മത പഠനം കൂടുതല്‍ മികച്ചതാവണം

? മുസ്‌ലിം സമുദായത്തിന്റെ മദ്രസകള്‍ ഭീകരവാദത്തിന്റെ കുടിലുകള്‍ ആണെന്ന ആരോപണത്തെ എങ്ങനെയാണ് നേരിടുക.
വലതുപക്ഷ മാധ്യമങ്ങളുടെ ആന്‍റിമദ്രസ കാമ്പയ്നിന്റെ ഭാഗമാണ് ഗുരുതരമായ ഈ ആരോപണം. നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന മദ്രസകളെക്കുറിച്ച് ദേശീയ ഇന്‍റലിജന്‍സ് ഏജന്‍സികളുടെ തെറ്റായ റിപ്പോര്‍ട്ടുകളും ഒരുപക്ഷേ ഈ ആരോപണത്തെ പരോക്ഷമായെങ്കിലും സ്വാധീനിച്ചിട്ടുണ്ട്. ആഗോളതലത്തില്‍ നവ സാമ്രാജ്വത്വ ശക്തികള്‍ മദ്രസകളെ ചിത്രീകരിക്കുന്ന രീതികളും ബിംബവല്‍ക്കരണവും ഇതിന് ആക്കം കൂട്ടി. എന്നാല്‍ മദ്രസകള്‍ക്ക് ഭീകരവാദവുമായി യാതൊരു ബന്ധവുമില്ല. മദ്രസകളുടെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് അനുഭവിക്കുന്നവര്‍ക്ക് “ഭീകരവാദത്തിന്റെ കുടിലുകള്‍’ എന്ന വിശേഷണം തീര്‍ച്ചയായും അത്ഭുതമുളവാക്കുന്നതാണ്. ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രിമാരായ ഐ.കെ ഗുജ്റാള്‍, ഡോ: മന്‍മോഹന്‍ സിംഗ് എന്നിവര്‍ ഇന്ത്യയിലെ മദ്രസകള്‍ക്ക് ഭീകരവാദവുമായി ബന്ധമൊന്നുമില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്. മദ്രസകള്‍ തീവ്രവാദ പരിശീലന കേന്ദ്രങ്ങളാണെന്ന് സ്ഥിരീകരിക്കുന്ന ഒന്നും സര്‍ക്കാര്‍ കണ്ടെത്തിയിട്ടില്ലെന്ന് ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി ആഭ്യന്തരമന്ത്രിയായിരിക്കെ പ്രസ്താവിച്ചിട്ടുണ്ട്. അപ്പോള്‍ ഇത്തരം ദുരാരോപണങ്ങള്‍ തീര്‍ത്തും ബാലിശമാണ്. മദ്രസകളുടെ പ്രവര്‍ത്തന ശൈലികളും അവയുടെ സാമൂഹിക പ്രാധാന്യവും പൊതുജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ പ്രബോധനം ചെയ്യേണ്ടതുണ്ട്. പ്രാദേശിക തലങ്ങളില്‍ ഇത്തരമൊരു ശ്രമം രാജ്യമൊട്ടാകെ നടന്നാല്‍ ആരോപണങ്ങള്‍ അപ്രസക്തമാവും.
? ഇന്ത്യയിലെ ചില സംസ്ഥാനങ്ങളില്‍ മദ്രസാധ്യാപകരെയും വിദ്യാര്‍ത്ഥികളെയും ഭീകരവാദത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെടുകയുണ്ടായി. ഇത്തരം കേസുകളില്‍ അറസ്റ്റിലാകുന്നവര്‍ ക്രൂരമായി പീഡിപ്പിക്കപ്പെടുകയും നിരപരാധികളാണെന്ന് പിന്നീട് തെളിയുകയും ചെയ്യാറുണ്ട്. അനിഷ്ട സംഭവങ്ങളില്‍ സംസ്ഥാന സര്‍ക്കാറുകളുടെ പങ്കെന്താണ്.
