ഫിത് ര്‍ സകാത്ത്: പ്രാധാന്യവും നിര്‍വഹണവും

ZAKATH-MALAYALAM

സകാത്തുല്‍ ഫിത്വ്ര്‍ എന്നാല്‍ ഫിത്വ്‌റിന്റെ സകാത്ത് എന്നാണര്‍ത്ഥം. വിശുദ്ധ റമളാനിലെ നോമ്പവസാനിച്ചുണ്ടാവുന്ന ഫിത്വ്‌റുമായതിന് ബന്ധമുണ്ട് എന്ന് പേര് തന്നെ സൂചിപ്പിക്കുന്നു. നോമ്പ് കാലം കഴിഞ്ഞ ഉടനെയാണല്ലോ ഈദുല്‍ ഫിത്വ്ര്‍ അഥവാ ഫിത്വ്ര്‍ പെരുന്നാള്‍. നോമ്പ് അവസാനിപ്പിച്ചുള്ള പെരുന്നാള്‍ എന്ന പോലെ നോമ്പിനു പരിസമാപ്തി കുറിച്ചുള്ള സകാത്തും. വ്രതാനുഷ്ഠാനം എന്ന മഹദ് സുകൃതത്തിന് ശേഷം ഫിത്വ്ര്‍ സകാത്ത് എന്ന അനുഷ്ഠാനവും കഴിഞ്ഞാണ് പെരുന്നാളാഘോഷമെന്ന അനുഷ്ഠാനത്തെ വിശ്വാസി വരിക്കേണ്ടത്.

റമളാനിലെ നോമ്പിന്റെ കുറവുകള്‍ പരിഹരിക്കുന്നതില്‍ ഫിത്വ്ര്‍ സകാത്തിന് സ്വാധീനമുണ്ടെന്നത് അതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. നിസ്‌കാരത്തിലെ കുറവുകള്‍ സഹ്‌വിന്റെ സുജൂദ്‌കൊണ്ട് പരിഹരിക്കുമെന്ന പോലെയാണിത്. നിസ്‌കാരത്തെ അപേക്ഷിച്ച് നോമ്പില്‍ കുറവുകള്‍ക്ക് സാധ്യതയേറെയാണ്. ഒരു ദിവസത്തിന്റെ അര്‍ധ ഭാഗത്തിലധികം സമയം നീണ്ടുനില്‍ക്കുന്നതിനാല്‍ വാക്കിലോ നോക്കിലോ വിചാരത്തിലോ പ്രവര്‍ത്തിയിലോ നല്ലതല്ലാത്ത കാര്യങ്ങള്‍ ഉണ്ടാവാനിടയുണ്ടല്ലോ. അവയുടെ പരിഹാരത്തിന് സ്വന്തമായി നിര്‍ദേശിക്കപ്പെട്ട മാര്‍ഗങ്ങളുണ്ടെങ്കിലും നോമ്പിന്റെയും റമളാന്‍ കാലത്തിന്റെയും മഹത്ത്വത്തിനും ഗാംഭീര്യത്തിനും അവ ഏല്‍പിക്കുന്ന ന്യൂനതകള്‍ക്ക് ഫിത്വ്ര്‍ സകാത്ത് പരിഹാരമാണ്.

ഫിത്വ്ര്‍ സകാത്തിന്റെ പ്രാധാന്യം

ഫിത്വ്ര്‍ സകാത്ത് എന്താണെന്നും എന്തിനാണെന്നും നബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്. ഇബ്‌നു അബ്ബാസ്(റ)വില്‍ നിന്നു നിവേദനം: പാഴ്‌വാക്കുകളില്‍ നിന്നും അശ്ലീലങ്ങളില്‍ നിന്നും നോമ്പുകാരനുള്ള ശുദ്ധീകരണ മാര്‍ഗവും അഗതികള്‍ക്കുള്ള ഭക്ഷണവുമാണ് ഫിത്വ്ര്‍ (അബൂദാവൂദ്).

നോമ്പിന്റെ പ്രത്യക്ഷമായ ഘടകം തന്നെ നിശ്ചിത സമയം അനുവദനീയമായ അന്നപാനാദികള്‍ വര്‍ജിക്കുക എന്നതാണ്. എന്നിരിക്കെ അനുവദനീയമല്ലാത്ത കാര്യങ്ങള്‍ അതിന് ന്യൂനത വരുത്തുമെന്ന കാര്യത്തില്‍ സംശയമില്ല. അനുവദനീയമായ ചില കാര്യങ്ങള്‍, അഥവാ കൃത്യമായി വലക്കപ്പെട്ടിട്ടില്ലാത്ത പാഴ്‌വാക്കുകളും അനുവദനീയമായവരോടുള്ള ശൃംഗാരവാക്കുകളും ചേഷ്ഠകളും നോമ്പിനെ സംബന്ധിച്ചിടത്തോളം ഗുണകരമല്ലാത്ത സംഗതികളാണ്. സാധാരണ ഗതിയില്‍ അവ സംഭവിക്കുന്നവരുണ്ടാകാം. അതില്‍ നിന്നു രക്ഷപ്പെടാന്‍ സകാത്തുല്‍ ഫിത്വ്ര്‍ സഹായകമാണ്. വ്രതത്തെ പരിഗണിക്കുന്നതില്‍ വീഴ്ച കാണിച്ചവന്‍ എന്ന അവസ്ഥയില്‍ നിന്ന് നോമ്പുകാരനെ രക്ഷപ്പെടുത്തുന്നതില്‍ ഫിത്വ്ര്‍ സകാത്തിന് ചെറുതല്ലാത്ത പങ്കുണ്ട്.

