ഭീതി നിറഞ്ഞ രാത്രി

jn2 (11)ആജാനുബാഹുവായ ഒരു യുവാവ് കുതിരപ്പുറത്ത് കുതിച്ചുവരുന്നു. അയാളുടെ ഇരുഭാഗത്തും ഓരോ അടിമകള്‍. പിന്നിലായി നൂറോളം ഒട്ടകങ്ങള്‍. മുന്പില്‍ വലിയൊരൊട്ടകം. യുവാവ് കടിഞ്ഞാണ്‍ വലിച്ചു. കുതിര നിന്നു. അയാള്‍ ഇറങ്ങി. വലിയ ഒട്ടകം മുട്ടുകുത്തി. അതിനു ചുറ്റിലുമായി മറ്റു ഒട്ടകങ്ങളും.
യുവാവ് ഒട്ടകക്കൂട്ടങ്ങളിലേക്ക് കണ്ണോടിച്ചു. തടിച്ചുകൊഴുത്ത ഒന്നിനെ ചൂണ്ടി അടിമയോടു പറഞ്ഞു:
ആ ഒട്ടകത്തെ കറന്ന് വൃദ്ധന് പാല്‍ നല്‍കൂ
അടിമ ഒരു പാത്രവുമായി ഒട്ടകത്തിനരികിലേക്കോടി. പാല്‍ കറക്കാന്‍ തുടങ്ങി. നിറഞ്ഞ പാത്രവുമായി വേഗം വൃദ്ധനരികിലേക്ക് ചെന്നു. അതയാള്‍ക്കു മുന്പില്‍ വെച്ചു. വൃദ്ധന്‍ പാത്രമെടുത്ത് അല്‍പം കുടിച്ച ശേഷം താഴെ വച്ചു.
വൃദ്ധനുപിന്നില്‍ പതുങ്ങിയിരുന്ന ബനൂആമിറുകാരന്‍ അയാളുടെ ശ്രദ്ധയില്‍ പെടാതെ പാത്രം കൈക്കലാക്കി. പാലു മുഴുവന്‍ കുടിച്ചുതീര്‍ത്തു. അടിമകളുടെ ശ്രദ്ധയിലും ഇതുപെട്ടില്ല.
അയാള്‍ക്കു സന്തോഷം തോന്നി; ഒപ്പം ഭയവും, പിടിക്കപ്പെട്ടാല്‍…
എങ്കിലും ധ്യൈമവലംബിച്ച് അവിടെ തന്നെയിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ഭൃത്യന്‍ തിരിച്ചുവന്നു. പാത്രം കാലിയായിരിക്കുന്നതു കണ്ടു അതുമായി യജമാനനരികിലേക്കു ചെന്നു പറഞ്ഞു:
പ്രഭോ, അദ്ദേഹം അതു മുഴുവന്‍ കുടിച്ചിട്ടുണ്ട്
ചെറുപ്പക്കാരന് സന്തോഷമായി. വേറെ ഒട്ടകത്തെ ചൂണ്ടി അയാള്‍ പറഞ്ഞു:
അതാ, ആ ഒട്ടകത്തെ കൂടി കറന്നുകൊടുക്കൂ
കേള്‍ക്കേണ്ട താമസം, ഭൃത്യന്‍ ഒട്ടകത്തിനരികിലേക്കോടി. പാല്‍ കറന്നെടുത്തു. പഴയപോലെ പാത്രം അയാള്‍ക്കരികില്‍ വെച്ചു പുറത്തിറങ്ങിനിന്നു.
വൃദ്ധന്‍ പാത്രമെടുത്ത് ഒരിറക്കു മാത്രം കുടിച്ച് തറയില്‍ വെച്ചു. ഈ സമയം, പാത്രം വെച്ച സ്ഥലത്തേക്ക് മറ്റെയാള്‍ നൂഴ്ന്നുവന്നു. സൂത്രത്തില്‍ അതു കൈക്കലാക്കി. പകുതി കുടിച്ചു. മുഴുവനും കുടിക്കണമെന്ന് മോഹമുണ്ടായിരുന്നെങ്കിലും ഇവര്‍ക്കു വല്ല സംശയവും തോന്നുമെന്നു കരുതി അതിനു മുതിര്‍ന്നില്ല.
സമയം കടന്നുപോയിക്കൊണ്ടിരുന്നു.
കുതിരസവാരിക്കാരന്‍ ഭൃത്യനെ വിളിച്ചു ഒരാടിനെ അറുക്കാന്‍ ഉത്തരവിട്ടു. അയാള്‍ ആട്ടിമ്പറ്റത്തില്‍ നിന്ന് മുഴുത്ത ഒന്നിനെ തെരഞ്ഞെടുത്ത് അറുത്തു. മാംസം കഴുകി ചേരുവകള്‍ ചേര്‍ത്തു വേവിച്ചു.
ഭക്ഷണം തയ്യാറായപ്പോള്‍ യുവാവ് തന്‍റെ കൈകൊണ്ടുതന്നെ വൃദ്ധനെ ഭക്ഷിപ്പിച്ചു. അദ്ദേഹത്തിനു മതിയായപ്പോള്‍ അയാളും ഭൃത്യരും പങ്കിട്ട് ഭക്ഷിച്ചു.
