മമ്പൂറം തങ്ങള്‍(റ) സാമ്രാജ്യത്വ വിരുദ്ധ സമരനായകന്‍

 

കേരള നവോത്ഥാന ചരിത്രത്തില്‍ അവിസ്മരണീയ വ്യക്തിത്വമായി ജ്വലിച്ചുനില്‍ക്കുന്ന മഹാമനീഷിയാണ് മമ്പൂറം സയ്യിദ് അലവി(റ). വൈദേശിക നുകത്തിനു കീഴിലായിരുന്ന നാടിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി കൊടിയ പീഡനങ്ങള്‍ ഏറ്റുവാങ്ങുകയും നാടുകടത്തപ്പെടുകയും ചെയ്ത മമ്പൂറം തങ്ങന്മാര്‍ പക്ഷേ, ചരിത്രമെഴുത്തില്‍ മങ്ങിയ നിഴല്‍രേഖ മാത്രമാണ്. കേരള മുസ്‌ലിം നവോത്ഥാന പ്രക്രിയയില്‍ മമ്പൂറം തങ്ങന്മാര്‍ അര്‍പ്പിച്ച സേവനങ്ങള്‍ അടുത്ത കാലത്തായി ചിലരൊക്കെ പറഞ്ഞുതുടങ്ങിയത് ശ്ലാഘനീയമാണ്. മമ്പൂറം തങ്ങന്മാരെ അപ്രസക്തമാക്കിയുള്ള കേരള സ്വാതന്ത്ര്യനവോത്ഥാന ചരിത്രം തീര്‍ത്തും അപൂര്‍ണമാണ്.
ഹളര്‍മൗത്തിലെ തരീം പട്ടണത്തില്‍ മുഹമ്മദ് ബിന്‍ സഹ്ലിന്റെ മകനായി ഹിജ്റ 1166 ആണ് അലവി തങ്ങള്‍ ജനിച്ചത്. അദ്ദേഹത്തിന്റെ ശൈശവത്തില്‍ തന്നെ മാതാപിതാക്കള്‍ മരണപ്പെട്ടു. പിന്നെ മാതൃസഹോദരി ഹാമിദ ബീവിയാണ് ജീവനു തുല്യം സ്നേഹിച്ചു വളര്‍ത്തിയത്. പതിനേഴാം വയസ്സില്‍, ഹിജ്റ 1183 റമളാനില്‍ അദ്ദേഹം കോഴിക്കോട്ട് കപ്പലിറങ്ങി. ശേഷം കേരളത്തില്‍ താമസമാക്കിയിരുന്ന മാതുലനായ ഹസന്‍ ജിഫ്രിയുടെ മകള്‍ ഫാത്വിമയെ വിവാഹം കഴിച്ചു. തുടര്‍ന്നുള്ള ദിനങ്ങള്‍ വിമോചന പോരാട്ടത്തിന്‍റേതു കൂടിയായിരുന്നു. സാമൂഹിക ഉത്ഥാനവും രാഷ്ട്ര ഭദ്രതയും ഉറപ്പുവരുത്താന്‍ അദ്ദേഹം നടത്തിയ യജ്ഞങ്ങള്‍ വിജയിച്ചുതുടങ്ങി.
