മതവിരുദ്ധത: ആമിന വദൂദ് മുതല്‍ ജാമിദ ടീച്ചര്‍ വരെ

amina vadood-malayalam article

ഒരുകൂട്ടം ബുദ്ധി ജീവി(?)കളും അവര്‍ക്ക് ചുവടൊപ്പിച്ചു നിലകൊള്ളുന്ന ചില മാധ്യമങ്ങളും കുറച്ച് കാലമായി മുസ്‌ലിം സ്ത്രീകളുടെ പിന്നാലെത്തന്നെയാണ്. ഏത് വിധേനയും മുസ്‌ലിം സ്ത്രീയെ തെരുവിലേക്ക് വലിച്ചിഴക്കുക എന്ന ഏകലക്ഷ്യമാണ് അവര്‍ക്കുള്ളത്. അതിനവര്‍ രണ്ടു വഴിയാണ് തിരഞ്ഞെടുത്തിട്ടുള്ളത്. ഇസ്‌ലാമും അതിന്റെ പ്രമാണങ്ങളും സ്ത്രീവിരുദ്ധ നിലപാടുകളും ലിംഗ സ്വാതന്ത്ര്യ നിഷേധ കാഴ്ചപ്പാടുകളുമാണ് വച്ചുപുലര്‍ത്തുന്നതെന്നു പരസ്യമായി പ്രഖ്യാപിക്കുന്നവരാണ് ഒരു വിഭാഗം. അവര്‍ ഖുര്‍ആനെയും പ്രവാചക ജീവിതത്തെയും പുനര്‍വായന നടത്തി ഇസ്‌ലാം പൂര്‍ണാര്‍ത്ഥത്തില്‍ സ്ത്രീവിരുദ്ധമാണെന്ന് വ്യാഖ്യാനിക്കുകയും അതിന്റെ പ്രചാരകരായി മുന്നോട്ട് പോവുകയും ചെയ്യുന്നു.

രണ്ടാമത്തെ വിഭാഗം ഇസ്‌ലാമിലെ വേദഗ്രന്ഥങ്ങളും പ്രമാണങ്ങളും സ്ത്രീസ്വാതന്ത്ര്യം അംഗീകരിക്കുന്നുണ്ടെങ്കിലും അവയുടെ പുരുഷ വ്യാഖ്യാനങ്ങള്‍വഴി പ്രയോഗതലത്തില്‍ സത്രീയുടെ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുകയാണെന്നവാദം പ്രചരിപ്പിക്കുന്നവരാണ്. ആമിന വദൂദ്, ഫാത്തിമ മെര്‍നീസി തുടങ്ങിയ ഇസ്‌ലാമിക നാമമുള്ള ചില വനിതകളിലൂടെയാണ് അവരീ പ്രചാരണം നടത്തുന്നത്.

