മനുഷ്യനാണ് വിശ്വവിസ്മയം

മറക്കാന്‍ പാടില്ലാത്ത ഒരു സംഗതിയുണ്ട്. മറ്റെല്ലാം മറന്നാലും അതു മറന്നു പോകരുത്. നീ എല്ലാ കാര്യങ്ങളും ഓര്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തുവെന്നാലും ആ ഒറ്റക്കാര്യം മറന്നുവെങ്കില്‍ നീ ഒന്നും ചെയ്യാത്തവനെപ്പോലെയായിരിക്കും. ഒരുദാഹരണം പറയാം: ഒരു രാജാവ് നിന്നെയൊരു ഗ്രാമത്തിലേക്ക് നിശ്ചിത കാര്യം ചെയ്യാനായി അയച്ചു. നീ അങ്ങോട്ട് പോവുകയും ഏല്‍പ്പിച്ചതല്ലാത്ത നൂറുകൂട്ടം കാര്യങ്ങള്‍ നടത്തുകയും ചെയ്തു. പക്ഷേ, അതുകൊണ്ടെന്തു കാര്യം? ഏല്‍പ്പിച്ച ജോലി ചെയ്യാത്ത നീ യഥാര്‍ത്ഥത്തില്‍ ഒന്നും ചെയ്യാത്തവനെപ്പോലെയാണ്.
മനുഷ്യന്‍ ഈ ലോകത്തേക്ക് വന്നത് ഒരു നിശ്ചിത ദൗത്യം നിര്‍വഹിക്കാനാണ്. അതാണ് പ്രധാന ലക്ഷ്യം. അതിനാണ് നമ്മെ അല്ലാഹു ഭൂമിയിലേക്കയച്ചതും. അതിനാല്‍ അതു നിര്‍വഹിക്കാതെ മറ്റെന്തു ചെയ്താലും പരിഗണിക്കപ്പെടില്ല. അമാനത്തിനെ (നന്മ ചെയ്യുക, തിന്മ വെടിയുക എന്ന ഉത്തരവാദിത്തം) അല്ലാഹു ആകാശ ഭൂമികളുടെ മേല്‍ പ്രത്യക്ഷപ്പെടുത്തിയെങ്കിലും അവയെല്ലാം അത് ഏറ്റെടുക്കാന്‍ തയ്യാറാവാതെ മാറിനിന്നപ്പോള്‍ മനുഷ്യന്‍ അതേറ്റെടുക്കുകയായിരുന്നുവെന്ന് അല്ലാഹു ഖുര്‍ആനില്‍ പറയുന്നു.
ആകാശം എത്ര കരുത്തുള്ള സൃഷ്ടിയാണ്. എന്നാല്‍ അമാനത്തേറ്റെടുക്കാന്‍ അതു വിസമ്മതിച്ചു. മനുഷ്യനെ വിസ്മയിപ്പിക്കുന്ന ഏറെ കാര്യങ്ങള്‍ ആകാശം ചെയ്യുന്നത് നിനക്ക് കാണാം. മുത്തും മാണിക്യവും സ്വര്‍ണവും വെള്ളിയും അത് ഭൂമിക്ക് നല്‍കുന്നു. വ്യത്യസ്ത സസ്യജാലങ്ങള്‍ മഴക്കൊപ്പം വര്‍ഷിക്കും. മഴ അവ മുളപ്പിച്ചെടുക്കും. ഭൂമി വിത്തുകളെ ഗര്‍ഭം ധരിക്കുന്നു. സസ്യങ്ങളും വൃക്ഷവും ഫലങ്ങള്‍ നല്‍കുന്നു, കൃഷി അന്നം നല്‍കുന്നു. നമുക്ക് ദൃശ്യമായതും അവാച്യമായതുമായ അത്ഭുതങ്ങള്‍ അതില്‍ പ്രകടമാവുന്നു. പര്‍വതങ്ങളില്‍ നിധി നിക്ഷേപങ്ങളുണ്ട്. അവയുമായി ആകാശ ഭൂമികള്‍ക്കു ബന്ധമുണ്ടെന്നതു ശരിയാണ്. പക്ഷേ, മനുഷ്യന്‍ നിശ്ചയിക്കപ്പെട്ട ആ മഹാ കാര്യം അവയൊന്നും ചെയ്യുന്നില്ല. അതിനാല്‍ തന്നെ അല്ലാഹു പറഞ്ഞു: ‘ആദം സന്തതികളെ നാം ആദരിച്ചിരിക്കുന്നു.’
