ഫാത്വിമതുസ്സഹ്‌റാഅ്(റ): മാതൃകയായ സ്വർഗീയ മഹിള

roula ziyarath-malayalam

ലോകവനിതകളിൽ ഉത്തമയെന്ന മഹൽ വിശേഷണത്തിനുടമയാണ് പ്രവാചകരുടെ പ്രിയപുത്രി ഫാത്വിമ(റ). ഈ വിശേഷണത്തിന്റെ അർത്ഥവും വ്യാപ്തിയും വളരെ വലുതാണ്. മുസ്‌ലിം സമൂഹം പൊതുവെ അവരുടെ വ്യക്തിത്വത്തിന്റെ പ്രാധാന്യം അംഗീകരിക്കുന്നവരാണ്. ഒരു സ്ത്രീക്ക് ഇത്രയേറെ പദവി ആയിക്കൂടാ എന്നു ധ്വനിപ്പിക്കുന്ന പ്രവർത്തനങ്ങളും ചർച്ചകളും നടത്തുന്നവർക്കും ഫാത്വിമ(റ)യെ തിരസ്‌കരിക്കാൻ ഇതുവരെ ധൈര്യമുണ്ടായിട്ടില്ല. ബീവിയുടെ സന്താന പരമ്പരയുടെ മഹത്ത്വം അംഗീകരിക്കാൻ തയ്യാറില്ലാത്ത ചിലർ സമുദായത്തിലുണ്ട്. പക്ഷേ, അവരും ഫാത്വിമ(റ)യെ മാതൃകാ വനിതയും ചരിത്ര മഹിളയുമായി അവതരിപ്പിക്കാൻ നിർബന്ധിതരാണ്.
ലോകമുസ്‌ലിംകൾ എക്കാലത്തും ഫാത്വിമ(റ)യെ മാത്രമല്ല അവരുടെ സന്താന പരമ്പരയെയും സ്‌നേഹിക്കുന്നവരും ആദരിക്കുന്നവരുമാണ്. സത്യവിശ്വാസത്തിന്റെ അനിവാര്യതയാണത്. നബിസ്‌നേഹം എന്ന ഈമാനിന്റെ തേട്ടത്തെ യാഥാർത്ഥ്യമാക്കാൻ പ്രവാചകരുടെ ഇഷ്ടം പരിഗണിക്കാതെ പറ്റില്ല. ഫാത്വിമ(റ)യുടെ സന്തോഷവും വിജയവും നബി(സ്വ) അതിയായി ആഗ്രഹിച്ചിട്ടുണ്ട്. അതിനായി പ്രവർത്തിക്കുകയും ചെയ്തു. ആവശ്യമായ നിർദേശങ്ങളും പാഠങ്ങളും സമൂഹത്തിന് നൽകുകയുമുണ്ടായി. അവ സ്വീകരിക്കുന്നവരാണ് യഥാർത്ഥ വിശ്വാസികളായ അഹ്‌ലുസ്സുന്ന. എന്നാൽ ഈ ഉപദേശങ്ങൾ ദുർവ്യാഖ്യാനിക്കുകയും തങ്ങൾക്കനുകൂലമായി വ്യാജ ഹദീസുകൾ നിർമിക്കുകയും ചെയ്ത് ബീവിയുടെ ആളുകളായി ചമയുന്നവരെയും കാണാം. നബിപുത്രി എന്ന നിലയിലുള്ള അംഗീകാരം സാർവത്രികമാണെന്നു സാരം.

പെൺ പദവി

തിരുനബി(സ്വ)ക്കെതിരെ പെൺ വിരോധവും ചൂഷണവും ആരോപിക്കുന്നവർക്ക് ഫാത്വിമ(റ) ഒരു വായടപ്പൻ മറുപടിയാണ്. നബികുടുംബത്തെ നിലനിർത്താൻ നിയോഗമുണ്ടായത് മഹതിക്കാണ്. പെൺ വ്യക്തിത്വത്തിന് ഇസ്‌ലാം നൽകുന്ന പരിഗണനയുടെയും ആദരവിന്റെയും ഉദാഹരണം കൂടിയാണിത്. അലി(റ)വിന് നബികുടുംബത്തിന്റെ പിതാവ് എന്ന പദവി പകർന്നു കിട്ടിയത് തന്നെ ഫാത്വിമ(റ)യിലൂടെയാണ്. അവരുടെ പ്രാധാന്യം മനസ്സിലാക്കാൻ ഇത് ധാരാളമാണ്. അവരൊരു ചരിത്ര വനിത മാത്രമല്ല, മറിച്ച് ഇസ്‌ലാമിക സമൂഹത്തിന് അടിസ്ഥാനപരമായ വിചാരങ്ങളും പാഠങ്ങളുമേകിയ നിർണായക മുദ്ര കൂടിയാണ്.