ഇസ്‌ലാമിലെ അടിസ്ഥാന പ്രമാണങ്ങളുടെ ആധികാരിക വ്യാഖ്യാനങ്ങള്‍ മുഴുവന്‍ പുരുഷ കേന്ദ്രീകൃതമായതിനാല്‍ ഇസ്‌ലാമിക വൈജ്ഞാനിക മണ്ഡലത്തില്‍ നിന്ന് മുസ്‌ലിംസ്ത്രീ ചരിത്ര  പരമായി മാറ്റിനിര്‍ത്തപ്പെട്ടുവെന്ന് വാദിച്ചാണ് ഖുര്‍ആന്‍ വചനങ്ങളുടെ സ്ത്രീ വ്യാഖ്യാതാക്കള്‍ രംഗത്തു വരുന്നത്. സാമ്പ്രാദായിക വ്യാഖ്യാന രീതികളെ വിമര്‍ശന വിധേയമാക്കുയും ലിംഗനീതിയെന്ന പ്രമേയത്തില്‍ ഊന്നിക്കൊണ്ട് ഖുര്‍ആനിനെ സമീപിക്കുകയുമാണ് അവര്‍ ചെയ്തത്.  ഈ ചിന്താധാരയിലെ ഒരു പ്രധാന കൃതിയാണ് ആമിനാ വദൂദിന്റെ  ഖുര്‍ആന്‍ ആന്റ് വുമണ്‍: റീഡിംഗ് ദ സാക്രഡ് ടെക്സ്റ്റ് ഫ്രം എ വുമണ്‍സ് പേഴ്‌സ്‌പെക്റ്റീവ് (1992) എന്നത്.  വൈജ്ഞാനിക  വ്യവഹാരങ്ങളില്‍ നിന്ന് മുസ്‌ലിംസ്ത്രീ മാറ്റിനിര്‍ത്തപ്പെടുന്നത് അല്ലാഹുവിന്റെ പ്രതിനിധി എന്ന നിലയിലുള്ള അവളുടെ അവകാശങ്ങളുടെ ലംഘനമാണെന്നാണ് ആമിന അഭിപ്രായപ്പെടുന്നത്. മുസ്‌ലിംസ്ത്രീയുടെ യഥാര്‍ത്ഥ സ്വത്വം തിരിച്ചുപിടിക്കാന്‍  ഖുര്‍ആനിന്റെ സ്ത്രീപക്ഷ വായനകള്‍ അനിവാര്യമാണെന്നുമാണ് അവരുടെ വാദം.

പുരുഷ കേന്ദ്രിത വായനയില്‍ കഴിഞ്ഞുപോയ നൂറ്റാണ്ടുകളുടെ ചരിത്രം തന്നെ ഒരുനിലക്കും തടസ്സപ്പെടുത്തരുതെന്ന നിര്‍ബന്ധ ബുദ്ധിയോടെയാണ് താന്‍ ഗവേഷണത്തില്‍ മുന്നോട്ടുപോയതെന്ന് ആമിന പ്രസ്താവിക്കുന്നുണ്ട്. ഖുര്‍ആനിന്റെ പാരമ്പര്യ വ്യാഖ്യാതാക്കളെല്ലാം സ്ത്രീയെ തരംതാണവളായാണ് കാണുന്നതെന്ന മിഥ്യാധാരണയില്‍ നിന്നാണ് അവര്‍ ഗവേഷണം ആരംഭിക്കുന്നതു തന്നെ. അതിനുവേണ്ടി ഖുര്‍ആനിന്റെ വ്യാഖ്യാന പാരമ്പര്യത്തിനു പകരം സ്വന്തം വ്യാഖ്യാനം  അടിച്ചേല്‍പ്പിക്കുകയാണ് ചെയ്തത്. ചിലയിടത്തെല്ലാം തന്റെ വാദങ്ങളെ ന്യായീകരിക്കാന്‍ വേണ്ടി പദങ്ങള്‍ക്ക് അനിശ്ചിതാര്‍ത്ഥം നല്‍കാനും ശ്രമം നടത്തിയിട്ടുണ്ട്. ഹദീസുകളുടെ ക്രോഡീകരണത്തിന്റെയും സംരക്ഷണത്തിന്റെയും ചരിത്രത്തെ സംശയാസ്പദമായി മാത്രം കണ്ട ആമിന വദൂദ് ഹദീസ് മുക്തമായ ഖുര്‍ആന്‍ വ്യാഖ്യാനത്തിനാണ് പ്രാധാന്യം നല്‍കിയത്. സ്വന്തം വ്യാഖ്യാനത്തിന് വിരുദ്ധമെന്നു തോന്നുന്ന ഹദീസുകളെ ബലഹീനമെന്നു വിധിയെഴുതി മാറ്റിനിര്‍ത്തുകയും ചെയ്യുന്നു. ആദം(അ)നെയാണ് ആദ്യം സൃഷ്ടിച്ചതെന്ന സ്വഹീഹായ ഹദീസിനെ അവര്‍ ബലഹീനമാക്കിയതിന്റെ കാരണവും മറ്റൊന്നല്ല. ചരിത്രത്തില്‍ ഒരു സ്ത്രീക്കും രിസാലത്ത് നല്‍കപ്പെടാതിരുന്നത് ചരിത്രം മുഴുവന്‍ സ്ത്രീവിരുദ്ധമായതുകൊണ്ടാണെന്ന വിചിത്രവാദവും അവര്‍ നിരത്തുകയുണ്ടായി. പണ്ഡിതന്മാരെ മുഴുവന്‍ പുരുഷമേല്‍ക്കോയ്മയുടെ വ്യാഖ്യാതാക്കളാക്കി മാറ്റിനിര്‍ത്തി ഖുര്‍ആന്‍ ആര്‍ക്കും ഏതുനിലക്കും പുനര്‍വായന നടത്താവുന്നതാണെന്ന് സ്ഥാപിച്ച് ആമിന ‘സ്വന്തം ഇസ്‌ലാമി’നെ പരിചയപ്പെടുത്തുകയാണ് ചെയ്യുന്നത്.