ആന്ധ്രപ്രദേശ്, കര്‍ണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് അത്തരം സംഭവങ്ങള്‍ പ്രധാനമായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഗുജറാത്തിലെ സാമൂഹിക സാഹചര്യങ്ങള്‍ പോലെ ആന്ധ്രയും മഹാരാഷ്ട്രയും മുസ്‌ലിം യുവാക്കളെ വേട്ടയാടുന്ന സംസ്ഥാനങ്ങളാണ് എന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. ദേശീയ മനുഷ്യാവകാശ കമ്മീഷന് ഇക്കാര്യത്തില്‍ പലതും ചെയ്യാനാവും. ഭീകരവാദത്തിന്റെ പേരില്‍ എത്ര യുവാക്കളാണ് ഇതുവരെ അറസ്റ്റ് ചെയ്യപ്പെട്ടത്, എത്ര പേര്‍ പീഡിപ്പിക്കപ്പെട്ടു, എത്ര ആളുകളെ നിരപരാധികളെന്ന് കണ്ടെത്തി വെറുതെ വിട്ടു എന്നിങ്ങനെയുള്ള കണക്കുകള്‍ ക്യത്യമായി പുറത്തുകൊണ്ടുവരാന്‍ മനുഷ്യാവകാശ കമ്മീഷന് സാധിക്കും. മദ്രസകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന വ്യാജ കേസുകള്‍ പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും വര്‍ധിച്ചു വരികയാണ്. ഈ നിരപരാധികളായ മുസ്‌ലിം യുവാക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള സംവിധാനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കുക തന്നെ വേണം.
? മദ്രസ കരിക്കുലം നവീകരണത്തെക്കുറിച്ചുള്ള സംവാദങ്ങള്‍ ദേശീയതലത്തില്‍ നടന്നു കൊണ്ടിരിക്കുകയാണല്ലോ. എന്താണ് താങ്കള്‍ക്ക് പറയാനുള്ളത്.
മദ്രസ പാഠ്യപദ്ധതികളിലെ കരിക്കുലം നവീകരണം എന്നത് പുതിയ ഒരാശയമല്ല. ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള ചര്‍ച്ചയാണിത്. മദ്രസകളില്‍ എന്തു പഠിപ്പിക്കണം എന്നതിനെക്കുറിച്ചുള്ള സംവാദങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നു എന്നത് തന്നെ ഈ വിഷയത്തില്‍ മുസ്‌ലിം സമുദായം വളരെ പതുക്കെയാണ് സഞ്ചരിക്കുന്നത് എന്നതിന്റെ തെളിവല്ലേ! പലകാരണങ്ങളാല്‍ പാഠ്യപദ്ധതി നവീകരണം മന്ദഗതിയിലാണ്. ഈടുറ്റ പഠനങ്ങളും പാഠ്യേതരപ്രവര്‍ത്തങ്ങളും മദ്രസകളില്‍ നടപ്പിലാക്കേണ്ടതുണ്ട്. സര്‍ക്കാറിന്റെ ഭാഗത്തുനിന്നുള്ള സാമ്പത്തിക സഹായങ്ങള്‍ മദ്രസകളുടെ പ്രവര്‍ത്തനങ്ങളെ ഒന്നടങ്കം ഹൈജാക്ക് ചെയ്യാനുള്ളതാണ് എന്ന് പറയുന്നതില്‍ കഴമ്പില്ല. അതേ സമയം മതപഠനത്തേക്കാള്‍ വലിയ മതേതരപാഠമാവുമ്പോള്‍ തീര്‍ച്ചയായും സമുദായനേതാക്കള്‍ ചിന്തിക്കേണ്ടതായി വരും. എങ്കില്‍പോലും പുതിയ അധ്യാപനരീതികളും പഠനമാധ്യമങ്ങളും സ്വീകരിക്കാന്‍ വിമുഖത കാണിക്കേണ്ടതില്ല. ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങളും അധ്യാപനരീതിയും മദ്രസകളിലാണ് കൊണ്ടുവരേണ്ടത്. എന്നാല്‍, മദ്രസ മാനേജ്മെന്‍റുകളും അധ്യാപകരും പുതിയ മാറ്റങ്ങളെ സ്വീകരിക്കാന്‍ തയ്യാറാവുന്നില്ല എന്നത് ഖേദകരമാണ്. പുതിയ വിഷയങ്ങളെയും അധ്യാപനരീതികളെയും അല്‍പം ഭയത്തോടെയാണ് ഇവര്‍ സമീപിക്കുന്നത്. സുന്ദരമായ കെട്ടിടത്തേക്കാള്‍ മദ്രസകള്‍ക്കാവശ്യം മികച്ച പഠനാന്തരീക്ഷമാണ്. ഈയര്‍ത്ഥത്തില്‍ കരിക്കുലം നവീകരണ ശ്രമങ്ങള്‍ പ്രോല്‍സാഹിപ്പിക്കേണ്ടതാണ്. പക്ഷേ അതിന് വേണ്ടത്ര ശ്രദ്ധ കിട്ടുന്നില്ല എന്നതാണ് മദ്രകളില്‍ നിന്നുള്ള പ്രതികരണങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നത്. മദ്രസ മാനേജ്മെന്‍റുകളുടെയും അധ്യാപകരുടെയും അകാരണമായ ഈ ഭയം ഇല്ലാതാക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ തീര്‍ത്തും പരാജയവുമാണ്.
