ഭീകരതയുടെ ചരിത്രാവലോകനം

salafism-malayalam

സ്‌ലാമിനെയും മുസ്‌ലിംകളെയും തെറ്റിദ്ധരിക്കാന്‍ കാരണമായ ഭീകരവാദത്തിന്റെ തായ്‌വേരുകള്‍ പരിശോധിക്കേണ്ടതാണ്. ഇസ്‌ലാമിക സമൂഹത്തില്‍ തക്ഫീര്‍ അഥവാ കാഫിറാക്കല്‍ തങ്ങളുടെ വ്യതിരിക്തതയും പ്രത്യേകതയുമായി സ്വീകരിച്ചു വരുന്നവരാണ് ഇതിന്റെ പിന്നിലുള്ളത്. വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും ഇസ്‌ലാമിക ചരിത്ര ഘട്ടങ്ങളും അവസരത്തിനനുസരിച്ച് ദുരുപയോഗം ചെയ്യുകയാണവര്‍.  സ്വഹാബത്തിന്റെ കാലത്ത് തന്നെ ഉടലെടുത്ത ഖവാരിജുകളാണ് അലി(റ)വിനെ വധിച്ചതെന്നറിയുമ്പോഴാണ് മതവ്യതിയാനത്തിന്റെയും ദുഷ്ടതയുടെയും ആഴമറിയുക. പില്‍കാലത്ത് ഉടലെടുത്ത വ്യത്യസ്ത പേരുകളിലറിയപ്പെടുന്ന കക്ഷികളുണ്ട്. അവയില്‍ പലതും നിരപരാധികളില്‍ കുറ്റാരോപണം നടത്തി പീഡിപ്പിക്കുകയുണ്ടായി. ഭരണാധികാരികളില്‍ ചിലരുടെ പിന്തുണയോടെ മഹാസാത്വികരായ പണ്ഡിതന്മാര്‍ക്ക് വലിയ മര്‍ദനങ്ങളേല്‍ക്കേണ്ടിവന്നു. ഇമാം അഹ്മദുബ്‌നു ഹമ്പല്‍(റ)വിനേറ്റ ക്രൂരമായ പീഡന കഥകള്‍ അതിലൊന്ന് മാത്രം. ഇന്ത്യയില്‍ രണ്ടാം സഹസ്രാബ്ദത്തിലെ പരിഷ്‌കര്‍ത്താവ് എന്നറിയപ്പെടുന്ന ശൈഖ് അഹ്മദ് ഫാറൂഖി അസ്സര്‍ഹിന്ദി(റ)ക്ക് ക്രൂരമായ പീഡനമേല്‍ക്കേണ്ടി വന്നതും പുത്തന്‍വാദികളുടെ കുതന്ത്രം കാരണമായിരുന്നു.

പണ്ഡിത പീഡനമാണ് ആദ്യകാലങ്ങളില്‍ ധാരാളമായി നടന്നത്. രാഷ്ട്രീയ കാരണങ്ങളും മതവ്യതിയാനക്കാരുടെ കുബുദ്ധിയും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നു. പൊതുസമൂഹത്തില്‍ വലിയ കുഴപ്പങ്ങള്‍ക്ക് കാരണമായത് ഖവാരിജത്തിന്റെ ചിന്തകള്‍ ചുമലിലേറ്റിയവരാണ്. ഖവാരിജത്തിന്റെ പഴയ ആശയങ്ങള്‍ പുതിയ മേല്‍വിലാസത്തില്‍ പ്രചരിപ്പിച്ചുകൊണ്ട് പലരും രംഗത്തുവന്നു. സ്വന്തം താല്‍പര്യം സംരക്ഷിക്കാന്‍ വേണ്ടി അതില്‍ കൂട്ടുകയും കുറക്കുകയും ചെയ്തു. ചില വാദങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി ഗുരുതരമായി അവതരിപ്പിച്ചു. അങ്ങനെ മുസ്‌ലിം സമൂഹത്തില്‍ കൂടുതല്‍ പേരും മുസ്‌ലിംകളല്ലെന്നു വരുത്തി തീര്‍ത്തു. അവരെ തങ്ങളുടെ വീക്ഷണമനുസരിച്ചുള്ള സത്യത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനുള്ള ശ്രമമായിരുന്നു ആദ്യകാലത്തൊക്കെ നടന്നത്.