മാതൃത്വം സ്ത്രീയുടെ മാത്രം യോഗ്യതയാണ്. പിതൃത്വം പുരുഷന്റേതും. പക്ഷേ, പിതൃത്വം നിഷേധിക്കപ്പെടാം, നിരൂപിക്കപ്പെടാം. മാതൃത്വം നിഷേധത്തിനും നിരൂപണത്തിനും അതീതമാണ്. നബികുടുംബത്തിന്റെ നിലനിൽപ്പിന്റെ മുന്നിൽ നിർത്തിയിരിക്കുന്നത് അവരുടെ മാതൃപദവിയാണ്. കാരണം അനിഷേധ്യമായ മാർഗേണയാവണം നബികുടുംബം നിലനിൽക്കേണ്ടതെന്ന നിശ്ചയം അല്ലാഹുവിന്റേതാണ്. അല്ലാഹു ഈ മാതൃപദവിക്കായി തിരഞ്ഞെടുത്തത് ഫാത്വിമ(റ)യെയാണ്. അവരുടേത് മാത്രമായ വിശേഷണമാണ് നബികുടുംബത്തിന്റെ കേന്ദ്ര മാതൃസ്ഥാനം. നിസ്‌കാരത്തിൽ സ്വലാത്ത് ചൊല്ലാനും പരാമർശിക്കാനും നിർദേശിക്കപ്പെട്ട ആലു മുഹമ്മദിന്റെ ഉമ്മയാണവർ.

ആലു മുഹമ്മദ്(സ്വ)

അല്ലാഹുവും അവന്റെ മലക്കുകളും നബിയുടെ മേൽ സലാത്ത് ചെയ്യുന്നുണ്ട്, വിശ്വാസികളേ, നിങ്ങളും നബിയുടെ മേൽ സ്വലാത്തും സലാമും നിർവഹിക്കുക എന്ന കൽപന വന്നപ്പോൾ സ്വഹാബികളിൽ ചിലർ നബിയോട് ചോദിച്ചു: അങ്ങയുടെ മേൽ സലാം ചൊല്ലാൻ ഞങ്ങൾക്കറിയാം. എന്നാൽ സ്വലാത്ത് എങ്ങനെയാണ് നിർവഹിക്കേണ്ടത്? അപ്പോൾ നബി മറുപടി പറഞ്ഞത് ഇങ്ങനെ: നിങ്ങൾ ((സ്വലാത്ത് അറബി)) എന്ന് പറയുക (മുസ്‌ലിം).
നബി(സ്വ)യുടെ മേൽ സ്വലാത്ത് നിർവഹിക്കാൻ പറഞ്ഞതിൽ നബികുടുംബത്തിന്റെ മേൽ സ്വലാത്ത് നിർവഹിക്കാനും കൂടെ അവരുടെ ബറകത്തിന് വേണ്ടി പ്രാർത്ഥിക്കാനുമുള്ള കൽപന അടങ്ങിയിട്ടുണ്ട് എന്ന് ഇതിൽ നിന്ന് വ്യക്തമാണ്. ഈ ആദരണീയരും നിസ്‌കാരത്തിൽ പോലും സ്മരണീയരുമായ ആലു മുഹമ്മദിന്റെ പ്രിയപ്പെട്ട ഉമ്മയാണ് ഫാത്വിമ(റ). മഹതിയുടെയും സന്താനങ്ങളുടെയും പരിശുദ്ധിയും അല്ലാഹു അവർക്ക് നിശ്ചയിച്ചു നൽകിയ ബഹുമതിയും വിശുദ്ധ ഖുർആൻ സൂക്തമോതി നബി(സ്വ) ലോകത്തെ പഠിപ്പിച്ചിട്ടുള്ളതാണ്.