? ഈയവസ്ഥയില്‍ മുസ്‌ലിം സമുദായത്തിന്റെ വികസനത്തില്‍ ഉലമാക്കളുടെ പങ്കെന്താണ്.
മദ്രസാ പശ്ചാത്തലത്തില്‍ വളര്‍ന്നു വന്ന ഉലമാക്കള്‍ക്ക് തീര്‍ച്ചയായും സമുദായത്തിന്റെ സമഗ്രവികസനത്തില്‍ വലിയ പങ്കാളിത്തമാണു വഹിക്കാനുള്ളത്. നമ്മുടെ സംവാദങ്ങളും ചര്‍ച്ചകളും കേവലം മതത്തിന്റെ അതിര്‍വരന്പുകള്‍ക്കുള്ളില്‍ ഒതുക്കേണ്ടതില്ല. മറിച്ച് ദാരിദ്യം, സാമൂഹിക പ്രശ്നങ്ങള്‍, അനീതി, പാരിസ്ഥിതിക പ്രശ്നങ്ങള്‍, യുദ്ധം, ലോകസമാധാനം തുടങ്ങിയവയൊക്കെയും മതപണ്ഡിതരുടെ സജീവശ്രദ്ധയില്‍ ഉണ്ടായിരിക്കണം. മാറിക്കൊണ്ടിരിക്കുന്ന ലോകസാഹചര്യത്തില്‍ ഇത്തരം വിഷയങ്ങളില്‍ മുസ്‌ലിം സമുദായത്തിന്റെ ഭാഗധേയം നിര്‍ണയിക്കാന്‍ അത് സഹായകരമാവും. ഇന്ത്യയെ പോലുള്ള ഒരു ബഹുസ്വര സമൂഹത്തില്‍ മതകീയ നിലപാടുകള്‍ക്ക് തീര്‍ച്ചയായും പ്രസക്തിയുണ്ട്.
സാമൂഹിക വിഷയങ്ങളില്‍ ഇടപെടണം എന്ന് ഞാന്‍ പറഞ്ഞത് ഇന്ത്യയില്‍ മുസ്‌ലിംകള്‍ ന്യൂനപക്ഷമായത് കൊണ്ടല്ല. മറിച്ച്, ഇസ്‌ലാം അതാണ് അനുശാസിക്കുന്നത് എന്നത് കൊണ്ടാണ്. അതുപോലെ ഇതര സമുദായങ്ങളുമായി മുസ്‌ലിംകള്‍ കൂടുതല്‍ സംവേദന ക്ഷമതയുള്ളവരായിരിക്കണം. ഇക്കാര്യത്തില്‍ ഉലമാക്കള്‍ വ്യക്തമായ നേതൃത്വം വഹിക്കേണ്ടതുണ്ട്. ഇന്‍റര്‍ കമ്മ്യൂണിറ്റി ഡയലോഗുകള്‍ക്ക് പണ്ഡിതന്മാര്‍ വഴിതുറക്കണം. ഏറ്റവും മികച്ച സമുദായം(ഖൈറുല്‍ ഉമ്മ) മുസ്‌ലിം സമുദായമാണ് എന്നതിനാല്‍ സൗഹൃദസംവാദങ്ങള്‍ക്ക് നമ്മള്‍ മുന്‍കയ്യെടുക്കണം.
