മദ്‌റസ: ധാർമിക വിദ്യാഭ്യാസത്തിന് പുഴുക്കുത്തേറ്റതെവിടെ?

MADRASA-malayalam

മുസ്‌ലിം കേരളത്തിന്റെ മത, സാംസ്‌കാരിക പാരമ്പര്യം നിലനിർത്തുന്നത് ആസൂത്രിതവും ധർമാധിഷ്ഠിതവുമായ വിദ്യാഭ്യാസ പ്രവർത്തനങ്ങളാണെന്നതിൽ സന്ദേഹമില്ല. കാര്യക്ഷമമായ ദഅ്‌വാ സംവിധാനങ്ങളും സർവവ്യാപിയായ സംഘടനാ പ്രവർത്തനങ്ങളും ഇവിടുത്തെ ആത്മീയ മുന്നേറ്റത്തിൽ നിസ്തുലമായ പങ്കുവഹിച്ചിട്ടുണ്ട്. എങ്കിലും ധർമച്യുതിയുടെ അതിവ്യാപനം ആധുനിക സമൂഹത്തെ വരിഞ്ഞുമുറുക്കുമ്പോൾ ഉത്തമ സംസ്‌കാരത്തിന്റെ വാഹകർ വരെ അതിന്റെ വേട്ടക്കാരും ഇരകളുമായി മാറുന്ന അനുഭവങ്ങളും പലപ്പോഴും കണ്ടുവരുന്നു.

മതബോധം നഷ്ടപ്പെടാത്തവരെല്ലാം തന്നെ മക്കളെ പ്രാഥമിക പാഠശാലകളായ മദ്‌റസകളിൽ ചേർക്കാൻ തയ്യാറാകുന്നവരാണ്. ഇവരിൽ വിശ്വാസം, സംസ്‌കാരം, ധാർമികത, പാരത്രിക വിജയം എന്നിവ പരിഗണിക്കുന്നവർ സന്താനങ്ങളെ കൃത്യമായ ദീനീ വഴിയിലൂടെ നയിക്കും. എന്നാലധിക പേരും കുട്ടികൾക്കാവശ്യമായ ആത്മീയ പരിരക്ഷയെക്കുറിച്ചു ബോധവാന്മാരല്ല. ആത്മിക ലക്ഷ്യമോ മാർഗമോ അവർക്ക് വിഷയീഭവിക്കുന്നുമില്ല. മദ്‌റസാ പഠനത്തിന്റെ ഉള്ളടക്കങ്ങളോ പഠന നേട്ടങ്ങളോ അവരെ സ്പർശിക്കുന്നുമില്ല. എന്തെല്ലാം പഠിച്ചുവെന്നോ ഇനിയെന്തൊക്കെ പഠിക്കാനുണ്ടെന്നോ പഠിക്കുന്ന കാര്യങ്ങൾ കുടുംബത്തിലുണ്ടാക്കുന്ന സ്വാധീനത്തെ കുറിച്ചോ അവർ ശ്രദ്ധാലുക്കളുമല്ല. കുടുംബവും സമൂഹവും ശീലിപ്പിച്ച ഇത്തരം കെട്ട സംസ്‌കാരത്തിന്റെ ഒഴുക്കിൽ കുട്ടികൾ സഞ്ചരിക്കുമ്പോൾ ചെറുപ്രായത്തിലേ അവർ മതവിദ്യാഭ്യാസത്തോട് വിടപറയും.

വേറെ ചിലർ കുട്ടികളിൽ മറ്റുചില ലക്ഷ്യങ്ങൾ നെയ്തുകൊണ്ടിരിക്കുന്നവരാണ്. അവരുടെ ബുദ്ധിയെക്കുറിച്ചും അഭിരുചിയെ പറ്റിയും ബോധ്യമുള്ളവരും പാഠ്യാനുബന്ധ പ്രവർത്തനങ്ങളിൽ അവർക്കുള്ള മികവിൽ അഭിമാനിക്കുകയും മക്കളുടെ ഭാവിയെ കുറിച്ചു നല്ല സ്വപ്നങ്ങൾ കാണുകയും ചെയ്യുന്നവർ. എന്നാൽ ഇവർ പൊതുവെ ഭൗതിക പഠനങ്ങളിൽ കേന്ദ്രീകരിച്ചുനിൽക്കുന്നു. ഒരു ജീവിത മാർഗം സ്വയം കണ്ടെത്താനും അതിനു മക്കളെ പ്രാപ്തരാക്കാനും വേണ്ടതെല്ലാം ചെയ്യുമ്പോൾ എങ്ങനെ ഉത്തമ വിശ്വാസിയായി ജീവിക്കണമെന്നു പഠിപ്പിക്കാൻ വിട്ടുപോകുന്ന ദുരവസ്ഥയാണിത്.