വിശ്വാസത്തിന് മുന്‍ഗണന നല്‍കുന്നതിനുപകരം കേവല യുക്തിക്ക് പ്രാധാന്യം നല്‍കിയുംമനുഷ്യനേക്കാള്‍ അധികാരം സ്രഷ്ടാവിനാണെന്നു വിശ്വസിക്കാതെ മനുഷ്യനും അവന്റെ സമകാലിക പ്രശ്‌നങ്ങള്‍ക്കും മുഖ്യസ്ഥാനം നല്‍കിയും സ്വാതന്ത്ര്യത്തെ ആത്മീയമായി വീക്ഷിക്കുന്നതിനു പകരം അതിനെ ഒരു ഭൗതിക മൂല്യമായി കണ്ടും മുന്‍ഗാമികളുടെ സ്വീകാര്യമായ നിലപാടുകളെ അംഗീകരിക്കുന്നതിനു പകരം അവയെ യാഥാസ്ഥിതിക നിലപാടുകളായി കല്‍പ്പിച്ച് മാറ്റിനിര്‍ത്തിയും ഇസ്‌ലാമിലെ അടിസ്ഥാന നിയമങ്ങള്‍ കാലോചിതമായി മാറില്ലെന്ന് മനസ്സിലാക്കുന്നതിനുപകരം അവക്ക് കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തിയും ഖുര്‍ആന്‍ വ്യാഖ്യാനിക്കാന്‍ നിശ്ചിത യോഗ്യതകള്‍ അനിവാര്യമാണെന്നതിനുപകരും ആര്‍ക്കും അത് അനായാസം നടത്താമെന്ന് പ്രചരിപ്പിച്ചുമാണ് ആമിന വദൂദ് വിശുദ്ധ ഇസ്‌ലാമിനു കടകവിരുദ്ധമായ അഭിപ്രായങ്ങളും അബദ്ധജഡിലമായ വാദഗതികളും നിരത്തിയത്.

