മനം തെളിയാൻ മദീനയണയുക

‘അല്ലാഹുവിന്റെ കൽപനപ്രകാരം അനുസരിക്കപ്പെടാൻ വേണ്ടിയല്ലാതെ ഒരു ദൂതനെയും നാം അയച്ചിട്ടില്ല. അവർ സ്വന്തത്തോടുതന്നെ അതിക്രമം കാണിച്ചുകൊണ്ട് തങ്ങളുടെ അടുത്തുവന്നു. എന്നിട്ടവർ അല്ലാഹുവോട് മാപ്പിരന്നു, ദൈവദൂതൻ അവർക്കായി പാപമോചനം തേടുകയും ചെയ്തു. എങ്കിൽ, അല്ലാഹുവെ അവർ ഏറെ മാപ്പരുളുന്നവനും കരുണാമയനുമായി എത്തിക്കുമായിരുന്നു.’
വിശുദ്ധ ഖുർആൻ നാലാം അധ്യായം അറുപത്തിനാലാം സൂക്തത്തിന്റെ സാരംശമാണ് മുകളിൽ പകർത്തിയത്. വിശ്വാസികൾ വിലയം പ്രാപിക്കേണ്ടത് മദീനയിലേക്കും തിരുസവിധത്തിലേക്കുമായിരിക്കണമെന്നതിന്റെ ഖുർആനിക ഉദ്‌ബോധനമാണിത്.
ഹജ്ജ്കർമത്തിലൂടെ വിശ്വാസി നേടേണ്ടത് നവജാത ശിശുവിന്റെ പരിശുദ്ധിയാണ്. അഥവാ പാപങ്ങളിൽ നിന്നുള്ള പരിപൂർണമായ മുക്തി. അതിനുള്ള പോംവഴിയാണ് മദീനാ സന്ദർശനം. ഒരാൾ എന്നെ സന്ദർശിക്കാതെ ഹജ്ജ് നിർവഹിച്ചാൽ അവൻ എന്നോട് പിണങ്ങിയിരിക്കുന്നുവെന്ന തിരുമൊഴി കൂടി ഇവിടെ ചേർത്തുവായിച്ചു നോക്കൂ.
മദീനാ സന്ദർശനത്തിന്റെ പ്രാധാന്യമാണ് നാമിവിടെ വായിക്കുന്നത്. പതിനാലു നൂറ്റാണ്ടുകൾക്കപ്പുറത്തെ നബിയനുഭവം സമ്മാനിക്കുന്ന മണ്ണാണ് മദീന. സ്വർഗത്തിലെ ഒരു തോപ്പ് അല്ലാഹു ഭൂമയിലേക്കിറക്കിവെച്ച ദേശമാണത്. ആ ഭൂമിയിലേക്കാണ് വിശ്വാസിയുടെ പ്രയാണവും പ്രണയവിലയവും.
വിശ്വാസത്തിന്റെ പ്രഭവഭൂമിയെന്നാണ് തിരുദൂതർ(സ്വ) മദീനയെ വിശേഷിപ്പിച്ചത്. വിശ്വാസത്തിന്റെ മടക്കവും അവിടേക്കാണ്. ‘സർപ്പം അതിന്റെ മാളത്തിലേക്ക് മടങ്ങുന്നതു പോലെ’ എന്നാണ് അതേകുറിച്ച് ഹദീസിലെ സമീകരണം. സർപ്പം സ്വന്തം മാളത്തിലേക്ക് മടങ്ങാൻ എത്രത്തോളം വെമ്പൽകൊള്ളുന്നുവോ അതുപോലെ വിശ്വാസി മദീനയിലെത്താൻ കൊതിക്കും. വിശ്വാസിയുടെ ഹൃദയം ബന്ധിക്കുന്ന ഇടമാണത് എന്നർത്ഥം. മദീന സന്ദർശിക്കുക എന്നത് എക്കാലവും അനിവാര്യമായ പുണ്യകർമമാണെന്ന് ഉപരിസൂചിത ഹദീസ് വ്യാഖ്യാനിച്ച് പണ്ഡിതർ പറഞ്ഞിട്ടുണ്ട്.