? മതപഠനം അക്കാദമിക തലത്തില്‍ സാധ്യമാക്കിയ ഇടമാണ് യൂണിവേഴ്സിറ്റികളിലെ ഇസ്‌ലാമിക് സ്റ്റഡീസ് വകുപ്പുകള്‍, ഇന്ത്യന്‍ യൂണിവേഴ്സിറ്റികളിലെ ഇസ്‌ലാമികപഠന വകുപ്പുകളുടെ സാധ്യതകള്‍ വിശദീകരിക്കാമോ.
ഇന്ത്യയില്‍ ചില സര്‍വകലാശാലകളില്‍ മാത്രമാണ് ഇസ്‌ലാമിക് സ്റ്റഡീസ് വകുപ്പുകള്‍ ഉള്ളത്. ഒരേ വിഷയമാണ് പഠിപ്പിക്കുന്നതെങ്കിലും വ്യത്യസ്ത പേരുകളിലാണ് ഈ ഡിപ്പാര്‍ട്ട്മെന്‍റുകള്‍ അറിയപ്പെടുന്നത്. ലക്നൗ സര്‍വകലാശാലയിലേത് അറബ് സംസ്കാര വകുപ്പാണ്. അതേ സമയം അലിഗഢ് യൂണിവേഴ്സിറ്റി, ജാമിഅ മില്ലിയ യൂണിവേഴ്സിറ്റി, ജാമിഅ ഹംദര്‍ദ്, കാശ്മീര്‍ യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ ഇസ്‌ലാമിക് സ്റ്റഡീസ് വകുപ്പാണുള്ളത്. അലിഗഢില്‍ ഇസ്‌ലാമിക് തിയോളജി പഠന വിഭാഗങ്ങളും ഉണ്ട്.
തിയോളജി എന്നത് വിശ്വാസപ്രമാണമായതിനാല്‍,ഇസ്‌ലാമിക ഗ്രന്ഥങ്ങളില്‍ ആഴത്തിലുള്ള പഠനമാണ് നടക്കേണ്ടത്. അതേസമയം ഇസ്‌ലാമിക് സ്റ്റഡീസില്‍ ഇസ്‌ലാമിക ഗ്രന്ഥങ്ങള്‍ക്കും സാമൂഹിക സാഹചര്യങ്ങള്‍ക്കും ചരിത്ര പഠനങ്ങള്‍ക്കും ഇടമുണ്ട്. യഥാര്‍ത്ഥത്തില്‍ ചരിത്ര വസ്തുതകള്‍ മനസ്സിലാക്കാതെ ഒരു മതഗ്രന്ഥവും നന്നായി പഠിക്കാനാവില്ല. വൈജ്ഞാനിക പാരമ്പര്യത്തെക്കുറിച്ചുള്ള സമഗ്രമായ അവബോധത്തിന്റെ അഭാവമാണ് മുസ്‌ലിം സമുദായം നേരിടുന്ന പ്രധാനപ്പെട്ട ബൗദ്ധിക പ്രതിസന്ധി. അതിനെക്കുറിച്ച് ഒരു മതവിദ്യാര്‍ത്ഥി ബോധവാനായി കഴിഞ്ഞാല്‍ സാമൂഹികരാഷ്ടീയസാമ്പത്തികസാംസ്കാരിക യാഥാര്‍ത്ഥ്യങ്ങള്‍ കൂടി കണക്കിലെടുത്ത് ഇസ്‌ലാമിക പഠനം കൂടുതല്‍മികച്ചതാക്കാന്‍ സാധിക്കും. ഈയര്‍ത്ഥത്തില്‍ മികച്ച മതപഠനം തന്നെയാണ് യൂണിവേഴ്സിറ്റികളില്‍ നടക്കുന്നത്. അതേസമയം, ഇസ്‌ലാമിക് സ്റ്റഡീസ് സിലബസ് പരിഷ്കരിക്കേണ്ടതുണ്ട് എന്നാണ് എന്റെയഭിപ്രായം. ആഗോള ഇസ്‌ലാമിക പഠനങ്ങളില്‍ ഇസ്‌ലാമിക രാഷ്ട്രങ്ങളില്‍ നടക്കുന്ന പുതിയ രാഷ്ട്രീയ മാറ്റങ്ങളും പുതിയ ഗ്രൂപ്പുകളുടെ ഉദയവും പഠന വിധേയമാക്കണം.
