ജനങ്ങളുടെ നാവ്, ജനാധിപത്യത്തിന്‍റെ നാലാം തൂണ്‍ എന്നെല്ലാം പ്രശംസിക്കപ്പെട്ട മാധ്യമങ്ങള്‍ അധികാരത്തിന്‍റെ മാറ്റൊലിയായി പരിണമിക്കുന്ന കാലത്താണ് ഇങ്ങനെയൊരു മാധ്യമ സംവാദം നാം അഭിമുഖീകരിക്കുന്നത്. ജനങ്ങളുടെ നിതാന്തമായ ജാഗ്രതയാണല്ലോ ജനാധിപത്യം. ആ ജാഗ്രതയുടെ ജ്വാലയാണ് മാധ്യമങ്ങളിലൂടെ ആളിപ്പടരേണ്ടത്. എന്നാല്‍ മാധ്യമങ്ങളില്‍ അത് ആവിഷ്കരിക്കപ്പെടുന്നുണ്ടോ എന്ന ചോദ്യവും ജനജീവിതത്തില്‍ അവ്വിധമുള്ള ജാഗ്രത ഉണ്ടാവുന്നുണ്ടോ എന്ന ചോദ്യവും ഒരേ സമയം പ്രസക്തമാണ്. അന്താരാഷ്ട്രം മുതല്‍ പ്രാദേശികതലം വരെയുള്ള ഏതു വിഷയങ്ങളിലും ജനങ്ങള്‍ക്ക് നിലപാടുണ്ടായിരിക്കേണ്ടത് ജനാധിപത്യത്തിന്‍റെ ആരോഗ്യത്തിന് അനിവാര്യമാണ്. എന്തിനെക്കുറിച്ചും വിമര്‍ശനപരമായി ആലോചിക്കുന്നവരെയാണ്, എന്തായാലും എനിക്കൊന്നുമില്ല എന്ന ആലസ്യക്കാരേക്കാള്‍ ജനാധിപത്യത്തിനാവശ്യം. വാര്‍ത്തകള്‍ സത്യാന്വേഷണമില്ലാതെ ‘ഭക്ഷിക്കുന്ന’ ഒരു ജനത ജാഗ്രതയുള്ള രാഷ്ട്രത്തിന് അധികപ്പറ്റാണ്.
ഏതാണ്ട് ഒമ്പത് പതിറ്റാണ്ട് മുമ്പെഴുതപ്പെട്ട ‘എക്സ്പ്രസിംഗ് ആന്‍ ഒപീനിയന്‍’ എന്ന കവിത ജനങ്ങളുടെ അഭിപ്രായ പ്രകടന നിരാസത്തോട് ചേര്‍ത്തി വായിക്കാവുന്നതാണ്. കവിതയുടെ പ്രതിപാദ്യം ഇങ്ങനെ സംഗ്രഹിക്കാം: അധ്യാപകന്‍ ക്ലാസ്മുറിയില്‍ വന്നു പറയുന്നു, ഇന്ന് ഞാന്‍ പാഠമൊന്നും എടുക്കുന്നില്ലെന്ന്. കുട്ടികള്‍ ആനന്ദതുന്ദിലരായെങ്കിലും അധ്യാപകന്‍റെ അടുത്ത നിര്‍ദേശം അവരെ അസ്വസ്ഥരാക്കി. ‘എങ്ങനെയാണ് ഒരു അഭിപ്രായം പറയുക’ എന്ന ശീര്‍ഷകത്തില്‍ നിങ്ങളൊരു പ്രബന്ധം എഴുതണമെന്നായിരുന്നു അത്. ഇതിനെക്കാള്‍ ഭേദം ക്ലാസായിരുന്നുവെന്ന് ഉള്ളില്‍ പറഞ്ഞെങ്കിലും നിര്‍വാഹമുണ്ടായിരുന്നില്ല. കടലാസില്‍ തലവാചകം മാത്രം എഴുതി അവര്‍ നിസ്സഹായരായി. തുടര്‍ന്നൊന്നും