വിശുദ്ധ മതത്തിന്റെ വികാസ ചരിത്രത്തിൽ ഈ ദേശം അത്രമേൽ പ്രാധാന്യത്തോടെ അടയാളപ്പെട്ടു കിടക്കുന്നു. അതിലെല്ലാമുപരി മദീനയോടുള്ള വിശ്വാസിയുടെ ഹൃദയബന്ധത്തിന്റെ ആധാരം തിരുനബി(സ്വ)യുടെ സാന്നിധ്യമാണ്. ചരിത്രത്തിൽ വിസ്മൃതിയടഞ്ഞു പോകേണ്ടിയിരുന്ന യസ്‌രിബ് എന്ന അറബ് നഗരം ലോകമാകമാനമുള്ള വിശ്വാസികളുടെ ഇഷ്ട ഭൂമികയായി മാറുന്നതിന്റെ രസതന്ത്രവും മറ്റൊന്നല്ല. മദീനയുടെ മണ്ണും മരങ്ങളും അന്തരീക്ഷവും വിശ്വാസികൾക്ക് സുപരിചിതമാണ്. അവർ കണ്ട കിനാവുകളിൽ ഈന്തപ്പനകളും ഉഹുദ് മലയുമുണ്ട്. അവർ വായിച്ച കഥകളിൽ മദീനത്തെ പള്ളിയും ജന്നതുൽ ബഖീഉമുണ്ട്. ആ പള്ളിക്കരികിൽ കെട്ടിയുണ്ടാക്കിയ തിരുപത്‌നിമാരുടെ കൂരകളും. എത്രയെത്ര ചരിത്ര സന്ദർഭങ്ങളിലൂടെ അവർ കടന്നുപോയിരിക്കുന്നു. ത്യാഗപൂർണമായ പലായനത്തിന്റെ ചരിത്രത്തിൽ അവർ മസ്ജിദുൽ ഖുബയെയും അബൂഅയ്യൂബ് ഭവനത്തെയും അനുഭവിച്ചിരിക്കുന്നു. അതുകൊണ്ടൊക്കെ തന്നെ ജീവിതത്തിന്റെ ഏതെങ്കിലുമൊരു ഘട്ടത്തിൽ മദീനയിലെത്തണമെന്ന് ആഗ്രഹിക്കാത്ത വിശ്വാസിയുണ്ടാകില്ല. അങ്ങനെ ആഗ്രഹമില്ലാത്തവരുടെ വിശ്വാസം പൂർണവുമല്ല.
മദീനക്ക് നിരവധി പ്രത്യേകതകളുണ്ട്. ഭൂമിയിലെ എല്ലാ ഫലങ്ങളും ഇവിടെ ലഭ്യമാണ്. പ്രവാചകരുടെ പ്രാർത്ഥനയുടെ പരിണതിയാണത്. അവിടന്ന് ഒരിക്കൽ ഇപ്രകാരം പ്രാർത്ഥിച്ചു: ‘ഭൂമിയിലെ എല്ലാ ഫലങ്ങളെയും ഇവിടെ നൽകണേ നാഥാ. ഞങ്ങളുടെ ധാന്യങ്ങളിൽ നീ ഐശ്വര്യം ചൊരിയണേ.’
മദീനയിലെ ഭക്ഷണത്തിനും പ്രത്യേകതയുണ്ട്. മദീനക്കുവേണ്ടി നബി(സ്വ) മറ്റൊരിക്കൽ പ്രാർത്ഥിച്ചതിങ്ങനെ: ‘അല്ലാഹുവേ, ഇബ്‌റാഹീം നബി(അ) മക്കയെ വിശുദ്ധ ഭൂമിയായി പ്രഖ്യാപിച്ചു. അതിനെ നിർഭയ ദേശവുമാക്കി. ഞാൻ മദീനയെ വിശുദ്ധമാക്കുന്നു. അതിനാൽ ഇവിടെ രക്തം ചിന്താൻ പാടില്ല. മദീനാ ഹറമിൽ ആയുധമേന്തലും യുദ്ധം ചെയ്യലും വേട്ടയാടലും നിഷിദ്ധമാണ്.’ പിശാചിൽ നിന്നും ബഹുദൈവാരാധനയിൽ നിന്നും വിമോചനം നേടിയ ദേശം കൂടിയാണ് മദീന.
