ബദ്റിലെ പോരാട്ടം…

marumozhiബദ്റിലെ പോരാട്ടം…. കുഫ്റിന്‍റെ തിരിഞ്ഞോട്ടം ഒരു അമുസ്ലിം സ്ത്രീ പാടി, മറ്റൊരു മുസ്ലിം പെണ്ണ് തലയാട്ടി കൊഞ്ചിക്കുഴഞ്ഞ് അഭിനയിച്ച മാപ്പിളപ്പാട്ട് ആല്‍ബത്തില്‍ നിന്നുള്ള ഒന്നാം വരിയാണിത്. തുടര്‍ന്നുപറയുന്ന ആശയങ്ങളും അത്രമേല്‍ പ്രശ്നങ്ങളുള്ളതല്ല. എന്നാല്‍ ആധുനികസങ്കേതങ്ങളും പ്രചാരണത്തിന്‍റെ കൊഴുപ്പന്‍ സാന്നിധ്യമായ സ്ത്രീസ്വര രൂപ പ്രദര്‍ശനങ്ങളുമൊക്കെയായി ബദ്രീങ്ങളും വിപണന വല്‍ക്കരിക്കപ്പെടുന്നതാണിത്. പെണ്‍ മക്കളെ വില്‍പ്പനക്കുവെക്കുന്ന മാതാപിതാക്കളും ഗര്‍ഭിണിയായ ഭാര്യയെ നിരവധിയാളുകള്‍ക്ക് വിപണനം ചെയ്ത ഭര്‍ത്താവും വിതരണത്തിനുശേഷം സ്വന്തം പുത്രിയെ പലയാവര്‍ത്തി ആസ്വദിക്കുന്ന നിരവധി പിതാക്കളുമുള്ള കേരളത്തിലെ മറ്റൊരു കച്ചവട വിഭവം
സത്യത്തില്‍, ബദ്രീങ്ങളുടെ പ്രസക്തിയെന്താണ്. മുസ്ലിം സമൂഹത്തിന്‍റെ ഹൃദയത്തില്‍ ഏറ്റവും വലിയ പ്രചോദനവും ആത്മവിശ്വാസവുമായിഅവര്‍ നിലകൊള്ളുന്നു എന്നതുതന്നെ. ബദ്റിന്‍റെ പശ്ചാത്തലം നാം കുറെ കേട്ടതാണ്. തീര്‍ത്തും നിസ്സഹായരായിരുന്ന മുസ്ലിംകള്‍ സ്വന്തം നാട്ടില്‍ നിന്ന് ഓടിക്കപ്പെട്ടു. നിരന്തര പീഡനങ്ങള്‍ ഏല്‍ക്കേണ്ടിവന്നു. സ്വസ്ഥമായൊരു ജീവിതം മദീനയില്‍ കരുപിടിപ്പിക്കാനുള്ളശ്രമം പോലും തടയപ്പെടുന്ന അവസ്ഥയില്‍, അവരുടെ മക്കയിലെ സ്വത്തുക്കള്‍ സ്വരൂപിച്ച് കച്ചവടം നടത്തി വന്‍ ലാഭമുണ്ടാക്കിവരുന്ന അബൂസുഫിയാന്‍റെ നേതൃത്വത്തിലുള്ള വര്‍ത്തക സംഘത്തെ പ്രതിരോധിക്കാനും അര്‍ഹമായ അവകാശം നേടിയെടുക്കാനുമായിമാത്രം ഏതാനും സ്വഹാബികള്‍ പുറപ്പെട്ടതായിരുന്നുവല്ലോ. ഒരു യുദ്ധത്തിന്‍റെ സൂചന ലഭിച്ചിരുന്നുവെങ്കില്‍ നല്ല യുദ്ധായുധങ്ങള്‍ അന്നത്തെ കൊടിയ ദാരിദ്ര്യത്താല്‍ ലഭ്യമല്ലായിരുന്നുവെങ്കിലും പണിയായുധങ്ങളും വീട്ടുപകരണങ്ങളെങ്കിലും അവര്‍ കൈയില്‍ കരുതുമായിരുന്നുവല്ലോ. അതുപോലും ചെയ്യാതിരുന്നത് ലളിതമായ ലക്ഷ്യമാണ് അവര്‍ക്കു മുമ്പിലെന്നതുകൊണ്ടായിരുന്നു. എന്നാല്‍ കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞത് പെട്ടെന്നാണ്. സര്‍വായുധ വിഭൂഷിതരായ മൂന്നിരട്ടിയിലധികം വരുന്ന ശത്രുക്കളോടുള്ള ഘോരയുദ്ധമായി ആ ശ്രമം പരിണമിച്ചു. തീര്‍ത്തും നിരായുധരായി നോമ്പ്നിര്‍ബന്ധമായ ഒന്നാം വര്‍ഷത്തില്‍ പട്ടിണികിടന്നൊരു പോരാട്ടം. ഇനിയാണ് ബദ്രീങ്ങളെ നാം ആധുനികര്‍ സൂക്ഷമമായി നിരീക്ഷിക്കേണ്ടത്. നമ്മെപോലെ കുടുംബവും കുഞ്ഞുങ്ങളും മജ്ജയും മാംസവുമുള്ള അവര്‍ എന്തുചെയ്തു? പിന്തിരിഞ്ഞോ ഇല്ല. ചരിത്രം കൗതുകത്തോടെ നോക്കിനിന്ന മഹാപോരാട്ടം വഴി ലോകാത്ഭുതങ്ങളായിമാറി.