ബ്രിട്ടീഷുകാരുടെ അക്രമോത്സുകമായ സമീപനങ്ങളും നയതന്ത്രവ്യാപാരത്തിലെ ദുഷ്ടലാക്കും ഒരു സമുദായ നേതാവെന്ന നിലയില്‍ മമ്പൂറം തങ്ങളെ നിദ്രാവിഹീനനാക്കി. അധിനിവേശക്കാര്‍ ചുമത്തിയ അമിതനികുതിയും നിത്യോപയോഗ വസ്തുക്കളുടെ കുത്തകയും പാട്ടവ്യവസ്ഥയും കുടിയൊഴിപ്പിക്കലുമെല്ലാം ജനജീവിതം ദുസ്സഹമാക്കിയപ്പോള്‍ മമ്പൂറം തങ്ങള്‍ ഒരു പോരാളിയായി രംഗത്തെത്തി. 1792 മെയ് മാസത്തില്‍ ബ്രിട്ടീഷുകാരുമായി അദ്ദേഹം തുറന്ന പോരാട്ടം നടത്തി. മലബാറിലെ പ്രഥമ മാപ്പിള പോരാട്ടം എന്നു ചരിത്രകാരന്മാര്‍ ഇതിനെ വിശേഷിപ്പിക്കുന്നു. മമ്പൂറം തങ്ങളുടെ നേതൃത്വത്തില്‍ നടന്ന പ്രധാന വിപ്ലവം 1817 ല്‍ മഞ്ചേരി ആസ്ഥാനമായി നടന്നതായിരുന്നു. തങ്ങളുടെ രണ്ടാം അറസ്റ്റിനെക്കുറിച്ച് ആലോചിക്കാന്‍ ബ്രിട്ടീഷുകാര്‍ക്ക് ഇത് കാരണമൊരുക്കി.
മമ്പൂറം തങ്ങള്‍ തന്നെ സമരത്തിന് നേതൃത്വം നല്‍കുന്നതു കണ്ട് ബ്രിട്ടീഷുകാര്‍ അസ്വസ്ഥരായി. അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടു. അതിനായി കലക്ടര്‍ ജെയിംഗ് തങ്ങളെ കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തി. അനുയായി വൃന്ദത്തിന്റെ അകമ്പടിയോടെ തങ്ങള്‍ ജെയിംസിന്റെ മുമ്പിലെത്തി. തങ്ങള്‍ പറഞ്ഞു: “ഞാന്‍ ആരുടെ മുമ്പിലും സ്വമേധയാ തലകുനിക്കില്ല. നിങ്ങള്‍ക്ക് വേണമെങ്കില്‍ എന്നെ ബലം പ്രയോഗിച്ച് കീഴ്പ്പെടുത്താം. അതിനു വിരോധമില്ല.”
ഈ ഉറച്ച പ്രഖ്യാപനത്തിനു മുന്നില്‍ കലക്ടര്‍ നിസ്സംഗനായി. അറസ്റ്റ് ചെയ്താലുണ്ടാവുന്ന പ്രത്യാഘാതങ്ങള്‍ മനസ്സിലാക്കി അദ്ദേഹത്തെ വെറുതെവിട്ടു. പിന്നീട് കലക്ടര്‍ ഗവണ്‍മെന്‍റിന് നല്‍കിയ റിപ്പോര്‍ട്ട് ഇതായിരുന്നു: “മലബാറിലെ മുസ്‌ലിംകള്‍ ആകമാനം വലുപ്പച്ചെറുപ്പ വ്യത്യാസമില്ലാതെ അദ്ദേഹത്തെ ദിവ്യനായും മഹാത്മാവായും കരുതി ആദരിച്ചുപോരുന്നു. അദ്ദേഹത്തെ അറസ്റ്റ് ചെയ്താല്‍ വളരെ ആപല്‍ക്കരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും മാപ്പിളമാര്‍ ആകമാനം കലാപത്തിനൊരുങ്ങുമെന്നും തീര്‍ച്ച.”