തിരുഖബ്ർ സിയാറത്ത് ചെയ്യുന്നവർക്ക് പാരത്രിക ലോകത്തെ ശിപാർശയാണ് റസൂൽ(സ്വ) വാഗ്ദാനം ചെയ്തിരിക്കുന്നത്. സമാനമായ ആശയങ്ങൾ പങ്കുവെക്കുന്ന അനേകം ഹദീസുകൾ കാണാം.
ഏറെ പ്രധാനമാണ് പ്രവാചക നഗരമായ മദീന സന്ദർശിക്കലെന്നും അതെല്ലാം നമ്മുടെ പാരത്രിക മോക്ഷത്തിന് സഹായകമാണെന്നും ഉപരിസൂചിത ഹദീസുകൾ തെര്യപ്പെടുത്തുന്നു. മേൽ ഉദ്ധരിച്ച സൂക്തത്തിന്റെ വ്യാഖ്യാനത്തിൽ പ്രവാചക സന്നിധിയിൽ വന്ന് പ്രാർത്ഥിക്കുന്നതിന്റെ പ്രാധാന്യത്തെ മഹാന്മാർ എടുത്തുപറഞ്ഞിട്ടുണ്ട്. പ്രസ്തുത സൂക്തത്തിലെ ‘അങ്ങയുടെ അടുത്ത് വന്നാൽ’ എന്ന പ്രയോഗത്തിന് നബി(സ്വ)യുടെ ജീവിത കാലത്തെന്നോ വിയോഗാനന്തരമെന്നോ വ്യത്യാസമില്ലെന്ന് ജ്ഞാനികൾ പ്രത്യേകം പറയുന്നുണ്ട്. വിയോഗാനന്തരവും സ്വസമുദായത്തിന് കാവലിരിക്കുന്ന, അവരുടെ ആവശ്യങ്ങൾ നിവർത്തിക്കാൻ വെമ്പുന്ന, അവരുടെ വരവു കാത്തിരിക്കുന്ന ഉള്ളലിവിന്റെ പ്രവാചക ചിത്രങ്ങൾ നമുക്കിവിടെ വായിച്ചെടുക്കാനാകും.
മദീന സന്ദർശിക്കുന്നവരുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് മസ്ജിദുന്നബവിയാണ്. മറ്റു പള്ളികളിലെ ആയിരം റക്അത്തുകളെക്കാൾ ശ്രേഷ്ഠമാണ് മദീനാപള്ളിയിലെ ഒറ്റ റക്അത്തെന്നാണ് തിരുവചനം. പള്ളികളിൽ മസ്ജിദുൽ ഹറം കഴിഞ്ഞാൽ സ്ഥാനം മസ്ജിദുന്നബവിക്കാണ്.