ആകാശ ഭൂമികളെ നാം ആദരിച്ചിരിക്കുന്നു എന്നല്ല അല്ലാഹു പറഞ്ഞത്. ഇതുപ്രകാരം ആകാശ, ഭൂമി, പര്‍വതങ്ങളില്‍ നിന്നൊന്നുമുണ്ടാവാത്ത അക്കാര്യം ചെയ്യേണ്ടത് മനുഷ്യന്റെ മാത്രം ബാധ്യതയാണ്. അതാണവന്റെ ആദരവിന്നാധാരവും. മനുഷ്യന്‍ അതു നിര്‍വഹിക്കുമ്പോള്‍ അവനില്‍ അജ്ഞതയും ക്രമരാഹിത്യവും ഇല്ലാതാവും. ‘ഞാനതു മാത്രം ചെയ്യില്ല, വേറെ പലതും ധാരാളം ചെയ്യാമെന്നാണു നീ പറയുന്നതെങ്കില്‍, ഓര്‍ക്കുക, നീ സൃഷ്ടിക്കപ്പെട്ടത് ആ പ്രവര്‍ത്തനങ്ങള്‍ക്കല്ലെന്ന്. ഏല്‍പ്പിച്ചത് ആദ്യം ചെയ്യൂ. പിന്നെയല്ലേ മറ്റുള്ളവ.
രാജകൊട്ടാരങ്ങളില്‍ സൂക്ഷിക്കപ്പെടുന്ന അതിമനോഹരവും അമൂല്യവുമായ ഒരു ഖഡ്ഗമെടുത്ത് ഞാനിത് വെറുതെ വെക്കില്ല എന്നു പറഞ്ഞ് നീ അതുകൊണ്ട് മാംസം കഷ്ണമാക്കുന്നുവെങ്കില്‍, അതെത്ര അബദ്ധമാണ്. കാരണം അമൂല്യമായ ആ ആയുധം ഇപ്പണിക്കുള്ളതല്ലല്ലോ. ഇതുപോലെ നിനക്കല്ലാഹു വലിയ വിലയും മൂല്യവും നിര്‍ണയിക്കുന്നു. അവന്‍ പറഞ്ഞു: ‘സ്വര്‍ഗം നല്‍കുന്നതിനു പകരമായി വിശ്വാസികളില്‍ നിന്നും അവരുടെ ശരീരങ്ങളെയും സമ്പത്തുക്കളെയും അല്ലാഹു വാങ്ങിയിട്ടുണ്ട്.’ അതിനാല്‍ തന്നെ ഇരു ലോകത്തെയും ഏറ്റവും മൂല്യമുള്ള സൃഷ്ടിയാണു മനുഷ്യാ നീ. നിന്റെ മഹത്ത്വം നിനക്കറിയില്ലെങ്കില്‍ ഞാനെന്ത് ചെയ്യാനാണ്? നീ നിന്റെ ശരീരത്തെ നിസ്സാര വസ്തുവിന് പകരം വില്‍ക്കരുത്. കാരണം നാഥന്റെ അടുത്ത് നീ വളരെ മൂല്യമുള്ളവനാണ്.
അല്ലാഹു പറയുന്നതിന്റെ സാരമിതാണ്: ‘ഞാന്‍ നിങ്ങളെയും നിങ്ങളുടെ ശരീരങ്ങളെയും സമയങ്ങളെയും ശ്വാസ സഞ്ചാരങ്ങളെയും സമ്പത്തുക്കളെയും ജീവിതങ്ങളെയും നിങ്ങളില്‍ നിന്നും വിലക്കെടുത്തിരിക്കുന്നു. അവയെ നിങ്ങള്‍ എനിക്ക് നല്‍കുന്നുവെങ്കില്‍ അതിനുള്ള വില ശാശ്വത സ്വര്‍ഗമാണ്. അതാണ് നിനക്ക് എന്റെയടുത്തുള്ള മൂല്യം.’ നീ നിന്റെ ശരീരത്തെ നരകത്തിന് പകരം വില്‍ക്കുകയാണെങ്കില്‍ നീ നിന്നോടു തന്നെയാണ് അക്രമം പ്രവര്‍ത്തിക്കുന്നത്.
നന്നായി ആലോചിച്ചാല്‍ നീയാണ് അടിസ്ഥാനമെന്ന് നിനക്ക് ബോധ്യപ്പെടും. മറ്റുള്ളതെല്ലാം വേണ്ടിയുള്ളതത്രെ. അതിനാല്‍ അവയെല്ലാം നിന്റെ ശാഖയാണ്. ആ ശാഖ തന്നെ അത്ഭുതങ്ങളുടെയും വിസ്മയങ്ങളുടെയും കലവറയാണെങ്കില്‍ എല്ലാറ്റിന്റെയും അടിസ്ഥാനമായ നിന്റെ അവസ്ഥയൊന്നാലോചിച്ചു നോക്കൂ. നീ തന്നെ വിശ്വാത്ഭുതം.
നിന്റെ ശാഖകള്‍ക്ക് ഉത്ഥാനവും പതനവും പരാജയവും ഇവിടെയാണെങ്കില്‍, നിനക്ക് ആത്മീയ ലോകത്താണ് ഉത്ഥാനവും പതനവും വിജയവും പരാജയവും ഉപകാരവും ഉപദ്രവവുമെല്ലാം സംഭവിക്കുക.
(ഫീഹി മാ ഫീഹിയിലെ നാലാം അധ്യായത്തില്‍ നിന്ന്)

വിവ: മുശ്താഖ് അഹ്മദ്

Exit mobile version