പഴയകാലത്തെപോലെ പാടത്തും പറമ്പത്തും ശരീരം വിയര്‍ത്തൊലിച്ചുള്ള കളികളൊക്കെ ന്യൂ ജെന്‍ കുട്ടികള്‍ക്ക് അന്യമാണ്. കമ്പ്യൂ ട്ടര്, മൊബൈല്‍, വീഡിയോ ഗെയിമുകളില്‍ മുഴുകിയിരിക്കുകയാണ് ഭൂരിപക്ഷം കുട്ടികളും. ഇവ നമ്മുടെ കുട്ടികള്‍ക്ക് മിത്രമാണെങ്കിലും അതിലേറെ ശത്രുവായിട്ടാണ് വര്‍ത്തിക്കുന്നതെന്ന യാഥാര്‍ത്ഥ്യം തിരസ്കരിച്ചിട്ട് കാര്യമില്ല.
ഗെയിമുകളുടെ പ്രശ്നങ്ങള്‍
ചിന്ത, ഭാവന, സര്‍ഗവാസന തുടങ്ങിയ മൂര്‍ച്ചയേറിയ വൈകാരിക മണ്ഡലങ്ങള്‍ക്ക് തളര്ച്ചയനുഭവപ്പെടുന്നതോടൊപ്പം നേത്രരോഗം അമിതവണ്ണം, തലവേദന, കഴുത്ത് വേദന തുടങ്ങിയ ശാരീരിക രോഗങ്ങള്‍ക്കും ഗെയിം ഭ്രമം കാരണമാകുന്നു. അമിതമായ ഗെയിം ഭ്രമത്തിലൂടെ മാനസികമായ പല തകരാറുകളും കുട്ടികള്‍ക്കുണ്ടാകും. ചെറിയ തോതിലുള്ള ഉപകാരങ്ങള്‍ ഇവകള്ക്കുണ്ടെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ഉപകാരങ്ങളെക്കാള്‍ ഉപദ്രവകാരികളാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ആഴ്ചയില്‍ പതിനാല് മണിക്കൂറില്‍ കൂടുതല്‍ കമ്പ്യൂട്ടര്‍ ഗെയിമില്‍ ഏര്‍പ്പെടുന്ന കുട്ടിയുടെ സ്വഭാവത്തില്‍ ഗുരുതരമായ വൈകല്യങ്ങളുണ്ടായേക്കാമെന്ന് അമേരിക്കന്‍ അക്കാഡമി ഓഫ് പീഡിയാട്രിക്സ് പറയുന്നു. കുട്ടികളുടെ ചൂതാട്ടം എന്നാണ് ഇവര്‍ ഗെയിം താല്പര്യത്തെ നിര്‍വചിക്കുന്നത്. ഗെയിമുകളിലെ ഭീകരത കുട്ടികളില്‍ മാരകമായ അക്രമസ്വഭാവം വര്‍ധിപ്പിക്കുമെന്നും പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. കില്ലോ ഗ്രാഫിക് ഗെയിം എന്നാണ് ഈ അവസ്ഥയെ അവര്‍ വിശേഷിപ്പിക്കുന്നത്. കുട്ടികളുടെ ഓര്‍മശക്തി കുറയുവാനുള്ള ഹേതുവായും ഇത് വര്‍ത്തിക്കുന്നുണ്ട്. ഗെയിമില്‍ സ്ഥിരമായി ഏര്‍പ്പെടുന്ന കുട്ടികള്‍ വികൃതി, ദേഷ്യം, അക്രമസ്വഭാവം അനാരോഗ്യകരമായ പോരാട്ടവീര്യം, കനത്ത നിരാശ എന്നിവ പ്രകടിപ്പിച്ചുതുടങ്ങുമെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓണ്‍ മീഡിയ ആന്റ് ഫാമിലി മുന്നറിയിപ്പ് നല്കുന്നു. പഴയകാലത്തെ അപേക്ഷിച്ച് ഇന്ന് ധാരാളം അക്രമകാരികളും ക്രിമിനലുകളും വര്‍ധിക്കുന്നതിനുള്ള ഒരു കാരണമായി അവര്‍ ഗെയിം ഭ്രമം ചൂണ്ടിക്കാട്ടുന്നു.