ഇസ്‌ലാമിക ഗ്രന്ഥങ്ങളിലൊക്കെ ‘അല്ലാഹു’വിനെ ‘അവന്‍’ എന്ന സര്‍വനാമത്തിലൂടെ പരാമര്‍ശിക്കുന്നത് വിമര്‍ശിച്ചുകൊണ്ട് ആമിന ‘അല്ലാഹു’വിനെ ‘അവള്‍’ എന്ന സര്‍വനാമത്തിലാണ് ഉപയോഗിക്കുന്നത്. ഇത് അവരുടെ ധിക്കാരത്തിന്റെയും വിവരക്കേടിന്റെയും ഉദാഹരണമാണ്.  2006-ല്‍ പ്രസിദ്ധപ്പെടുത്തിയ ‘ഇന്‍സൈഡ് ദ ജെന്‍ഡര്‍ ജിഹാദ്; വിമിന്‍സ് റിഫോം ഇന്‍ ഇന്ത്യ’ എന്ന പുസ്തകത്തിന്റെ സമര്‍പ്പണവാക്യത്തിലാണ്  അല്ലാഹു അവനല്ല, അവളാണെന്ന തരത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. (‘Dedication ;This book is dedicated to the brave Indian woman, small of structure, great of will, whom I saw carrying bricks on her head although quite advanced in years, and for all those who have never seen her or her many counterparts, so that they may reach the awareness that women are human beings dedicated in service to Allah as Her khalifah on the earth’) ഇവിടെ മാത്രമല്ല, തുടര്‍ന്നുള്ള പേജുകളിലും അല്ലാഹുവിനെ സൂചിപ്പിക്കുമ്പോള്‍ അവള്‍ എന്ന സര്‍വനാമമാണ് ആമിന വദൂദ് ഉപയോഗിക്കുന്നത്. ഇസ്‌ലാം പ്രാന്തവല്‍ക്കരിച്ച സ്ത്രീയെ മത-സാമൂഹിക ജീവിതത്തിന്റെ കേന്ദ്രത്തിലേക്ക് പുനരാനയിക്കാനാണത്രെ ഈ  ശ്രമം.

പാശ്ചാത്യ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ സാമ്പത്തികമായി പിന്തുണ നല്‍കപ്പെട്ട ഗവേഷണ ങ്ങളാണ് ഫെമിനിസ്റ്റ് വ്യാഖ്യാനങ്ങളെന്നും പാശ്ചാത്യ പിന്തുണ കൊണ്ട് മാത്രമാണ് ഇത്തരം  രചനകളും നിരീക്ഷണങ്ങളും മുഖ്യധാരയില്‍ ചര്‍ച്ചയാകുന്നതെന്നുമുള്ള ലോകമുസ്‌ലിം സമൂഹത്തിന്റെ പൊതു കാഴ്ചപ്പാടിനെ ശരിവെക്കുന്നതാണ് ആമിനയുടെ  ഇത്തരത്തിലുള്ള ഓരോ കണ്ടെത്തലുകളും. കാരണം ഖുര്‍ആനില്‍ അല്ലാഹുവിനെ പരാമര്‍ശിക്കുമ്പോള്‍ ഉപയോഗിക്കുന്ന ‘ഹുവ’ എന്ന സര്‍വനാമം  പുല്ലിംഗത്തെ മാത്രം കുറിക്കുന്നതല്ല. നപുംസക ലിംഗത്തിനും അതേപദമാണ് അറബിയില്‍ ഉപയോഗിക്കുക. അതേസമയം ‘ഹിയ’ എന്നതു സ്ത്രീലിംഗത്തിനു മാത്രമേ ഉപയോഗിക്കുകയുള്ളൂ. അപ്പോള്‍ പിന്നെ ദ്വയാര്‍ത്ഥമുള്ള ഒരു പദം മാറ്റി അതിനെ സ്ത്രീയില്‍ മാത്രം തളച്ചിടുന്നതാണ് ബുദ്ധി ശൂന്യത. ‘അവനവന്റെ ബാധ്യത നിറവേറ്റുന്നതില്‍ ഓരോരുത്തരും ജാഗ്രത പുലര്‍ത്തണമെന്ന’ പ്രസ്താവനയില്‍ സ്ത്രീകളുള്‍പ്പെടുന്നില്ലെന്നും എല്ലാവരെയുമുള്‍ക്കൊള്ളിക്കാന്‍ വേണ്ടി  ‘അവളവളുടെ ബാധ്യത നിറവേറ്റുന്നതില്‍ ഓരോരുത്തരും ജാഗ്രത പുലര്‍ത്തണമെന്നു’ തിരുത്തണമെന്നും പറയുന്നതിലെ വിഡ്ഢിത്തം ആര്‍ക്കും ബോധ്യപ്പെടുന്നതാണ്.

