ബന്ധനമാവുന്ന പുതുബന്ധങ്ങള്‍

വിവാഹ മോചനവും ദാമ്പത്യ പ്രശ്നങ്ങളും വര്‍ധിച്ച കാലത്താണ് നാം കഴിയുന്നത്. കുപ്പായം മാറുന്ന ലാഘവത്തോടെയാണ് പവിത്രമായ വിവാഹ ബന്ധം നിസ്സാര സംഭവങ്ങളുടെ പേരില്‍ ചിലര്‍ വിഛേദിക്കുന്നത്. വിധവകളുടെ എണ്ണം വര്‍ധിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അമേരിക്കന്‍ സാമൂഹ്യ പ്രവര്‍ത്തകനും എഴുത്തുകാരനുമായ മാര്‍താ ആര്‍ട്ടര്‍ ചെന്‍ ഇന്ത്യയിലെ വിധവകളെക്കുറിച്ച് നടത്തിയ നിരീക്ഷണങ്ങള്‍ ശ്രദ്ധേയമാണ്. ഇന്ത്യയിലെ വിധവകള്‍ എന്ന ഗ്രന്ഥത്തില്‍ രാജ്യത്ത് 34 ദശലക്ഷം വിധവകള്‍ ജീവിക്കുന്നുണ്ട് എന്ന് അദ്ദേഹം വിവരിക്കുന്നു. ഭര്‍ത്താവിന്റെ വിയോഗം മൂലമുണ്ടാകുന്ന വൈധവ്യവും വിവാഹമോചനം മൂലമുണ്ടാകുന്ന വൈധവ്യവും വേര്‍തിരിച്ച് കാണിക്കുന്നുണ്ട്. സമ്പന്ന കുടുംബങ്ങള്‍ക്കിടയില്‍ പുനര്‍വിവാഹം നടക്കുന്നുവെങ്കിലും ദരിദ്രര്‍ക്കിടയില്‍ അത്യപൂര്‍വമാണിത്. ജാതിമാമൂലുകളും ഭാരിച്ച സാമ്പത്തിക ബാധ്യതയുമാണ് വിധവകളുടെ പുനര്‍വിവാഹത്തിനു തടസ്സമെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു.
ജാതിമാമൂലുകള്‍ കൊണ്ട് ഒരുഭാഗത്ത് വിധവകള്‍ തീ തിന്നുകൊണ്ടിരിക്കുമ്പോള്‍ വൈവാഹിക രംഗത്തെ അപചയങ്ങള്‍ കാരണം വിവാഹമോചനങ്ങള്‍ നിത്യമാവുകയും വിധവകള്‍ പെരുകുകയും ചെയ്യുന്നു. വിവാഹമെന്ന പവിത്രമായ കര്‍മത്തെ നിസ്സാരവത്കരിച്ചുകൊണ്ടുള്ള പടിഞ്ഞാറിന്റെ ലൈംഗിക സംസ്കാരത്തിന്റെ പിന്നാലെയോടുന്നതിന്റെ ഫലമായി വിവാഹമോചനങ്ങളും കുടുംബ കലഹങ്ങളും സാധാരണമാവുകയാണ്. ഏറെ കൊട്ടിഘോഷിച്ചും കോടികള്‍ പൊടിച്ചും നടത്തുന്ന താരസുന്ദരിമാരുടെ വിവാഹങ്ങള്‍ മുതല്‍ ദരിദ്രരുടെ വിവാഹങ്ങള്‍ വരെ മോചനങ്ങളില്‍ കലാശിക്കുന്നത് ഗൗരവമായി തന്നെ കാണണം. മതത്തിന്റെയും സമൂഹത്തിന്റെയും നിര്‍ദേശങ്ങള്‍ ധിക്കരിച്ച് രജിസ്റ്റര്‍മിശ്ര വിവാഹങ്ങള്‍ക്കും മുതിരുന്നവരില്‍ വിവാഹമോചനം വൈകാതെ നടക്കുന്നു.