കാലക്രമത്തില്‍ രാഷ്ട്രീയ പിന്തുണയോടെയോ പക്ഷപാതികളായ ആളുകളെ ഉപയോഗപ്പെടുത്തിയോ ഭീകരത സൃഷ്ടിക്കുന്നതാണ് കണ്ടത്. സ്വന്തം സഹോദരങ്ങളില്‍ അവിശ്വാസമാരോപിക്കുകയും അവരുടെ പ്രവര്‍ത്തനങ്ങളെ അനിസ്‌ലാമികവും ബഹുദൈവത്വവുമാക്കി അവതരിപ്പിച്ച് മതനിയമങ്ങള്‍ ദുരുപയോഗം ചെയ്തുമാണ് കാര്യങ്ങള്‍ എളുപ്പമാക്കിയത്. ഇസ്‌ലാമിലെ മതപരമായ അച്ചടക്കനിയമങ്ങളില്‍ പ്രധാനമായതാണ് മതഭ്രഷ്ട് സംബന്ധമായത്. അവയിലൊന്നുമില്ലാതെയാണ് മതഭ്രഷ്ടാരോപണം, അഥവാ ‘തകാഫിര്‍’ നടന്നത്.

ഇസ്‌ലാമില്‍ ഒരു വ്യവസ്ഥയുണ്ടെങ്കില്‍ അതിനൊരു പ്രയോഗരീതിയും ആരു പ്രയോഗിക്കണമെന്നുമുണ്ട്. കുറ്റം സ്വീകരിക്കപ്പെട്ടാല്‍ തന്നെ തുടര്‍ നടപടികള്‍ക്ക് കൃത്യമായ വ്യവസ്ഥകളുണ്ട്. എന്നാല്‍, ഇവരുടെ മതത്തില്‍ സ്വന്തം താല്‍പര്യങ്ങള്‍ക്ക് അനുകൂലമല്ല എന്നു തോന്നുന്നവരും നിരപരാധികളുമാണ് പീഡിതരും വിധേയരുമാകുന്നത്. ഇരകളെ സൃഷ്ടിച്ച് അവരുടെ മേല്‍ അക്രമം അഴിച്ചുവിടുന്നതാണ് പുതിയ കാലത്തെ ഭീകരവാദികളുടെ രീതി. പൂര്‍വികരായ വിശ്വാസി സമൂഹത്തോട് തങ്ങള്‍ക്കു ബന്ധമില്ല എന്നു പ്രത്യക്ഷത്തില്‍ തന്നെ ബോധ്യപ്പെടുന്നുവെന്നത് പുത്തന്‍വാദികളെ എല്ലാകാലത്തും കുഴക്കിയിട്ടുണ്ട്. അതില്‍ നിന്ന് രക്ഷപ്പെടുന്നതിനാണ് മുന്‍ഗാമികളുമായി ഏച്ചുകെട്ടി സലഫിയെന്നു പേരു സ്വീകരിച്ചു തുടങ്ങിയത്. സലഫുസ്സ്വാലിഹുകള്‍ ഈ സമുദായത്തിലെ ഉത്തമ കാലക്കാരാണ്. വിശ്വാസത്തിലും നടപടിയിലും അവരോട് അകന്നു പോയവരാണ് പിന്നീട് സലഫി എന്നു പേരു സ്വീകരിച്ചത്. ഹനഫി, മാലികി, ശാഫിഈ, ഹമ്പലി എന്നിങ്ങനെ മഹദ് വ്യക്തിത്വങ്ങളോട് ചേര്‍ത്തിപ്പറയുന്ന അതേ നിമിഷം തന്നെ ഒരു ജനവിഭാഗത്തോട് ചേര്‍ത്തിപ്പറഞ്ഞ് നിലനില്‍പു തേടേണ്ട ഗതികേടാണ് പുത്തനാശയക്കാര്‍ക്കുള്ളത്.

