മതേതര ഇന്ത്യയിലെ മുസ്‌ലിം ജീവിതം

india and muslims - Malayalam

വിവിധ മതസമൂഹങ്ങളും നാസ്തികരും അധിവസിക്കുന്ന രാജ്യമാണ് നമ്മുടേത്. ബഹുസ്വരതയാണ് ഇന്ത്യയുടെ പ്രധാന സവിശേഷത. ജാതി മത വൈവിധ്യങ്ങളും സാംസ്‌കാരിക വൈജാത്യങ്ങളും ഭാഷാ ബഹുത്വവും മറ്റു രാജ്യങ്ങളിൽ നിന്ന് ഇന്ത്യയെ വ്യതിരിക്തമാക്കുന്നു. മതസമൂഹങ്ങൾ തമ്മിലുള്ള സ്‌നേഹവും സൗഹൃദവും സഹകരണവുമാണ് ബഹുസ്വരതയുടെ കാതൽ. പരസ്പരം ഉൾകൊള്ളാനും അടുത്തറിയാനും സാധിക്കുമ്പോൾ മാത്രമേ അത് പ്രായോഗികമാകൂ. മനുഷ്യജീവിതത്തിന്റെ അർത്ഥതലങ്ങൾ ഒന്നൊഴിയാതെ കാത്തുസൂക്ഷിച്ച ആദർശ വ്യവസ്ഥിതി എന്ന നിലയിൽ ഇസ്‌ലാം മതവിശ്വാസികൾ മതേതര സമൂഹത്തിലെ ജീവിതത്തെ കുറിച്ചും മതസൗഹാർദത്തെ സംബന്ധിച്ചും ജ്ഞാനമുള്ളവരായിരിക്കണം. വസ്തുനിഷ്ഠമായ അറിവിന്റെ അഭാവത്തിലാണ് അബദ്ധ ധാരണകൾ ആധിപത്യം ഉറപ്പിക്കുക. അത് വിപത്തുകളിൽ അകപ്പെടാനും മതം തെറ്റിദ്ധരിക്കപ്പെടാനും കാരണമാകും. സമസ്ത കേന്ദ്ര മുശാവറ അംഗവും മർകസ് ശരീഅത്ത് കോളേജിലെ കർമശാസ്ത്ര വിഭാഗം തലവനുമായ പ്രമുഖ പണ്ഡിതൻ അബ്ദുൽ ജലീൽ സഖാഫി മതേതര ഇന്ത്യയിലെ മുസ്‌ലിം ജീവിതത്തെ കുറിച്ച് സംസാരിക്കുകയാണ്. പ്രസക്ത ഭാഗങ്ങൾ:

– ഇന്ത്യ ഒരു സെക്കുലർ രാജ്യമാണ്. ജനങ്ങളിൽ ബഹുഭൂരിപക്ഷവും അമുസ്‌ലിംകളും. അവരുമായി സഹകരിക്കുകയും സമ്പർക്കം പുലർത്തുകയും ചെയ്യുന്നതിന്റെ ഇസ്‌ലാമിക കാഴ്ചപ്പാട് വിശദീകരിക്കാമോ?
സമഗ്രമായൊരു ജീവിത വ്യവസ്ഥിതിയാണ് ഇസ്‌ലാം. സഹജീവി സ്‌നേഹവും പരസ്പര സഹകരണവും വിശ്വാസികളുടെ ഗുണവിശേഷമായാണ് ഇസ്‌ലാം പരിഗണിക്കുന്നത്. സമസൃഷ്ടികളെന്ന നിലയിൽ മുഴുവൻ മനുഷ്യരെയും സ്‌നേഹിക്കാനും അവരുടെ ഗുണത്തിനും രക്ഷക്കും വേണ്ടി പ്രവർത്തിക്കാനും സത്യവിശ്വാസി ബാധ്യസ്ഥനാണ്. കാരുണ്യം, പരസ്പര സഹകരണം തുടങ്ങിയ കാര്യങ്ങളിൽ മുസ്‌ലിം-അമുസ്‌ലിം ഭേദമില്ല. മനുഷ്യൻ എന്ന നിലയിൽ അതൊക്കെ കണക്കാക്കണമെന്നാണ് മതത്തിന്റെ നിലപാട്.
നന്മ പ്രവർത്തിക്കുന്നതിലും തിന്മയെ പ്രതിരോധിക്കുന്നതിലും വിശ്വാസ വൈവിധ്യങ്ങൾക്കതീതമായി പരസ്പരം സഹകരിക്കുകയും സഹായിക്കുകയും ചെയ്യണമെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. അല്ലാഹു പറയുന്നു: ‘നന്മയിലും ഭക്തിയിലും നിങ്ങൾ പരസ്പരം സഹായിക്കുക. പാപങ്ങളിലും അക്രമങ്ങളിലും പരസ്പരം സഹകരിക്കരുത്.’
മതപരമായ വൈജാത്യങ്ങൾ അന്യോന്യമുള്ള സഹകണത്തിനും സഹായത്തിനും തടസ്സമാകരുത്. എല്ലാ വിഭാഗങ്ങളോടും സ്‌നേഹത്തിൽ പെരുമാറണം. സൗഹൃദത്തിൽ ജീവിക്കണം. കാരുണ്യം കാണിക്കണം. ഒരാളെയും വേദനിപ്പിക്കരുത്. അക്രമിക്കരുത്. നബി(സ്വ) പറയുന്നു: ‘കരുണ ചെയ്യുന്നവരെ പരമകാരുണികനായ അല്ലാഹു അനുഗ്രഹിക്കും. ഭൂമിയിലുള്ള സർവതിനോടും നിങ്ങൾ കരുണ കാണിക്കുക. എന്നാൽ ആകാശത്തിന്റെ അധിപൻ നിങ്ങളോട് കരുണ കാണിക്കും.’