കായിക വിനോദങ്ങള്‍, വായന, ചിത്രരചന, സര്‍ഗവിനോദങ്ങള്‍ തുടങ്ങിയവയെല്ലാം പേശികളുടെയും അസ്തികളുടെയും തലച്ചോറിന്റെയും വളര്‍ച്ചക്കും മാനസികാരോഗ്യത്തിനും ആവശ്യമാണ്. ഇത്തരം ശാരീരിക മാനസിക മേന്മകള് നഷ്ടപ്പെടുകയാണ് ഗെയിമുകളില്‍ സംഭവിക്കുന്നത്. സ്വന്തം കാര്യങ്ങളെ നിയന്ത്രിക്കാനുള്ള മാനസികാവസ്ഥ അവര്‍ക്ക് നഷ്ടപ്പെടുന്നു. വിവിധ അനുഭവങ്ങള്‍, പുതിയ അറിവുകള്‍, പരിചയപ്പെടലുകള്‍, അതില്‍നിന്നുളവാകുന്ന ആവേശവും വികാരപ്രകടനങ്ങളും, ബുദ്ധിവികാസത്തിന് ആവശ്യമായ ഹോര്‍മോണുകള്‍ തുടങ്ങിയവയെല്ലാം ഗെയിമുകള്‍ക്ക് അഡിക്റ്റായ കുട്ടിക്ക് നഷ്ടപ്പെടുന്നു. തുടര്‍ന്ന് അവന്റെ ബുദ്ധി മന്ദീഭവിക്കുന്നു. നമ്മുടെ സാമൂഹ്യ കുടുംബ ബന്ധങ്ങള്‍ക്കും ആരോഗ്യത്തിനും മാനസിക വളര്‍ച്ചക്കും വെല്ലുവിളിയായേക്കാവുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ പാടെ വലിച്ചെറിഞ്ഞ് ആരോഗ്യപൂര്‍ണമായ ജീവിതം കെട്ടിപ്പടുക്കാനും സമയത്തിന്റെ മൂല്യം മനസ്സിലാക്കി ഭാവിയില്‍ ഉപകാരപ്രദമായ കാര്യങ്ങള്‍ നിര്‍വഹിക്കാനുമുള്ള ശേഷി കുട്ടികളില്‍ വളര്‍ത്തിയെടുക്കേണ്ടതുണ്ട്.
ഇസ്ലാം പറയുന്നത്വിനോദങ്ങളും കളികളും പാടെ നിഷേധിക്കാന്‍ ഇസ്ലാം അനുശാസിക്കുന്നില്ല. ദീനിന്റെ അടിത്തറക്ക് വിഘ്നം വരാത്തതും ഇസ്ലാമികാരാധനകള്ക്ക് ഭംഗം വരാത്തതുമായ വിനോദങ്ങളില്‍ ഏര്‍പ്പെടുന്നതിന് കുട്ടികള്‍ക്ക് വിലക്കേര്‍പ്പെടുത്തേണ്ടതില്ല. കുട്ടികളില്‍ സാധാരണയായി ഉണ്ടാകുന്ന വിനോദ താല്പര്യത്തെ ഇസ്ലാം ശരിയായവിധം പരിഗണിക്കുന്നുണ്ട്. കുട്ടിത്തം മാറാത്ത ആഇശാ ബീവി(റ) പാവകളുമായി കളിച്ചിരുന്നു. ആഇശാബീവി(റ) നിവേദനം ചെയ്യുന്നു: ഞാനൊരിക്കല്‍ പാവയുമായി കളിക്കുമ്പോള്‍ നബി(സ്വ) വീട്ടിലേക്കു കടന്നുവന്ന് എന്നോട് ചോദിച്ചു: ഇത് എന്താണ്? ഞാന്‍ പറഞ്ഞു: ഇത് സുലൈമാന്‍ നബി(അ)ന്റെ കുതിരയാണ്. തദവസരം നബി(സ്വ) പുഞ്ചിരിച്ചു (ത്വബഖാത് 8/42).