പാഴ്‌വാക്കുകളും ശൃംഗാരങ്ങളും അഹിതമായതാണെങ്കില്‍ അതിന് പശ്ചാത്താപവും ഇസ്തിഗ്ഫാറും വേണമെന്ന് പറയേണ്ടതില്ല. നോമ്പിന്റെ പരിപൂര്‍ണ ഗുണലഭ്യതക്ക് തന്നെ ഇസ്തിഗ്ഫാര്‍ (പാപമോചനം തേടല്‍) വേണമെന്ന് ഹദീസില്‍ വന്നിട്ടുണ്ട്: ‘റമളാന്‍ മാസം എത്ര നല്ല മാസമാണ്. സ്വര്‍ഗ വാതിലുകള്‍ തുറക്കപ്പെടുന്ന, നരക വാതിലുകള്‍ അടക്കപ്പെടുന്ന പിശാചുക്കള്‍ ബന്ധിപ്പിക്കപ്പെടുന്ന കാലമാണത്. വിസമ്മതിക്കാത്തവര്‍ക്ക് പാപമോചനം നല്‍കുന്ന കാലവുമാണത്.’ ഇതു പറഞ്ഞപ്പോള്‍ അബൂഹുറൈറ(റ)നോട് ചോദിച്ചു: ആരാണ് വിസമ്മതിക്കുന്നവര്‍? അദ്ദേഹം മറുപടി നല്‍കി: ‘അല്ലാഹുവിനോട് ഇസ്തിഗ്ഫാര്‍ നടത്താന്‍ വിസമ്മതിക്കുന്നവര്‍’ (ഇബ്‌നുശാഹീന്‍). നോമ്പില്‍ മാത്രമല്ല, നിസ്‌കാരത്തിലും ഹജ്ജിലുമെല്ലാം ഇസ്തിഗ്ഫാറിന്റെ പ്രാര്‍ത്ഥനകള്‍ സുന്നത്തുതന്നെ.

കുറവുകള്‍ സ്വാഭാവികം

മനുഷ്യദൗര്‍ബല്യത്തോടൊപ്പം വിശ്വാസം ദുര്‍ബലമായിത്തീരുമ്പോഴാണ് പാപങ്ങളുണ്ടാവുന്നത്. നോമ്പുകാരനില്‍ സാധാരണ പാപങ്ങളല്ലാത്ത കാര്യങ്ങള്‍ തന്നെ അഹിതമായി വന്നേക്കാം. നബി(സ്വ) പറയുന്നു: നോമ്പ് ഒരു പരിചയാണ്. അതിനാല്‍ തന്നെ ശൃംഗാര കാര്യങ്ങള്‍ അരുത്. വിഡ്ഢിത്തം പ്രവര്‍ത്തിക്കുകയുമരുത് (ബുഖാരി). പാപങ്ങള്‍ക്കും കുറവുകള്‍ക്കും വീഴ്ചകള്‍ക്കും പ്രായശ്ചിത്തവും പരിഹാരവും പശ്ചാത്താപവും പഠിപ്പിക്കുന്ന മതമാണ് ഇസ്‌ലാം. നോമ്പിന്റെ ഗുണം കുറക്കുന്ന പിഴവുകള്‍ പരിഹരിക്കുന്നതിന് ഫിത്വ്ര്‍ സകാത്ത് ഉപകാരപ്പെടുന്നുവെന്നാണ് നബി പഠിപ്പിച്ചത്.

ഇമാം നവവി(റ) വകീഅ്(റ)നെ ഉദ്ധരിക്കുന്നു: റമളാനിലെ നോമ്പിനെ അപേക്ഷിച്ച് സകാത്തുല്‍ ഫിത്വ്ര്‍ നിസ്‌കാരത്തിന് സഹ്‌വിന്റെ സുജൂദ് എന്ന പോലെയാണ്. നിസ്‌കാരത്തിന്റെ ന്യൂനതകള്‍ സഹ്‌വിന്റെ സുജൂദ് പരിഹരിക്കുന്നതു പോലെ നോമ്പിന്റെ ന്യൂനതകള്‍ ഫിത്വ്ര്‍ സകാത്തും പരിഹരിക്കും (ശറഹുല്‍ മുഹദ്ദബ്).

സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം അവന്റെ ഏതൊരു സദ്കര്‍മത്തിനും നല്ലനിലയിലെ പര്യവസാനം പ്രധാനമാണ്. തന്റെ ദൗര്‍ബല്യത്തിന്റെ സ്വാധീനം ഒരു കര്‍മത്തെ എങ്ങനെയായിരിക്കും ബാധിച്ചിരിക്കുക എന്ന ചിന്ത അവനെ ആകുലനാക്കും. അതില്‍ നിന്നുള്ള ആശ്വാസമായി നിര്‍ദേശിക്കപ്പെട്ട കാര്യങ്ങളുണ്ട്. ദിക്‌റുകളും ദുആകളും സുന്നത്തായ കര്‍മങ്ങളും ഈ ഗണത്തില്‍ പെടുന്നു. ഇതു പോലെയാണ് നോമ്പുകാരന് ഫിത്വ്ര്‍ സകാത്ത്. അത് ആ അനുഷ്ഠാനത്തെ സംസ്‌കരിക്കുന്നു. അതിനാല്‍ ഫിത്വ്ര്‍ സകാത്തിന് മതത്തില്‍ വലിയ സ്ഥാനമുണ്ട്.

നോമ്പുകാരന്റെ ശുദ്ധീകരണദൗത്യമെന്നത് അതിന്റെ ഫലങ്ങളില്‍ പ്രധാനമായ ഒന്നാണ്. അടിസ്ഥാനപരമായി സകാത്തുല്‍ ഫിത്വ്ര്‍ ഇസ്‌ലാം കാര്യങ്ങളില്‍ പെട്ട സകാത്തിന്റെ ഭാഗമത്രെ. പൊതുവെ എല്ലാവര്‍ക്കും ബാധകമാകുന്ന സകാത്താണിത്. കൊടുക്കുന്നവന്‍ തന്നെ വാങ്ങുന്ന അവസ്ഥയും ഇതിലുണ്ടാകാം. മതപരമായ ഒരു ശാസനയെന്ന നിലയില്‍ അതിനെ കാണണം. നോമ്പിന്റെ പൂര്‍ത്തീകരണമെന്നത് ഫിത്വ്‌റിന്റെ പ്രാധാന്യം കൂടുതല്‍ ഉയര്‍ത്തിക്കാണിക്കുന്നുണ്ട്. ശരീരത്തിന്റെ സകാത്താണെന്നതിനാല്‍ എല്ലാവര്‍ക്കും ഇത് ബാധകമാകുന്നു. നിര്‍വഹണത്തിന് നിബന്ധനകളും ഘടകങ്ങളും ഒക്കണമെന്നു മാത്രം. മതപരമായ ബാധ്യതയാണെന്നതിനാല്‍ അത് എല്ലാവരില്‍ നിന്നും നേരിട്ടോ അല്ലാതെയോ നടക്കണം.

ബാധ്യത ആര്‍ക്ക്?

സ്വന്തം ശരീരത്തിന്റേതും താന്‍ സംരക്ഷണം നല്‍കാന്‍ ബാധ്യതയുള്ളവരുടേതും നിര്‍ദേശിക്കപ്പെട്ടത് പോലെ നല്‍കണം. ഭാര്യ, സന്താനങ്ങള്‍, സാമ്പത്തിക ശേഷിയില്ലാത്ത മാതാപിതാക്കള്‍ തുടങ്ങിയവരുടേത് സംരക്ഷകനായ ഭര്‍ത്താവോ പിതാവോ പുത്രനോ ആണ് നല്‍കേണ്ടത്. ഇബ്‌നു ഉമര്‍(റ)വില്‍ നിന്നു നിവേദനം ചെയ്ത ഹദീസ് കാണുക: നിങ്ങള്‍ ചെലവ് നല്‍കുന്നവരില്‍ പെട്ട അടിമ, സ്വതന്ത്രന്‍, ചെറിയവര്‍, വലിയവര്‍ എന്നിവരെ തൊട്ടെല്ലാം ഫിത്വ്ര്‍ സകാത്ത് നല്‍കാന്‍ നബി(സ്വ) നിര്‍ദേശിച്ചു (ത്വബ്‌റാനി).

ഭാര്യയുടെ സകാത്ത് ഭര്‍ത്താവ് തന്നെയാണ് നല്‍കേണ്ടത്. മാതാപിതാക്കള്‍, സന്താനങ്ങള്‍ എന്നിവരുടേത് അവരുടെ സംരക്ഷണച്ചുമതല ഏതു വിധത്തിലാണ് എന്നതിനെ ആശ്രയിച്ചാണ് വരിക. മാതാപിതാക്കള്‍ സ്വയം പ്രാപ്തിയുള്ളവരാണെങ്കില്‍ അവര്‍ സ്വന്തമായി നല്‍കണം.