– മുസ്‌ലിമല്ലാത്തവരെ സാമ്പത്തികമായി സഹായിക്കാമോ? അതിന് പ്രതിഫലം ലഭിക്കുമോ?
വീട് നിർമാണം, രോഗ ചികിത്സ, വിവാഹം, വിദ്യാഭ്യാസം തുടങ്ങിയ മാനുഷിക ആവശ്യങ്ങളിൽ അമുസ്‌ലിംകളെ സാമ്പത്തികമായി സഹായിക്കാവുന്നതാണ്. അവർക്ക് വീട് നിർമിച്ച് നൽകാം. വിദ്യാഭ്യാസത്തിനും വിവാഹത്തിനും സഹായം നൽകാം. സൗജന്യമായി ചികിത്സ നൽകാം. അതിനൊന്നും വിരോധമില്ല. മാത്രമല്ല പ്രതിഫലം ലഭിക്കുകയും ചെയ്യും. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മത വ്യത്യാസം തടസ്സമായി ഇസ്‌ലാം കാണുന്നില്ല. അബീഹുറൈറ(റ) നിവേദനം ചെയ്യുന്ന ഹദീസിൽ ഇപ്രകാരം കാണാം: ‘എല്ലാ ജീവുള്ളതിനെ സഹായിക്കുന്നതിലും പുണ്യമുണ്ട്.’
ഇബ്‌നു ഹജറുൽ ഹൈതമി(റ) ഉദ്ധരിക്കുന്നു: അമുസ്‌ലിമിന് സാമ്പത്തികമായ സഹായങ്ങൾ നൽകാം. അത് മുസ്‌ലിംകളുമായി കരാറിൽ ഏർപ്പെട്ടിട്ടില്ലാത്ത അവിശ്വാസിയാണെങ്കിൽ പോലും സഹായിക്കാം. വസ്ത്രം, വീട് നിർമാണം, ചികിത്സ തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾക്ക് സഹായിക്കണമെന്ന് മാത്രമല്ല, ചില അനിവാര്യ ഘട്ടങ്ങളിൽ മുസ്‌ലിം സമ്പന്നർക്ക് അത് നിർബന്ധമാവുകയും ചെയ്യും. അവർ അർഹരും ആവശ്യക്കാരുമാണെന്നറിഞ്ഞിട്ടും ഇത്തരം ആവശ്യങ്ങൾക്ക് സഹായം ചെയ്തില്ലെങ്കിൽ അവൻ കുറ്റക്കാരനാണ്. അല്ലാഹുവിന്റെ അരികിൽ ശിക്ഷിക്കപ്പെടും.