ഒരു വിശ്വാസിക്കുണ്ടാവുന്ന മതബോധത്തിന്റെ വിചാരങ്ങൾക്കനുസരിച്ചാണ് സകല വ്യവഹാരങ്ങളും പ്രകടമാകുന്നത്. കുട്ടികളെ മദ്രസയിൽ അഡ്മിഷൻ നൽകി, അധ്യാപകരെ ഏൽപിച്ച്, എല്ലാ സഹായങ്ങളും വാഗ്ദാനങ്ങളും ചെയ്യുന്നതോടെ അവരുടെ മതപഠനക്കാര്യത്തിൽ ആവുന്നതെല്ലാം താൻ ചെയ്തുവെന്നും തന്റെ കടമ നിറവേറ്റിയെന്നും സായൂജ്യമടയുന്നവർ തിരിച്ചറിയാതെ പോകുന്ന ചില സത്യങ്ങൾ മതവിദ്യയിലും അതിന്റെ അഭ്യാസത്തിലുമുണ്ട്. അജ്ഞത കൊണ്ടോ അവഗണന കൊണ്ടോ ഈ താത്ത്വിക വശം തിരസ്‌കരിക്കുമ്പോഴാണ് മതപഠനം വൃഥാവിലാവുന്നതും അതിഭൗതികത അധീശത്വം സ്ഥാപിക്കുന്നതും.

ഇന്നത്തെ വൈജ്ഞാനിക വിസ്‌ഫോടനത്തിലും സാങ്കേതിക വൈദഗ്ധ്യത്തിലും അഭിമാനിക്കുമ്പോൾ ആത്മാവ് പ്രശോഭിതമാകുന്ന, ദുർഘട ഘട്ടങ്ങളിൽ വഴിവെളിച്ചം തരുന്ന വിജ്ഞാനത്തോട് പലരും അകലം പാലിക്കുകയാണ്. ഇമാം ശാഫിഈ(റ) ഈ അറിവിനെ പറ്റി പറഞ്ഞത് അല്ലാഹുവിന്റെ പ്രകാശം എന്നാണ്. ആത്മീയ ജ്ഞാനത്തിന്റെ ശക്തിയും സൗന്ദര്യവും ഈ വാക്കിൽ വ്യക്തം. ആഡംബര ലോകത്തിലെ നൈമിഷിക നിർവൃതികളുടെ മായാവലയത്തിൽ നിന്നും രക്ഷനേടാനുള്ള ഇച്ഛാശക്തി ഈ പ്രകാശവാഹിക്കുണ്ടാകുന്നു. പ്രസ്തുത പ്രകാശ സാന്നിധ്യം കൊണ്ടനുഗ്രഹീതനായ ഒരാൾക്ക് സ്രഷ്ടാവിന്റെ ഇംഗിതത്തിനൊത്ത് തന്റെ ജീവിതത്തെ മുന്നോട്ട് നയിക്കാനും നന്മകളുടെ പാന്ഥാവിൽ സംതൃപ്തനാവാനും സാധിക്കും. ആത്മീയ ജ്ഞാനത്തിന്റെ ശക്തിവിശേഷം രക്ഷാകർതൃ സമൂഹം അറിയാതെ പോയതാണ് വളർന്നുവരുന്ന തലമുറയെ മതവിജ്ഞാന പാതയിൽ നിന്നും അകറ്റാനിടയാക്കിയത്.

മദ്‌റസയിൽ ഒന്നാം ക്ലാസിൽ പഠനം പൂർത്തിയാക്കിയ മുപ്പതു കുട്ടികൾ അഞ്ചാം ക്ലാസിലെത്തുമ്പോൾ ഇരുപതായി ചുരുങ്ങുന്നു. അവർ സെക്കണ്ടറി തലത്തിലെത്തുമ്പോൾ പത്തായി കുറയുന്നു. ഇവരിൽ തന്നെ പത്താം ക്ലാസ് പൊതുപരീക്ഷയെഴുതുന്നവർ ചിലപ്പോൾ അഞ്ചോ അതിൽ കുറച്ചോ പേരായിരിക്കും. ഈ പ്രവണത പക്ഷേ ഭൗതിക വിദ്യാഭ്യസമേഖലയിൽ ദൃശ്യമാവുകയില്ലെന്നതാണ് വിചിത്രം. ആത്മിക വിഷയങ്ങളോടുള്ള രക്ഷിതാക്കളുടെ താൽപര്യക്കുറവിനു ഇതിലധികം തെളിവു നിരത്തേണ്ടതില്ലല്ലോ.