? യൂണിവേഴ്സിറ്റികളിലെ ഇസ്‌ലാമിക് സ്റ്റഡീസ് വകുപ്പുകളില്‍ പ്രവേശനം തേടുന്നവര്‍ക്ക് യഥാര്‍ത്ഥത്തില്‍ ദീനി ഇല്‍മ് പഠിക്കുക എന്ന ലക്ഷ്യമാണോ ഉള്ളത്.
ഭൂരിപക്ഷം വിദ്യാര്‍ത്ഥികളും ഒരു ബിരുദം സന്പാദിക്കുക എന്ന കേവല ലക്ഷ്യത്തോടെയാണ് ഇസ്‌ലാമിക് സ്റ്റഡീസ് വകുപ്പുകളില്‍ എത്തുന്നത്. ഈയൊരു പ്രവണത ഇസ്‌ലാമിക് സ്റ്റഡീസ് ഡിപ്പാര്‍ട്ട്മെന്‍റില്‍ മാത്രമല്ല ഉള്ളത്. എങ്കിലും മറ്റുള്ള ഡിഗ്രികള്‍ക്ക് ശ്രമം നടത്തി കിട്ടാതെ വരുമ്പോള്‍ ഇസ്‌ലാമിക് സ്റ്റഡീസിന് ചേരുന്നവരുണ്ട്. ഇവിടെ പ്രവേശനം എളുപ്പമാണ് എന്നതിനാല്‍ അങ്ങനെ വരുന്നവരാണ് കൂടുതല്‍ വിദ്യാര്‍ത്ഥികളും. അതേ സമയം, ഈ വിഷയത്തോടുള്ള അഭിനിവേശം കൊണ്ട് പഠിക്കാനെത്തുന്ന വിദ്യാര്‍ത്ഥികളും ഉണ്ട്. അതുപക്ഷേ, അഞ്ചോ ആറോ ശതമാനം മാത്രമേ ഉണ്ടാകുന്നുള്ളൂ.
? ഇങ്ങനെ പ്രവേശനം നേടുന്നവരുടെ പാശ്ചാത്തലം എങ്ങനെയുള്ളതാണ്? അവര്‍ മദ്രസകളില്‍ നിന്നുള്ളവരാണോ, അതോ സ്കൂളുകളില്‍ നിന്നുള്ളവരോ.
രണ്ട് വിഭാഗം വിദ്യാര്‍ത്ഥികളും ഇവിടെയെത്തുന്നുണ്ട്. ജാമിഅ മില്ലിയയിലെ ഇസ്‌ലാമിക് സ്റ്റഡീസ് വകുപ്പില്‍ പകുതിയിലേറെപ്പേര്‍ മദ്രസാ പശ്ചാത്തലത്തില്‍ നിന്ന് വരുന്ന യുവപണ്ഡിതരാണ്. പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട മദ്രസകളുടെ ബിരുദങ്ങള്‍ക്ക് അംഗീകാരം നല്‍കിയ ചുരുക്കം ചില കേന്ദ്ര സര്‍വകലാശാലകളില്‍ ഒന്നാണ് ജാമിഅ മില്ലിയ്യ. അതുകൊണ്ട് തന്നെ മദ്രസ പശ്ചാത്തലത്തില്‍ നിന്ന് വരുന്നവര്‍ക്ക് ഇസ്‌ലാമിക് സ്റ്റഡീസ്, അറബി, ഉര്‍ദു, പേര്‍ഷ്യന്‍ വകുപ്പുകളില്‍ ബിരുദ, ബിരുദാന്തര കോഴ്സുകള്‍ക്ക് അഡ്മിഷന്‍ നേടിയെടുക്കാം. മദ്രസകളിലെ മികച്ച വിദ്യാര്‍ത്ഥികള്‍ യൂണിവേഴ്സിറ്റി പരീക്ഷകളിലും മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്.