സകാത്ത് നിര്‍വഹണത്തിന്റെ സാഹചര്യപ്പൊരുത്തങ്ങളില്‍ പ്രധാനമാണ് ധാന്യങ്ങളുടെ ലഭ്യത. തനിക്കും ആശ്രിതര്‍ക്കും പെരുന്നാള്‍ രാപകലുകളിലെ അനിവാര്യ ആവശ്യങ്ങളേക്കാളധികമുള്ളവന്‍ സകാത്ത് നല്‍കാന്‍ ബാധ്യസ്ഥനാണ്. അഥവാ ശരീരത്തിന്റെ സകാത്ത് എന്ന നിലയില്‍ ശരീരത്തിന്റെ സംരക്ഷണ ചുമതലയുള്ളവനാണ് ഫിത്വ്ര്‍ സകാത്ത് നിര്‍വഹിക്കേണ്ടത്. സകാത്ത് നല്‍കാന്‍ ബാധ്യതയുള്ളവന്‍ അതു നിര്‍വഹിച്ചില്ലെങ്കില്‍ മറ്റുള്ളവര്‍ കുറ്റക്കാരാകില്ല. സകാത്ത് നല്‍കുന്നവന്‍ നിര്‍ബന്ധമല്ലാത്ത അവസ്ഥയിലും സകാത്ത് ബന്ധിക്കുന്ന ഭാര്യ കഴിവുള്ളവളാണെങ്കില്‍ സ്വന്തം സകാത്ത് അവള്‍ക്കു നിര്‍വഹിക്കല്‍ സുന്നത്തുണ്ട്. അതവള്‍ക്ക് ശുദ്ധീകരണമായി പരിണമിക്കും.

പെരുന്നാളിന്റെ രാപകലുകളിലെ അത്യാവശ്യങ്ങള്‍ കഴിച്ചുള്ളത് തന്റെ ആശ്രിതരായ സകാത്ത് ബന്ധിക്കുന്നവരുടേത് മുഴുവന്‍ നല്‍കാന്‍ മാത്രമില്ലെങ്കില്‍ ആദ്യം തന്റേത്, പിന്നെ ഭാര്യയുടേത്, ശേഷം സന്താനങ്ങളുടേത്, പിന്നെ മാതാപിതാക്കളുടേത് എന്നീ ക്രമത്തില്‍ നല്‍കണം. ഫിത്വ്ര്‍ സകാത്തിന്റെ കാര്യത്തില്‍ ഇത് ശ്രദ്ധേയമാണ്. കാരണം സകാത്ത് നല്‍കാന്‍ ബാധ്യസ്ഥനാവും വിധത്തില്‍ ഭക്ഷ്യവിഭവം സാധാരണഗതിയില്‍ എല്ലാവര്‍ക്കും ഉണ്ടാകാനുള്ള സാധ്യത കൂടുതലായിരിക്കും. പെരുന്നാള്‍ ദിനത്തില്‍ ഫിത്വ്ര്‍ സകാത്ത് ലഭിച്ചതു മൂലം സാമ്പത്തിക വര്‍ധനവുണ്ടായി ബാധ്യത വന്നുചേരുന്നവരും ഉണ്ടാകും. സകാത്തിന്റെ കാര്യമായതിനാല്‍ തനിക്ക് ഫിത്വ്ര്‍ സകാത്ത് ബാധകമാവുന്നുണ്ടോ ഇല്ലയോ എന്ന് നന്നായി ആലോചിക്കേണ്ടതാണ്.

എന്ത്? എപ്പോള്‍?

സകാത്തായി നല്‍കേണ്ടതെന്താണെന്ന് ഹദീസില്‍ തന്നെ വ്യക്തമാക്കിയതാണ്. ഭക്ഷ്യവസ്തുക്കളാണ് ഫിത്വ്ര്‍ സകാത്തായി നല്‍കേണ്ടത്. ഇബ്‌നു ഉമര്‍(റ) പറയുന്നു: ഗോതമ്പില്‍ നിന്ന് ഒരു സ്വാഅ്, കാരക്കയില്‍ നിന്ന് ഒരു സ്വാഅ് ഫിത്വ്ര്‍ സകാത്തായി നബി(സ്വ) നിര്‍ബന്ധമാക്കി (ബുഖാരി). സ്വഹാബത്ത് നിര്‍വഹിച്ചിരുന്നതെങ്ങനെയെന്ന് അബൂസഈദില്‍ ഖുദ്‌രി(റ) പറഞ്ഞതിങ്ങനെ: ഭക്ഷ്യവസ്തുക്കളില്‍ നിന്ന് ഒരു സ്വാഅ് ഞങ്ങള്‍ ഫിത്വ്ര്‍ സകാത്തായി നല്‍കാറുണ്ടായിരുന്നു (ബുഖാരി). ഒരു പ്രദേശത്തെ മുഖ്യാഹാരമാണ് നല്‍കേണ്ടതെന്ന് പണ്ഡിതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ആരുടെ സകാത്താണോ നല്‍കുന്നത്, അയാളുടെ മുഖ്യാഹാരമാണ് നല്‍കേണ്ടത്. നല്‍കുന്ന ഭക്ഷ്യവസ്തു ഭക്ഷ്യയോഗ്യവും പുഴുക്കുത്തോ പഴക്കംകൊണ്ട് ദുഷിച്ചതോ ആകരുത്. 3.200 ലിറ്ററായാണ് സ്വാഅ് എന്നത് പണ്ഡിതര്‍ കണക്കാക്കിയിരിക്കുന്നത്. അതിനാല്‍ ഒരാളുടെ സകാത്തായി അത്രയും ധാന്യം നല്‍കിയിരിക്കണം.

