ബാബരി വിധി: നീതിനിഷേധമാണ്, രാഷ്ട്രീയ പരാജയവും

നീതിയുടെ നിഷേധം, ഒരു രാജ്യത്തിന്റെ രാഷ്ട്രീയമായ പരാജയവും – ബാബരി മസ്ജിദിന്റെ കാര്യത്തിൽ പരമോന്ന കോടതി നേരത്തെയും ലക്‌നോവിലെ പ്രത്യേക കോടതി ഇപ്പോഴും പുറപ്പെടുവിച്ച വിധികളെ ഈ വിധത്തിലേ വിശേഷിപ്പിക്കാനാകൂ. നീതിനിർവഹണ സംവിധാനം, ഭരണകൂടത്തിന്റെ ഇംഗിതങ്ങൾക്കൊപ്പിച്ച് നീങ്ങുകയാണെന്ന വിമർശനം പല കേസുകളിലും ഉയർന്നിട്ടുണ്ട്. ബാബരി മസ്ജിദുമായി ബന്ധപ്പെട്ട കേസുകളിൽ ഭരണകൂട താൽപര്യങ്ങൾക്കപ്പുറത്ത്, അതിന്റെ ചാലകശക്തിയായ രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ ആഗ്രഹങ്ങൾക്ക് വഴങ്ങുകയാണ് നീതിപീഠങ്ങളെന്ന സംശയമാണ് ഉയരുന്നത്. ആർഎസ്എസിന്റെ രാഷ്ട്രീയ അജണ്ടയ്‌ക്കൊപ്പിച്ചുള്ള നീതിനിർവഹണം, ജുഡീഷ്യറിയിലുള്ള വിശ്വാസം മാത്രമല്ല ജനാധിപത്യ സംവിധാനത്തെത്തന്നെയാണ് ഇല്ലാതാക്കുന്നത്. അതുകൊണ്ടാണ് നീതിനിഷേധത്തേക്കാളുപരി ഇത് രാജ്യത്തിന്റെ രാഷ്ട്രീയമായ പരാജയമായി മാറുന്നത്.
ബാബരി മസ്ജിദ് നിലനിന്ന ഭൂമിയുടെ ഉടസ്ഥാവകാശം ഹിന്ദുക്കൾക്കാണെന്ന്, രാമജന്മഭൂമിയാണെന്ന വിശ്വാസത്തെ മാനിക്കേണ്ടതുണ്ടെന്ന ന്യായം പറഞ്ഞ് വിധിച്ചപ്പോഴും 1949 ഡിസംബർ 22-നും 23-നും ഇടയ്ക്കുള്ള രാത്രിയിൽ ബാബരി മസ്ജിദിനുള്ളിൽ വിഗ്രഹങ്ങൾ സ്ഥാപിച്ചത് നിയമ വിരുദ്ധവും ആരാധനാലയത്തിലുള്ള കടന്നുകയറ്റവുമായിരുന്നുവെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. 1992 ഡിസംബർ ആറിന് മസ്ജിദ് തകർത്തത് നിയമവിരുദ്ധമായാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി പള്ളി പൊളിച്ചത് ആസൂത്രിതമായാണെന്നും അഭിപ്രായപ്പെട്ടു. ഇതിനൊക്കെ ശേഷമാണ്, പള്ളി തകർത്തത് ആസൂത്രിതമായല്ലെന്നും ആരോപണവിധേയരായ 32 പേരും കുറ്റക്കാരല്ലെന്നും ലക്‌നോവിലെ പ്രത്യേക കോടതി വിധിക്കുന്നത്. കർസേവകരായെത്തിയവരിലെ സാമൂഹിക വിരുദ്ധരാണ് മസ്ജിദിന്റെ മിനാരങ്ങൾക്ക് മുകളിൽ കയറിയതെന്നും അവരെ തടയാൻ അശോക് സിംഘാൾ അടക്കമുള്ള നേതാക്കൾ ശ്രമിച്ചിരുന്നുവെന്നും കോടതി പറയുന്നു. ബാബരി മസ്ജിദുമൊരു ക്ഷേത്രമാണെന്നും അതിന് കേടുപാടുണ്ടാക്കരുതെന്നുമുള്ള അശോക് സിംഘാളിന്റെ അഭ്യർത്ഥന തള്ളി പള്ളി പൊളിച്ചവർ യഥാർത്ഥ രാമഭക്തരല്ലെന്നും കോടതി പറഞ്ഞുവെച്ചു.