– അമുസ്‌ലിമിന് കടം നൽകൽ അനുവദനീയമാണോ? സാമ്പത്തിക ഇടപാടുകൾ നടത്തുക, ബിസ്സിനസിൽ പങ്കാളികളാക്കുക, വിൽക്കുകയും വാങ്ങുകയും ചെയ്യുക എന്നിവ അനുവദനീയമാണോ? ഇസ്‌ലാമിക കാഴ്ചപ്പാട് വിശദീകരിക്കാമോ?
അമുസ്‌ലിമിന് കടം നൽകാം. അവനുമായി സാമ്പത്തിക ക്രയവിക്രയങ്ങളും ഇടപാടുകളും നടത്താം. ബിസിനസിൽ പങ്കാളികളാക്കാം. വാങ്ങുകയും വിൽക്കുകയും ചെയ്യാം.
തിരുനബി(സ്വ) അമുസ്‌ലിംകളുമായി ഇടപാടുകൾ നടത്തിയ ധാരാളം സംഭവങ്ങൾ ഹദീസുകളിൽ കാണാം. അബ്ദുറഹ്മാനു ബ്‌നു ഔഫ്(റ) റിപ്പോർട്ട് ചെയ്യുന്നു: ഒരിക്കൽ ഞങ്ങൾ നബി(സ്വ)യുടെ കൂടെ ഇരിക്കുകയായിരുന്നു. അപ്പോൾ ഒരു ബഹുദൈവ വിശ്വാസി ഒരാടുമായി വരുന്നത് കണ്ടു. പ്രവാചകർ(സ്വ) ചോദിച്ചു: ഇത് വിൽപനക്കുള്ളതോ അതോ ദാനം ചെയ്യാനുള്ളതോ? അയാൾ പറഞ്ഞു: വിൽപനക്കുള്ളതാണ്. അപ്പോൾ നബി(സ്വ) അയാളിൽ നിന്നും ആ ആടിനെ വിലയ്ക്കു വാങ്ങി (ബുഖാരി).
ആഇശ ബീവി(റ) പറയുന്നു: റസൂൽ(സ്വ) ഒരു ജൂതനിൽ നിന്ന് അവധി നിശ്ചയിച്ച് ഭക്ഷ്യ വസ്തുക്കൾ കടമായി വാങ്ങുകയും അവിടുത്തെ പടയങ്കി പണയമായി നൽകുകയും ചെയ്തിരുന്നു. മുസ്‌ലിമേതരരുമായി ഇടപാടുകൾ നടത്താമെന്നാണ് ഈ സംഭവങ്ങളെല്ലാം കാണിക്കുന്നത്.

-അമുസ്‌ലിംകളിൽ നിന്ന് പലിശ വാങ്ങൽ അനുവദനീയമാണോ?
ഇസ്‌ലാം പലിശ രഹിത സമ്പദ് വ്യവസ്ഥിതിയാണ് വിഭാവനം ചെയ്യുന്നത്. പലിശാധിഷ്ഠിത വ്യവസ്ഥിതി ചൂഷണാത്മകമായിരിക്കും. അതിനാൽ പലിശ വാങ്ങലും നൽകലുമെല്ലാം നിഷിദ്ധമാണ്. അത് മുസ്‌ലിമിൽ നിന്നാണെങ്കിലും അമുസ്‌ലിമിൽ നിന്നാണെങ്കിലും അനുവദനീയമല്ല.
അല്ലാഹു പറയുന്നു: ‘പലിശ തിന്നുന്നവൻ പിശാച്ബാധ നിമിത്തം മറിഞ്ഞ് വീഴുന്നവൻ എഴുന്നേൽക്കുന്നത് പോലെയല്ലാതെ എഴുന്നേൽക്കുകയില്ല. കച്ചവടവും പലിശ പോലെത്തന്നെയാണ് എന്ന് അവർ പറഞ്ഞതിന്റെ ഫലമത്രെ അത്. എന്നാൽ കച്ചവടം അല്ലാഹു അനുവദനീയമാക്കുകയും പലിശയെ അവൻ നിഷിദ്ധമാക്കുകയും ചെയ്തിരിക്കുന്നു’ (ഖുർആൻ).

– അളവ് തൂക്കത്തിൽ വിശ്വാസികളല്ലാത്തവരെ വഞ്ചിക്കാമോ?
വിശ്വാസിയുടെ അളവും തൂക്കവും സുതാര്യമായിരിക്കണം. ഒരാളെയും വഞ്ചിക്കരുത്. ഇബ്‌നു ഹജർ(റ) പറയുന്നു: അളവ് തൂക്കങ്ങളിൽ അമുസ്‌ലിമിനെയാണെങ്കിലും വഞ്ചിക്കാൻ പാടില്ല (ഫതാവൽ കുബ്‌റ 2/238).