സലഫിന്റെ പേരില്‍ തങ്ങളുടെ അനര്‍ത്ഥങ്ങളും അതിവാദങ്ങളും മനസ്സിലാക്കപ്പെടുന്ന അവസ്ഥ ഇതുമൂലം വന്നുചേര്‍ന്നിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ സലഫിന് അതുമായി യാതൊരു ബന്ധവുമില്ല. അക്രമോത്സുകമായ മതവ്യതിയാനത്തിന്റെ പുതിയ പ്രയോഗരീതികള്‍ ഏതെടുത്തു പരിശോധിച്ചാലും അവയുടെ അടിസ്ഥാന സ്രോതസ്സ് ഒന്നുതന്നെയായിരിക്കും. അതിവാദം കടന്നുവന്ന വഴികളില്‍ വഴിത്തിരിവുകള്‍ പലതുമുണ്ടായിട്ടുണ്ടെങ്കിലും സലഫി എന്ന പേരിലുണ്ടായ വഴിത്തിരിവാണ് വ്യാപകവും ഭീകരവും ഗുരുതരവുമായ നാശനഷ്ടങ്ങള്‍ക്കു കാരണമായത്. ഇസ്‌ലാമിന്റെ അടിസ്ഥാന തത്ത്വമായ തൗഹീദില്‍ പിടിച്ച് നടന്ന തെറ്റിദ്ധരിപ്പിക്കലുകള്‍ക്ക് സമൂഹത്തില്‍  പല മേഖലകളിലും എളുപ്പത്തില്‍ സ്വാധീനം നേടാനായി. പരമ്പരാഗതമായിത്തന്നെ തൗഹീദിനുള്ള പ്രാധാന്യം ഉള്‍ക്കൊണ്ടവരായിരുന്നുവല്ലോ സമൂഹം. അതാണ് സലഫികള്‍ മുതലെടുത്തത്. തൗഹീദില്‍ നിന്നും അകന്നവരോട് അന്ധവും ക്രൂരവുമായ വിരോധം വളര്‍ത്തി അക്രമാസക്തരാകുകയായിരുന്നു പുത്തന്‍വാദികള്‍. അവരെ കൂടുതല്‍ അതിവാദികളാക്കുന്നതിന് പരമ്പരാഗത നേതൃത്വത്തെ കുറിച്ച് വിലകുറഞ്ഞ ആരോപണങ്ങളുന്നയിച്ചു. അതിന് സഹായകമായ പ്രവര്‍ത്തനങ്ങളും നടത്തി.

തൗഹീദിന്റെ വികാരം കത്തിച്ച് സൈദ് ബ്‌നുല്‍ ഖത്താബ്(റ)ന്റെ ഖബര്‍ തകര്‍ത്താണ് ക്രൂരവിനോദത്തിന്റെ ഉദ്ഘാടനം സലഫികളായ ഇന്നത്തെ ഐ എസ് നിര്‍വഹിച്ചത്. സലഫി നേതാവ് നേരിട്ട് ഖുബ്ബകളും മഖ്ബറകളും തകര്‍ത്താണ് ശ്മശാന വിപ്ലവത്തിന് പണ്ടു നാന്ദി കുറിച്ചിരുന്നത്. അത് പിന്നീട് കവര്‍ച്ചകളിലും ക്രൂരമായ പീഡനങ്ങളിലുമെത്തി. സലഫികള്‍ക്കു സ്വീകാര്യമായ ചരിത്ര കൃതികളില്‍ തന്നെ ഇക്കാര്യം രേഖപ്പെട്ടു കിടക്കുന്നു. കേവലമായ ആവേശത്തിലായിരുന്നില്ല. മതപരമായ ഒരു ദൗത്യമാണ് തങ്ങള്‍ നിര്‍വഹിക്കുന്നതെന്ന വിചാരതലത്തിലേക്കവര്‍ മാറ്റപ്പെട്ടിരുന്നു. അതുകൊണ്ടു തന്നെ സ്ത്രീകളെന്നോ കുട്ടികളെന്നോ വൃദ്ധരെന്നോ വ്യത്യാസമില്ലാതെ ക്രൂരത കാണിക്കാനവര്‍ ധൃഷ്ടരായി.

ഉയൈനയിലെ ഭരണാധികാരിയായിരുന്നു ഉസ്മാനുബ്‌നു മുഅമ്മര്‍. സലഫി നേതാവിന്റെ ആശയങ്ങള്‍ സ്വീകരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. അദ്ദേഹത്തെ എന്ത് ചെയ്‌തെന്നും അതിന്റെ കാരണമെന്തെന്നും നേതാവ് പറഞ്ഞത് ഹുസൈനുബ്‌നു ഗന്നാം എന്ന സലഫി ചരിത്രകാരന്‍ രേഖപ്പെടുത്തുന്നു: ഉയൈനയിലെ ഭരണാധികാരി ബഹുദൈവ വിശ്വാസിയും സത്യനിഷേധിയുമാണ്. ഇക്കാര്യമറിഞ്ഞ മുസ്‌ലിംകള്‍ (സലഫികള്‍) ജുമുഅ നിസ്‌കാരം അവസാനിക്കുമ്പോള്‍ അദ്ദേഹത്തെ കൊല്ലാന്‍ തീരുമാനിച്ചു. അങ്ങനെ ഹിജ്‌റ 1163 റജബ് മാസത്തില്‍ പള്ളിയില്‍ മുസ്വല്ലയിലായിരിക്കെ അദ്ദേഹത്തെ ഞങ്ങള്‍ കൊന്നു കളഞ്ഞു (റൗളതുല്‍ അഫ്കാരി വല്‍ അവ്‌ന- താരീഖ് നജ്ദ്. പേ, 103).