ശവ്വാല്‍ പിറവി കാണുന്നതോടെയാണ് ഫിത്വ്ര്‍ സകാത്ത് നിര്‍ബന്ധമാവുന്നതെങ്കിലും റമളാന്‍ ആരംഭിച്ചതു മുതല്‍ മുന്‍കൂറായി നല്‍കാവുന്നതാണ്. എന്നാല്‍ പെരുന്നാള്‍ ദിവസത്തേക്കാള്‍ പിന്തിക്കല്‍ അനുവദനീയമല്ല. അവകാശികളെ സംബന്ധിച്ചിടത്തോളം പെരുന്നാള്‍ ദിനത്തില്‍ ലഭിക്കേണ്ടതാണത്. അതുകൊണ്ട് അന്നുതന്നെ അവര്‍ക്കത് ലഭ്യമാക്കാന്‍ ശ്രദ്ധിക്കണം. വാങ്ങാന്‍ തീരെ അവകാശികളില്ലാതിരിക്കുകയും വൈകിയാല്‍ അവരെ ലഭിക്കുകയും ചെയ്യുമെങ്കില്‍ വൈകിക്കുകയല്ലാതെ നിര്‍വാഹമില്ലാത്തതിനാല്‍ പിന്തിച്ച് സാധ്യമായ ആദ്യഘട്ടത്തില്‍ തന്നെ ഖളാഅ് വീട്ടണം. അദാആയ സമയം കഴിഞ്ഞതിനാല്‍ സകാത്ത് ഖളാആയിട്ടുണ്ടാകും. സകാത്ത് നല്‍കാനുള്ള ധാന്യമോ അത് വാങ്ങുന്നതിനുള്ള പണമോ എത്താന്‍ വൈകിയാലും ഇതാണ് വിധി. നിര്‍ബന്ധമായ സമയം മുതല്‍ പെരുന്നാള്‍ നിസ്‌കാരത്തില്‍ പ്രവേശിക്കുന്നത് വരെയാണ് ഫിത്വ്ര്‍ സകാത്തിന്റെ ഏറ്റവും ശ്രേഷ്ഠമായ സമയം.

ഫിത്വ്ര്‍ സകാത്തിന്റെ സമയം അഞ്ച് വിധത്തില്‍ വരാം. അല്ലാമാ ബക്‌രി(റ) എഴുതി: ഫിത്വ്ര്‍ സകാത്തിന് അഞ്ച് സമയങ്ങളുണ്ട്. ഒന്ന്, അനുവദനീയമായ സമയം. ഇത് റമളാന്‍ ആദ്യം മുതലാണ്. രണ്ട്, നിര്‍ബന്ധമാവുന്ന സമയം. റമളാന്‍ അവസാന ദിനത്തിലെ സൂര്യാസ്തമയ സമയമാണിത്. മൂന്ന്, ശ്രേഷ്ഠമായ സമയം. പെരുന്നാള്‍ നിസ്‌കാരത്തിന് പുറപ്പെടും മുമ്പാണിത്. നാല്, കറാഹത്തിന്റെ സമയം. പെരുന്നാള്‍ നിസ്‌കാരവും കഴിഞ്ഞ സമയമാണിത്. അഞ്ച്, നിഷിദ്ധമാകുന്ന സമയം. കാരണമില്ലാതെ പെരുന്നാള്‍ ദിവസവും കഴിഞ്ഞുള്ള സമയമാണിത് (ഇആനത്തുത്വാലിബീന്‍).

