ഫിഖ്ഹ് എന്ന അറബി പദമാണ് കർമ്മശാസ്ത്രം എന്ന് അറിയപ്പെടുന്നത് ‘വിശദമായ തെളിവുകളിൽ നിന്ന് നിർദ്ധാരണം ചെയ്‌തെടുത്ത കർമ്മപരമായ ശറഈ വിധി വിലക്കുകളെക്കുറിച്ചുള്ള ജ്ഞാനമാണ് ഫിഖ്ഹ്. (മൗഹിബ്) ബുദ്ധിയും പ്രായപൂർത്തിയുമെത്തിയ വ്യക്തികളുടെ കർമ്മങ്ങൾ എങ്ങനെയാകണം, ആകരുത് എന്നതാണ് ഫിഖ്ഹിന്റെ പ്രതിപാദ്യ വിഷയം.
അല്ലാഹുവിന്റെ കൽപനകൾ അംഗീകരിക്കുക. അവൻ നിർദ്ദേശിച്ച കാര്യങ്ങൾ സ്വീകരിക്കുകയും വിരോധിച്ച കാര്യങ്ങൾ ത്യജിക്കുകയും ചെയ്യുക അഥവാ തഖ്‌വ ഉറപ്പുവരുത്തുകയാണതിന്റെ ലക്ഷ്യം. ഖുർആൻ, സുന്നത്ത്, ഇജ്മാഅ്, ഖിയാസ് എന്നിവയാണ് അതിന്റെ സ്രോതസ്സുകൾ.
പ്രായപൂർത്തിയും ബുദ്ധിയുമുള്ള ഏതൊരു വ്യക്തിയോടുമുള്ള നിയമ നിർദ്ദേശങ്ങളുടെ സാകല്യമാണ് ഫിഖ്ഹ് എന്നു പറഞ്ഞല്ലോ. അത് അല്ലാഹുവിന്റെ അടിയാറുകളോടുള്ള നിർദ്ദേശങ്ങളാകുന്നു. ഒരാൾ പ്രായപൂർത്തിയും ബുദ്ധിയുമുള്ള ഘട്ടത്തിലെത്തുന്നതോടെ അയാൾ നിയമ നിർദ്ദേശങ്ങൾക്ക് വിധേയനായി മാറി. മേലേ നിന്നു വരുന്ന ഓർഡറുകൾ അവനു ബാധകമായി. വിധി വിലക്കുകളായിത്തീരുന്ന ഈ നിർദ്ദേശങ്ങൾ അഥവാ കർമ്മശാസ്ത്രമനുസരിച്ചാണ് വ്യക്തി ജീവിക്കേണ്ടത്. കർമ്മശാസ്ത്രത്തിന്റെ നിർദ്ധാരണ സമീപന രേഖകളിൽ ഇത് ‘ഖിതാബുല്ലാഹ്’ എന്നാണ് അറിയപ്പെടുന്നത്.
ഖിതാബുല്ലാഹ് മൂന്നു വിധമാണ്. 1. ഒരു കർമ്മത്തെ തേടുന്നത്. 2. ഉപേക്ഷയെ തേടുന്നത്. 3. രണ്ടിനുമിടയിൽ ഇഷ്ടം പ്രവർത്തിക്കുന്നതിനെ തേടുന്നത് ഒന്നാമത്തേത് രണ്ടിനമായി വീണ്ടും തരം തിരിക്കാം. കർമ്മത്തെ കർക്കശമായി തേടുന്നത്. നിർബന്ധം (വുജൂബ്) കർക്കശമല്ലെങ്കിൽ ഐഛികം (നദ്ബ്). ഉപേക്ഷയെ ആവശ്യപ്പെടുന്നത് കർക്കശവും തീർച്ചയുടെ സ്വഭാവമുള്ളതുമാണെങ്കിൽ അതാണ് നിഷിദ്ധം (ഹറാം) അല്ലെങ്കിൽ വെറുക്കപ്പെട്ടതോ (കറാഹത്ത്) നല്ലതിന് വിരുദ്ധമോ (ഖിലാലുൽ ഔലാ) ആയിരിക്കും. മേൽ സൂചിപ്പിച്ചതാണ് ഫിഖ്ഹിലെ ഹുക്മുകൾ. ജീവിതത്തിലെ മുഴുവൻ കാര്യങ്ങളും ഈ പഞ്ചഹുകുമുകളിൽ ഒന്നുകൊണ്ട് വിധി നിർണയിക്കുന്നതായിരിക്കും. ആ നിലക്ക് ഇസ്‌ലാമിക ഫിഖ്ഹ് സമഗ്രമാണ്. അഥവാ അത് മനുഷ്യ ജീവിതത്തിലെ നാല് മേഖലകളിലേക്ക് വ്യാപിച്ചിരിക്കുന്നു. 1. ഇബാദത്ത് (ആരാധനാ കാര്യങ്ങൾ). 3. മുആമലാത്ത് (ക്രയവിക്രയങ്ങൾ) 3. മുനാകഹാത്ത് (വൈവാഹികം) 4. ജിനായാത്ത് (നീതിന്യായ വ്യവസ്ഥകൾ).