ഇബ്‌നു ഗന്നാം തുടരുന്നു: റിയാളിലേക്ക് നീങ്ങിയ സലഫി സൈന്യം രാത്രി സമയത്ത് അവിടെയെത്തി. റിയാളുകാര്‍ പ്രതിരോധിച്ചു. ഏഴ് റിയാളുകാര്‍ കൊല്ലപ്പെട്ടു. രണ്ട് മുസ്‌ലിംകള്‍ (സലഫികള്‍) മാത്രമാണ് കൊല്ലപ്പെട്ടത് (പേ, 104). അല്‍ഖര്‍ജിലെ ഗനീമത്തുകള്‍ (തദ്ദേശീയരായ മുസ്‌ലിംകളുടെ സമ്പത്ത്) ശേഖരിച്ചു. തിരിച്ചു പോരുമ്പോള്‍ നാട്ടുകാര്‍ പിന്നില്‍ വന്നു. അവര്‍ക്കെതിരെ വെടിയുണ്ടകളുതിര്‍ത്തു. ഖര്‍ജുകാരായ മുപ്പത് പേരെ കൊലപ്പെടുത്തി (പേ. 106).

തന്റെ സഹോദരന്‍ ഖാളിയായ ഹുറൈമിലായിലെ ഭരണാധികാരിയായിരുന്ന മുഹമ്മദ് ബ്‌നു അബ്ദില്ലാഹിബ്‌നു മുബാറകിനെയും തന്റെ കൂടെ നിന്ന എട്ടു പേരെയും കൊലപ്പെടുത്തി (പേ, 107). പിന്നെ സലഫികള്‍ ഹുറൈമിയ്യ പിടിച്ചെടുത്തു. അതെ തുടര്‍ന്ന് നടന്ന അക്രമത്തില്‍ നൂറു പേര്‍ കൊല്ലപ്പെടുകയും അനേകം സമ്പത്ത് ഗനീമത്തായി ലഭിക്കുകയും ചെയ്തു. ഏഴു സലഫികള്‍ മാത്രമേ കൊല്ലപ്പെട്ടുള്ളൂ (പേ, 109). ഈ ആക്രമണത്തെ തുടര്‍ന്ന് ഹുറൈമിലായിലെ ഖാസിയായ സലഫി നേതാവിന്റെ സഹോദരന്‍ സുലൈമാനു ബ്‌നു അബ്ദില്‍ വഹാബിന് കാല്‍നടയായി രക്ഷപ്പെടേണ്ടിവന്നു (പേ, 109).

അബ്ദുര്‍റഹ്മാനുബ്‌നു ഹസനില്‍ ജബര്‍നി സലഫി സേന നടത്തിയ നരമേധത്തിന്റെ കഥ വിവരിക്കുന്നുണ്ട്: ത്വാഇഫിലെ ജനതയോടവര്‍ മൂന്നു ദിവസം ശക്തമായി പൊരുതി. ത്വാഇഫ് പിടിച്ചെടുത്തു. അക്രമപരമായി അധീശത്വം സ്ഥാപിച്ചു. പുരുഷന്മാരെ കൊന്നുതള്ളി. സ്ത്രീകളെയും കുട്ടികളെയും തടവിലാക്കി. ഇത് അവരോടെതിരിടുന്നവരോടെല്ലാം അവരുടെ പതിവായിരുന്നു (അജാഇബുല്‍ ആസാര്‍  ഫിത്തറാജീമി വല്‍ അഖ്ബാര്‍. 2/554).

