മക്കളെ സ്‌കൂളിലേക്കയക്കുമ്പോൾ

ഞായറാഴ്ചയുടെ പ്രഭാതമാണോ തിങ്കളാഴ്ചയുടെ പ്രഭാതമാണോ ഏറ്റവും കൂടുതൽ സന്തോഷമുണ്ടാക്കുകയെന്ന് സ്ത്രീകളോട് ചോദിച്ചാൽ ഉത്തരം ഞായറാഴ്ച എന്നായിരിക്കും. രക്ഷിതാക്കൾക്കുള്ള പരിശീലന ക്ലാസ്സിൽ ഈ ചോദ്യത്തിനുത്തരം ലഭിച്ചതും ഞായറാഴ്ച എന്നുതന്നെ. കാരണം തിങ്കളാഴ്ചയാകുന്നതോടെ പല വീട്ടിലും യുദ്ധപ്രതീതിയായിരിക്കും. സ്‌കൂളിലേക്ക് കുട്ടികളെ പറഞ്ഞയക്കുന്നതിനുള്ള സ്ത്രീകളുടെ കഷ്ടപ്പാടുകൾ വലുതു തന്നെ. ഒരുത്തൻ ഉറങ്ങിയെഴുന്നേൽക്കുന്നേയുണ്ടാകൂ. രണ്ടാമനെ കുളിപ്പിച്ച് നിർത്തുമ്പോഴാണ് മൂന്നാമൻ വന്ന് ഭക്ഷണം ചോദിക്കുന്നത്. കുട്ടികളുടെ എണ്ണമനുസരിച്ച് സ്ത്രീകൾക്ക് പ്രാരാബ്ധം കൂടും.

എന്നാൽ കുട്ടികളെ സ്‌കൂളിലേക്കയക്കുമ്പോൾ രക്ഷിതാക്കൾ ചില ചിട്ടയും രീതികളും സ്വീകരിച്ചാൽ മൽപ്പിടുത്തം ഒഴിവാക്കി എല്ലാ പ്രഭാതവും സന്തോഷമുള്ളതാക്കി മാറ്റാം. സ്‌കൂളിൽ പോകുന്ന കുട്ടികൾക്ക് ദിനചര്യയുടെ ഒരു ടൈംടേബിൾ ഉണ്ടാക്കുക. രാവിലെ ഉണരുന്നതിന്റെയും രാത്രി ഉറങ്ങുന്നതിന്റെയും സമയം അതിൽ കുറിക്കുക. രാവിലെ സ്‌കൂളിൽ പോകും മുമ്പും വൈകീട്ട് വീട്ടിലെത്തിയ ശേഷവും ചെയ്യേണ്ട പഠന പ്രവർത്തനങ്ങളും അതിൽ രേഖപ്പെടുത്തണം. ക്രമമനുസരിച്ച് പ്രവർത്തിക്കുമ്പോൾ ടിക് ഇടുകയും അതിന് സമ്മാനവും അഭിനന്ദനവും നൽകുകയും ചെയ്യുക. സ്‌കൂളിൽ പോകുമ്പോൾ ധരിക്കേണ്ട യൂണിഫോമുകൾ നേരത്തേ തയ്യാറാക്കി വെക്കണം. മിക്ക കുട്ടികളും വൈകീട്ട് സ്‌കൂൾ വിട്ടുവന്നാൽ ഷൂസ് ഒരേറാണ്. പിറ്റേന്ന് രാവിലെ സ്‌കൂളിൽ പോകാൻ നോക്കുമ്പോൾ അതു കാണുകയില്ല. പിന്നെ അതിനായിരിക്കും ബഹളം. സ്‌കൂൾ വിട്ടുവന്നയുടനെ ഷൂസ് വൃത്തിയാക്കിവെക്കാൻ ആവശ്യപ്പെടണം. ശുചിത്വ ശീലവും കൂടി ഇതിലൂടെ ഉണ്ടായിത്തീരും. അതുപോലെ കുടയും മറ്റും ഉപകരണങ്ങളും സ്വയം സൂക്ഷിക്കാനും കൈകാര്യം ചെയ്യാനും കുട്ടികളെ പ്രേരിപ്പിക്കുക.

രാവിലെ എഴുന്നേൽക്കാനാനാണ് പല കുട്ടികൾക്കും മടിയുണ്ടാവാറുള്ളത്. അതിന് രാത്രിയിലെ ഉറക്കം നേരത്തേയാക്കണം. വൈകിയുറങ്ങുന്ന ശീലം നല്ലതല്ല. രാത്രി പത്തുമണിക്കു മുമ്പായി കിടന്നുറങ്ങാൻ ശീലിപ്പിക്കണം. എട്ടു മണിക്കൂറെങ്കിലും കുട്ടികൾ ഉറങ്ങട്ടെ.

സ്‌കൂളിലേക്ക് അയക്കുമ്പോൾ അവരുടെ ബാഗ് കൃത്യമായി പരിശോധിക്കണം. വിലപിടിപ്പുള്ള വസ്തുക്കൾ കൊടുത്തയക്കരുത്. സ്വർണം, മൊബൈൽ തുടങ്ങിയ മാറ്റിവെക്കണം. അവർക്കാവശ്യമുള്ളതെല്ലാം ഉണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം. പെൻസിലും ഇറേസറും ചോറ്റുപാത്രവുമെല്ലാം അതതിന്റെ സ്ഥാനത്ത് വെച്ചുകൊടുക്കുക. ആദ്യമാദ്യം മാതാവ് എടുത്തുവെക്കുക. പിന്നെ കുട്ടികളെക്കൊണ്ട് ചെയ്തുശീലിപ്പിക്കുക.