മാറുന്ന സാഹചര്യങ്ങള്‍ക്കനുസരിച്ച് ഖുര്‍ആനിനെ വായിക്കാനുള്ള പുതിയ സാധ്യതയാണ് താന്‍  തുറന്നു നല്‍കുന്നതെന്ന ഗീര്‍വാണമാണ് ആമിനയുടേത്. ഏഴാം നൂറ്റാണ്ടിലെ അറേബ്യന്‍ ജനതയെ നേരിട്ട് അഭിസംബോധന ചെയ്യുന്നത്, എല്ലാ കാലത്തുമുള്ള ജനങ്ങളെ അഭിസംബോധന ചെയ്യുന്നത് എന്നിങ്ങനെ ഖുര്‍ആന്‍ സൂക്തങ്ങളെ രണ്ടായി തിരിച്ചു വായിക്കുകയും തന്മൂലം മാറുന്ന സാഹചര്യങ്ങള്‍ക്കനുസരിച്ച് ഖുര്‍ആനിന്റെ പുനര്‍വായനക്കുള്ള സാധ്യതകള്‍ കണ്ടെത്തുകയുമാണ് ഇവര്‍ ചെയ്യുന്നത്. വദൂദിനൊപ്പം ഈ ശ്രേണിയില്‍ അസ്മാ ബര്‍ലാസ്, അസീസ ഹിബ്രി, ലൈലാ അഹ്മദ്, ഫാത്തിമ മെര്‍നീസി, ഇര്‍ഷാദ് മഞ്ചി, മാര്‍ഗോ ബദ്‌റാന്‍, സീബാ മീര്‍ ഹുസൈനി, രിഫത് ഹസന്‍, സബാ മഹ്മൂദ്, കേഷിയാ അലി, ആയിഷ ഹിദായത്തുല്ല തുടങ്ങിയ സ്ത്രീവാദികളുമുണ്ട്. കേഷിയ അലി ആദ്യകാല ഇസ്‌ലാമിക ഫെമിനിസ്റ്റ് വായനകള്‍ പ്രവാചക ചര്യയും പ്രവാചക വചനങ്ങളും എങ്ങനെ യാണ് കൈകാര്യം ചെയ്തതെന്നാണു പരിശോധിക്കുന്നത്. അതേസമയം ഫെമിനിസ്റ്റ് സിദ്ധാന്തങ്ങള്‍ എങ്ങനെയാണ് ഇസ്‌ലാമിക ഫെമിനിസ്റ്റ് വായനയില്‍ കടന്നുവരുന്നതെന്നാണ് ആയിഷ ഹിദായത്തുല്ല  നിരീക്ഷിക്കുന്നത്.