പുണ്യഭൂമിയായ മക്കയിലും മദീനയിലും നടത്തിയ നരമേധവും ക്രൂരതയും സലഫി ചരിത്രകാരന്മാര്‍ തന്നെ എഴുതിയിട്ടുണ്ട്. മക്കയിലേക്കുള്ള പ്രവേശന കവാടങ്ങളിലെല്ലാം നിലയുറപ്പിച്ച സലഫി സേന ഹാജിമാരെയടക്കം കൊല്ലുകയോ തടവിലാക്കുകയോ ചെയ്തു. ജീവിത പ്രയാസത്തിലായ മക്കക്കാര്‍ ഭക്ഷണം സമ്പാദിക്കാന്‍ വളരെ കഷ്ടപ്പാടിലായി. വലിയ വില കൊടുത്താല്‍ മാത്രമേ വല്ലതും കിട്ടുമായിരുന്നുള്ളൂ. വിശന്നു വലഞ്ഞ് ധാരാളമാളുകള്‍ മരണപ്പെട്ടു. കുഞ്ഞുങ്ങളുടെ മൃതദേഹങ്ങള്‍ അവിടങ്ങളില്‍ പരന്നുകിടന്നു. അങ്ങനെ മക്കയിലെ ജീവിതം ദുസ്സഹമായി. ഉസ്മാനുബ്‌നു ബിശ്‌റുന്നജ്ദി എഴുതുന്നു: കഴുതകളുടെയും ചത്ത മൃഗങ്ങളുടെയും മാംസങ്ങളടക്കം വലിയ വിലയ്ക്കാണ് മക്കയില്‍ അന്നു വില്‍ക്കപ്പെട്ടത്. നായകളെ പോലും ഭക്ഷിക്കേണ്ടിവന്നു. മക്കയില്‍ ജീവിതം ദുസ്സഹമായി ജനങ്ങള്‍ നാടുവിട്ടു. അല്‍പമാളുകള്‍ മാത്രമാണവിടെ അവശേഷിച്ചത് (ഉന്‍വാനുല്‍ മജ്ദ്).

സാംസ്‌കാരിക പാരമ്പര്യവും വിജ്ഞാന സമ്പത്തും നശിപ്പിച്ച് പാരമ്പര്യത്തോടും പൈതൃകത്തോടുമുള്ള വിരോധം സലഫികള്‍ തീര്‍ത്തത് ഇങ്ങനെ: അറുപതിനായിരത്തിലധികം ഗ്രന്ഥങ്ങളും നാല്‍പതിനായിരം അമൂല്യ കയ്യെഴുത്തു പ്രതികളുമുള്ള ഗ്രന്ഥാലയം അല്‍ മക്തബതുല്‍ അറബിയ്യ അവര്‍ അഗ്നിക്കിരയാക്കി. നബി(സ്വ)യുടെയും ഖുലഫാഉര്‍റാശിദുകളുടെയും മറ്റു സ്വഹാബികളുടെയും പക്കല്‍ നിന്ന് പകര്‍ത്തി എഴുതിയവ വരെ അക്കൂട്ടത്തിലുണ്ടായിരുന്നു. എല്ലുകളിലും തോലുകളിലും എഴുതപ്പെട്ടവയാണ് പലതും. മണ്ണിന്റെയും കല്ലിന്റെയും പാളികളില്‍ എഴുതിയവയും കൂട്ടത്തിലുണ്ട്. ഇസ്‌ലാമിന്റെ മുമ്പും പിമ്പുമുള്ള പലതും സൂക്ഷിക്കപ്പെട്ട ഒരു ചരിത്ര മ്യൂസിയം തന്നെയായിരുന്നു അത്. (നോക്കുക. സ്വഫ്ഹാതുന്‍ മിന്‍ താരീഖില്‍ ജസീറ, താരീഖ് ആലു സുഊദ്).

ഇതിന് നേതൃത്വം കൊടുത്തത് സലഫികള്‍ അബ്ദുല്ല എന്നു വിളിക്കുന്ന സെന്റ് ജോണ്‍ ഫിലിപ് എന്ന ബ്രിട്ടീഷുകാരനായ സലഫി സൈനികനായിരുന്നു എന്നത് ഗൗരവമര്‍ഹിക്കുന്നതാണ്. തന്റെ അര്‍ബഊന ആമ്മന്‍ ഫില്‍ ജസീറ എന്ന കൃതിയില്‍ താന്‍ നേരിട്ടു നടത്തിയതും സാക്ഷിയായതുമായ സംഭവങ്ങള്‍ ഇയാള്‍ വിവരിച്ചിട്ടുണ്ട്. ഈ കലാപത്തെ തുടര്‍ന്നാണ് ഹുറൈമിലയിലെ ഖാസിയായിരുന്ന നേരത്തെ പരാമര്‍ശിച്ച സുലൈമാനു ബ്‌നു അബ്ദില്‍ വഹാബ് സദീറിലേക്കു കാല്‍നടയായി രക്ഷപ്പെട്ടത്.

ഇബ്‌നു ഗന്നാമിന്റെ ഈ ചരിത്ര ഗ്രന്ഥത്തില്‍ മൂന്നാം ഭാഗത്ത് യുദ്ധങ്ങളെ കുറിച്ചാണ് പറയുന്നത്. മുസ്‌ലിംകളോട് സലഫികളും രാഷ്ട്രീയ കൂട്ടാളികളും കാട്ടിയ കൊടും ക്രൂരതകളുടെ കഥയാണ് ഇവിടെ. 93 മുതല്‍ 203 വരെയുള്ള പേജുകളിലെ രക്തപങ്കിലമായ യുദ്ധക്കഥകള്‍ അവസാനിപ്പിക്കുന്നത് ശരീഫ് ഗാലിബിന്റെ പ്രതിരോധ നിരയില്‍ നിന്നു കൊല്ലപ്പെട്ടവരുടെ എണ്ണം 1220 ആണോ 2400 ആണോ എന്നു സംശയം പ്രകടിപ്പിച്ചാണ്.

മറ്റൊരു സലഫി ചരിത്രകാരനായ ഉസ്മാനുബ്‌നു ബിശ്‌രിന്നജ്ദി ഉന്‍വാനുല്‍ മജ്ദ് ഫീ താരീഖിന്നജ്ദ് എന്ന ഗ്രന്ഥത്തില്‍ കാലാനുക്രമത്തില്‍ സംഭവങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഒന്നാം ഭാഗം 31 മുതല്‍ 99 വരെയുള്ള പേജുകളില്‍ സലഫീ നേതാവിന്റെ പങ്കാൡത്തിലും ആശീര്‍വാദത്തിലും നിയന്ത്രണത്തിലും നടന്ന കാര്യങ്ങള്‍ വിവരിക്കുന്നു. തന്റെ കാല ശേഷം അഭംഗുരം കാര്യങ്ങള്‍ നടക്കുന്നതിനാവശ്യമായ അണിയറ പ്രവര്‍ത്തനങ്ങളും സഖ്യവും ബന്ധങ്ങളും നിര്‍മിക്കപ്പെട്ടിരുന്നു. അതാണ് പിന്നീടു തുടര്‍ന്നു വന്നതും സലഫികള്‍ക്ക് എക്കാലത്തും മാതൃകയാവുകയും ചെയ്തത്. ഹിജ്‌റ 1267 വരെയുള്ള കാര്യങ്ങള്‍ ചുരുക്കി ഉന്‍വാനുല്‍ മജ്ദില്‍ വിവരിച്ചിട്ടുണ്ട്. രണ്ട് ഭാഗങ്ങളിലവസാനിക്കുന്ന ഈ ഗ്രന്ഥത്തിന് മൂന്നാം ഭാഗമുണ്ടെന്ന് സൂചന ലഭിക്കുന്ന പരാമര്‍ശങ്ങള്‍ അവസാനത്തില്‍ കാണാം.

സ്വന്തം പ്രസ്ഥാനത്തിന്റെ ചരിത്രത്തെ അഭിമാന പൂര്‍വം ലോകത്തിനു സമര്‍പ്പിക്കുന്ന ഗ്രന്ഥങ്ങളാണിവ. മറ്റു പല ഗ്രന്ഥങ്ങളും ഈ വിഭാഗത്തില്‍ കാണാം. നിരൂപകരുടെയും വിമര്‍ശകരുടെയും ഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കപ്പെട്ട സംഭവങ്ങള്‍ക്ക് അവലംബം സമകാലികരായ ചരിത്രകാരന്മാരും അവരുടെ ഗ്രന്ഥങ്ങളും സ്വന്തം ചരിത്രകാരന്മാരുടെ കൃതികളും തന്നെയാണ്. അതിനാല്‍ അക്കാര്യം നിഷേധിക്കാന്‍ പഴുതൊന്നുമില്ല. സമാധാനത്തിന്റെ മതമായ ഇസ്‌ലാമിനെ ഭീകരത ആരോപിച്ച് തെറ്റിദ്ധരിപ്പിക്കാന്‍ സലഫികളുടെ നാളിതുവരെയും വര്‍ത്തമാനകാലത്തുമുള്ള പ്രവര്‍ത്തനങ്ങള്‍ കാരണമായി എന്ന വസ്തുത വിസ്മരിക്കാനാകില്ല.