മമ്പൂറം തങ്ങളുടെ വഫാത്തോടെ പുത്രന്‍ സയ്യിദ് ഫസല്‍ തങ്ങള്‍ നേതൃരംഗത്തെത്തി. പിന്നീട് അദ്ദേഹത്തിന്റെ ആശീര്‍വാദത്തോടെയായിരുന്നു സാമ്രാജ്യത്വ വിരുദ്ധ പോരാട്ടം. ഒരു വാരാന്ത്യം നീണ്ടുനിന്ന സമരമായിരുന്നു കൊളത്തൂരില്‍ നടന്നത്. 1851 ആഗസ്തിലായിരുന്നു ഇത്. കൊളത്തൂര്‍ സമരം ചൂഷകരായ ജന്മികള്‍ക്കെതിരെയായിരുന്നു. കളത്തില്‍ കേശവന്‍ എന്പ്രാനെ മായന്റെ നേതൃത്വത്തിലുള്ള സംഘം വകവരുത്തുന്നതിലൂടെയാണ് 1852ല്‍ മട്ടന്നൂര്‍ പ്രക്ഷോഭമുണ്ടാവുന്നത്. പണവായ്പയും കുരുമുളക് വ്യാപാരവും ഉണ്ടായിരുന്ന ഇദ്ദേഹത്തിന് കീഴില്‍ മാപ്പിളമാരടക്കം മുപ്പതോളം കുടിയാന്മാര്‍ ഉണ്ടായിരുന്നു. പാട്ടം വര്‍ധിപ്പിക്കുകയും മറ്റും ചെയ്തുകൊണ്ടാണ് ജന്മി ഇവരെ ദ്രോഹിച്ചിരുന്നത്. സയ്യിദ് ഫസല്‍ നേതൃത്വം നല്‍കിയ മലബാറിലെ അവസാനത്തെ പോരാട്ടമായിരുന്നു മട്ടന്നൂരിലേത്.
ഇത്തരം നിരവധി അധിനിവേശജന്മിത്വ വിരുദ്ധ പോരാട്ടങ്ങള്‍ക്ക് മമ്പൂറം തങ്ങന്മാര്‍ നേതൃത്വം നല്‍കി. സാമൂഹ്യ സന്തുലിതത്വവും ദേശീയ ഭദ്രതയും ലക്ഷ്യംവെച്ച് ബ്രിട്ടീഷുകാര്‍ക്കെതിരെ നടത്തിയ ഈ പോരാട്ടങ്ങള്‍ അധിനിവേശ ശക്തികളുടെ നിലനില്‍പ് ചോദ്യം ചെയ്യുകയും അവര്‍ക്കെതിരെ വ്യാപക പ്രതിഷേധങ്ങളുയരാന്‍ സഹായകമാവുകയും ചെയ്തു.
മാപ്പിളമാര്‍ ഏറെ സമരസജ്ജരാവാന്‍ പ്രേരകശക്തിയായി വര്‍ത്തിച്ചത് മമ്പൂറം തങ്ങന്മാരുടെ സമരപത്രികകളാണെന്ന് പറയാം. മലബാറില്‍ അഗ്നിജ്വാലയായി മാറി ആ കൃതികള്‍. വിശേഷിച്ചും സൈഫുല്‍ ബത്താര്‍, ഉദ്ദതുല്‍ ഉമറാ എന്നിവ. മട്ടന്നൂര്‍ കലാപത്തിനു ശേഷമാണ് തങ്ങള്‍ സൈഫുല്‍ ബത്താര്‍ രചിക്കുന്നത്. പൂര്‍ണ നാമം “അസ്സൈഫുല്‍ ബത്താര്‍ അലാ മന്‍ യുവാഫില്‍ കുഫാര്‍ വയത്തഖിദുഹും മിന്‍ദൂനില്ലാഹി വറസൂലിഹി വല്‍ മുഅ്മിനീന് അന്‍സ്വാര്‍” (അല്ലാഹുവിനെയും റസൂലിനെയും സത്യവിശ്വാസികളെയും തിരസ്കരിച്ച് സത്യനിഷേധികളെ പിന്തുടരുന്നവരെ താക്കീത് ചെയ്യുന്ന മൂര്‍ച്ചയുള്ള വാള്‍). എട്ട് ചോദ്യങ്ങളും മറുപടികളുമുള്ള ഈ കൃതി മുസ്‌ലിം മഹല്ലുകളില്‍ രഹസ്യമായി വിതരണം ചെയ്തിരുന്നു. പക്ഷേ, ബ്രിട്ടീഷുകാര്‍ വീടുകള്‍ റെയ്ഡ് ചെയ്തു കോപ്പികള്‍ കണ്ടെടുത്തു നശിപ്പിച്ചു. പിന്നീട് 1856ല്‍ ഇത് ഈജിപ്തില്‍ നിന്ന് പുനഃപ്രസിദ്ധീകരിച്ചു. സയ്യിദ് ഫസല്‍ പൂക്കോയ തങ്ങളുടെ പ്രസിദ്ധ കൃതിയാണ് ഉദ്ദതുല്‍ ഉമറാഅ്. 1852ല്‍ തങ്ങളെ നാടുകടത്തുന്നതിലേക്ക് വരെ കൃതി അവരെ പ്രകോപിപ്പിച്ചു. മലബാര്‍ ജില്ലാ കലക്ടര്‍എച്ച്.വി കൊണോലി ഉദ്ദതുല്‍ ഉമറാ നിരോധിച്ചു.