ഭാഷാപരമായി അറിയൽ, മനസ്സിലാക്കൽ, ഒളിഞ്ഞതും തെളിഞ്ഞതും മനസ്സിലാക്കൽ, ഒളിഞ്ഞത് മനസ്സിലാക്കൽ തുടങ്ങിയ അർത്ഥങ്ങളുണ്ട് ഫിഖ്ഹിന്. ഭാഷാപരമായ അതിന്റെ വിശാലതയും ശരീഅത്തിൽ അതിന്റെ മാഹാത്മ്യവും പരിഗണിച്ചതിനാൽ പണ്ഡിത ലോകം ഫിഖ്ഹിനെ പരിചയപ്പെടുത്തുന്നത് വ്യത്യസ്ത രൂപങ്ങളിലാണ്. ഇസ്‌ലാമിന്റെ ആവിർഭാവ കാലത്ത് ശരീഅത്തിന്റെ ഏതു നിയമങ്ങൾക്കും ഫിഖ്ഹ് എന്നു പറയപ്പെട്ടിരുന്നു. വിശ്വാസ, കർമ്മ വിധികളിൽ വകഭേദമില്ലാതെ ഫിഖ്ഹ് ഉപയോഗിക്കപ്പെടുമ്പോൾ അത് ശരീഅത്ത് എന്ന പദത്തിന്റെ പര്യായമായി മാറുന്നു. വിശുദ്ധ ഖുർആനിലും തിരുസുന്നത്തിലും ഫിഖ്ഹ് എന്ന പദം ഈ വിശാലാർത്ഥത്തിൽ പണ്ഡിതന്മാർ വ്യാഖ്യാനിച്ചത് കാണാം.
‘സത്യവിശ്വാസികളിൽ നിന്നൊരു വിഭാഗം ദീനിൽ ഫിഖ്ഹ് പഠിപ്പിക്കാൻ പുറപ്പെടുന്നില്ലേ?’ (അത്തൗബ/122) എന്ന ഖുർആനികാധ്യാപനത്തില ഫിഖ്ഹ് കൊണ്ടുള്ള വിവക്ഷ ദീനീ വിഷങ്ങളുടെ നാനാ വശങ്ങളെ സംബന്ധിച്ച അറിവാണ്. ‘അല്ലാഹു ഒരാൾക്ക് നന്മ ഉദ്ദേശിച്ചാൽ അവനെ ഫഖീഹാക്കും’ എന്ന ഹദീസ് വാക്യത്തിലെ സൂചനകൾ മേൽ യാഥാർഥ്യം ശരി വെക്കുന്നവയാണ്. ‘ആർക്കെങ്കിലും ഹിക്മത്ത് നൽകപ്പെട്ടാൽ അവന് നിരവധി നന്മകൾ നൽകപ്പെട്ടു’ അൽബഖറ/269) എന്ന ഖുർആൻ വാക്യത്തിലെ ഹിക്മത്തും ഹദീസിൽ പരാമർശിക്കപ്പെട്ട ഫിഖ്ഹും ഒരേ ഉദ്ദേശ്യമുൾകൊള്ളുന്നുവെന്ന് രണ്ടിന്റെയും വ്യാഖ്യാനങ്ങൾ പരിശോധിച്ചാൽ വ്യക്തമാവും. അഥവാ അസാന്മാർഗിക പ്രവണതകളിൽ നിന്നും ബുദ്ധിരഹിതവും ഫലശൂന്യവുമായ വിശ്വാസം, കർമ്മസരണി എന്നിവയിൽ നിന്നും മുക്തി നേടാനുതകുന്ന അറിവുകളെല്ലാം ഈ നിർണയത്തിന്റെ പരിധിയിൽപ്പെടും. മഹാനായ ഇമാം അബൂഹനീഫ(റ) ഫിഖ്ഹിനെ നിർവഹിച്ചതും വിശ്വാസ വിഷയങ്ങളിൽ അദ്ദേഹം രചിച്ച ഗ്രന്ഥത്തിന് അൽഫിഖ്ഹുൽ അക്ബർ എന്ന് നാമകരണം ചെയ്തതുമെല്ലാം ഈ വിശാലാർത്ഥത്തിലാണ്.
