മദീനയിലേക്ക്

കൊള്ളകള്‍ പിന്നെയും പലതു നടന്നു. കാലം കടന്നുപോയി. സൈദുനില്‍ ഖൈലിന്റെ ചെവിയിലും ആ വാര്‍ത്തയെത്തി. മദീനയില്‍ ഒരു വിമോചന പ്രസ്ഥാനം ശക്തിപ്പെട്ടുവരുന്നു. അതിനു നേതൃത്വം നല്‍കുന്നത് നിഷ്കളങ്കനും സത്യസന്ധനും ധീരനുമായ പ്രവാചകന്‍ മുഹമ്മദ്(സ്വ)യാണ്.
അദ്ദേഹമാണ് എങ്ങും ചര്‍ച്ചാവിഷയം. അവശരെയും അനാഥകളെയും സംരക്ഷിക്കുന്നു. സമ്പന്നരും കുലീനരും ദരിദ്രരും നബിയെ പിന്തുടരുന്നു. അടിമകളെയും ഉടമകളെയും കോര്‍ത്തിണക്കുന്നു. അസമത്വവും അനീതിയും തുടച്ചുനീക്കുന്നു. സൈദിനു ജിജ്ഞാസയായി. അദ്ദേഹത്തിന്റെ കഠിനമനസ്സിലും ഒരു മണിക്കിലുക്കം.
ഒന്നുപോയി കാണണം, നേരില്‍ അറിയണം. സൈദ് ഉറച്ചു, മദീനയിലേക്ക് പോകാന്‍. ഗോത്രത്തിലെ സമുന്നതരായ നേതാക്കളെയും കൂടെക്കൂട്ടി. യാത്രാസമയം നിശ്ചയിച്ചു.
ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വാഹനങ്ങള്‍ സജ്ജീകരിക്കപ്പെട്ടു. ത്വയ്യിഅ് ഗോത്രത്തിലെ പ്രമുഖരടങ്ങുന്ന വലിയൊരു സംഘം പുറപ്പാടിനൊരുങ്ങി. സൈദിന്റെ നേതൃത്വത്തില്‍ ആ സത്യാന്വേഷണ സംഘം യാത്രതിരിച്ചു; സമാധാനത്തുരുത്ത് തേടി.
സംഘം മദീനയിലെത്തി. തിരുനബി(സ്വ)യെ കുറിച്ചന്വേഷിച്ചു.
പള്ളിയിലുണ്ട് ആരോ പറഞ്ഞു.
അങ്ങോട്ടു നീങ്ങി. വാഹനങ്ങള്‍ പള്ളിയുടെ ചാരെ നിറുത്തി, എല്ലാവരും ഇറങ്ങി. അകത്തളം ജനനിബിഡമാണ്; നിശ്ശബ്ദവും. ഒരാള്‍ പ്രസംഗിക്കുന്നുണ്ട്. ശ്രദ്ധിച്ചുനോക്കി.
അതായിരിക്കണം തിരുനബി(സ്വ).
എന്തൊരു സൗകുമാര്യത; ഒത്ത ആകാരം, പൗരുഷം, ഗാംഭീര്യം. ജനങ്ങളെല്ലാം സാകൂതം തിരുമൊഴികള്‍ ശ്രവിക്കുന്നു. മധുരസ്വരം. കേള്‍ക്കുന്തോറും കൊതിയൂറുന്ന ശബ്ദം. അവിടുന്ന് സംസാരിക്കുമ്പോള്‍ സകലം നിശ്ശബ്ദം. സദസ്യര്‍ ഉത്തരം തേടുമ്പോള്‍ അവിടുന്ന് ശ്രദ്ധിച്ചു കേള്‍ക്കുന്നു.
അടക്കവും ഒതുക്കവുമുള്ള ജനത. ആ വാക്കുകള്‍ അവരിലുളവാക്കുന്ന പ്രതിഫലനങ്ങള്‍, പ്രവാചകരോടുള്ള അവരുടെ ആദരവും ബഹുമാനവും. ഇതെല്ലാം സംഘത്തെ അല്‍ഭുതപ്പെടുത്തി.
നവാഗതരെ തിരുനബി(സ്വ) കണ്ടു. അവിടുന്ന് പറയുന്നു:
അല്ലാഹുവിനെക്കൂടാതെ നിങ്ങള്‍ ആരാധിക്കുന്ന സര്‍വതും നശിക്കുന്നതാണ്. അവയെ പടച്ചനെയേ ആരാധിക്കാവൂ.
തിരുമൊഴികള്‍ സൈദിന്റെയും കൂട്ടുകാരുടെയും ഹൃദയത്തില്‍ പതിഞ്ഞു. അത് അവരില്‍ വ്യത്യസ്ത പ്രതികരണങ്ങളുണ്ടാക്കി. ചിലര്‍ക്കതിഷ്ടപ്പെട്ടു. സത്യബോധനം ഉള്‍ക്കൊണ്ടു.
മറ്റു ചിലര്‍ പിന്തിരിഞ്ഞു. അഹങ്കാരം അവരെ കീഴടക്കി. ഒരു വിഭാഗം നന്മയിലേക്ക്… മറുപക്ഷം തിന്മയിലേക്കു തന്നെ.
കൂട്ടത്തില്‍ സുര്‍റബ്നു സദൂസിന് ഇതൊന്നും പിടിച്ചില്ല. അഹങ്കാരവും തിരുനബി(സ്വ)യോടുള്ള അസൂയയും അയാളില്‍ നുരച്ചുപൊന്തി. ആശങ്കയോടെ കൂട്ടുകാരോടു പറഞ്ഞു:
അറബികളെ മുഴുവന്‍ അടക്കിഭരിച്ചേക്കാവുന്ന മനുഷ്യനാണിയാള്‍. എന്റെ കഴുത്ത് ഇയാള്‍ക്കു മുമ്പില്‍ കുനിയില്ല, തീര്‍ച്ച!!
ഇതും പറഞ്ഞ് അയാള്‍ പുറത്തിറങ്ങി.
തിരുനബി(സ്വ)യെ കുറിച്ചോ ഇസ്ലാം മതത്തെ കുറിച്ചോ അന്വേഷിക്കുവാനോ പഠിക്കുവാനോ നില്‍ക്കാതെ അയാള്‍ ശാമിലേക്ക് പോയി. തലമുണ്ഡനം ചെയ്തു. ക്രൈസ്തവ മതത്തില്‍ ചേര്‍ന്നു.
സൈദിന്റെ തീരുമാനമെന്തായിരിക്കും? എല്ലാവരും ആ നിത്യാഭ്യാസിയുടെ മുഖത്തേക്കു നോക്കി.
(തുടരും)

വിസ്മയ വെട്ടങ്ങള്‍
നൗഫല്‍ തൊട്ടിപ്പാലം

Exit mobile version