– അമുസ്‌ലിം രോഗികളെ ചികിത്സിക്കൽ അനുവദനീയമാണോ? അവരെ സന്ദർശിക്കാമോ? മരുന്നും സൗജന്യ സേവനങ്ങളും നൽകാമോ? എസ്‌വൈഎസ് സാന്ത്വനം പദ്ധതിയുടെ ഗുണഭോക്താക്കളായി നിരവധി അമുസ്‌ലിംകളുമുണ്ടല്ലോ.
അമുസ്‌ലിം രോഗികളെ ചികിത്സിക്കാം. മരുന്നും സൗജന്യ സേവനങ്ങളും ചെയ്തുകൊടുക്കാം. രോഗാവസ്ഥയിൽ അവരെ സന്ദർശിക്കാം. ഇബ്‌നു ഹജർ(റ) പറയുന്നത് കാണുക: മുസ്‌ലിം ഡോക്ടർക്ക് അമുസ്‌ലിമായ രോഗിയെ ചികിത്സിക്കൽ അനുവദനീയമാണ്. ഹർബി(മുസ്‌ലിം വിരോധി)യ്യായ അവിശ്വാസിയാണെങ്കിലും ചികിത്സിക്കുന്നതിൽ തെറ്റില്ല. അമുസ്‌ലിമിന് സ്വദഖ നൽകൽ അനുവദനീയമായത് പോലെ ചികിത്സയും അനുവദനീയമാണ് (ഫതാവൽ കുബ്‌റ 4/104).

– വെള്ളം, നൂൽ, ചരട് എന്നിവയിൽ അവർക്ക് മന്ത്രിച്ച് കൊടുക്കാമോ?
അതേ. അനുവദനീയമാണ്.

– അമുസ്‌ലിംകൾക്ക് വേണ്ടി പ്രാർത്ഥിക്കാമോ? അവർ മരണപ്പെട്ടാൽ സന്ദർശിക്കാമോ?
സന്ദർശിക്കാം. സാമ്പത്തിക ഉയർച്ച, രോഗശമനം, വിദ്യാഭ്യാസ രംഗത്തെ ഔന്നത്യം, രാഷ്ട്രീയ വിജയം, നേർവഴി തുടങ്ങിയ കാര്യങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കാം. കർമശാസ്ത്ര പണ്ഡിതർ വിശദീകരിക്കുന്നു: അമുസ്‌ലിമിന് ശാരീരികാരോഗ്യം, നേർമാർഗം തുടങ്ങിയവക്കായി പ്രാർത്ഥിക്കൽ അനുവദനീയമാണ് (ഹാശിയത്തുന്നിഹായ 1/533).

– അമുസ്‌ലിംകളെ കുറിച്ച് പരദൂഷണം പറയാമോ? വാഗ്ദാന ലംഘനം, പരിഹാസം തുടങ്ങിയവ നടത്താമോ?
ഇസ്‌ലാം മതവിശ്വാസിയെ സംബന്ധിച്ചിടത്തോളം അവന്റെ സംസാരം, സമ്പർക്കം, സമീപനം എല്ലാം സത്യസന്ധമായിരിക്കണം. ഒരാളെയും പരദൂഷണം പറയരുത്. പരിഹസിക്കരുത്. വാഗ്ദത്തം ചെയ്താൽ ലംഘിക്കരുത്. അതിൽ മുസ്‌ലിംകളെന്നോ അമുസ്‌ലിംകളെന്നോ വ്യത്യാസമില്ല.

– അമുസ്‌ലിംകളുടെ ക്ഷണം, ഭക്ഷണം, വസ്ത്രം എന്നിവ സ്വീകരിക്കുന്നതിന്റെ വിധിയെന്താണ്?
അവർ ക്ഷണിച്ചാൽ സ്വീകരിക്കാം. ഭക്ഷണം കഴിക്കാം. സമ്മാനമായി വസ്ത്രങ്ങളും മറ്റും നൽകിയാൽ വാങ്ങാം. അനുവദനീയമാണ്. പക്ഷേ, ഭക്ഷണം പോലുള്ളത് അവരുടെ ആരാധനയുടെ ഭാഗമായി തയ്യാർ ചെയ്യപ്പെട്ടവയാകരുതെന്ന നിബന്ധനയുണ്ട്. അത്തരം ഭക്ഷണങ്ങൾ/പ്രസാദങ്ങൾ കഴിക്കാൻ പാടുള്ളതല്ല.