എഴുതാനാവാതെ വന്നപ്പോള്‍ ഒടുവില്‍ ഒരു കുട്ടി എഴുന്നേറ്റു ചോദിച്ചുവത്രെ: സര്‍, എങ്ങനെയാണൊരു അഭിപ്രായം പ്രകടിപ്പിക്കുക? ആ ചോദ്യത്തിന് നേരിട്ടു ഉത്തരം നല്‍കുന്നതിന് പകരം അധ്യാപകന്‍ ഒരു കഥ പറയുകയാണുണ്ടായത്. ചുരുക്കമിതാണ്:
സമ്പന്നനായ ഒരാള്‍ക്ക് കുഞ്ഞു പിറന്നു. ആ നാട്ടിലെ ആചാര പ്രകാരം അഭിനന്ദനമര്‍പ്പിക്കാന്‍ ആളുകള്‍ വന്നു. ഒന്നാമന്‍ പറഞ്ഞു: ‘ഇവന്‍ നിങ്ങളേക്കാള്‍ സമ്പന്നനാവും.’ വീട്ടുകാര്‍ക്ക് സന്തോഷമായി. അവര്‍ അയാള്‍ക്ക് സമ്മാനം നല്‍കി. രണ്ടാമന്‍ പറഞ്ഞു: ‘ഇവന്‍ ഭാവിയില്‍ അതിസമ്പന്നനും ഉന്നതോദ്യോഗസ്ഥനുമാവും.’ ബന്ധുക്കളുടെ സന്തോഷത്തിന് അതിരില്ലാതായി. അവര്‍ അയാള്‍ക്ക് വലിയ സമ്മാനങ്ങള്‍ നല്‍കി. മൂന്നാമത് വന്നയാള്‍ പറഞ്ഞതിങ്ങനെ: ഈ കുഞ്ഞും മരിക്കും. ഇയാള്‍ക്ക് സമ്മാനമല്ല, പൊതിരെ പ്രഹരമാണ് ലഭിച്ചത്. അധ്യാപകന്‍ തുടര്‍ന്നു: ഒന്നാമനും രണ്ടാമനും പറഞ്ഞത് നുണയാവാന്‍ സാധ്യതയുള്ള കാര്യങ്ങളാണ്. എന്നാല്‍ മൂന്നാമന്‍ പറഞ്ഞത് സമ്പന്നനോ ഉദ്യോഗസ്ഥനോ ആയാലും ഇല്ലെങ്കിലും സംഭവിക്കുന്ന അനിവാര്യമായ സത്യത്തെയാണ്-മരണം. നുണയാവാന്‍ സാധ്യതയുള്ള കാര്യങ്ങള്‍ പറഞ്ഞവര്‍ക്ക് സമ്മാനങ്ങള്‍ ലഭിച്ചപ്പോള്‍ അനിവാര്യമായും സംഭവിക്കുന്ന സത്യം പറഞ്ഞയാള്‍ക്ക് മര്‍ദനമാണ് ലഭിച്ചതെന്ന് ഗുരുനാഥന്‍ പറഞ്ഞുനിറുത്തിയപ്പോള്‍ കുട്ടികള്‍ ഒന്നടങ്കം എഴുന്നേറ്റു പറഞ്ഞുവത്രെ: ‘സര്‍, ഞങ്ങള്‍ക്ക് സത്യം പറയണമെന്നുണ്ട്, പക്ഷേ തല്ല് കിട്ടരുതെന്നുമുണ്ട്.’ മാധ്യമ പ്രവര്‍ത്തനത്തോട് ചേര്‍ത്തു കെട്ടുമ്പോള്‍, തല്ലു കൊള്ളേണ്ടി വന്നാലും ഞങ്ങള്‍ സത്യം പറയുമെന്ന് ഈ കഥയെ നമുക്ക് തിരുത്താം. എങ്കില്‍ രാജ്യത്തെ മാധ്യമങ്ങളും അധികാരികളും അവയുടെ വ്യാകരണം നിര്‍ബന്ധമായും തിരുത്തേണ്ടിവരും.
ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം പ്രബുദ്ധനായൊരു പൗരന്‍ താന്‍ എന്ത് അഭിപ്രായം പ്രകടിപ്പിക്കണമെന്ന് മറ്റൊരാളോട് ആരായുന്നത് തന്നെ ജനാധിപത്യം രോഗബാധിതമായിക്കഴിഞ്ഞു എന്നതിനു തെളിവാണ്.
ഇന്നത്തെ മാധ്യമങ്ങള്‍, നൈതിക മൂല്യങ്ങള്‍ പുലര്‍ത്തിയിരുന്ന പഴയകാല മാധ്യമങ്ങളുടെ തുടര്‍ച്ചയല്ല. ദൈവം തെറ്റു ചെയ്താല്‍ അതും റിപ്പോര്‍ട്ട് ചെയ്യുമെന്ന് പണ്ടത്തെ മാധ്യമങ്ങള്‍ക്ക് പറയാനാവുമായിരുന്നെങ്കില്‍ ഇന്ന് ഒരു പ്രാദേശിക മുതലാളിക്കെതിരെ വാര്‍ത്ത കൊടുക്കാന്‍ പോലും മാധ്യമങ്ങള്‍ ഭയക്കുന്നു. ഗാന്ധിജിക്കെതിരെ മുഖപ്രസംഗം ചമക്കാന്‍ ഒരു പത്രത്തിനാവും. എന്നാല്‍ പ്രദേശത്തെ ഒരു ഗുണ്ടക്കെതിരെ റിപ്പോര്‍ട്ട് കൊടുക്കാന്‍ മുട്ടുവിറക്കും. ജനാധിപത്യ പ്രക്രിയയില്‍ മാധ്യമങ്ങള്‍ക്ക് വലിയ ഉത്തരവാദിത്തമുണ്ട്. പക്ഷേ, അത് ഏതു തരത്തിലാണ് നിര്‍വഹിക്കപ്പെടുന്നത് എന്നതിനെ കുറിച്ച് വിചിന്തനം വേണം.
1860-കളില്‍ എബ്രഹാം ലിങ്കന്‍, റിപ്പബ്ലിക്കിന്‍റെ സിംഹാസനത്തില്‍ കോര്‍പറേറ്റുകള്‍ കയറിയിരിക്കുന്നതിന്‍റെ അപകടത്തെക്കുറിച്ച് പ്രവചിച്ചിരുന്നു. റിപ്പബ്ലിക്കിന്‍റെ അന്ത്യമായിരിക്കുമതെന്നാണദ്ദേഹം മുന്നറിയിപ്പ് നല്‍കിയത്. ആ ദുരന്തത്തിന്‍റെ ആഴവും വേഗതയും നാമിന്നു തിരിച്ചറിയുന്നു. ജനാധിപത്യത്തിന് ഏറെ സംഭാവനകള്‍ നല്‍കിയ എബ്രഹാം ലിങ്കന്‍റെ അതേ അമേരിക്കയില്‍ ഇന്ന് ബദല്‍ നിര്‍വചനം വന്നുകഴിഞ്ഞു. ജനറല്‍ മോട്ടേഴ്സിന് ലാഭകരമായ എന്തും അമേരിക്കക്ക് ലാഭകരമാണ്. അമേരിക്കക്ക് ലാഭകരമായതെന്തും ജനറല്‍ മോട്ടേഴ്സിനും ലാഭം തന്നെ. എന്നു പറഞ്ഞാല്‍ റിപ്പബ്ലിക്കും കോര്‍പ്പറേറ്റും യോജിച്ചുള്ള പുതിയൊരു ഭരണ സംവിധാനം രൂപപ്പെട്ടിരിക്കുന്നു. ജനാധിപത്യത്തിന്‍റെ നാലാം തൂണായാണ് എഡ്മെണ്ട് വര്‍ക്കിനെ പോലുള്ളവര്‍ മാധ്യമങ്ങളെ കണ്ടതെങ്കില്‍ ഇന്നത് കോര്‍പോക്രസിയുടെ കൊമ്പായി രൂപാന്തരപ്പെട്ടിരിക്കുകയാണ്.