ഒരു മുസ്‌ലിം മതവിജ്ഞാനം ആർജിക്കുന്നതിലൂടെ സാധ്യമാക്കുന്നത് ചിട്ടപ്പെടുത്തിയ ജീവിതമാണ്. ഉൾക്കൊള്ളുന്ന മൂല്യങ്ങൾ ജീവിതത്തിന്റെ ഭാഗമാകുന്നത് അനുകൂലമായ സാഹചര്യങ്ങൾ അവയെ ആകർഷിക്കുമ്പോഴായിരിക്കും. കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നുമാണ് ഇത്തരം സാഹചര്യങ്ങൾ രൂപപ്പെടേണ്ടത്. ഇവ പ്രതികൂലങ്ങളാണെങ്കിൽ മൂല്യങ്ങളുടെ പ്രസരണം നടക്കില്ല. ജീവിതം കാലത്തിന്റെ ഒഴുക്കിനൊത്ത് മലിനമാവുകയും ചെയ്യും. കുട്ടികളിൽ ധാർമികത വളരാതിരിക്കാനുള്ള മറ്റൊരു കാരണം കേട്ടുമനസ്സിലാക്കുന്ന മൂല്യങ്ങൾ, ഒന്നാമതായി തങ്ങളുടെ കുടുംബാംഗങ്ങളിലും രണ്ടാമതായി കൂട്ടുകാരിൽ നിന്നും അനുഭവപ്പെടുന്നില്ലെന്നുള്ളതാണ്. ആദർശം, കർമം, വ്യവഹാരം, വേഷം എന്നിവയിലെല്ലാം കുട്ടികൾ സ്വായത്തമാക്കുന്ന കാര്യങ്ങൾക്കു വിരുദ്ധമായത് തങ്ങളുടെ വേണ്ടപ്പെട്ടവരിൽ നിന്നനുഭവിക്കാനിട വരുമ്പോൾ ഏതു ധർമമാണ് സംരക്ഷിക്കപ്പെടുക?

തിരുനബി(സ്വ) അരുളി: ‘നീ മതത്തിൽ പാണ്ഡിത്യം നേടിയവനാവുക. അല്ലെങ്കിൽ പഠിക്കുന്നവനാവുക. അല്ലെങ്കിൽ ശ്രദ്ധിച്ചു കേൾക്കുന്നവനാവുക. അതുമല്ലെങ്കിൽ അത് പ്രിയംവെക്കുന്നവനാവുക. (ഇതൊന്നുമല്ലാത്ത) അഞ്ചാമനാകരുത് നീ’. വിശ്വാസിക്ക് മതജ്ഞാനവുമായി ഉണ്ടാകേണ്ട ബന്ധഭാവങ്ങളെ ഈ തിരുവചനത്തിൽ വിശദീകരിച്ചിരിക്കുന്നു. തിരഞ്ഞെടുക്കേണ്ട മേഖലകളിലെ മുൻഗണനാ ക്രമം റസൂൽ(സ്വ) പഠിപ്പിച്ചത് ശ്രദ്ധേയമാണ്. മുൻ രാഷ്ട്രപതി എപിജെ അബ്ദുൽ കലാമിനോട് അദ്ദേഹത്തിന്റെ അവസാനത്തെ യാത്രാവേളയിൽ സുഹൃത്ത്, ഏറ്റവും ഇഷ്ടപ്പെടുന്ന പ്രൊഫഷനെ കുറിച്ചു ചോദിച്ചപ്പോൾ പ്രതികരിച്ചത് ‘ടീച്ചിംഗ്’ എന്നായിരുന്നുവെന്ന് മരണാനന്തര കുറിപ്പിൽ കാണാം. അധ്യാപനം മഹിതവും ഉദാത്തവുമാണ്. പഠിതാക്കളെ ഉയർച്ചയുടെ മേച്ചിൽ പുറങ്ങളിലേക്കു നയിക്കാൻ അധ്വാനിക്കുന്നവരാണ് യഥാർത്ഥ അധ്യാപകർ. അവർ ആത്മീയ രംഗത്തെ ഗുരുവര്യന്മാരാണെങ്കിൽ പരലോക മോക്ഷം കൂടി കാംക്ഷിക്കുന്നവരായിരിക്കും. ഇന്ന് നല്ലൊരു ശതമാനം പഠിതാക്കൾ സമന്വയ വിദ്യാഭ്യാസത്തിലൂടെ ആത്മീയ ഭദ്രത കൂടി ഉറപ്പുവരുത്തുന്നുവെന്ന് എടുത്തുപറയണം.

