മനസ്സിന് തുറവിയുണ്ടാവണം

ഹൃദയ സംസ്‌കരണത്തിനുതകുന്ന ശ്രദ്ധേയമായ ഒരു ഹദീസ് അബ്ദുല്ലാഹി ബ്‌നു മസ്ഊദ്(റ) നിവേദനം ചെയ്യുന്നുണ്ട്. പ്രസ്തുത ഹദീസിന്റെ ഉള്ളടക്കം ഇങ്ങനെ സംഗ്രഹിക്കാം:
** സമ്പാദ്യത്തിന്റെ കാര്യത്തിലെന്ന പോലെ സ്വഭാവത്തിലും പെരുമാറ്റങ്ങളിലും മനുഷ്യർ വിവിധ തട്ടുകളിലാണ്. അതെല്ലാം അല്ലാഹുവിന്റെ നിശ്ചയമാണ്, അവനാണ് എല്ലാം അറിയുന്നവനും നിയന്ത്രിക്കുന്നവനും.
‘അവരാണോ നാഥന്റെ അനുഗ്രഹം വിതംവെച്ച് നൽകുന്നത്? അല്ല, ജനങ്ങൾക്കിടയിൽ നമ്മുടെ അനുഗ്രഹം വിതരണം ചെയ്യുന്നതിൽ മറ്റാർക്കും ഒരു പങ്കുമില്ല. നാം തന്നെയാണ് അത് ചെയ്യുന്നത്. ചിലരെ മറ്റു ചിലരെക്കാൾ ഉയർത്തുന്നതും വേറെ ചിലരെ താഴ്ത്തുന്നതുമെല്ലാം നമ്മുടെ നിയന്ത്രണത്തിലാണ് നടക്കുന്നത്’ (സുഖ്‌റുഫ് 32). സ്വഭാവത്തിലും സംസ്‌കാരത്തിലും വ്യത്യസ്തത പുലർത്തുന്നവരുമായുള്ള സമ്പർക്കം ഒരു പരിശീലനമായിട്ടാണ് നാം കാണേണ്ടത്. എല്ലാവരും എന്നെപ്പോലെയാകണം, ഞാൻ ചിന്തിക്കുന്നത് പോലെ വേണം അവരും ചിന്തിക്കാൻ എന്നിങ്ങനെയുള്ള വിചാരം മനസ്സിന് തീരെ വിശാലതയില്ലാത്തതിനാൽ സംഭവിക്കുന്നതാണ്. ഇത്തരം ഇടുങ്ങിയ ചിന്തകൾ സമാധാനഭംഗത്തിനാണ് വഴിയൊരുക്കുക.
മനസ്സ് വിശാലമായിരിക്കണം. എല്ലാവരെയും അവരവരുടെ സ്ഥിതി മുൻനിർത്തി ഉൾകൊള്ളാനാണ് ശ്രമിക്കേണ്ടത്.