ഭീകരത വളര്‍ത്താനും അതിനെ ന്യായീകരിക്കാനും ഇന്നത്തെ തീവ്രവാദ പ്രസ്ഥാനങ്ങളും സലഫികളും പഴയ കാല സലഫികളും ഉദ്ധരിക്കുന്ന പ്രമാണങ്ങള്‍

ഒന്നുതന്നെയാണ്. കാരണങ്ങളായവതരിപ്പിക്കുന്നതു ശിര്‍ക്കും കുഫ്‌റും തന്നെ. അതുവഴി, മതഭ്രഷ്ടരായവരുടെ ജീവനും സ്വത്തിനും പവിത്രത നഷ്ടപ്പെട്ടിരിക്കുന്നു. അതിനാല്‍ അവര്‍ക്കു മേല്‍ എന്ത് നടപടികളും അതിക്രമങ്ങളും സ്വീകരിക്കാമെന്നാണവരുടെ വാദം. അതുകൊണ്ടാണ് കുറ്റബോധമോ മനസ്സാക്ഷിക്കുത്തോ ഇവര്‍ക്കനുഭവപ്പെടാത്തത്. മനുഷ്യ ജീവനും ശരീരത്തിനും നേരെ നടത്തുന്ന അതിക്രമങ്ങള്‍ ഏതൊരു നിയമവ്യവസ്ഥയുടെ പരിധിയിലാണ് ന്യായീകരിക്കപ്പെടുക? ഒന്നിനും ജീവന്‍ കൊടുക്കാന്‍ കഴിയാത്ത നമുക്ക് ഒന്നിന്റെ ജീവനെടുക്കാനും അവകാശമില്ല. ജീവകാരുണ്യം മഹാപുണ്യമായാണ് ഇസ്‌ലാം പരിഗണിക്കുന്നത്. കാരുണ്യത്തിന്റെ നനവ് പോലുമില്ലാത്ത പരുക്കന്‍ ഹൃദയങ്ങളുമായി മാനവികതക്കും മനുഷ്യത്വത്തിനുമെതിരെ ആക്രമണം നടത്തുന്നവരെ കുറിച്ച് സമൂഹം നന്നായി ഗ്രഹിക്കേണ്ടതുണ്ട്.

ലോകത്തെവിടെയാണെങ്കിലും ഒരേ സ്രോതസ്സില്‍ നിന്നും ആശയം സ്വീകരിച്ചവരായതിനാല്‍ പ്രധാനവാദങ്ങളില്‍ ഒരുമിക്കുന്നവരാണ് സലഫികളെല്ലാം. അതിക്രമങ്ങള്‍ക്കു സാഹചര്യപരമായ പരിമിതികളും പ്രത്യേകതകളുമുണ്ടാവാം. ഖബ്‌റുകളും സ്മാരകങ്ങളും തകര്‍ക്കുക എന്നതില്‍ പൊതുവെ ഐക്യം കാണപ്പെടുന്നുണ്ട്. പൈതൃകത്തിന്റെയും പാരമ്പര്യത്തിന്റെയും അടിവേരറുക്കുന്ന നിലയില്‍ ആരാധനാനുഷ്ഠാനങ്ങള്‍ക്കു മേലും ആചാരശീലങ്ങള്‍ക്ക് നേരെയും കൈവെച്ചവര്‍ക്ക്, സാത്വികന്മാര്‍ അന്ത്യവിശ്രമം കൊള്ളുന്നിടങ്ങളില്‍ കയ്യേറ്റവും നശീകരണവും നടത്തുന്നതിന് സാങ്കോചമുണ്ടാകേണ്ടതില്ലല്ലോ.

സലഫി സേന കടന്നുചെന്ന ഓരോ പ്രദേശത്തും മനുഷ്യത്വ രഹിതമായ നരമേധവും കവര്‍ച്ചയുമാണു നടത്തിയത്. നമ്മുടെ നാട്ടിലെ സലഫി സാഹിത്യങ്ങളും സലഫി സഹയാത്രികരും ഇക്കാര്യം രേഖപ്പെടുത്തിയത് വായിക്കാനാകും. മൊയ്തു മൗലവിയടക്കമുള്ള ബിദഈ ചരിത്രകാരന്മാരും നേതാക്കളും അവരുടെ പത്രങ്ങളും അഭിമാനപുരസ്സരമാണ് ഈ നരമേധങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

