിച്ചുകൂടി. മനസ്സകങ്ങളിൽ ആനന്ദം നൃത്തമാടി. അടഞ്ഞുകിടന്ന പർണശാലകളുടെ കവാടങ്ങൾ മലർക്കെ തുറക്കപ്പെട്ടു. രാജ്യം ഭരിക്കുന്ന ഖലീഫ പോലും അദ്ദേഹത്തെ കാണാനെത്തി. ഗുരുസവിധത്തിലേക്ക് ധാരാളം സമ്മാനങ്ങളും കൊടുത്തയച്ചു.
എല്ലാവരെയും അത്ഭുതപ്പെടുത്തിയതും ആശ്വസിപ്പിച്ചതും ഇടക്കാലത്ത് നഷ്ടപ്പെട്ടതെല്ലാം മഹാന് തിരിച്ചുകിട്ടിയെന്നതാണ്. മറന്നുപോയ പരിശുദ്ധ ഖുർആനും ഹദീസുകളും മനോദർപ്പണത്തിൽ വീണ്ടും തെളിഞ്ഞു; ഒരക്ഷരത്തിനു പോലും ഭംഗം വരാതെ. അനുഗ്രഹ വർഷം അവിടം കൊണ്ടവസാനിച്ചില്ല. ധാരാളം ഹദീസുകൾ പിന്നെയും മന:പാഠമാക്കി. ആ ജ്ഞാന മന്ദിരം വീണ്ടും മഹാപണ്ഡിതരാലും സൂഫി ശ്രേഷ്ഠരാലും നിറഞ്ഞു. നാൽപതിനായിരം പേർ പിന്നീടവിടെ അറിവ് നുകരാൻ വന്നു. ദീർഘകാലം അതങ്ങനെ തന്നെ നിലനിന്നു.
ടൈഗ്രീസ് നിറഞ്ഞും മെലിഞ്ഞും പിന്നെയും പ്രവഹിച്ചു. പരസ്പരം ലയിച്ച് ഒന്നാകേണ്ടിയിരുന്ന രണ്ടു നദികളിലൊന്ന് വീണ്ടുമൊഴുകിത്തുടങ്ങിയിരിക്കുന്നു. ജലാർദ്രമായ അതിന്റെ തീരത്തെ തോട്ടങ്ങളും കൃഷിയിടങ്ങളും തഴച്ചുവളർന്ന് സമൃദ്ധമാകുന്നു. എന്നാൽ ആ രണ്ടാം നദിയുടെ അവസ്ഥ ഇന്നെന്തായിരിക്കും? ടൈഗ്രീസ്, പറയുക. അവളിപ്പോഴും കഴുത്തിൽ കനകമാല്യമണിഞ്ഞ് തന്റെ പിതാവിന്റെ ദുഷ്ട ചിന്തകൾക്ക് ചട്ടുകമായി ആ കിണറിന് സമീപം വന്നു നിൽക്കാറുണ്ടോ? അതല്ല, എന്നെങ്കിലും അവളറിഞ്ഞിരുന്നോ ഒരു ഗുരുശ്രേഷ്ഠൻ തന്നെ സ്വന്തത്തേക്കാൾ സ്‌നേഹിച്ചിരുന്നുവെന്ന്? തനിക്കു വേണ്ടി സകല സൗഭാഗ്യങ്ങളും സ്വന്തം മതം തന്നെയും വലിച്ചെറിഞ്ഞിരുന്നുവെന്ന്? ആ മതം കഠിന മാലിന്യമെന്നു വിധിച്ച പന്നികളെ മേച്ച് ഈ തെരുവിലലഞ്ഞിരുന്നുവെന്ന്? അത്രമേൽ ഒരാൾ തന്നെ സ്‌നേഹിച്ചിരുന്നുവെന്ന് അവളറിഞ്ഞിട്ടുണ്ടെങ്കിൽ ഒരുപക്ഷേ എല്ലാം മറന്ന് അദ്ദേഹത്തെ അവളും സ്‌നേഹിക്കുന്നുണ്ടാകില്ലേ? ടൈഗ്രീസ് പറയുക, അവളിന്നെവിടെയാണ്?
(തുടരും)

 

താജൂദ്ദീൻ അഹ്‌സനി പാണ്ടിക്കാടവ്

Exit mobile version