അഭിരുചി തിരിച്ചറിഞ്ഞ് ഉദ്ദിഷ്ട കോഴ്‌സുകൾക്കു പിറകെ തിരക്കിയോടുമ്പോൾ പലതും കണ്ടില്ലെന്നു നടിക്കേണ്ട അവസ്ഥ രക്ഷിതാക്കൾക്കുണ്ടാകുന്നു. അവരുടെ ഭാവി നിർണയത്തിൽ ധർമാധിഷ്ഠിതവും മാലിന്യമുക്തവുമായ അവസരങ്ങൾ സൃഷ്ടിച്ച് സർഗാത്മകതയും അഭിരുചിയും പരിപോഷിപ്പിക്കണം. അല്ലാതിരുന്നാൽ വിദ്യാഭ്യാസം ചെയ്യിക്കുന്നതിന്റെ പേരിൽ അപമാനം കൂടി പേറേണ്ടിവരും. പഠനകാലത്ത് അരുതായ്മകളിൽ നിന്നകലാനും വിജയമുന്നേറ്റം ഉറപ്പുവരുത്താനും ശരിയായ രീതിയിലുള്ള ആത്മീയ സഹവർത്തിത്വം അവർക്കു ലഭ്യമാകണം. നല്ല മാതൃകകൾ അനുധാവനം ചെയ്തുവളർത്തിയെടുത്ത വ്യക്തിത്വം ഇല്ലാത്തവരാണെങ്കിൽ ആത്മീയ നേതൃത്വത്തിന് അവരെ വിട്ടുകൊടുക്കേണ്ടതുണ്ട്. സാഹചര്യം അനുകൂലമല്ലെങ്കിൽ കുടുംബാംഗങ്ങൾ, അധ്യാപകർ, സമപ്രായക്കാർ, സഹപാഠികൾ എന്നിവരാൽ നന്മയിൽ സ്വാധീനിക്കപ്പെടണം. രോഗം പ്രസരിപ്പിക്കുന്ന വൈറസുകളെക്കാൾ എണ്ണത്തിലും തീവ്രതയിലും ശക്തമായ നിലയിൽ സംസ്‌കാരത്തെ കാർന്നുതിന്നു നശിപ്പിക്കുന്ന പ്രവണതകൾ നിറഞ്ഞാടുന്നൊരു സാമൂഹ്യപരിസരത്തിലാണ് പുതിയ തലമുറ ജീവിക്കുന്നതെന്ന യാഥാർത്ഥ്യം ഉൾക്കൊണ്ട് പ്രവർത്തിക്കുന്നവരാകണം അധ്യാപകരും രക്ഷിതാക്കളും.

സാമൂഹ്യ നേട്ടത്തിനുതകുന്ന ഏത് കോഴ്‌സും പഠിക്കാനും അതുവഴി തങ്ങളുടെ കരിയർ ഭദ്രമാക്കാനും സാധ്യമാകും വിധം ആത്മീയാന്തരീക്ഷത്തോടെയുള്ള സംവിധാനങ്ങൾ കേരളത്തിലും പുറത്തുമുണ്ട്. ചാരിറ്റി സ്വഭാവത്തോടെയും അല്ലാതെയും പ്രവർത്തിക്കുന്നവയുണ്ട്. ഇത്തരം സ്ഥാപനങ്ങളുടെ എടുത്തു പറയേണ്ട പ്രത്യേകത അവിടങ്ങളിൽ മതബോധവും ധാർമികതയും പരിരക്ഷിക്കപ്പെടുന്നുവെന്നതാണ്. തന്മൂലം അതിഭൗതികതയോട് വിരക്തനാകാനും അറിവിന്റെ വെളിച്ചത്തിൽ ഭക്തിസാന്ദ്രമായ കുടുംബാന്തരീക്ഷംകെട്ടിപ്പടുക്കാനും സാധിക്കുന്നു. മൂല്യവിദ്യാഭ്യാസം പൊതുവിദ്യാഭ്യാസ കരിക്കുലത്തിൽ ഉൾപ്പെട്ടതാണെങ്കിലും അതിന്റെ പ്രയോഗവൽക്കരണം സമ്പൂർണമാക്കാൻ പദ്ധതികളുണ്ടാകുന്നില്ല. പ്രശ്‌നാധിഷ്ഠിത പാഠഭാഗങ്ങളുടെ പ്രമേയങ്ങൾ തന്നെ ക്ലാസ് റൂമുകളിൽ നിന്നും പുറത്തുകടക്കുന്നില്ല. മൂല്യ നിരാസ പ്രവർത്തനങ്ങൾ വിദ്യാർത്ഥികളിലേക്ക് പടർന്നു കയറുകയാണ്. ധാർമികതയ്ക്ക് വില കൽപ്പിക്കുന്നവർ മക്കളെ അതിനനുഗുണമായ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ചേർത്തുപഠിപ്പിക്കുന്നു. ധർമവും സ്വഭാവഗുണങ്ങളും ചിട്ടയോടെ പ്രയോഗിക്കാനും ഗുണനിലവാരമുള്ള വിദ്യാഭ്യാസം സാധ്യമാകുന്നുവെന്ന് ഉറപ്പുവരുത്താനും അവർക്കു കഴിയുന്നു. എന്നാൽ സെക്കണ്ടറി ക്ലാസുകളിലേക്ക് വിജയിച്ചുവരുന്ന പഠിതാക്കളെ മെച്ചപ്പെട്ട പഠനം മോഹിപ്പിച്ച് ധാർമിക സ്ഥാപനങ്ങളിൽ നിന്നു പടിയിറക്കുമ്പോൾ തങ്ങളുടെ വിശ്വാസവും ധർമനിഷ്ഠയും ആരോ അപഹരിച്ചിട്ടുണ്ടെന്ന സത്യം ബന്ധപ്പെട്ടവർ മനസ്സിലാക്കുന്നില്ല.