-അമുസ്‌ലിം ആചാരങ്ങളിലും വിശ്വാസപരമായ കർമങ്ങളിലും മുസ്‌ലിം പങ്കെടുക്കുന്നത് അനുവദനീയമാണോ? അതിന് സാമ്പത്തിക സഹായം നൽകാമോ?
അമുസ്‌ലിംകൾ അവരുടെ വിശ്വാസങ്ങളുടെ ഭാഗമായി നിർവഹിക്കുന്ന ആചാരങ്ങളിൽ (പൂരം, വേല, പള്ളിപ്പെരുന്നാൾ ഉദാഹരണം) മുസ്‌ലിംകൾ ഭാഗഭാക്കാകാൻ പാടില്ല. അതിനെ സാമ്പത്തികമായി സഹായിക്കാനും പാടില്ല. കാരണം ഇസ്‌ലാമിക വിശ്വാസങ്ങൾക്ക് വിരുദ്ധമായ ആദർശമാണ് അവരുടേത്. നമ്മുടെ വിശ്വാസ പ്രകാരം പിഴച്ചതും യോജിക്കാൻ കഴിയാത്തതുമായൊരു ദർശനം. അത് നടത്തലും വളർത്തലും അതിന് സൗകര്യവും സഹായവും ചെയ്തുകൊടുക്കലും മുസ്‌ലിംകളുടെ ബാധ്യതയല്ല.
കർമശാസ്ത്ര പണ്ഡിതർ പറയുന്നു: അമുസ്‌ലിംകളുടെ മതപരമായ ആഘോഷങ്ങളിൽ മുസ്‌ലിംകൾ അവരോട് സഹകരിക്കുന്നത് കുറ്റകരമാണ്. ഇസ്‌ലാമിക ഭരണകൂടത്തിന് കീഴിലാണെങ്കിൽ ശിക്ഷാർഹവുമാണ് (മുഗ്‌നി 5/526).

– അന്യമതക്കാരുടെ ആരാധനാലയങ്ങൾക്ക് സാമ്പത്തിക സഹായങ്ങൾ ചെയ്യാമോ?
അന്യമതക്കാരുടെ ആരാധനാലയങ്ങൾ നിർമിക്കുക, പുനരുദ്ധരിക്കുക, പരിപാലിക്കുക തുടങ്ങിയ കാര്യങ്ങൾക്ക് സാമ്പത്തിക സഹായം ചെയ്യാൻ മുസ്‌ലിംകൾക്ക് പാടില്ല. ഇസ്‌ലാമിക വിശ്വാസമനുസരിച്ച് അത് കുറ്റകരമായ കാര്യമാണ്. അല്ലാമാ ഇബ്‌നു ഹജറുൽ ഹൈതമി(റ) തുഹ്ഫ 9/29-ൽ ഇത് വിശദീകരിക്കുന്നുണ്ട്.