നിയമാനുസൃതമായ വിവാഹങ്ങളും സംസ്കാരവും ഭദ്രമായ കുടുംബാന്തരീക്ഷം സൃഷ്ടിക്കും. എന്നാല്‍ സദാചാര വിരുദ്ധമായ ശീലങ്ങള്‍ കുടുംബബന്ധങ്ങളുടെ അസ്തിത്വത്തെ തകര്‍ക്കുന്നു. ധാര്‍മികവും നൈതികവുമായ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു തലമുറയെ തന്നെ നശിപ്പിക്കുന്നതിനാണ് ഇത് വഴിവെക്കുന്നത്. പാശ്ചാത്യന്‍ അടുക്കളയില്‍ പാകപ്പെട്ട അശ്ലീല സംസ്കാരം സദാചാരത്തിന്റെ സര്‍വസീമകളും നക്കിത്തുടച്ചു നമ്മുടെ അകത്തളങ്ങളിലേക്കും ഇറക്കുമതി ചെയ്തു കൊണ്ടിരിക്കുമ്പോള്‍ വിവാഹം ഒരു തമാശയായി മാറുക സ്വാഭാവികം.
ലൈംഗിക സ്വാതന്ത്ര്യത്തിന് കുടുംബം വിഘാതമാണെന്ന് അഭിപ്രായപ്പെട്ട ഴാന്‍ പോള്‍ സാര്‍ത്ര്, ഫെമിനിസ്റ്റ് പ്രചാരകയായ സിമോണ്‍ ഡി വര്‍ജീനിയ വൂള്‍ഫ്, ഫ്രാന്‍സ് കാഫ്ക തുടങ്ങിയവര്‍ ഈ ആപത്കരമായ വൈവാഹിക ആദര്‍ശത്തിന്റെ വ്യാപനത്തിന് വേണ്ടിയാണ് ശ്രമിച്ചത്. വ്യഭിചാരത്തിന് നിയമസാധുത കല്‍പ്പിക്കുന്ന പ്രക്രിയയാണ് വിവാഹമെന്ന് പറഞ്ഞ് ഓഷോ അടക്കമുള്ളവര്‍ വിവാഹത്തിന്റെ മൂല്യത്തെ അവഗണിച്ചു. വിവാഹമെന്നാല്‍ ലൈംഗികാസ്വാദനം എന്ന് വിലയിരുത്തിയവര്‍ തന്നെ ലൈംഗികാസ്വാദനത്തിന് മറ്റു വഴികള്‍ ആവാമെന്ന നിഗമനത്തിലാണ് ഇന്ന്. അഥവാ വിവാഹത്തിലൂടെയല്ലാതെ തന്നെ ആസ്വാദനം സാധ്യമായതിനാല്‍ വിവാഹം തന്നെ അനാവശ്യമാണ് എന്നാണ് കണ്ടെത്തല്‍. അതിന്റെ ഫലമായി നിശാക്ലബ്ബുകളും ഗേ/ലെസ്ബിയന്‍ രീതികളും വ്യാപകമായിക്കഴിഞ്ഞു. സ്വവര്‍ഗ വിവാഹങ്ങള്‍ക്കു പോലും നിയമസാധുത നല്‍കുവാന്‍ മത്സരിച്ചുകൊണ്ടിരിക്കുകയാണ് രാജ്യങ്ങള്‍. ഡല്‍ഹി ഹൈക്കോടതി സ്വവര്‍ഗാനുരാഗ വിവാഹത്തെ പിന്തുണച്ചത് സുപ്രിം കോടതി തടഞ്ഞെങ്കിലും അനുഗുണമായ നിയമം പാര്‍ലിമെന്‍റിന് നിര്‍മിക്കാമെന്നാണ് വിധിപ്രസ്താവനയില്‍ പറഞ്ഞത്. ഇന്ത്യയും ആ വഴിയിലൂടെയാണ് സഞ്ചരിക്കുന്നതെന്നു ചുരുക്കം.
അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ ചികിത്സാലയം നടത്തിയിരുന്ന മാര്‍ഗരറ്റ് സാദര്‍ എന്ന സ്ത്രീ അവിഹിത ലൈംഗികത പാപമായും വിവാഹം പുണ്യമായും ഗര്‍ഭധാരണം വിശുദ്ധമായും മനസ്സിലാക്കിയിരുന്നവര്‍ക്കിടയില്‍ തുറന്ന ലൈംഗികതയെ വളര്‍ത്താന്‍ ശ്രമിക്കുകയുണ്ടായി. അവിഹിത ബന്ധത്തിലൂടെയുണ്ടാവുന്ന സന്താനങ്ങള്‍ ജീവിക്കാന്‍ യോഗ്യതയില്ലാത്തവരും ജീവിതമൂല്യം കുറഞ്ഞവരും ആകയാല്‍ അവരെ കൊന്നുകളയണമെന്ന ആശയമാണ് സാദര്‍ പ്രചരിപ്പിച്ചത്. ഉയര്‍ന്ന ശതമാനം ജനങ്ങള്‍ അവിഹിത ബന്ധങ്ങള്‍ക്കു മുതിരാതിരിക്കുന്നത് അനന്തരമുണ്ടായേക്കാവുന്ന ഗര്‍ഭധാരണത്തെ ഭയപ്പെട്ടുകൊണ്ടായിരുന്നു. എന്നാല്‍ മാര്‍ഗരറ്റ് സാദറിന്റെ ഉന്മൂലന സിദ്ധാന്തം വ്യാപകമായതോടെ അവിഹിത ബന്ധങ്ങളും ഗര്‍ഭധാരണവും വിഷയമല്ലാതായി മാറി. അമേരിക്കയില്‍ മാനവ സംസ്കാരത്തിന്റെ സമൂലമായ പതനത്തിനു കളമൊരുക്കിയ ഈ ചിന്താധാര പ്രചരിപ്പിച്ച സാദറെ ന്യൂയോര്‍ക്കിലെ ശ്രദ്ധേയ എഴുത്തുകാരിയായ മാബല്‍ ഹോഡ്ജ് വിശേഷിപ്പിച്ചത് “ലോകത്തിലെ ഏറ്റവും അബദ്ധ സ്ത്രീ’ എന്നാണ്. പാശ്ചാത്യന്‍ നാടുകളിലുടലെടുത്ത ഇത്തരം സംസ്കാരങ്ങളാണ് മലയാള മണ്ണിലേക്കും പരാഗണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. അതു കാരണമായി നമ്മുടെ വിവാഹങ്ങളും സംസ്കാരവും ഷണ്ഡീകരിക്കപ്പെടുന്നു.
തുറന്ന ലൈംഗികതയുടെ ഭാഗമായ അഴിഞ്ഞാട്ടങ്ങള്‍ സമൂഹത്തിന്റെ ധാര്‍മിക അടിത്തറയെയാണ് തകര്‍ക്കുക. ഇഷ്ടം തോന്നിയാല്‍ ആര്‍ക്കുപിന്നാലെയും ഒളിച്ചോടുന്ന അവസ്ഥ സംജാതമായി. എന്നാല്‍ ഈ ബന്ധങ്ങള്‍ വിയോജിപ്പിന്റെ പാറക്കെട്ടുകളില്‍ തട്ടി തകര്‍ന്ന ചരിത്രമാണ് അധികവും. പരസ്പര വിശ്വാസവും ലൈംഗിക സംതൃപ്തിയുമില്ലാത്ത ദാമ്പത്യ ജീവതമാണ് ഈ രജിസ്റ്റര്‍ വിവാഹങ്ങള്‍ സമ്മാനിക്കുന്നത്. തനിക്ക് ഇഷ്ടപ്പെട്ടവരെ എടുത്തുചാടി ഇണയാക്കാനും പിന്നീട് ഒഴിവാക്കണമെന്നു തോന്നിയാല്‍ തത്ത്വദീക്ഷയില്ലാതെ വിവാഹമോചനം നടത്താനും ഇസ്ലാം അനുവദിക്കുന്നില്ല. വിവാഹത്തിന് പെണ്ണുകാണല്‍ മുതല്‍ നിരവധി കടമ്പകളുണ്ട്. മതം നിഷ്കര്‍ശിക്കുന്ന പ്രത്യേകത ഓരോ ചടങ്ങിനുമുണ്ട്; പ്രാധാന്യവും.