സന്തോഷപ്പിറവി

ഖുറൈശികൾ കഅ്ബ പുനർ നിർമാണം നടത്തിയ വർഷത്തിലായിരുന്നു ഫാത്വിമ(റ)യുടെ ജനനം. നിർമാണഘട്ടത്തിലെ തർക്കം പരിഹരിച്ച സന്തോഷത്തിനൊപ്പം ലഭിച്ച ഇരട്ടി മധുരമാണ് പ്രവാചകരുടെ നാലാമത്തെ പെൺകുട്ടിയായി ഫാത്വിമ(റ)യുടെ ജനനം. നബിയുടെ ജീവിതത്തിലെ സന്തോഷ വർഷമെന്ന് ഈ വർഷത്തെ വിശേഷിപ്പിക്കാനാവും. അഹ്‌ലുബൈത്തിന്റെ മാതാവിന്റെ ജനന വർഷം തന്നെ തിരുഗേഹത്തിന്റെ പുനർ നിർമാണ വർഷവും ഒത്തുവന്നതിൽ ശുഭലക്ഷണം കാണാം. പെൺ പിറവിയെ അപമാനമായി കാണുകയും ചിലരൊക്കെ പെൺകുട്ടികളെ കൊന്നുകളയുകയും ചെയ്യുന്ന കാലത്ത് നാലാമതൊരു പെൺകുട്ടിയുടെ കൂടി പിതാവായി തല ഉയർത്തി നിൽക്കുകയാണ് നബി(സ്വ). ഇതിലൂടെ മക്കക്കാർക്ക് പുതിയൊരു സംസ്‌കൃതി പകർന്നു കൊടുത്തു റസൂൽ. കുഞ്ഞിന്റെ മുഖവും സൗന്ദര്യവും നിറവും ഭാവവുമെല്ലാം ഉപ്പയുടെ പകർപ്പ്. ദഅ്‌വത്തിന്റെ തിരക്കുകളില്ലാത്ത കാലത്തായിരുന്നു ഈ ജനനം. കുഞ്ഞിനോടൊപ്പം ധാരാളം സമയം ചെലവിടാൻ നബി(സ്വ)ക്ക് സാധിച്ചു. പിതാവിന്റെ ജീവിതം പകർത്താൻ ഇത് ബീവിക്ക് വലിയ സഹായമായി. ഫാത്വിമ(റ)യെ മുലയൂട്ടിയത് ഖദീജ ബീവി(റ) മാത്രമായിരുന്നുവെന്ന് ചില ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്.

ഉമ്മു അബീഹാ
സ്വന്തം പിതാവിന് ഉമ്മയെ പോലെയായവൾ എന്നാണ് ഈ വിശേഷണത്തിന്റെ അർത്ഥം. ഫാത്വിമ(റ) തിരുനബി(സ്വ)ക്ക് പ്രിയപ്പെട്ട പുത്രിയാണ്. ഫാത്വിമ(റ)ക്ക് നബി(സ്വ) പ്രിയങ്കരനായ പിതാവും. പ്രകൃതിപരമായ സ്‌നേഹ പാരസ്പര്യങ്ങൾ അവർ തമ്മിലുണ്ടാവുക സ്വഭാവികം. എന്നാൽ ഫാത്വിമ(റ) നബി(സ്വ)യുടെ പ്രബോധന ജീവിതത്തിലെ പ്രയാസകരമായ രംഗങ്ങൾ നേരിട്ട് കാണുകയും അവിടത്തേക്ക് സാന്ത്വനവും സഹായവുമാവുകയും ചെയ്തവരാണ്. കുഞ്ഞിളം പ്രായത്തിൽ തന്നെ സ്വന്തം പിതാവിനെ അടുത്ത ബന്ധുക്കളടക്കം കഷ്ടപ്പെടുത്തുന്നത് അവർ നേരിട്ട് കണ്ടു. ചെറു പ്രായത്തിൽ മക്കളെ സ്‌നേഹിക്കുകയും ലാളിക്കുകയും ചെയ്യുന്നത് മാതാപിതാക്കളുടെ ശീലമാണ്. എന്നാൽ ഈ പീഡനപർവങ്ങൾക്കിടയിൽ ഉപ്പയെ സഹായിക്കേണ്ട സാഹചര്യമാണ് മഹതിക്ക് ചെറിയ പ്രായത്തിലുണ്ടായത്. നബിയുടെ വഫാത്ത് വരെ പ്രത്യേക കരുതലും സാന്ത്വനവും അവർ നബി(സ്വ)ക്കു നൽകുകയുണ്ടായി. ഇത് ഫാത്വിമ(റ)യുടെ നിയോഗമായിരുന്നു. അതുകൊണ്ടാണ് സ്വന്തം പിതാവിന്റെ ഉമ്മ(ഉമ്മു അബീഹാ) എന്ന അപരനാമം അവർക്കുണ്ടായത്.