ബനൂആമിര്‍ ഗോത്രക്കാരന്‍ ഇതെല്ലാം ഒളിഞ്ഞിരുന്ന് കാണുകയായിരുന്നു. അയാളുടെ വയറകം ഞെരിപിരി കൊണ്ടു. വായില്‍ കൊതിയൂറി. എന്തു ചെയ്യും? ഭയപ്പാടോടെ അയാള്‍ നിലത്തു പറ്റിക്കിടന്നു. മൂവരും ആട്ടിറച്ചി കഴിച്ചെണീറ്റു.
രാത്രി വൈകുന്നതിനു മുന്പെ എല്ലാവരും കിടന്നു. പകലിന്‍റെ താപം ആറിത്തണുക്കുന്ന മണല്‍പ്പുറത്ത് നിദ്രയുടെ സീല്‍ക്കാരങ്ങള്‍ പൊങ്ങിത്തുടങ്ങി.
ബനൂആമിറുകാരന്‍ ശരിക്കും ശ്വാസമയച്ചതപ്പോഴാണ്. അയാള്‍ക്ക് ഉന്മേഷം തോന്നി.
ഇതു തന്നെയാണവസരം. ഇതിനേക്കാള്‍ നല്ലൊരു സന്ദര്‍ഭമിനിയുണ്ടാവില്ല. അയാള്‍ ശബ്ദമുണ്ടാക്കാതെ ടെന്‍റിനു പുറത്തിറങ്ങി.
ഒട്ടകങ്ങളുമായി സ്ഥലം വിടാം. അയാള്‍ തീരുമാനിച്ചു. പക്ഷേ, എത്രയെണ്ണത്തെ കൊണ്ടു പോകാനാവും തനിക്ക്? കൂടുതല്‍ വേണ്ട, ഒന്നുമതി. ഒന്നാകുമ്പോള്‍ നഷ്ടപ്പെട്ടതിനെ കുറിച്ചവര്‍ക്ക് വലിയ ഖേദം തോന്നില്ല. അയാള്‍ ഒട്ടകപ്പന്തിയുടെ അടുത്തെത്തി. ഒട്ടകങ്ങള്‍ അയവെട്ടുകയാണ്.
ആരോഗ്യവും വലിപ്പവുമുള്ള ഒരൊട്ടകത്തെ പരതിക്കൊണ്ടിരുന്നു അയാളുടെ ഇരു കണ്ണുകളും. ഏറ്റവും തലയെടുപ്പുള്ള ആണൊട്ടകത്തിലാണ് അന്വേഷണം നിലച്ചത്. അതിനെ കൊണ്ടുപോവാന്‍ തീരുമാനിച്ചു.
കെട്ടഴിച്ചു പുറത്തിറങ്ങി. ശബ്ദമുണ്ടാക്കാതെ ഒട്ടകപ്പുറത്തേറി മുന്നോട്ടു തെളിച്ചു.
അദ്ഭുതം!
മറ്റെല്ലാ ഒട്ടകങ്ങളും അതിന്‍റെ കൂടെ വരാന്‍ തുടങ്ങി. അയാള്‍ക്ക് അമ്പരപ്പായി. ഒപ്പം പരിഭ്രാന്തിയും! ആ ചെറുപ്പക്കാരനുണര്‍ന്നാല്‍… എങ്കിലും അവയെ പിന്തിരിപ്പിക്കാന്‍ തുനിഞ്ഞില്ല. വരുന്നിടത്ത് വെച്ച് കാണുകതന്നെ.
രാത്രിയുടെ മറവില്‍ മരുഭൂമിയിലൂടെ അയാള്‍ നീങ്ങിക്കൊണ്ടിരുന്നു. പിന്നില്‍ ഒട്ടകക്കൂട്ടവും. പലവിധ ചിന്തകളും അയാളെ മഥിച്ചു. അപ്രതീക്ഷിതമായി ലഭിച്ച സമ്പത്തോര്‍ത്തപ്പോള്‍ അയാള്‍ക്ക് ഏറെ ഉന്മാദം തോന്നി. ആശങ്കയും മനസ്സിനെ മുറിപ്പെടുത്താതിരുന്നില്ല. ആജാനുബാഹുവായ ആ യുവാവോ ഭൃത്യരോ പിന്തുടരുന്നുണ്ടോ എന്ന് ഇടക്കിടെ അയാള്‍ ചിന്തിക്കുന്നുണ്ടായിരുന്നു. ഏതാനും നക്ഷത്രങ്ങള്‍ അനന്തതയില്‍ കണ്ണുചിമ്മി തുറക്കുന്നതല്ലാതെ, മരുക്കാറ്റുപോലും ശാന്തമായുറങ്ങുകയാണെന്നു അയാള്‍ സ്വയം സമാധാനിക്കാന്‍ ശ്രമിച്ചു.
നൗഫല്‍ തൊട്ടിപ്പാലം

Exit mobile version