1992 ഡിസംബർ ആറിന് അയോധ്യയിൽ പ്രതീകാത്മക കർസേവ നടത്തുമെന്ന് സംഘപരിവാർ പ്രഖ്യാപിച്ചപ്പോഴും അതിന് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ അനുമതി നൽകിയപ്പോഴും അത് പ്രതീകാത്മകമല്ലെന്നും ബാബരി മസ്ജിദ് തകർക്കാനുള്ള പദ്ധതിയുടെ ഭാഗമാണെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. കർസേവയ്ക്കിടെ മസ്ജിദ് തകർക്കാനിടയുണ്ടെന്നും അത് തടയണമെന്നും ആവശ്യപ്പെട്ട് സുപ്രീം കോടതിക്ക് മുന്നിൽ ഹരജി എത്തി. ആ ഹരജിയിൽ, കേന്ദ്രം ഭരിച്ചിരുന്ന പിവി നരസിംഹ റാവു സർക്കാറും ഉത്തർ പ്രദേശ് ഭരിച്ചിരുന്ന കല്യാൺ സിംഗ് സർക്കാറും സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ബാബരി മസ്ജിദ് സംരക്ഷിക്കാൻ നടപടി സ്വീകരിക്കുമെന്നായിരുന്നു ഉറപ്പു നൽകിയിരുന്നത്. മസ്ജിദിന് കേടുപാടുകളൊന്നുമുണ്ടാകില്ലെന്ന് ഉറപ്പാക്കുമെന്നും ഇരു സർക്കാറുകളും കോടതിയെ അറിയിച്ചു. സംരക്ഷിക്കാൻ നടപടിയൊന്നും സ്വീകരിക്കാതെ കർസേവയുടെ ‘യഥാർത്ഥ ലക്ഷ്യം’ പൂർത്തീകരിക്കാനുള്ള സൗകര്യം കേന്ദ്രത്തിലെ കോൺഗ്രസ് സർക്കാറും ഉത്തർ പ്രദേശിലെ ബിജെപി സർക്കാറും ഒരുക്കിക്കൊടുത്തു. ആയുധങ്ങളും വടങ്ങളുമായി എത്തിയ കർസേവകർ മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിയനുസരിച്ച് മണിക്കൂറുകൾ കൊണ്ട് ബാബരി മസ്ജിദ് നിശ്ശേഷം തകർത്തപ്പോൾ തികഞ്ഞ മൗനത്തിലായിരുന്നു പ്രധാനമന്ത്രി നരസിംഹറാവു. പരമോന്നത കോടതിക്ക് നൽകിയ ഉറപ്പ് പാലിക്കാൻ നടപടി സ്വീകരിക്കാതിരുന്നവർ യഥാർത്ഥത്തിൽ പള്ളി പൊളിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ്. അവരെല്ലാം കുറ്റവിമുക്തരാക്കപ്പെടുമ്പോൾ പരമോന്നത കോടതിയിൽ നൽകിയ ഉറപ്പിന് കടലാസിന്റെ വില പോലുമില്ലാത്ത അവസ്ഥയാണ് സൃഷ്ടിക്കപ്പെടുന്നത്.