? ഇസ്‌ലാമിക പഠനങ്ങളിലെ ഗവേഷണങ്ങള്‍ യൂണിവേഴ്സിറ്റി വകുപ്പുകളില്‍ എത്രത്തോളം വിജയകരമായി നടക്കുന്നുണ്ട്.
ഇസ്‌ലാമിക് സ്റ്റഡീസില്‍ സമര്‍പ്പിക്കപ്പെടുന്ന ഗവേഷണ പ്രബന്ധങ്ങളുടെ നിലവാരം സമ്മിശ്ര സ്വഭാവമുള്ളതാണ്. നിലവാരമുള്ളതും അല്ലാത്തതുമുണ്ട്. 1975ല്‍ ജാമിഅ മില്ലിയയില്‍ ആരംഭിച്ച ഇസ്‌ലാമിക് സ്റ്റഡീസ് വകുപ്പില്‍ നാല്‍പത് പി.എച്ച്.ഡി പ്രബന്ധങ്ങളാണ് ഗവേഷണ വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ചിട്ടുള്ളത്. അതില്‍ പകുതിയിലേറെയും പ്രസിദ്ധീകരിച്ച് വന്നിട്ടുമുണ്ട്.
? ഇത്തരം ഗവേഷണങ്ങളില്‍ മിക്കതും മുസ്‌ലിം ചരിത്രത്തെക്കുറിച്ചോ ഗ്രന്ഥങ്ങളെക്കുറിച്ചോ ഉള്ളതാണ്. എന്തുകൊണ്ടാണ് ഇന്ത്യന്‍ സര്‍വകലാശാലകളില്‍ മുസ്‌ലിം ജീവിത യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ചും ആനുകാലിക സാമൂഹ്യ സാഹചര്യങ്ങളില്‍ മുസ്‌ലിംകള്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചുമുള്ള അനുഭവസിദ്ധമായ ഗവേഷണങ്ങള്‍ ഉണ്ടാവാത്തത്.
അതൊരു യാഥാര്‍ത്ഥ്യമാണ്. സാമൂഹിക പരിസരത്തെക്കുറിച്ചുള്ള അവബോധം മുസ്‌ലിം സമുദായത്തില്‍ താരതമ്യേന കുറവായതു കൊണ്ടായിരിക്കാം. ഇത് വളര്‍ത്തിക്കൊണ്ടു വരണം. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന മുസ്‌ലിം ഗ്രൂപ്പുകള്‍ക്ക് സങ്കുചിത താല്‍പര്യങ്ങളാണുള്ളത്. മുസ്‌ലിംകളുടെ യഥാര്‍ത്ഥ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് പകരം തമ്മിലടിപ്പിക്കാനുള്ള പ്രവണതയാണ് കൂടുതല്‍. തല്‍ഫലമായി സാമൂഹിക യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ചും സാംസ്കാരിക ദൗത്യങ്ങളെക്കുറിച്ചും നമ്മള്‍ മറന്നു പോകുന്നു. ഇതിന്‍റയൊക്കെ ഫലം തന്നെയായിരിക്കണം ഗവേഷണ പ്രബന്ധങ്ങളിലും നിഴലിക്കുന്നത്. എങ്കിലും ദക്ഷിണേന്ത്യയിലെ മുസ്‌ലിം സമൂഹങ്ങള്‍ അല്‍പം കൂടി സാമൂഹികാവബോധം കാണിക്കുന്നുണ്ട്. മഹല്ലുകളും കമ്മിറ്റികളും ജമാഅത്തുകളും ചില കുടുംബങ്ങളുടെ മാത്രം കയ്യിലായിരിക്കുന്ന അവസ്ഥ മിക്ക സ്ഥലത്തും ഉണ്ടാവാറുണ്ട്. ഈ സ്ഥിതി മാറണം.