ഇന്ത്യയിലേക്കു വരാം. വളരെ അപകടകരമായ നവ ഫാസിസ്റ്റുവത്കരണമാണ് രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത്. അതിനവര്‍ പ്രധാനമായും തെരഞ്ഞെടുത്തിട്ടുള്ളത് ചരിത്രത്തെയാണ്. വിദ്യാഭ്യാസ രംഗത്ത് വലിയ അട്ടിമറിയാണ് നടക്കുന്നത്. ഈ അട്ടിമറിയുടെ പ്രത്യാഘാതങ്ങളെന്തെന്നും ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ വര്‍ത്തമാനത്തെ മാത്രമല്ല, ഭാവിയെ കൂടി അതെങ്ങനെ അപായപ്പെടുത്തുമെന്നതിനെ കുറിച്ചും ജനങ്ങളെ ബോധവത്കരിക്കുന്ന ഉത്തരവാദിത്തം മാധ്യമങ്ങള്‍ ഏറ്റെടുക്കേണ്ടതുണ്ട്. ഖേദകരമെന്നു പറയാം, മാധ്യമങ്ങളില്‍ ഇതുസംബന്ധമായ ചില വാര്‍ത്തകള്‍ മാത്രമാണ് വരുന്നത്. വാര്‍ത്തകള്‍ക്കപ്പുറം മാധ്യമങ്ങള്‍ ഇതുസംബന്ധമായ വീക്ഷണങ്ങളും അവതരിപ്പിക്കേണ്ടതാവശ്യമാണ്. വാര്‍ത്തകള്‍, വസ്തുതകള്‍, വിവരണങ്ങള്‍ എന്ന ദൃഷ്ടികോണില്‍ മാധ്യമങ്ങള്‍ക്ക് മുമ്പ് പരിമിതപ്പെടാമായിരുന്നെങ്കില്‍, ജനാധിപത്യത്തോട് കടപ്പാടുള്ള മാധ്യമങ്ങള്‍ ചരിത്രത്തിലെ അട്ടിമറിയെ കുറിച്ചുള്ള സ്വന്തം കാഴ്ചപ്പാടും അതെങ്ങനെയാണ് സംഭവിക്കുന്നതെന്നും പുറത്തു കൊണ്ടുവരാനുള്ള ഉത്തരവാദിത്തം ഇന്നു കയ്യേല്‍ക്കേണ്ടതുണ്ട്.
തടവറയില്‍ നിന്ന് അന്തോണിയോ ഗ്രാംസി മൂത്ത മകന്‍ ദീലിയോവിനെഴുതിയ കത്തിലെ പരാമര്‍ശം ഇങ്ങനെ: ‘നിനക്ക് ചരിത്രം ഇഷ്ടമായിരിക്കുമെന്ന് ഞാന്‍ കരുതുന്നു. എന്തെന്നാല്‍ അത് ജീവിക്കുന്ന മനുഷ്യരെ കുറിച്ചുള്ളതാണല്ലോ.’ ജനാധിപത്യ ജീവിതത്തിന്‍റെ ചൈതന്യമാണ് ചരിത്രമെന്നും ഇതിനെ മൊഴിമാറ്റാം. നവ ഫാസിസ്റ്റുകള്‍ക്കു പക്ഷേ, വിഭ്രമാത്മകമായ പ്രണയമാണ് ചരിത്രത്തോട്. ഇതിന്‍റെ ഭാഗമായി 670 ജില്ലകളില്‍ ജനവിരുദ്ധമായ പ്രാദേശിക