കനൽ പഥങ്ങളിലൂടെ

ഫാത്വിമ(റ)ക്ക് അഞ്ച് വയസ്സുള്ളപ്പോഴാണ് നബി(സ്വ) നുബുവ്വത്ത് പ്രഖ്യാപിച്ചത്. അന്നുമുതൽ തന്നെ സ്വന്തം കുടുംബമടക്കം മക്കയിലെ മാടമ്പിമാർ തിരുനബി(സ്വ)ക്കെതിരായി. കുറച്ചു മാസങ്ങൾ കഴിഞ്ഞ് കുടുംബത്തിൽ പരസ്യ പ്രഖ്യാപനത്തിന് നിർദേശമുണ്ടായി. അതോടെ ശത്രുത വർധിക്കുകയും റസൂൽ(സ്വ)യെ പീഡിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു. എട്ടു വയസ്സ് പ്രായമുള്ളപ്പോൾ മുതൽ ഫാത്വിമ(റ)ക്ക് സ്വന്തം പിതാവിന്റെ വിഷമതകൾ നേരിട്ട് കാണേണ്ടിവന്നു. പ്രിയ പിതാവിനെ സ്വന്തം ബന്ധുക്കൾ തന്നെ ഉപദ്രവിക്കുന്നത് കണ്ട് കണ്ണീരൊലിപ്പിക്കാനും വിഷമിക്കാനും മാത്രം കഴിയുന്ന പ്രായം. ഒരിക്കൽ തനിക്കുണ്ടായ അനുഭവം ഇബ്‌നുമസ്ഊദ്(റ) പറയുന്നുണ്ട്. തിരുനബി(സ്വ) കഅ്ബയുടെ പരിസരത്ത് നിസ്‌കരിക്കുകയാണ്. അബൂജഹ്‌ലും സിൽബന്ധികളും പരിസരത്തുണ്ട്. തലേന്നാൾ കശാപ്പ് ചെയ്ത ഒരു ഒട്ടകത്തിന്റെ കുടൽമാലകൾ സമീപത്തുണ്ടായിരുന്നു. അബൂജഹ്ൽ കൂടെയുള്ളവരോട് ചോദിച്ചു: ആരാണ് ആ കുടൽമാലകൾ എടുത്ത് മുഹമ്മദ് സുജൂദ് ചെയ്യുമ്പോൾ പിരടിയിൽ ഇടുക? ഇതു കേട്ട് ആവേശഭരിതനായ ഒരു ഭാഗ്യദോഷി അതെടുത്തു കൊണ്ടുവന്ന് നബി(സ്വ)യുടെ ചുമലിൽ ചാർത്തി. സുജൂദിൽ നിന്ന് ഉയരാൻ സാധിക്കാതെ വിഷമിക്കുന്ന നബി(സ്വ)യെ കണ്ട് അവർ പൊട്ടിച്ചിരിച്ചു നൃത്തം ചെയ്തു. ഇബ്‌നുമസ്ഊദ്(റ) തുടരുന്നു: എനിക്കത് തടയുവാൻ സാധിക്കുമായിരുന്നില്ല, അങ്ങനെയിരിക്കെ ആരോ ഇക്കാര്യം ഫാത്വിമ(റ)യെ അറിയിച്ചു. ചെറിയ പെൺകുട്ടിയാണ് അവരന്ന്. പക്ഷേ, അവർ ഓടിവന്ന് നബി(സ്വ)യുടെ ചുമലിൽ നിന്ന് ആ മാലിന്യങ്ങൾ പണിപ്പെട്ട് വലിച്ചുമാറ്റി. പരിസരത്തിരിക്കുന്ന അക്രമികളോട് കയർത്തു സംസാരിച്ചു. നിസ്‌കാര ശേഷം നബി(സ്വ) ഉറക്കെ പ്രാർത്ഥിച്ചു. പ്രാർത്ഥിക്കുകയാണെങ്കിൽ മൂന്നുവട്ടം, ചോദിക്കുകയാണെങ്കിൽ മൂന്നുവട്ടം എന്നതാണ് നബി(സ്വ)യുടെ രീതി. അവിടന്ന് പറഞ്ഞു: അല്ലാഹുവേ, ഖുറൈശികളെ നീ ഒതുക്കേണമേ, മൂന്നു പ്രാവശ്യം ഇങ്ങനെ പ്രാർത്ഥിച്ചത് കേട്ടപ്പോൾ അവരുടെ ചിരിയെല്ലാം അവസാനിച്ചു. നബി(സ്വ)യുടെ പ്രാർത്ഥനയുടെ ഗൗരവം അവരെ ഭയപ്പെടുത്തി. നബി(സ്വ) വീണ്ടും തുടർന്നു: അല്ലാഹുവേ, അബൂജഹലിനെയും ഉത്ബതിനെയും ശൈബതിനെയും വലീദിനെയും ഉമയ്യതിനെയും നീ ഒതുക്കേണമേ… ഇബ്‌നു മസ്ഊദ്(റ) തുടരുന്നു: അല്ലാഹുവാണ, നബി(സ്വ) പേരെടുത്തു പറഞ്ഞവരെല്ലാം ബദ്ർ പോർക്കളത്തിൽ കൊല്ലപ്പെടുകയും അവിടെയുണ്ടായിരുന്ന പൊട്ടക്കിണറ്റിൽ വലിച്ചെറിയപ്പെടുകയുമാണുണ്ടായത് (മുസ്‌ലിം).
എട്ട് വയസ്സ് മാത്രമുളള സമയത്താണീ കാഴ്ച കാണേണ്ടി വന്നത്. ആ പ്രായത്തിലുള്ളൊരു കുട്ടിക്ക് താങ്ങാവുന്നതിലധികം ഭാരമുള്ള വസ്തുക്കൾ പിതാവിന്റെ പിരടിയിൽ നിന്ന് വലിച്ചു മാറ്റേണ്ടിവരുന്ന രംഗം എത്ര ഹൃദയ ഭേദകമാണ്!
ഇതുപോലെ പിതാവിനെതിരായ പല ഉപദ്രവങ്ങളും നേരിൽ കാണുകയും തന്നെക്കൊണ്ടാവുന്നത് ചെയ്തും അവർ വളർന്നു. വീട്ടുപടിക്കൽ വൃത്തികേടുകൾ കൊണ്ടുവന്നിട്ട് ബുദ്ധിമുട്ടിക്കുന്ന ഉമ്മുജമീലെന്ന അബൂലഹബിന്റെ ഭാര്യയെ ഫാത്വിമ(റ) കണ്ടു. ഒരു ഭാവഭേദവുമില്ലാതെ അവയെല്ലാം മാറ്റിയിട്ട് നടന്ന് പോകുന്ന പിതാവിനെയും കണ്ടു. അക്രമികൾ എറിഞ്ഞു പിടിപ്പിച്ച മണ്ണും ചെളിയും പിതാവിന്റെ ദേഹത്തു നിന്ന് തുടച്ചും കഴുകിയും മാറ്റുമ്പോൾ ആ ബാലിക കരഞ്ഞിട്ടുണ്ട്. അപ്പോൾ നബി(സ്വ) പറയും: മോളേ, കരയാതിരിക്കൂ, നിന്റെ ഉപ്പയെ അല്ലാഹു സംരക്ഷിക്കുകതന്നെ ചെയ്യും.
കല്യാണം കഴിഞ്ഞുപോയ രണ്ട് ഇത്താത്തമാർ വീട്ടിലേക്ക് തിരിച്ചുവരുന്നതും അവർ കണ്ടു. അബൂലഹബിന്റെ രണ്ടു മക്കളുടെ ഭാര്യമാരായിരുന്നു റുഖിയ ബീവി(റ)യും ഉമ്മു കുൽസൂം ബീവി(റ)യും. പിന്നീട് റുഖിയ(റ)യെ ഉസ്മാൻ വിവാഹം ചെയ്യുന്നതും ശത്രുക്കളുടെ അക്രമം ഭയന്ന് അവർ ഹബ്ശയിലേക്ക് പലായനം ചെയ്യുന്നതിനും മഹതി ദൃക്‌സാക്ഷിയായി. മക്കക്കാർ ബഹിഷ്‌കരിച്ചപ്പോൾ ശിഅബ് അബീത്വാലിബിൽ കഴിഞ്ഞത് മൂന്ന് വർഷത്തോളമാണ്. വലിയ സമ്പന്നയായിരുന്ന മാതാവിന്റെയും ഉപ്പയുടെയും കൂടെ പട്ടിണി കിടന്ന ദിനരാത്രങ്ങൾ. അവിടെ നിന്ന് തിരിച്ച് വന്ന്, ഏറെ താമസിയാതെ ഉപ്പക്ക് തണലേകിയിരുന്ന അബൂത്വാലിബിന്റെ മരണം. രോഗശയ്യയിലാവുന്ന ഉമ്മ. ഉമ്മുകുൽ സൂമിനൊപ്പം ഉമ്മയെ പരിചരിച്ച നാളുകൾ. ഉപ്പയുടെ മറ്റൊരു തണൽ കൂടി നഷ്ടപ്പെടുന്നുവെന്ന ആശങ്കയുടെ നാളുകൾ. വൈകാതെ ഉമ്മയും മരണപ്പെട്ടു. ഉപ്പയുടെ ജീവിതത്തിലെ ദുഃഖവർഷം. ഇരുവരും വേദന കടിച്ചിറക്കിക്കഴിഞ്ഞു. ഒരു ദിനം ഉപ്പ ത്വാഇഫിലെ കുടുംബങ്ങളെ പ്രതീക്ഷിച്ച് അങ്ങോട്ട് പോകുന്നു. പക്ഷേ, അവിടെ നിന്നും കേൾക്കാനായത് പീഡനകഥകൾ തന്നെ. അങ്ങനെ എന്തെല്ലാം രംഗങ്ങൾ! എല്ലാറ്റിനും അറുതിയായ ഹിജ്‌റ നടന്നു. ഫാത്വിമ(റ)ക്കും ഉമ്മുകുൽസൂം(റ)ക്കും അൽപം സമാധാനം.
അലി(റ)വുമായി വിവാഹം നടന്നു. ധൂർത്തുകളില്ലാത്ത, ആഡംബരങ്ങളില്ലാത്ത ആദർശ വിവാഹം. അപ്പോൾ തുടങ്ങി പ്രത്യക്ഷ സമര നാളുകൾ. ബദ്‌റിലെ വിജയം സന്തോഷമായി. അപ്പോഴാണ് ഇത്താത്ത റുഖിയ(റ)യുടെ മരണം. ഉമ്മുകുൽസൂമിനെ ഉസ്മാൻ(റ) കല്യാണം ചെയ്തത് ഉപ്പക്ക് അൽപമൊരാശ്വാസമേകി.
മക്കക്കാർ മദീനയിലും ശല്യക്കാരായി വന്നു. അപ്പോൾ സമര പരമ്പരകൾ നടത്തേണ്ടിവന്നു. പിന്നീട് ഉഹുദ് നടന്നു. നബി(സ്വ)ക്ക് പരിക്കു പറ്റി. ഫാത്വിമ(റ)യും ആഇശ(റ)യും ശുശ്രൂഷിച്ചു. കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി രണ്ടു ചെറുപ്പക്കാരികൾ. രക്തം നിലക്കുന്നില്ല. ഫാത്വിമ(റ) ഒരു പായക്കഷ്ണമെടുത്ത് കത്തിച്ച് ചാരം കൊണ്ട് മുറിവിൽ പൊത്തിപ്പിടിച്ച് രക്തമൊഴുക്ക് തടഞ്ഞു. ഇത്താത്ത സൈനബ്(റ) മക്കയിൽ നിന്ന് വരുമ്പോൾ ചിലർ അവരെ അക്രമിച്ച വശയാക്കിയതും കേൾക്കേണ്ടിവന്നു. അലി(റ)വിനോടൊപ്പമുള്ള ജീവിതത്തിലും പ്രയാസത്തിന്റെ നാളുകൾ. എല്ലാം സഹിച്ചും ക്ഷമിച്ചും ഉത്തമ വനിത എന്ന ബഹുമതി അവർ സുഭദ്രമാക്കി.