വിശ്വാസപരമായ കാര്യങ്ങളിൽ പുത്തൻ ചിന്താഗതിയുടെയും വിഘടന വാദത്തിന്റെയും ഫലമായി ക്രോഡീകരണവും ക്രമീകരണവും വന്നപ്പോൾ അതിന് പ്രത്യേകമായ നിർവചനവും രൂപഭാവങ്ങളും വന്നു. അപ്രകാരം കർമ്മ വിഷയങ്ങളിൽ കാലാന്തരത്തിൽ ക്രോഡീകരണവും പ്രത്യേക നിർവചനവും അനിവാര്യമായി. തദടിസ്ഥാനത്തിൽ കർമ്മ സരണിയിൽ ലോകാവസാനം വരെയുള്ള ജനങ്ങൾക്ക് അപചയമോ മൂല്യച്യുതിയോ ആശയ ദാരിദ്ര്യമോ വന്നുഭവിക്കാത്ത വിധത്തിൽ കർമ്മ ശാസ്ത്രം വളരെ ഗഹനവും സമഗ്രവുമായി പ്രശസ്ത പണ്ഡിത ജ്യോതിസ്സുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. അതിൽ തന്നെ നിലവിൽ പരിഗണനീയമായത് അഗ്രേസരായ നാല് ഇമാമുകളുടേത് മാത്രം. അവരിലൂടെ നിലനിൽക്കുന്ന ഫിഖ്ഹിനെ പലതായി നിർവചിക്കപ്പെട്ടത് കാണാം.
കർമ്മശാസ്ത്രം നിർവചിക്കപ്പെടുമ്പോൾ പലതും പരിഗണനീയമായിട്ടുണ്ട്. നിദാനശാസ്ത്ര പണ്ഡിതരുടെ വീക്ഷണങ്ങൾ, കർമ്മശാസ്ത്ര പണ്ഡിതരുടെ അഭിപ്രായ വൈവിധ്യങ്ങൾ ഇവയെല്ലാം നിർവചനത്തെ സ്വാധീനിക്കും. അടിമയുടെ ദൈനംദിന പ്രവർത്തികളിൽ അത് വ്യക്തിപരമാവട്ടെ, സാമൂഹ്യപരമാവട്ടെ രാപ്പകലുകളുടെ പ്രയാണത്തിലും നവലോക ക്രമത്തിന്റെ ചാഞ്ചാട്ടത്തിലും തളർച്ചയും മങ്ങലും ഏൽക്കാത്ത പൂർണ്ണ നിയമക്രമമാണ് ഇസ്‌ലാമിക കർമ്മശാസ്ത്രം.
വിധികളെ അറിയുന്നതിന് മാത്രമല്ല കർമ്മശാസ്ത്രം (ഫിഖ്ഹ്) എന്ന് പറയപ്പെടുന്നത്. വിധികൾക്ക് തന്നെയും ഫിഖ്ഹ് എന്ന പ്രയോഗമുണ്ട്. ഈ വസ്തുത പരിഗണിച്ച് കർമ്മശാസ്ത്രത്തിന്റെ നിർവ്വചനത്തെ പണ്ഡിതന്മാർ രണ്ടായി നിർണയിച്ചത് കാണാം. ഗവേഷണം മുഖേനയോ അല്ലാതെയോ പ്രമാണങ്ങളാൽ സ്ഥിരപ്പെട്ട കർമ്മ മേഖലയിലുള്ള ശറഇയ്യായ വിധികൾ അറിയലാണ് കർമ്മശാസ്ത്രം! അറിവ് തേടുന്നതിന്റെ തെളിവ് മുഖേനയോ അല്ലാതെയോ നേടുന്നതിൽ ഇവിടെ അന്തരമില്ല. രണ്ടായാലും ഫിഖ്ഹ് തന്നെ. മാനദണ്ഡം ഉധൃത വിധികൾ അറിയാൻ മാത്രം. ഇതനുസരിച്ചാണ് ഗവേഷണത്തിനർഹതയുണ്ടെന്നോ അനധികൃത മാർഗേണ മനസ്സിലാക്കിയതാണെന്നോ നോക്കാതെ കർമ്മശാസ്ത്ര മസ്അലകൾ അറിയുന്നവരെല്ലാം ഫഖീഹും പണ്ഡിതനുമായി അറിയപ്പെടുന്നത്. നിദാന ശാസ്ത്ര പണ്ഡിതന്മാർക്കിടയിൽ ഇങ്ങനെ ഉപയോഗിക്കുന്നതിലും അഭിപ്രായാന്തരം കാണാം.