ഇസ്‌ലാമിന്റെ വൈവാഹിക നിയമങ്ങള്‍ ലളിതവും സുതാര്യവുമാണ്. ഈ നിയമങ്ങളുടെ ചട്ടക്കൂടില്‍ നിന്നു പുറത്തുചാടുമ്പോഴാണ് വിവാഹം വിനയാകുന്നത്. ഇസ്‌ലാമിക വൈവാഹിക നിയമങ്ങളെക്കുറിച്ച് ജ്ഞാനികള്‍ പറഞ്ഞത് “ഇസ്ലാം സമ്മാനിച്ച വിവാഹവിവാഹമോചന നിയമങ്ങള്‍ കാലഘട്ടത്തോട് ഏറ്റവും യോജിച്ചതാണ്’ എന്നാണ്.
ഇസ്‌ലാമിക നിയമങ്ങള്‍ മാനദണ്ഡമാക്കിയുള്ള വിവാഹങ്ങള്‍ കൊണ്ട് വിവാഹമോചനത്തിന്റെ സാധ്യതകള്‍ അടയുമെന്നതാണ് സത്യം. പെണ്ണുകാണലില്‍ മതത്തെ അവഗണിച്ചവര്‍ക്കാണ് വിവാഹം കല്ലുകടിയായി മാറുന്നത്. മതഭക്തി, സല്‍സ്വഭാവം, സൗന്ദര്യം, തറവാട് തുടങ്ങിയ കാര്യങ്ങളാണ് വിവാഹത്തില്‍ പരിഗണിക്കേണ്ടത്. കേവല ബാഹ്യ സൗന്ദര്യത്തിനും സാമ്പത്തിക കെട്ടുറപ്പിനും സ്ഥാനം നല്‍കി ഇണയെ തെരഞ്ഞെടുക്കുന്നവര്‍ തകര്‍ന്നിട്ടേയുള്ളൂ. മോചനത്തിന്റെ വക്കിലെത്തിയ വിവാഹങ്ങളുടെയെല്ലാം ചരിത്രം ഇതു തന്നെയാണ്. മതഭക്തിയാണ് പരിഗണിക്കേണ്ടത്.
സൗന്ദര്യം കണ്ട് സ്ത്രീയെ വിവാഹം കഴിക്കുന്നത് പെയിന്റ് കണ്ട് വീട് വാങ്ങുന്നതു പോലെയാണെന്ന് ഫ്രാന്‍സിസ് ക്വാന്‍സ്. കാലാന്തരേണ പെയിന്റ് പോകുമ്പോള്‍ വീടിന്റെ നിറം മങ്ങുകയും ഒന്നിനും കൊള്ളാത്തതായി മാറുകയും ചെയ്യും. ആസൂത്രിതമായിരിക്കണം വിവാഹം. വ്യക്തമായ മുന്‍കരുതലുകള്‍ ഇല്ലാത്ത ന്യൂ ജനറേഷന്‍ വിവാഹങ്ങള്‍ വിധവകളെ സൃഷ്ടിക്കുവാനാണ് ഉപകരിക്കുക.
ഓരോ വര്‍ഷവും അരലക്ഷം പേര്‍ വിവാഹാനന്തര പ്രശ്നങ്ങള്‍ ഉന്നയിച്ചുകൊണ്ട് കോടതികള്‍ കയറുന്നുവെന്നാണ് കണക്കുകള്‍. അതില്‍ അധികവും പരിഹാരം കാണാതെ വാശിയോടെ വിവാഹമോചനത്തില്‍ കലാശിക്കുന്നു. കുടുംബ കോടതികളിലെത്തുന്ന കേസുകളില്‍ 90 ശതമാനവും ദാമ്പത്യ പ്രശ്നങ്ങള്‍ സംബന്ധിച്ചതാണ്. വിവാഹത്തിലെ പിഴവുകള്‍ തന്നെയാണ് വിധവകളെ സൃഷ്ടിക്കുന്നത്. വീഴ്ചകള്‍ നിറഞ്ഞ പടിഞ്ഞാറന്‍ ചിന്താധാരകള്‍ക്കും ആഭാസങ്ങള്‍ക്കും പിന്നാലെയോടിയാല്‍ എങ്ങനെ കുടുംബം തകരാതിരിക്കും?

വനിതാ കോര്‍ണര്‍
മുഹമ്മദ് ഹാരിസ് കൊമ്പോട്

Exit mobile version