മസ്ജിദ് തകർക്കപ്പെടാനിടയായ സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കാൻ നരസിംഹ റാവു സർക്കാർ ജസ്റ്റിസ് ലിബർഹാനെ ജുഡീഷ്യൽ കമ്മീഷനായി നിയമിച്ചിരുന്നു. ഒന്നര പതിറ്റാണ്ട് നീണ്ട അന്വേഷണത്തിന് ശേഷം ലിബർഹാൻ കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കുമ്പോൾ ഡോ. മൻമോഹൻ സിംഗിന്റെ നേതൃത്വത്തിലുള്ള യുപിഎ സർക്കാറായിരുന്നു അധികാരത്തിൽ. 1992 ഡിസംബർ ആറിന് നടന്ന സംഭവങ്ങൾ പൊടുന്നനെയുണ്ടായതല്ലെന്ന് കമ്മീഷൻ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. അന്നത്തെ സംഭവങ്ങൾ തടയാൻ സാധിക്കാത്തതുമായിരുന്നില്ല. ആസൂത്രണം ചെയ്ത പദ്ധതിയാണ് അന്ന് നടപ്പാക്കിയത്. മത, രാഷ്ട്രീയ നേതാക്കളും അവിടെ തടിച്ചുകൂടിയ ആൾക്കൂട്ടത്തിന്റെ നേതൃത്വം സ്വയം ഏറ്റെടുത്തവരുമൊക്കെ ഈ പദ്ധതി നടപ്പാക്കുന്നതിന് മുൻകൈ എടുത്തവരായിരുന്നുവെന്നും കമ്മീഷൻ വ്യക്തമാക്കി. എൽകെ അദ്വാനി, മുരളി മനോഹർ ജോഷി, കെഎസ് സുദർശൻ, ഉമാ ഭാരതി, എച്ച്‌വി ശേഷാദ്രി, പ്രമോദ് മഹാജൻ തുടങ്ങി നിരവധി നേതാക്കളുടെ പേര് റിപ്പോർട്ടിൽ എടുത്ത് പറയുകയുണ്ടായി. കമ്മീഷൻ റിപ്പോർട്ട്, അതിൻമേലെടുത്ത നടപടി റിപ്പോർട്ട് സഹിതം പാർലമെന്റിൽ വെച്ച കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സർക്കാർ പള്ളി തകർത്തതിനെക്കുറിച്ചും അതിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ചും സിബിഐ നിലവിൽ അന്വേഷണം നടത്തുന്നുണ്ടെന്നാണ് വ്യക്തമാക്കിയത്. ജൂഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് ചൂണ്ടിക്കാട്ടിയ ഗൗരവമുള്ള സംഗതികൾ പരിഗണിച്ച്, പള്ളി തകർത്ത് വർഗീയ ധ്രുവീകരണത്തിന് ആക്കം കൂട്ടുകയും നൂറുകണക്കിനാളുകളുടെ ജീവനെടുത്ത കലാപങ്ങൾക്ക് വഴിതുറക്കുകയും ചെയ്തവർക്ക് ശിക്ഷ ലഭിക്കാൻ പാകത്തിലുള്ള അന്വേഷണം നടക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി യുപിഎ സർക്കാർ കാണിച്ചില്ല എന്നതാണ് പരമാർത്ഥം.
യുപി മുഖ്യമന്ത്രിയായിരുന്ന കല്യാൺ സിംഗിനും അദ്ദേഹത്തിന്റെ മന്ത്രിസഭയിലുണ്ടായിരുന്നവർക്കും ഡിസംബർ ആറിന് എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് അറിയാമായിരുന്നുവെന്ന് കമ്മീഷൻ വ്യക്തമാക്കിയിരുന്നു. തിരഞ്ഞെടുത്ത വിശ്വസ്തരായ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് പള്ളി തകർക്കാനുള്ള സാഹചര്യം സൃഷ്ടിക്കുകയായിരുന്നു. നിയമവാഴ്ച ഉറപ്പാക്കാനല്ല, അത് അട്ടിമറിക്കാനാണ് കല്യാൺ സിംഗ് സർക്കാർ തയ്യാറായതെന്നും കമ്മീഷൻ കുറ്റപ്പെടുത്തുന്നു. ഇതേക്കുറിച്ച് എന്തെങ്കിലും അന്വേഷണം നടന്നുവോ എന്ന് വ്യക്തമല്ല. കുറ്റം ചെയ്തുവെന്ന് തെളിയിക്കാൻ പാകത്തിൽ തെളിവുകൾ ഹാജരാക്കാൻ സിബിഐക്ക് സാധിച്ചില്ലെന്ന കോടതിവിധി കാണുമ്പോൾ ‘കൂട്ടിലടച്ച തത്ത’ പതിവ് രീതിയിൽ തന്നെ അന്വേഷണം നടത്തിയെന്നാണ് മനസ്സിലാക്കുന്നത്. രാജ്യത്തെ നിയമമനുസരിച്ച്, ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് കോടതിക്ക് സ്വീകരിക്കാവുന്ന തെളിവല്ല. അതുകൊണ്ട് തന്നെ ലിബർഹാൻ കമ്മീഷൻ റിപ്പോർട്ടും മറ്റ് പല റിപ്പോർട്ടുകളെപ്പോലെ സർക്കാർ അലമാരകളെ അലങ്കരിക്കാനുള്ള ഒന്നായി അവസാനിക്കുകയും ചെയ്തു.