– ഇന്ത്യയെ പോലുള്ളൊരു മതേതര രാജ്യത്ത് ഇത്തരം കടുത്ത നിലപാടുകൾ സ്വീകരിക്കേണ്ടതുണ്ടോ? അത് മതങ്ങൾ തമ്മിലുള്ള അകൽച്ചക്കും സൗഹൃദാന്തരീക്ഷം തകരുന്നതിനും കാരണമാകില്ലേ?
ഇല്ല, ഒരിക്കലുമല്ല. മതസൗഹാർദമെന്നാൽ അമുസ്‌ലിംകളുടെ ആചാരങ്ങളിൽ നാം പങ്കാളിയാവുകയും ബഹുദൈവാരാധനയടക്കമുള്ള മതാചാരങ്ങൾക്ക് സഹായം നൽകലുമാണ് എന്ന് ചിലർ ധരിച്ച് വെച്ചിരിക്കുന്നു. ഈ വിശ്വാസമാണ് തെറ്റ്. ഞാനിവിടെ ചൂണ്ടിക്കാണിക്കാനുദ്ദേശിക്കുന്നതും അതാണ്. ചിലർ വല്ലാതെയങ്ങ് മതേതരവാദികളാവുകയാണ്. അതിന് വേണ്ടി എന്തും പറയാനും ചെയ്യാനും അവർക്ക് മടിയില്ല. ഇക്കാര്യത്തിൽ വിശ്വാസികൾ ജാഗ്രത പുലർത്തണം. മറ്റുള്ളവരുടെ കയ്യടിക്ക് വേണ്ടി സ്വന്തം മതനിയമങ്ങളിൽ വെള്ളം ചേർക്കാനാകില്ല. സങ്കുചിതമായ താൽപര്യങ്ങൾക്ക് വേണ്ടി വിശ്വാസ കാര്യങ്ങളെ മാറ്റിയെഴുതാനുമാകില്ല.
ഞാൻ പറയുന്നത് ആരും തെറ്റായി വ്യാഖ്യാനിക്കരുത്. ഒരു മതക്കാരോടും സൗഹൃദവും സഹകരണവും പാടില്ലെന്നല്ല ഞാൻ പറഞ്ഞത്. മറിച്ച് സൗഹൃദ ബന്ധം വേണം. മാനുഷികമായ കാര്യങ്ങളിൽ സഹായിക്കണം, സഹകരിക്കണം. നിർധനരായ അമുസ്‌ലിംകൾക്ക് വീട് നിർമിച്ച് കൊടുക്കാൻ കഴിവുള്ളവർ അത് ചെയ്യണം. ചികിത്സിക്കണം. വിവാഹത്തിന് ധനസഹായം നൽകണം. പക്ഷേ, അമുസ്‌ലിംകളുടെ മതപരമായ ആചാരങ്ങളിൽ പങ്കാളിയാവുകയോ അതിന് സാമ്പത്തിക സഹായം നൽകുകയോ ചെയ്യേണ്ട ബാധ്യത നമുക്കില്ല. അത് ആ മതവിശ്വാസികളുടെ ഉത്തരവാദിത്വമാണ്. അത്തരം സഹായസഹകരണം കൊണ്ടു മാത്രമേ മതസൗഹാർദം സാധ്യമാകൂ എന്ന് ശാഠ്യം പിടിക്കരുത്. ബഹുദൈവാരാധനയിലധിഷ്ഠിതമായ ആചാരങ്ങളും കർമങ്ങളും ഇസ്‌ലാമിക നിയമ പ്രകാരം തെറ്റാണ്. അതിന് സഹായിക്കുന്നതും അപ്രകാരംതന്നെ. ഖുർആൻ പറയുന്നു: അല്ലാഹുവിന്റെ അരികിൽ സ്വീകാര്യമായ മതം ഇസ്‌ലാമാണ്. വല്ലവനും ഇസ്‌ലാമല്ലാത്ത വല്ലതിനെയും സ്വീകരിച്ചാൽ അവനിൽ നിന്നത് സ്വീകരിക്കപ്പെടുകയില്ല. അവൻ പരാജിതരിൽപെട്ടവനുമായിരിക്കും (3:198).
ഇബ്‌നു ഹജറുൽ ഹൈതമി(റ) എഴുതി: കുഫ്‌റിന്റെ ചിഹ്നങ്ങളിൽ അവരോട് തുല്യരാകണമെന്ന ഉദ്ദേശ്യത്തിൽ ചെയ്താൽ കാഫിറാകും. എന്നാൽ കുഫ്‌റ് ചെയ്യുക എന്ന താൽപര്യമില്ലാതെ, അവരുടെ ആഘോഷങ്ങളിൽ അവരോട് തുല്യമാവുക എന്ന ഉദ്ദേശ്യത്തിലാണെങ്കിൽ കാഫിറാകില്ലെങ്കിലും അത് കുറ്റകരമാണ്. പ്രത്യേകമായ ഉദ്ദേശ്യങ്ങളൊന്നുമില്ലാതെയാണെങ്കിൽ കുറ്റമൊന്നുമില്ലതാനും (ഫതാവൽകുബ്‌റ 9/238).