കറാഹത്തായ സമയത്തേക്ക് ഫിത്വ്ര്‍ സകാത്ത് പിന്തിക്കല്‍ സുന്നത്തായി വരുന്ന അവസ്ഥയുണ്ട്. അടുത്ത കുടുംബക്കാരന്‍, അയല്‍വാസി, സുഹൃത്ത്, സ്വാലിഹായ ആള്‍, അത്യാവശ്യമുള്ളയാള്‍ തുടങ്ങിയവരെ പ്രതീക്ഷിച്ച് പെരുന്നാള്‍ പകല്‍ തീരും വരെ പിന്തിക്കാവുന്നതാണ്. അനിവാര്യമായ കാരണങ്ങളാല്‍ പെരുന്നാള്‍ ദിനത്തേക്കാള്‍ വൈകിപ്പിച്ചാല്‍ ഖളാഅ് വീട്ടണം. കൂടുതല്‍ അര്‍ഹരായ ആളുകളെ പ്രതീക്ഷിച്ചാണെങ്കിലും പെരുന്നാള്‍ ദിനം അവസാനിക്കുന്നത് വരെ മാത്രമേ പിന്തിപ്പിക്കാവൂ.

ആര്‍ക്ക്? എങ്ങനെ? എത്ര?

സകാത്തിന്റെ അവകാശികളെ അല്ലാഹു തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സമ്പത്തിന്റെയും ശരീരത്തിന്റെയും സകാത്തവകാശികള്‍ ഒന്നുതന്നെയാണ്. ദരിദ്രര്‍(ഫഖീര്‍), അഗതികള്‍(മിസ്‌കീന്‍), ഇസ്‌ലാമിക ഭരണമുള്ളയിടത്തെ സകാത്തിന്റെ ഔദ്യോഗിക ജോലിക്കാര്‍, ഹൃദയങ്ങള്‍ ഇണക്കപ്പെട്ടവര്‍(നവ മുസ്‌ലിംകള്‍), മോചനപത്രം എഴുതിയ അടിമകള്‍, കടംകൊണ്ടു പ്രയാസപ്പെടുന്നവര്‍, അല്ലാഹുവിന്റെ മാര്‍ഗത്തിലെ പോരാളി, വഴിപോക്കര്‍ എന്നീ എട്ട് വിഭാഗങ്ങളില്‍ നിന്ന് എത്തിക്കപ്പെട്ടവര്‍ക്കാണ് സകാത്ത് നല്‍കേണ്ടത്. ഇന്ന് സാധാരണ ഗതിയില്‍ ഫഖീര്‍, മിസ്‌കീന്‍, കടബാധിതന്‍, ഹൃദയം ഇണക്കപ്പെട്ടവന്‍, യാത്രക്കാരന്‍ എന്നീ അഞ്ച് വിഭാഗങ്ങളെയാണ് എത്തിക്കാനാവുക. ഇവരില്‍ നിന്ന് സകാത്ത് നല്‍കുന്നവന്റെ നാട്ടിലുള്ളവര്‍ക്ക് ഫിത്വ്ര്‍ സകാത്ത് നല്‍കണം.

പെരുന്നാളിനോടനുബന്ധിച്ച് താല്‍ക്കാലികാശ്വാസങ്ങളോ സഹായങ്ങളോ ലഭിച്ചതിന്റെ പേരില്‍ അന്നത്തേക്കാവശ്യമായ വിഭവങ്ങള്‍ ഉള്ളവനെ അപ്പേരില്‍ സകാത്ത് നല്‍കുന്നതില്‍ നിന്നൊഴിവാക്കേണ്ടതില്ല. അവന് തന്നെ സകാത്ത് നല്‍കല്‍ നിര്‍ബന്ധമുള്ളതോടൊപ്പം സകാത്ത് വാങ്ങാവുന്നതും അവന് നല്‍കിയാല്‍ ബാധ്യത വീടുന്നതുമാണ്. താന്‍ കൊടുത്തത് തന്നെയാണ് തനിക്കു തിരിച്ചു ലഭിക്കുന്നതെങ്കിലും കുഴപ്പമില്ല. കാരണം സ്വീകരിക്കുന്നതോടെ തന്റേതായി മാറിയതാണ് അപരന്‍ നല്‍കുന്നത്. ആദ്യം നല്‍കിയവന്റേതല്ല. അനന്തരാവകാശത്തിലൂടെയും മറ്റും ലഭിക്കുന്നതിന് സമാനമാണിത്. ഒരാള്‍ക്ക് ഫിത്വ്ര്‍ സകാത്ത് നിര്‍ബന്ധമാവുന്നു എന്നത് അയാള്‍ സമ്പന്നനാണെന്നതിനോ ഫഖീറോ മിസ്‌കീനോ അല്ലെന്നതിനോ തെളിവാകുന്നില്ല. സകാത്തവകാശികളില്‍ നിന്നു ലഭ്യമായ എല്ലാ വിഭാഗത്തിനും എത്തിക്കേണ്ടതാണ്.