എൽകെ അദ്വാനി, മുരളി മനോഹർ ജോഷി, ഉമാ ഭാരതി തുടങ്ങി പ്രതിസ്ഥാനത്ത് ജീവനോടെ ശേഷിച്ച 32 പേർക്കെതിരെ ആരോപിക്കപ്പെട്ടത് ഗൂഢാലോചനക്കുറ്റമാണ്. പള്ളി തകർക്കുന്നതിന്റെ തലേന്ന് ബിജെപി നേതാവ് വിനയ് കത്യാരുടെ വീട്ടിൽ ചേർന്ന രഹസ്യ യോഗത്തിലാണ് പള്ളി പൊളിക്കാനുള്ള അന്തിമ തീരുമാനമെടുത്തതെന്നും എൽകെ അദ്വാനി അടക്കമുള്ളവർ ആ യോഗത്തിൽ പങ്കെടുത്തിരുന്നുവെന്നുമാണ് സിബിഐ ആരോപിച്ചത്. അത്തരത്തിലൊരു യോഗം നടന്നിരുന്നുവെന്ന് തെളിയിച്ചാൽ പോലും അതിൽ പള്ളി തകർക്കാൻ തീരുമാനമെടുത്തുവെന്ന് തെളിയിക്കുക, അല്ലെങ്കിൽ ഗൂഢാലോചന കോടതിയിൽ തെളിയിക്കുക എന്നത് പ്രയാസമുള്ള സംഗതിയാണ്. പക്ഷേ, രാജ്യത്ത് പരസ്യമായി നടന്ന കാര്യങ്ങൾ അന്വേഷണ ഏജൻസിക്ക് മാത്രമല്ല, വിചാരണ പൂർത്തിയാക്കി വിധി പറഞ്ഞ ജഡ്ജി സുരേന്ദ്ര കുമാർ യാദവിന് തന്നെ അറിവുള്ളതാണ്. പ്രതീകാത്മക കർസേവയുടെ പേരിൽ രാജ്യത്താകെ സംഘപരിവാരം പ്രചാരണം നടത്തിയതും നാല് ലക്ഷത്തോളം പേരെ അവിടേക്ക് എത്തിച്ചതും പരസ്യമായാണ്.
1990 ജൂൺ എട്ടിന് അയോധ്യ ഉൾക്കൊള്ളുന്ന ഫൈസാബാദിൽ അഡീഷണൽ ജഡ്ജിയായി നിയമിതനായ എസ്‌കെ യാദവ് 1992 മെയ് 31 വരെ ആ സ്ഥാനത്ത് തുടർന്നിരുന്നു. 1992 ഡിസംബർ ആറിന് ബാബരി തകർക്കപ്പെടുമ്പോൾ ഫൈസാബാദിൽ അഡീഷണൽ ജഡ്ജിയായിരുന്ന അദ്ദേഹത്തിന് മുൻകൂട്ടി ആസൂത്രണം ചെയ്ത പദ്ധതിയുടെ കുറ്റമറ്റ നടപ്പാക്കലാണ് അന്ന് നടന്നതെന്ന് മനസ്സിലാക്കാൻ സിബിഐയുടെ അന്വേഷണ റിപ്പോർട്ടും സാക്ഷി മൊഴികളും പരിശോധിക്കേണ്ട കാര്യമേയില്ല. എന്നിട്ടും നേതാക്കളുടെ വിലക്ക് ലംഘിച്ച് കർസേവകരിലെ സാമൂഹിക വിരുദ്ധർ പൊടുന്നനെ മസ്ജിദിന് മുകളിൽ കയറിയതാണ് പള്ളി പൊളിക്കലിലേക്ക് നയിച്ചത് എന്ന് കണ്ടെത്തണമെങ്കിൽ അത് ന്യായാധിപ സ്ഥാനത്തിരിക്കുന്ന വ്യക്തിയുടെ മാത്രം പ്രശ്‌നമല്ല. പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ തീവ്ര ഹിന്ദുത്വ ശക്തികൾക്ക് ഹിതകരമായ വിധികളാണ് പുറപ്പെടുവിക്കേണ്ടത് എന്ന് നീതിന്യായ സംവിധാനത്തിൽ ഏറെ സ്വാധീനിച്ചതിന്റെ, അധികാരത്തിന്റെ ബലം ഉപയോഗിച്ച് സംഘപരിവാരം അങ്ങനെ ബോധ്യപ്പെടുത്തിയതിന്റെ ഫലമാണ്. വിശ്വാസത്തിന് തെളിവുണ്ടായിരുന്നുവെന്ന് പരമോന്നത നീതിപീഠം തന്നെ വിധിക്കുമ്പോൾ ആ വിശ്വാസത്തിന്റെ സംരക്ഷണത്തിന് വേണ്ടി പ്രവർത്തിച്ചുവെന്ന് അവകാശപ്പെടുന്നവരെ എങ്ങനെ കുറ്റക്കാരായി കാണുമെന്ന് കീഴ്‌ക്കോടതി ചിന്തിക്കുക സ്വാഭാവികം.