എത്ര ശക്തമായ ആയുധത്തെയും നേരിടാന്‍ അവര്‍ക്ക് അഭേദ്യമായൊരു പ്രതിരോധ സംവിധാനമുണ്ടായിരുന്നു. നിഷ്കപടമായ വിശ്വാസം, ഒപ്പം മതത്തോടും തിരുനബി(സ്വ)യോടുമുള്ള പരിമിതിയില്ലാത്ത സ്നേഹവും കൂടിചേര്‍ന്നപ്പോള്‍ നിങ്ങളുടെ തെറ്റുകളെല്ലാം പൊറുത്തുതന്നിരിക്കുന്നുവെന്ന് അല്ലാഹു പറയാന്‍ മാത്രം അവര്‍ക്ക് യോഗ്യതയുണ്ടായി. അതേ, സത്യാസത്യാവിവേചനദിനം ബദ്രീങ്ങള്‍ ധര്‍മത്തിന്‍റെ വിജയഭൂമിയാക്കിമാറ്റുകയും എന്നുമെന്നും വിശ്വാസികള്‍ക്ക് ശക്തിയും സഹായവും പ്രചോദനവുമായി ഉയര്‍ന്നുനില്‍ക്കുകയും ചെയ്തു.
ഇത് ഉള്‍കൊള്ളുന്നതാവണം ബദ്ര്‍സ്മരണകള്‍. പാട്ടിനും കഥാകഥനങ്ങള്‍ക്കുമുള്ള ഒന്നാംതരം വിഷയംഎന്ന വിധത്തില്‍ ന്യൂനവല്‍ക്കരിക്കാന്‍ കഴിയുന്നതല്ല ആമഹാത്മാക്കളുടെ വ്യക്തിത്വം. നിങ്ങള്‍ മതത്തിനുവേണ്ടി എന്തു ചെയ്തു എന്ന ചോദ്യം മഹ്ശറില്‍ അവര്‍ നേരിടും. അപ്പോള്‍ അഭിമാനപുരസ്സരം അവര്‍ വാചാലരാവുമെന്നുറപ്പ്. അതേ ചോദ്യം ആധുനികതയുടെ വൈകല്യങ്ങളായ നാമും നേരിടുന്പോള്‍ എന്തു മറുപടിയാണുണ്ടാവുക എന്ന ചിന്തക്ക് ഈ റമളാന്‍ നിവാരണം നല്‍കണം. 17ന്‍റെ ബദ്ര്‍ ദിനത്തിനുമുമ്പ്വിശ്വാസകര്‍മദൃഢതകൊണ്ട് അവരുടെ വഴിയില്‍ പ്രവേശിക്കാനെങ്കിലും നമുക്കാവണം. കച്ചവടവും കൃഷിയും നടക്കാത്തൊരു നാളയെ കുറിച്ച് ജീവിത ബഹളങ്ങള്‍ക്കിടയില്‍ ഓര്‍ക്കാതിരുന്നിട്ട് കാര്യമുണ്ടോ?

Exit mobile version