സാഹചര്യത്തിന്റെ ആനുകൂല്യത്തിനും ആള്‍ബലത്തിനും അനുസരിച്ച് ക്രൂരതകള്‍ അതിഭീകരമായി പ്രകടിപ്പിക്കാന്‍ സലഫി ചിന്തകര്‍ എന്നും ശ്രമിച്ചിട്ടുണ്ട്. പുതിയ കാലത്തെ സംഭവ വികാസങ്ങള്‍ പലതും മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണ്. ഭരണകൂട രാഷ്ട്രീയ പിന്തുണയില്ലാതെ തന്നെ ഈ ഭീകരവാദികള്‍ നരമേധവും സാംസ്‌കാരിക നശീകരണവും പൈതൃക നിഷ്‌കാസനവും നടത്തിക്കൊണ്ടിരിക്കുന്നു. പല നാടുകളിലും പല പേരുകളില്‍ അറിയപ്പെടുമ്പോഴും എല്ലാത്തിന്റെയും ആശയ സ്രോതസ്സും പ്രയോഗരീതിയും ലക്ഷ്യവും ഒന്നാണ്. വര്‍ത്തമാന കാലത്ത് സലഫി എന്ന സംജ്ഞ ഭീകരതയെയാണ് പ്രതിനിധാനം ചെയ്യുന്നത്.

കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യത്തിലാരംഭിച്ച സലഫീ ചിന്തകളുടെ വ്യാപനവും അത് സ്വന്തം താല്‍പര്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്ന പ്രവണതകളും ത്വാലിബാന്‍ മുതല്‍ അതിഭീകരമായിത്തീര്‍ന്നിട്ടുണ്ട്. ഐഎസിലെത്തിയപ്പോഴേക്കും സലഫി സഞ്ചാരപഥം കൂടുതല്‍ രക്തപങ്കിലവും കലാപകലുഷവുമായി. സത്യമതത്തെ സ്വാര്‍ത്ഥലാഭങ്ങള്‍ക്കായി ഉപയോഗിക്കുന്നതിനുള്ള ഒരു ഉപാധിയോ ആയുധമോ ആയി സലഫിസം മാറിയിരിക്കുന്നു. സലഫി എന്ന വിശേഷണം സ്വീകരിച്ചാല്‍ മൂത്ത നേതാക്കളുടെ ആശിര്‍വാദവും താത്ത്വിക പിന്തുണയും ഉണ്ടാകുമെന്ന ആശ്വാസത്തില്‍ ക്രൂരത ആഘോഷിക്കാന്‍ എളുപ്പമാണ്. സലഫിസം ചെയ്തുകൊണ്ടിരിക്കുന്ന മതപരിഷ്‌കാരം ആശയതലത്തില്‍ മാത്രമല്ല, മതത്തെ തന്നെ മാറ്റി നിശ്ചയിക്കുന്ന വിധമാണ്. അത് പക്ഷേ, ഇസ്‌ലാമിന് പ്രചാരണ പ്രതിസന്ധിയും മുസ്‌ലിമിന് ജീവിത പ്രതിസന്ധിയും തീര്‍ത്തിരിക്കുന്നു.

ഇന്നു കേരള സലഫികള്‍ പറയുക, തങ്ങള്‍ ആ സലഫികളല്ല, വേറെ ചിന്താധാരക്കാരാണെന്നാണ്. ആ വഹാബിയല്ല ഈ വഹാബിയെന്ന് മതവിരുദ്ധരെക്കൊണ്ട് എഴുതിക്കാനും സലഫികള്‍ നിര്‍ബന്ധിതരായി. സമൂഹം പതിച്ചു നല്‍കിയ പദവിയും അംഗീകാരവും ഉപജീവിക്കുന്നവരെ ഉപയോഗപ്പെടുത്തി മുഖം മിനുക്കാനുള്ള ശ്രമവും നടന്നുവരുന്നു. ഞങ്ങള്‍ സിറിയക്കാരല്ല, യമനികളല്ല എന്നു പറയുന്നത് വിശ്വസിക്കാനാവും. പക്ഷേ, നാടും പേരും മാറിയെന്നല്ലാതെ ആശയവും വികാരവും വിഭ്രാന്തിയും ഒന്നു തന്നെയാണെന്നതിന് മുസ്‌ലിംകളെ അവിശ്വാസികളായി പ്രഖ്യാപിക്കുന്ന ഇവരുടെ പതിവു പ്രവണത തെളിവാണ്. സലഫിസത്തിന്റെ സാന്നിധ്യം ഭീകരത വിളിച്ചറിയിക്കുന്ന അടയാളമായി മാറിയതിനാല്‍ സലഫിസം വിചാരണ ചെയ്യപ്പെടേണ്ടതു തന്നെയാണ്.

Exit mobile version