മാതൃകാ വനിത

സമൂഹത്തിന്, പ്രത്യേകിച്ച് സ്ത്രീകൾക്ക് മാതൃകയായ ഒട്ടേറെ പാഠങ്ങൾ അവരുടെ ജീവിതത്തിലുണ്ട്. ജീവിതത്തിലുടനീളം മുത്ത് നബി(സ്വ)യുടെ മോളെന്ന മഹത്ത്വത്തിന്റെ ചൈതന്യം സംരക്ഷിച്ചുകൊണ്ടുള്ള ജീവിതം. പെൺജീവിതത്തിന്റെ വ്യത്യസ്ത തലങ്ങളെക്കുറിച്ച് ഖുർആൻ പാഠത്തിന്റെ നേർ പകർപ്പായിരുന്നു അവർ. സ്‌ത്രൈണതയുടെ അലങ്കാരമാണ് ലജ്ജ. ജീവിത ക്രമീകരണത്തിന് കാരണവും പ്രചോദനവുമായിത്തീരുന്ന നല്ല ശീലവുമാണത്. അതിനാൽ തന്നെ ഹിജാബിന്റെ കാര്യത്തിൽ മഹതി സമർപ്പിച്ചത് അനുകരണീയമായ സംഭാവനയാണെന്നു കാണാം.
നബി(സ്വ)യിൽ നിന്നുള്ള ജനിതകമായ പരിചരണം കൊണ്ടുതന്നെ പുണ്യവതിയാകാൻ ഭാഗ്യം കിട്ടിയ മഹതിയാണവർ. സ്ത്രീകൾ അവരുടെ ശരീരവും സൗന്ദര്യവും മറ്റൊരാൾ കാണുന്നതിനെ പറ്റി എങ്ങനെയാണ് മനസ്സിലാക്കേണ്ടതെന്ന് അവർ പഠിപ്പിച്ചിട്ടുണ്ട്. നബി(സ്വ)യിൽ നിന്ന് പഠിച്ച കാര്യങ്ങളാണ് അവർ ജീവിതത്തിൽ അനുവർത്തിച്ചത്. ഒരിക്കൽ നബി തങ്ങൾ തന്റെ ഇത്താത്തയോട് പറയുന്നത് അവർ കേട്ടിട്ടുണ്ട്. നബി(സ്വ)യെ മക്കക്കാർ മർദിക്കുന്നത് കണ്ടു സൈനബ(റ) ഓടി വന്നപ്പോൾ ശരീരത്തിലെ ചില ഭാഗങ്ങൾ പുറത്തു കാണാമായിരുന്നു. ബേജാറോടെ ഓടിയപ്പോൾ ശ്രദ്ധിക്കാതെ പോയതാണ്. ഈ രംഗം പല സ്വഹാബിമാരും ഉദ്ധരിച്ചിട്ടുണ്ട്. ഹാരിസ്(റ) തന്റെ പിതാവിന്റെ കൂടെ ഒരിക്കൽ മിനയിൽ വെച്ച് നബി(സ്വ)യെ കണ്ടു. അന്ന് വിശ്വാസിയായിരുന്നില്ല ഹാരിസ്. അദ്ദേഹം തന്റെ ഉപ്പയോട് ചോദിച്ചു: എന്തിനാണ് ഇവരൊക്കെ അദ്ദേഹത്തെ ആക്രമിക്കുന്നത്? നേരം പുലരുമ്പോൾ തുടങ്ങിയതാണല്ലോ ഈ അക്രമം. അദ്ദേഹം പറയുന്നത് തൗഹീദും സത്യവിശ്വാസവുമാണല്ലോ. അദ്ദേഹത്തെ അക്രമിക്കുന്നത് കണ്ട് ഒരു പെൺകുട്ടി ഓടിവന്നു. അവളുടെ തട്ടം മാറിടത്തിലൂടെ ഉണ്ടായിരുന്നില്ല. കൈയിൽ വെള്ളപ്പാത്രവും തൂവാലയുമുണ്ട്. പെൺകുട്ടി വെള്ളപ്പാത്രം ആ മനുഷ്യന് നൽകി. അദ്ദേഹം കുടിക്കുകയും വുളു എടുക്കുകയും ചെയ്തു. എന്നിട്ട് പെൺകുട്ടിയോട് പറഞ്ഞു: മോളേ, നീ നിന്റെ മാറിടത്തിലൂടെ മുഖമക്കന താഴ്ത്തിയിടുക. നിന്റെ ഉപ്പ പരാജയപ്പെടുമെന്നോ നിന്ദ്യനാകുമെന്നോ നീ ഭയപ്പെടേണ്ടതില്ല. ഇത് കണ്ടപ്പോൾ ഞങ്ങൾ അന്വേഷിച്ചു: ഏതാണ് ഈ പെൺകുട്ടി? മറുപടി കിട്ടി: അയാളുടെ മകൾ സൈനബാണ് (കൻസുൽഉമ്മാൽ).
അനസ്(റ) പറയുന്നു: നബി(സ്വ) ഞങ്ങളോടൊരിക്കൽ ചോദിച്ചു; എന്താണ് ഒരു സ്ത്രീക്ക് ഏറ്റവും ഉത്തമമായത്? ഞങ്ങൾക്ക് മറുപടിയുണ്ടായിരുന്നില്ല. അലി(റ) വീട്ടിലെത്തി ഫാത്വിമ(റ)യോട് ഇക്കാര്യം പറഞ്ഞു. അപ്പോൾ മഹതി പറഞ്ഞു: നിങ്ങൾക്ക് റസൂലി(സ്വ)നോട് ഇങ്ങനെ പറഞ്ഞുകൂടായിരുന്നോ; അവർ അന്യപുരുഷൻമാരെ കാണാതിരിക്കലും അന്യപുരുഷൻമാർ അവരെ കാണാതിരിക്കലുമാണ്. അങ്ങനെ അലി(റ) നബി(സ്വ)യുടെ അടുത്തേക്ക് തിരിച്ചു വന്ന് ഇക്കാര്യം പറഞ്ഞു. അപ്പോൾ നബി(സ്വ) ചോദിച്ചു: ആരാണ് നിങ്ങൾക്കിത് പഠിപ്പിച്ചു തന്നത്? ഫാത്വിമയാണെന്നറിയിച്ചപ്പോൾ നബി(സ്വ) പറഞ്ഞു: നിശ്ചയം ഫാത്വിമ എന്റെ ഒരു ഭാഗമാകുന്നു (ഹിൽയതുൽ ഔലിയാഅ്).