തങ്ങളുടെ ഇംഗിതത്തിനനുസരിച്ച് വിശുദ്ധ ഖുര്‍ആനിനെ നിര്‍ലജ്ജം ദുര്‍വ്യാഖ്യാനം ചെയ്യുന്നതില്‍ പരസ്പരം മത്സരിക്കുകയാണിവര്‍. സ്ത്രീകളുടെ മേല്‍ പുരുഷനു നിയന്ത്രണാധികാരമുണ്ട് (സൂറത്തുന്നിസാഅ് 34) എന്ന സൂക്തത്തെ ഇവര്‍ പലതരത്തില്‍ ദുര്‍വ്യാഖ്യാനം ചെയ്തത് ഇതിന് ഉദാഹരണമായെടുക്കാം. അസ്മ ബര്‍ലാസ് പറയുന്നു: ‘ഭാര്യക്ക് സാമ്പത്തിക സംരക്ഷണം നല്‍കാനാണ് ഭര്‍ത്താവിനോട് ഖുര്‍ആന്‍ ആവശ്യപ്പെടുന്നത്. അല്ലാതെ കുടുംബത്തിന്റെ അധികാരം ഭര്‍ത്താവിനാണ് എന്നല്ല. ബഹുഭൂരിപക്ഷം മുസ്‌ലിംകളും പുരുഷനാണ് കുടുംബത്തിന്റെ തലവനെന്ന് വിശ്വസിക്കുന്നു ണ്ടെങ്കിലും ഖുര്‍ആന്‍ അങ്ങനെ അഭിപ്രായപ്പെടുന്നില്ല’.  ഈ ആശയത്തെ ഒന്നു കൂടി വിപുലപ്പെടുത്തി യാണ് ആമിന വദൂദ് എഴുതിയത്: ‘ഇവിടുത്തെ സാമ്പത്തിക സംരക്ഷണത്തിനുള്ള പുരുഷന്റെ ഉത്തരവാദി ത്വം രണ്ടു വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് ഖുര്‍ആന്‍ കണക്കാക്കിയിട്ടുള്ളത്. ഒന്നാമത്തേത്, പുരുഷ ന് ലഭിച്ച അനന്തരാവകാശത്തിലൂടെയുള്ള സാമ്പത്തിക മുന്‍ഗണന (സ്ത്രീയുടെ ഇരട്ടി സ്വത്ത്)  നല്‍കാ നുള്ള ശാസന. രണ്ടാമത്തേത്, ഭാര്യയെ സഹായിക്കാന്‍ പുരുഷന്‍ തന്റെ സമ്പത്തില്‍ നിന്നും എത്രയാണ് ചെലവഴിക്കുന്നത് എന്നും. ഈ രണ്ടു സാഹചര്യവും നിലനില്‍ക്കുന്നില്ലെങ്കില്‍ പുരുഷന് സ്ത്രീയുടെ മേല്‍ സാമ്പത്തിക സംരക്ഷണത്തിനുള്ള ഉത്തരവാദിത്വവുമില്ല. സാമ്പത്തികമായും വിദ്യാഭ്യാസപരമായും നൈപുണ്യമുള്ള പുരുഷന് സ്ത്രീയെ ഉപദേശിക്കാമെന്നാണ് അസീസ ഹിബ്രി ഈ സൂക്തത്തിനു നല്‍കുന്ന അര്‍ത്ഥം. അപ്പോള്‍ സാമ്പത്തിക ശേഷിയില്ലാത്ത പുരുഷന് സാമ്പത്തിക ശേഷിയുള്ള സ്ത്രീ യിലോ, അഭ്യസ്തവിദ്യരല്ലാത്ത പുരുഷന്മാര്‍ക്ക് അഭ്യസ്തവിദ്യരായ സ്ത്രീകളിലോ പുരുഷനെന്ന നില യില്‍ വിശേഷാധികാരമില്ല’ എന്നാണ് ഹിബ്രി സ്ഥാപിക്കുന്നത്.

വര്‍ഷങ്ങളായി കേരളീയ മുസ്‌ലിം ധൈഷണിക സമൂഹം പക്വവും പ്രമാണബദ്ധവുമായ വിശകലനത്തിലൂടെ ഇത്തരം ദുര്‍ബല വാദങ്ങളെ നേരിടുകയും അവയുടെ ദൗര്‍ബല്യങ്ങളെ പ്രമാണികമായി അനാവരണം നടത്തുകയും ചെയ്തുവരുന്നു. ജീവിക്കാനുള്ള അവകാശം, സ്വത്തവകാശം,  അനന്തരാവകാശം, ഇണയെ തിരഞ്ഞെടുക്കാനുള്ള അവകാശം, വിവാഹ മൂല്യത്തിനുള്ള അവകാശം, വിവാഹ മോചനത്തിനുള്ള അവകാശം, പഠിക്കുവാനും ചിന്തിക്കുവാനുമുള്ള അവകാശം, വിമര്‍ശിക്കുവാനുള്ള അവകാശം  തുടങ്ങിയ ഒട്ടേറെ വിഷയങ്ങളിലുള്ള ഇസ്‌ലാമിക നിലപാടുകള്‍ മറ്റേതു സമൂഹങ്ങളേക്കാളും മികച്ചതും സ്ത്രീസുരക്ഷ ഉറപ്പുവരുത്തുന്നതുമാണെന്നിരിക്കെ മുസ്‌ലിം സമുദായത്തിലെ സ്ത്രീകള്‍ തന്നെ ലിംഗ അസമത്വം നേരിടുന്നുണ്ടെന്നും ലിംഗ നീതിയിലുള്ള ഖുര്‍ആനികാധ്യാപനങ്ങള്‍ വീണ്ടെടുക്കണമെന്നുമുള്ള പ്രചാരണം നടത്തുന്നതിന്റെ പിന്നിലുള്ള മതവിരുദ്ധ-സാമ്രാജ്യത്വ അജണ്ടകള്‍ ഊഹിക്കാവുന്നതേയുള്ളൂ.