ചരിത്രരചനക്കുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അടുത്തുണ്ടായ പെരുമാള്‍ മുരുകന്‍റെ സാംസ്കാരിക രക്തസാക്ഷിത്വത്തിനു പിന്നില്‍ ആവിഷ്കാര സ്വാതന്ത്ര്യത്തിന്‍റെ പ്രശ്നം മാത്രമല്ല ഉള്ളതെന്ന് പറയുന്നതിതുകൊണ്ടാണ്. കാരണം പെരുമാള്‍ മുരുകന്‍ കൊങ്കു ദേശത്തിന്‍റെ ജനകീയ ചരിത്രവും പ്രാദേശിക മൊഴികളും ഉള്‍ക്കൊള്ളുന്ന തന്‍റെ നോവലിലൂടെയും ‘കൊങ്കുവട്ടാര അധാരാതിജ്വല്‍’ എന്ന പേരിലുള്ള നിഘണ്ടുവിലൂടെയും മുന്നോട്ടുവെക്കുന്നത് ജനകീയ കീഴാള ബദല്‍ ചരിത്രമാണ്. ഇതിനെ തകര്‍ക്കാനുള്ള ആസൂത്രിതമായ അജണ്ട കൂടി ഇന്ത്യന്‍ ഫാസിസ്റ്റുകളുടെ നേതൃത്വത്തില്‍ നടക്കുന്നു. അതിനിരയായാണ് മുരുകന് സാംസ്കാരിക ജീവിതത്തിന് വിരാമമിടേണ്ടിവന്നത്. നാളിതുവരെയുള്ള ഭാരതാവസ്ഥയില്‍ നിന്നു വ്യത്യസ്തമായി ഒരു ജനതയുടെ ഭാവികൂടി അക്രമിക്കപ്പെടുന്ന കാലത്ത് മാധ്യമങ്ങളേറ്റെടുക്കേണ്ട വീക്ഷണ സംബന്ധമായ വലിയ ഉത്തരവാദിത്തം നവ ഫാസിസ്റ്റുകളുടെ അധികാരാരോഹണത്തിനു ശേഷം ജനാധിപത്യ മതനിരപേക്ഷ പുനഃസ്ഥാപനമാണ്.
രാജസ്ഥാനില്‍ അള്‍വാറിലെ 750 മീറ്റര്‍ ദൈര്‍ഘ്യവും 23 കോടി നിര്‍മാണ ചെലവുമുള്ള ഫ്ളൈഓവറിന് ‘ദേശീയ വാദിയായ’ ഗോഡ്സെയുടെ പേരിടുന്നത് വെറുമൊരു നാമകരണത്തിന്‍റെ പ്രശ്നമല്ല, ദേശീയ ചരിത്രത്തിന്‍റെ അട്ടിമറി തന്നെയാണ്. ഗാന്ധിഘാതകന്‍ ഗോഡ്സെയുടെ പേരില്‍ ക്ഷേത്രം നിര്‍മിക്കാനും അയാളെ ദേശീയ നായക പദവിയിലേക്ക് പ്രമോട്ട് ചെയ്യാനും ആസൂത്രിത നീക്കങ്ങള്‍ നടക്കുന്ന കാലത്ത് ഒരു പാലത്തിന്‍റെ പേരിടല്‍ പ്രശ്നത്തിലുപരി ഇന്ത്യന്‍ മതനിരപേക്ഷത പൊളിക്കാനുള്ള വിധ്വംസക നീക്കമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട് അത് പ്രതിരോധിക്കാനുള്ള ദൗത്യം കൂടി ആധുനിക കാലത്ത് മാധ്യമങ്ങള്‍ ഏല്‍ക്കേണ്ടതുണ്ട്.