ഫിത്വ്ര്‍ സകാത്ത് ഒരു ദാനമായതിനാല്‍ സ്വീകര്‍ത്താവ് അവകാശിയായിരിക്കണമെന്നു നിര്‍ബന്ധം. അര്‍ഹരിലേക്ക് തന്നെ എത്തിയെന്നു ഉറപ്പുള്ള മാര്‍ഗമാണ് ദാതാവ് അവലംബിക്കേണ്ടത്. ഇന്നത്തെ അവസ്ഥയില്‍ രണ്ടു രീതികളാണ് പ്രായോഗികമാവുക. ഒന്ന്, നേരിട്ടു നല്‍കുക. രണ്ട്, പകരക്കാരനെ ഏല്‍പ്പിക്കുക അഥവാ വക്കാലത്താക്കുക. ഇമാമിനെ ഏല്‍പ്പിക്കല്‍ എന്ന രീതി ഇക്കാലത്ത് നമ്മുടെ നാട്ടില്‍ സാധ്യമല്ല. കാരണം നിബന്ധനകളൊത്ത ഇമാം ഇന്നു നിലവിലില്ല. മറ്റു രണ്ടു രീതികളില്‍ ഒന്നാം സ്ഥാനം സ്വന്തമായി നല്‍കുന്നതിന് തന്നെയാണ്. ഇമാമിനെ ഏല്‍പ്പിക്കുന്നതു രണ്ടാം സ്ഥാനത്തും വകീലിനെ ഏല്‍പ്പിക്കുന്നതു മൂന്നാം സ്ഥാനത്തുമാണ്. പരോക്ഷ സ്വത്തിനത്തിലാണ് ഫിത്വ്ര്‍ സകാത്ത് ഉള്‍പ്പെടുന്നത്. നാണയങ്ങള്‍, കച്ചവട വസ്തുക്കള്‍, സൂക്ഷിപ്പു സ്വത്ത്, ഫിത്വ്ര്‍ സകാത്ത് എന്നിവയാണ് പരോക്ഷ സ്വത്തിനങ്ങളില്‍ വരുന്നവ. പ്രത്യക്ഷ സ്വത്തിനങ്ങള്‍ മൃഗങ്ങള്‍, കാര്‍ഷിക വിഭവങ്ങള്‍, പഴവര്‍ഗങ്ങള്‍, നിധികള്‍ എന്നിവയും. ഇതിലെല്ലാം പ്രഥമസ്ഥാനം നേരിട്ട് സകാത്ത് നല്‍കുന്നതിനാണ്.

രണ്ട് വിധം സകാത്തുകള്‍ക്കും എന്ത്, എപ്പോള്‍, ആര്‍ക്ക് എന്നിങ്ങനെയുള്ള പരിഗണനകള്‍ കണിശമാണ്. അത് ലംഘിക്കപ്പെടുന്നത് സകാത്തിനെ തന്നെ നിര്‍വീര്യമാക്കും. സ്വന്തമായി നല്‍കുന്നതിനെ ശ്രേഷ്ഠമാക്കുന്നത് അതികൃത്യവും വിശ്വസനീയമായ വിതരണവുമാണ്. താന്‍ തന്നെ നല്‍കുമ്പോള്‍ അതില്‍ യാതൊരു ആശങ്കക്കും വകയില്ല. അവകാശികളെന്ന് തനിക്കുറപ്പുള്ളവര്‍ക്ക് തന്നെ കൈമാറ്റം ചെയ്യാനുമാകും. കുടുംബത്തെയും ഇഷ്ടക്കാരായ മറ്റ് അര്‍ഹരെയും പരിഗണിക്കുകയുമാകാം.

അരുതായ്മകള്‍

രണ്ടാം സ്ഥാനത്തായ മറ്റൊരാളെ ഏല്‍പ്പിക്കുക എന്നതിന്റെ പരിധിയില്‍ പെടുത്താന്‍ യാതൊരു ന്യായവുമില്ലാത്ത പല സമ്പ്രദായങ്ങളും ഇക്കാലത്ത് സകാത്തിനെ പിടികൂടിയിരിക്കുന്നതു കാണാം. ഫിത്വ്ര്‍ സകാത്ത് ഭക്ഷണമായി നല്‍കണമെന്ന നിയമം പലപ്പോഴും അട്ടിമറിക്കപ്പെടുന്നു. സകാത്ത് വിഹിതത്തിന് പണം സ്വീകരിച്ച് റിലീഫ് എന്നതിലേക്കോ പ്രസ്തുത സംഖ്യക്ക് അരി വാങ്ങി വിതരണമെന്നതിലേക്കോ മാറ്റുന്ന പ്രവണത കുറ്റകരമായ അപരാധമാണ്. സകാത്ത് ദാതാവ് അനുയോജ്യനായ വകീലിനെ ചുമതലപ്പെടുത്തുന്നതിനു പകരം ചില ആളുകള്‍ സ്വയം വകീല്‍ ചമഞ്ഞ് സകാത്ത് സ്വീകരിക്കുന്ന രീതി മതപരമായി ശരിയല്ല. വകാലത്ത് എന്നത് വലിയൊരുത്തരവാദിത്തമാണ്. കൊടുക്കല്‍, വാങ്ങല്‍ സംബന്ധിച്ച വകാലത്ത് ഏറ്റെടുക്കുമ്പോള്‍ കൃത്യമായി അത് നിര്‍വഹിക്കാനുള്ള സാധ്യതകൂടി കാണേണ്ടതാണ്. യഥാര്‍ത്ഥത്തില്‍ ഇന്നു നടപ്പുള്ള രീതിയില്‍ അത് കാണാനാവുന്നില്ലെന്നു പറയാതെ വയ്യ. വകാലത്ത് സംബന്ധമായ വിധിവിലക്കുകളും നിര്‍ദേശങ്ങളും പാലിക്കാന്‍ സാധിക്കാത്ത വിധമാണ് സകാത്ത് സെല്ലുകളും കമ്മിറ്റികളും സംഭരണ-വിതരണ രീതികള്‍ ക്രമീകരിച്ചിരിക്കുന്നത്.