ആരാധനകൾക്കായി പ്രതിഫല വർധനവ് വാഗ്ദാനം ചെയ്തിരിക്കുന്നുവെന്ന പരിഗണനയോടെ യാത്ര പുറപ്പെടാനുള്ള കൽപന മൂന്നു പള്ളികളിലേക്ക് മാത്രമാണ്; മസ്ജിദുൽ ഹറം, മസ്ജിദുന്നബവി, മസ്ജിദുൽ അഖ്‌സ്വ. നബി(സ്വ) പറഞ്ഞു: മൂന്നു പള്ളികളിലേക്കല്ലാതെ നിങ്ങൾ യാത്ര പുറപ്പെടരുത്, എന്റെ ഈ പള്ളി, (മസ്ജിദുന്നബവി) മസ്ജിദുൽ ഹറം, മസ്ജിദുൽ അഖ്‌സ്വ. നബി(സ്വ)യുടെ ജീവിതകാലത്ത് പുലർത്തിയിരുന്ന ചിട്ടകളും മര്യാദകളും ഇപ്പോഴുമവിടെ സന്ദർശകർ പുലർത്തൽ നിർബന്ധമാണ്. മദീനാ പള്ളിയിൽ ശബ്ദമുയർത്തി സംസാരിക്കുന്നത് നിരോധിച്ചിട്ടുണ്ട്. നബി(സ്വ)യുടെ ശബ്ദത്തെക്കാൾ നിങ്ങൾ ശബ്ദമുയർത്തരുതെന്ന് അല്ലാഹു ഓർമപ്പെടുത്തിയിട്ടുണ്ടല്ലോ. പ്രവാചക വിയോഗത്തിന് ശേഷവും ഇതേ സൂക്ഷ്മത അനിവാര്യമാണ്. ആ പള്ളിയിൽ നിന്ന് ശബ്ദമുയർത്തുന്നത് പിന്നീട് വന്ന ഖലീഫമാർ ശക്തമായി വിലക്കിയത് കാണാം.
മസ്ജിദുന്നബവിയിലെ പ്രധാന സന്ദർശന കേന്ദ്രമാണ് റൗള. റൗളയുടെ മഹത്ത്വം പറയുന്ന ഹദീസുകളനേകം. എന്റെ വീടിന്റെയും പ്രസംഗപീഠത്തിന്റെയും ഇടയിലുള്ള സ്ഥലം സ്വർഗോദ്യാനങ്ങളിൽ പെട്ടതാണെന്ന് റസൂൽ(സ്വ) സാക്ഷ്യപ്പെടുത്തുകയുണ്ടായി.
റൗളയോടു ചേർന്ന് നിലകൊള്ളുന്ന ഇടമാണ് ഹുജ്‌റതുശ്ശരീഫ അഥവാ പവിത്രമായ തിരുഭവനം. പുണ്യനബി(സ്വ)യുടെ തിരുശരീരം നിലകൊള്ളുന്നത് അവിടെയാണ്. റൗളയിലെ സന്ദർശനം വിശ്വാസിക്ക് നൽകുന്ന അനുഭൂതി അവാച്യമാണ്. ഭൂമിലോകത്തുനിന്ന് നമുക്ക് സ്വർഗം ദർശിക്കണമെങ്കിൽ റൗളയിലെത്തിയാൽ മതി. പൊരുളറിഞ്ഞുകൊണ്ടുള്ള ഇത്തരം സന്ദർശനങ്ങൾ വിശ്വാസിക്കു ലഭിക്കുന്ന സൗഭാഗ്യമാണ്.
ഈ ആത്മീയ പാഠങ്ങളെ അനുധാവനം ചെയ്ത ജനസഹസ്രങ്ങൾ വർഷാവർഷം മദീനയിലേക്കൊഴുകുന്നു. ഔദ്യോഗിക കണക്കുപ്രകാരം ഈ ഹിജ്‌റ വർഷത്തിലെ ആദ്യ മൂന്നു മാസങ്ങളിൽ 41 ലക്ഷം പേരാണ് മസ്ജിദുന്നബവി സന്ദർശിച്ചത്. അതിൽ 15 ലക്ഷത്തോളം പേർ വിദേശികളാണ്. ഇക്കഴിഞ്ഞ റമളാനിൽ മാത്രം 15 ദശലക്ഷത്തിലധികം പേർ മദീനാ പള്ളി സന്ദർശിച്ചു, രാത്രികളിലെ പ്രത്യേക പ്രാർത്ഥനകളിൽ പങ്കെടുത്തു. ഈ കണക്ക്, സൗകര്യവും സംവിധാനവും വർധിക്കുന്നതിനനുസരിച്ച് കൂടുകയല്ലാതെ കുറയുന്നില്ല.

 

ഡോ. മുഹമ്മദ് ഫാറൂഖ് നഈമി

 

Exit mobile version