ഫാത്വിമ(റ)യുടെ കണിശത

തിരുനബി(സ്വ)യുടെ വഫാതിന്റെ അവസരത്തിൽ ബീവിയുടെ അന്ത്യത്തെക്കുറിച്ച് അവിടന്ന് വ്യക്തമായി പറഞ്ഞിരുന്നു. അതിനാൽ തന്നെ നബി(സ്വ)യുടെ വിയോഗാനന്തരം അവർ മരണത്തിനായുള്ള തയ്യാറെടുപ്പിലായിരുന്നു. തന്റെ ജനാസ കൊണ്ടുപോകുന്നത് എങ്ങനെയായിരിക്കുമെന്നതായിരുന്നു ആ സമയത്ത് മഹതിയെ അലട്ടിയ പ്രധാന പ്രശ്‌നം. അസ്മാഅ്(റ)യോട് ഫാത്വിമ(റ) പറഞ്ഞു: അസ്മാ, സ്ത്രീകളുടെ ജനാസ കൊണ്ടുപോകുമ്പോൾ അതിന്റെ മീതെ ഒരു തുണി മാത്രമാണിടുക. അപ്പോൾ മയ്യിത്തിന്റെ ശരീര രൂപം പ്രത്യക്ഷമായി കാണപ്പെടും. അതെനിക്ക് നല്ലതല്ലെന്ന് തോന്നുന്നു. എന്റെ ശരീരത്തിന്റെ ആകൃതി എല്ലാവരും കാണുമല്ലോ. അതിൽ നിന്ന് രക്ഷപ്പെടാനെന്താണൊരു പോംവഴി? അസ്മാഅ്(റ) പറഞ്ഞു: അല്ലാഹുവിന്റെ റസൂലിന്റെ മോളേ, ഞാൻ ഹബ്ശയിലായിരുന്ന കാലത്ത് കണ്ട പ്രത്യേക തരം മയ്യിത്ത് കട്ടിലുണ്ട്. അതു ഞാൻ നിങ്ങൾക്ക് ഉണ്ടാക്കി കാണിച്ചു തരാം. അതു മതിയാകുമെങ്കിൽ നമുക്കങ്ങനെയുള്ള ഒന്നിൽ ജനാസ കൊണ്ടുപോകാൻ ഏർപ്പാടാക്കാമല്ലോ. അങ്ങനെ അസ്മാഅ്(റ) ഈത്തപ്പനയുടെ പട്ടകൾ ചേർത്തുവച്ച് വളച്ചുകെട്ടി. ഇന്ന് കാണുന്ന വിധം പാർശ്വങ്ങൾ പൊങ്ങിക്കിടക്കുന്ന പെട്ടിയുടെ ആകൃതിയിലൊരു കട്ടിലാണ് ബീവി നിർമിച്ചത്. എന്നിട്ട് അതിനു മീതെ ഒരു വസ്ത്രമിട്ടു മൂടി. അതിൽ കിടക്കുന്ന മയ്യിത്തിന്റെ ദേഹത്ത് തട്ടാതെ പൊങ്ങിക്കിടക്കുന്ന അവസ്ഥയിലായി അപ്പോൾ. ഇതു കണ്ടപ്പോൾ ഫാത്വിമ(റ) സന്തുഷ്ടയായി പറഞ്ഞു: ഇതു നല്ല ഭംഗിയുള്ള കട്ടിൽ തന്നെ. ഇതിൽ ജനാസ വെച്ചാൽ അതിനകത്ത് സ്ത്രീയുടെ ജനാസയാണെന്ന് മനസ്സിലാവും. എന്നാൽ ശരീരത്തിന്റെ ആകൃതി കാണുകയുമില്ല. അതിനാൽ ഞാൻ മരണപ്പെട്ടാൽ നിങ്ങളും അലി(റ)വും എന്നെ കുളിപ്പിക്കണം (ബൈഹഖി).
മഹതി വഫാതായപ്പോൾ വസ്വിയ്യത്ത് പോലെ ഈ രൂപത്തിൽ നിർമിച്ച മയ്യിത്ത് കട്ടിലിലാണ് ജനാസ ജന്നതുൽ ബഖീഇലേക്ക് കൊണ്ടുപോയത്. ഇത്തരമൊരു മയ്യിത്ത് കട്ടിലിൽ ജനാസ കൊണ്ടുപോയ ആദ്യത്തെ മുസ്‌ലിം അവരായിരുന്നു. പിന്നീട് ഉമ്മുൽ മുഅ്മിനീൻ ബീവി സൈനബ്(റ) വഫാതായപ്പോൾ അവരുടെ ജനാസയും ഇങ്ങനെയാണ് കൊണ്ടുപോയത് (അൽഇസ്തീആബ്).
മരണ സമയം എത്തിയെന്ന് മനസ്സിലാക്കിയ ഫാത്വിമ(റ) കുളിച്ച് കഫൻ ചെയ്യാനുള്ള വസ്ത്രം സ്വയം ധരിച്ച് ശേഷം അലി(റ)വിനോട് നിർദേശിച്ചു: ഞാൻ മരിച്ചാൽ എന്നെ ഈ വസ്ത്രത്തിൽ നിന്ന് വെളിവാക്കരുത്. ഇതിൽ തന്നെ കിടത്തുക. രാത്രിയിൽ മറവ് ചെയ്യുക.
ശരീരത്തിന്റെ ആകൃതി പോലും ആരും കാണരുതെന്ന നിർബന്ധം കൊണ്ടാണവർ തന്നെ പ്രദർശിപ്പിക്കരുതെന്നും പ്രത്യേക കട്ടിലിൽ ജനാസ കൊണ്ടുപോവണമെന്നും രാത്രി മറവ് ചെയ്യണമെന്നുമെല്ലാം വസ്വിയ്യത്ത് ചെയ്തത്. നബി(സ്വ) എന്താണോ പഠിപ്പിച്ചത് അത് ജീവിതത്തിൽ കൃത്യമായി പാലിക്കാനവർ കാണിച്ച ശുഷ്‌കാന്തിയാണിത് കാണിക്കുന്നത്. സ്വർഗീയ വനിതകളുടെ രാജാത്തിയായ ഫാത്വിമ(റ) സ്ത്രീ സമൂഹത്തിന് മികച്ച മാതൃകയാണ് ഇതുവഴി പകർന്നിട്ടുള്ളത്. നബി(സ്വ)യുടെ വിയോഗം പ്രാപിച്ച് ആറു മാസം കഴിഞ്ഞ് റമളാൻ മൂന്നിനായിരുന്നു മഹതിയുടെ അന്ത്യം.

അലവിക്കുട്ടി ഫൈസി എടക്കര

Exit mobile version