പരിശുദ്ധിയും പാതിവ്രത്യവും കാത്തുസൂക്ഷിക്കുന്നത് അപരിഷ്‌കൃതമാണെന്ന മുതലാളിത്ത ഭോഷ്‌കുകള്‍ ഏറ്റുവിളിക്കുന്നവര്‍ സ്ത്രീസ്വാതന്ത്ര്യ വര്‍ത്തമാനങ്ങള്‍ക്കുള്ളില്‍ മറഞ്ഞിരിക്കുന്ന ഒളിയമ്പിനെ  ഇനിയെങ്കിലും മനസ്സിലാക്കുന്നത് നല്ലതാണ്. സ്ത്രീകള്‍ക്ക് മുസ്‌ലിം സമുദായത്തില്‍ പ്രത്യേ കമായ പീഡനങ്ങളുണ്ടെന്ന ഓറിയന്റലിസ്റ്റ് മുന്‍വിധി ഏറ്റെടുക്കുകയും ഇസ്‌ലാം മതം ഇപ്പോഴും അപൂര്‍ണമാണെന്നു തോന്നിപ്പിക്കുകയും സ്ത്രീയുടെ വിമോചനത്തിന്റെവഴി മതത്തിനു പുറത്താണെന്നു വരുത്തിത്തീര്‍ക്കുകയും ചെയ്യാനുള്ള പുതിയ തന്ത്രങ്ങളാണ് വിവിധ രൂപങ്ങളിലായി പലരും പരീക്ഷിച്ചു കൊണ്ടിരിക്കുന്നത്. അങ്ങനെയാണ്  ലോകത്താദ്യമായി ആമിന വദൂദ് 1994 ഓഗസ്റ്റില്‍ സൗത്താഫ്രി ക്കയിലെ കാപ് ടൗണില്‍ ജുമുഅ നിസ്‌കാരത്തിനു നേതൃത്വം നല്‍കിയത്. മുസ്‌ലിംവിരുദ്ധ ചേരികളില്‍ നിന്നു ലഭിച്ച പിന്തുണയില്‍ നിന്നാണ് ഒരു ദശകത്തിനു ശേഷം 2005 മാര്‍ച്ച് 18-ന് അമേരിക്കയില്‍  സ്ത്രീ പുരുഷന്മാര്‍ക്കിടയില്‍ യാതൊരു വേര്‍തിരിവുമില്ലാതെ ജുമുഅക്കു നേതൃത്വം നല്‍കിയത്.