മതേതരത്വം എന്ന പ്രയോഗം ഇന്ന് വിവിധ വ്യാഖ്യാനങ്ങൾക്ക് വിധേയമാകുന്നുണ്ട്. പൊതു വിദ്യാഭ്യാസ സിദ്ധാന്തങ്ങളഖിലവും ശാസ്ത്രീയാടിത്തറയിലും ആശയങ്ങളിലുമാണ് വിശ്വസിക്കുന്നത്. പുതിയ മതേതര പരിപ്രേക്ഷ്യങ്ങളിൽ മതനിരാസവും ദൈവനിഷേധവും പിടിമുറുക്കുമ്പോൾ വിശ്വാസദാർഢ്യവും ധാർമിക പാഠങ്ങളും കയ്യൊഴിക്കേണ്ട അപകടാവസ്ഥ തിരിച്ചറിയാൻ വൈകിക്കൂടാ.

വിശ്വാസിക്ക് ആത്മീയജ്ഞാനം വെളിച്ചമാണ്. വെളിച്ചം വിജയപാതകളെയും ദുരന്ത കയങ്ങളെയും കാണിച്ചുതരും. അതിനാൽ പ്രതീക്ഷകളോടെ വിദ്യാർത്ഥി വിജയപാതയിൽ പ്രവേശിക്കുകയും പരാജയഗർത്തങ്ങളിൽ നിന്നു അകന്നു നിൽക്കുകയും ചെയ്യും. അജ്ഞത അന്ധകാരമാണ്. വെളിച്ചത്തിന്റെ അസാന്നിധ്യം. അത് കെണിയിൽ വീഴ്ത്തും. അധാർമികത, ആഡംബരം, പുരോഗമന ചിന്ത, യുക്തിവാദം ഇവയിലേതും അവനെ ബാധിക്കാം. കാരണം പക്വതയെത്താത്ത സമയത്ത് കൗമാരം അവനെ ത്രസിപ്പിച്ചുകൊണ്ടിരിക്കും. എന്തിന് മതം പഠിക്കണമെന്ന ചോദ്യത്തിന്റെ ഉത്തരമവനറിയില്ലായിരുന്നു. അങ്ങനെയാണ് മതം പഠിപ്പിച്ചുതരുന്ന സനാതന മൂല്യങ്ങളും വിജയപാതകളും സ്വാധീനിക്കപ്പെടാതെ ആത്മീയ വിജ്ഞാന പാഠശാലയിൽ നിന്നവൻ പടിയിറങ്ങിയത്. ഇഹപര വിജയത്തിനാവശ്യമായ വിജ്ഞാനം വേണ്ടത്ര ജീവിത ശീലത്തിന്റെ ഭാഗമായി പഠിക്കുകയും പരിശീലിക്കുകയുമാണ് വേണ്ടത്. അതിന് വിദ്യാർത്ഥികളേക്കാളും അധ്യാപകരെക്കാളും കർമനിരതരാവേണ്ടത് രക്ഷിതാക്കൾ തന്നെയാണ്.

Exit mobile version