നബി(സ്വ)യുടെ കാലഘട്ടം മുതല്‍ കളിയും ഓട്ട മത്സരവുമെല്ലാം കുട്ടികള്‍ക്കിടയിലുണ്ടായിരുന്നു. അവയെ എതിര്‍ക്കുന്നതിനു പകരം കുട്ടികളെ കളിയിലേര്‍പ്പെടാന്‍ അനുവദിക്കുന്ന രീതിയായിരുന്നു നബി(സ്വ)ക്കുണ്ടായിരുന്നത്. പ്രിയ പൗത്രന്മാരായ ഹസന്(റ), ഹുസൈന്(റ) തുടങ്ങിയവരുമായി പലവിധത്തിലുള്ള കളികളിലും നബി(സ്വ) ഏര്‍പ്പെട്ടിരുന്നു. ഇമാം അഹ്മദുബ്നു ഹമ്പല്‍(റ) ഉദ്ധരിക്കുന്നു: ചില സമയങ്ങളില്‍ നബി(സ്വ) ആഇശ(റ)യുടെ കൂട്ടുകാരികളോട് അവര്‍ക്കൊപ്പം കളിക്കാന്‍ കല്പിച്ചിരുന്നു (മുസ്നദ് 6/237). ഇമാം ഗസ്സാലി(റ) രേഖപ്പെടുത്തുന്നു: വിദ്യാലയങ്ങളിലെ ക്ലേശങ്ങളില്‍നിന്നും ആശ്വാസം ലഭിക്കുന്നതിന് വേണ്ടി ക്ഷീണം വരാത്തവിധം കുട്ടികളെ കളിക്കാനനുവദിക്കേണ്ടതാണ്. കളിയില്‍ നിന്നു കുട്ടിയെ വിലക്കുകയും സദാപഠനത്തിന് നിര്‍ബന്ധിക്കുകയും ചെയ്താല്‍ അവന്റെ ഹൃദയം ചത്തുപോവുകയും ധിഷണാശക്തി ദുര്‍ബലമാവുകയും ചെയ്യും. എന്നല്ല ജീവിതം തന്നെ ദുസ്സഹമാകും. അപ്പോള്‍ പഠനത്തില്‍ നിന്ന് സമ്പൂര്‍ണമായി രക്ഷപ്പെടാന്‍ അവന് ദുര്‍മാര്‍ഗങ്ങള്‍ കണ്ടെത്തും (ഇഹ്യാ). മാന്യമായ വിനോദങ്ങളെ ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നുവെന്നര്ത്ഥം.
പക്ഷേ, കേവലം കളികളില്‍ മുഴുകി അവര്‍ കളിക്കാരോ വിനോദപ്രിയരോ ആകുംവിധം മാറുന്നതിനെ ഇസ്ലാം നിരുത്സാഹപ്പെടുത്തിയിട്ടുണ്ട്. നിഷിദ്ധമായ എല്ലാവിനോദങ്ങളില്നിന്നും കുട്ടികളെ സൂക്ഷിക്കണം. എങ്കിലേ അവര്‍ കാര്യബോധമുള്ളവരായി വളരുകയുള്ളൂ. കാര്യബോധമുള്ള വ്യക്തികള്‍ക്കു മാത്രമാണല്ലോ കുടുംബത്തിനും നാടിനും സമൂഹത്തിനും രാജ്യത്തിനും നന്മ നല്കാന് കഴിയുക. മാതാപിതാക്കള്‍ക്ക് കുട്ടികളെ അമാനത്തായിട്ടാണ് അല്ലാഹു നല്‍കിയിട്ടുള്ളത്. അതിനാല്‍ മക്കളെ നന്മ ഉപദേശിക്കലും നന്മയിലൂടെ വഴിനടത്തലും അവര്‍ക്ക് മാതൃകാജീവിതം നയിച്ച് കാണിച്ചുകൊടുക്കലും മാതാപിതാക്കളുടെ ബാധ്യതയാണ്. ശൈശവ കാലഘട്ടത്തില്‍ കുട്ടിയെ എങ്ങോട്ട് തിരിക്കുന്നുവോ അങ്ങോട്ട് അവന് തിരിയും. അന്നവന്റെ ഹൃദയം ശൂന്യവും നിഷ്കളങ്കവുമാണ്. അവരെ നന്മയിലൂടെ നയിച്ചാല്‍ അല്ലാഹു മാതാപിതാക്കള്‍ക്ക് മഹത്തായ പ്രതിഫലം നല്‍കും. തിന്മയിലൂടെയാണെങ്കില് അവര്‍ ഉത്തരവാദികളാവുകയും മാരകമായ ശിക്ഷയ്ക്ക് വിധേയരാവുകയും ചെയ്യും. സ്വദേഹങ്ങളെയും ബന്ധുക്കളെയും നരകാഗ്നിയില്‍നിന്ന് നിങ്ങള്‍ സംരക്ഷിക്കണം എന്ന ഖുര്‍ആനിക വചനം മക്കളോടുള്ള ബാധ്യത ഓര്‍മപ്പെടുത്തുന്നു. അതുകൊണ്ടുതന്നെ കുട്ടികളുടെ ഭാവിജീവിതത്തിനും വ്യക്തി വളര്‍ച്ചയ്ക്കും തടസ്സമാകുന്ന ഗെയിംപോലുള്ളവയില്നിന്ന് അവരെ നിര്‍ബന്ധമായി പിന്തിരിപ്പിക്കല് രക്ഷിതാക്കളുടെ ബാധ്യതയാണ്.