നവ ഫാസിസ്റ്റുകള്‍ ഭാഷയുടെ പേരിലും സംഘര്‍ഷം വളര്‍ത്താന്‍ ശ്രമിക്കുന്നുണ്ട്. കാലങ്ങളുടെ ആദാനപ്രദാനങ്ങളിലൂടെ ഏതു ഭാഷയില്‍ നിന്നെന്ന് തിരിച്ചറിയാനാവാത്ത വിധം പരസ്പരം കലര്‍പ്പിതമായ വാക്കുകളെ വിചാരണ ചെയ്യുകയാണവര്‍. ദോസ്ത് പോലുള്ള വാക്കുകള്‍ പാഠപുസ്തകങ്ങളിലെ പ്രയോഗങ്ങളില്‍ നിന്ന് എടുത്തുകളയണമെന്ന ദീനാഥ് ബത്രയുടെ പ്രസ്താവന വാക്കുകളെ മുന്നില്‍ നിര്‍ത്തി മതവൈര്യം വളര്‍ത്താനാണ്. ഇതുകൊണ്ടൊക്കെ തന്നെ നവ ഫാസിസ്റ്റ്വത്കൃത കാലത്തെ മാധ്യമ പ്രവര്‍ത്തനം അതിന് മുമ്പുള്ളതിന്‍റെ വെറും ആവനര്‍ത്തനമായിരിക്കരുത്. ഓരോ കാലത്തെയും മാധ്യമങ്ങള്‍ അതതു കാലത്തിന്‍റെ സമൂര്‍ത്തമായ അവസ്ഥകളോട് സൂക്ഷ്മമായും സമഗ്രമായും സംവദിക്കാന്‍ ധീരമാവണം. ആ അര്‍ത്ഥത്തില്‍ 2015-ലെ ഇന്ത്യന്‍ മാധ്യമങ്ങളില്‍ എത്രയെണ്ണം ഈ ധീരത പുലര്‍ത്തുന്നുണ്ടെന്ന് വിലയിരുത്താനാണ് ഈ സെമിനാര്‍.
1980-കളില്‍ ഗുജറാത്തിലെ പാഠപുസ്തകങ്ങളില്‍ വരുത്തിയ തിരുത്തലുകള്‍ കൂടിയാണ് 2002-ലെ വംശഹത്യയിലേക്ക് നയിച്ചതെന്ന് റൊമീലാ ഥാപ്പര്‍ വസ്തുതാന്വേഷണങ്ങളിലൂടെ കണ്ടെത്തിയിട്ടുണ്ട്. ഒരു ജനതയുടെ പാഠപുസ്തകം തിരുത്തുമ്പോള്‍ ഒരു തലമുറയുടെ കാഴ്ചപ്പാടാണ് തിരുത്തപ്പെടുന്നത്. പരിക്കേല്‍ക്കുന്നത് ജനാധിപത്യത്തിനും. വാള്‍ട്ടര്‍ ബെഞ്ചമിന്‍ നിരീക്ഷിക്കുന്നത് ശ്രദ്ധേയം: ഫാസിസ്റ്റുകള്‍ക്ക് അധികാരം കിട്ടുമ്പോള്‍ വഴിക്കല്ലുകളുടെ കുറിപ്പുകള്‍ മാറ്റുന്ന ലാഘവത്തില്‍ അവര്‍ ശവക്കല്ലറകളുടെ കുറിപ്പുകള്‍ തിരുത്തിയെഴുതും.’ ഈ തിരുത്തിന്‍റെ അപകടം വര്‍ത്തമാനത്തില്‍ തീരില്ല. തലമുറകളിലേക്കു പടരുന്ന ജീര്‍ണവ്രണമായി അത് മാരക ഫലങ്ങള്‍ സൃഷ്ടിക്കും. ചരിത്രത്തെ തിരുത്തിക്കുറിക്കുമ്പോള്‍ മാധ്യമങ്ങള്‍ കാഴ്ചപ്പുറത്തല്ല, കാഴ്ചക്കപ്പുറത്തെ സത്യത്തിനൊപ്പം ജാഗ്രത്തായി നിലകൊള്ളുകയാണ് വേണ്ടത്. അപ്പോഴേ വൈവിധ്യങ്ങളില്‍ ഇന്ത്യക്ക് വ്യക്തിത്വം പുലര്‍ത്താനാവൂ.
കെഇഎന്‍ കുഞ്ഞഹമ്മദ്