മതസൗഹാര്‍ദത്തിന്റെ പ്രതീകമായിരുന്നു മമ്പൂറം തങ്ങള്‍. രാഷ്ട്ര സുരക്ഷക്ക് വേണ്ടി സമരം നയിക്കുമ്പോഴും വ്യത്യസ്ത മത വീക്ഷണക്കാര്‍ക്കിടയില്‍ സൗഹാര്‍ദവും മമതയും നിലനിര്‍ത്തല്‍ അദ്ദേഹം ജീവിത തപസ്യയാക്കി.
“മമ്പൂറം തങ്ങള്‍ ഏറെ സഹിഷ്ണുവായിരുന്നു. ഇന്നും നാനാജാതി അവിടുത്തെ ദര്‍ഗ സന്ദര്‍ശിക്കുന്നത് തങ്ങള്‍ കാണിച്ചിരുന്ന സഹിഷ്ണുതയുടെ തെളിവാണ്. തിരൂരങ്ങാടിയിലെ കളിയാട്ടമുക്കിലെ കോഴിക്കളിയാട്ടത്തിന് തങ്ങളുമായി ബന്ധമുണ്ട്. സവര്‍ണ വിഭാഗത്തിന്റെ മര്‍ദനം സഹിക്കവയ്യാതെ അങ്ങാടിപ്പുറത്തുനിന്ന് ഭക്തരായ ഒരു താണ ജാതിക്കാരി മമ്പൂറം തങ്ങളുടെ പക്കല്‍ അഭയംതേടി. തങ്ങളാണ് കളിയാട്ടമുക്കില്‍ കാവുണ്ടാക്കി ധ്യാനിക്കാന്‍ ആ സ്ത്രീക്ക് സൗകര്യം ചെയ്തുകൊടുത്തത്” (മാപ്പിള മലബാര്‍).
ഇങ്ങനെ നിരവധി ഉദാഹരണങ്ങള്‍ മമ്പൂറം തങ്ങന്മാരുടെ മത സൗഹാര്‍ദത്തിന്റെ നിലക്കാത്ത വെളിച്ചമായി ചരിത്രത്തില്‍ കാണാം. സാമൂഹ്യ സേവനത്തിന്റെയും ജീവാര്‍പ്പണത്തിന്റെയും തൊണ്ണൂറ്റിനാല് വര്‍ഷങ്ങള്‍ പൂര്‍ത്തീകരിച്ച് ഹിജ്റ 1260 (1845) മുഹറം 7ന് ഞായറാഴ്ച മഹാന്‍ ഇഹലോക വാസം വെടിഞ്ഞു; ഒരു മഹത്തായ സംസ്കൃതി നമ്മുടെ കരങ്ങളില്‍ ഏല്‍പ്പിച്ചുകൊണ്ട്. പില്‍ക്കാലത്ത് സ്വാതന്ത്ര്യം യാഥാര്‍ത്ഥ്യമാകുന്നതിലേക്കുവരെ ആ ജീവിതം വെളിച്ചവും വഴികാട്ടിയുമായി മാറി.

ഉമര്‍ സഖാഫി മൂര്‍ക്കനാട്

Exit mobile version