ഇമാം ഗസ്സാലി(റ) പറയുന്നു: ആസ്വാദനവും സുഖലോലുപതയും ആഡംബര വസ്ത്രധാരണയും പതിവാക്കിയ കുട്ടികളില്‍ നിന്ന് മക്കളെ സംരക്ഷിക്കണം. പ്രസ്തുത കാര്യങ്ങളില്‍ പ്രതിപത്തി ജനിപ്പിക്കുന്ന ഒരാളുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ അവനെ അനുവദിക്കരുത്. കാരണം കുട്ടിയെ പ്രാരംഭദശയില്‍ ശ്രദ്ധിക്കാതെ വിട്ടാല്‍ മിക്കപ്പോഴും അവന് ദുഃസ്വഭാവിയും അസൂയാലുവും മോഷ്ടാവും ഏഷണിക്കാരനും ദുര്‍വാശിക്കാരനും അനാവശ്യ സംസാരം, പരിഹാസച്ചിരി, കുതന്ത്രം, മോശം തമാശ, എന്നിവയില്‍ മുഴുകുന്നവനുമാകും. അവയില്‍ നിന്നെല്ലാം അവനെ കാത്തുസൂക്ഷിക്കാന്‍ മെച്ചപ്പെട്ട ശിക്ഷണം വേണം (ഇഹ്യാ).
കുട്ടികള്‍ക്ക് കളിക്കാനും വിനോദങ്ങളിലേര്‍പ്പെടാനും അവസരം നല്കുമ്പോള്തന്നെ അത് അമിതമാവാതെയും തെറ്റായ വിനോദങ്ങളാകാതെയും ശ്രദ്ധിക്കണം. മനുഷ്യന്റെ അഭിമാനത്തെ ക്ഷതപ്പെടുത്തുന്നതോ അവന്റെ ഉത്തരവാദിത്തബോധം നഷ്ടപ്പെടുത്തുന്നതോ വിലപ്പെട്ട ആയുഷ്കാലം പാഴാക്കുന്നതോ സാംസ്കാരികാധ:പതനത്തിനു ഇടവരുത്തുന്നതോ ജനങ്ങളുടെ സമ്പത്ത് അന്യായമായി ചൂഷണം ചെയ്യുന്നതോ ആയ ഒരു വിനോദത്തിലും ഏര്‍പ്പെടാവതല്ല. ബാല്യം വിട്ട് യൗവനത്തിലേക്ക് കടക്കുന്നതോടെ അല്ലാഹു ഏല്‍പ്പിച്ച ഉത്തരവാദിത്തം യഥാവിധി നിര്‍വഹിക്കാന്‍ മക്കള്‍ പ്രാപ്തരാകണം. അമിതമായ കളികള്‍ ഇസ്ലാം നിരുത്സാഹപ്പെടുത്തിയവയുടെ നിയമപരിധിയില്‍ വരുന്നതുകൊണ്ട് ശ്രദ്ധയോടെയാവണം രക്ഷിതാക്കളുടെ പരിചരണം. മക്കള്‍ നമുക്ക് ദൗര്ബല്യമാകരുതല്ലോ.