ആധുനികതയുടെ അളവുകോല്‍വെച്ച് മതത്തെയും മതാചാരങ്ങളെയും സമീപിക്കുന്ന ഉല്‍പതി ഷ്ണുകള്‍ അറിഞ്ഞോ അറിയാതെയോ യുക്തിയുടെ കെണിയില്‍ അകപ്പെട്ടുപോവുകയാണ്. ചെരിപ്പിനൊപ്പിച്ച്  കാല് മുറിക്കുന്ന നയങ്ങള്‍ മതത്തെ  വരണ്ടുണങ്ങിയതാക്കുകയാണ് ചെയ്യുക. വിശുദ്ധ ഖുര്‍ആനിലും തിരുഹദീസുകളിലും കാണുന്ന ചില കാര്യങ്ങള്‍ കേവലമായ മനുഷ്യയുക്തിക്കു നിരക്കാത്ത ആശയങ്ങള്‍ ആണെന്ന് പ്രഖ്യാപിച്ച് അവ ദുര്‍വ്യാഖ്യാനിക്കുന്ന സ്ഥിതിവിശേഷം വളര്‍ന്നുവരുന്നത് ഏറെ അപകടകരമാണ്. പുരോഗമന യുക്തിവാദം മൂത്താണ് മതത്തിന്റെ തന്നെ വേലിക്കെട്ടുകള്‍ ഭേദിച്ച് അപകടകരമായ അഭിപ്രായ പ്രകടനങ്ങള്‍ ചേകനൂര്‍ മൗലവി നടത്തിയത്. അദ്ദേഹത്തിന്റെ ആശയവാഹകയായ ജാമിദയാണ് ഇന്ത്യയിലാദ്യമായി  മലപ്പുറം ജില്ലയിലെ വണ്ടൂരില്‍ കഴിഞ്ഞയാഴ്ച ജുമുഅക്ക് നേതൃത്വം നല്‍കിയത്. പൗരോഹിത്യത്തിനെതിരെയുള്ള നിലപാടിന്റെ ഭാഗമായാണ് താന്‍ ജുമുഅക്ക് നേതൃത്വം നല്‍കിയതെന്നായിരുന്നു ജാമിദയുടെ പ്രതികരണം. ഇതോടെയാണ് ആഗോളതലത്തിലെന്ന പോലെ കേരളീയ മുസ്‌ലിം വൈജ്ഞാനിക ഇടങ്ങളിലും ഈ ചിന്താധാര വിശകലനം ചെയ്യപ്പെടുകയും അതു വഴി നിരവധി ചര്‍ച്ചകള്‍ക്ക് വഴിതുറക്കുകയും ചെയ്തത്.

ആഗോളതലത്തില്‍ തന്നെ മുസ്‌ലിംനാമം വഹിക്കുന്നവരുടെ അനിസ്‌ലാമിക പ്രവര്‍ത്തനങ്ങള്‍ക്ക്  ഇസ്‌ലാം വിരുദ്ധ ശക്തികളുടെ പിന്തുണയുള്ളതു പോലെ നമ്മുടെ കൊച്ചുകേരളത്തില്‍ നടന്ന ജാമിദയുടെ ജുമുഅക്കും ഫാഷിസത്തിന്റെ സമ്പൂര്‍ണ പിന്തുണയുണ്ടായിരുന്നുവെന്ന് പിന്നീടു നടന്ന ചര്‍ച്ചകളും അവലോകനങ്ങളും തെളിയിക്കുകയുണ്ടായി. അല്ലെങ്കിലും ‘മുസ്‌ലിം സ്ത്രീകളുടെ ശാക്തീകരണത്തിനും മുന്നേറ്റത്തിനും’ വേണ്ടിയാണല്ലോ സംഘ്പരിവാര്‍ ശക്തികള്‍ നിലകൊള്ളുന്നതു തന്നെ(!). മുത്വലാഖ് വിഷയത്തില്‍ അമിത താല്‍പര്യം കാണിക്കുന്നവര്‍ എന്തുകൊണ്ടാണ് ഹിന്ദു സ്ത്രീകളുടെ വിമോചനത്തിന് യാതൊരു പ്രാധാന്യവും നല്‍കാത്തതെന്നും മുസ്‌ലിം സ്ത്രീകളോട് സ്‌നേഹവും കരുണയുമുള്ളവര്‍ക്ക് എന്തു കൊണ്ടാണ് മുസ്‌ലിം പുരുഷന്മാരോട് ഇഷ്ടം തോന്നാത്തതെന്നുമുള്ള ചോദ്യം പ്രസക്തം.

 

Exit mobile version