നിശ്ചിത വ്യക്തിയെ സ്വന്തം സകാത്ത് വിഹിതം ഏല്‍പിച്ച് വിതരണത്തിന് നിര്‍ദേശിക്കുന്നത് തന്നെ ശ്രദ്ധിച്ചാകണം. മാറ്റം ചെയ്യപ്പെടാതെയും മറ്റു വല്ലതുമായി കലര്‍ത്തപ്പെടാതെയും വേണം വിതരണം. അതിനു വിഘ്‌നം വന്നാല്‍ സകാത്ത് വീടില്ല. ഇമാം നവവി(റ) എഴുതി: നമ്മുടെ മദ്ഹബിലെ പണ്ഡിതര്‍ പറഞ്ഞു; സകാത്ത് സ്വന്തമായി വിതരണം ചെയ്യുന്നതാണ് വകാലത്താക്കുന്നതിനേക്കാള്‍ ശ്രേഷ്ഠകരമെന്നതില്‍ അഭിപ്രായാന്തരങ്ങളില്ല. കാരണം അത് വിതരണം ചെയ്തു എന്നത് ഉറപ്പുള്ള കാര്യമാണല്ലോ. എന്നാല്‍ വകീല്‍ അങ്ങനെയല്ല. വകീല്‍ കൃത്രിമം കാണിക്കാമെന്ന നിഗമനത്തില്‍ സകാത്ത് ബാധ്യത തന്നെ ഒഴിവാകില്ല. എന്തെന്നാല്‍ ദാതാവും വകീലും ഒരു അവസ്ഥയില്‍ തന്നെയാണല്ലോ. അതിനാല്‍ അവകാശികളിലേക്ക് വിഹിതം എത്തിയില്ലെങ്കില്‍ ദാതാവായ ഉടമസ്ഥന്റെ ബാധ്യത ഒഴിവാകുന്നതല്ല (ശറഹുല്‍ മുഹദ്ദബ്).

കരുതലോടെ നിര്‍വഹിക്കുക

വിശ്വാസ്യത നഷ്ടപ്പെട്ട കാലത്ത് വിദൂര സാധ്യതയാണെങ്കില്‍ പോലും ജാഗ്രത വേണമെന്നു പറയേണ്ടതില്ലല്ലോ. ആദര്‍ശ കാര്യത്തിലും ആചാരാനുഷ്ഠാനങ്ങളിലും വ്യതിയാനം വരുത്തിയവരും കൃത്രിമം കാണിക്കുന്നവരുമായ ആളുകള്‍ വകീലും ഇടനിലക്കാരുമൊക്കെയാവുമ്പോള്‍ പ്രത്യേകിച്ചും. ഏത് സകാത്താണെങ്കിലും തന്റെ ബാധ്യത കൃത്യമായി നിര്‍ണയിച്ച് സാധുതയുള്ള വിതരണ രീതി സ്വീകരിച്ച് നിര്‍വഹിക്കേണ്ടതാണ്. കേവലമായ ദാനമോ ദാരിദ്ര്യ നിര്‍മാര്‍ജന യത്‌നമോ സാമൂഹിക ക്ഷേമ സംരംഭമോ അല്ല സകാത്ത്. അടിസ്ഥാനപരമായി ദീനിന്റെ അനുഷ്ഠാനമാണത്. അതിന്റെ പ്രത്യക്ഷമായ ഫലം മാത്രമാണ് സാമൂഹ്യക്ഷേമ ദൗത്യങ്ങള്‍. അതിനാല്‍ നിബന്ധനകള്‍ പാലിച്ചുവേണം അതു നിര്‍വഹിക്കാന്‍.

 

Exit mobile version