** ഐഹിക ജീവിതത്തിലെ സുഖസൗകര്യങ്ങൾ ആർക്ക്, എത്ര അളവിൽ നൽകണമെന്നത് അല്ലാഹുവിന്റെ തീരുമാനമാണ്.
ഇഷ്ടപ്പെട്ടവർക്കും അല്ലാത്തവർക്കുമെല്ലാം അതവൻ നൽകും. ഒരാൾക്ക് സമ്പൽസമൃദ്ധിയുണ്ടാകുന്നത് അല്ലാഹു അവനെ സ്വീകരിച്ചുവെന്നതിന്റെ അടയാളമായി കാണരുത്. സമ്പന്നരായ പലരും ചരിത്രത്തിലിടം പിടിച്ചിട്ടുണ്ട്. ഖാറൂൻ അതിലൊരാളായിരുന്നു. 70 ഒട്ടകത്തിന് വഹിക്കാൻ പോന്നതായിരുന്നു സ്വർണം സൂക്ഷിച്ചുവെച്ച തന്റെ അലമാരയുടെ താക്കോൽ കൂട്ടമെന്നാണു ചരിത്രം! പക്ഷേ, എന്തായിരുന്നു ഖാറൂനിന്റെ പരിണതി? അഹങ്കാരത്തിന്റെ സിംഹാസനത്തിലാണ് ഖാറൂൻ നിലയുറപ്പിച്ചത്. തന്റെ സാമ്പാദ്യം വഴിയൊരുക്കിയത് സത്യനിഷേധത്തിലേക്കും അഹങ്കാരത്തിലേക്കും.
ചരിത്രം മാത്രമല്ല, വർത്തമാനത്തിലെ സ്ഥിതിയും നമുക്ക് പാഠമാകണം. പണമുണ്ടെന്ന കാരണം കൊണ്ട് അഹങ്കരിച്ചും സത്യത്തെ പരിഹസിച്ചും അർമാദിക്കുന്നവരുണ്ട്. യാഥാർഥ്യമെന്താണ്? സമ്പാദ്യം അല്ലാഹുവിന്റെ അനുഗ്രഹവും ഔദാര്യവുമാണ്. ഇഹലോകത്ത് നമുക്കത് ആവശ്യവുമാണ്. ബറകത്തുള്ള, പ്രയോജനപ്പെടുന്ന സമ്പാദ്യത്തിനായി കൊതിക്കാം, ശ്രമങ്ങൾ നടത്താം. നൽകുന്നവൻ അല്ലാഹുവാണ്. കിട്ടിയാൽ സന്തോഷിക്കുക, നന്ദി ചെയ്യുക. ഇല്ലാത്തതിന്റെ പേരിൽ സമാധാനം കളഞ്ഞു കുളിക്കാതിരിക്കുക. ഹലാലായത് മാത്രം ഉപയോഗിക്കുക.

** മതപരവും ധാർമികവുമായ ഉണർവ് ഒരാളിലുണ്ടാകുന്നത് അല്ലാഹു അവനെ പ്രിയം വെച്ചിട്ടുണ്ടെന്നതിന്റെ അടയാളമായിത്തന്നെ കാണാവുന്നതാണ്. ഭൗതികമായ സമൃദ്ധിയെ പോലെയാകില്ലിത്. ഇഷ്ടപ്പെട്ടവർക്കും അല്ലാത്തവർക്കും ഐഹികജീവിതത്തിൽ സുഖം നൽകുമ്പോൾ ഈമാനികമായ ഉണർവും അതനുസരിച്ചുള്ള നടപ്പും അവന്റെ ഇഷ്ടജനങ്ങൾക്ക് മാത്രമുള്ളതാണ്.
അത്തരക്കാർ അല്ലാഹുവിന്റെ ഇഷ്ടത്തിനാണ് സ്വന്തം ഇഷ്ടങ്ങളെക്കാൾ വില കൽപിച്ചത്. അതിനാൽ അല്ലാഹു അവരെയും ഇഷ്ടപ്പെട്ടു. സത്യവിശ്വാസികളെ ഖുർആൻ പരിചയപ്പെടുത്തിയതിലും ഈ വിവരണമുണ്ട്. ‘അവർ അല്ലാഹുവിനെ പ്രിയംവെച്ചു. അല്ലാഹു അവരെയും പ്രിയംവെച്ചു.’
ഭൗതിക ലോകത്ത് അല്ലാഹു ഒരാളെ ഇഷ്ടപ്പെട്ടാൽ അവർക്ക് വിവിധങ്ങളായ പരീക്ഷണങ്ങൾ നൽകിക്കൊണ്ടിരിക്കും.
ക്ഷമ, തവക്കുൽ, ഇസ്തിഖാമത്ത് തുടങ്ങിയ ഈമാനികമായ ഗുണങ്ങൾ സന്നിവേശിക്കാനും അതിലൂടെ പരലോകത്ത് അവർ ഉന്നതരാകാനുമാണ് പരീക്ഷണങ്ങൾ കാരണമാകുന്നത്.