സ്‌കൂളിലേക്ക് പോകുന്നതിന് മുമ്പ് പ്രാതൽ നന്നായി കഴിക്കാൻ കുട്ടിയെ പ്രേരിപ്പിക്കണം. അമ്പത് ശതമാനം കുട്ടികൾക്കും ജീവിത ശൈലീ രോഗങ്ങൾ ഉണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. അതിനു കാരണം പഠനത്തിരക്കിനിടയിൽ പ്രഭാത ഭക്ഷണം ഒഴിവാക്കുന്നതാണ്. കുട്ടിയുടെ പഠനശേഷിക്ക് അവന്റെ ആഹാരവുമായി അഭ്യേദ്യ ബന്ധമുണ്ട്. ഇഷ്ടമില്ലാത്ത ഭക്ഷണങ്ങൾ രാവിലെ കൊടുക്കരുത്. നിർബന്ധിപ്പിച്ച് കഴിപ്പിക്കുകയുമരുത്. മനസ്സറിഞ്ഞ് കുട്ടികൾ സ്വയം കഴിക്കണം. ഇക്കാലത്ത് അവർ പ്രാതൽ പലപ്പോഴും മനസ്സറിയാതെയാണ് കഴിക്കുന്നത്. വാഹനം നഷ്ടപ്പെടുമെന്ന ഭീതിയിൽ വാരിവലിച്ച് കഴിക്കുന്ന ശീലം വർധിച്ചിരിക്കുന്നു. സ്‌കൂളിൽ വെച്ചു കുടിക്കാൻ ശുദ്ധമായ വെള്ളം കൊടുത്തുവിടണം. അത് അവർ കുടിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം. സ്‌കൂളിൽ നിന്നു മൂത്രിക്കുന്ന പ്രയാസമോർത്ത് വെള്ളം കുടിക്കാത്തവരുണ്ട്; പെൺകുട്ടികൾ പ്രത്യേകിച്ചും. വെള്ളം കുടിക്കാതിരുന്നാലും മൂത്രമൊഴിക്കാതിരുന്നാലും പല രോഗങ്ങളും വന്നുചേരുമെന്നവരെ ഉണർത്തുക.

കുട്ടികളുടെ കൈപിടിച്ച് മുറ്റത്തേക്ക് ഇറക്കി സന്തോഷത്തോടെ യാത്രയാക്കാൻ രക്ഷിതാക്കൾക്ക് കഴിയണം. സലാം പറഞ്ഞും ശീലിപ്പിക്കുക. ഒരു ചുംബനം നൽകുന്നത് അവരുടെ പഠനത്തിന് നവോന്മേഷം കൂടിയാകും. സ്‌കൂൾ വിട്ട് വീട്ടിലെത്തിയാൽ പുസ്തകവും മറ്റും നിശ്ചിത സ്ഥലത്തുവെക്കാൻ നിർദേശിക്കുക. ശേഷം അൽപം കളിക്കാനും മാനസികോല്ലാസത്തിനും അനുവദിക്കണം. രാത്രിയിൽ അവരുടെ പുസ്തകവും ഡയറിയും പരിശോധിക്കണം. തന്നെ രക്ഷിതാക്കൾ ശ്രദ്ധിക്കുന്നുണ്ടെന്ന തോന്നൽ ഇത് കുട്ടികളിലുണ്ടാക്കും. രാത്രി ഭക്ഷണം കഴിച്ച ഉടനെ ഉറങ്ങുന്ന ശീലം ഒഴിവാക്കണം. വായിക്കാനും എഴുതാനുമുളള സ്ഥലം ഒരുക്കിക്കൊടുത്തു പഠനത്തിനു സമയം നിശ്ചയിക്കുക. വീട്ടിലെ സ്വീകരണ മുറിയിലെ ബഹളത്തിൽ നിന്ന് മാറി പഠനമുറി ക്രമീകരിക്കുന്നതാണ് നല്ലത്. കിടക്കയിലും നിലത്തും കിടന്നു ഹോംവർക്ക് ചെയ്യാൻ അനുവദിക്കരുത്.

ചെറിയ കാരണത്തിന്റെ പേരിൽ പഠനം ഒഴിവാക്കുന്ന കുട്ടികളുണ്ട്. ചില രക്ഷിതാക്കൾ അതത്ര കാര്യമാക്കുകയുമില്ല. പക്ഷേ, കുട്ടിയുടെ ഭാവിയെ ഇത് ബാധിക്കും. ശീലമായാൽ പഠനത്തെയും മറ്റു കഴിവുകൾ വികസിപ്പിക്കുന്നതിനെയും ഇതു ബാധിക്കും. പോക്കറ്റ് മണി എന്ന പേരിൽ ധാരാളം കാശ് കൊടുത്തുവിടുന്ന ശീലവും ഒഴിവാക്കണം. അത് അനാവശ്യമായി മിഠായി വാങ്ങാനും മറ്റും വിനിയോഗിക്കും. ധൂർത്തടിക്കുന്ന ശീലം വളരുകയും ചെയ്യും.

കുട്ടിയുടെ വ്യക്തിത്വ-സ്വഭാവ വികസനത്തിനും ധാർമിക പഠന വളർച്ചക്കും രക്ഷിതാവ് തുടർച്ചയായ വിലയിരുത്തൽ നടത്തിയാൽ അവർ മിടുക്കരായി വരും.

ഡോ. അബ്ദുസ്സലാം സഖാഫി ഓമശ്ശേരി

Exit mobile version