? ഇന്ത്യന്‍ മുസ്‌ലിംകളെക്കുറിച്ചുള്ള ഗൗരവത്തിലുള്ള സാമൂഹ്യശാസ്ത്ര പഠനങ്ങള്‍ ഉണ്ടാവുന്നില്ല. എന്താണ് താങ്കളിതിന് നിര്‍ദേശിക്കുന്ന പരിഹാരങ്ങള്‍.
സര്‍ക്കാറിന്റെ സാമ്പത്തിക പിന്തുണയുള്ള യൂണിവേഴ്സിറ്റി ഗ്രാന്‍ഡ് കമ്മീഷന്‍, ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച്, ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ സോഷ്യല്‍ സയന്‍സ് റിസര്‍ച്ച് തുടങ്ങിയ ഗവേഷണ സ്ഥാപനങ്ങള്‍ക്ക് ഇത്തരം വിഷയങ്ങള്‍ ഗൗരവത്തിലെടുത്ത് പ്രത്യേക അക്കാദമിക് പ്രോഗ്രാമുകള്‍ നടത്താവുന്നതാണ്. രാജ്യത്തിന്റെ വികസന ഭാവിക്ക് ഇതുപോലുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കരുത്തേകുമെന്ന് ഗവേഷണ സ്ഥാപനങ്ങള്‍ മനസ്സിലാക്കുകയും വേണം. മതസൗഹാര്‍ദ്ദം, വികസനം, സാമൂഹിക നീതി, സമാധാനം തുടങ്ങിയവ നിലനിര്‍ത്താന്‍ ഗവേഷണ പഠനങ്ങള്‍ക്ക് സാധിക്കും. ഇത് മുസ്‌ലിംകളുടെ മാത്രം വിഷയമായി കാണേണ്ടതില്ല. അതുപോലെ, മികച്ച ഗവേഷണ കേന്ദ്രങ്ങള്‍ സ്ഥാപിച്ച് സമുദായം മുന്നോട്ട് വന്നാല്‍ നല്ല മാറ്റങ്ങള്‍ ഉണ്ടാവുക തന്നെ ചെയ്യും. താജ്മഹലിന്റെയും ചെങ്കോട്ടയുടെയും കുത്തബ് മിനാറിന്റെയും ഭംഗിയിലല്ല, മുസ്‌ലിം സമുദായത്തിന്റെ ഭാവിയുള്ളത്. മറിച്ച്, സമുദായത്തിന്റെ ബൗദ്ധിക മൂലധനത്തിലാണെന്ന് നാം തിരിച്ചറിയണം.
യോഗീന്ദര്‍ സിക്കന്ദ്: 1998ല്‍ യൂണിവേഴ്സിറ്റി ഓഫ് ലണ്ടനില്‍ നിന്ന് ഇസ്‌ലാമിക് സ്റ്റഡീസില്‍ പി.എച്ച്.ഡി., നെതര്‍ലാന്‍ഡിലെ യൂണിവേഴ്സിറ്റി ഓഫ് ലയ്ഡനില്‍ നിന്ന് ഇസ്‌ലാം ഇന്‍ ദി മോഡേണ്‍ വേള്‍ഡ് എന്ന വിഷയത്തില്‍ പോസ്റ്റ് ഡോക്ടറേറ്റ് എന്നിവ നേടിയ യോഗീന്ദര്‍ സിക്കന്ദ് ആനുകാലികങ്ങളിലെ എഴുത്തുകാരനാണ്. ഇന്ത്യന്‍ മുസ്‌ലിംകളെക്കുറിച്ച് ബൃഹത്തായ ആറ് ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.

അഭിമുഖം/

പ്രൊഫ. അഖ്തറുല്‍ വാസി/യോഗീന്ദര്‍ സിക്കന്ദ്

തയ്യാറാക്കിയത്:
യാസര്‍ അറഫാത്ത് നൂറാനി

Exit mobile version