‘കർമ്മശാസ്ത്ര മസ്അലകളുടെയും വിധികളുടെയും സമാഹാരം’ എന്നൊരു നിർവചനം കൂടിയുണ്ട് ഫിഖ്ഹിന്. ഈ നിർവചനമനുസരിച്ച് കർമ്മശാസ്ത്രവുമായി ബന്ധപ്പെട്ട സർവ്വ വിധികൾക്കും ഖണ്ഡിതമോ ധാരണയോ ആവട്ടെ, ഗവേഷണത്തിന് പൂർണ്ണ യോഗ്യത നേടിയവരുടെതോ അതിന്റെ താഴേകിടയിലുള്ളവരോ ആവട്ടെ, പ്രമാണം പ്രശസ്തമായതോ അല്ലാത്തതോ ആവട്ടെ, അംഗീകൃതമായ വിധികളോട് താരതമ്യം ചെയ്തുകൊണ്ട് ചില പ്രത്യേക സാഹചര്യ-സംഭവങ്ങളിൽ പണ്ഡിതർ നൽകുന്ന ഫത്‌വക്കും വകഭേദമില്ലാതെ ഫിഖ്ഹ് എന്ന് പറയപ്പെടും. കർമ്മ ശാസ്ത്രമെന്ന് നിലവിൽ അറിയപ്പെടുന്ന പലതും ഉധൃത നിലവാരം കൂടി കണക്കിലെടുത്തു കൊണ്ടാണ്. ചുരുക്കത്തിൽ ഫിഖ്ഹ് എന്ന് പറയപ്പെടാവുന്നത് യോഗ്യത നേടിയ നിദാന ശാസ്ത്ര പണ്ഡിത ജ്യോതിസ്സുകൾ പ്രമാണങ്ങൾ മുഖേന ഗവേഷണം ചെയ്‌തെടുത്ത കർമ്മപരമായ ശറഈ നിയമങ്ങളാണ്.
ഇത്രയും വിശദീകരിച്ചതിൽ നിന്ന് കർമ്മശാസ്ത്രമെന്തെന്ന് ഹ്രസ്വമായി മനസ്സിലാക്കാമെങ്കിലും ഒരു വസ്തുത കൂടി നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതുണ്ട്. ഫിഖ്ഹിന്റെ വാഹകർ നന്മയുടെ നിറകുടങ്ങളാണെന്ന തിരുവചനത്തിന്റെ വെളിച്ചത്തിൽ വിശേഷിച്ചും മഹാനായ ഇമാം സ്സാലി(റ) തന്റെ ഇഹ്‌യയിൽ പറഞ്ഞപ്രകാരം കർമ്മശാസ്ത്രമെന്നാൽ കേവലം ത്വലാഖ്, ഇത്ഖ്, ലിആൻ, കച്ചവടം, വാടകക്കെടുക്കൽ തുടങ്ങിയ കർമ്മ മേഖലകളുടെ പുറം ലോക ദൃഷ്ടിയിലുള്ള ശരി-തെറ്റുകൾ മനസ്സിലാക്കാൻ മാത്രമല്ല. പൂർവ്വ യുഗങ്ങളിലേതു പോലെ പരലോക മോക്ഷമാർഗവും ആത്മാവിനും ഭവിക്കാവുന്ന നിഗൂഢത നിറഞ്ഞ ദുരന്തങ്ങളും പ്രതിവിധിയും കർമ്മങ്ങളെ ബാഹ്യമായും ആന്തരികമായും ദുഷിപ്പിക്കുന്ന പ്രവണതകളും ഭൗതികതയുടെ നിസ്സാരതയും പാരത്രിക ലോകത്തിലെ ശാശ്വതമായ സന്തോഷ-സന്താപ അവസ്ഥയും എല്ലാം അറിയുന്നത് ഫിഖ്ഹിന്റെ പരിധിയിൽ പെടുന്നു. പ്രസ്തുത ഫിഖ്ഹിനെ തിരുവചനത്തിൽ പരാമർശിച്ച ഗുണമുണ്ടാകൂ (ഇത്ഹാഫ് 1230-232). അതിനാൽ ഫിഖ്ഹിനെ അതിന്റെ വിശാലാർത്ഥത്തിൽ തന്നെ മനസ്സിലാക്കി പ്രവർത്തിക്കൽ ഓരോരുത്തരുടെയും ബാധ്യതയാണ്.
ഫിഖ്ഹി പണ്ഡിതരിൽ പ്രമുഖനായ ഇമാം ശാഫിഈ(റ)ന്റെ മദ്ഹബാണ് നാം കേരളീയർ പൊതുവെ സ്വീകരിച്ചുവരുന്നത്. ഏറ്റവും സൂക്ഷ്മതയോടെ മതവിധികൾ മനസ്സിലാക്കാൻ നമുക്ക് സാധിക്കുന്നത് നാലിലൊരു മദ്ഹബ് അംഗീകരിച്ചാൽ മാത്രമാണ്. അതുകൊണ്ട് കർമശാസ്ത്ര ചതുർ രീതികളെക്കുറിച്ചും ഇമാമുമാരെപ്പറ്റിയും പ്രത്യേകിച്ച് നമ്മുടെ ഇമാമിനെ സംബന്ധിച്ചും അറിവു നേടേണ്ടത് ആവശ്യമാണ്.
കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