-അമുസ്‌ലിംകൾക്ക് ജോലി നൽകാമോ?
നൽകാം, വിരോധമില്ല. മുസ്‌ലിം മാനേജ്‌മെന്റിന്റെയോ വ്യക്തികളുടെയോ കീഴിലുള്ള തൊഴിൽ കേന്ദ്രങ്ങളിൽ അമുസ്‌ലിംകൾക്ക് ജോലി നൽകാം. മുസ്‌ലിം ആരാധനാ കേന്ദ്രങ്ങളുടെ നിർമാണത്തിനുവരെ അവരെ ഏൽപ്പിക്കാം. ഇബ്‌നു ഹജർ(റ) പറയുന്നത് കാണുക: മുസ്‌ലിമിന്റെ സമ്മതപ്രകാരം ആവശ്യത്തിന് വേണ്ടി അമുസ്‌ലിമിനെ പള്ളിയിൽ കയറ്റാവുന്നതാണ് (തുഹ്ഫ 1/272).
അല്ലാമാ അലിയ്യുശ്ശിബ്‌റാമല്ലസി(റ) വിശദീകരിക്കുന്നു: ആവശ്യത്തിന്‌വേണ്ടി എന്നതിൽ നമ്മുടെ ആവശ്യവും അവരുടെ ആവശ്യവും ഉൾപ്പെടും. പള്ളി നിർമാണമെന്നത് നമ്മുടെ ആവശ്യമാണ്. മുസ്‌ലിം ജോലിക്കാർ ലഭ്യമാണെങ്കിൽതന്നെ അമുസ്‌ലിംകളെ ജോലിക്കായി വിളിക്കാം. ഖാളിയിൽനിന്ന് വിധി തേടുക, മുഫ്തിയിൽ നിന്ന് ഫത്‌വ തേടുക പോലെയുള്ള അവരുടെ ആവശ്യങ്ങളുടെ പൂർത്തീകരണത്തിന് പള്ളിയിൽ പ്രവേശിക്കുന്നതിനും വിരോധമില്ല. ഇത്തരം അനിവാര്യമായ ആവശ്യങ്ങൾക്കല്ലാതെ പള്ളിയിൽ പ്രവേശിക്കുന്നത് അനുവദനീയമല്ല.

– ഈയിടെ കേരളത്തിലെ മതപരിഷ്‌കരണവാദികളുടെ ആരാധനാ കേന്ദ്രത്തിൽ ജുമുഅ നിസ്‌കാരം കാണാൻ അമുസ്‌ലിംകളെ ക്ഷണിച്ച് കൊണ്ടുവരികയുണ്ടായി. ശേഷം ആണും പെണ്ണുമെല്ലാം കൂടിയിരുന്ന് മതസൗഹാർദ സമ്മേളനവും നടത്തി. ഇതിനെ എങ്ങനെ വിലയിരുത്തുന്നു?
അനിവാര്യമായ ആവശ്യങ്ങൾക്ക് വേണ്ടിയല്ലാതെ മുസ്‌ലിം പള്ളിയിൽ അമുസ്‌ലിംകൾക്ക് പ്രവേശനം നൽകരുത്. ഇത്തരം തെറ്റായ കീഴ്‌വഴക്കങ്ങൾ ആശാസ്യമല്ല. ആണും പെണ്ണും ഇടകലരുന്നത് ഇസ്‌ലാം ഒരു സന്ദർഭത്തിലും അംഗീകരിക്കുന്നില്ല. വിവിധ മതക്കാർക്കിടയിൽ സൗഹൃദം വളർത്താൻ സദസ്സുകൾ ആവശ്യമാണ്. അത് പള്ളിക്കകത്താകണമെന്ന് വാശി പിടിക്കുന്നതെന്തിനാണ്? ആരാധാനാ കേന്ദ്രങ്ങളുടെ പുറത്തും ഉണ്ടാക്കാമല്ലോ അത്തരം സദസ്സുകൾ.