** പരീക്ഷണങ്ങളുടെ നടുവിലായാലും അല്ലാഹുവിനെ പഴിക്കരുത്. എന്നെ അല്ലാഹു ഉപേക്ഷിക്കുന്നുവെന്നോ അവന്റെ കാരുണ്യം എന്നെ കടാക്ഷിക്കുന്നില്ലെന്നോ നാം അസ്വസ്ഥപ്പെടരുത്. സാമ്പത്തികവും ശാരീരികവുമായുള്ള പരീക്ഷണങ്ങൾ വിശ്വാസികൾക്കുണ്ടാവാം. സുഖസൗകര്യങ്ങളുള്ളവർക്ക് തന്നെയും പല നഷ്ടങ്ങളും സംഭവിക്കാം. എന്നാൽ അതൊരിക്കലും യഥാർഥ പരാജയമായി കാണരുത്.
അയ്യൂബ് നബി(അ) 7000 ഒട്ടകങ്ങളും അത്രതന്നെ കുതിരകളും പശുക്കളും മക്കളായി ഏഴ് ആൺ മക്കളും മൂന്ന് പെൺ മക്കളുമുള്ളയാളായിരുന്നു. ഒരിക്കൽ എല്ലാം നഷ്ടപ്പെടുന്നു, കടുത്ത പരീക്ഷണങ്ങൾക്ക് വിധേയനാകുന്നു. ശാരീരികമായി പല അസ്വസ്ഥതകളും അഭിമുഖീകരിക്കേണ്ടിവന്നു. രോഗപീഡകളാൽ ശക്തമായ വേദനകൾ. സ്വന്തക്കാർ പലരും കൈവിടുന്നു. എന്നാൽ അയ്യൂബ് നബി(അ)ന് പരിഭവങ്ങളൊന്നുമുണ്ടായില്ല. എല്ലാം താൽക്കാലികമാണെന്നും എന്റെ റബ്ബ് കരുണാമയനാണെന്നും ഇത്തരം വേദനകളിലൂടെ തനിക്ക് നാഥനെ ഓർക്കാൻ അവസരം ലഭിക്കുകയാണെന്നുമായിരുന്നു അയ്യൂബ് നബി (അ)ന്റെ പ്രതികരണം.
ജീവിതം അല്ലാഹുവിന് വേണ്ടി സമർപ്പിക്കുന്നവനാകണം മുസ്‌ലിം. അല്ലാഹുവിന്റെ പൊരുത്തത്തിനപ്പുറത്തേക്ക് തന്റെ ആഗ്രഹങ്ങളും വിചാരങ്ങളും സഞ്ചരിക്കാതിരിക്കലാണ് സമർപ്പണത്തിന്റെ ആശയതലം. ഇത് പറയാനെളുപ്പമാണ്. വജ്ജഹ്തു… നാം ദിനേന പലവട്ടം ഉരുവിടുന്നതാണ്. ഇതിനൊരു പ്രകടമായ തലമുണ്ട്. ഒരാളുടെ നാവും ഹൃദയവുമാണത്. മനസ്സകത്ത് ഒന്നും നാവിലൂടെ മറ്റൊന്നുമാകുന്നതിലാണ് കാപട്യമുണ്ടാകുന്നത്. നാവെടുത്താൽ നുണ പറയുന്നത് കാപട്യക്കാരന്റെ ശീലമാണെന്ന് നബി(സ്വ) വിവരിച്ചിട്ടുണ്ട്. ചില സന്ദർഭങ്ങളിൽ മനസ്സിൽ നല്ലത് തോന്നും. പക്ഷേ ലക്കുകെട്ട സംസാരത്തിലൂടെ മനസ്സ് മലിനപ്പെടും. അതിനാൽ മനസ്സും നാവും അല്ലാഹുവിനെ ഏൽപിക്കുന്നതും അവന്റെ ഇഷ്ടത്തിലായി സമർപിക്കുന്നതുമാണ് യഥാർഥ ഇസ്‌ലാം സമർപണം. അവനാണ് യഥാർഥ സമർപിതമുസ്‌ലിം.
‘നല്ല വാക്കുകൾ സംസാരിക്കണം. എങ്കിൽ നിങ്ങളുടെ പ്രവർത്തനങ്ങൾ നല്ലതാവും (ഖുർആൻ). ‘മനുഷ്യൻ നരകക്കുണ്ടുകളിലേക്ക് എറിയപ്പെടുന്നതിന് വഴിയൊരുക്കുന്നത് അവരുടെ നാവിൽ നിന്നും തെറിച്ചു പോകുന്ന വാക്കുകളാണ്’ (ഹദീസ്).
ആയിരം റക്അത്ത് നിസ്‌കരിച്ചാലും ആയിരം ഗ്രന്ഥങ്ങൾ രചിച്ചാലും ഹൃദയം നന്നാവാതെ ആർക്കും റബ്ബിന്റെ അനുഗ്രഹം പ്രാപ്യമാകില്ലെന്ന് ഇമാം ഗസ്സാലി(റ).