പ്രത്യേക പദവി ഇല്ലാതാക്കി ജമ്മു കശ്മീരിനെ കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചും പൗരത്വ നിയമം ഭേദഗതി ചെയ്തും ഇന്ത്യൻ യൂണിയനെ ഹിന്ദു രാഷ്ട്രമാക്കി മാറ്റാനുള്ള ശ്രമങ്ങൾക്ക് വേഗം കൂട്ടുകയാണ് നരേന്ദ്ര മോദി സർക്കാർ. മതനിരപേക്ഷ ജനാധിപത്യം ജനങ്ങൾക്ക് വാഗ്ദാനം ചെയ്യുന്ന ഭരണഘടനയെ നിലനിർത്തിക്കൊണ്ടുതന്നെ ഹിന്ദുത്വ അജണ്ട നടപ്പാക്കാനാണ് ശ്രമം. നിയമങ്ങളെയും അന്വേഷണ ഏജൻസികളെയും ദുരുപയോഗം ചെയ്ത് എതിർശബ്ദങ്ങളെ അടിച്ചമർത്താനും മടിക്കുന്നില്ല. ഹിന്ദുത്വ അജണ്ടക്കെതിരെ പരസ്യമായി നിലപാടെടുത്ത സാമൂഹിക പ്രവർത്തകരെയും ബുദ്ധിജീവികളെയും നിയമ വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരം (യുഎപിഎ) രജിസ്റ്റർ ചെയ്ത കേസുകളിൽ കുടുക്കി തടങ്കലിലാക്കുന്നത് അതിന്റെ ഭാഗമായാണ്. ഭീതി വിതച്ച് ജനങ്ങളെ അനുസരണയുള്ള കുഞ്ഞാടുകളാക്കുകയാണ് ഉദ്ദേശ്യം.
ഉത്തർ പ്രദേശിൽ ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ വലിയ പ്രതിഷേധമുയരുമ്പോൾ മാധ്യമങ്ങളെയും രാഹുൽ ഗാന്ധി അടക്കമുള്ള രാഷ്ട്രീയ പ്രവർത്തകരെയും ഹത്‌റാസിലേക്ക് പ്രവേശിപ്പിക്കാതെ മനുഷ്യാവകാശങ്ങൾക്കോ ജനാധിപത്യാവകാശങ്ങൾക്കോ ഇടമില്ലാത്ത അടിയന്തരാവസ്ഥയേക്കാൾ കിരാതമായ അവസ്ഥയിലാണ് രാജ്യമെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് അവർ. സംഘപരിവാരത്തിന് പുറത്തുള്ളവർക്കൊന്നും സ്വതന്ത്രമായി ജീവിക്കാൻ ഇനി അനുവാദമുണ്ടാകില്ലെന്ന പരോക്ഷമായ പ്രഖ്യാപനമാണ് ഇതെല്ലാം. സംഘപരിവാരത്തിനൊപ്പം നിൽക്കുന്ന ഏത് കൊടിയ കുറ്റവാളിയും സംരക്ഷിക്കപ്പെടുമെന്ന, വംശഹത്യാ ശ്രമാനന്തരമുള്ള ഗുജറാത്ത് മാതൃകയുടെ വ്യാപിപ്പിക്കലും ഉത്തർ പ്രദേശിലും ഈയിടെ നടന്ന ഡൽഹി കലാപത്തിലും കാണാം.