– മകൾ/മകൻ മുസ്‌ലിമായാൽ അമുസ്‌ലിംകളായ മാതാപിതാക്കളുമായി രക്തബന്ധവും കുടംബബന്ധവും നിലനിൽക്കുമോ? ആ നിലക്കുള്ള ഉത്തരവാദിത്വങ്ങൾ അവർക്ക് ചെയ്തുകൊടുക്കേണ്ടതുണ്ടോ?
മാതാപിതാക്കൾ അവിശ്വാസികളാണെന്നത് അവരുടെ മഹത്ത്വത്തിന്റെ മാറ്റ് കുറക്കുന്നില്ല. അവരെ സംരക്ഷിക്കുകയും പരിപാലിക്കുകയും വേണം. മാതാപിതാക്കൾ എന്ന നിലക്ക് നിർവഹിക്കേണ്ട ഉത്തരവാദിത്വങ്ങളെല്ലാം ചെയ്ത് കൊടുക്കണം. രക്തബന്ധവും കുടംബബന്ധവുമെല്ലാം തുടരുകയും വേണം.
മാതാപിതാക്കൾ അമുസ്‌ലിംകളാണെങ്കിലും അവർക്ക് ഗുണം ചെയ്യണം. അവരെ തള്ളിപ്പറയാനും ദ്രോഹിക്കാനും പാടില്ല. മാന്യമായി ഇടപെടണം. ആദരിക്കണം. ഒറ്റ കാര്യത്തിലേ എതിരുള്ളൂ. സ്രഷ്ടാവായ അല്ലാഹുവിന്റെ നിയമത്തിനെതിരായി പ്രവർത്തിക്കാൻ മാതാവോ പിതാവോ ആവശ്യപ്പെട്ടാൽ അതനുസരിക്കേണ്ടതില്ല. മാതാപിതാക്കൾക്ക് താൽപര്യമില്ലാത്തതിന്റെ പേരിൽ സത്യമതം ഉപേക്ഷിക്കാനും പാടില്ല.
സഅ്ദ് ബ്‌നു അബീവഖാസ്(റ) പറയുന്നു: ഞാൻ മുസ്‌ലിമായെന്ന വിവരമറിഞ്ഞപ്പോൾ എന്റെ ഉമ്മ ഓടിയെത്തി. അവർ പറഞ്ഞു: സഅ്‌ദേ, നീ എന്ത് അവിവേകമാണ് കാണിച്ചത്? പാരമ്പര്യ ദൈവങ്ങളെയും മതത്തേയും വിട്ടു നീ പുതിയ മതം വിശ്വസിക്കുകയോ! ഞാനത് അനുവദിക്കുകയില്ല. അവർ നിരാഹാരം കിടന്നു. ആത്മഹത്യാ ഭീഷണി മുഴക്കി. ഒടുവിൽ സഅ്ദ്(റ) മാതാവിനെ സമീപിച്ച് ഇങ്ങനെ പറഞ്ഞു: നിങ്ങൾക്ക് നൂറു ജന്മം ഇത്‌പോലെ ലഭിക്കുകയും അതത്രയും എന്റെ വിശ്വാസം മാറ്റാൻ വേണ്ടി ഒന്നൊന്നായി ബലിയിടുകയും ചെയ്താൽ പോലും ഞാനെന്റെ വിശ്വാസം ഉപേക്ഷിക്കുകയില്ല. അതുകൊണ്ട് വേണമെങ്കിൽ നിരാഹാരം നിർത്തുക. അല്ലെങ്കിൽ തുടരുക. സഅ്ദ്(റ)വിന്റെ ദൃഢസ്വരത്തിലുള്ള പ്രഖ്യാപനം കേട്ട് അവർ പതറിപ്പോയി. നിരാഹാരം നിറുത്തി. അമുസ്‌ലിംകളായ മാതാപിതാക്കൾ അവിശ്വാസത്തിലേക്ക് നിർബന്ധിച്ചാൽ അതനുസരിക്കേണ്ടതില്ല എന്നാണ് ഈ സംഭവം പഠിപ്പിക്കുന്നത്.
സിദ്ദീഖ്(റ)ന്റെ പുത്രി അസ്മാഅ് ബീവി(റ) പറയുന്നു: നബി(സ്വ)യുടെ കാലത്ത് ബഹുദൈവവിശ്വാസിയായ ഉമ്മ ഖുതൈമ എന്നെ സമീപിച്ചു സഹായം തേടി. ഞാൻ പ്രവാചകരെ വിവരംമറിയിച്ചു. ബഹുദൈവ വിശ്വാസിയായ ഉമ്മയുമായി എനിക്ക് ബന്ധം ചേർക്കാമോ? അവരെ സഹായിക്കാമോ? അവിടുന്ന് മറുപടി നൽകി: അതേ, മാതാവിനോട് നീ ബന്ധം ചേർക്കുക. അവരെ സഹായിക്കുക (ബുഖാരി, മുസ്‌ലിം).

-അമുസ്‌ലിം സ്ത്രീയുടെ മുല കുടിക്കൽ മുസ്‌ലിം കുട്ടിക്ക് അനുവദനീയമാണോ? അങ്ങനെ ചെയ്താൽ മുലകുടി ബന്ധം സ്ഥിരപ്പെടുമോ?
അനുവദനീയമാണ്. അമുസ്‌ലിം സ്ത്രീയുടെ മുലപ്പാൽ കുടിച്ചാൽ അവർക്കിടയിൽ മുലകുടി ബന്ധം സ്ഥിരപ്പെടും.

Exit mobile version