** നമ്മുടെ അയൽപക്കവും ബന്ധങ്ങളും നമ്മെകൊണ്ട് പൊറുതിമുട്ടരുത്. ചീത്ത സ്വഭാവങ്ങളും പെരുമാറ്റങ്ങളും മാലിന്യമാണ്, മറ്റുള്ളവർക്ക് ദ്രോഹമാണ്. രോഗാതുരത നമ്മുടെ നാക്കിനാവും. എന്നാൽ സമ്പർക്കത്തിലൂടെ, വായുവിലൂടെ അത് പകരാനിടയുണ്ട്. അത് അവരിൽ സൃഷ്ടിക്കുന്ന അസ്വസ്ഥതകൾ ചെറുതാകില്ലെന്ന് നാം ഉൾകൊള്ളണം.

സ്രഷ്ടാവിനോട് മാത്രമല്ല, സൃഷ്ടികളോടും നമുക്ക് ബാധ്യതകളുണ്ട്. അതുകൂടി നിറവേറ്റുന്നതാണ് യഥാർഥ ഇസ്‌ലാം. തന്റെ വാക്ക്, പ്രവൃത്തി മറ്റുള്ളവർക്ക് ദ്രോഹമാകാതിരിക്കണമെന്ന ഉറച്ച നിലപാട്- അതാണ് സത്യമതത്തിന്റെ രീതി.
നിഷിദ്ധമായ സമ്പാദ്യത്തിൽ നിന്ന് ദാനധർമം ചെയ്യുന്നത് നിഷ്ഫലമാണ്. കൊടുക്കുന്നവന് മാത്രമല്ല, കിട്ടുന്നവനും അത് ഉപകാരപ്രദമാകില്ല. ആ സാമ്പാദ്യമാണ് പ്രശ്‌നം. ആർക്കും കൊടുക്കാതെ പുറത്തേക്ക് വലിച്ചെറിഞ്ഞാൽ പോലും അത് നിഷിദ്ധമാകാതിരിക്കുന്നില്ല. ആ പാപഭാരത്തിൽ നിന്ന് കരകയറാനാവുകയുമില്ല. അല്ലാഹു തിന്മയെ തിന്മകൊണ്ട് മായ്ച്ചുകളയില്ല. നന്മകൊണ്ടേ മായ്ച്ചുകളയൂ. അതേസമയം മോശമായത് കൊണ്ട് മറ്റൊരു മോശത്തെ ശുദ്ധീകരിക്കാനുമാവില്ല.

അബ്ദുറശീദ് സഖാഫി എലംകുളം

 

Exit mobile version