ഇത്തരമൊരു സാഹചര്യത്തിൽ മതനിരപേക്ഷ ജനാധിപത്യത്തിൽ ഇപ്പോഴും വിശ്വസിക്കുന്നവർക്കും തീവ്രഹിന്ദുത്വത്തിന്റെ തേർവാഴ്ചയിൽ തങ്ങളൊക്കെ രണ്ടാംതരം പൗരൻമാരോ ബഹിഷ്‌കൃതരോ ആയി മാറുമെന്ന് ആശങ്കപ്പെടുന്ന ന്യൂനപക്ഷങ്ങൾക്കും (പ്രത്യേകിച്ച് മുസ്‌ലിംകൾക്ക്) ഏക പ്രതീക്ഷ ജുഡീഷ്യറിയായിരുന്നു. ആ പ്രതീക്ഷ ഇനി വേണ്ടതില്ലെന്ന് അടിവരയിടുകയാണ് ബാബരി മസ്ജിദ് തകർത്ത കേസിൽ പ്രതികളെ മുഴുവൻ വെറുതെ വിട്ടുകൊണ്ടുള്ള വിധി. കർസേവകരിലെ തന്നെ സാമൂഹിക വിരുദ്ധരാണ് പള്ളി പൊളിച്ചത് എന്ന് കോടതി പ്രഖ്യാപിക്കുമ്പോൾ സംഘപരിവാരത്തെ വെള്ള പൂശുകയാണ് കോടതി. ബാബരി മസ്ജിദിന്റെ തകർച്ചയിൽ യാതൊരു ഉത്തരവാദിത്വവും അവർക്കില്ലാതായിരിക്കുന്നു! സാമൂഹിക വിരുദ്ധരുടെ ചെയ്തികളുടെ പേരിൽ മൂന്ന് പതിറ്റാണ്ടുകാലം കുറ്റാരോപണത്തിന്റെ ഭാരം പേറിയ ത്യാഗികളായി അതിന്റെ നേതാക്കൾ മാറിയിരിക്കുന്നു! വർഗീയ ഫാസിസ്റ്റ് ഭരണകൂടത്തിനും തീവ്ര ഹിന്ദുത്വ അജണ്ടക്കും വിധേയമായുള്ള നീതിനിർവഹണം മാത്രമേ ഇന്ത്യൻ യൂണിയനിലുണ്ടാകൂ എന്ന് പറയാതെ പറയുകയാണ് ജസ്റ്റിസ് എസ്‌കെ യാദവിന്റെ വിധി വാക്യങ്ങൾ.
നീതി നിഷേധിക്കപ്പെട്ടവർ, നിയമങ്ങളുടെ സംരക്ഷണം തങ്ങൾക്കിനി ഉണ്ടാകുമെന്ന് ഉറപ്പില്ലാത്തവർ, ഭരണഘടനാ സ്ഥാപനങ്ങളെയും നീതിന്യായ സംവിധാനത്തെയും ഇനിയെങ്ങനെ വിശ്വസിക്കുമെന്ന് സംശയിക്കുന്നവർ ജനസംഖ്യയിൽ ഇരുപത് കോടിയോളം ആ മാനസികാവസ്ഥയിലേക്ക് തള്ളപ്പെട്ടിരിക്കുന്നു. മുസ്‌ലിംകളല്ലാത്ത ജനാധിപത്യ വിശ്വാസികളും ഈയൊരവസ്ഥയിലാണ് ഇപ്പോഴുള്ളത്. അവരുടെ വിശ്വാസം നഷ്ടപ്പെടുകയെന്നാൽ ജനാധിപത്യ സമ്പ്രദായം രാജ്യത്ത് അവസാനിച്ചിരിക്കുന്നുവെന്നാണർത്ഥം. അതുകൊണ്ടാണ് ബാബരി മസ്ജിദുമായി ബന്ധപ്പെട്ട കേസുകളിലെ വിധി ഒരേ സമയം നീതി നിഷേധവും രാജ്യത്തിന്റെ രാഷ്ട്രീയമായ പരാജയവുമാകുന്നത്.

രാജീവ് ശങ്കരൻ

Exit mobile version